സ്വാതന്ത്ര്യം കുറഞ്ഞ വിശാലമായ പാത
അച്ഛനും അമ്മയും കൊച്ചുപെൺകുട്ടിയുമടങ്ങുന്ന ഒരു മൂന്നംഗ കുടുംബം. അവർ ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള തങ്ങളുടെ വീട്ടിലിരിക്കുമ്പോഴാണു വീടിനു തീ പിടിച്ചത്. ജനലുകളിലൂടെ പുറത്തുചാടാൻ അവർ ശ്രമിച്ചു, എന്നാൽ അവയ്ക്ക് അഴികൾ പിടിപ്പിച്ചതായിരുന്നു. ഈ സുരക്ഷാ അഴികൾ നിമിത്തം അഗ്നിശമനക്കാർക്ക് അവരെ രക്ഷിക്കാനായില്ല. അമ്മയും അച്ഛനും പുകയും തീയുംമൂലം മരിച്ചു. മകൾ പിന്നീട് ആശുപത്രിയിൽവെച്ചു മരിച്ചു.
തങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുണ്ടാക്കിയ സാമഗ്രികൾ നിമിത്തമാണ് ആ കുടുംബം മരിച്ചത് എന്നത് എത്ര ദുഃഖകരമായ സംഗതിയാണ്! അഴികളാലും സുരക്ഷാ പൂട്ടുകളാലും വീടു കാത്തുസംരക്ഷിക്കുന്ന ഒറ്റപ്പെട്ട കുടുംബമല്ലിത് എന്നതു നമ്മുടെ നാളിന്റെ സവിശേഷതയാണ്. നമ്മുടെ അയൽക്കാരിൽ അനേകർക്കും കോട്ട സമാനമായ വീടുകളും വസ്തുവകകളുമുണ്ട്. എന്തുകൊണ്ട്? അവർ സുരക്ഷയും മനസ്സമാധാനവും തേടുന്നതിനാൽ. സ്വന്തം ഭവനത്തിൽ ജയിലിലിട്ടപോലത്തെ നിലയിലായിരിക്കുമ്പോൾ മാത്രം ജനങ്ങൾക്കു സുരക്ഷ അനുഭവപ്പെടുന്നത് ഒരു “സ്വതന്ത്ര” സമുദായത്തിന് എന്തൊരു കുറച്ചിലാണ്! കുട്ടികൾക്ക് അടുത്തുള്ള ഒരു ഉദ്യാനത്തിൽ കളിക്കുന്നതിനോ മാതാപിതാക്കളിൽ ഒരാളോ മുതിർന്ന മറ്റൊരാളോ കൂടെയില്ലാതെ തനിയെ സ്കൂളിൽ പോകുന്നതിനോ മേലാൽ സുരക്ഷിതത്വം തോന്നുന്നില്ലാത്ത സ്ഥലങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ പല വശങ്ങളിലും സ്വാതന്ത്ര്യം പ്രഭാതത്തിലെ തുഷാരകണംപോലെ അപ്രത്യക്ഷമാകുകയാണ്.
വ്യതിയാനം ഭവിച്ച ഒരു ജീവിതരീതി
നമ്മുടെ മുത്തശ്ശീമുത്തശ്ശന്മാരുടെ നാളുകൾ വ്യത്യസ്തമായിരുന്നു. കുട്ടികളെന്ന നിലയിൽ തങ്ങൾക്കു തോന്നിയിടത്ത്, ഭയം കൂടാതെ കളിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. പ്രായപൂർത്തിയായവരെന്ന നിലയിൽ തങ്ങളുടെ ഭവനങ്ങളിൽ പൂട്ടുകളുടെയും അഴികളുടെയും പ്രശ്നമില്ലായിരുന്നു. അവർക്കു സ്വാതന്ത്ര്യം തോന്നി, ഒരു പരിധിവരെ അവർ സ്വതന്ത്രരായിരുന്നുതാനും. എന്നാൽ തങ്ങളുടെ ജീവിതകാലത്തുതന്നെ സമുദായത്തിന്റെ മനോഭാവത്തിനു മാറ്റം വന്നതായി നമ്മുടെ മുത്തശ്ശീമുത്തശ്ശന്മാർ കണ്ടിരിക്കുന്നു. അതിനു സൗഹൃദമനോഭാവം കുറഞ്ഞുപോയിരിക്കുന്നു, അതു കൂടുതൽ സ്വാർഥമായി മാറിയിരിക്കുന്നു; പലയിടങ്ങളിലും അയൽസ്നേഹത്തിനു പകരം അയൽക്കാരെക്കുറിച്ചുള്ള ഭയമാണിപ്പോൾ. മേൽപ്പറഞ്ഞ ദാരുണ സംഭവങ്ങൾക്കു കാരണം അതാണ്. സ്വാതന്ത്ര്യത്തിന്റെ വലിയതോതിലുള്ള അഭാവത്തോടൊപ്പം ധാർമിക മൂല്യങ്ങളും തുടർച്ചയായി അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. സമുദായം ഇപ്പോൾ ഒരു “പുത്തൻ ധാർമികത”യിൽ അനുരക്തമായിരിക്കുകയാണ്, എന്നാൽ യാതൊരു ധാർമികതയും കണ്ടെത്താനാവാത്ത നിലയിൽ എത്തിച്ചേർന്നിരിക്കുകയാണ് എന്നതാണു വാസ്തവം.
