പാരമ്പര്യം സത്യവുമായി ഏറ്റുമുട്ടണമോ?
തന്റെ വിശ്വാസം ശരിയാണെന്ന ബോധ്യമായിരുന്നു മാർട്ടിൻ ലൂഥറിന്. തനിക്കു ബൈബിളിന്റെ പിൻബലമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അതേസമയം, അന്നാളിലെ ആ പാരമ്പര്യ വിശ്വാസം തെറ്റായിരുന്നുവെന്നായിരുന്നു പോളീഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോപ്പർനിക്കസിന്റെ ചിന്ത.
ഏതു വിശ്വാസം? പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു ഭൂമിയാണെന്നും സകലവും അതിനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നുമുള്ള വിശ്വാസം. ഭൂമി സൂര്യനെ ചുറ്റുന്നുവെന്നതാണു സത്യം എന്നു കോപ്പർനിക്കസ് പറഞ്ഞു. എന്നാൽ ലൂഥർ ഈ ആശയത്തെ തള്ളി. അദ്ദേഹം പറഞ്ഞു: “ആകാശമോ നഭസ്സോ സൂര്യചന്ദ്രന്മാരോ അല്ല, ഭൂമിയാണു ചുറ്റുന്നതെന്നു പ്രകടമാക്കാൻ പാടുപെട്ട ഒരു പുതുജ്യോതിശ്ശാസ്ത്രജ്ഞനെയാണ് ആളുകൾ ശ്രദ്ധിക്കുന്നത്.”—പാശ്ചാത്യ തത്ത്വശാസ്ത്ര ചരിത്രം (ഇംഗ്ലീഷ്).
പരമ്പരാഗത വിശ്വാസങ്ങൾ പലപ്പോഴും വസ്തുതകളുമായി, സത്യവുമായി ഏറ്റുമുട്ടിയിട്ടുണ്ട്. അതിന് ആളുകളെക്കൊണ്ടു ദോഷകരമായ കാര്യങ്ങൾവരെ ചെയ്യിക്കാനാവും.
തീർച്ചയായും, ഇതിനർഥം പാരമ്പര്യം എല്ലായ്പോഴും സത്യവുമായി ഏറ്റുമുട്ടുന്നുവെന്നല്ല. വാസ്തവത്തിൽ, പൗലോസ് അപ്പോസ്തലൻ തന്റെ നാളിലെ ക്രിസ്ത്യാനികൾക്കു താൻ കൈമാറിക്കൊടുത്ത പാരമ്പര്യങ്ങളെ പിൻപറ്റിക്കൊണ്ടിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി: ‘ഞാൻ നല്കിയ പാരമ്പര്യം അതേപടി സംരക്ഷിക്കുന്നതിനാൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നു.’—1 കോറിന്തോസ് 11:2, പി.ഒ.സി. ബൈബിൾ; 2 തെസ്സലൊനീക്യർ 2:15-ഉം 3:16-ഉം കൂടെ കാണുക.
“പാരമ്പര്യം” എന്നതിനാൽ പൗലോസ് അർഥമാക്കിയതെന്തായിരുന്നു? “പാരമ്പര്യം” എന്നതിന് അവൻ ഉപയോഗിച്ച ഗ്രീക്കു പദമായ പരദോസിസ് എന്നതിന്റെ അർഥം “വാചികമായോ ലിഖിതമായോ കൈമാറിക്കിട്ടിയ” എന്തെങ്കിലുമാണെന്നു തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), 2-ാം വാല്യം 1118-ാം പേജ് പറയുന്നു.a തത്തുല്യ ഇംഗ്ലീഷ് പദമായ “ട്രഡീഷൻ” എന്നതിന്റെ അർഥം “മാതാപിതാക്കളിൽനിന്നു കുട്ടികൾക്കു കൈമാറിക്കിട്ടിയ വിവരങ്ങളോ പഠിപ്പിക്കലുകളോ ആചാരങ്ങളോ, അല്ലെങ്കിൽ വ്യവസ്ഥാപിതമായിത്തീർന്നിരിക്കുന്ന ചിന്താരീതിയോ പ്രവർത്തനരീതിയോ” എന്നാണ്. പൗലോസ് കൈമാറിയ പാരമ്പര്യങ്ങളുടെ ഉറവിടം നല്ലതായിരുന്നു എന്നതിനാൽ അവയോടു പറ്റിനിന്നതു ക്രിസ്ത്യാനികൾക്കു പ്രയോജനകരമായിരുന്നു.
എന്നാൽ, പാരമ്പര്യം സത്യമോ വ്യാജമോ നല്ലതോ മോശമോ ആകാമെന്നതു വ്യക്തമാണ്. പാരമ്പര്യ വിശ്വാസങ്ങളെ ചോദ്യംചെയ്യാനുള്ള പരമാർഥതയും ധൈര്യവും കാട്ടിയ 16-ാം നൂറ്റാണ്ടുകാരനായ കോപ്പർനിക്കസിനെപ്പോലുള്ള ആളുകളെ ബ്രിട്ടീഷ് തത്ത്വചിന്തകനായ ബർട്രൻറ് റസ്സൽ പ്രശംസിക്കുന്നു. “പുരാതന നാളുകൾമുതൽ വിശ്വസിച്ചുപോന്നിരുന്നതു തെറ്റായിരിക്കാം” എന്നൊരു “ചിന്താഗതി” അവർ വളർത്തിയെടുത്തിരുന്നു. പാരമ്പര്യത്തെ അന്ധമായി പിൻപറ്റാതിരിക്കുന്നതു ജ്ഞാനമാണെന്നു നിങ്ങൾക്കും തോന്നുന്നുണ്ടോ?—മത്തായി 15:1-9, 14 താരത്യം ചെയ്യുക.
അപ്പോൾ മതപരമായ വിശ്വാസങ്ങളുടെയും ആചാരരീതികളുടെയും കാര്യമോ? അവ ശരിയും നിരുപദ്രവകരങ്ങളുമാണെന്നു നമുക്കു കണ്ണുമടച്ചു വിശ്വസിക്കാനാവുമോ? നമ്മളെങ്ങനെ അറിയും? മതപാരമ്പര്യങ്ങൾ വാസ്തവത്തിൽ സത്യവുമായി ഏറ്റുമുട്ടുന്നുവെന്നു നമ്മൾ മനസ്സിലാക്കുന്നെങ്കിൽ, നമ്മൾ എന്തു ചെയ്യണം? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾ പരിശോധിക്കുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
[മുഖ ചിത്രത്തിന്റെ കടപ്പാട്
Cover: Jean-Leon Huens © National Geographic Society
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Universität Leipzig