പുകയുന്ന ഒരു തിരി നിങ്ങൾ കെടുത്തിക്കളയുമോ?
യേശുക്രിസ്തു സകല തരത്തിലുമുള്ള ആളുകളോടു ദൈവരാജ്യത്തിന്റെ സുവാർത്ത പ്രഖ്യാപിച്ചു. അവരിലനേകരും പീഡിതരും നിരുത്സാഹിതരുമായിരുന്നു. എന്നാൽ യേശു അവർക്ക് ഹൃദയസ്പർശിയായ ഒരു സന്ദേശം നൽകി. കഷ്ടപ്പെടുന്നവരോട് അവന് അനുകമ്പയുണ്ടായിരുന്നു.
യെശയ്യാവ് രേഖപ്പെടുത്തിയ ഒരു പ്രവചനത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ടു സുവിശേഷ എഴുത്തുകാരനായ മത്തായി യേശുവിന്റെ അനുകമ്പ പ്രദീപ്തമാക്കി. ക്രിസ്തുവിൽ നിറവേറിയ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു മത്തായി ഇങ്ങനെ എഴുതി: “ചതഞ്ഞ ഓട [“ഈറൽ,” NW] അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.” (മത്തായി 12:20; യെശയ്യാവു 42:3) ഈ വാക്കുകളുടെ അർഥമെന്താണ്, യേശു എങ്ങനെയാണ് ഈ പ്രവചനം നിവർത്തിച്ചത്?
പ്രവചനത്തിലേക്കൊരു എത്തിനോട്ടം
സാധാരണമായി ചതുപ്പുനിലത്താണ് ഈറൽ വളരുന്നത്. ആ ചെടി ബലമുള്ളതോ ഈടുള്ളതോ അല്ല. “ചതഞ്ഞ ഈറൽ” തീർച്ചയായും ദുർബലമായിരിക്കും. തന്മൂലം അതു ശബത്തിൽ യേശു സുഖപ്പെടുത്തിയ വരണ്ട കയ്യുള്ള മനുഷ്യനെപ്പോലെ പീഡിതരെയോ കഷ്ടപ്പെടുന്നവരെയോ പ്രതിനിധാനം ചെയ്യുന്നതായി തോന്നുന്നു. (മത്തായി 12:10-14) എന്നാൽ വിളക്കുതിരിയെക്കുറിച്ചുള്ള പ്രാവചനിക പരാമർശം സംബന്ധിച്ചെന്ത്?
പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിലെ ഒരു സാധാരണ കുടുംബത്തിലെ വിളക്ക്, വളഞ്ഞപിടിയുള്ള കുടംപോലുള്ള ഒരു മൺപാത്രമായിരുന്നു. വിളക്കിൽ മിക്കപ്പോഴും നിറയെ ഒലിവെണ്ണ ഉണ്ടാകുമായിരുന്നു. തിരി കത്തിച്ചു നിർത്തുന്നതിനു ചണനാരുകൊണ്ടുണ്ടാക്കിയ തിരി കേശികാകകർഷണംമൂലം (capillary attraction) എണ്ണ മുകളിലേക്കു വലിച്ചെടുക്കും. ‘പുകയുന്ന തിരി’ തീർച്ചയായും അണയാറായ ഒന്നായിരിക്കും.
ആലങ്കാരിക അർഥത്തിൽ, ചതഞ്ഞ ഈറൽപോലെ വളഞ്ഞ, തള്ളപ്പെട്ട അനേകരോടും യേശു തന്റെ ആശ്വാസപ്രദമായ സന്ദേശം പ്രഘോഷിച്ചു. ഇത്തരക്കാർ അണയാറായ ഒരു തിരിപോലെയുമായിരുന്നു. കാരണം അവരുടെ ജീവിതത്തിന്റെ അവസാന തീക്കണവും അണയാറായിരുന്നു. അവർ തീർച്ചയായും പീഡിതരും നിരുത്സാഹിതരും ആയിരുന്നു. എന്നിരുന്നാലും, യേശു ഒരു ആലങ്കാരിക ഈറൽ ചതച്ചില്ല, പ്രതീകാത്മകമായി പുകയുന്ന തിരി കെടുത്തിയതുമില്ല. അവന്റെ സ്നേഹനിർഭരവും മൃദുലവും അനുകമ്പാപൂർണവുമായ വാക്കുകൾ കഷ്ടപ്പെടുന്ന ആളുകളെ കൂടുതൽ നിരുത്സാഹിതരോ വിഷാദമഗ്നരോ ആക്കിയില്ല. മറിച്ച്, അവന്റെ അഭിപ്രായങ്ങളും പെരുമാറ്റരീതിയും തീർച്ചയായും ഉണർവേകുന്ന ഫലമുളവാക്കി.—മത്തായി 11:28-30.
