ഭയം എപ്പോൾ അവസാനിക്കും?
യഥാർഥ സുരക്ഷിതത്വത്തിനു 2,000 വർഷംമുമ്പു ജീവിച്ചിരുന്ന ഒരു മനുഷ്യനുമായി ബന്ധമുണ്ട് എന്ന് അറിയുന്നതു നിങ്ങളെ അതിശയിപ്പിക്കുമോ? സ്നേഹത്തിന്റെ ആവശ്യം പ്രകടമാക്കിക്കൊണ്ട്, യേശു ഒരു മികച്ച ഉപമ പറഞ്ഞു: “ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.” രണ്ടു യാത്രക്കാർ ആ ഹതഭാഗ്യനെ അവഗണിച്ചുവെങ്കിലും, ദയാലുവായ ഒരു ശമര്യക്കാരൻ കരുണ കാട്ടി. എന്നാൽ കുറ്റകൃത്യത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ പരിപാലന ഇന്നു ചെയ്യുന്നതാരാണ്? നമുക്കു ഭയത്തിൽനിന്ന് എന്ത് ആശ്വാസം പ്രതീക്ഷിക്കാനാവും?—ലൂക്കൊസ് 10:30-37.
ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുമ്പോൾത്തന്നെ, ക്രമസമാധാന നില ഉറപ്പുവരുത്തേണ്ടതു മനുഷ്യനാണെന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ കൂടുതൽ കടുത്ത തടവു ശിക്ഷകളോ കൂടുതൽ ശമ്പളം പറ്റുന്ന പൊലീസിനെ ഇറക്കുന്നതോ അക്രമാസക്തമായ കുറ്റകൃത്യങ്ങൾക്ക് അന്തം വരുത്തുമോ? ഒരളവോളം സുരക്ഷിതത്വം പ്രദാനം ചെയ്യാനുള്ള ആത്മാർഥമായ ശ്രമങ്ങളുണ്ടായിരുന്നാലും, നിയമം നടപ്പാക്കുന്ന ഏജൻസികൾ മയക്കുമരുന്നു ദുരുപയോഗം, സംഘടിതകുറ്റകൃത്യം, ദാരിദ്ര്യം എന്നിവ നിർമാർജനം ചെയ്യുമെന്നു നിങ്ങൾ വാസ്തവത്തിൽ വിശ്വസിക്കുന്നുണ്ടോ? എന്നിരുന്നാലും, നീതിക്കുവേണ്ടിയുള്ള നമ്മുടെ വിശപ്പും ദാഹവും വ്യർഥമാകണമെന്നില്ല.—മത്തായി 5:6.
സങ്കീർത്തനം 46:1 പറയുന്നു: “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.” ഹൃദ്യമായ കേവലമൊരു കവിതയല്ല ഈ വാക്കുകളെന്നു നാം മനസ്സിലാക്കാൻ പോകുകയാണ്.
നിങ്ങൾക്ക് അറിയാവുന്നതുപോലെ, ആഭ്യന്തര യുദ്ധങ്ങളിലും തീവ്രവാദികളുടെ ആക്രമണങ്ങളിലും സംഭവിക്കുന്ന വിവേചനാരഹിതമായ കൊലകളെക്കുറിച്ചു വാർത്താമാധ്യമങ്ങൾ ദിവസേന റിപ്പോർട്ടുചെയ്യുന്നുണ്ട്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ, അനാഥരായ യുവപ്രായക്കാരെയോ ദൃക്സാക്ഷികളെയോ വധിച്ചുകളയുന്നതു സർവസാധാരണമായിത്തീർന്നിട്ടുണ്ട്. ജീവൻ ഇത്രമാത്രം വിലകുറഞ്ഞതായിത്തീർന്നിരിക്കുന്നത് എന്തുകൊണ്ട്? അത്തരം അക്രമങ്ങൾക്കു വ്യത്യസ്ത കാരണങ്ങൾ ഉണ്ടായിരിക്കാമെങ്കിലും, നാം അവഗണിക്കരുതാത്ത ഒരു കാരണമുണ്ട്.
