വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 2/15 പേ. 15-17
  • അസൂയ ഒരു മാരകവിഷം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അസൂയ ഒരു മാരകവിഷം
  • 2012 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അസൂയയെ ആളിക്കത്തിക്കുന്ന മനോഭാവം
  • തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നത്‌
  • വിഷമിറക്കാനുള്ള മറുമരുന്നുകൾ!
  • പോരാട്ടം എളുപ്പമല്ല!
  • അസൂയ​യോ​ടു പോരാ​ടുക, സമാധാ​നം ഉണ്ടാക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • നിങ്ങൾ നിങ്ങളെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നുവോ?
    2005 വീക്ഷാഗോപുരം
  • ഈർഷ്യയുള്ള മനുഷ്യൻ
    വീക്ഷാഗോപുരം—1995
  • അസൂയയെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌
    വീക്ഷാഗോപുരം—1995
കൂടുതൽ കാണുക
2012 വീക്ഷാഗോപുരം
w12 2/15 പേ. 15-17

അസൂയ ഒരു മാരകവിഷം

നെപ്പോളിയൻ ബോണപ്പാർട്ടിനും ജൂലിയസ്‌ സീസറിനും മഹാനായ അലക്‌സാണ്ടറിനും അതുണ്ടായിരുന്നു. അധികാരവും പ്രതാപവും ഒക്കെ ഉണ്ടായിരുന്നിട്ടും മനസ്സിനെ വിഷലിപ്‌തമാക്കുന്ന ഒരു ദുർഗുണം അവർ ഉള്ളിൽ കൊണ്ടുനടന്നു. അതെ, മൂവർക്കും അസൂയയുണ്ടായിരുന്നു.

“നെപ്പോളിയന്‌ സീസറിനോടും സീസറിന്‌ (മഹാനായ) അലക്‌സാണ്ടറിനോടും, എന്റെ ഊഹം ശരിയാണെങ്കിൽ അലക്‌സാണ്ടറിന്‌ വെറും ഐതിഹ്യപുരുഷനായ ഹെർക്കുലീസിനോടും അസൂയയുണ്ടായിരുന്നു” എന്ന്‌ ആംഗലേയ തത്ത്വചിന്തകനായ ബർട്രൻഡ്‌ റസ്സൽ എഴുതുകയുണ്ടായി. സമ്പത്തും നേട്ടങ്ങളും കൈവരിച്ചിട്ടുള്ള സദ്‌സ്വഭാവികളായ വ്യക്തികൾ ഉൾപ്പെടെ ആരിലും അസൂയ നാമ്പെടുത്തേക്കാം.

ഒരു വ്യക്തിയുടെ സമ്പത്ത്‌, അഭിവൃദ്ധി, നേട്ടങ്ങൾ എന്നിവയെപ്രതി അയാളോടു തോന്നുന്ന നീരസമാണ്‌ അസൂയ. ഒരു ബൈബിൾ പരാമർശകൃതിയനുസരിച്ച്‌, മറ്റൊരാൾക്കുള്ളതെല്ലാം തനിക്കും വേണം എന്ന ആഗ്രഹത്തെക്കാളുപരി അയാൾക്കുള്ളത്‌ ഇല്ലാതാക്കാനുള്ള ത്വരയും അസൂയയിൽ ഉൾപ്പെടുന്നു. അസൂയയുള്ള ഒരു വ്യക്തിക്ക്‌ അപരന്റെ ഉന്നതിയിൽ അസഹ്യത തോന്നുന്നതോടൊപ്പം അയാൾക്കുള്ളത്‌ തട്ടിയെടുക്കാനുള്ള വ്യഗ്രതയുമുണ്ടാകും.

അസൂയ മുളപൊട്ടുന്നത്‌ എങ്ങനെയെന്നും അതിന്റെ ഭവിഷ്യത്തുകൾ എന്തെല്ലാമാണെന്നും നമുക്കു പരിശോധിക്കാം. അസൂയ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാതിരിക്കാൻ നാം പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച്‌ അറിയുന്നതും പ്രധാനമാണ്‌.