ഇന്നും അനേകർക്ക് അനുകമ്പയും പ്രോത്സാഹനവും ആവശ്യമാണ്. കാരണം അവർ മനസ്സുമടുപ്പിക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. യഹോവയുടെ സേവകർപോലും എല്ലായ്പോഴും ശക്തിഗോപുരങ്ങളല്ല. ചിലപ്പോഴൊക്കെ ചിലർ പുകയുന്ന തിരിക്കു സമാനമാണ്. അതുകൊണ്ട് ക്രിസ്ത്യാനികൾ, തീ ഊതിക്കത്തിക്കുന്നതുപോലെ പ്രോത്സാഹനമേകുന്നവർ ആയിരിക്കണം, അങ്ങനെ അന്യോന്യം ബലപ്പെടുത്തണം.—ലൂക്കൊസ് 22:32; പ്രവൃത്തികൾ 11:23.
ക്രിസ്ത്യാനികൾ എന്നനിലയിൽ നാം കെട്ടുപണിചെയ്യുന്നവരായിരിക്കണം. ആത്മീയ സഹായം തേടുന്ന ആരെയും ദുർബലപ്പെടുത്താൻ നാം മനപ്പൂർവം ശ്രമിക്കുകയില്ല. വാസ്തവത്തിൽ മറ്റുള്ളവരെ ബലപ്പെടുത്തുന്നതിൽ നാം യേശുവിന്റെ മാതൃക പിൻപറ്റാൻ ആഗ്രഹിക്കുന്നു. (എബ്രായർ 12:1-3; 1 പത്രൊസ് 2:21) പ്രോത്സാഹനത്തിനുവേണ്ടി നമ്മിലേക്കു നോക്കുന്നവരെ നാം മനസ്സറിയാതെ തകർത്തുകളഞ്ഞേക്കാമെന്ന വസ്തുത, മറ്റുള്ളവരുമായുള്ള നമ്മുടെ പെരുമാറ്റം സംബന്ധിച്ചു ഗൗരവമായ ചിന്ത നൽകുന്നതിനു നല്ല കാരണമാണ്. ‘പുകയുന്ന ഒരു തിരി കെടുത്താൻ’ നാം തീർച്ചയായും ആഗ്രഹിക്കുകയില്ല. ഇക്കാര്യത്തിൽ തിരുവെഴുത്തുപരമായ ഏതു മാർഗദർശനങ്ങൾക്കു നമ്മെ സഹായിക്കാനാവും?
വിമർശനത്തിന്റെ ഭവിഷ്യത്തുകൾ
ഒരു ക്രിസ്ത്യാനി ‘വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മീയരായവർ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തണം.’ (ഗലാത്യർ 6:1) എന്നിരുന്നാലും, മറ്റുള്ളവരിലുള്ള പോരായ്മകൾ തിരഞ്ഞുപിടിക്കുന്നതും അവരെ തിരുത്തുന്നതിനുവേണ്ടി ഓരോ അവസരവും മുതലെടുക്കുന്നതും ഉചിതമായിരിക്കുമോ? അഥവാ അവരുടെ ഇപ്പോഴത്തെ ശ്രമങ്ങൾ മതിയായതല്ല എന്ന അർഥത്തിൽ, ഒരുപക്ഷേ അവർക്കു കുറ്റബോധം തോന്നുമാറു കൂടുതൽ മെച്ചമായി ചെയ്യാൻ അവരെ ഉന്തിവിടുന്നതു ശരിയായിരിക്കുമോ? യേശു അങ്ങനെയെന്തെങ്കിലും ചെയ്തതായി യാതൊരു തെളിവുമില്ല. മറ്റുള്ളവരെ പുരോഗമിക്കാൻ സഹായിക്കുകയാണു നമ്മുടെ ഉദ്ദേശ്യമെങ്കിലും നിർദയമായ വിമർശനത്തിനു പാത്രമാകുന്നവർക്കു ബലവത്തായി എന്നതിനു പകരം ബലക്ഷയം സംഭവിച്ചതായിട്ടായിരിക്കും അനുഭവപ്പെടുക. കെട്ടുപണിചെയ്യുന്ന വിമർശനംപോലും അമിതമായാൽ തികച്ചും നിരുത്സാഹജനകമായേക്കാം. ഒരു ക്രിസ്ത്യാനിയുടെ ആത്മാർഥമായ, അത്യുത്തമ ശ്രമങ്ങൾക്കു വെറും അംഗീകാരമില്ലായ്മ മാത്രമാണു ഫലമെങ്കിൽ, ‘ശ്രമിക്കുന്നതുകൊണ്ട് എന്താ നേട്ടം?’ എന്നു പറഞ്ഞുകൊണ്ട് അയാൾ എല്ലാം ഇട്ടെറിഞ്ഞെന്നുവരാം. വാസ്തവത്തിൽ അയാൾ എല്ലാ ശ്രമവും വെടിഞ്ഞെന്നുവരാം.
