മോഷ്ടാക്കളില്ലാത്ത ഒരു ലോകം
അതു സംഭവിച്ചതു പെട്ടെന്നായിരുന്നു. ബ്രസീലിലെ സാവോ പോളോയിൽ തന്റെ വീടിനു മുമ്പിൽവച്ച് അന്റോണിയോയുടെa തലയ്ക്കുനേരെ ഒരു തോക്കു ചൂണ്ടിക്കൊണ്ട് മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു മനുഷ്യൻ അയാളുടെ കാറിന്റെ താക്കോലും രേഖകളും ആവശ്യപ്പെടുകയും പെട്ടെന്നു കാറിലേറിപ്പോകുകയും ചെയ്തു.
റയോ ഡി ജനെയ്റോയിൽ തന്റെ പത്തു വയസ്സുള്ള മകളുടെ മുമ്പിൽവച്ചു പൗലോ എന്നു പേരുള്ള ഒരു മനുഷ്യനെ സായുധരായ നാലുപേർ വന്നു കീഴ്പ്പെടുത്തി. എന്നിട്ട്, ആ കള്ളൻമാർ അദ്ദേഹത്തിന്റെ വീട്ടിലേക്കോടിച്ചുപോയി അവിടെക്കയറി തങ്ങൾക്കു വേണ്ടതെല്ലാം കവർന്നെടുത്തു പൗലോയുടെ രണ്ടു കാറുകളിൽ നിറച്ചു. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി അവർ അയാളുടെ ഭാര്യയെയും ഒരു ജോലിക്കാരനെയും തടവുകാരായി പിടിച്ച് പട്ടണത്തിലുള്ള പൗലോയുടെ സ്വർണക്കടയിൽ ചെന്ന് വിലയുള്ളതെല്ലാം തൂത്തുവാരിക്കൊണ്ടുപോയി. എങ്കിലും പ്രതീക്ഷക്കു വിരുദ്ധമായി, തങ്ങൾ കാറുകൾ ഉപേക്ഷിച്ചിരിക്കുന്നത് എവിടെയെന്ന് ആ മോഷ്ടാക്കൾ ഫോൺ വിളിച്ചുപറഞ്ഞു.
കഠിനമായി പ്രയത്നിച്ചുണ്ടാക്കിയ പണവും വസ്തുക്കളും കവർച്ച ചെയ്യപ്പെടുന്നത് എത്രമാത്രം അന്ധാളിപ്പിക്കുന്ന ഒരു കാര്യമാണ്! അന്റോണിയോയോ പൗലോയോ നിയമം കൈയിലെടുത്തില്ലെങ്കിലും മററുപലരും അങ്ങനെ ചെയ്യുന്നു. മോഷ്ടാവു വലിയ വിലയൊടുക്കാൻ അവർ ഇടയാക്കിയേക്കാം, അല്ലെങ്കിൽ അവരുടെ സ്വന്തം ജീവൻ നഷ്ടമായേക്കാം. ഉദാഹരണത്തിന്, ബ്രസീലുകാരിയായ ഒരു സ്ത്രീയുടെ വാച്ച് ഒരു യുവാവു പൊട്ടിച്ചെടുത്തപ്പോൾ കോപാകുലയായ അവർ തന്റെ ബാഗിൽനിന്നു തോക്കെടുത്ത് ആ കവർച്ചക്കാരനെ വെടിവെച്ചു കൊന്നു. ഫലമോ? ഓ എസ്ററഡോ ഡ സാവൂ പൗലോ റിപ്പോർട്ടു ചെയ്യുന്നു: “ഈ സംഭവം കണ്ട ആളുകൾ ആ അജ്ഞാത സ്ത്രീയുടെ പെരുമാററത്തെ പുകഴ്ത്തിപ്പറഞ്ഞു, അവരെ പൊലീസിനു കാട്ടിക്കൊടുക്കാൻ ആരും ആഗ്രഹിച്ചതുമില്ല.” ക്രിസ്ത്യാനികൾ മോഷ്ടാക്കൾ ഇല്ലാത്ത ഒരു ലോകത്തിനുവേണ്ടി കാത്തിരിക്കുന്നെങ്കിലും ആ സ്ത്രീ ചെയ്തതുപോലെ പകരം വീട്ടുകയില്ല. പ്രതികാരം ദൈവത്തിനുള്ളതായതുകൊണ്ട് “ദുഷ്പ്രവൃത്തിക്കാർ നിമിത്തം മുഷിയരുതു; ദുഷ്ടൻമാരോടു അസൂയപ്പെടുകയും അരുതു. ദോഷിക്കു പ്രതിഫലമുണ്ടാകയില്ല” എന്നു സദൃശവാക്യങ്ങൾ 24:19, 20-ൽ പറഞ്ഞിരിക്കുന്ന വാക്കുകൾ അവർ അനുസരിക്കുന്നു.