അസൂയയെ ആളിക്കത്തിക്കുന്ന മനോഭാവം

അപൂർണ മനുഷ്യരിലെല്ലാം “അസൂയയുടെ ആത്മാവ്‌” ഉണ്ടെങ്കിലും ചില ഘടകങ്ങൾ ആ പ്രവണതയെ ആളിക്കത്തിച്ചേക്കാം. (യാക്കോ. 4:5) അത്തരത്തിലുള്ള ഒരു ഘടകത്തെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ ഇപ്രകാരം എഴുതി: “അന്യോന്യം വെല്ലുവിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ട്‌ നമുക്ക്‌ ദുരഭിമാനികൾ ആകാതിരിക്കാം.” (ഗലാ. 5:26) അന്യോന്യം വെല്ലുവിളിക്കാൻ പ്രേരിപ്പിക്കുന്ന മത്സരമനോഭാവം നമ്മുടെ ഉള്ളിലുള്ള അസൂയയെ ഊട്ടിവളർത്തും. ഇത്‌ സത്യമാണെന്ന്‌ ക്രിസ്‌ത്യാനികളായ ക്രിസ്റ്റീനയും ജോസുംa തിരിച്ചറിഞ്ഞു.

ഒരു സാധാരണ പയനിയറായ ക്രിസ്റ്റീന പറയുന്നു: “ഞാൻ പലപ്പോഴും അസൂയയുള്ള ഒരു കണ്ണോടെയാണ്‌ മറ്റുള്ളവരെ നോക്കിയിരുന്നത്‌. അവർക്കുള്ളത്‌ എനിക്കില്ലാത്തതുമായി താരതമ്യം ചെയ്യുന്നത്‌ എന്റെ ശീലമായിരുന്നു.” ഒരിക്കൽ, സഞ്ചാരവേലയിലുള്ള ഒരു ദമ്പതികളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു ക്രിസ്റ്റീന. തനിക്കും ഭർത്താവായ എറിക്കിനും ആ സഞ്ചാര മേൽവിചാരകന്റെയും ഭാര്യയുടെയും ഏതാണ്ട്‌ അതേ പ്രായമാണെന്നും ഏറെക്കുറെ ഒരേ നിയമനങ്ങളാണ്‌ വഹിച്ചിരുന്നതെന്നും അറിഞ്ഞപ്പോൾ അവൾ പറഞ്ഞു: “എന്റെ ഭർത്താവും ഒരു മൂപ്പനാണ്‌! പിന്നെ എങ്ങനെയാണ്‌ നിങ്ങൾക്കുമാത്രം ഈ പദവി ലഭിച്ചത്‌?” മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിൽനിൽക്കണമെന്ന ആഗ്രഹം അവളുടെ ഉള്ളിലെ അസൂയയെ ആളിക്കത്തിച്ചു. ഫലമോ? തങ്ങൾ ആസ്വദിച്ചുകൊണ്ടിരുന്ന വേലയുടെ മഹത്ത്വം അവളുടെ മനസ്സിൽനിന്നു മാഞ്ഞുപോയി; അവളുടെ സന്തോഷം നഷ്ടമായി.

ഒരു ശുശ്രൂഷാദാസനായി സേവിക്കുക എന്നത്‌ ജോസിന്റെ ആഗ്രഹമായിരുന്നു. മറ്റു പലർക്കും ഈ പദവി ലഭിച്ചിട്ടും തനിക്കത്‌ ലഭിക്കാതിരുന്നപ്പോൾ അവരോട്‌ ജോസിന്‌ അസൂയ തോന്നി; മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനോട്‌ ദേഷ്യമായി. “അസൂയകാരണം ഞാൻ ആ സഹോദരനെ വെറുത്തു; അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചു” എന്ന്‌ ജോസ്‌ പറയുന്നു. “അസൂയ നിങ്ങളുടെ നിയന്ത്രണം ഏറ്റെടുത്താൽപ്പിന്നെ സ്വന്തം കാര്യം മാത്രമായിരിക്കും മനസ്സിൽ; അപ്പോൾ കാര്യങ്ങൾ വസ്‌തുനിഷ്‌ഠമായി വിലയിരുത്താൻ കഴിയാതെവരും.”

തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നത്‌

ബൈബിളിൽ പല മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളും കാണാനാകും. (1 കൊരി. 10:11) അസൂയ നമ്മിൽ നാമ്പെടുക്കുന്നത്‌ എങ്ങനെയെന്നും അതിനെ വളരാൻ അനുവദിച്ചാൽ അതു നമ്മുടെ ജീവിതത്തെ എത്രമാത്രം വിഷലിപ്‌തമാക്കുമെന്നും വരച്ചുകാട്ടുന്നവയാണ്‌ അവയിൽ ചിലത്‌.

