സ്വാതന്ത്ര്യത്തിലേക്കുള്ള ഇടുങ്ങിയ പാത
പ്രപഞ്ചം പ്രകൃതി നിയമങ്ങളാൽ ഭരിക്കപ്പെടുന്നുവെന്ന കാര്യത്തിൽ ബുദ്ധിയുള്ള ആർക്കുംതന്നെ തർക്കമില്ല. സൂക്ഷ്മമായ പരമാണുക്കൾ മുതൽ കോടാനുകോടി നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന ഭീമാകാരമായ നക്ഷത്രവ്യൂഹങ്ങൾ വരെയുള്ള സകലത്തെയും ഈ നിയമങ്ങൾ നിയന്ത്രിക്കുന്നു. പ്രകൃതി നിയമങ്ങൾ ഇല്ലായിരുന്നെങ്കിൽ യാതൊരു ആസൂത്രണമോ അറിവോ ഉണ്ടായിരിക്കുമായിരുന്നില്ല; ജീവൻതന്നെയും അസ്തിത്വത്തിൽ ഉണ്ടാകുമായിരുന്നില്ല. പ്രകൃതി നിയമങ്ങളെപ്പറ്റി പഠിക്കുകയും അതിനു നിരക്കുന്നവണ്ണം പ്രവർത്തിക്കുകയും ചെയ്തുകൊണ്ടു മനുഷ്യൻ വിസ്മയാവഹമായ കൃത്യങ്ങൾ ചെയ്തിരിക്കുന്നു. ചന്ദ്രനിൽ നടക്കുക, ഭൂമിയുടെ ഏതൊരു ഭാഗത്തുനിന്നും അല്ലെങ്കിൽ ഭൂമണ്ഡലത്തിന് അപ്പുറത്തുനിന്നുപോലും നമ്മുടെ ഭവനങ്ങളിലെ ടെലിവിഷൻ സ്ക്രീനിലേക്കു വർണചിത്രങ്ങൾ പ്രക്ഷേപണം ചെയ്യുക, ഇതെല്ലാം അവയിൽ ചിലതാണ്.
എന്നാൽ ധാർമിക നിയമങ്ങളെപ്പറ്റി എന്ത്? അവയോടു പറ്റിനിൽക്കുന്നതു പ്രയോജനപ്രദവും ഫലദായകവുമാണോ? ധാർമിക നിയമങ്ങൾതന്നെ ഇല്ലെന്ന ധാരണ അനേകർക്കുമുള്ളതുപോലെ തോന്നുന്നു, തന്മൂലം തങ്ങളുടെ മോഹങ്ങൾക്ക് അനുയോജ്യമായ അനുവാദാത്മകമായ തത്ത്വശാസ്ത്രമോ മതമോ അവർ തിരഞ്ഞെടുക്കുന്നു.
എങ്കിലും, ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു വഴി, ‘ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴി’ തിരഞ്ഞെടുക്കുന്ന ചിലരുണ്ട്. ഒരു ന്യൂനപക്ഷമേ ഇതു തിരഞ്ഞെടുക്കുന്നുള്ളൂ എന്നതിൽ നമുക്ക് അതിശയം തോന്നരുത്, കാരണം ഇടുങ്ങിയ വഴിയെപ്പറ്റി യേശു ഇങ്ങനെ പറഞ്ഞു: “അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:14, NW) ചുരുക്കമായിരിക്കുന്നത് എന്തുകൊണ്ട്?
എന്തുകൊണ്ടെന്നാൽ ഇടുങ്ങിയ പാത ദൈവനിയമങ്ങളാലും തത്ത്വങ്ങളാലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ദൈവപ്രമാണങ്ങൾക്കൊത്തവണ്ണം ജീവിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരുവനെ മാത്രമേ അത് ആകർഷിക്കുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ മിഥ്യാധാരണ പകരുന്നതെങ്കിലും, യഥാർഥത്തിൽ അടിമത്തത്തിലാക്കുന്ന വീതിയുള്ള പാതയിൽനിന്നും തികച്ചും വ്യത്യസ്തമായി നിയന്ത്രിക്കുന്നതെന്നു തോന്നിക്കുന്ന ഇടുങ്ങിയ പാത ഒരു വ്യക്തിയെ സുപ്രധാനമായ എല്ലാ കാര്യങ്ങളിലും സ്വതന്ത്രനാക്കുന്നു. “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണ”മാണ് അതിന്റെ അതിരുകൾ.—യാക്കോബ് 1:25.
