പാരമ്പര്യം സത്യവുമായി ഏറ്റുമുട്ടുമ്പോൾ
അപകടം—വെള്ളം കുടിക്കാൻ കൊള്ളില്ല. നമുക്ക് അത്തരം മുന്നറിയിപ്പുകൾ കണ്ടു പരിചയമുണ്ടാവാം. ഏതു വെള്ളം കുടിക്കുന്നു എന്നതു സംബന്ധിച്ചു പല സ്ഥലങ്ങളിലെയും ആളുകൾ ശ്രദ്ധയുള്ളവരാണ്. കാരണം രാസമാലിന്യങ്ങളാൽ വിഷലിപ്തമാണു ചിലതരം വെള്ളമെന്ന് അവർക്കറിയാം. അതുകൊണ്ടു “ദുർമന്ത്രവാദിനിയുടെ മദ്യം” എന്നാണ് അത്തരം വെള്ളം അറിയപ്പെടുന്നതുതന്നെ. ഈ മലിനീകരണത്തിന്റെ ഫലമായി, “ജീവനെ നിലനിർത്തുന്നതും സംരക്ഷിക്കുന്നതു”മായ ജലത്തിനു “രോഗാണുക്കളുടെയും . . . രാസമാലിന്യങ്ങളുടെയും ഒരു വാഹിനി”യായിത്തീരാനാവുമെന്ന് ഒരു പഠനം പറയുന്നു.—ജലമലിനീകരണം (ഇംഗ്ലീഷ്).
സത്യത്തിന്റെ ജലത്തെ മലിനീകരിക്കൽ
സത്യവുമായി ഏറ്റുമുട്ടുന്ന പാരമ്പര്യങ്ങൾ മലിനജലം പോലെയാണ്. തലമുറതലമുറയായി കൈമാറിക്കിട്ടിയ വിവരങ്ങളോ അഭിപ്രായങ്ങളോ വിശ്വാസങ്ങളോ ആചാരങ്ങളോ ആയ പാരമ്പര്യങ്ങളിൽ നാം നിഷ്കളങ്കമായി ഉറച്ചുനിന്നേക്കാം. എന്നാൽ വാസ്തവത്തിൽ അവ വ്യാജവും തെറ്റിധരിപ്പിക്കുന്നതുമായ ആശയങ്ങളും തത്ത്വചിന്തകളുമെന്ന “ദുർമന്ത്രവാദിനിയുടെ മദ്യ”ത്താൽ മലിനമായവയാവാം. മലിനജലം പോലെതന്നെ, ഇവയ്ക്കു കണക്കറ്റ ദോഷം വരുത്തിവെക്കാനാവും—ആത്മീയ ദോഷം.
നമ്മുടെ പാരമ്പര്യ മതവിശ്വാസങ്ങൾ ബൈബിളധിഷ്ഠിതമാണെന്നു തോന്നിയാൽപ്പോലും, നാമെല്ലാവരും ബൈബിൾ ശ്രദ്ധാപൂർവം പരിശോധിക്കാൻ സമയമെടുക്കണം. അന്നാളിലെ പാരമ്പര്യ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് കോപ്പർനിക്കസിനെ കുറ്റപ്പെടുത്തിയപ്പോൾ തനിക്കു ബൈബിളിന്റെ പിൻബലം ഉണ്ടായിരുന്നുവെന്ന് മാർട്ടിൻ ലൂഥർ വിശ്വസിച്ചുവെന്ന് ഓർക്കുക. എങ്കിലും, ‘സംഗതികൾ അങ്ങനെതന്നെയോ എന്ന് അറിയുന്നതിനുവേണ്ടി അനുദിനം തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നതിൽ കുലീനമാനസ്സരായിരുന്ന’ പുരാതന ബെരോവക്കാരുടെ ഉത്തമ മാതൃക പിൻപറ്റാൻ ലൂഥർ പരാജയപ്പെട്ടു.—പ്രവൃത്തികൾ 17:10, 11, NW.
