വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു” എന്നു ശിഷ്യനായ യാക്കോബ് പറഞ്ഞപ്പോൾ അവൻ എന്താണ് അർഥമാക്കിയത്?—യാക്കോബ് 3:1.
മറ്റുള്ളവരെ സത്യം പഠിപ്പിക്കുന്നതിൽനിന്നു യാക്കോബ് ക്രിസ്ത്യാനികളെ തീർച്ചയായും നിരുത്സാഹപ്പെടുത്തുകയായിരുന്നില്ല. “ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നു മത്തായി 28:19, 20-ൽ യേശു തന്റെ ശിഷ്യന്മാരോടു കൽപ്പിച്ചു. തന്മൂലം, ക്രിസ്ത്യാനികളെല്ലാം ഉപദേഷ്ടാക്കൾ ആയിരിക്കണം. എബ്രായ ക്രിസ്ത്യാനികൾ അതുവരെയും ഉപദേഷ്ടാക്കൾ ആയിരിക്കാഞ്ഞതിനാൽ അപ്പോസ്തലനായ പൗലോസ് അവരെ ബുദ്ധ്യുപദേശിച്ചു. “കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു” എന്ന് അവൻ എഴുതി.—എബ്രായർ 5:12.
അപ്പോൾപ്പിന്നെ, യാക്കോബ് എന്തിനെപ്പറ്റിയായിരുന്നു സംസാരിച്ചത്? സഭയിൽ പഠിപ്പിക്കുന്നതിനു പ്രത്യേക പദവികളുള്ളവരെ അവൻ പരാമർശിക്കുകയായിരുന്നു. എഫെസ്യർ 4:11-ൽ നാം ഇങ്ങനെ വായിക്കുന്നു: “അവൻ [സഭയുടെ ശിരസ്സായ യേശുക്രിസ്തു] ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു.” ഇന്നുള്ളതുപോലെ ഒന്നാം നൂറ്റാണ്ടിലെ സഭകളിലും പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പദവികൾ ഉണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, “വിശ്വസ്തനും വിവേകിയുമായ അടിമ”യെ പ്രതിനിധീകരിക്കുന്നതു ഭരണസംഘമാണ്. ലോകവ്യാപക സഭയുടെ പഠിപ്പിക്കലിന്റെ മേൽനോട്ടം വഹിക്കുന്നതിനുള്ള പ്രത്യേക ഉത്തരവാദിത്വം അതിനാണ്. (മത്തായി 24:45) സഞ്ചാരമേൽവിചാരകന്മാർ, സഭാ മൂപ്പന്മാർ എന്നിവർക്കും പഠിപ്പിക്കുന്നതിനുള്ള പ്രത്യേക ഉത്തരവാദിത്വങ്ങളുണ്ട്.
ദൈവത്തിന്റെ ഭാരിച്ച ന്യായവിധിയെ ഭയന്ന് ഉപദേഷ്ടാക്കന്മാരുടെ സ്ഥാനം അലങ്കരിക്കരുത് എന്നു യാക്കോബ് യോഗ്യതയുള്ള ക്രിസ്തീയ പുരുഷന്മാരോടു പറയുകയായിരുന്നോ? തീർച്ചയായും അല്ല. 1 തിമൊഥെയൊസ് 3:1 സൂചിപ്പിക്കുന്നപ്രകാരം മൂപ്പൻസ്ഥാനം ഒരു വലിയ പദവിയാണ്. അവിടെ ഇങ്ങനെ പറയുന്നു: “ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു.” ഒരു സഭാമൂപ്പനായുള്ള നിയമനത്തിന് ആവശ്യമായിരിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഒരുവൻ “ഉപദേശിപ്പാൻ സമർത്ഥൻ” ആയിരിക്കണമെന്നതാണ്. (1 തിമൊഥെയൊസ് 3:2) യാക്കോബ് പൗലോസിന്റെ നിശ്വസ്ത പ്രസ്താവനയെ എതിർത്തില്ല.