ഉദാഹരണത്തിന്‌, ആദാമിന്റെയും ഹവ്വായുടെയും ആദ്യജാതനായ കയീന്‌ ഹാബേലിനോട്‌ പക തോന്നി. യഹോവ കയീന്റെ യാഗം സ്വീകരിക്കാതെ ഹാബേലിന്റെ യാഗം സ്വീകരിച്ചതായിരുന്നു കാരണം. ഈ വികാരത്തെ അവന്‌ നിയന്ത്രിക്കാമായിരുന്നു. എന്നാൽ അസൂയ അവനെ അന്ധനാക്കി; അങ്ങനെ അവൻ തന്റെ സഹോദരനെ കൊന്നുകളഞ്ഞു. (ഉല്‌പ. 4:4-8) കയീൻ ‘ദുഷ്ടനിൽനിന്ന്‌’ അതായത്‌ സാത്താനിൽനിന്ന്‌ ഉള്ളവനാണെന്ന്‌ ബൈബിൾ പറയുന്നതിൽ അതിശയിക്കാനില്ല!—1 യോഹ. 3:12.

പിതാവുമായി യോസേഫിന്‌ കൂടുതൽ അടുപ്പമുണ്ടായിരുന്നതിനാൽ അവന്റെ പത്തുസഹോദരന്മാർക്കും അവനോട്‌ അസൂയയുണ്ടായിരുന്നു. തന്റെ പ്രാവചനിക സ്വപ്‌നങ്ങളെക്കുറിച്ച്‌ യോസേഫ്‌ പറഞ്ഞപ്പോൾ അവരുടെ അസൂയ ഒന്നുകൂടി ശക്തമായി. അവനെ കൊല്ലാൻപോലും അവർ ആഗ്രഹിച്ചു. ഒടുവിൽ, അവർ അവനെ അടിമയായി വിൽക്കുകയും അവൻ മരിച്ചുപോയെന്ന്‌ നിർദയം തങ്ങളുടെ പിതാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്‌തു. (ഉല്‌പ. 37:4-11, 23-28, 31-33) വർഷങ്ങൾക്കുശേഷം, തങ്ങൾക്കു പറ്റിയ തെറ്റിനെക്കുറിച്ചു പരിതപിച്ചുകൊണ്ട്‌ അവർ അന്യോന്യം ഇങ്ങനെ പറയുകയുണ്ടായി: “ഇതു നമ്മുടെ സഹോദരനോടു നാം ചെയ്‌ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ.”—ഉല്‌പ. 42:21; 50:15-19.

കോരഹ്‌, ദാഥാൻ, അബീരാം എന്നിവർ തങ്ങൾക്കുള്ള പദവികളെ മോശയ്‌ക്കും അഹരോനും ഉള്ള പദവികളോടു താരതമ്യം ചെയ്യാൻ തുടങ്ങി; അങ്ങനെ അവരിലും അസൂയ മുളപൊട്ടി. മോശ “അധിപതി”യാകാൻ ശ്രമിക്കുകയാണെന്നും മറ്റുള്ളവർക്കു മേലായി സ്വയം ഉയർത്തുകയാണെന്നും അവർ ആരോപിച്ചു. (സംഖ്യാ. 16:13) എന്നാൽ ആ ആരോപണം ശുദ്ധ അസംബന്ധമായിരുന്നു. (സംഖ്യാ. 11:14, 15) യഹോവയാണ്‌ മോശയെ നിയമിച്ചത്‌. മോശയുടെ പദവികൾ തങ്ങൾക്ക്‌ ലഭിക്കണമെന്ന്‌ ആഗ്രഹിച്ച ആ മത്സരികൾ അസൂയനിമിത്തം യഹോവയുടെ കൈയാൽ നശിച്ചൊടുങ്ങി.—സങ്കീ. 106:16, 17.

അസൂയയ്‌ക്ക്‌ ഏത്‌ അളവോളം പോകാനാകുമെന്നു കാണിക്കുന്ന ഒരു സംഭവം ശലോമോൻരാജാവിന്റെ കാലത്ത്‌ നടന്നു. തന്റെ നവജാത ശിശു മരിച്ചുപോയ ഒരു സ്‌ത്രീ, മരിച്ചുപോയത്‌ തന്റെ കൂട്ടുകാരിയുടെ കുട്ടിയാണെന്നു വരുത്തിത്തീർക്കാനും അങ്ങനെ ആ അമ്മയെ കബളിപ്പിക്കാനും ശ്രമിച്ചു. പിന്നീട്‌ വിചാരണ വേളയിൽ, ജീവനോടിരിക്കുന്ന കുട്ടിയെ കൊല്ലാൻപോലും ആ സ്‌ത്രീ സമ്മതിക്കുകയുണ്ടായി. എങ്കിലും, ശലോമോൻ കാര്യങ്ങൾ വിലയിരുത്തുകയും കുട്ടിയെ യഥാർഥ അമ്മയ്‌ക്കു തിരികെക്കൊടുക്കുകയും ചെയ്‌തു.—1 രാജാ. 3:16-27.