ക്വീൻസ്ലൻഡ് സർവകലാശാലയിലെ വിദ്യാഭ്യാസ ലെക്ച്ചറർ ഡോ. റൂപെർട്ട് ഗുഡ്മാൻ ഇങ്ങനെ എഴുതുന്നു: “യുവജനങ്ങൾ ഇപ്പോൾ വ്യത്യസ്തമായ, സുഖഭോഗാസക്തമായ . . . ഒരു ജീവിതരീതിക്കു വിധേയരാണ്. അവിടെ ‘അഹം’ ആണു കേന്ദ്രബിന്ദു: ആത്മനിഷ്ഠ [സുഖലോലുപത], ആത്മബോധം, ആത്മനിർവൃതി, ആത്മംഭരിതം [സ്വാർഥ താത്പര്യം], എന്നിവ കൊടികുത്തി വാഴുന്നു.” അദ്ദേഹം ഇങ്ങനെയും പറയുന്നു: “ആത്മനിയന്ത്രണം, ആത്മത്യാഗം, കഠിനാധ്വാനം, മിതവ്യയം, അധികാരികളോടുള്ള ആദരവ്, മാതാപിതാക്കളോടുള്ള സ്നേഹബഹുമാനം . . . എന്നിവയെല്ലാം അനേകരെയും സംബന്ധിച്ചിടത്തോളം അന്യമാണ്.”
വാസ്തവമായും ഒരു വിശാലമായ പാത
ബൈബിൾ പ്രവചനവുമായി സുപരിചിതരായിരിക്കുന്നവർ വ്യാപകമായ ഈ സ്വാർഥതത്പരതയിൽ ആശ്ചര്യപ്പെടുന്നില്ല. കാരണം, യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകി: “ഇടുക്കുവാതിലിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:13, 14) ആദ്യത്തെ വഴി, അനേക യാത്രക്കാരെ ഉൾക്കൊള്ളാൻ പോന്നവണ്ണം “വിശാല”മാണ്, കാരണം അത് സദാചാരത്തെയും ദൈനംദിന ജീവിതത്തെയും നിയന്ത്രിക്കുന്ന ബൈബിൾ തത്ത്വങ്ങളാൽ നിയന്ത്രിക്കപ്പെടുന്നില്ല. തന്നിഷ്ടപ്രകാരം ചിന്തിക്കുന്നതിനും ജീവിക്കുന്നതിനും ആഗ്രഹിക്കുന്നവർക്ക് അത് ആകർഷകമാണ്, കാരണം അവിടെ നിയമങ്ങളുമില്ല പ്രതിബദ്ധതകളുമില്ല.
