ഒരു മെച്ചപ്പെട്ട ജീവിതം—ഉടൻ!
ഒരു കാലാവസ്ഥാ നിരീക്ഷകൻ നടത്തിയ പ്രവചനങ്ങളെല്ലാം മിക്കവാറും എല്ലായ്പോഴും ശരിയാണെന്നു സങ്കല്പിക്കുക. പിറ്റേന്നു മഴയുണ്ടാകുമെന്ന് സായാഹ്ന വാർത്തയിൽ അദ്ദേഹം പ്രവചിക്കുന്നെങ്കിൽ, പിറ്റേന്നു രാവിലെ വീടു വിട്ടിറങ്ങുമ്പോൾ കുട എടുക്കാൻ നിങ്ങൾ മറക്കില്ല. അദ്ദേഹത്തിന്റെ മുൻകാലപ്രസ്താവങ്ങൾ നിങ്ങളുടെ വിശ്വാസം നേടിയിരിക്കുന്നു. അദ്ദേഹം പറയുന്നതുപോലെ നിങ്ങൾ പ്രവർത്തിക്കുന്നു.
കൊള്ളാം, പറുദീസാ ഭൂമിയിലെ ഒരു മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനം എത്രകണ്ട് വിശ്വസനീയമാണ്? ആകട്ടെ, അവന്റെ മുൻകാലപ്രസ്താവങ്ങൾ എന്താണു സൂചിപ്പിക്കുന്നത്? ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി യഹോവയുടെ പ്രസ്താവങ്ങളെ വ്യക്തമായി ഉറപ്പിക്കുന്നു. തെറ്റുപറ്റാത്ത കൃത്യതയും സത്യതയുമുള്ള ഒരു ദൈവമാണ് അവൻ. (യോശുവ 23:14; യെശയ്യാവു 55:11) യഹോവയാം ദൈവത്തിന്റെ പ്രവചനങ്ങൾ അങ്ങേയറ്റം വിശ്വസനീയമാണ്. കാരണം ഭാവിയിൽ നടക്കുമെന്നു പറഞ്ഞിരിക്കുന്ന സംഭവങ്ങൾ അതിനോടകംതന്നെ സംഭവിച്ചു കഴിഞ്ഞപോലെയാണ് വാസ്തവത്തിൽ അവൻ അതേക്കുറിച്ചു ചിലപ്പോഴൊക്കെ സംസാരിക്കാറ്. ഉദാഹരണത്തിന്, മേലാൽ മരണവും വിലാപവും ഉണ്ടായിരിക്കുകയില്ലാത്ത ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള തന്റെ വാഗ്ദാനത്തിനുശേഷം, നാം ഇങ്ങനെ വായിക്കുന്നു: “അവ [വാഗ്ദത്ത അനുഗ്രഹങ്ങൾ] സംഭവിച്ചുതീർന്നു!” മറ്റു വാക്കുകളിൽ പറഞ്ഞാൽ, “അവ ഒരു വസ്തുതയാണ്!”—വെളിപാട് 21:5, 6, NW, അടിക്കുറിപ്പ്.
അതേ, യഹോവയുടെ മുൻകാല പ്രവചനങ്ങളുടെ നിവൃത്തി മനുഷ്യവർഗത്തിന് ഒരു മെച്ചപ്പെട്ട ജീവിതമുണ്ടാകുമെന്ന അവന്റെ വാഗ്ദാനം നിവർത്തിക്കുമെന്ന ദൃഢവിശ്വാസം നമുക്കു നൽകുന്നു. എന്നാൽ ഈ മെച്ചപ്പെട്ട ജീവിതം എപ്പോൾ വരും?
ഒരു മെച്ചപ്പെട്ട ജീവിതം—എപ്പോൾ?