ഇടുങ്ങിയ പാത സ്വതന്ത്രമാക്കുന്ന വിധം
ഇടുങ്ങിയ പാതയിൽ നിലകൊള്ളുന്നത് എല്ലായ്പോഴും സുകരമല്ല എന്നതു ശരിതന്നെ. ജീവനോടിരിക്കുന്ന സകല മനുഷ്യരും അപൂർണരും തെറ്റുചെയ്യുന്നതിനുള്ള പ്രവണത അവകാശമാക്കിയിരിക്കുന്നവരുമാണ്. തന്മൂലം ഒരു വ്യക്തി കുറച്ചൊക്കെ വഴിതെറ്റിപ്പോകാൻ ചായ്വുള്ളവനാണെന്നുവരാം. എന്നിരുന്നാലും, ‘ഞെരുക്കമുള്ള വഴി’യിലൂടെ നീങ്ങുന്നതുകൊണ്ടുള്ള പ്രയോജനം ആവശ്യമായ ഏതൊരു ആത്മശിക്ഷണത്തിനോ പൊരുത്തപ്പെടുത്തലിനോ തക്ക മൂല്യമുള്ളതാണ്, കാരണം ദൈവം ‘ശുഭകരമായി പ്രവർത്തിപ്പാൻ നമ്മെ അഭ്യസിപ്പിക്കുന്നു.’—യെശയ്യാവു 48:17; റോമർ 3:23.
ദൃഷ്ടാന്തം പറഞ്ഞാൽ, ബുദ്ധിയുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കുവേണ്ടി ‘നിയന്ത്രണ’ങ്ങളുള്ള ആഹാരരീതി ക്രമീകരിക്കുന്നു. ഭക്ഷണസമയത്തു ചിലപ്പോഴൊക്കെ കർശനമുള്ളവരായിരിക്കുകയെന്ന് അത് അർഥമാക്കുന്നു. എന്നാൽ കുട്ടികൾ വലുതാകുമ്പോൾ മാതാപിതാക്കളുടെ സ്നേഹനിർഭരമായ ശിക്ഷണത്തെ അവർ വിലമതിക്കും. പ്രായപൂർത്തിയായവരെന്ന നിലയിൽ ആരോഗ്യാവഹമായ ഭക്ഷണത്തിൽ അവർ രുചി വികസിപ്പിച്ചെടുത്തിട്ടുണ്ടാകും. ലഭ്യമായ പോഷകസമൃദ്ധമായ ആഹാരത്തിന്റെ വൈവിധ്യം നിമിത്തം തങ്ങൾ നിയന്ത്രിക്കപ്പെടുന്നുവെന്ന് ഒരിക്കലും അവർക്കു തോന്നാൻ ഇടവരുന്നില്ല.
ആത്മീയമായ അർഥത്തിൽ, ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയിലുള്ളവരുടെ കാര്യത്തിലും ദൈവം അതുതന്നെയാണു ചെയ്യുന്നത്. സന്തോഷത്തിലേക്കും യഥാർഥ സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്ന ആരോഗ്യാവഹമായ താത്പര്യങ്ങൾ സൗമ്യരിൽ അവൻ നട്ടുവളർത്തുന്നു. തന്റെ വചനമായ ബൈബിൾ പ്രദാനംചെയ്തുകൊണ്ട് അവൻ അതു ചെയ്യുന്നു. അതിനുപുറമേ, നമ്മെ സഹായിക്കുന്നതിന് അവന്റെ ആത്മാവിനുവേണ്ടി പ്രാർഥിക്കാൻ അവൻ നമ്മെ ക്ഷണിക്കുകയും ഇടുങ്ങിയ പാതയിൽ നിലകൊള്ളുന്നതിനു പ്രോത്സാഹനം ലഭിക്കേണ്ടതിനു സഹക്രിസ്ത്യാനികളുമായി സഹവസിക്കാൻ നമ്മോടു കൽപ്പിക്കുകയും ചെയ്യുന്നു. (എബ്രായർ 10:24, 25) അതേ, ദൈവം സ്നേഹംതന്നെ, ഈ അത്യുന്നത ഗുണം അവന്റെ ലക്ഷ്യങ്ങൾക്കും എല്ലാ വിധങ്ങൾക്കും അടിവരയിടുന്നു.—1 യോഹന്നാൻ 4:8.