എന്നാൽ ആക്രമിക്കപ്പെട്ടാൽ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? റയോ ഡി ജനെയ്റോയിലെ ഒരു സംഭവം, ശാന്തനായിരിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. എലോയിസ എന്നു പേരുള്ള ഒരു ക്രിസ്തീയ സ്ത്രീ ബൈബിളധ്യയനം നടത്താൻ ബസ്സിൽ പോകുകയായിരുന്നു. രണ്ടു പുരുഷൻമാർ യാത്രക്കാരെ കവർച്ച ചെയ്യാൻ തുടങ്ങി. തനിക്കിറങ്ങേണ്ട ബസ്റേറാപ്പായപ്പോൾ, താൻ ഒരു യഹോവയുടെ സാക്ഷിയാണെന്നും ഒരു ബൈബിളധ്യയനം നടത്താൻ പോകുകയാണെന്നും എലോയിസ അവരോടു പറഞ്ഞു. അവർ തന്റെ ബൈബിളും പഠന സഹായിയും കാട്ടിക്കൊടുത്തു. കവർച്ച ചെയ്യാതെ അവരെ ഇറങ്ങിപ്പോകാൻ അവർ അനുവദിച്ചു. എന്നാൽ മറെറാരു യാത്രക്കാരനെ ഇറങ്ങിപ്പോകാൻ അവർ അനുവദിച്ചില്ല. ഇതുപോലൊന്നു താൻ ഒരിക്കലും കണ്ടിട്ടില്ലെന്നു ഡ്രൈവർ പിന്നീടു പറഞ്ഞു.
തന്റെ കാറിലേക്കു കയറാൻ രണ്ടു സായുധരായ ആളുകൾ റെജീനയോട് ആജ്ഞാപിച്ചപ്പോൾ അവരും ശാന്തയായിരുന്നു. ഉണരുക! മാസികയുടെ സ്വന്തം പ്രതി കാട്ടി റെജീന ഒരു സാക്ഷ്യം നൽകി. അവരുടെ ധൈര്യം ചോർന്നുപോയതിനാൽ റെജീന കുറച്ചു കൽക്കണ്ടം സൂക്ഷിച്ചിരുന്ന ഡാഷ്ബോർഡിലെ പെട്ടി തുറക്കാൻ അവരോട് ആവശ്യപ്പെട്ടു. എന്നാൽ രാജ്യ സംഗീതങ്ങളുടെ കാസെററ് ടേപ്പ് കണ്ടപ്പോൾ അവർ ആ സംഗീതം ശ്രവിക്കാൻ തുടങ്ങി. അന്തരീക്ഷം ഇപ്പോൾ ഏറെ സൗഹൃദമുള്ളതായപ്പോൾ, തന്നെ സഹായിക്കാൻ മനസ്സുള്ള ഒരാളെ അവർ കണ്ടെത്തുമെന്ന് ആശംസിച്ചുകൊണ്ട് കവർച്ചക്കാർ റെജീനയെ യാതൊരുപദ്രവവും ഏൽപ്പിക്കാതെ വഴിയിൽ വിട്ടിട്ടുപോയി. പത്തു മിനിററു നടന്നപ്പോൾ അവർ ഒരു വീടു കണ്ടെത്തി. എന്നാൽ വീട്ടുകാരന് അവരുടെ കഥ വിശ്വസിക്കാൻ കഴിയാഞ്ഞതിനാൽ ഇങ്ങനെ പറഞ്ഞു, “നിങ്ങളെ ആക്രമിച്ചതായി തോന്നുന്നേയില്ലല്ലോ; നിങ്ങൾ എത്ര ശാന്തയായിരിക്കുന്നു.”