പാരമ്പര്യ വിശ്വാസങ്ങൾനിമിത്തം യേശുവിന്റെ നാളിലെ ചില യഹൂദന്മാർക്കു നേരിട്ട ദോഷത്തെക്കുറിച്ചു ചിന്തിക്കുക. അവർക്കു തങ്ങളുടെ പാരമ്പര്യങ്ങൾ സത്യമാണെന്ന ഒരു അമിതവിശ്വാസമുണ്ടായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ പാരമ്പര്യങ്ങൾ അനുഷ്ഠിച്ചില്ലെന്ന പ്രതിഷേധമുയർന്നപ്പോൾ, യേശു അവരെ ഈ ചോദ്യംകൊണ്ടു വെല്ലുവിളിച്ചു: “നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരിൽ നിങ്ങൾ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?” (മത്തായി 15:1-3, പി.ഒ.സി. ബൈബിൾ) എവിടെയായിരുന്നു തകരാറ്? യെശയ്യാ പ്രവാചകന്റെ ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് യേശു പ്രശ്നത്തെ തിരിച്ചറിയിച്ചു: “അവർ മാനുഷികനിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിക്കുന്നതുകൊണ്ട് വ്യർത്ഥമായി എന്നെ ആരാധിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്തായി 15:9, പി.ഒ.സി. ബൈ; യെശയ്യാവു 29:13.
അതേ, ദൈവിക സത്യങ്ങളുടെ സ്ഥാനത്ത്, അവർ മാനുഷിക അല്ലെങ്കിൽ അതിനെക്കാൾ മോശമായി, ഭൂതങ്ങളിൽനിന്ന് ഉത്ഭവിച്ച ആശയങ്ങൾ പകരംവെച്ചു. ഉദാഹരണത്തിന്, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) 1-ാം വാല്യം, 506-ാം പേജിൽ ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു വ്യക്തി തന്റെ സമ്പത്ത് ഒരിക്കൽ ‘കൊർബാൻ,’ അതായത് ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന ഒരു ദാനം എന്നു പ്രഖ്യാപിച്ചാൽപ്പിന്നെ മാതാപിതാക്കളുടെ ആവശ്യങ്ങൾ എത്ര വലിയവയായിരുന്നാലും, നിറവേറ്റാനായി അയാൾക്ക് അവ ഉപയോഗിക്കാനാവുമായിരുന്നില്ല. എന്നാൽ വേണമെങ്കിൽ, തന്റെ മരണത്തോളം ആ സമ്പത്തു സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്ന് അക്കാലത്തു പരീശന്മാർ പഠിപ്പിച്ചിരുന്നു.” സത്യത്തിന്റെ ജലത്തെ മലിനമാക്കിയ മാനുഷജ്ഞാനം യഹൂദന്മാർക്ക് ആത്മീയമായി ദോഷംവരുത്തിവെച്ചു. ദീർഘനാളായി പ്രത്യാശിച്ചിരുന്ന മിശിഹായെ ഭൂരിപക്ഷംപേരും തള്ളിക്കളയുകപോലും ചെയ്തു.