തിരുവെഴുത്തുപരമായ ബുദ്ധ്യുപദേശം നൽകുന്നതു പ്രധാനമാണെന്നുവരികിലും അതു നിയമിത മൂപ്പന്മാരുടെയോ സഭയിലെ മറ്റുള്ളവരുടെയോ സ്വഭാവമായി മാറരുത്. ബുദ്ധ്യുപദേശം നൽകലും സ്വീകരിക്കലുമല്ല ക്രിസ്തീയ യോഗങ്ങളുടെ പ്രഥമ ഉദ്ദേശ്യം. മറിച്ച്, നാം ക്രമമായി ഒരുമിച്ചുകൂടുന്നതു പരസ്പരം കെട്ടുപണിചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്. തന്മൂലം സകലർക്കും തങ്ങളുടെ സഹവാസവും ദൈവത്തോടുള്ള തങ്ങളുടെ വിശുദ്ധസേവനവും ആസ്വദിക്കുന്നതിനു കഴിയും. (റോമർ 1:11, 12; എബ്രായർ 10:24, 25) ഗുരുതരമായ ഒരു തെറ്റും അപൂർണതയുടെ ഫലമായ, അവഗണിച്ചുകളയാവുന്ന ഒരു തെറ്റും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയുന്നത് എത്ര ജ്ഞാനപൂർവകവും സ്നേഹനിർഭരവുമാണ്!—സഭാപ്രസംഗി 3:1, 7; കൊലൊസ്സ്യർ 3:13.
ആളുകൾ വിമർശനത്തോടു പ്രതികരിക്കുന്നതിനെക്കാൾ വേഗത്തിൽ പ്രോത്സാഹനത്തോടു പ്രതികരിക്കും. വാസ്തവത്തിൽ, അനുചിതമായി വിമർശിക്കപ്പെടുന്നുവെന്നു വ്യക്തികൾക്കു തോന്നുമ്പോൾ അവർ വിമർശനാത്മക പെരുമാറ്റത്തെ കുറേക്കൂടി മുറുകെപ്പിടിച്ചെന്നുവരാം! എന്നാൽ അവരെ ന്യായമായി അനുമോദിക്കുമ്പോൾ അവർ പ്രോത്സാഹിതരായിത്തീരുകയും പുരോഗമിക്കാൻ പ്രേരിതരാവുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 12:18) തന്മൂലം, യേശുവിനെപ്പോലെ നമുക്കും പ്രോത്സാഹനമേകുന്നവരായിരിക്കാം, ഒരിക്കലും ‘പുകയുന്ന തിരി കെടുത്താ’തെയുമിരിക്കാം.
താരതമ്യം ചെയ്യുന്നതു സംബന്ധിച്ചെന്ത്?
മറ്റു ക്രിസ്ത്യാനികളുടെ നല്ല അനുഭവങ്ങൾ കേൾക്കുന്നതു വളരെ പ്രചോദനാത്മകമായിരിക്കാവുന്നതാണ്. രാജ്യസന്ദേശം പ്രസംഗിക്കുന്നതിൽ തന്റെ ശിഷ്യന്മാർക്കുണ്ടായ വിജയത്തെപ്പറ്റി കേട്ടപ്പോൾ യേശുതന്നെയും ആനന്ദഭരിതനായി. (ലൂക്കൊസ് 10:17-21) സമാനമായി, വിശ്വാസത്തിലുള്ള മറ്റുള്ളവരുടെ വിജയം, നല്ല മാതൃക, നിർമലത എന്നിവയെക്കുറിച്ചു കേൾക്കുമ്പോൾ നാം പ്രോത്സാഹിതരാകുന്നു. നമ്മുടെ ക്രിസ്തീയ ഗതി മുറുകെപ്പിടിക്കുന്നതിനു കൂടുതൽ നിശ്ചയദാർഢ്യം തോന്നുകയും ചെയ്യും.