ദൈവവചനമായ ബൈബിൾ പറയുന്നതനുസരിച്ച്, “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) വാസ്തവത്തിൽ, യേശുക്രിസ്തു സാത്താനെ വ്യാജംപറയുന്നവനായിമാത്രമല്ല, “കുലപാതക”നായിട്ടുകൂടി തിരിച്ചറിയിക്കുന്നു. (യോഹന്നാൻ 8:44) വ്യത്യസ്ത വിധങ്ങളിൽ മനുഷ്യവർഗത്തെ സ്വാധീനിച്ചുകൊണ്ട്, ശക്തനായ ഈ ആത്മസൃഷ്ടി അക്രമങ്ങളുടെ ഇന്നത്തെ വർധനവിനെ ഊട്ടിവളർത്തിക്കൊണ്ടിരിക്കുകയാണ്. “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു,” വെളിപ്പാടു 12:12 പറയുന്നു. എങ്കിലും സന്തോഷകരമെന്നു പറയട്ടെ, “നീതി വസിക്കുന്ന” ഒരു “പുതിയ ആകാശ”ത്താലും “പുതിയ ഭൂമി”യാലും ഈ ദുഷ്ടവ്യവസ്ഥിതിയെ നീക്കുന്നതായിരിക്കും.—2 പത്രൊസ് 3:13.
ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള വിസ്മയാവഹമായ ഈ പ്രത്യാശയ്ക്കുപുറമേ, ഇപ്പോൾത്തന്നെ നമുക്ക് എന്തു സഹായമുണ്ട്?
അതിനുള്ള ആശാവഹമായ ഉത്തരത്തിലേക്കു നോക്കുന്നതിനുമുമ്പായി, കുറ്റകൃത്യങ്ങളിൽനിന്നു സംരക്ഷിക്കപ്പെടുമെന്നതിനു യഥാർഥ ക്രിസ്ത്യാനികൾക്കുപോലും ഉറപ്പില്ലെന്ന് ഓർക്കുന്നതു നല്ലതാണ്. താൻ വ്യക്തിപരമായി അഭിമുഖീകരിച്ച ഏതാനും അപകടങ്ങൾ പൗലോസ് അപ്പോസ്തലൻ വർണിക്കുകയുണ്ടായി. “നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജാതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു” എന്നിവയിലെല്ലാം അവൻ അകപ്പെടുകയുണ്ടായി. (2 കൊരിന്ത്യർ 11:26) എന്നിട്ടും പൗലോസ് ഈ അപകടങ്ങളെയെല്ലാം അതിജീവിച്ചു. ഇന്നും സംഗതി അങ്ങനെതന്നെയാണ്. ജാഗ്രതയോടെയിരിക്കുന്നെങ്കിൽ, നമ്മുടെ ഉദ്യമങ്ങൾ സാധ്യമാവുന്നത്ര സാധാരണമട്ടിൽ നമുക്കു നിർവഹിക്കാനാവും. അതിനു സഹായിക്കുന്ന ചില സംഗതികൾ നമുക്കു പരിചിന്തിക്കാം.
ഒരുവൻ താമസിക്കുന്നത് അപകടകരമായ പരിസരത്താണെങ്കിൽ, നല്ല നടത്ത ഒരു സംരക്ഷണമായി ഉതകും. ആളുകൾ മറ്റുള്ളവരെ സസൂക്ഷ്മം നിരീക്ഷിക്കുന്ന പ്രകൃതക്കാരാണ് എന്നതുതന്നെ കാരണം. കൊള്ളക്കാർ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നവരാണെങ്കിലും, അനേകരും സ്വയം വീക്ഷിക്കുന്നതു സാധാരണക്കാരായിട്ടുതന്നെയാണ്. അവർ ചെയ്യുന്നതിനെ വിമർശിക്കുന്നത് ഒഴിവാക്കുക, അവർ എന്തിലുൾപ്പെട്ടിരിക്കുന്നുവെന്നു കണ്ടുപിടിക്കാൻ ശ്രമിക്കരുത്. അങ്ങനെ, അവരുടെ പ്രതികാര നടപടിക്കു നിങ്ങൾ ലക്ഷ്യമായിത്തീരാനുള്ള സാധ്യത കുറക്കാനാവും. എന്തെങ്കിലും പുതിയതു വാങ്ങിയിരിക്കുന്നത് ആരാണെന്നോ അവധിയിൽ പോകുന്നത് ആരാണെന്നോ, അങ്ങനെ വീട്ടിലില്ലാത്തവർ ആരാണെന്നോ കണ്ടുപിടിക്കാൻ കള്ളന്മാർ ശ്രമിക്കുമെന്ന കാര്യം ഓർക്കുക. അതുകൊണ്ടു നിങ്ങൾ മറ്റുള്ളവരോടു പറയുന്ന കാര്യങ്ങളിൽ വിവേകം പ്രകടമാക്കണം.