ക്രൈസ്തവലോകം മലിനീകരണം കൂട്ടുന്നു
യേശുവിന്റെ മരണത്തിനുശേഷം, അതുപോലുള്ള ആത്മീയ ദോഷം അരങ്ങേറി. അവന്റെ അനുഗാമികൾ എന്ന് അവകാശപ്പെട്ടിരുന്ന അനേകരും പുതുപഠിപ്പിക്കലിനുള്ള പ്രാമാണികതയ്ക്കു വാമൊഴിയായുള്ള പാരമ്പര്യത്തിലേക്കു തിരിഞ്ഞു. മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ ഓഫ് ബിബ്ലിക്കൽ, തിയളോജിക്കൽ, ആൻഡ് എക്ലേസിയാസ്റ്റിക്കൽ ലിറ്ററേച്ചർ പറയുന്നപ്രകാരം “ആദ്യ ക്രിസ്തീയ സഭകളിലെ അപ്പോസ്തലന്മാരുടെ വാമൊഴിയായി ലഭിച്ച്, അപ്പോസ്തലിക യുഗത്തിലൂടെ കൈമാറിവന്ന്, അവരുടെ കാലംവരെ ശുദ്ധമായി പരിരക്ഷിക്കപ്പെട്ടുപോന്ന പ്രബോധന”മായിരുന്നു അത്തരം പാരമ്പര്യമെന്നാണു ക്രിസ്ത്യാനികളെന്നു പറയപ്പെട്ട ചിലർ വിശ്വസിച്ചത്.—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
ഈ പാരമ്പര്യങ്ങളിൽ അനേകവും യഥാർഥത്തിൽ അശുദ്ധമായ, തെറ്റായ ആശയങ്ങളായിരുന്നു. ആ സൈക്ലോപീഡിയ വിശദീകരിക്കുന്നതുപോലെ, ഈ പുതിയ തത്ത്വചിന്തകൾക്കു “മറ്റു പാരമ്പര്യങ്ങളുമായി മാത്രമല്ല, അവരുടെതന്നെ കൈവശമുണ്ടായിരുന്ന അപ്പോസ്തലന്മാരുടെ ലേഖനങ്ങളുമായും വ്യത്യാസമുണ്ടായിരുന്നു.” ഇത് അത്ര അപ്രതീക്ഷിതമായിരുന്നില്ല. കാരണം “ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങൾക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേർന്നതുമായ വ്യർഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാൻ ശ്രദ്ധിക്കണം” എന്നു പൗലോസ് അപ്പോസ്തലൻ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു കൊടുത്തിരുന്നു.—കൊളോസോസ് 2:8, പി.ഒ.സി. ബൈ.
ഇന്നും, അനേകം പാരമ്പര്യ വിശ്വാസങ്ങൾക്കും ‘അപ്പോസ്തലന്മാരുടെ ലേഖനങ്ങളുമായിത്തന്നെ വ്യത്യാസമുണ്ട്.’ ത്രിത്വം, നരകാഗ്നി, മനുഷ്യദേഹിയുടെ അമർത്ത്യത, ദേശീയവാദം, വിഗ്രഹാരാധന എന്നിങ്ങനെയുള്ള എണ്ണമറ്റ ഭൂതനിശ്വസ്ത ആശയങ്ങൾകൊണ്ടു ക്രൈസ്തവലോകം സത്യത്തിന്റെ ജലത്തിൽ വിഷംകലർത്തിയിരിക്കുകയാണ്.a (1 തിമൊഥെയൊസ് 4:1-3) ക്രൈസ്തവലോകത്തിന്റെ പാരമ്പര്യ പഠിപ്പിക്കലുകളായിത്തീർന്നിരിക്കുന്ന ഭൂതപഠിപ്പിക്കലുകൾക്ക് ഇരയായിത്തീർന്ന ആളുകളെ പിടികൂടിയിരിക്കുന്ന ആത്മീയ രോഗത്തിനു ചരിത്രം സാക്ഷ്യംപറയുന്നുണ്ട്.—യെശയ്യാവു 1:4-7 താരതമ്യം ചെയ്യുക.
