ഈർഷ്യയുള്ള മനുഷ്യൻ
എബ്രായ ഭാഷയിൽ “അസൂയ”യ്ക്ക് ഒരു മൂലപദമേയുള്ളൂ. പാപികളായ മനുഷ്യരെ പരാമർശിക്കുമ്പോൾ, എബ്രായ പദം “ഈർഷ്യ” എന്നോ “കിടമത്സരം” എന്നോ പരിഭാഷപ്പെടുത്താവുന്നതാണ്. (ഉല്പത്തി 26:14; സഭാപ്രസംഗി 4:4, NW) എന്നാൽ ഗ്രീക്കു ഭാഷയിൽ, “അസൂയ”യ്ക്ക് ഒന്നിലധികം പദങ്ങളുണ്ട്. സിലോസ് എന്ന പദം, അതിന്റെ എബ്രായ തുല്യപദത്തെപ്പോലെ, നീതിനിഷ്ഠവും പാപപൂർണവുമായ അസൂയയെ സൂചിപ്പിച്ചേക്കാം. മറ്റൊരു ഗ്രീക്കുപദമായ ഫ്തോനോസിനു തീർത്തും നിഷേധാത്മകമായ അർഥമാണുള്ളത്.
പുരാതന ഗ്രീക്കിൽ ഫ്തോനോസ എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത്? ദി ആങ്കർ ബൈബിൾ ഡിക്ഷനറി ഇങ്ങനെ പ്രസ്താവിക്കുന്നു: “അത്യാഗ്രഹമുള്ള മനുഷ്യനിൽനിന്നു വ്യത്യസ്തമായി, ഫ്തോനോസിനാൽ ബാധിക്കപ്പെടുന്ന മനുഷ്യൻ തനിക്ക് അമർഷമുള്ള മറ്റൊരാളുടെ നല്ല സംഗതികൾ അവശ്യം ആഗ്രഹിക്കുന്നില്ല; അവ മറ്റു വ്യക്തിയുടേതായിരിക്കാൻ അയാൾ കേവലം ആഗ്രഹിക്കുന്നില്ല. മത്സരിക്കുന്ന മനുഷ്യനിൽനിന്ന് അയാൾ വ്യത്യസ്തനാണ്, അതായത് വിജയിക്കണമെന്ന ലക്ഷ്യത്തോടെ മത്സരിക്കുന്ന മനുഷ്യനെപ്പോലെയല്ല അയാൾ. മറിച്ച്, മറ്റുള്ളവർ വിജയിക്കുന്നതു തടയുകയാണ് അയാളുടെ ലക്ഷ്യം.”
തന്റെതന്നെ മനോഭാവമാണ് തന്റെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണമെന്നു ഈർഷ്യയുള്ള മനുഷ്യൻ പലപ്പോഴും ഓർക്കാറില്ല. അതേ നിഘണ്ടു ഇങ്ങനെ വിശദീകരിക്കുന്നു: “ഫ്തോനോസിന്റെ ഒരു പ്രത്യേകതയാണ് ആത്മാവബോധത്തിന്റെ അഭാവം. ഫ്തോനേറോസ് മനുഷ്യനോടു തന്റെ പ്രവൃത്തിക്കുള്ള വിശദീകരണം ആവശ്യപ്പെട്ടാൽ, താൻ ആക്രമിക്കുന്ന വ്യക്തികൾ അത് അർഹിക്കുന്നു എന്നും സാഹചര്യത്തിലെ നീതികേടുനിമിത്തമാണു താൻ അയാളെ വിമർശിക്കുന്നത് എന്നും മാത്രമായിരിക്കും അയാൾ എല്ലായ്പോഴും തന്നോടും മറ്റുള്ളവരോടും പറയുക. ഒരു സുഹൃത്തിനെക്കുറിച്ച് ഈ വിധത്തിൽ എങ്ങനെ സംസാരിക്കാൻ സാധിക്കുന്നുവെന്നു ചോദിച്ചാൽ, സുഹൃത്തിന്റെ ഏറ്റവും നല്ല നന്മയ്ക്കുവേണ്ടിയാണു തന്റെ വിമർശനങ്ങളെന്ന് അയാൾ പറയും.”
യേശുവിനെ കൊന്നതിന് ഉത്തരവാദികളായവരുടെ ആന്തരത്തെ വർണിക്കാൻ സുവിശേഷ എഴുത്തുകാരായ മത്തായിയും മർക്കോസും ഉപയോഗിച്ച ഗ്രീക്കു പദം ഫ്തോനോസ ആയിരുന്നു. (മത്തായി 27:18; മർക്കൊസ് 15:10) അതേ, അവരെ ഭരിച്ചിരുന്നത് ഈർഷ്യയായിരുന്നു. വിശ്വാസത്യാഗികളെ തങ്ങളുടെ മുൻ സഹോദരങ്ങളെ കൊടുംപകയോടെ വെറുക്കുന്നവരാക്കിയതും ദോഷകരമായ ഈ വികാരംതന്നെ. (1 തിമൊഥെയൊസ് 6:3-5) ഈർഷ്യയുള്ള മനുഷ്യരെ ദൈവരാജ്യത്തിൽ പ്രവേശിപ്പിക്കില്ലെന്നതിൽ അതിശയിക്കാനില്ല! “ഈർഷ്യയുള്ള”വരായി തുടരുന്ന സകലരെയും “മരണയോഗ്യരാ”യാണു യഹോവയാം ദൈവം വിധികല്പിച്ചിരിക്കുന്നത്.—റോമർ 1:29, 32, NW; ഗലാത്യർ 5:21.
[7-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാൻ ഈർഷ്യയെ അനുവദിക്കരുത്