ശുശ്രൂഷകരാണെന്ന തങ്ങളുടെ സൽപ്പേരുനിമിത്തം ശ്രദ്ധേയമായ അളവിൽ തങ്ങൾക്കു സംരക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അനേകം യഹോവയുടെ സാക്ഷികളും മനസ്സിലാക്കിയിരിക്കുന്നു. ചുറ്റുപാടുമുള്ള ആളുകളെ പക്ഷഭേദരഹിതമായി സഹായിക്കുന്നതിൽ അർപ്പണമനോഭാവം കാട്ടുന്ന അത്തരം ക്രിസ്ത്യാനികളെ തങ്ങൾ ബഹുമാനിക്കുന്നുവെന്നു കുറ്റവാളികൾ പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട്. സാക്ഷികൾ കൊലപാതകികളോ കള്ളന്മാരോ ‘പരകാര്യത്തിൽ ഇടപെടുന്നവരോ’ അല്ല. അതുകൊണ്ടുതന്നെ അവർ ആർക്കും ഒരു ഭീഷണിയല്ല.—1 പത്രൊസ് 4:15.
ദൈവത്തിന്റെ പുതിയ ലോകത്തിലെ സുരക്ഷിതത്വം
“നിയമരാഹിത്യത്തിന്റെ വർധന”വിൽ നമുക്കു ദുഃഖമുണ്ട്, യേശു അതു മുൻകൂട്ടിപ്പറഞ്ഞിരുന്നതാണ്. എന്നാൽ അമിതമായി ഉത്കണ്ഠാകുലരാകുന്നതിനുപകരം ദൈവം ഈ ദുഷ്ടവ്യവസ്ഥിതിയെ തുടച്ചുനീക്കുമെന്നതിൽ നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. “രാജ്യത്തിന്റെ ഈ സുവിശേഷം” ലോകവ്യാപകമായി പ്രസംഗിക്കപ്പെടുമെന്നു മുൻകൂട്ടിപ്പറഞ്ഞതുകൂടാതെ, യേശു തന്റെ അനുഗാമികളെ ഇങ്ങനെ അനുസ്മരിപ്പിക്കുകയും ചെയ്തു: “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.”—മത്തായി 24:12-14.
മറ്റുള്ളവരെ കൊള്ളയടിക്കുന്നവർ—ചിലപ്പോഴൊക്കെ അവിശ്വസനീയമായ വിധത്തിലുള്ള ക്രൂരതയോടെയും—നീക്കംചെയ്യപ്പെടുമെന്നതിൽ നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ സാധിക്കും. സദൃശവാക്യങ്ങൾ 22:22, 23 പറയുന്നു: “എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്ക്കൽവെച്ചു പീഡിപ്പിക്കയും അരുതു. യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.” കൊള്ളക്കാർ, കൊലപാതകികൾ, ലൈംഗിക വികടത്ത്വം പ്രവർത്തിക്കുന്നവർ എന്നിങ്ങനെയുള്ള ദുഷ്ടന്മാരെ യഹോവ നീക്കിക്കളയും. മാത്രവുമല്ല, അത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയായവരെ അവൻ അവഗണിക്കുകയുമില്ല. അവൻ അവർക്ക് നഷ്ടപൂരണം നടത്തുകയും അവരുടെ ആരോഗ്യം പൂർണമായി വീണ്ടെടുത്തുകൊടുക്കുകയും ചെയ്യും.
തീർച്ചയായും, ‘ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്യുന്ന’വർക്കു നിത്യജീവൻ ലഭിക്കും, സംഭവിക്കാനിരിക്കുന്ന മഹോപദ്രവത്തെ അതിജീവിക്കുന്നതിനാലോ മരിച്ചവരിൽനിന്നു പുനരുത്ഥാനം പ്രാപിക്കുന്നതിനാലോ ആയിരിക്കും അവർക്കതു ലഭിക്കുക. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:27-29) യേശുവിന്റെ മറുവിലായാഗം നിമിത്തമാണ് അത്തരം പ്രയോജനങ്ങൾ ലഭ്യമാക്കപ്പെടുന്നത്. (യോഹന്നാൻ 3:16) എന്നാൽ പുനഃസ്ഥിതീകരിക്കപ്പെടുന്ന പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും?
