സ്ഥിരോത്സാഹത്തിന്റെ പ്രതിഫലങ്ങൾ
പൊ.യു. (പൊതുയുഗം) 32-ൽ ഫൊയ്നീക്ക്യയിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്കുകാരിയായിരുന്നു അവൾ. അവളുടെ മകൾ രോഗം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു. എങ്ങനെയെങ്കിലും തന്റെ മകളൊന്നു സുഖംപ്രാപിച്ചാൽ മതിയെന്നേ അവൾക്കുണ്ടായിരുന്നുള്ളൂ. ഒരപരിചിതൻ—രോഗികളെ സുഖപ്പെടുത്താൻപോന്ന ശക്തിയുള്ളതായി പ്രഖ്യാതനായ ഒരു വിദേശി—തന്റെ നാടു സന്ദർശിക്കുന്നുവെന്നു കേട്ടപ്പോൾ അവനെക്കണ്ടു സഹായം അഭ്യർഥിക്കണമെന്ന് അവൾ ദൃഢനിശ്ചയം ചെയ്തു.
അവനെ കണ്ടയുടനെ അവൾ അവന്റെ കാൽക്കൽ വീണ് അവനോടപേക്ഷിച്ചു: “കർത്താവേ, ദാവീദ്പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു.” ഇങ്ങനെ പറഞ്ഞുകൊണ്ടു ഗ്രീക്കുകാരിയായ ആ സ്ത്രീ തന്റെ മകളെ സുഖപ്പെടുത്തുന്നതിന് യേശുവിനോടു യാചിച്ചു.
ഇപ്രകാരം ചെയ്യുന്നതിന് അവളുടെ പക്ഷത്തുനിന്ന് ആവശ്യമായ ധൈര്യവും താഴ്മയും നിങ്ങൾക്കു വിഭാവന ചെയ്യാമോ? യേശു ശക്തിയും സൽപ്പേരുമുള്ള ആധികാരികമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു, കൂടാതെ തന്നെപ്പറ്റിയുള്ള സ്ഥിതിവിവരങ്ങൾ ആരും അറിയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവൻ നേരത്തെ അറിയിച്ചിരുന്നു. തികച്ചും ആവശ്യമായിരുന്ന അൽപ്പം വിശ്രമം തേടിയാണ് അവൻ തന്റെ ശിഷ്യൻമാരെയും കൂട്ടി ഫൊയ്നീക്ക്യയ്ക്കു പോയത്, അല്ലാതെ വിജാതീയരായ അവിശ്വാസികളുടെ ഇടയിൽ പ്രവർത്തിക്കുന്നതിനല്ല. കൂടാതെ, യേശു ഒരു യഹൂദനും ആ സ്ത്രീ ഒരു അന്യജാതിക്കാരിയും ആയിരുന്നു, തന്നെയുമല്ല, വെറുക്കപ്പെട്ട ജാതികളുമായി സഹവസിക്കുന്നതു യഹൂദൻമാർക്ക് എത്ര വെറുപ്പുള്ള സംഗതിയാണെന്ന് അവൾക്ക് അറിയാമായിരുന്നുവെന്നതിൽ സംശയമില്ല. എന്നുവരികിലും, തന്റെ മകൾ സുഖംപ്രാപിക്കേണ്ടതിന് എന്തും ചെയ്യാൻ അവൾ കച്ചകെട്ടിയിറങ്ങി.
യേശുവും അവന്റെ അപ്പോസ്തലൻമാരും ആ സമയം സഹായം അഭ്യർഥിക്കുന്നതിൽനിന്ന് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ആദ്യം യേശു അവളോട് ഒരു വാക്കും ഉരിയാടിയില്ല. എന്നാൽ പിന്നീട്, അവളുടെ ആവർത്തിച്ചും നിർത്താതെയുമുള്ള കരച്ചിൽമൂലം കോപംപൂണ്ട് അപ്പോസ്തലൻമാർ യേശുവിനോടു പറഞ്ഞു: “അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ.”