വാസ്തവത്തിൽ, അങ്ങനെയുള്ള സത്യത്തിന്റെ മലിനീകരണം മനുഷ്യന്റെ ആരംഭകാലംമുതലേ ഉണ്ടായിരുന്നു. നുണകളാലും ചതിയാലും ആളുകളുടെ മനസ്സുകളെ വിഷലിപ്തമാക്കുന്ന, സാത്താൻ ഏദെനിൽ തുടങ്ങിവെച്ച ആ പ്രക്രിയ അവൻ തുടർന്നിരിക്കുന്നു. (യോഹന്നാൻ 8:44; 2 കൊരിന്ത്യർ 11:3) നോഹയുടെ നാളിലെ പ്രളയത്തിനുശേഷം, മനുഷ്യകുടുംബം ഭൂമിയിലെല്ലായിടത്തേക്കും വ്യാപിച്ചപ്പോൾ, മനുഷ്യ ജ്ഞാനത്തിന്റെ ഉറവുകൾ ഭൂതനിശ്വസ്ത തത്ത്വശാസ്ത്രങ്ങളാലും ആശയങ്ങളാലും മനഃപൂർവം വിഷലിപ്തമാക്കപ്പെട്ടു. അങ്ങനെ എല്ലാ സംസ്കാരങ്ങളിലെയും ആളുകൾ അതിന്റെ ഇരകളായിത്തീർന്നു.
ആത്മീയ മലിനീകരണത്തിന്റെ ഭവിഷ്യത്തുകൾ
അത്തരം ആത്മീയ മലിനീകരണത്തിന് എന്തു ദോഷം വരുത്താനാവും? മലിന ജലം നമ്മുടെ ശാരീരികാരോഗ്യത്തിൽ വരുത്തുന്ന ദൂഷ്യഫലങ്ങളോടു നമുക്ക് അതിനെ താരതമ്യം ചെയ്യാനാവും. ഒരു വിദഗ്ധൻ ഇതേക്കുറിച്ച് ഇങ്ങനെ പറയുന്നു: “ത്വക്കിന്റെ മലിനജലസമ്പർക്കം ഹേതുവായുണ്ടാകുന്ന ഷിസ്റ്റോസോമിയ രോഗബാധയ്ക്ക് (ബിൽഹർസിയ) [രക്തക്കുറവ്, അസ്വാസ്ഥ്യം, പൊതുവായ ആരോഗ്യക്കുറവ് എന്നിവയ്ക്കും ചിലപ്പോൾ മരണത്തിനും ഇടയാക്കുന്ന ഒച്ചുപനി] ഇരകളായിരിക്കുന്നത് 20 കോടിയോളം ആളുകളാണ്. അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നായ ട്രക്കോമ അമ്പതു കോടി ആളുകൾക്കാണു ബാധിച്ചിരിക്കുന്നത്. അഴുക്കുവെള്ളത്തിന്റെ ഉപയോഗമാണു കാരണം. . . . മനുഷ്യവർഗത്തിൽ 200 കോടിയോളം ആളുകൾക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല.” (ഗ്രഹം, നമ്മുടെ രാജ്യം, ഇംഗ്ലീഷ്) വ്യാജ, ഭൂത പഠിപ്പിക്കലുകളാൽ മായംകലർന്ന പാരമ്പര്യങ്ങൾ പിൻപറ്റിയതിനാൽ കോടിക്കണക്കിന് ആളുകൾ ആത്മീയമായി ദുർബലരും അന്ധരുമാക്കപ്പെടുകമാത്രമല്ല, വധിക്കപ്പെടുകപോലും ചെയ്തിട്ടുണ്ട്.—1 കൊരിന്ത്യർ 10:20, 21; 2 കൊരിന്ത്യർ 4:3, 4.
ഉദാഹരണത്തിന്, യേശുക്രിസ്തുവും അവന്റെ പിതാവായ യഹോവയാം ദൈവവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് അനേകരും ആശയക്കുഴപ്പത്തിലാണ്, അല്ലെങ്കിൽ അന്ധരാണ്. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽനിന്നു ദൈവത്തിന്റെ പരിപാവന നാമം എടുത്തുകളയുകയെന്നതു ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ടിരുന്ന ചിലർക്കിടയിൽ ഒരു രീതിയായിത്തീർന്നു. ജേർണൽ ഓഫ് ബിബ്ലിക്കൽ ലിറ്ററേച്ചറിൽ ജോർജ് ഹോവാർഡ് പറയുന്നു: “ഈ ചതുരക്ഷരിയെ ഇങ്ങനെ നീക്കംചെയ്തത്, ഞങ്ങളുടെ അഭിപ്രായത്തിൽ, ആദിമ വിജാതീയ ക്രിസ്ത്യാനികളുടെ മനസ്സിൽ ‘കർത്താവായ ദൈവ’വും ‘കർത്താവായ ക്രിസ്തു’വും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഒരു ആശയക്കുഴപ്പം സൃഷ്ടിച്ചു.”