ഇരയായ വ്യക്തി ശാരീരികമായി ഹനിക്കപ്പെട്ടില്ലെങ്കിലും മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഇത്തരമൊരു അനുഭവത്തിന് ഗുരുതരമായ അനന്തരഫലങ്ങൾക്കു കാരണമാകാൻ കഴിയും. ‘ഇരയായ വ്യക്തി സുരക്ഷിതത്വബോധമില്ലാത്തവനോ കുടുംബാംഗങ്ങളോടോ തന്നെ സഹായിക്കാൻ ശ്രമിക്കുന്നവരോടോ വിദ്വേഷം പുലർത്തുന്നവനോ, മററുള്ളവരിൽ ആശ്രയിക്കാൻ കഴിയാത്തവനോ, വിശദമായ വ്യവസ്ഥകൾ വെക്കണമെന്ന നിരന്തര ചിന്തയുള്ളവനോ, ലോകം നീതിരഹിതമാണെന്നു തോന്നുന്നവനോ ആയിത്തീർന്നേക്കാം,’ എന്ന് ഓ എസ്ററഡോ ഡ സാവൂ പൗലോ റിപ്പോർട്ടു ചെയ്യുന്നു. ഇതിനു വിപരീതമായി, യഹോവയാം ദൈവത്തിൽ ആശ്രയിക്കുന്ന ഒരു വ്യക്തി ശാരീരികമായും വൈകാരികമായും ഹനിക്കപ്പെടാതെ ഇത്തരം സാഹചര്യങ്ങളെ വിജയകരമായി അതിജീവിക്കാൻ സാധ്യത ഏറെയുണ്ട്. എന്നിരുന്നാലും, കുററകൃത്യമോ ഭയപ്പെടുത്തുന്ന എന്തെങ്കിലുമോ മേലാൽ ഇല്ലായിരുന്നെങ്കിൽ അതൊരു അനുഗ്രഹമായിരിക്കുമെന്നു നിങ്ങൾ സമ്മതിക്കില്ലേ?
“മോഷ്ടാവു മേലാൽ മോഷ്ടിക്കാതിരിക്കട്ടെ”
പലരും അത്യാർത്തിപൂണ്ട ജീവിതരീതി ഇഷ്ടപ്പെടുന്നെങ്കിലും തങ്ങളുടെ ആഗ്രഹങ്ങളെയും വ്യക്തിത്വങ്ങളെയും മാററാൻ മോഷ്ടാക്കളെ ദൈവവചനം സഹായിച്ചിട്ടുണ്ട്. (എഫെസ്യർ 4:23) ജീവിതത്തിൽ ഒരു യഥാർഥ, ബൈബിളധിഷ്ഠിത, ഉദ്ദേശ്യം ഉണ്ടായിരിക്കുന്നതിനാൽ അവർ “അനീതിയോടുകൂടിയ വലിയ വരുമാനത്തെക്കാൾ നീതിയോടുകൂടിയ അല്പമാണ് ഉത്തമം” എന്ന വാക്കുകൾക്കു ശ്രദ്ധ കൊടുക്കുന്നു. (സദൃശവാക്യങ്ങൾ 16:8, ഓശാന ബൈ.) ക്ലോഡ്യൂ പറയുന്നു: “എന്റെ കുടുംബത്തിൽ മിക്കവരുംതന്നെ സാക്ഷികളായിരുന്നു, എന്നാൽ യഹോവയെയും അവിടുത്തെ ഉദ്ദേശ്യങ്ങളെയുംകുറിച്ച് അവർക്കു പറയാനുണ്ടായിരുന്നതു ഞാൻ ഒരിക്കലും ശ്രദ്ധിച്ചില്ല. മോഷ്ടിച്ചെടുത്ത ഒരു പിക്കപ്പ് വാനിൽ ഏതാണ്ട് 2,000 കിലോമീററർ യാത്ര ചെയ്തശേഷം തിരിച്ചുപോരുമ്പോൾ നിരവധി പൊലീസ് ചെക്ക് പോസ്ററുകൾ എനിക്കു കടക്കേണ്ടതുണ്ടായിരുന്നു. ആ പ്രക്രിയയിൽ, ഞാൻ എന്റെ ജീവിതരീതി മാറേറണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞു. അതു ചെയ്യാൻ ഞാൻ മുമ്പു ശ്രമിച്ചിരുന്നു, എന്നാൽ വിജയിച്ചില്ല. ഇത്തവണ, ഞാൻ യഹോവയുടെ സാക്ഷികളായ എന്റെ ബന്ധുക്കൾ എത്ര ആനന്ദവും സന്തോഷവും സമാധാനവും ഉള്ളവരാണെന്നും അവർ എത്ര വ്യത്യസ്തരാണെന്നും ചിന്തിക്കാൻ തുടങ്ങി.” തത്ഫലമായി ക്ലോഡ്യൂ ദൈവവചനം പഠിക്കാൻ തുടങ്ങി, മയക്കുമരുന്നുകൾ ഉപേക്ഷിച്ചു, മുൻ സുഹൃത്തുക്കളെ ഉപേക്ഷിച്ചു, അങ്ങനെ ഒരു ക്രിസ്തീയ ശുശ്രൂഷകനായിത്തീരുകയും ചെയ്തു.