എന്നാൽ അവൾ വെറുങ്കയ്യോടെ പോകുന്ന ലക്ഷണമില്ല. മറിച്ച്, അവൾ യേശുവിന്റെ മുമ്പാകെ കമിഴ്ന്നുവീണുകൊണ്ടു പറഞ്ഞു: “കർത്താവേ, എന്നെ സഹായിക്കേണമേ.”
തന്റെ പ്രമുഖ ഉത്തരവാദിത്വം ഇസ്രായേൽ മക്കളുടെ കാര്യത്തിലാണെന്നു ചൂണ്ടിക്കാട്ടുകയും അതേ സമയംതന്നെ അവളുടെ വിശ്വാസത്തെയും ദൃഢനിശ്ചയത്തെയും പരിശോധിക്കുകയും ചെയ്തുകൊണ്ടു യേശു അനുകമ്പാപൂർവം അവളോടു വിശദീകരിക്കുന്നു: “മക്കളുടെ [ഇസ്രായേല്യരുടെ] അപ്പം എടുത്തു നായ്ക്കുട്ടികൾക്കു [വിജാതീയർക്ക്] ഇട്ടുകൊടുക്കുന്നതു നന്നല്ല.”
തന്റെ വംശത്തെക്കുറിച്ചു നടത്തിയ ഹീനപ്രസ്താവനയിൽ പരിഭവിക്കുന്നതിനു പകരം അവൾ താഴ്മയോടെ ഇങ്ങനെ ഉത്തരം നൽകിക്കൊണ്ടു തന്റെ അപേക്ഷ ആവർത്തിച്ചു: “അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ.”
അവളുടെ വിശ്വാസത്തെപ്പറ്റി പുകഴ്ത്തിപ്പറയുകയും അവളുടെ അപേക്ഷയ്ക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ആ ഗ്രീക്കുകാരിയുടെ സ്ഥിരോത്സാഹത്തിന യേശു പ്രതിഫലം നൽകി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ തന്റെ മകൾ പൂർണമായും സുഖംപ്രാപിച്ചതായി കണ്ട അവൾക്കുണ്ടായ സന്തോഷം ഒന്നു വിഭാവന ചെയ്യൂ!—മത്തായി 15:21-28; മർക്കൊസ് 7:24-30.
ഒന്നാം നൂറ്റാണ്ടിലെ ആ സ്ത്രീയെപ്പോലെ, യഹോവയെ സന്തോഷിപ്പിക്കുന്നതിനും അവന്റെ അംഗീകാരം നേടിയെടുക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളിൽ നാം സ്ഥിരോത്സാഹമുള്ളവരായിരിക്കണം. ആ ഗ്രീക്കുകാരിയുടെ കാര്യത്തിലെന്നപോലെ, ‘നൻമ ചെയ്യുന്നതിനുള്ള’ നമ്മുടെ സ്ഥിരോത്സാഹത്തിനു പ്രതിഫലം ലഭിക്കുമെന്നു ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു.—ഗലാത്യർ 6:9.
സ്ഥിരോത്സാഹം എന്നാൽ എന്താണ്? അത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? നമ്മിൽ ഈ ഗുണം നഷ്ടപ്പെടാൻ, നാമത് ഉപേക്ഷിക്കാൻ അല്ലെങ്കിൽ പരിത്യജിക്കാൻ ഏതു സംഗതികൾ ഇടയാക്കിയേക്കാം? നമ്മുടെ സ്രഷ്ടാവും പിതാവുമായ യഹോവയെ സേവിക്കുന്നതിൽ ഇപ്പോൾ സ്ഥിരോത്സാഹം കാണിക്കുന്നുവെങ്കിൽ എന്തെല്ലാം പ്രതിഫലങ്ങൾ ലഭിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാവും?