മനുഷ്യദേഹി അമർത്ത്യമാണെന്ന തിരുവെഴുത്തുവിരുദ്ധമായ പാരമ്പര്യം വരുത്തിവെച്ച ആശയക്കുഴപ്പം, അന്ധവിശ്വാസം, ഭയം എന്നിവയെക്കുറിച്ചു ചിന്തിക്കുക. (സഭാപ്രസംഗി 9:5-ഉം യെഹെസ്കേൽ 18:4-ഉം താരതമ്യം ചെയ്യുക.) എത്രയെത്ര ആളുകളാണു പൂർവിക ആരാധനയുടെ ബന്ധനത്തിൽ അല്ലെങ്കിൽ മരിച്ചയാളുകൾ തങ്ങളെ ഉപദ്രവിക്കാൻ തിരിച്ചുവരുമെന്ന ഭയത്തിൽ കഴിയുന്നത്? ഈ വിശ്വാസംനിമിത്തം ആത്മഹത്യ ചെയ്യാനും മറ്റുള്ളവരെ കൊല്ലാനും ആളുകൾ പ്രേരിതരായിട്ടുണ്ട്.
മരണത്തിൽ വേർപെട്ടുപോകുന്ന ആത്മാക്കൾ പരലോകത്തുവെച്ചു സന്ധിക്കുമെന്ന് അനേകം ജപ്പാൻകാരും വിശ്വസിക്കുന്നു. അതുകൊണ്ട്, ആത്മഹത്യ ചെയ്യുന്ന ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെക്കൂടി കൊല്ലുന്നത് ഏറ്റവും നല്ല കാര്യമായി കരുതുന്നു. ജപ്പാൻകാരുടെ ചിന്താരീതികളെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് നിഘണ്ടു (ഇംഗ്ലീഷ്) ഇങ്ങനെ വിശദമാക്കുന്നു: “ജപ്പാനിൽ ആത്മഹത്യയെ എല്ലായ്പോഴും തെറ്റായി കണക്കാക്കാറില്ല, മറിച്ച് . . . ഒരാളുടെ ഗൗരവമായ തെറ്റിനു പ്രായശ്ചിത്തം ചെയ്യാനുള്ള സ്വീകാര്യമായ ഒരു വിധമായാണ് അതിനെ വീക്ഷിക്കുന്നത്. കുടുംബ ആത്മഹത്യകൾപോലും സഹതാപവാക്കുകളോടെയാണു റിപ്പോർട്ടു ചെയ്യപ്പെടുന്നത്.”
പാരമ്പര്യങ്ങൾ പരിശോധിക്കുക
പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും അന്ധമായി പിൻപറ്റുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളെ കണക്കിലെടുത്ത് നാം എന്തു ചെയ്യേണ്ടതുണ്ട്? ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, യോഹന്നാൻ അപ്പോസ്തലൻ സഹക്രിസ്ത്യാനികൾക്ക് ഈ ഉപദേശം കൊടുത്തു: “കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ [ശുദ്ധജലമാണോ എന്നു നിങ്ങൾ പരിശോധിക്കുന്നതുപോലെ] എന്നു ശോധന ചെയ്വിൻ.” (1 യോഹന്നാൻ 4:1; 1 തെസ്സലൊനീക്യർ 5:21-ഉം കാണുക.) ഒരു പാരമ്പര്യം ദോഷകരമാണോ എന്നു നിങ്ങൾ എങ്ങനെ അറിയും? നിങ്ങൾ വിശ്വസിക്കുന്ന സംഗതി പരിശോധിച്ചുനോക്കുന്നതിനു നിർമലത സംബന്ധിച്ച് എന്തെങ്കിലും പ്രാമാണികത, എന്തെങ്കിലും നിലവാരം നിങ്ങൾക്ക് ആവശ്യമാണ്.