വളരെയധികം മെച്ചപ്പെട്ട ഒരു ജീവിതം ഉടൻ വരും! അതിനെക്കുറിച്ചു നമുക്കു തീർച്ചയായും ഉറപ്പുള്ളവരായിരിക്കാൻ കഴിയും, കാരണം പറുദീസയിലെ മെച്ചപ്പെട്ട ജീവിതം വരുന്നതിനു തൊട്ടുമുമ്പായി ഭൂമിയിൽ അനേകം മോശമായ സംഗതികൾ അരങ്ങേറുമെന്നു ബൈബിൾ പറയുന്നു. ഇപ്പോൾ ആ മോശമായ സംഗതികൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഉദാഹരണത്തിന്, വലിയ യുദ്ധങ്ങൾ ഉണ്ടായിരിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും,” അവൻ പറഞ്ഞു. (മത്തായി 24:7) ഈ പ്രവചനം സത്യമായിത്തീർന്നു. 1914 മുതൽ 1945 വരെയുള്ള വർഷങ്ങളിൽ രണ്ടു ലോകമഹായുദ്ധങ്ങളും അതേത്തുടർന്ന് ജനതകൾ പരസ്പരം പോരാടിയ മറ്റനവധി യുദ്ധങ്ങളും ഉണ്ടായി. “പ്രതിവർഷ ശരാശരിയുടെ അടിസ്ഥാനത്തിൽ, [രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള] ഈ കാലഘട്ടത്തിലെ യുദ്ധങ്ങളിൽ മരിച്ചവരുടെ എണ്ണം 19-ാം നൂറ്റാണ്ടിൽ സംഭവിച്ചതിന്റെ ഇരട്ടിയിലധികവും 18-ാം നൂറ്റാണ്ടിൽ സംഭവിച്ചതിന്റെ ഏഴിരട്ടിയുമായിരുന്നു.”—വേൾഡ് മിലിട്ടറി ആൻഡ് സോഷ്യൽ എക്സ്പെൻഡിച്ചേഴ്സ് 1993.
പറുദീസയിലെ ഒരു മെച്ചപ്പെട്ട ജീവിതം അടുത്തുവരുന്നുവെന്നതിന്റെ മറ്റൊരു തെളിവാണു രോഗങ്ങളുടെ വ്യാപനം. ‘മഹാവ്യാധികൾ അവിടവിടെ ഉണ്ടാകു’മെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കൊസ് 21:11) ഈ പ്രവചനം സത്യമായോ? സത്യമായി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, സ്പാനീഷ് ഫ്ളൂ നിമിത്തം മരിച്ചത് രണ്ടു കോടിയിലധികം ആളുകളായിരുന്നു. അതിനുശേഷം, അർബുദം, ഹൃദ്രോഗങ്ങൾ, മലേറിയ, എയ്ഡ്സ് എന്നിവയും മറ്റു രോഗങ്ങളും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനപഹരിച്ചിരിക്കുന്നു. വികസ്വര രാജ്യങ്ങളിൽ, (അതിസാരം, കുടലിലെ വിരശല്യം എന്നിവയുൾപ്പെടെ) മലിനജലം വരുത്തുന്ന രോഗങ്ങൾ വർഷംതോറും ലക്ഷക്കണക്കിനു ജീവനപഹരിക്കുന്നു.
‘ക്ഷാമമുണ്ടാകു’മെന്നും യേശു പറഞ്ഞു. (മത്തായി 24:7) മുൻലേഖനത്തിൽ ശ്രദ്ധിച്ചതുപോലെ, ലോകത്തിലെ ദരിദ്രർക്കു ഭക്ഷിക്കാൻ വേണ്ടുവോളമില്ല. പറുദീസയിലെ ഏറെ മെച്ചപ്പെട്ട ഒരു ജീവിതം പെട്ടെന്നു വരുമെന്നുള്ള തെളിവിന്റെ മറ്റൊരു ഭാഗമാണിത്.
‘വലിയ ഭൂകമ്പങ്ങൾ ഉണ്ടായിരിക്കു’മെന്നു യേശു പറഞ്ഞു. (ലൂക്കൊസ് 21:11) ഇതും നമ്മുടെ കാലത്തു സത്യമായി. വിപത്കരമായ ഭൂകമ്പങ്ങൾ 1914 മുതൽ വരുത്തിയ നാശത്തിൽ ലക്ഷക്കണക്കിനാളുകൾക്കു ജീവാപായം നേരിട്ടു.
ആളുകളിൽ സംഭവിക്കുന്ന മാറ്റവും “അന്ത്യകാല”ത്തിന്റെ അടയാളമായിരിക്കുമെന്നു ബൈബിൾ പറയുന്നു. അവർ “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും” കുട്ടികൾ “അമ്മയപ്പന്മാരെ അനുസരിക്കാത്തവരും” ആയിരിക്കും. ആളുകൾ പൊതുവേ “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി”രിക്കും. (2 തിമൊഥെയൊസ് 3:1-5) ഈ വിവരണം അനേകർക്കും യോജിക്കുന്നുവെന്നു നിങ്ങൾ സമ്മതിക്കില്ലേ?