“സ്ഥിരോത്സാഹം കാട്ടുക” എന്ന ക്രിയാപദത്തെ ഒരു നിഘണ്ടു നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: “തടസ്സങ്ങളോ മുന്നറിയിപ്പുകളോ പരാജയങ്ങളോ ഗണ്യമാക്കാതെ ചില ഉദ്ദേശ്യങ്ങൾക്കോ നിലപാടിനോ ഉദ്യമത്തിനോ വേണ്ടി സ്ഥിരമായി പറ്റിനിൽക്കുക. . . . അസ്തിത്വത്തിൽ തുടരുക; നിലനിൽക്കുക.”
യഹോവയുടെ ഹിതം ചെയ്യുന്നതിൽ തുടർന്നു നിൽക്കാൻ ബൈബിൾ അവന്റെ ദാസരെ ആവർത്തിച്ച് അനുശാസിക്കുന്നു. ദൃഷ്ടാന്തത്തിന്, “ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക,” “നല്ലതു മുറുകെ പിടിപ്പിൻ,” “പ്രാർഥനയിൽ ഉറ്റിരിപ്പിൻ,” നൻമ ചെയ്കയിൽ “മടുത്തുപോകരുതു,” എന്നിങ്ങനെ നമ്മോടു പറയപ്പെട്ടിരിക്കുന്നു.—മത്തായി 6:33, NW; 1 തെസ്സലൊനീക്യർ 5:21; റോമർ 12:12; ഗലാത്യർ 6:9.
ദൈനംദിന ജീവിതത്തിൽ അതിജീവനത്തിനുവേണ്ടി നാമെല്ലാം കൈവശപ്പെടുത്തേണ്ട ഒരു ഗുണമാണു സ്ഥിരോത്സാഹം. അതില്ലാതെ യഥാർഥമായ, നിലനിൽക്കുന്ന ഒന്നും നേടിയെടുക്കാൻ നമുക്കാവില്ല. ദൃഷ്ടാന്തമായി, ഒരു പിഞ്ചുപൈതൽ എഴുന്നേറ്റുനിൽക്കാൻ ശ്രമിക്കുകയും ആദ്യമായി പിച്ചവയ്ക്കുകയും ചെയ്യുന്നതു പരിചിന്തിക്കുക. ഒറ്റ ദിവസംകൊണ്ട് എഴുന്നേറ്റുനിന്ന് അനായാസം നടക്കുക എന്നതു തികച്ചും അസാധാരണമായ സംഗതിയാണ്. പിഞ്ചുകുഞ്ഞുങ്ങളെന്ന നിലയിൽ ഒടുവിൽ നടക്കാൻ പഠിക്കുന്നതിനുമുമ്പ് ഒരുപക്ഷേ നാമെല്ലാം പലതവണ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ടാകും. ആദ്യത്തെ ശ്രമത്തിൽ നാം താഴെ വീണപ്പോൾ വീണ്ടും ശ്രമിക്കുകയില്ലെന്നു തീരുമാനിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? നാമിപ്പോഴും നമ്മുടെ കൈകാലുകളിൽ ഇഴയുമായിരുന്നു! മൂല്യവത്തായ ലാക്കുകളിൽ എത്തിച്ചേരുന്നതിനും തൊഴിലുകളിലും ആത്മാഭിമാനത്തിലും ഉചിതമായരീതിയിൽ പുരോഗമിക്കുന്നതിനും സ്ഥിരോത്സാഹം അത്യന്താപേക്ഷിതമാണ്. പൊതുവേ പറയപ്പെടുന്നതുപോലെ, “വിജയികൾ പിൻവാങ്ങാറില്ല, പിൻവാങ്ങുന്നവർ വിജയിക്കാറുമില്ല.”
ദീർഘനാളായി പയനിയറിങ് ചെയ്യുന്നവർ, പ്രത്യേക പ്രാപ്തികളാലോ സിദ്ധികളാലോ വിജയം ഉറപ്പുവരുത്താനാവില്ല എന്നു തിരിച്ചറിയുന്നു. യഹോവയുടെ ഹിതം ചെയ്യുന്നതിനുള്ള ദൃഢമായ ആഗ്രഹവും ഉറച്ച തീരുമാനവും അതിനാവശ്യമാണ്. കൂടാതെ, താത്കാലിക പരാജയങ്ങളും വിഷാദവും നേരിടുമ്പോൾ ധൈര്യവും ആവശ്യമാണ്. ദൈവാനുഗ്രഹത്തിൽ നിത്യം പങ്കുപറ്റുന്നതിനുള്ള ലക്ഷ്യത്തിലേക്കു ശരിയായി ഉന്നം വയ്ക്കേണ്ടതാണ്.