അസൂയയുടെ പരിണതഫലങ്ങൾ വിനാശകരമായേക്കാം. അതു മറ്റുള്ളവരെ വെറുക്കുന്നതിലേക്കും അനീതിയിലേക്കും കൊലപാതകത്തിലേക്കും നയിച്ചേക്കാമെന്ന്‌ മേൽപ്പറഞ്ഞ തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ നമുക്കു കാണിച്ചുതരുന്നു. നിരപരാധികളാണ്‌ ഓരോ സംഭവത്തിലും ഇരകളായിത്തീർന്നത്‌. അസൂയ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാതിരിക്കാൻ നമുക്ക്‌ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അസൂയയ്‌ക്കുള്ള മറുമരുന്ന്‌ എന്നനിലയിൽ നമുക്ക്‌ ഏതെല്ലാം മുൻകരുതലുകൾ സ്വീകരിക്കാനാകും?

വിഷമിറക്കാനുള്ള മറുമരുന്നുകൾ!

സ്‌നേഹവും സഹോദരപ്രീതിയും വളർത്തിയെടുക്കുക. പത്രോസ്‌ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികളെ പിൻവരുംവിധം ഉദ്‌ബോധിപ്പിച്ചു: “സത്യത്തെ അനുസരിച്ച്‌ ജീവിതത്തെ ശുദ്ധീകരിച്ചിരിക്കുകയാൽ നിങ്ങൾ നിഷ്‌കപടമായ സഹോദരപ്രീതി ഉള്ളവരായി അന്യോന്യം ഹൃദയപൂർവം ഉറ്റുസ്‌നേഹിക്കുവിൻ.” (1 പത്രോ. 1:22) ആ സ്‌നേഹത്തെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതിയത്‌ ഇങ്ങനെയാണ്‌: “സ്‌നേഹം ദീർഘക്ഷമയും ദയയുമുള്ളത്‌. സ്‌നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ നടത്തുന്നില്ല; വലുപ്പം ഭാവിക്കുന്നില്ല; അയോഗ്യമായി പെരുമാറുന്നില്ല; തൻകാര്യം അന്വേഷിക്കുന്നില്ല.” (1 കൊരി. 13:4, 5) അത്തരത്തിലുള്ള സ്‌നേഹം ഹൃദയത്തിൽ ഉണ്ടെങ്കിൽ അത്‌ അസൂയപ്പെടാനുള്ള ഏതൊരു ചായ്‌വിനെയും അമർച്ച ചെയ്യില്ലേ? (1 പത്രോ. 2:1) ദാവീദിനോട്‌ അസൂയപ്പെടുന്നതിനു പകരം യോനാഥാൻ “അവനെ സ്വന്തപ്രാണനെപ്പോലെ സ്‌നേഹിച്ചു.”—1 ശമൂ. 18:1.

ദൈവജനത്തോടൊപ്പം സഹവസിക്കുക. പ്രശ്‌നങ്ങളൊന്നുമില്ലാത്ത ആഡംബര ജീവിതം നയിച്ച ദുഷ്ടന്മാരോട്‌ 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന്‌ അസൂയ തോന്നി. എന്നാൽ ‘ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ’ ചെന്നപ്പോൾ അസൂയയ്‌ക്ക്‌ കടിഞ്ഞാണിടാൻ അവനു കഴിഞ്ഞു. (സങ്കീ. 73:3-5, 17) “ദൈവത്തോടു അടുത്തിരിക്കുന്ന”തുകൊണ്ടുള്ള പ്രയോജനങ്ങൾ തിരിച്ചറിയാൻ സഹവിശ്വാസികളുമായുള്ള സഹവാസം അവനെ സഹായിച്ചു. (സങ്കീ. 73:28) സഹവിശ്വാസികളോടൊപ്പം ക്രമമായി ക്രിസ്‌തീയ യോഗങ്ങൾക്ക്‌ കൂടിവരുന്നത്‌ നമുക്കും ഗുണംചെയ്യും.