മററു ചിലരും “ചൂഷണത്തിൽ ആശ്രയിക്കരുത്, കവർച്ചയിൽ വ്യർത്ഥമായി ആശ വയ്ക്കരുത്” എന്ന വാക്കുകൾക്ക് ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നു. (സങ്കീർത്തനങ്ങൾ 62:10, പി.ഒ.സി.ബൈ.) മോഷണം നടത്തിയപ്പോൾ കൊലപാതകശ്രമം നടത്തിയതിനു ജയിൽശിക്ഷ അനുഭവിച്ചശേഷം മയക്കുമരുന്നടിമയും മയക്കുമരുന്നു കള്ളക്കടത്തുകാരനുമായ ജൂസ് തന്റെ അളിയനുമൊത്തുള്ള ഒരു ബൈബിളധ്യയനത്തിൽനിന്നു പ്രയോജനം നേടി. അയാൾ മയക്കുമരുന്നുപേക്ഷിച്ച് ഇപ്പോൾ ഒരു തീക്ഷ്ണതയുള്ള സാക്ഷിയാണ്.
എന്നിരുന്നാലും, പുതിയ വ്യക്തിത്വം പൊടുന്നനെയോ അത്ഭുതവിധങ്ങളിലോ ഉണ്ടാകുന്നില്ല. മയക്കുമരുന്നിലും മോഷണത്തിലും ആഴത്തിൽ ആമഗ്നനായിരുന്ന ഓസ്കാർ പറയുന്നതു ശ്രദ്ധിക്കൂ: “എന്റെ കണ്ണുനീരുകൊണ്ടു തറ ഒരു ചെറു തടാകമായതായി തോന്നുമാറ് അത്ര വികാര തീക്ഷ്ണതയോടെ ഞാൻ യഹോവയോടു പ്രാർഥിച്ചു.” അതേ, ദൈവവചനത്തിന്റെ ഉത്സാഹപൂർവകമായ പഠനത്തിനു പുറമേ, ഹൃദയംഗമമായ നിരന്തര പ്രാർഥന ആവശ്യമാണ്. പിൻവരുന്ന പ്രാർഥനാപരമായ വീക്ഷണത്തിലടങ്ങിയ ജ്ഞാനം ശ്രദ്ധിക്കുക: “ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.”—സദൃശവാക്യങ്ങൾ30:8, 9.
സ്വാർഥ താത്പര്യത്തിന്റെ സ്ഥാനം യഥാർഥ സ്നേഹത്തിനു നൽകണം: “മോഷ്ടാവു മേലാൽ മോഷ്ടിക്കാതിരിക്കട്ടെ, മറിച്ച് അയാൾ ആവശ്യമുള്ളവരുമായി പങ്കുവയ്ക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കാൻ തക്കവണ്ണം സ്വന്തം കൈകൾകൊണ്ട് മാന്യമായി കഠിനാദ്ധ്വാനം ചെയ്യട്ടെ.” (എഫേസ്യർ 4:28, NW) ഒന്നാം നൂററാണ്ടിലെ, മുമ്പു ‘മോഷ്ടാക്കളോ അത്യാഗ്രഹികളോ’ ആയിരുന്ന ചില ക്രിസ്ത്യാനികളുടെ കാര്യത്തിലെന്നപോലെ, അനുതപിക്കുന്നവരോടു യഹോവ യേശുക്രിസ്തുവിന്റെ മറുവില മുഖാന്തരം കരുണാപൂർവം ക്ഷമിക്കുന്നു. (1 കൊരിന്ത്യർ 6:9-11) നമ്മുടെ കഴിഞ്ഞ കാലം എന്തുതന്നെയായിരുന്നാലും നമുക്കു നമ്മുടെ ജീവിതരീതി മാററി ദൈവത്തിന്റെ അനുഗ്രഹം നേടാൻ കഴിയുമെന്നത് എത്ര ആശ്വാസമാണ്!—യോഹന്നാൻ 3:16.