അതേ, യഹോവയുടെ പ്രീതിനേടാൻ ശ്രമിക്കുകയും ജീവിത ഓട്ടത്തിൽ വിജയം വരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന നമുക്കോരോരുത്തർക്കും സ്ഥിരോത്സാഹവും സഹിഷ്ണതയും ആവശ്യമാണ്. ഈ ഗുണങ്ങളില്ലാത്തപക്ഷം, നമുക്കു യഹോവയുടെ പ്രീതിയും യഥാർഥ ജീവന്റെ പ്രതിഫലവും നഷ്ടപ്പെടുന്നതിന് ഏറെ സാധ്യതകളുണ്ട്.—സങ്കീർത്തനം 18:20; മത്തായി 24:13; 1 തിമൊഥെയോസ് 6:18, 19.
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മറ്റ് ഉത്തവാദിത്വങ്ങളെക്കാളധികം തന്റെ ആത്മീയ പ്രവർത്തനങ്ങളിൽ സ്ഥിരോത്സാഹം കാണിക്കുക എന്നതു മിക്കപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു പുരുഷൻ തന്റെ കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു ലൗകിക ജോലിയിൽ തുടർച്ചയായി കഠിനാധ്വാനം ചെയ്യുകയും, എന്നാൽ തന്റെ കുടുംബവുമൊത്തു ക്രമമായ ഒരു ബൈബിളധ്യയനമെടുക്കാൻ കഴിയാത്തവണ്ണം ‘വളരെ ക്ഷീണിതൻ’ ആയിരിക്കുകയും ചെയ്തേക്കാം. ക്രിസ്തീയ വേലകളിൽ സ്ഥിരോത്സാഹം കാണിക്കുക എന്നത് അനേകർക്കും ഇത്ര പ്രയാസമാക്കിത്തീർക്കുന്ന ഘടകങ്ങൾ ഏവ?
നിരുത്സാഹമാണ് ഒരു ഘടകം. അതു നമ്മുടെതന്നെ പോരായ്മകളിൽനിന്നും ബലഹീനതകളിൽനിന്നുമാണ് ഉടലെടുക്കുന്നത്. നാം നിഷേധാത്മക മനോഭാവത്തോടെ നമ്മുടെ തെറ്റുകളെപ്പറ്റി നിരന്തരം ചിന്തിക്കുന്നുവെങ്കിൽ, യഹോവ നമ്മുടെ പാപങ്ങളെല്ലാം ഒരുകാലത്തും പൊറുക്കുകയില്ല എന്ന തോന്നലിനാൽ നാം നിരാശപൂണ്ടു ശ്രമം ഉപേക്ഷിച്ചെന്നു വരാം.
മറ്റൊരു ഘടകം, അധാർമികത, അഴിമതി, വിദ്വേഷം എന്നിവയടങ്ങിയ ലൗകിക അന്തരീക്ഷമാണ്. (1 യോഹന്നാൻ 2:15, 16) ലൗകിക സ്വാധീനം ചീത്തയാക്കുകയോ നശിപ്പിക്കുകയോ ചെയ്യാനിടയുള്ള “പ്രയോജനപ്രദമായ ശീലങ്ങ”ളിലൊന്ന് ക്രിസ്തീയ സ്ഥിരോത്സാഹമാണ്.—1 കൊരിന്ത്യർ 15:33.
