യഹോവയുടെ സാക്ഷികൾ ലോകത്തിനുചുറ്റും—ഇന്ത്യ
ഇന്ത്യ! വിശാലമായ ഈ ഉപഭൂഖണ്ഡം ഈ ഗ്രഹത്തിലെ ഓരോ ആറുപേരിലും ഒരാളുടെവീതം ഭവനമാണ്. ഈ വൈവിധ്യമാർന്ന ദേശത്തു മൊത്തം 1,000-ത്തിലധികം ഭാഷകളും ഭാഷാഭേദങ്ങളും സംസാരിച്ചുവരുന്നു. ജനങ്ങളിൽ മുഖ്യപങ്കും, 83 ശതമാനവും, ഹിന്ദുക്കളാണ്. 11 ശതമാനം മുസ്ലീങ്ങളും ശേഷിച്ചവർ സിക്കുകാരും ബുദ്ധമതക്കാരും ജൈന മതക്കാരും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുമാണ്.
സമീപ വർഷങ്ങളിൽ യഹോവയുടെ സാക്ഷികൾ ഇന്ത്യയിൽ ഗണ്യമായ വിജയം ആസ്വദിച്ചുകൊണ്ടാണിരിക്കുന്നത്. സകലതരത്തിലുമുള്ള സമ്മർദങ്ങളും എതിർപ്പുകളും ഉണ്ടായിരുന്നിട്ടുകൂടി യഹോവയുടെ രാജ്യത്തിനുവേണ്ടി ഒരു ഉറച്ച നിലപാടു സ്വീകരിക്കാൻ മനസ്സൊരുക്കമുള്ള ചെമ്മരിയാടു തുല്യരായ ആളുകളെ അവർ കണ്ടെത്തിയിട്ടുണ്ട്.
ഉദാഹരണത്തിന്, ചെറുപ്പത്തിലേ പോളിയോ ബാധയാൽ അംഗവൈകല്യം സംഭവിച്ച ഒരു യാഥാസ്ഥിതിക ഹൈന്ദവ കുടുംബത്തിലുള്ള ഒരു പെൺകുട്ടിയുടെ കാര്യംതന്നെയെടുക്കാം. താൻ അനുഭവിച്ച കഷ്ടപ്പാട് അവളെ ദൈവത്തെയും ജീവിതത്തിന്റെ ഉദ്ദേശ്യത്തെയും കുറിച്ചു ചിന്തിപ്പിച്ചു. ഉത്തരം കണ്ടെത്താൻ അവൾ പല മതങ്ങളും പരിശോധിച്ചു, എന്നാൽ യാതൊരു സാന്ത്വനവും കണ്ടടയാനായില്ല. തന്മൂലം, അവൾക്കു മതത്തിൽ വിശ്വാസം നഷ്ടപ്പെട്ടു, എങ്കിലും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ല.
ഏതാണ്ട് ഇതേ സമയത്ത്, രണ്ടു സാക്ഷികൾ വീടുതോറുമുള്ള തങ്ങളുടെ ശുശ്രൂഷയിൽ ഈ പെൺകുട്ടിയെ കണ്ടുമുട്ടി. “വെളിപ്പാടു 21:4 അവർ വായിക്കുന്നതു കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി,” അവൾ അനുസ്മരിക്കുന്നു. വാച്ച് ടവർ സൊസൈറ്റിയുടെ അനേകം പ്രസിദ്ധീകരണങ്ങൾ അവൾ സ്വീകരിക്കുകയും അമ്മയുടെ എതിർപ്പു വകവയ്ക്കാതെ ഒരു ഭവന ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു. ആ പെൺകുട്ടി തന്റെ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തി, ബന്ധുക്കളിൽനിന്നുള്ള എതിർപ്പിനെ സധൈര്യം നേരിട്ടു, സ്നാപനമേറ്റ ഒരു സാക്ഷിയുമായിത്തീർന്നു. “ഞാൻ ഏറെ പുരോഗതി പ്രാപിച്ചിരിക്കുന്നു, അത് ദുഷ്കരമായിരുന്നു. എങ്കിലും യഹോവയാം ദൈവം എല്ലായ്പോഴും എന്നോടൊപ്പംനിന്ന് എനിക്ക് ഏറെ സമാധാനവും സന്തോഷവും നൽകി” എന്ന് അവൾ പറയുന്നു.
നിർമലാരാധനയ്ക്കുവേണ്ടി സ്കൂളിൽ ദൃഢചിത്ത
ക്ലാസിലെ മറ്റുള്ളവരോടൊപ്പം ഒരു കത്തോലിക്കാ പള്ളിയിൽ പോകാൻ ഒരു യുവ സഹോദരിയോട് അവളുടെ അധ്യാപിക ആവശ്യപ്പെട്ടു. താൻ ഒരു യഹോവയുടെ സാക്ഷി ആണെന്നും യഹോവയെ ഒഴികെ മറ്റാരെയും അല്ലെങ്കിൽ മറ്റൊന്നിനെയും ആരാധിക്കുകയില്ല എന്നും പറഞ്ഞുകൊണ്ടു സഹോദരി സവിനയം വിസമ്മതിച്ചു. മറ്റുള്ളവരെല്ലാം പള്ളിയിൽ പോയതുകൊണ്ട് അവളും പോയേപറ്റൂ എന്ന് അധ്യാപിക പറഞ്ഞു. എന്നാൽ സഹോദരി ഉറച്ചു നിലകൊണ്ടു. പള്ളിയിൽ പോകുന്നവർ യഹോവയോടു പ്രാർഥിക്കുകയില്ലാത്തതിനാൽ തനിക്കവിടെ സന്നിഹിതയാകാനാവില്ലെന്ന് അവൾ പറഞ്ഞു.