മോശമായ കാര്യങ്ങൾ ചെയ്യുന്നതു ശീലമാക്കിമാറ്റുന്നവരുടെ എണ്ണം പെരുകുമ്പോൾ, നിയമരാഹിത്യത്തിന്റെ വർധനവുണ്ടാവും. ഇതും മുൻകൂട്ടിപ്പറഞ്ഞിരുന്നതുതന്നെ. മത്തായി 24:12 പ്രകാരം, “അധർമ്മം പെരുകുന്ന”തിനെക്കുറിച്ചു യേശു പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കുറ്റകൃത്യങ്ങൾ വഷളായിരിക്കുകയാണെന്നു നിങ്ങൾ സമ്മതിച്ചേക്കാം. എല്ലായിടത്തുമുള്ള ആളുകൾ, തങ്ങൾ കൊള്ളയടിക്കപ്പെടുകയോ വഞ്ചിക്കപ്പെടുകയോ ഏതെങ്കിലും വിധത്തിൽ ദോഷമനുഭവിക്കുകയോ ചെയ്യുമെന്ന ഭീതിയിലാണ്.
യുദ്ധങ്ങൾ, വ്യാപകമായ രോഗങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക ബന്ധങ്ങൾ—ഇവയെല്ലാം, ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, ഇന്നു വ്യക്തമായിരിക്കുന്നു. ‘എന്നാൽ ഇവയെല്ലാം മനുഷ്യ ചരിത്രത്തിലുടനീളം സംഭവിച്ചിട്ടില്ലേ?’ എന്നു നിങ്ങൾ ഒരുപക്ഷേ ചോദിച്ചേക്കാം. ‘നമ്മുടെ നാളുകളുടെ കാര്യത്തിൽ വ്യത്യാസമെന്താണ്?’
ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കു വളരെ പ്രധാനപ്പെട്ട ചില സവിശേഷതകളുണ്ട്. നാം അന്ത്യകാലത്താണ്, മെച്ചപ്പെട്ട ഒരു ജീവിതം അടുത്തിരിക്കുകയാണ് എന്നതിനെല്ലാമുള്ള തെളിവാണ് ഭക്ഷ്യക്ഷാമം പോലുള്ള ഏതെങ്കിലും ഒരു ഘടകം എന്നൊന്നും ബൈബിൾ പറയുന്നില്ല. എന്നാൽ ഭക്തികെട്ട ഒരു തലമുറയിലാണ് അന്ത്യകാലത്തെക്കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ നിറവേറുക.—മത്തായി 24:34-39; ലൂക്കൊസ് 17:26, 27.
അതിലുപരി, യേശുവിന്റെ പ്രവചനത്തിന്റെ ചില സവിശേഷതകൾ—വിശേഷിച്ചും ഭക്ഷ്യക്ഷാമത്തെയും വ്യാപകമായ രോഗങ്ങളെയും സംബന്ധിച്ചുള്ളവ—ഇന്നു സത്യമായിക്കൊണ്ടിരിക്കുന്നതു തികച്ചും അസാധാരണമായ സംഗതിയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ശാസ്ത്രീയ നേട്ടങ്ങൾ മുമ്പെങ്ങും ഇത്ര മഹത്തരമായിരുന്നിട്ടില്ല. വൈദ്യശാസ്ത്രപരമായ ജ്ഞാനവും ചികിത്സാരീതികളും മുമ്പെങ്ങും ഇത്രമാത്രം പുരോഗതി കൈവരിക്കുകയോ വ്യാപകമായിത്തീരുകയോ ചെയ്തിട്ടില്ല. അത്തരമൊരു കാലഘട്ടത്തിൽ രോഗവും ക്ഷാമവും മെച്ചപ്പെടുന്നതിനുപകരം വഷളാവുകയേയുള്ളൂവെന്ന് തന്റെ വചനമായ ബൈബിളിൽ മുൻകൂട്ടിപ്പറയാൻ ദൈവത്തിനേ കഴിയൂ.
അന്ത്യകാലത്തെക്കുറിച്ചുള്ള അഥവാ “അവസാന നാളുകളെ”ക്കുറിച്ചുള്ള [NW], ബൈബിൾ പ്രവചനങ്ങളെല്ലാം നിറവേറുന്നതുകൊണ്ട്, നമുക്കെന്തു നിഗമനം ചെയ്യാൻ കഴിയും? ഒരു മെച്ചപ്പെട്ട ജീവിതം സമീപിച്ചിരിക്കുന്നു എന്നുതന്നെ! എന്നാൽ അതെങ്ങനെ വരും?
ഒരു മെച്ചപ്പെട്ട ജീവിതം—എങ്ങനെ?