നന്മ ചെയ്യാൻ വഴികൾ തേടുക. കയീനിൽ അസൂയയും വെറുപ്പും വളർന്നുവരുന്നതായി കണ്ടപ്പോൾ ‘നന്മ ചെയ്യാൻ’ യഹോവ അവനോട്‌ ആവശ്യപ്പെട്ടു. (ഉല്‌പ. 4:7) ക്രിസ്‌ത്യാനികളായ നമുക്ക്‌ എങ്ങനെ ‘നന്മ ചെയ്യാം?’ ‘നമ്മുടെ ദൈവമായ യഹോവയെ നാം മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്‌നേഹിക്കണം എന്നും നമ്മുടെ അയൽക്കാരനെ നാം നമ്മെപ്പോലെതന്നെ സ്‌നേഹിക്കണം’ എന്നും യേശു പറഞ്ഞു. (മത്താ. 22:37-39) നമ്മുടെ ജീവിതം യഹോവയെ സേവിക്കാനും മറ്റുള്ളവരെ സഹായിക്കാനുമായി വിനിയോഗിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്‌തി, അസൂയയ്‌ക്കുള്ള നല്ലൊരു മറുമരുന്നാണ്‌. രാജ്യഘോഷണത്തിലും ശിഷ്യരാക്കൽവേലയിലും അർഥവത്തായ പങ്കുണ്ടായിരിക്കുന്നതാണ്‌ ദൈവത്തെയും അയൽക്കാരനെയും സേവിക്കാനുള്ള ഒരു ഉത്‌കൃഷ്ട മാർഗം. അത്‌ നമുക്ക്‌ ‘യഹോവയുടെ അനുഗ്രഹം’ നേടിത്തരും.—സദൃ. 10:22.

“ആനന്ദിക്കുന്നവരോടൊപ്പം ആനന്ദിക്കുക.” (റോമ. 12:15) യേശു തന്റെ ശിഷ്യന്മാരുടെ നേട്ടങ്ങളിൽ സന്തോഷിച്ചു. പ്രസംഗവേലയിൽ താൻ ചെയ്‌തതിലും വലിയത്‌ ചെയ്യാൻ അവർക്കാകും എന്നും അവൻ ചൂണ്ടിക്കാട്ടി. (ലൂക്കോ. 10:17, 21; യോഹ. 14:12) ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നവരാണ്‌ യഹോവയുടെ സേവകർ; അതിനാൽ നമ്മിൽ ഒരാളുടെ നേട്ടം എല്ലാവരുടെയും നേട്ടമാണ്‌. (1 കൊരി. 12:25, 26) ആ സ്ഥിതിക്ക്‌, മറ്റുള്ളവർക്ക്‌ കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കുമ്പോൾ അസൂയപ്പെടുന്നതിനുപകരം സന്തോഷിക്കുകയല്ലേ വേണ്ടത്‌?

പോരാട്ടം എളുപ്പമല്ല!

അസൂയയ്‌ക്കെതിരെയുള്ള പോരാട്ടം നീണ്ടുനിന്നെന്നുവരാം. ക്രിസ്റ്റീന സമ്മതിച്ചുപറയുന്നു: “ഇപ്പോഴും എനിക്ക്‌ അസൂയപ്പെടാനുള്ള പ്രവണത തോന്നാറുണ്ട്‌. ഞാൻ അതിനെ വെറുക്കുന്നുണ്ടെങ്കിലും അത്‌ പൂർണമായി എന്നെ വിട്ടുപോയിട്ടില്ല, അത്‌ തലപൊക്കാതിരിക്കാൻ തുടർച്ചയായി ഞാൻ ശ്രമിക്കേണ്ടിയിരിക്കുന്നു.” ജോസും സമാനമായ ഒരു പോരാട്ടം നടത്തേണ്ടതായിവന്നു. “മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകന്റെ നല്ല ഗുണങ്ങൾ തിരിച്ചറിയാൻ യഹോവ എന്നെ സഹായിച്ചു,” അദ്ദേഹം പറയുന്നു. “ദൈവവുമായുള്ള ഉറ്റ ബന്ധമാണ്‌ അത്‌ സാധ്യമാക്കിയത്‌.”

ഓരോ ക്രിസ്‌ത്യാനിയും അകറ്റിനിറുത്തേണ്ട “ജഡത്തിന്റെ പ്രവൃത്തി”കളിൽ ഒന്നാണ്‌ അസൂയ. (ഗലാ. 5:19-21) നമ്മെ നിയന്ത്രിക്കാൻ അസൂയയെ അനുവദിക്കാതിരുന്നാൽ നമ്മുടെ ജീവിതം സന്തോഷപൂർണമായിത്തീരും, സ്വർഗീയ പിതാവായ യഹോവയെ പ്രസാദിപ്പിക്കാനുമാകും.

[അടിക്കുറിപ്പ്‌]

a പേരുകൾ മാറ്റിയിട്ടുണ്ട്‌.

[17-ാം പേജിലെ ആകർഷക വാക്യം]

“ആനന്ദിക്കുന്നവരോടൊപ്പം ആനന്ദിക്കുക”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക