വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം മിഷനറിമാരെ അയയ്ക്കുന്നു
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ അനേകം വ്യത്യസ്ത സ്ഥലങ്ങളിൽ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്. 1943-നും 1960-നും ഇടയിൽ ഐക്യനാടുകളിലെ ന്യൂയോർക്കിൽ സൗത്ത് ലാൻസിങ്ങിലുള്ള സൊസൈറ്റി കെട്ടിടങ്ങളിൽ 35 ക്ലാസ്സുകൾ നടത്തി. അങ്ങനെ 95 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് അതുവഴി പ്രത്യേക പരിശീലനം ലഭിച്ചു. പിന്നീട് സ്കൂൾ ന്യൂയോർക്കിലുള്ള ബ്രുക്ലിൻ ലോകാസ്ഥാനത്തേക്കു മാറ്റി. 28 വർഷത്തോളം അത് അവിടെ പ്രവർത്തിച്ചു. 1988 മുതൽ 1995-ന്റെ ആരംഭംവരെ ഗിലെയാദ് സ്കൂൾ ന്യൂയോർക്കിലെ വാൾക്കിലിൽ ക്ലാസ്സുകൾ നടത്തി.
ഈ വർഷങ്ങളിൽ സ്കൂളിന്റെ പ്രവർത്തനവ്യാപ്തി വർധിക്കുകയുണ്ടായി. അതിന്റെ മാർഗനിർദേശത്തിൻ കീഴിൽ, പത്ത് ആഴ്ചത്തെ ഒരു പഠിപ്പിക്കൽ കോഴ്സ് ക്രമീകരിക്കപ്പെട്ടു. അത്തരം മൂന്നു ക്ലാസ്സുകൾ മെക്സിക്കോയിലും അഞ്ചെണ്ണം ജർമനിയിലും രണ്ടെണ്ണം ഇന്ത്യയിലും നടത്തപ്പെട്ടു. ശുശ്രൂഷാ പരിശീലന സ്കൂൾ എന്ന് അറിയപ്പെടുന്ന ഒരു ഉപ സ്കൂൾ യോഗ്യതയുള്ള യുവാക്കൾക്ക് എട്ട് ആഴ്ചത്തെ ഒരു പ്രത്യേക പരിശീലന പരിപാടി പ്രദാനം ചെയ്തുകൊണ്ട് 1987 മുതൽ 34 രാജ്യങ്ങളിൽ ക്ലാസ്സുകൾ നടത്തി. ന്യൂയോർക്കിലെ പാറ്റേഴ്സനിൽ പുതുതായി നിർമിച്ച വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ 99-ാമത്തെ ഗിലെയാദ് ക്ലാസ്സിനു നൽകപ്പെട്ട പ്രബോധനം ഒരു ഇരുപതാഴ്ചത്തെ പരിപാടിയായിരുന്നു. മുഴു ബൈബിളിന്റെയും ഒരു സമഗ്ര പഠനം, യഹോവയുടെ സാക്ഷികളുടെ ആധുനികനാളിലെ ചരിത്രത്തെയും സംഘാടനത്തെയും കുറിച്ചുള്ള ഒരു ചർച്ച, വിദേശ മിഷനറി വേലയെ സംബന്ധിച്ചുള്ള വിപുലമായ ബുദ്ധ്യുപദേശം എന്നിവ ഉൾപ്പെടുന്നതായിരുന്നു ഈ പരിപാടി.
സെപ്റ്റംബർ 2-നായിരുന്നു 99-ാമത്തെ ക്ലാസ്സിന്റെ ബിരുദദാനം. വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലെ പുതിയ ഓഡിറ്റോറിയത്തിലായിരുന്നു മൂന്നു മണിക്കൂർ നീണ്ട ബിരുദദാന പരിപാടി അരങ്ങേറിയത്. ആളുകളെക്കൊണ്ട് ഓഡിറ്റോറിയം നിറഞ്ഞു. പാറ്റേഴ്സൻ, വാൾക്കിൽ, ബ്രുക്ലിൻ എന്നിവിടങ്ങളിലുള്ള ബെഥേൽഭവനങ്ങളിലെ മറ്റു സദസ്സുകളെ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ബന്ധിച്ചിരുന്നു. ക്ലാസ്സിന്റെ ബിരുദം നേടുന്നവർക്കും അവരുടെ ബന്ധുക്കൾക്കും ഉറ്റ സുഹൃത്തുക്കൾക്കും മാത്രമല്ല, ഈ മനോഹരമായ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിൽ പങ്കെടുത്ത നൂറുകണക്കിനു സ്വമേധയാ സേവകർക്കും അത് ആഹ്ലാദദിനമായിരുന്നു.