ദൈവത്തിന്റെ പുതിയ ലോകത്തിലെ സുരക്ഷിതത്വം
മോഷ്ടാക്കൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചു വിഭാവനം ചെയ്യൂ. അപ്പോൾ ന്യായാധിപൻമാരും അഭിഭാഷകരും പൊലീസും ജയിലുകളും അടങ്ങുന്ന ചെലവേറിയ ഒരു നിയമനിർവഹണ സംവിധാനത്തിന്റെ ആവശ്യം ഉണ്ടായിരിക്കില്ല. അത് ഓരോരുത്തരും മററുള്ളവരെയും അവരുടെ വസ്തുക്കളെയും ബഹുമാനിക്കുന്ന ഒരു ഐശ്വര്യസമ്പന്നമായ ലോകമായിരിക്കും! അത് അവിശ്വസനീയമായി തോന്നുന്നുവോ? ദൈവം യഥാർഥത്തിൽ മാനുഷിക കാര്യങ്ങളിൽ ഇടപെട്ട് അധർമത്തിന് അറുതി വരുത്തുമോ? ബൈബിൾ ദൈവവചനമാണെന്നും അതിലെ പ്രവചനങ്ങൾ ആശ്രയയോഗ്യമാണെന്നും ഉള്ള തെളിവു പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ഭാവിയിൽ ഒരു മാററമുണ്ടാകുമെന്നു വിശ്വസിക്കുന്നതിനു നിങ്ങൾ ശക്തമായ അടിസ്ഥാനം കണ്ടെത്തും. നീതിയെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി വാഗ്ദത്തം ചെയ്തിരിക്കുന്ന മോചനം കൈവരുത്തുന്നതിൽനിന്നു ദൈവത്തെ തടയാൻ ആർക്കും കഴിയില്ല: “ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു. അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.” (സങ്കീർത്തനം 37:1, 2) വളരെക്കാലം മുമ്പെഴുതപ്പെട്ട ആ വാക്കുകൾ താമസിയാതെ പൂർണമായി നിറവേററപ്പെടും.
ഇത്രത്തോളം നിരാശക്കും അനിശ്ചിതത്വത്തിനും ഇടയാക്കുന്ന കഷ്ടപ്പാടും അനീതിയും ദൈവരാജ്യം അവസാനിപ്പിക്കും. മോഷ്ടിക്കാനുള്ള സമ്മർദം അനുഭവപ്പെടാൻ തക്കവണ്ണം ആർക്കും ഒന്നിനും ഒരു കുറവുണ്ടായിരിക്കില്ല. പ്രവചനത്തിൽ നമുക്കിങ്ങനെ ഉറപ്പു നൽകിയിരിക്കുന്നു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.” (സങ്കീർത്തനം 72:16) വാസ്തവത്തിൽ പുനഃസ്ഥാപിക്കപ്പെട്ട പറുദീസയിൽ, സത്യദൈവത്തെ അറിഞ്ഞ് ആരാധിക്കുന്ന മനുഷ്യരുടെ സമാധാനത്തെ യാതൊന്നും ഭഞ്ജിക്കില്ല.—യെശയ്യാവു 32:18.
ഈ അത്യാഗ്രഹം പൂണ്ട ലോകത്തിന്റെ വഴികളെ ചെറുത്തുനിന്നതിന്റെ എന്തൊരു പ്രതിഫലമായിരിക്കും അത്! സദൃശവാക്യങ്ങൾ 11:19 പറയുന്നു: “നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.” അതേ, ദുഷ്ടൻമാർ ഛേദിക്കപ്പെട്ടതിനുശേഷം തന്റെ ജീവനോ വസ്തുക്കളോ ഓർത്തു ഭയപ്പെടാൻ ആർക്കും കാരണമുണ്ടായിരിക്കില്ല. സങ്കീർത്തനം 37:11 നമുക്ക് ഈ വാഗ്ദാനം നൽകുന്നു: “എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”
[അടിക്കുറിപ്പ്]
a ചില പേരുകൾ മാററിയിരിക്കുന്നു.