എന്നാൽ, ‘നിങ്ങൾ ഈ ക്രിസ്ത്യാനികളുടെ അത്രയും വരുകയില്ല, നിങ്ങൾ ചെയ്യുന്നതിലും എത്രയോ അധികം ചെയ്യേണ്ടതാണ്’ എന്നു തോന്നുന്ന രീതിയിൽ ഒരു റിപ്പോർട്ട് അവതരിപ്പിച്ചാലോ? കേൾവിക്കാരൻ ഊർജസ്വലമായ ഒരു പുരോഗമനപരിപാടി ആവിഷ്കരിക്കാൻ ഇടയുണ്ടോ? അയാൾ നിരുത്സാഹിതനായി തളർന്നു പിന്മാറാനാണു സാധ്യത. പ്രത്യേകിച്ചും അടിക്കടി താരതമ്യം ചെയ്യുകയോ അപ്രകാരം അർഥമാക്കുകയോ ചെയ്യുന്നെങ്കിൽ. ഇത് ഏറെക്കുറെ ഒരു പിതാവ് തന്റെ കുട്ടിയോട്, ‘നിനക്കു നിന്റെ സഹോദരനെപ്പോലെ ആയാലെന്താ?’ എന്നു ചോദിക്കുന്നതുപോലിരിക്കും. അത്തരമൊരഭിപ്രായം വിദ്വേഷത്തിനും നിരുത്സാഹത്തിനും ഇടവരുത്തിയേക്കാം. അല്ലാതെ മെച്ചപ്പെട്ട ഒരു പെരുമാറ്റം വളർത്തിയെടുക്കാനുള്ള പ്രോത്സാഹനമായിരിക്കില്ല. താരതമ്യം ചെയ്യൽ മുതിർന്നവരിലും സമാനമായ ഫലം ചെയ്തേക്കാം. താരതമ്യം ചെയ്യപ്പെട്ടവരോട് അവർക്ക് ഒരുതരം വെറുപ്പുതോന്നാൻ പോലും അത് ഇടയാക്കിയേക്കാം.
ദൈവസേവനത്തിൽ സകലരും ഒരേ അളവിൽ ചെയ്യണമെന്നു നമുക്കു പ്രതീക്ഷിക്കാനാവില്ല. യേശുവിന്റെ ഉപമകളിലൊന്നിൽ ഒരു യജമാനൻ തന്റെ ദാസന്മാർക്ക് ഒന്ന്, രണ്ട്, അഞ്ച് എന്നിങ്ങനെ വെള്ളി താലന്തുകൾ നൽകി. ഇത് “ഓരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ”യാണു കൊടുത്തത്. ജ്ഞാനപൂർവം തൊഴിൽചെയ്തു തങ്ങളുടെ താലന്തുകൾ വർധിപ്പിച്ച രണ്ടു ദാസന്മാർ, അവരുടെ വേല വ്യത്യസ്ത ഫലമാണ് ഉത്പാദിപ്പിച്ചതെങ്കിൽപ്പോലും, വിശ്വസ്തരായിരുന്ന കാരണത്താൽ അനുമോദിക്കപ്പെട്ടു.—മത്തായി 25:14-30.
“ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നേ അടക്കി വെക്കും” എന്നു പൗലോസ് അപ്പോസ്തലൻ എഴുതിയത് ഉചിതമാണ്. (ഗലാത്യർ 6:4) അങ്ങനെ, മറ്റുള്ളവർക്കു വാസ്തവമായും പ്രോത്സാഹനമായിരിക്കുന്നതിനു നിഷേധാത്മകമായ താരതമ്യം ചെയ്യൽ നാം ഒഴിവാക്കണം.
കെട്ടുപണിചെയ്യുന്നതിനുള്ള ചില വിധങ്ങൾ
നിരുത്സാഹിതരെ കെട്ടുപണിചെയ്യുന്നതിനും ‘പുകയുന്ന തിരി കെടുത്തുന്നത്’ ഒഴിവാക്കുന്നതിനും നമുക്ക് എന്തു ചെയ്യാനാവും? കൊള്ളാം, പ്രോത്സാഹനമേകുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക സൂത്രവാക്യം പിൻപറ്റുകയെന്നല്ല. എന്നിരുന്നാലും, നാം ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നപക്ഷം നമ്മുടെ വാക്കുകൾ മറ്റുള്ളവരെ കെട്ടുപണിചെയ്യാൻ ഇടയുണ്ട്. അവയിൽ ചിലത് ഏവ?
