“ക്ഷമ പ്രകടമാക്കുവിൻ”
1 സാത്താന്റെ പഴയ വ്യവസ്ഥിതിയുടെ അന്ത്യം എന്നത്തേതിലും അടുത്തിരിക്കുന്നതു കാണുകയും അതേസമയം വിടുതലിനുള്ള യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുകയും ചെയ്യവേ നാം ‘ക്ഷമ പ്രകടമാക്കു’ന്നതു മർമപ്രധാനമാണ്. പ്രത്യേകിച്ചും അന്ത്യത്തോടു വളരെ അടുത്തിരിക്കുന്ന ഇപ്പോൾ, യഹോവയുടെ പരമാധികാരം സംബന്ധിച്ച പരമപ്രധാന വിവാദവിഷയത്തിൽനിന്നു നമ്മുടെ ശ്രദ്ധ തിരിക്കാനും വർധിച്ചുവരുന്ന വ്യക്തിപരമായ താത്പര്യങ്ങളാൽ നമ്മെ പ്രലോഭിപ്പിക്കാനും ദുഷ്ട ശത്രു സൈന്യങ്ങൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഈ വിധത്തിൽ, നാം രാജ്യപ്രസംഗവേല ഉപേക്ഷിക്കുന്നതിനോ അതിൽ മന്ദീഭവിക്കുന്നതിനോ വേണ്ടി സാത്താൻ കെണി ഒരുക്കുന്നു. (യാക്കോ. 5:7, 8, NW; മത്താ. 24:13, 14) അതുകൊണ്ട് ആവശ്യമായിരിക്കുന്ന ക്ഷമ ഏതെല്ലാം വിധങ്ങളിൽ നമുക്കു പ്രകടമാക്കാം?
2 സഹനശക്തി ഉള്ളവർ ആയിരുന്നുകൊണ്ട്: ശുശ്രൂഷയിൽ നിസ്സംഗതയെയോ എതിർപ്പിനെയോ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, പ്രസംഗവേലയിൽ സ്ഥിരോത്സാഹം കാട്ടുന്നതിനു സഹനശക്തി നമ്മെ സഹായിക്കും. നാം കണ്ടുമുട്ടുന്ന ആളുകൾ പരുഷമായോ ദയാരഹിതമായോ സംസാരിക്കുമ്പോൾ നാം എളുപ്പം അധൈര്യപ്പെടുകയോ വിഷമിക്കുകയോ ഇല്ല. (1 പത്രൊ. 2:23) വേലയോടു താത്പര്യമില്ലായ്മയോ ശത്രുതാ മനോഭാവമോ കാട്ടുന്ന നമ്മുടെ പ്രദേശത്തുള്ളവരെക്കുറിച്ചു ശുഭാപ്തിവിശ്വാസമില്ലാതെ സംസാരിക്കുന്നതു നമ്മെയും ശുശ്രൂഷയിലെ നമ്മുടെ സഹപ്രവർത്തകരെയും നിരുത്സാഹപ്പെടുത്തുമെന്നു തിരിച്ചറിഞ്ഞുകൊണ്ട്, അത്തരം സംസാരം ഒഴിവാക്കുന്നതിന് ഈ ഉൾക്കരുത്തു നമ്മെ സഹായിക്കും.
3 ക്ഷമാപൂർവകമായ സ്ഥിരോത്സാഹത്താൽ: വയൽസേവനത്തിലെ ഒരു നല്ല ചർച്ചയ്ക്കു ശേഷം, താത്പര്യം കാണിച്ച വ്യക്തിയെ വീണ്ടും കണ്ടെത്താൻ കഴിയാതെ വരുന്നതു നമ്മുടെ ഭാഗത്തെ ക്ഷമയെ പരീക്ഷിച്ചേക്കാം. നമ്മുടെ അധ്യയനത്തിലുള്ളവർ പുരോഗമിക്കുന്നതിലോ സത്യത്തിനുവേണ്ടി നിലപാടു സ്വീകരിക്കുന്നതിലോ താമസമുള്ളവർ ആയിരിക്കുമ്പോഴും ഇതുതന്നെ സത്യമാണ്. എന്നിരുന്നാലും, ക്ഷമാപൂർവകമായ സ്ഥിരോത്സാഹത്തിനു പലപ്പോഴും നല്ല ഫലങ്ങൾ ലഭിക്കുന്നു. (ഗലാ. 6:9) ക്രമീകൃതമായ രീതിയിൽ ബൈബിൾ അധ്യയനം തുടങ്ങുന്നതിനു മുമ്പ് ഒരു സഹോദരി പല തവണ ഒരു യുവതിക്കു മടക്ക സന്ദർശനങ്ങൾ നടത്തി. ആദ്യത്തെ അഞ്ചു തവണ ചെന്നപ്പോഴും ആ സ്ത്രീ മറ്റു കാര്യങ്ങളിൽ മുഴുകിയിരിക്കുക ആയിരുന്നു. ആറാമത്തെ പ്രാവശ്യം, ഇടിയും മിന്നലുമുള്ള ഒരു പെരുമഴയിൽ നനഞ്ഞു കുളിച്ച് സഹോദരി അവിടെ ചെന്നപ്പോഴാകട്ടെ വീട്ടിൽ ആരെയും കാണാൻ കഴിഞ്ഞതുമില്ല. എന്നിരുന്നാലും, ആ സ്ത്രീക്ക് ഒരു അവസരം കൂടെ കൊടുക്കാമെന്നു തീരുമാനിച്ചുറച്ച സഹോദരി അടുത്ത പ്രാവശ്യം സന്ദർശിച്ചപ്പോൾ അവർ അധ്യയനത്തിന് ഒരുങ്ങിയിരിക്കുക ആയിരുന്നു. അതേത്തുടർന്ന്, ക്രമാനുഗതമായി പുരോഗമിച്ച വിദ്യാർഥി താമസിയാതെ തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു.
4 യഹോവയുടെ ദിവസം വൈകുകയില്ലെന്നു നമുക്ക് അറിയാം. അതുകൊണ്ട്, ദിവ്യക്ഷമ സത്ഫലങ്ങൾ ഉളവാക്കുമെന്നു തിരിച്ചറിഞ്ഞുകൊണ്ട് അവൻ കാര്യങ്ങൾ പൂർത്തീകരിക്കുന്നതിനു വേണ്ടി നാം കാത്തിരിക്കുന്നു. (ഹബ. 2:3; 2 പത്രൊ. 3:9-15) യഹോവയെപ്പോലെ നാമും ക്ഷമ പ്രകടമാക്കണം; നമ്മുടെ ശുശ്രൂഷ വിട്ടുകളയുകയുമരുത്. നാം ചെയ്യുന്ന കഠിനവേലയ്ക്കു പ്രതിഫലം ലഭിക്കാൻ “വിശ്വാസത്താലും ക്ഷമയാലും” യഹോവയിലേക്കു നോക്കുക.—എബ്രാ. 6:10-12, NW.