ആ പെൺകുട്ടിയുടെ ഉറച്ച നിലപാടു നിമിത്തം കൂടുതലറിയാൻ അധ്യാപികയ്ക്ക് ആഗ്രഹമായി. അതുകൊണ്ട് പിറ്റേന്നു സഹോദരി യഹോവയുടെ ആരാധന എന്ന ലേഖനമുള്ള ഒരു വീക്ഷാഗോപുരം അധ്യാപികയ്ക്കു നൽകി. താൻ വായിച്ച കാര്യത്തിൽ മതിപ്പുതോന്നിയ അധ്യാപിക അവളെ സ്കൂളിലെ മതപരമായ സകല പ്രവർത്തനങ്ങളിൽനിന്നും ഒഴിവാക്കി. ആ അധ്യാപികയ്ക്കും മറ്റ് അധ്യാപകർക്കുമായി പത്തു മാസികകൾ വിതരണം ചെയ്യാൻ സഹോദരിക്കു കഴിഞ്ഞു.
രക്തം സംബന്ധിച്ച ദൈവനിയമത്തോടുള്ള അനുസരണം പ്രതിഫലം നൽകുന്നു
അടുത്തയിടെ, കേരള സംസ്ഥാനത്തിന്റെ ഏതാനും ഭാഗങ്ങളിൽ ഒരു വൈറസ് പനി പകർച്ചവ്യാധിയുടെ രൂപത്തിൽ പടർന്നുപിടിച്ചു. ഈ രോഗം വൃക്കകൾക്കു കാര്യമായ തകരാറു വരുത്തുകയും ഡയാലിസിസ് ആവശ്യമാക്കിത്തീർക്കുകയും ചെയ്യുന്നു. രക്തപ്പകർച്ച സർവസാധാരണമാണ്. ഈ രോഗബാധമൂലം ഒരു നഗരത്തിൽ 14 പേരെ ആശുപത്രിയിലാക്കുകയുണ്ടായി. ആ രോഗികളിൽ ഒരാൾ യഹോവയുടെ സാക്ഷിയും പ്രാദേശിക സഭയിലെ മൂപ്പനുമായിരുന്നു. ലഭ്യമായ ഏക ചികിത്സ രക്തപ്പകർച്ചയാണെന്ന് അദ്ദേഹത്തോടു പറയുകയുണ്ടായി. മൂപ്പൻ തിരുവെഴുത്തുപരമായ തന്റെ വിശ്വാസങ്ങളെപ്പറ്റി വിശദീകരിക്കുകയും ശക്തമായി രക്തം നിരസ്സിക്കുകയും ചെയ്തു. (പ്രവൃത്തികൾ 15:28, 29) രക്തപ്പകർച്ച നിരസ്സിച്ചതിനാൽ അദ്ദേഹം മരിച്ചുപോകുമെന്നു ധാരാളം വാഗ്വാദത്തിനു ശേഷം ഡോക്ടർമാർ പറഞ്ഞു.
മറ്റു 13 വ്യക്തികളും രക്തം സ്വീകരിച്ചു. ദുഃഖകരമെന്നുപറയട്ടെ, അവരെല്ലാം ഏതാനും ദിവസങ്ങൾക്കകം മരിച്ചുപോയി. ഏക അതിജീവകൻ സഹോദരനായിരുന്നു! ആശുപത്രി അധികാരികൾ വളരെയധികം ആശ്ചര്യപ്പെട്ടു. സഭയിലെ അംഗങ്ങൾ നടത്തിയ നിരന്തര സന്ദർശനം ആശുപത്രി ജീവനക്കാരിൽ മതിപ്പുളവാക്കി. ആശുപത്രിയിൽനിന്നു ഡിസ്ചാർജുചെയ്യപ്പെട്ട സഹോദരൻ ഡോക്ടർമാരോടു നന്ദി പറയാനായി ചെന്നു. എന്നാൽ അവർ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞങ്ങളോടെന്തിനാണു നന്ദി പറയുന്നത്? നിങ്ങളുടെ ദൈവമായ യഹോവയോടു നന്ദി പറയൂ. അവനാണു നിങ്ങളെ രക്ഷിച്ചത്. നിങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടിയും ദയവുചെയ്തു പ്രാർഥിക്കണം.”
[24-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1994 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 14,271
അനുപാതം: 1 സാക്ഷിക്ക് 65,266 പേർ
സ്മാരക ഹാജർ: 38,192
ശരാശരി പയനിയർ പ്രസാധകർ: 1,780
ശരാശരി ബൈബിളധ്യയനങ്ങൾ: 12,453
സ്നാപനമേറ്റവരുടെ എണ്ണം: 1,312
സഭകളുടെ എണ്ണം: 410
ബ്രാഞ്ച് ഓഫീസ്: ലൊണാവ്ല
[25-ാം പേജിലെ ചിത്രം]
ലൊണാവ്ല ബാഞ്ച് ഓഫീസ്
[25-ാം പേജിലെ ചിത്രം]
1963-ൽ “നിത്യസുവാർത്ത” കൺവെൻഷനോടു ബന്ധപ്പെട്ടുള്ള സാക്ഷീകരണം
[25-ാം പേജിലെ ചിത്രം]
ഡൽഹിയിൽ ചെങ്കോട്ടയ്ക്കു വെളിയിൽ ഒരു വിൽപ്പനക്കാരനോടു പ്രസംഗിക്കുന്നു