താഴ്മയുള്ളവരായിരിക്കുക. ‘ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതിരിക്കാൻ’ ഫിലിപ്പിയർ 2:3-ൽ പൗലോസ് നമ്മെ അനുശാസിച്ചു. പകരം, നാം താഴ്മയോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം. ‘താഴ്മയോടെ മറ്റുള്ളവർ നമ്മെക്കാൾ ശ്രേഷ്ഠരാണെന്നു നാം എണ്ണണം.’ നാം നമ്മെപ്പറ്റി യാതൊന്നും ചിന്തിക്കരുതെന്നു പൗലോസ് പറഞ്ഞില്ല. എങ്കിലും, ഓരോരുത്തരും ഏതെങ്കിലും വിധത്തിൽ നമ്മെക്കാൾ ശ്രേഷ്ഠരാണെന്നു നാം വിലമതിക്കണം. ഇവിടെ “ശ്രേഷ്ഠർ” എന്നു ഭാഷാന്തരം ചെയ്തിരിക്കുന്ന ഗ്രീക്കു പദം നിർദേശിക്കുന്നത് ഒരു മനുഷ്യൻ “തന്റെതന്നെ പദവികളിൽനിന്നു കണ്ണുകൾ പറിക്കുകയും തന്നെക്കാൾ ശ്രേഷ്ഠനായിരിക്കുന്ന മറ്റൊരുവന്റെ ഗുണഗണങ്ങളെപ്പറ്റി ആഴമായി പരിചിന്തിക്കുകയും ചെയ്യുന്ന”തിനെയാണ്. (ജോൺ ആൽബർട്ട് ബെംഗൾ എഴുതിയ പുതിയനിയമ പദ പഠനങ്ങൾ [ഇംഗ്ലീഷ്], വാല്യം 2, പേജ് 432) അപ്രകാരം ചെയ്തുകൊണ്ടു മറ്റുള്ളവരെ ശ്രേഷ്ഠരായി എണ്ണുന്നെങ്കിൽ നാം അവരോടു താഴ്മയോടെ പെരുമാറും.
ആദരവു കാണിക്കുക. ദൈവത്തെ പ്രീതിപ്പെടുത്തുന്ന അഭികാമ്യരായ വ്യക്തികളായി അവരെ വീക്ഷിച്ചുകൊണ്ടു സഹവിശ്വാസികളിൽ വിശ്വാസമുണ്ടെന്ന് ആത്മാർഥമായ ആശയപ്രകടനങ്ങളിലൂടെ നമുക്കു വ്യക്തമാക്കാം. എന്നാൽ അവർക്ക് ആത്മീയ സഹായം വേണമെന്നിരിക്കട്ടെ. അപ്പോൾ നമുക്ക് ആദരപൂർവം, മാന്യതയോടെ അവർക്കു സഹായം പ്രദാനംചെയ്യാം. പൗലോസ് കാര്യങ്ങളെ ഇങ്ങനെ അവതരിപ്പിച്ചു: “തമ്മിൽ . . . ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.”—റോമർ 12:10.
ഒരു നല്ല ശ്രോതാവായിരിക്കുക. നിരുത്സാഹജനകമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ചേക്കാവുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു നാം പ്രസംഗകരായിരിക്കാതെ നല്ല ശ്രോതാക്കൾ ആയിരിക്കണം, ഞൊടിയിടയിൽ, ഉപരിപ്ലവമായ നിർദേശങ്ങൾ നൽകുന്നതിനുപകരം നിലവിലുള്ള ആവശ്യം നേരാംവണ്ണം നിറവേറ്റുന്ന തിരുവെഴുത്തുപരമായ മാർഗനിർദേശം പ്രദാനംചെയ്യുന്നതിനു നമുക്കു വേണ്ടത്ര സമയമെടുക്കാം. എന്തു പറയണമെന്നു നമുക്കു തിട്ടമില്ലെങ്കിൽ മറ്റുള്ളവരെ സാന്ത്വനപ്പെടുത്തി സംസാരിക്കുന്നതിനും അവരെ ബലപ്പെടുത്തുന്നതിനും ബൈബിൾ ഗവേഷണം നമ്മെ സഹായിക്കും.