നമ്മുടെ വിശുദ്ധ സേവനത്തോടു പൊതുജനങ്ങൾക്കുള്ള എതിർപ്പോ ഉദാസീനതയോ പ്രസംഗവേലയിലുള്ള നമ്മുടെ സ്ഥിരോത്സാഹത്തെ ദുർബലപ്പെടുത്തിയേക്കാം. ഭഗ്നാശരായ നാം, നമ്മുടെ പ്രദേശത്തുള്ള ആളുകൾ സത്യത്തിനായി കാംക്ഷിക്കുന്നില്ലെന്നു നിഗമനം ചെയ്തേക്കാം. ഇത് ‘എന്താ പ്രയോജനം?’ എന്നു നാം ചോദിക്കുന്നതിനും ശുശ്രൂഷയോടു ബന്ധപ്പെട്ട പ്രത്യേക സേവന പദവികൾ ത്യജിക്കുന്നതിനും ഇടയാക്കുന്നു.
ലോകത്തിന്റെ സുഖലോലുപതാ മനോഭാവത്താലും നാം സ്വാധീനിക്കപ്പെട്ടേക്കാം. മറ്റുള്ളവരെല്ലാം സ്വയം ആസ്വദിക്കുകയോ ആയാസരഹിതമായ ജീവിതം നയിക്കുകയോ ചെയ്യുന്നതായി തോന്നിക്കുമ്പോൾ നാം എന്തിനു കഠിനാധ്വാനം ചെയ്യുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്യണം?—താരതമ്യം ചെയ്യുക: മത്തായി 16:23, 24.
യഹോവയുടെ ഹിതം ചെയ്യുന്നതിൽ സ്ഥിരോത്സാഹം കാണിക്കുന്നതിനു നാം ക്രിസ്തീയ വ്യക്തിത്വം ധരിക്കുകയും ജഡത്തിനൊത്തവണ്ണമല്ല ആത്മാവിനൊത്തവണ്ണം ജീവിക്കുകയും ചെയ്യണം. (റോമർ 8:4-8; കൊലൊസ്സ്യർ 3:10, 12, 14) കാര്യാദികൾ സംബന്ധിച്ച യഹോവയുടെ വീക്ഷണഗതിയുണ്ടായിരിക്കുന്നതു ജീവത്പ്രധാനമായ നമ്മുടെ ആത്മീയ പ്രവർത്തനങ്ങളിൽ തുടരുന്നതിനു നമ്മെ പ്രാപ്തരാക്കും.—1 കൊരിന്ത്യർ 16:13.
സ്ഥിരോത്സാഹത്തിന്റെ ദൃഷ്ടാന്തങ്ങൾ
കൊടിയ പീഡനങ്ങൾക്കു മധ്യേയും കൂറുപുലർത്തുകയും വിശ്വസ്തരായി നിലകൊള്ളുകയും ചെയ്ത ദാസൻമാരുടെ ദൃഷ്ടാന്തം യഹോവ നമുക്കു പ്രദാനംചെയ്തിട്ടുണ്ട്. അവ പരിചിന്തിച്ചുകൊണ്ട്, ക്രിസ്തീയ സ്ഥിരോത്സാഹം നമുക്കെങ്ങനെ വികസിപ്പിച്ചെടുക്കുകയും പ്രകടിപ്പിക്കുകയും ചെയ്യാമെന്നും അത് ഇത്ര വിലയേറിയതായിരിക്കുന്നത് എന്തുകൊണ്ടെന്നും നമുക്കു കാണാം.
യഹോവയുടെ നാമ മഹത്ത്വത്തിനുവേണ്ടി അത്യന്തം കഷ്ടം സഹിച്ച യേശുവാണ് ഏറ്റവും വലിയ ദൃഷ്ടാന്തം. സ്ഥിരോത്സാഹത്തോടെയുള്ള അവന്റെ ഭക്തിക്രിയകൾ സൂക്ഷ്മമായി പഠിക്കുന്നതിനു ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു: “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നിൽക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽതനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.”—എബ്രായർ 12:1-3.