സ്നേഹം, സമാധാനം, നന്മ, ആത്മനിയന്ത്രണം എന്നിവയും ദൈവാത്മാവിന്റെ മറ്റു ഗുണങ്ങളും പ്രബലമായിരിക്കുമ്പോൾ ഇടുക്കമുള്ള പാത നിയന്ത്രണമുള്ളതായി തോന്നുകയില്ല. തിരുവെഴുത്തു പറയുന്ന പ്രകാരം, “ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” (ഗലാത്യർ 5:22, 23) “കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യമുണ്ട്.” (2 കൊരിന്ത്യർ 3:17) ഇപ്പോൾപോലും യഥാർഥ ക്രിസ്ത്യാനികൾക്ക് ഈ സ്വാതന്ത്ര്യത്തിന്റെ രുചി ലഭിക്കുന്നുണ്ട്. ഇന്ന് അനേകരെയും ബാധിക്കുന്ന അനേക ഭയങ്ങളിൽനിന്നു സ്വതന്ത്രരാണവർ. ഭാവിയെപ്പറ്റിയുള്ള ഭയം, മരണത്തെപ്പറ്റിയുള്ള അന്ധവിശ്വാസം നിമിത്തം ഉളവാകുന്ന ഭയം എന്നിവ അവയിൽ ചിലതാണ്. “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണമായിരിക്കു”ന്ന ഭാവിയെപ്പറ്റി പര്യാലോചിക്കുന്നത് എത്ര രോമാഞ്ചജനകമാണ്! (യെശയ്യാവു 11:9) അപ്പോൾ കുററകൃത്യഭീതിപോലും ഉണ്ടായിരിക്കുകയില്ല. താഴുകളും തഴുതുകളും എന്നേക്കുമായി പൊയ്പോയിരിക്കും. സകലർക്കും രാവും പകലും വീട്ടിനുള്ളിലും പുറത്തും സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവപ്പെടും. അതു വാസ്തവമായും സ്വാതന്ത്ര്യംതന്നെ!
ദൈവസഹായം നമുക്ക് ഉറപ്പാക്കപ്പെട്ടിരിക്കുന്നു
ദൈവത്തിന്റെ പ്രമാണങ്ങളനുസരിച്ചു ജീവിക്കുന്നതിനു ശ്രമം ചെലുത്തേണ്ട ആവശ്യമുണ്ടെന്നതു ശരിതന്നെ. എങ്കിലും, അപൂർണ മനുഷ്യർക്കുപോലും “അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:3) നാം ഇടുങ്ങിയ പാതയുമായി പൊരുത്തപ്പെട്ട് അതിലൂടെ നടക്കുന്നതിന്റെ പ്രയോജനങ്ങൾ അനുഭവിക്കുമ്പോൾ വീതിയുള്ള പാതയിലുള്ളവരുടെ സ്വതഃസിദ്ധമായ പ്രവർത്തനങ്ങളെയും ചിന്തകളെയും നമ്മൾ അപ്പാടെ വെറുക്കും. (സങ്കീർത്തനം 97:10) ദൈവകൽപ്പനകൾ അനുസരിക്കുന്നതു നമ്മുടെ ദൈവദത്ത മനസ്സാക്ഷിക്കു പ്രിയമാണ്. “മനോവ്യസന”ത്തിനും “മനോവ്യഥ”യ്ക്കും പകരം “എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും” എന്നു ദൈവം വാഗ്ദാനം ചെയ്യുന്നു. അതേ, യഹോവയാൽ പരിശീലിപ്പിക്കപ്പെട്ട ഹൃദയം സന്തുഷ്ടവും സ്വതന്ത്രവുമാണ്.—യെശയ്യാവു 65:14.
നമുക്കു യഥാർഥ സ്വാതന്ത്ര്യം സാധ്യമാക്കുന്നതിന് യേശു മരിച്ചു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്നു ബൈബിൾ പറയുന്നു. (യോഹന്നാൻ 3:16) ഇപ്പോൾ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശു ആ ബലിയുടെ പ്രയോജനങ്ങൾ പ്രാബല്യത്തിൽ വരുത്തുകയാണ്. വിശാലമായ പാതയും അതിലുള്ള സകലരും നശിപ്പിക്കപ്പെടുന്ന “മഹോപദ്രവം” ഉണ്ടാകുന്ന ഉടൻതന്നെ അവൻ ഇടുങ്ങിയ പാതയിലുള്ള ശേഷിച്ചവരോടൊപ്പം അനുസരണയുള്ള മനുഷ്യവർഗത്തെ ക്ഷമാപൂർവം ആ പാതയുടെ അവസാനത്തേക്ക്—മാനുഷ പൂർണതയിലേക്ക്—നയിക്കാൻ തുടങ്ങും. (വെളിപ്പാടു 7:14-17; മത്തായി 24:21, 29-31, NW) ഒടുവിൽ നമ്മൾ ഈ മഹത്തായ വാഗ്ദത്തത്തിന്റെ നിവൃത്തി അനുഭവിക്കും: “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും.” ഈ ദൈവദത്ത സ്വാതന്ത്ര്യത്തെ വെല്ലാനാവില്ല. മരണംപോലും പൊയ്പോയിരിക്കും.—റോമർ 8:21; വെളിപ്പാടു 21:3, 4.