ആമുഖ പ്രസംഗത്തിൽ, അവിടെ സംഭവിച്ചുകൊണ്ടിരുന്ന സംഗതികളുടെ പ്രാധാന്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഭരണസംഘത്തിലെ ക്യാരി ബാർബർ പറഞ്ഞു: “ഇതു ഭൂമിയിൽ ഇതുവരെ നിർവഹിക്കപ്പെട്ടിരിക്കുന്നതിലേക്കും വലിയ ദിവ്യവിദ്യാഭ്യാസ പ്രവർത്തനത്തിന്റെ കേന്ദ്രമാകേണ്ടതാണ്.” സ്ത്രീയുടെ സന്തതിയും സർപ്പത്തിന്റെ സന്തതിയും തമ്മിലുള്ള പോരാട്ടത്തിന്റെ പാരമ്യത്തെ സമീപിക്കുകയാണു നാമെന്ന് അദ്ദേഹം വിശദമാക്കി. (ഉല്പത്തി 3:15) വരാനിരിക്കുന്ന മഹോപദ്രവത്തിലെ ഭയജനകമായ ഏറ്റുമുട്ടലിനെ അതിജീവിക്കുന്നവർ ദൈവവചനം സംബന്ധിച്ചു സൂക്ഷ്മ പരിജ്ഞാനം നേടി അതനുസരിച്ചു പ്രവർത്തിക്കുന്നവർ മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രകടമാക്കി.
“എല്ലായിടത്തുമുള്ള യഹോവയുടെ ജനത്തെ സദൃശവാക്യങ്ങൾ 1:1-4-ൽ വർണിച്ചിരിക്കുന്ന, അതായത് ജ്ഞാനവും ശിക്ഷണവും അറിയൽ, ഗ്രാഹ്യം വിവേചിച്ച് അറിയാനുള്ള പ്രാപ്തിയുണ്ടായിരിക്കൽ, ഉൾക്കാഴ്ചയും നീതിയും ന്യായനിർണയവും പരമാർഥതയും ചിന്താപ്രാപ്തിയും നൽകുന്ന ശിക്ഷണം സ്വീകരിക്കൽ എന്നിവയുൾക്കൊള്ളുന്ന, ഉത്തമ പക്വതാവസ്ഥയിലേക്കു കൊണ്ടുവരാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് “നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ പരിപാടി,” അദ്ദേഹം പ്രഖ്യാപിച്ചു. അത്തരം ആത്മീയ കരുതലുകൾ ഉണ്ടായിരിക്കുന്നത് എന്തൊരു സുരക്ഷയാണ്!
ബിരുദം നേടുന്ന ക്ലാസ്സിനുള്ള ബുദ്ധ്യുപദേശം
ആ പ്രാരംഭ പരാമർശങ്ങൾക്കുശേഷം പിന്നീടു നടന്നത് ബിരുദം നേടുന്ന ക്ലാസ്സിനുള്ള അഞ്ചു ഹ്രസ്വ പ്രസംഗങ്ങളുടെ ഒരു പരമ്പരയായിരുന്നു. ഒരു മുൻ ഗിലെയാദ് അധ്യാപകനും ഇപ്പോൾ ബ്രുക്ലിൻ ആസ്ഥാനയംഗവുമായ ഹരോൾഡ് ജാക്സന്റെ വിഷയം ക്ലാസ്സിനെ ഉദ്ബോധിപ്പിക്കുന്നതായിരുന്നു, “ദൈവിക സംതൃപ്തിയിൽ ഉറച്ചുനിൽക്കുക.” ഒരു ദീർഘകാല മിഷനറിയും ഇപ്പോൾ ഭരണസംഘത്തിലെ ഒരംഗവുമായ ലോയ്ഡ് ബാരി “താഴ്മയോടെ യഹോവയെ സേവിക്കൽ” എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിച്ചു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതിനും, പിന്നെ സഹമിഷനറിമാരോടും തങ്ങൾ സേവിക്കുന്ന സഭയോടും പ്രദേശത്തെ ആളുകളോടുമുള്ള ബന്ധങ്ങളിലും ഈ ഗുണം പ്രധാനമാണെന്ന് അദ്ദേഹം വിശദമാക്കി.