ജീവനുവേണ്ടിയുള്ള ഓട്ടം ഒരു ദീർഘദൂര ഓട്ടമാണ്, ഹ്രസ്വദൂര ഓട്ടമല്ല. അതുകൊണ്ടാണു നമുക്കു ക്രിസ്തുസമാന സ്ഥിരോത്സാഹം ആവശ്യമായിരിക്കുന്നത്. ഓടുന്നതിനിടയിൽ അധികസമയവും ലക്ഷ്യം അല്ലെങ്കിൽ ഫിനിഷിങ് ലൈൻ, ദൃശ്യമായെന്നു വരില്ല. ശ്രമകരമായ ഗതിയിലുടനീളം ആ ലക്ഷ്യം മനസ്സാ എത്തിപ്പിടിക്കാൻ കഴിയേണ്ടതിന് അതു നമ്മുടെ മനക്കണ്ണുകളിൽ വ്യക്തമായിരിക്കണം. അത്തരമൊരു മനോദൃശ്യം, “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം,” യേശുവിനുണ്ടായിരുന്നു.
ഈ സന്തോഷത്തിൽ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ചുരുക്കം ചിലർക്കു സ്വർഗത്തിൽ അമർത്ത്യ ജീവനും അനേകർക്കു ഭൂമിയിലെ പറുദീസയിൽ നിത്യജീവനും എന്നതാണ് ഒരു സംഗതി. മറ്റൊന്ന്, ഒരുവൻ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചുവെന്നും ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിനായി തന്റെ ഭാഗം നിവർത്തിച്ചുവെന്നുമുള്ള ആത്മസംതൃപ്തിയാണ്.—സദൃശവാക്യങ്ങൾ 27:11; യോഹന്നാൻ 17:4.
യഹോവയുമായി ഉറ്റ, ആനന്ദദായകമായ ബന്ധം ആസ്വദിക്കുന്നതും ഈ സന്തോഷത്തിൽ ഉൾപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 40:8; യോഹന്നാൻ 4:34) അത്തരമൊരു ബന്ധം ഉത്തേജനം പകരുന്നതും ജീവൻ നിലനിർത്തുന്നതും തളർന്നു പിൻമാറാതെ സഹിഷ്ണുതയോടെ ഓടുന്നതിന് ഒരുവനെ ബലപ്പെടുത്തുന്നതുമാണ്. കൂടാതെ, തന്റെ ദാസൻമാരുടെമേൽ പരിശുദ്ധാത്മാവു പകർന്നുകൊണ്ടു യഹോവ ആ ബന്ധത്തെ അനുഗ്രഹിക്കുന്നു, അതു സന്തോഷത്തിലും സന്തോഷജനകമായ പ്രവർത്തനത്തിലും കലാശിക്കുന്നു.—റോമർ 12:11; ഗലാത്യർ 5:22.
ഇയ്യോബിന്റെ സ്ഥിരോത്സാഹത്തോടെയുള്ള വിശ്വാസത്തെപ്പറ്റി പരിചിന്തിക്കുന്നതു പ്രയോജനപ്രദമായിരിക്കും. അവൻ അപൂർണനായിരുന്നു, തന്റെ സാഹചര്യത്തെക്കുറിച്ചു പരിമിതമായ അറിവേ അവനുണ്ടായിരുന്നുള്ളുതാനും. തൻമൂലം ചിലപ്പോഴൊക്കെ അവൻ സ്വയം നീതീകരിക്കുന്ന മനോനില പ്രകടമാക്കുകയും നിരാശയിലാണ്ടുപോകുകയും ചെയ്തു. എന്നിരുന്നാലും, അവൻ യഹോവയോടുള്ള നിർമലത പാലിക്കുന്നതിനും അവനെ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുന്നതിനും ദൃഢമായ തീരുമാനമെടുത്തു. (ഇയ്യോബ് 1:20-22; 2:9, 10; 27:2-6) സ്ഥിരോത്സാഹത്തോടെയുള്ള ഭക്തി കാരണം ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങളോടൊപ്പം നിത്യജീവന്റെ പ്രത്യാശയും നൽകിക്കൊണ്ടു യഹോവ ഇയ്യോബിനു പ്രതിഫലം നൽകി. (ഇയ്യോബ് 42:10-17; യാക്കോബ് 5:10, 11) ഇയ്യോബിനെപ്പോലെ നാമും ഇപ്പോഴത്തെ നമ്മുടെ ജീവിതത്തിൽ ധാരാളം കഷ്ടനഷ്ടങ്ങൾ അനുഭവിച്ചെന്നുവരാം. എന്നാൽ നമ്മുടെ വിശ്വസ്തതയോടെയുള്ള സഹിഷ്ണുതയുടെമേൽ യഹോവയുടെ അനുഗ്രഹമുണ്ടായിരിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—എബ്രായർ 6:10-12.