ഇടുങ്ങിയ പാത എങ്ങോട്ടാണു നയിക്കുന്നത് എന്നു വ്യക്തമായി കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്കു തന്റെ പാത തിരഞ്ഞെടുക്കുന്നതിനും അതിലൂടെ തുടർന്നു നടക്കുന്നതിനും കഴിയും. യുവജനങ്ങൾ പ്രത്യേകിച്ചും ഹ്രസ്വദൃഷ്ടി ഉള്ളവരാകാതിരിക്കുന്നതിനും ദൈവത്തിന്റെ പ്രമാണങ്ങളാൽ ചുമത്തപ്പെടുന്ന നിയന്ത്രണങ്ങളായി തങ്ങൾ കണക്കാക്കുന്ന കാര്യങ്ങളിൽ അരോചകത്വം തോന്നാതിരിക്കുന്നതിനും സഹായിക്കപ്പെടുന്നു. ദൈവസ്നേഹത്തിന്റെ തെളിവും വീതിയുള്ള പാതയിൽ തിന്മയ്ക്കെതിരെയുള്ള പരിചയുമായി അവയെ കാണാൻ അവർ പഠിക്കുന്നു. (എബ്രായർ 12:5, 6) ഫലം കായ്ക്കുന്നതിന് ഒരു വൃക്ഷത്തിനു സമയം ആവശ്യമായിരിക്കുന്നതുപോലെതന്നെ ദൈവിക ഗുണങ്ങളും താത്പര്യങ്ങളും വികസിക്കുന്നതിനു സമയമെടുക്കുമെന്ന് ഓർത്തുകൊണ്ട് ഒരുവൻ തീർച്ചയായും ക്ഷമ പ്രകടിപ്പിക്കണം. എന്നാൽ ഒരു വൃക്ഷത്തെ വേണ്ടവണ്ണം പരിപാലിക്കുകയും നനയ്ക്കുകയും ചെയ്താൽ അതു ഫലം ഉത്പാദിപ്പിക്കുകതന്നെചെയ്യും.
തന്മൂലം ദൈവവചനം പഠിക്കുക, മറ്റു ക്രിസ്ത്യാനികളുമായി സഹവസിക്കുക, പരിശുദ്ധാത്മാവിനുവേണ്ടി “ഇടവിടാതെ പ്രാർത്ഥി”ക്കുക. (1 തെസ്സലൊനീക്യർ 5:17) ‘നിങ്ങളുടെ പാതകളെ നേരെയാക്കു’ന്നതിനു സഹായത്തിനായി ദൈവത്തിൽ ആശ്രയിക്കുക. (സദൃശവാക്യങ്ങൾ 3:5, 6) എന്നാൽ ഇതെല്ലാം പ്രായോഗികമാണോ? അതു പ്രാവർത്തികമാകുമോ? ഉവ്വ്, മുൻ ലേഖനത്തിൽ പരാമർശിച്ച റ്റോമിന്റെയും മേരീയുടെയും കാര്യത്തിൽ അതു പ്രാവർത്തികമായി.
വിശാലമായ പാതയിലൂടെ നടക്കുന്നത് അവർ നിർത്തി
റ്റോം എഴുതുന്നു: “70-കളുടെ മധ്യത്തിൽ യഹോവയുടെ സാക്ഷികളിലൊരാൾ ഞങ്ങളുടെ വീടു സന്ദർശിച്ചപ്പോൾ ഞങ്ങൾ അവരുമായി സമ്പർക്കത്തിലായി. ചർച്ച ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചു. പടിപടിയായി ഞാൻ എന്റെ ജീവിതം വെടിപ്പാക്കാൻ തുടങ്ങി. 1982-ൽ ഞാൻ സ്നാപനമേറ്റു, ഇപ്പോൾ പ്രാദേശിക സഭയിൽ സേവിക്കുകയാണ്. ഞങ്ങളുടെ മകനും ഇപ്പോൾ സ്നാപനമേറ്റിരിക്കുന്നു. ഞാൻ സത്യം പഠിക്കുന്നതിനു മുമ്പുള്ള വർഷങ്ങളിലെല്ലാം ദീർഘക്ഷമയോടെ എന്നോടൊപ്പം കഴിഞ്ഞുകൂടിയ ഭാര്യയ്ക്കു ഞാൻ നന്ദി പറയുന്നു. സർവോപരി, യഹോവയും അവന്റെ പുത്രനായ യേശുക്രിസ്തുവും ഞങ്ങൾക്കു നൽകിയ സകലത്തിനുവേണ്ടിയും ഭാവിയെപ്പറ്റി ഞങ്ങൾക്കുള്ള പ്രത്യാശയ്ക്കുവേണ്ടിയും ഞാൻ അവർക്കു നന്ദി കരേറ്റുന്നു.”