ഇപ്പോൾ ഗിലെയാദ് അധ്യാപകനായി സേവിക്കുന്ന കാൾ ആഡംസ് “വിശ്വാസം നിങ്ങളെ എന്തു ചെയ്യുന്നതിലേക്കു നയിക്കും?” എന്ന ചോദ്യം സയുക്തികം കൈകാര്യം ചെയ്തു. മരുഭൂമിയിലെ അവസ്ഥകളെക്കുറിച്ചു പരാതിപ്പെടുകയും ഈജിപ്തിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുകയും ചെയ്ത ആ ഇസ്രായേല്യരെപ്പോലെ ആകാതിരിക്കാനും, മറിച്ച് കൽദയരുടെ ഊർദേശത്തിലേക്കു തിരിച്ചു പോകാതെ, പ്രശ്നങ്ങൾക്കു പരിഹാരമായി ദൈവരാജ്യത്തിലേക്കു നോക്കിയ അബ്രഹാമിനെപ്പോലെയാകാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. (പുറപ്പാടു 16:2, 3; എബ്രായർ 11:10, 15, 16) ബിരുദംനേടുന്ന ക്ലാസ്സിനുള്ള അനുശാസനം കൊടുക്കാൻ രജിസ്ട്രാറായ യുലിസസ്സ് ഗ്ലാസ്സ് സങ്കീർത്തനം 73-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരമുള്ള ആസാഫിന്റെ അനുഭവം എടുത്തുകാട്ടി. “നിങ്ങളുടെ അനുഗ്രഹങ്ങൾ എണ്ണിനോക്കുവിൻ” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. “യഹോവ കരുതുന്നു” എന്ന വിഷയത്തെക്കുറിച്ചായിരുന്നു ഭരണസംഘത്തിൽനിന്നുള്ള ടീച്ചിങ് കമ്മിറ്റിയംഗമായ ആൽബർട്ട് ഷ്രോഡർ പ്രസംഗിച്ചത്. അത്തരം കരുതലിന്റെ തെളിവായി അദ്ദേഹം ഗിലെയാദ് സ്കൂളിനെത്തന്നെയും പ്രസംഗ-ശിഷ്യരാക്കൽ എന്ന ബൃഹത്വേലയിൽ അതിനുള്ള പങ്കിനെയും ചൂണ്ടിക്കാട്ടി.
പിന്നീട്, “പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അംഗങ്ങൾ” എന്ന വിഷയത്തെക്കുറിച്ച് വാച്ച്ടവർ സൊസൈറ്റിയുടെ പ്രസിഡൻറായ മിൽട്ടൻ ഹെൻഷൽ പ്രസംഗിച്ചപ്പോൾ സദസ്സ് അതിനു സൂക്ഷ്മ ശ്രദ്ധനൽകി. അദ്ദേഹം റോമർ 12-ാം അധ്യായം വായിച്ച് വളരെയധികം വിശദാംശങ്ങളോടെ പരാമർശങ്ങൾ നടത്തി. മറ്റു സംഗതികളുടെ കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു: “സഭയിലെ നമ്മുടെ സഹദാസരുമായി നമുക്കു വളരെ അടുത്ത ബന്ധമാണുള്ളതെന്നു നാം പരിഗണിക്കേണ്ടതുണ്ട്.” പിന്നെ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഓരോരുത്തരും മറ്റൊരാളെ യഹോവയുടെ സ്വത്തായി കരുതുന്നത് എല്ലായ്പോഴും നല്ലതാണ്. വിമർശന മനോഭാവവും കുറ്റം കണ്ടെത്തലും വെടിഞ്ഞ് നമുക്ക് എല്ലായ്പോഴും സഹായിക്കുന്നവരായിരിക്കാം. ക്രിസ്തീയ സഭയുടെ ആത്മീയ ഐക്യം കാത്തുസൂക്ഷിക്കുമ്പോൾ നാം നമ്മെത്തന്നെ സഹായിക്കുന്നു.” മിഷനറി ഭവനങ്ങളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ, സകലർക്കും ഒരേ ഭക്ഷണംതന്നെ കഴിക്കാൻ സാധിക്കില്ലായിരിക്കും എന്ന വസ്തുത കണക്കിലെടുത്തുകൊണ്ട്, അത്തരം സഹായമനോഭാവം കാട്ടാവുന്നതെങ്ങനെയെന്ന് അദ്ദേഹം പ്രകടമാക്കി. ദരിദ്രരായ സഹക്രിസ്ത്യാനികളോടൊപ്പം വയൽസേവനത്തിൽ പങ്കുപറ്റുമ്പോൾ വിമർശനമനോഭാവമല്ല, സഹായമനോഭാവമാണ് ഉണ്ടായിരിക്കേണ്ടത് എന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. നാം യഥാർഥമായും പരസ്പരം സഹായിക്കുന്നവരും കെട്ടുപണിചെയ്യുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമാണെങ്കിൽ, “ഇതുനിമിത്തം യഹോവ നമ്മെ സ്നേഹിക്കും” എന്ന് ഹെൻഷൽ സഹോദരൻ ചൂണ്ടിക്കാട്ടി. തങ്ങൾ വിട്ടുപോകുന്ന സ്ഥലങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ രാജ്യങ്ങളിൽ സേവിക്കാൻപോകുന്ന മിഷനറിമാർക്ക് എന്തൊരു ഉത്കൃഷ്ടമായ അനുശാസനം!