ആധുനിക നാളുകളിൽ, യഹോവയുടെ ഹിതം ചെയ്യുന്നതിന് ഒരു കൂട്ടമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ ക്രിസ്തീയ സ്ഥിരോത്സാഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അവരുടെ സ്ഥിരോത്സാഹത്തോടെയുള്ള, വീടുതോറുമുള്ള വേലയും മറ്റു പരസ്യ പ്രസംഗവേലയും നിമിത്തം അവരും അവരുടെ വേലയും ലോകവ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. എതിർപ്പും പീഡനവും ഗണ്യമാക്കാതെ സുവാർത്ത പ്രസംഗിക്കുന്നതിനുള്ള അവരുടെ തീക്ഷ്ണത സംബന്ധിച്ചു മാധ്യമങ്ങൾ ധാരാളം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. അവയിലൊന്നു തമാശാരൂപത്തിൽ ഇങ്ങനെയൊരു വാചകം പ്രസിദ്ധീകരിച്ചു, “യഹോവയുടെ സാക്ഷികളുടെ കണ്ണിൽപ്പെടാതെ ആർക്കും രക്ഷപെടാനാവില്ല.”—മത്തായി 5:16.
ശുശ്രൂഷയിൽ വർധിച്ച ഫലം പ്രദാനംചെയ്തുകൊണ്ടു യഹോവ സാക്ഷികളുടെ സ്ഥിരതയോടെയുള്ള ശ്രമത്തെ അനുഗ്രഹിച്ചിരിക്കുന്നു. ഇറ്റലിയിലെ പ്രഗത്ഭരായിരുന്ന ചില സാക്ഷികളുടെ അനുഭവം പരിചിന്തിക്കുക. 1960-കളിൽ നടന്ന സംഭവമാണ്. അന്നവിടെ 5,30,00,000 ആളുകളുടെയിടയിൽ പ്രസംഗവേല നടത്താൻ ഏതാണ്ടു 10,000 സാക്ഷികളാണ് ഉണ്ടായിരുന്നത്. 6,000 നിവാസികളുണ്ടായിരുന്ന ഒരു പട്ടണത്തിൽ ഒറ്റ സാക്ഷിപോലും ഇല്ലായിരുന്നുതാനും. അവിടം സന്ദർശിച്ച സഹോദരൻമാർക്കു പ്രതികൂല പ്രതികരണമാണു ശുശ്രൂഷയിൽ ലഭിച്ചത്.