മേരീയെ സംബന്ധിച്ചോ? കൊള്ളാം, ദൈവം ഒരുനാളും തന്നോടു പൊറുക്കുകയില്ലെന്ന് അവൾക്കു തോന്നി. എന്നാൽ തന്റെ കുട്ടികളെപ്രതി അവനെക്കുറിച്ച് അറിയാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. യഹോവയുടെ സാക്ഷികൾ തന്റെ അയലത്തു ബൈബിൾ പഠിപ്പിക്കുന്നുവെന്നു കേട്ടപ്പോൾ സഹായത്തിനായി അവളും അഭ്യർഥിച്ചു. എന്നിരുന്നാലും, അവളുടെ കൂടപ്പിറപ്പായ ശീലങ്ങൾ പുരോഗതിക്കു തടസ്സമായി. അധ്യയനം പുരോഗതിയുടെ കയറ്റിറക്കങ്ങളിലൂടെ കടന്നുപോയി. എങ്കിലും, അവളുടെ ഏഴു വയസ്സുള്ള മകൾ അവൾക്കു പ്രോത്സാഹനം നൽകിക്കൊണ്ടിരുന്നു. “ഒന്നു ശ്രമിക്കു മമ്മീ, മമ്മിക്കതു ചെയ്യാൻ കഴിയും!” എന്ന് അവൾ പറയുമായിരുന്നു. അപ്പോൾ മേരീ കഠിനമായി ശ്രമിക്കും.
അവളുടെ ഭർത്താവും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു, വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹവും അധ്യയനത്തിനിരുന്നു. ഒടുവിൽ ഇരുവരും തങ്ങളുടെ ദുശ്ശീലങ്ങളെ കീഴടക്കി. പിന്നീട്, അവരുടെ വിവാഹം നിയമപരമാക്കുകയും സ്നാപനമേൽക്കുകയും ചെയ്തപ്പോൾ അവർക്ക് അതിയായ സന്തോഷമനുഭവപ്പെട്ടു, തങ്ങളുടെ കുടുംബം ഒരു യഥാർഥ കുടുംബമാണെന്ന് ആദ്യമായി അവർക്ക് അനുഭവപ്പെടുകയുമുണ്ടായി. ദുഃഖകരമെന്നു പറയട്ടെ, എയ്ഡ്സ് ഒടുവിൽ മേരീയുടെ ജീവൻ കാർന്നുതിന്നു. എങ്കിലും പുനരുത്ഥാനത്തെക്കുറിച്ചും വിശാലമായ പാതയുടെ സകല മാലിന്യങ്ങളിൽനിന്നും ശുദ്ധീകരിക്കപ്പെട്ട ഒരു പറുദീസ ഭൂമിയെ കുറിച്ചുമുള്ള ബൈബിൾ വാഗ്ദത്തങ്ങളിൽ ഹൃദയം ഏകാഗ്രമാക്കിക്കൊണ്ടാണ് അവൾ മരിച്ചത്.
അതേ, നാശത്തിലേക്കു നയിക്കുന്ന വീതിയും വിശാലവുമായ പാതയിൽനിന്നു പുറത്തുവരുക സാധ്യമാണ്. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്ന് ക്രിസ്തുയേശു പറഞ്ഞു. (യോഹന്നാൻ 17:3) എങ്കിൽപ്പിന്നെ, ജീവനിലേക്കു നയിക്കുന്ന ഇടുക്കമുള്ള പാതയിൽ എന്തുകൊണ്ടു നിങ്ങൾക്കു നടന്നുകൂടാ? ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ഹൃദയത്തിലേറ്റുകൊള്ളുകയും ബാധകമാക്കുകയും ചെയ്യുന്നതിലൂടെ ബൈബിളിൽ നൽകിയിരിക്കുന്ന പിൻവരുന്ന ഹൃദയോഷ്മളമായ പ്രത്യാശ നിങ്ങൾ വ്യക്തിപരമായി അനുഭവിക്കും: “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:32.