സ്നേഹമുള്ളവരായിരിക്കുക. നാം പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നവരോടു നമുക്കു സ്നേഹം തോന്നണം. യഹോവയുടെ സഹദാസരുടെ കാര്യത്തിൽ നമ്മുടെ സ്നേഹം അതു കേവലം അവരുടെ ഏറ്റവും മികച്ച ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതിലും കവിഞ്ഞതായിരിക്കണം. ആത്മാർഥമായ വികാരം അതിൽ ഉൾപ്പെട്ടിരിക്കണം. യഹോവയുടെ മുഴു ജനത്തോടും നമുക്ക് അത്തരം സ്നേഹമുണ്ടെങ്കിൽ നമ്മുടെ വാക്കുകൾ അവർക്കു യഥാർഥ പ്രോത്സാഹനമായി ഉതകും. പുരോഗമിക്കുന്നതിനുവേണ്ട നിർദേശങ്ങൾ നാം നൽകേണ്ടതുള്ളപ്പോഴും നമ്മുടെ ഉദ്ദേശ്യം കേവലം ഒരു വീക്ഷണഗതി അവതരിപ്പിക്കുകയല്ല മറിച്ച്, സ്നേഹപുരസ്സരമായ സഹായം പ്രദാനംചെയ്യുകയാകുമ്പോൾ നാം പറയുന്നതു തെറ്റിദ്ധരിക്കപ്പെടുന്നതിനോ ദ്രോഹകരമായിരിക്കുന്നതിനോ ഇടയില്ല. പൗലോസ് യഥോചിതമായി പറഞ്ഞതുപോലെ, ‘സ്നേഹം ആത്മീകവർദ്ധന വരുത്തുന്നു.’—1 കൊരിന്ത്യർ 8:1; ഫിലിപ്പിയർ 2:4; 1 പത്രൊസ് 1:22.
എല്ലായ്പോഴും കെട്ടുപണിചെയ്യുന്നവർ ആയിരിക്കുക
ദുർഘടം പിടിച്ച ഈ “അന്ത്യകാലത്തു” യഹോവയുടെ ജനം അനേക പീഡനങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. (2 തിമൊഥെയൊസ് 3:1-5) ചിലപ്പോഴൊക്കെ തങ്ങളുടെ സഹിഷ്ണുതയുടെ അതിർവരമ്പെന്നു തോന്നുന്ന അളവോളം കാര്യങ്ങൾ അവർക്കു സഹിക്കേണ്ടിവന്നിട്ടുണ്ട്. നമ്മുടെ സഹാരാധകർക്ക്, തങ്ങൾ അണയാൻ പോകുന്ന പുകയുന്ന തിരികളാണെന്നു തോന്നാൻ ഇടയാക്കുന്ന കാര്യങ്ങൾ പറയുന്നതിനോ ചെയ്യുന്നതിനോ യഹോവയുടെ ദാസർ എന്നനിലയിൽ നാം തീർച്ചയായും ആഗ്രഹിക്കുകയില്ല.
അപ്പോൾപ്പിന്നെ, നാം അന്യോന്യം പ്രോത്സാഹിപ്പിക്കുന്നത് എത്ര പ്രധാനമാണ്! നിരുത്സാഹിതരായ സഹാരാധകരോടു താഴ്മയുള്ളവരും ആദരവുള്ളവരുമായിരുന്നുകൊണ്ടു കെട്ടുപണിചെയ്യുന്നവർ ആയിരിക്കാൻ നമുക്കു സകല ശ്രമവും ചെലുത്താം. അവർ നമ്മിൽ വിശ്വാസമർപ്പിച്ചു സംസാരിക്കുമ്പോൾ നമുക്കു ശ്രദ്ധാപൂർവം ചെവിചായ്ക്കാം. ദൈവവചനമായ ബൈബിളിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ട് അവരെ സഹായിക്കുന്നതിന് എല്ലായ്പോഴും അവസരം തേടാം. സർവോപരി, നമുക്കു സ്നേഹം പ്രകടമാക്കാം. കാരണം യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഈ ഗുണം അന്യോന്യം ബലപ്പെടുത്തുന്നതിനു നമ്മെ സഹായിക്കും. ‘പുകയുന്ന ഒരു തിരി കെടുത്തു’ന്ന രീതിയിൽ നമുക്ക് ഒരിക്കലും സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കാം.