ക്ലാസ്സിനെ അടുത്തറിയൽ
99-ാമത്തെ ക്ലാസ്സിലെ 48 വിദ്യാർഥികൾ ശരാശരി 32 വയസ്സ് പ്രായമുള്ളവരും ഇതിനോടകം 11 വർഷത്തിലധികം മുഴുസമയ ശുശ്രൂഷയിൽ അർപ്പിച്ചിട്ടുള്ളവരുമാണ്.
ബിരുദദാന പരിപാടിയുടെ ഭാഗമായിരുന്ന അഭിമുഖങ്ങളിലൂടെ അവരിൽ ഏതാനും പേരെ അടുത്തറിയുന്നതിനുള്ള അവസരം സദസ്സിനു ലഭിച്ചു. ഐക്യനാടുകളിൽനിന്നുള്ള നിക്കി ലീബിൾ, ഇംഗ്ലണ്ടിൽനിന്നുള്ള സൈമൻ ബോൾട്ടൻ എന്നിവർ യഹോവ തങ്ങളുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റുമെന്ന വിശ്വാസത്തിനു പരിശോധനയായിത്തീർന്ന സംഭവങ്ങൾ വിവരിച്ചു. മുഴുസമയ ശുശ്രൂഷ ഒന്നാം സ്ഥാനത്തു വെച്ചിരുന്ന അവർ യഹോവയുടെ പരിപാലനം രുചിച്ചറിഞ്ഞവരായിരുന്നു.
തന്റെ രാജ്യത്ത് അറബി സംസാരിക്കുന്ന ആളുകളോടു സാക്ഷീകരിക്കുന്നതിനു താൻ അറബി പഠിച്ചുവെന്ന് ഫ്രഞ്ച് സംസാരഭാഷയായ രാജ്യത്തുനിന്നു വരുന്ന ഈസബെൽ കാസാൻ പറഞ്ഞു. 1987-ൽ അവർ അതിനു തുടക്കംകുറിച്ചപ്പോൾ, പാരീസിൽ ഒരു ചെറുകൂട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതായത് ഈ സഹോദരിയെക്കൂടാതെ ആ ഭാഷ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വേറൊരു സഹോദരിയും അറബി സംസാരിക്കുന്ന നാലു സഹോദരന്മാരും മാത്രം. (അത് എളുപ്പമായിരുന്നില്ല. ഉത്തരം പറയാൻ പാകത്തിൽ വീക്ഷാഗോപുരത്തിന്റെ പഠനഭാഗം തയ്യാറാകാൻ അവർ ഓരോ ആഴ്ചയും എട്ടു മണിക്കൂർ ചെലവിടുമായിരുന്നു.) ആ ശ്രമത്തിനു തക്ക പ്രതിഫലമുണ്ടായോ? കൊള്ളാം, അറബി സംസാരിക്കുന്ന സാക്ഷികൾ ഇന്ന് അഞ്ചു സർക്കിട്ടുകളിലായി ഫ്രാൻസിലുടനീളം സംഘടിപ്പിക്കപ്പെട്ടിരിക്കുകയാണ്. തന്റെ രാജ്യമായ ഫിൻലൻഡിലുള്ള ആഫ്രിക്കൻ അഭയാർഥികളോടു പ്രസംഗിക്കാൻ താൻ സ്കൂളിൽവെച്ചു പഠിച്ച ഫ്രഞ്ച് ഭാഷ തന്നെ എങ്ങനെ പ്രാപ്തനാക്കിയെന്നും, കൂടാതെ ബെനിനിലെ തന്റെ മിഷനറി നിയമനത്തിൽ അത് എങ്ങനെ പ്രയോജനപ്പെടുമെന്നും മറ്റൊരു വിദ്യാർഥിയായ മീക്കോ പുരോ പറഞ്ഞു. കാനഡയിലെ ക്യൂബക്കിൽ ഫലപ്രദമായി സേവിക്കുന്നതിനു