വീതിയുള്ള പാത തിരഞ്ഞെടുത്തിട്ടുള്ള അനേകർ തങ്ങൾ ജീവിതം ആസ്വദിക്കുന്നുവെന്ന് അവകാശപ്പെടുന്നുവെന്നതു ശരിതന്നെ. എങ്കിലും അവരിലധികംപേരെയും നയിക്കുന്നതു സ്വാർഥത എന്ന പൊതു മനോഭാവമാണ്. അവർ, “അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവി”നാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നുവെന്നു ബൈബിൾ പറയുന്നു. അധാർമികതയോ മയക്കുമരുന്നു ദുരുപയോഗമോ സമ്പത്തിനുവേണ്ടിയുള്ള നിർദയമായ അനുധാവനമോ പ്രശസ്തിയോ അധികാരമോ എന്തുതന്നെയായാലും “ജഡമോഹങ്ങളിൽ നടന്നു . . . ജഡത്തിന്നു. . . ഇഷ്ടമായതു ചെയ്തുംകൊണ്ടു” ജീവിക്കാൻ ആ ആത്മാവ് അവരെ പ്രേരിപ്പിക്കുന്നു.—എഫെസ്യർ 2:2, 3.
വിശാലമായ പാത വിനാശത്തിലേക്കു നയിക്കുന്നു
വിശാലമായ പാതയിലൂടെ സഞ്ചരിക്കുന്നവരെ നയിക്കുന്നതു ‘ജഡത്തിന് ഇഷ്ടമായതു’ ചെയ്യാനുള്ള പ്രേരണയാണെന്നതു ശ്രദ്ധിക്കുക. അതു കാണിക്കുന്നത് അവർ ഒരു വിധത്തിലും സ്വതന്ത്രരല്ലെന്നാണ്—അവർക്ക് ഒരു യജമാനനുണ്ട്. അവർ ജഡത്തിന്റെ അടിമകളാണ്. ഈ യജമാനനെ സേവിക്കുന്നത് അനേകം പ്രശ്നങ്ങളിലേക്കു നയിച്ചേക്കാം: സമസ്തവ്യാപകമായ ലൈംഗികമായി പകരുന്ന രോഗങ്ങൾ, തകർന്ന കുടുംബങ്ങൾ, മയക്കുമരുന്ന്-മദ്യ ദുരുപയോഗത്താൽ രോഗബാധിതമായ ശരീരവും മനസ്സും എന്നിവ അവയിൽ ചിലതു മാത്രമാണ്. അക്രമം, ഭവനഭേദനം, ബലാൽസംഗം എന്നീ കൃത്യങ്ങൾ സ്വാർഥതാത്പര്യ ചിന്താഗതിയെ പോറ്റിപ്പുലർത്തുന്ന അനുവാദാത്മകമായ ഈ വീതിയുള്ള പാതയിൽനിന്ന് ഉരുത്തിരിയുന്നു. “നാശത്തിലേക്കു പോകുന്ന” ഈ പാത തുടർന്നു നിലനിൽക്കുന്നിടത്തോളംകാലം അതു കൂടുതൽ ദ്രോഹകരമായ ഫലങ്ങൾ ഉത്പാദിപ്പിക്കും.—സദൃശവാക്യങ്ങൾ 1:22, 23; ഗലാത്യർ 5:19-21; 6:7.
ഓസ്ട്രേലിയയിൽനിന്നുള്ള യഥാർഥ ജീവിതാനുഭവങ്ങൾ പരിചിന്തിക്കുക. മേരീ പ്രലോഭനത്തിനു വശംവദയായി മയക്കുമരുന്നു ദുരുപയോഗം ചെയ്യുകയും അധാർമികതയിൽ ഏർപ്പെടുകയും ചെയ്തു.a എന്നാൽ താൻ തേടിയ സന്തുഷ്ടി അവളിൽനിന്നു തെന്നിയകന്നു. രണ്ടു മക്കളുണ്ടായശേഷവും ജീവിതം ശൂന്യമാണെന്ന് അവൾക്കു തോന്നി. തന്നെ എയ്ഡ്സ് ബാധിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കിയപ്പോൾ അവൾ ആകെ തകർന്നുപോയി.