സഹോദരൻമാർ അവിടെ പ്രസംഗിക്കാൻ പോകുമ്പോഴെല്ലാം പട്ടണത്തിലെ സ്ത്രീകളിൽ അനേകരും പുരുഷന്മാർപോലും ആൺകുട്ടികളെ വിളിച്ചുകൂട്ടി സാക്ഷികൾക്കുനേരേ കൂക്കിവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തുകൊണ്ട് അവരെ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുമായിരുന്നു. പെട്ടെന്നുതന്നെ ആ പട്ടണംവിട്ടു മറ്റൊന്നിലേക്കു പോകാൻ സഹോദരൻമാർ നിർബന്ധിതരാകുമായിരുന്നു. ആ പട്ടണത്തിലെ സകല നിവാസികൾക്കും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും സാക്ഷ്യം നൽകുന്നതിനുള്ള ശ്രമത്തിൽ സഹോദരങ്ങൾ ശക്തമായ മഴയുള്ള ദിവസങ്ങളിൽമാത്രം, പയ്യൻമാരുടെ ശല്യമുണ്ടാവുകയില്ലെന്ന പ്രതീക്ഷയിൽ, പ്രസംഗവേല ചെയ്യാൻ തീരുമാനിച്ചു. പ്രസാധകരെ ശല്യം ചെയ്യുന്നതിനു മാത്രമായി മഴ നനയാൻ പട്ടണത്തിലുള്ളവർക്കു മനസ്സില്ലായിരുന്നുവെന്നത് അവർ ശ്രദ്ധിച്ചു. ഈ വിധത്തിൽ ഒരു നല്ല സാക്ഷ്യം നൽകപ്പെട്ടു. താത്പര്യക്കാരായ ആളുകളെ കണ്ടെത്തി. പുതിയ ബൈബിളധ്യയനങ്ങൾ തുടങ്ങി. തത്ഫലമായി, ആ ചെറിയ പട്ടണത്തിൽ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു സഭ സ്ഥാപിച്ചുവെന്നു മാത്രമല്ല വെയിലുള്ള ദിവസങ്ങളിൽപ്പോലും പ്രസംഗവേല നടത്താൻ തുടങ്ങി. ആ സ്ഥലത്തും മുഴു ഇറ്റലിയിലും സാക്ഷികളുടെ സ്ഥിരോത്സാഹത്തെ യഹോവ തുടർച്ചയായി അനുഗ്രഹിക്കുകയാണ്. ഇന്നിപ്പോൾ ആ രാജ്യത്ത് 2,00,000 യഹോവയുടെ സാക്ഷികൾ ഉണ്ട്.
ശരിയായതു ചെയ്യുന്നതിൽ സ്ഥിരോത്സാഹം കാണിക്കുന്നതിന്റെ പ്രതിഫലങ്ങൾ വളരെയധികമാണ്. ദൈവത്മാവിന്റെ ശക്തിയാൽ മനുഷ്യചരിത്രത്തിൽ അഭൂതപൂർവമായ വേല, അതായത്, ദശലക്ഷക്കണക്കിന് ആളുകളോട് വീട്ടുവാതിൽക്കലും അല്ലാതെയും രാജ്യത്തെപ്പറ്റിയുള്ള സുവാർത്ത പ്രസംഗിക്കുന്ന വേല, നിർവഹിക്കുന്നതിനു യഹോവയുടെ സാക്ഷികൾക്കു കഴിഞ്ഞിരിക്കുന്നു. (സെഖര്യാവു 4:6) യഹോവയുടെ ഭൗമിക സ്ഥാപനത്തിന്റെ അത്ഭുതകരമായ വളർച്ചയിലും ഓജസിലും ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറിയിരിക്കുന്നതായി അവർ സസന്തോഷം മനസ്സിലാക്കിയിരിക്കുന്നു. (യെശയ്യാവു 54:2; 60:22) അവർ ദൈവമുമ്പാകെ ശുദ്ധമായ മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നു, നിത്യജീവന്റെ പ്രത്യാശയിൽ ആനന്ദംകൊള്ളുന്നു. സർവോപരി, അവർ സ്രഷ്ടാവായ യഹോവയാം ദൈവവുമായി ഉറ്റ ബന്ധം ആസ്വദിക്കുന്നു.—സങ്കീർത്തനം 11:7.
[25-ാം പേജിലെ ചിത്രം]
യേശു ഈ ഗ്രീക്കുകാരിയുടെ താഴ്മയോടെയുള്ള സ്ഥിരോത്സാഹത്തിനു പ്രതിഫലം നൽകി
26-ാം പേജിലെ ചിത്രം]
ഇന്നു ക്രിസ്ത്യാനികളുടെ മുമ്പാകെയുള്ള പ്രത്യാശയിൽ പറുദീസയിലെ ജീവിതവും ഉൾപ്പെടുന്നു