അത്തരമൊരു പ്രാമാണിക ഗ്രന്ഥമാണു ബൈബിൾ. യേശുക്രിസ്തു പ്രസ്താവിച്ചു: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യമാകുന്നു.” (യോഹന്നാൻ 17:17) അവൻ ഇങ്ങനെയും പറഞ്ഞിരുന്നു: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹന്നാൻ 4:23) ദൈവത്തിന്റെ നിശ്വസ്തവചനം ഉപയോഗിക്കുമ്പോൾ നിങ്ങൾ സമ്പർക്കത്തിലാവുന്നതു സത്യത്തിന്റെ നിർമലജലവുമായാണ്, അല്ലാതെ മനുഷ്യന്റെയും ഭൂതങ്ങളുടെയും തത്ത്വശാസ്ത്രമെന്ന മലിനജലവുമായല്ല.—യോഹന്നാൻ 8:31, 32; 2 തിമൊഥെയൊസ് 3:16.
മാലിന്യത്തിന്റെ ചെറുകണികകൾക്കുപോലും ഭയങ്കര പ്രത്യാഘാതങ്ങൾ ഉളവാക്കാനാവുമെന്ന് ഓർക്കുക. ഫലങ്ങൾ കണ്ടുതുടങ്ങാൻ ചിലപ്പോൾ വർഷങ്ങളെടുത്തേക്കാം. “അഴുക്കുവെള്ളം ലോകത്തിലെ ഏറ്റവും അപകടകാരിയായ ഘാതകനായിത്തീർന്നിരിക്കുന്നു” എന്നു വേൾഡ് കൺസർവേഷൻ യൂണിയന്റെ മുൻ പ്രസിഡൻറായ ഷ്രീഡാത്ത് റാംഫൽ പറയുന്നു. ഇതിന്റെ ഉപയോഗംമൂലം ചുരുങ്ങിയത് ഇരുപത്തയ്യായിരം ആളുകൾ പ്രതിദിനം മരിക്കുന്നുണ്ട്.” അതിനെക്കാൾ കൂടുതൽ അപകടകരമാണ് ആത്മീയമായി മലിനീകൃതമായ പാരമ്പര്യങ്ങൾ.
നിങ്ങൾ വർഷങ്ങളായി പിന്തുടർന്നിരിക്കാവുന്ന പാരമ്പര്യ വിശ്വാസങ്ങൾ സത്യവുമായി ഏറ്റുമുട്ടുന്നപക്ഷം അവയെ വലിച്ചെറിഞ്ഞു സ്വതന്ത്രരാവാൻ നിങ്ങൾക്കു ധൈര്യമുണ്ടോ? മുന്നറിയിപ്പുകൾ അനുസരിക്കുക. നിങ്ങളുടെ പാരമ്പര്യങ്ങൾ ദൈവത്തിന്റെ നിർമല സത്യവചനവുമായി യോജിപ്പിലാണെന്ന് ഉറപ്പാക്കിക്കൊണ്ട് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുക.—സങ്കീർത്തനം 19:8-11; സദൃശവാക്യങ്ങൾ 14:15; പ്രവൃത്തികൾ 17:11.
[അടിക്കുറിപ്പ്]
a അത്തരം പഠിപ്പിക്കലുകൾ ബൈബിളധിഷ്ഠിതമല്ല എന്നതിനുള്ള തെളിവിനുവേണ്ടി തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ കാണുക. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.
[7-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ സത്യവചനം നിർമലവും ശുദ്ധവുമായ വെള്ളമുള്ള നദി പോലെയാണ്