[5-ാം പേജിലെ ചതുരം]
മോഷണമെന്ന യാഥാർഥ്യത്തെ അതിജീവിക്കൽ
ഭവനത്തിൽ—നിങ്ങൾ ഭവനത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും മോഷ്ടാക്കൾ കടന്നാക്രമിച്ചേക്കാമെന്നതിനാൽ വാതിലുകൾ അടച്ചു പൂട്ടിയിടുക. ആപത്സൂചന നൽകാനുള്ള ക്രമീകരണമോ കാവൽ നായയോ ഉണ്ടായിരിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. നിങ്ങൾ അവധിക്കു ദൂരെയായിരിക്കുമ്പോൾ ആശ്രയയോഗ്യനായ ഒരു അയൽക്കാരനെ അറിയിക്കുക. ശാന്തത പാലിക്കുക—മോഷ്ടാക്കൾ അപ്രതീക്ഷിതമായ വിധങ്ങളിൽ പെട്ടെന്നു പ്രവർത്തിക്കുന്നു, ധൈര്യം ചോർന്നുപോയാൽ പദ്ധതി ഉടൻ മാററിയേക്കാം. നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെങ്കിൽ സ്വയം തിരിച്ചറിയിക്കയും ഒരു സാക്ഷ്യം നൽകാൻ ശ്രമിക്കയും ചെയ്യുക. നിങ്ങൾ പ്രതിയോഗിയുടെ സൗഹൃദത്തിനോ കനിവിനോ പാത്രമായേക്കാം. ശാരീരികമായി ആക്രമിക്കുന്നില്ലെങ്കിൽ ചെറുക്കരുത്.
പൊതുസ്ഥലത്ത്—ആരെങ്കിലും നിങ്ങളെ പിന്തുടരുന്നുണ്ടോയെന്നു ശ്രദ്ധിക്കാൻ ജാഗ്രത കാട്ടുക. നടപ്പാതയുടെ നടുവിലൂടെ നടക്കുക. ഇരുട്ടുള്ളതും ആൾസഞ്ചാരമില്ലാത്തതുമായ തെരുവ് ഒഴിവാക്കുക. നിങ്ങളുടെ പേഴ്സോ വിലപിടിപ്പുള്ള വസ്തുക്കളോ സുരക്ഷിതമായി സൂക്ഷിക്കുക. നിങ്ങൾ എവിടെയോ പോകുന്നെന്ന നാട്യത്തിൽ ധൃതിയിൽ നടക്കുക. വിലപിടിപ്പുള്ള വസ്ത്രങ്ങളോ അധികം വെട്ടിത്തിളങ്ങുന്ന ആഭരണങ്ങളോ അണിയാതിരിക്കുക. സ്ഥിതിഗതികൾ ആവശ്യമാക്കിത്തീർക്കുന്നപക്ഷം, സാധനങ്ങൾ വാങ്ങുന്നത് ഒരു സുഹൃത്തിനോടൊപ്പം ആയിരിക്കട്ടെ. പല പോക്കററുകളിലോ സ്ഥലങ്ങളിലോ ആയി ആവശ്യത്തിനുള്ള പണം മാത്രം കൊണ്ടുപോകുക.
കാറിൽ—ആളെയുംകൊണ്ടു കാർ തട്ടിക്കൊണ്ടുപോകുന്നതു നിങ്ങളുടെ പ്രദേശത്തു സാധാരണമാണെങ്കിൽ, നിർത്തിയിട്ടിരിക്കുന്ന നിങ്ങളുടെ കാറിൽ ഇരിക്കരുത്. ജോലിസ്ഥലത്തേക്കും അവിടന്നു തിരിച്ചുമുള്ള നിങ്ങളുടെ റൂട്ടു മാററിക്കൊണ്ടിരിക്കുക. അല്പം വളഞ്ഞതാണെങ്കിലും സുരക്ഷിതത്വമേറെയുള്ള മാർഗം തിരഞ്ഞെടുക്കുക. പാർക്ക് ചെയ്യുന്നതിനുമുമ്പ്, സംശയാസ്പദമായി തോന്നുന്ന എന്തെങ്കിലും ഉണ്ടോയെന്നു ചുററും നോക്കുക. ആൾസഞ്ചാരമില്ലാത്ത ഒരു സ്ഥലത്തുവെച്ചു ഡിക്കി തുറക്കാതിരിക്കുക. കാറിനുള്ളിൽ വിലപിടിപ്പുള്ള സാധനങ്ങൾ കാണാവുന്നതുപോലെ ഇട്ടിട്ടുപോകരുത്. കാണത്തക്കവിധമുള്ള ഒരു പൂട്ടിയിട്ട ചങ്ങലയോ മോഷണത്തെ ചെറുക്കുന്നതിനുള്ള മററു മാർഗങ്ങളോ സാധാരണ മോഷ്ടാക്കളെ നിരാശപ്പെടുത്തിയേക്കാം.
[6-ാം പേജിലെ ചതുരം]
“പുഴുവും തുരുമ്പും കെടുക്കയും കള്ളൻമാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളൻമാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.”—മത്തായി 6:19, 20