പറുദീസ കൊണ്ടുവരാൻ മനുഷ്യർക്കു കഴിയുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? ചരിത്രത്തിലുടനീളം ഇന്നുവരെ അനേകം തരത്തിലുള്ള മാനുഷിക ഗവൺമെൻറുകൾ ഉണ്ടായിരുന്നിട്ടുണ്ട്. ആളുകളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ചില ഗവൺമെൻറുകൾ കഠിന ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നിട്ടും, അനേകം പ്രശ്നങ്ങളും വഷളാകുകയാണ്. മയക്കുമരുന്നു ദുരുപയോഗം, മോശമായ പാർപ്പിടസൗകര്യങ്ങൾ, ദാരിദ്ര്യം, കുറ്റകൃത്യങ്ങൾ, തൊഴിലില്ലായ്മ, യുദ്ധം എന്നിവ മൂലം സമ്പന്ന രാജ്യങ്ങളിലെയും ദരിദ്ര നാടുകളിലെയും ഗവൺമെൻറുകൾ നട്ടംതിരിയുകയാണ്.
ഇവയിൽ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവൺമെൻറുകൾക്കു കഴിഞ്ഞാൽത്തന്നെ, രോഗങ്ങളിൽനിന്നുള്ള പരിപൂർണ സ്വാതന്ത്ര്യം നേടിത്തരാൻ അവയ്ക്ക് ഒരിക്കലും സാധിക്കുകയില്ല. വാർധക്യത്തിനും മരണത്തിനും അറുതിവരുത്താനും അവർക്കാകില്ല. ഈ ഭൂമിയിൽ മനുഷ്യർ ഒരിക്കലും പറുദീസ കൊണ്ടുവരില്ലെന്നു വ്യക്തം.
ജ്ഞാനപൂർവം ബൈബിൾ പറയുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” അപ്പോൾപ്പിന്നെ നാം ആരിൽ ആശ്രയിക്കും? ബൈബിൾ ഇങ്ങനെ ഉത്തരം നൽകുന്നു: “യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.” (സങ്കീർത്തനം 146:3, 5) നമ്മുടെ പ്രത്യാശ നാം യഹോവയാം ദൈവത്തിൽ വെക്കുന്നെങ്കിൽ, നാം ഒരിക്കലും നിരാശരായിത്തീരുകയില്ല.
തീർച്ചയായും ഭൂമിയെയും സൂര്യനെയും നക്ഷത്രങ്ങളെയും സൃഷ്ടിക്കാനുള്ള ജ്ഞാനവും ശക്തിയുമുള്ള ഒരുവനു ഭൂമിയെ ഒരു പറുദീസയാക്കാനും കഴിയും. ഒരു മെച്ചപ്പെട്ട ജീവിതം ആസ്വദിക്കാൻ മനുഷ്യരെ പ്രാപ്തരാക്കാൻ അവനു കഴിയും. യഹോവയാം ദൈവം ചെയ്യാൻ തുനിയുന്നതെന്തും പൂർത്തിയാക്കാനുള്ള കഴിവ് അവനുണ്ട്, അതു പൂർത്തിയാക്കുകയും ചെയ്യും. “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ല,” അവന്റെ വചനം പറയുന്നു. (ലൂക്കൊസ് 1:37) എന്നാൽ മെച്ചപ്പെട്ട ഒരു ജീവിതം ദൈവം എങ്ങനെ കൊണ്ടുവരും?
തന്റെ രാജ്യം മുഖാന്തരമാണു യഹോവ മനുഷ്യവർഗത്തിന് ഏറെ മെച്ചപ്പെട്ട ഒരു ജീവിതം കൊണ്ടുവരുന്നത്. എന്താണ് ദൈവരാജ്യം? ദൈവത്താൽ നിയമിതനായ യേശുക്രിസ്തു ഭരണാധിപനായുള്ള ഒരു യഥാർഥ ഗവൺമെൻറാണ് അത്. ദൈവരാജ്യം സ്ഥാപിതമായിരിക്കുന്നതു സ്വർഗത്തിലാണ്. എന്നാൽ പറുദീസാ ഭൂമിയിലെ നിവാസികൾക്ക് അത് ഉടൻതന്നെ അത്ഭുതാവഹമായ അനുഗ്രഹങ്ങളും ഏറെ മെച്ചപ്പെട്ട ഒരു ജീവിതവും കൈവരുത്തും.—യെശയ്യാവു 9:6, 7.