എന്നിരുന്നാലും, പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിൽ ചിലർ യോഗ്യത പ്രാപിച്ചു നിയോഗിക്കപ്പെടാതെതന്നെ ഉപദേഷ്ടാക്കളായി സ്വയം ആക്കിവെച്ചതായി തോന്നുന്നു. ആ സ്ഥാനത്തിന് എന്തോ പ്രാമുഖ്യതയുള്ളതായി അവർക്കു തോന്നിയിരിക്കാൻ ഇടയുണ്ട്, തന്നെയുമല്ല അവർ വ്യക്തിപരമായ മാഹാത്മ്യവും കാംക്ഷിച്ചിരുന്നു. (മർക്കൊസ് 12:38-40-ഉം 1 തിമൊഥെയൊസ് 5:17-ഉം താരതമ്യം ചെയ്യുക.) ‘യോഹന്നാന്റെ അധികാരത്തെ അംഗീകരിക്കാത്ത,’ ‘ഒന്നാമനാകാൻ മോഹിക്കുന്ന’ ദിയൊത്രെഫെസിനെപ്പറ്റി അപ്പോസ്തലനായ യോഹന്നാൻ സൂചിപ്പിച്ചു. (3 യോഹന്നാൻ 9) ‘ധർമ്മോപദേഷ്ടാക്കന്മാരായിരിപ്പാൻ ഇച്ഛിക്കുകയും തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുകയും ചെയ്യാത്ത’ ചിലരെപ്പറ്റി 1 തിമൊഥെയൊസ് 1:7 പറയുന്നു. തെറ്റായ ആന്തരത്തോടെ ഉപദേഷ്ടാക്കന്മാരായിരിക്കാൻ കാംക്ഷിക്കുന്നവരുടെ കാര്യത്തിൽ യാക്കോബ് 3:1-ലെ വാക്കുകൾ വിശേഷിച്ചും ഉചിതമാണ്. അത്തരക്കാർ ആടുകൾക്കു ഗുരുതരമായ വിധത്തിൽ ദ്രോഹം ചെയ്യുകയും അതിനുചേർച്ചയിൽ ഭാരിച്ച ന്യായവിധിക്കു പാത്രമാവുകയും ചെയ്യും.—റോമർ 2:17-21; 14:12.
ഉപദേഷ്ടാക്കളായിരിക്കാൻ യോഗ്യതയുള്ളവർക്കും ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിക്കുന്നവർക്കും യാക്കോബ് 3:1 ഒരു നല്ല ഓർമിപ്പിക്കലാണ്. അവരെ കൂടുതൽ ഏൽപ്പിച്ചിരിക്കുന്നതിനാൽ അവരിൽനിന്നു കൂടുതൽ ആവശ്യപ്പെടുന്നതാണ്. (ലൂക്കൊസ് 12:48) “മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും” എന്ന് യേശു പറഞ്ഞു. (മത്തായി 12:36) കൂടുതൽ സ്വാധീനമുള്ളവരുടെ, നിയുക്ത മൂപ്പന്മാരുടെ കാര്യത്തിൽ ഇതു പ്രത്യേകിച്ചും സത്യമാണ്.
യഹോവയുടെ ആടുകളോട് ഇടപെടുന്ന വിധം സംബന്ധിച്ചു മൂപ്പന്മാർ കണക്കുബോധിപ്പിക്കേണ്ടിവരും. (എബ്രായർ 13:17) അവർ പറയുന്ന കാര്യങ്ങൾ ജീവനെ ബാധിക്കുന്നു. തന്മൂലം ഒരു മൂപ്പൻ പരീശന്മാർ ചെയ്തപോലെ സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ അല്ലെങ്കിൽ ആടുകളോടു മോശമായി പെരുമാറാതിരിക്കാൻ ശ്രദ്ധയുള്ളവനായിരിക്കണം. യേശു പ്രകടിപ്പിച്ചതുപോലെത്തെ ആഴമായ സ്നേഹം പ്രകടിപ്പിക്കാൻ അദ്ദേഹം കഠിനശ്രമം ചെലുത്തണം. പഠിപ്പിക്കുന്ന ഏതു സാഹചര്യത്തിലും, പ്രത്യേകിച്ചു നീതിന്യായ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുമ്പോൾ, ഒരു മൂപ്പൻ വീണ്ടുവിചാരമില്ലാത്ത വാചകങ്ങൾ ഉപയോഗിക്കുകയോ തികച്ചും വ്യക്തിപരമായ ആശയങ്ങൾ അവതരിപ്പിക്കുകയോ ചെയ്യാതെ തന്റെ വാക്കുകൾ തൂക്കിനോക്കണം. യഹോവയിലും അവന്റെ വചനത്തിലും തന്റെ സ്ഥാപനം മുഖാന്തരമുള്ള അവന്റെ മാർഗദർശനങ്ങളിലും ശക്തമായ ആശ്രയം വയ്ക്കുന്നതിലൂടെ ഇടയനു ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കും, “അധികം ശിക്ഷാവിധി”യല്ല.