റ്റോം മറ്റൊരു വിധത്തിൽ വ്രണിതനായിരുന്നു. “ഉത്തര ക്വീൻസ്ലൻഡിലുള്ള ഒരു സഭയുടെ മിഷൻ പ്രസ്ഥാനത്തിലാണു ഞാൻ വളർന്നുവന്നത്,” അദ്ദേഹം എഴുതുന്നു. “16 വയസ്സുള്ളപ്പോൾ ഞാൻ അമിതമായി കുടി തുടങ്ങി. എന്റെ അച്ഛനും അമ്മാവന്മാരും സുഹൃത്തുക്കളുമെല്ലാം അമിതമായി കുടിക്കുന്നവരായിരുന്നു, തന്മൂലം അതു സ്വാഭാവികമാണെന്നു ഞാൻ കരുതി. ഞാൻ എന്തും, ബിയർ തുടങ്ങി മീഥൈൻ കലർത്തിയ സ്പിരിറ്റുവരെ കുടിക്കുന്ന നിലയിൽ എത്തി. ഞാൻ കുതിരപ്പന്തയത്തിലും ഏർപ്പെടാൻ തുടങ്ങി, ചിലപ്പോഴൊക്കെ എന്റെ കഠിനാധ്വാനഫലത്തിന്റെ ഏറിയ പങ്കും നഷ്ടപ്പെടുത്തിക്കൊണ്ടുതന്നെ. അതു നിസ്സാര തുകയൊന്നുമായിരുന്നില്ല, കാരണം കരിമ്പുവെട്ടുന്ന എന്റെ തൊഴിലിനു നല്ല വേതനം ലഭിച്ചിരുന്നു.
“പിന്നീടു ഞാൻ വിവാഹിതനായി, ഞങ്ങൾക്കു കുട്ടികളുമുണ്ടായി. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനു പകരം സുഹൃത്തുക്കൾ ചെയ്ത സംഗതിതന്നെ ഞാനും ചെയ്തു—കുടി, ചൂതുകളി, വഴക്കിടൽ. എന്നെ പലപ്പോഴും സ്ഥലത്തെ ജയിലിലടയ്ക്കുകയുണ്ടായി. എന്നാൽ അതുകൊണ്ടൊന്നും ഒരു മെച്ചവുമുണ്ടായില്ല. എന്റെ ജീവിതം അധഃപതിച്ചുവരികയായിരുന്നു. അത് ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു.”
അതേ, തെറ്റായ മോഹങ്ങൾക്കു വഴിപ്പെട്ടുകൊണ്ടു റ്റോമും മേരീയും തങ്ങളെ മാത്രമല്ല തങ്ങളുടെ കുടുംബങ്ങളെയും വേദനയിലാഴ്ത്തി. ദുഃഖകരമെന്നു പറയട്ടെ, ചെറുപ്പക്കാരായ മറ്റനേകം യുവാക്കൾ വീതിയുള്ള വഴി വാഗ്ദാനം ചെയ്യുന്ന, സ്വാതന്ത്ര്യത്തിന്റെ സ്വേച്ഛയായ, തെറ്റിദ്ധരിക്കപ്പെട്ട മനോഗതത്താൽ വഴിതെറ്റിക്കപ്പെടുന്നതിനുള്ള ഒരു പ്രവണതയും കണ്ടുവരുന്നു. അതിന്റെ തിളക്കത്തിന്റെ പിന്നിലെ വഞ്ചനാത്മകത വിവേചിച്ചറിയാൻ, യുവജനങ്ങൾക്കു കഴിഞ്ഞിരുന്നെങ്കിൽ. വീതിയുള്ള പാതയുടെ യാഥാർഥ്യം—അതിലൂടെ സഞ്ചരിക്കുന്നവർ ഒടുവിൽ നൽകേണ്ടിവരുന്ന ഗുരുതരമായ പരിണതഫലം—അവർക്കു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ. അതു വീതിയുള്ളതാണെന്നതും ഉള്ളിൽകടക്കാൻ എളുപ്പമാണെന്നതും ശരിതന്നെ. എന്നാൽ അതിന്റെ വിശാലതതന്നെയാണ് അതിന്റെ ശാപവും. ബുദ്ധിപൂർവകമായ ഗതി, “ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും” എന്ന നിരസ്സിക്കാനാവാത്ത സത്യം ഹൃദയത്തിൽ ഉൾക്കൊള്ളുന്നതാണ്.—ഗലാത്യർ 6:8.
എന്നിരുന്നാലും മെച്ചമായ ഒരു തിരഞ്ഞെടുപ്പുണ്ട്. ഇടുങ്ങിയ പാതയാണ് അത്. എന്നാൽ എത്രമാത്രം നിയന്ത്രണമേർപ്പെടുത്തുന്നതും ഇടുങ്ങിയതുമാണ് ഈ പാത? അത് എങ്ങോട്ടാണു നയിക്കുന്നത്?
[അടിക്കുറിപ്പ]
a പേരുകൾ മാറ്റിയിട്ടുണ്ട്.