യഥാർഥ സുഖമുള്ളതായിരിക്കും ദൈവരാജ്യത്തിൻ കീഴിലെ ജീവിതം. യഹോവ ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.” (യെശയ്യാവു 32:18) നിത്യജീവൻ ലഭിക്കുന്ന എല്ലാവരും തങ്ങളുടെ വ്യക്തിത്വത്തിനു മാറ്റംവരുത്തിയിട്ടുണ്ടായിരിക്കും. ആരുംതന്നെ ദുഷ്ടനോ അനീതിയുള്ളവനോ ആയിരിക്കുകയില്ല, ആരുംതന്നെ അത്തരമൊരു വ്യക്തിക്ക് ഇരയാകുകയുമില്ല. പ്രവാചകനായ മീഖാ പറയുന്നു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” (മീഖാ 4:4; യെഹെസ്കേൽ 34:28) അപകടകരമായ ഇന്നത്തെ പരിസരവുമായി നോക്കുമ്പോൾ എന്തൊരു വ്യത്യാസം!
[6-ാം പേജിലെ ചതുരം]
ജാഗ്രതയുള്ളവരായിരിക്കുവിൻ
കുറ്റകൃത്യങ്ങളിലേർപ്പെടുന്നത് അനേകം കുറ്റവാളികളും തങ്ങളുടെ മുഴുസമയ ജീവിതവൃത്തിയാക്കുകയാണ്. നിങ്ങൾക്കുനേരെ തോക്കു ചൂണ്ടുന്നത് ഒരാളായിരിക്കാമെങ്കിലും രണ്ടോ മൂന്നോ പേരുൾപ്പെട്ട കൂട്ടങ്ങളായിട്ടാവാം അവർ പ്രവർത്തിക്കുന്നത്. കുറ്റവാളി പ്രായംകുറഞ്ഞവനായിരിക്കുന്തോറും അപകട സാധ്യത ഏറിയിരിക്കുമെന്നതു കൂടുതൽ വ്യക്തമാണ്. നിങ്ങൾ ഒരു ഇരയായിത്തീരുന്നപക്ഷം, നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
കള്ളൻ പരിഭ്രാന്തനാകാതിരിക്കാൻ സംയമനം പാലിക്കുക—അയാളുടെ അനുഭവക്കുറവുനിമിത്തം നിങ്ങൾ വധിക്കപ്പെട്ടുകൂടെന്നില്ല. നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെങ്കിൽ അതു തുറന്നു പറയുക. എന്നാൽ അതേസമയം കള്ളൻ ആവശ്യപ്പെടുന്നതു കൊടുക്കാൻ തയ്യാറാവുകയും ചെയ്യുക. താമസിക്കുന്തോറും അപകട സാധ്യത കൂടും. നിങ്ങളുടെ സർട്ടിഫിക്കറ്റുകളോ ബസ് യാത്രയ്ക്കുള്ള പണമോ തിരിച്ചുതരാൻ പിന്നീട് ആവശ്യപ്പെടാവുന്നതാണ്.
കുറ്റവാളി ആരാണ് എന്നൊന്നും പലപ്പോഴും വിവേചിക്കാനൊക്കില്ല. ചില കള്ളന്മാർ മയക്കുമരുന്നാസക്തരോ മോഷണം ജീവിതവൃത്തിയാക്കിയവരോ ആയിരിക്കും, മറ്റുചിലർ കേവലം ഭക്ഷണത്തിനുവേണ്ടി മോഷ്ടിക്കുന്നവരും. സംഗതി എന്തുമായിക്കൊള്ളട്ടെ, അധികം പണം കൈവശം കൊണ്ടുനടക്കരുത്. ആഭരണങ്ങളോ സ്വർണമോതിരങ്ങളോ വിലകൂടിയ വാച്ചുകളോ അവരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കുക. സാധാരണമട്ടിൽ നടക്കുകയും യാത്രചെയ്യുകയും ചെയ്യുക, യാതൊരു ഭയവും കാട്ടരുത്. സംശയം ജനിപ്പിക്കുംവിധം ആളുകളെ തുറിച്ചുനോക്കരുത്. തെരുവിൽ വെടിവെപ്പു നടക്കുന്നയവസരത്തിൽ, നിങ്ങൾ പെട്ടെന്നു നിലത്തേക്കു വീണുകിടക്കുക; വസ്ത്രം പിന്നീടു വൃത്തിയാക്കാവുന്നതേയുള്ളൂ.—റിയോ ഡെ ജനിറോയിലെ ഒരു മുൻ പൊലീസുകാരൻ.
[5-ാം പേജിലെ ചിത്രം]
സംയമനം പാലിക്കുകയും കള്ളൻ ആവശ്യപ്പെടുന്നതു കൊടുക്കുകയും ചെയ്യുക. താമസിക്കുന്തോറും അപകട സാധ്യത കൂടും