ബൈബിളിൽ മത്തായി 6:9-13-ൽ കാണുന്ന ക്രിസ്തുവിന്റെ മാതൃകാ പ്രാർഥനയുമായി നിങ്ങൾക്കു നേരത്തെതന്നെ പരിചയമുണ്ടായിരിക്കുമല്ലോ. ദൈവത്തോടുള്ള ആ പ്രാർഥനയുടെ ഒരു ഭാഗം ഇങ്ങനെ പറയുന്നു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” ആ പ്രാർഥനയ്ക്കു ചേർച്ചയിൽ, ഭൂമിയുടെ കാര്യത്തിലുള്ള യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ ദൈവത്തിന്റെ രാജ്യം ‘വരിക’തന്നെ ചെയ്യും. കാരണം ഭൂമി ഒരു പറുദീസ ആയിത്തീരണമെന്നത് അവന്റെ ഉദ്ദേശ്യമാണ്.
വരാനിരിക്കുന്ന പറുദീസയിൽ ഒരു മെച്ചപ്പെട്ട ജീവിതം ആസ്വദിക്കാൻ നിങ്ങൾ എന്തു ചെയ്യണം? എന്നതാണ് അവസാനമായി ഉദിക്കുന്ന ചോദ്യം.
നിങ്ങൾ ചെയ്യേണ്ടത്
തന്റെ ഇഷ്ടം ചെയ്യുന്ന സകലർക്കും യഹോവയാം ദൈവം പറുദീസയിലെ ഒരു മെച്ചപ്പെട്ട ജീവിതത്തിന്റെ പ്രതീക്ഷ സ്നേഹപുരസ്സരം വച്ചുനീട്ടുന്നു. ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു വ്യക്തിയെ നീതിമാനാക്കുന്നത് എന്താണ്?
യഹോവയെ പ്രീതിപ്പെടുത്തുന്നതിന്, നാം എന്തു ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു എന്നതു സംബന്ധിച്ച് നാം കൂടുതൽ പഠിക്കേണ്ടയാവശ്യമുണ്ട്. നാം ദൈവത്തെക്കുറിച്ചു പരിജ്ഞാനം സമ്പാദിക്കുകയും അതു നമ്മുടെ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്താൽ, നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയും. ദൈവത്തോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചു നമ്മോടു പറയുന്ന പുസ്തകമാണു ദൈവവചനമായ ബൈബിൾ. യഹോവയുടെ ഏറ്റവും അമൂല്യമായ സമ്മാനങ്ങളിലൊന്നാണത്. സ്നേഹവാനായ പിതാവിൽനിന്നു മക്കൾക്കുള്ള ഒരു എഴുത്തുപോലെയാണു ബൈബിൾ. അതു മനുഷ്യവർഗത്തിന് ഒരു മെച്ചപ്പെട്ട ജീവിതം കൊണ്ടുവരാനുള്ള ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ചു നമ്മോടു പറയുകയും നമുക്ക് അത് എങ്ങനെ ലഭിച്ചേക്കാമെന്നു കാണിച്ചുതരികയും ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളിൽ ദൈവം എന്തു ചെയ്തിരിക്കുന്നുവെന്നും ഭാവിയിൽ അവൻ എന്തു ചെയ്യുമെന്നും ബൈബിൾ നമ്മെ അറിയിക്കുന്നു. നമ്മുടെ പ്രശ്നങ്ങളെ വിജയകരമായി എങ്ങനെ നേരിടാമെന്നതു സംബന്ധിച്ച് അതു നമുക്കു പ്രായോഗിക ഉപദേശം തരികയും ചെയ്യുന്നു. നിശ്ചയമായും, കുഴപ്പങ്ങൾനിറഞ്ഞ ഈ ലോകത്തിൽ ഇപ്പോൾ ഒരളവുവരെ സന്തുഷ്ടി എങ്ങനെ കണ്ടെത്താമെന്നും ദൈവവചനം നമ്മെ പഠിപ്പിക്കുന്നു.—2 തിമൊഥെയൊസ് 3:16, 17.
നിങ്ങൾക്ക് ഒരു സൗജന്യ ബൈബിളധ്യയനം ക്രമീകരിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളു. ഇപ്പോൾ കൂടുതൽ സന്തുഷ്ടമായ ഒരു ജീവിതവും സമീപ ഭാവിയിലെ ഏറെ മെച്ചപ്പെട്ട ഒരു ജീവിതത്തിന്റെ പ്രതീക്ഷയും നേടാൻ നിങ്ങൾക്കെങ്ങനെ സാധിക്കുമെന്നു പഠിക്കുക.
[5-ാം പേജിലെ ചിത്രം]
ഒരു മെച്ചപ്പെട്ട ജീവിതം സമീപിച്ചിരിക്കുന്നുവെന്നു ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു
[7-ാം പേജിലെ ചിത്രം]
ദൈവരാജ്യം മനുഷ്യവർഗത്തിന് ഒരു മെച്ചപ്പെട്ട ജീവിതം ആനയിക്കും