ഫ്രഞ്ച് ഒഴുക്കോടെ സംസാരിക്കാൻ താൻ എത്ര പാടുപെട്ടുവെന്ന് ബോണി ബോസ് വിവരിച്ചു. ഫെറോ ദ്വീപുകളിൽ സേവിച്ച വർഷങ്ങളിൽ തനിക്കും ഭാര്യക്കും ഉണ്ടായ അനുഭവങ്ങൾ ഡെൻമാർക്കിൽനിന്നുള്ള ബ്യാർക്കി രാസ്മുസൻ വിവരിച്ചു. അതേ, ഈ പുതിയ മിഷനറിമാർ നല്ല അനുഭവപരിചയമുള്ള മുഴുസമയ ശുശ്രൂഷകരാണ്.
ആഫ്രിക്ക, മധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക, പൂർവ യൂറോപ്പ്, പൂർവദേശം എന്നിവിടങ്ങളിലുള്ള 19 രാജ്യങ്ങളിലേക്കാണു ബിരുദധാരികൾക്കു നിയമനം ലഭിച്ചിരിക്കുന്നത്. മുൻ ക്ലാസ്സുകളിൽനിന്നുള്ള ബിരുദധാരികൾ ഇതിനോടകം 200-ലധികം രാജ്യങ്ങളിൽ സേവിച്ചിട്ടുണ്ട്. ആ ബിരുദധാരികളിൽ അനേകരും ഇപ്പോഴും തങ്ങളുടെ നിയമനങ്ങളിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുകയാണ്. ഭൂമിയുടെ അറ്റത്തോളം രാജ്യസാക്ഷ്യം ഇനിയും വ്യാപിപ്പിക്കുന്നതിൽ ഈ പുതിയ മിഷനറിമാർ ഇപ്പോൾ അവരോടൊപ്പം ചേരുകയാണ്.—പ്രവൃത്തികൾ 1:8.
[25-ാം പേജിലെ ചിത്രങ്ങൾ]
വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലെ ക്ലാസ്സുമുറി രംഗങ്ങൾ
[26-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദം നേടുന്ന 99-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ഹെഫി എസ്.; റൈലി ഇ.; മോർട്ടെൻസൻ ഡി.; ഒനബിൾ എ.; ബോൾട്ടൻ ജെ.; പൂൾ ജെ.; സീമസ് ജി.; സോസ എൽ. (2) പഷ്നിറ്റ്സ്കി ബി.; ഷെപേർഡ് ഡി.; പഷ്നിറ്റ്സ്കി ഡബ്ലിയു.; യാർവിനൻ ജെ.; പോൾസൻ കെ.; രാസ്മസൻ ഇ.; ഷ്വേവാ സി.; ഒൾസൻ എൽ. (3) പോൾസൻ ഇ.; സാംസൽ റ്റി.; ബോസ് ബി.; ഹാരിസ് ഇ.; കാസൻ ഐ.; ലീബിൾ എൻ.; സോസ പി.; പുരോ ജെ. (4) ലാഗർ കെ.; ലാഗർ വി.; ഗോൾഡൻ കെ.; ബോൾട്ടൻ എസ്.; ജോൺസൻ എം.; ജോൺസൻ എസ്.; ലീബിൾ എ.; രാസ്മസൻ ബി. (5) ഹാരിസ് ഡി.; സാംസൽ ഡബ്ലിയു.; ഷ്വേവാ ഒ.; ഹെഫി ആർ.; കാസൻ എൽ.; റൈലി റ്റി.; യാർവിനൻ ഒ.; പുരോ എം. (6) മോർട്ടെൻസൻ ഡി.; ഗോൾഡൻ ആർ.; ഒനബിൾ എൽ.; ഷെപേർഡ് എം.; ബോസ് ആർ.; സീമസ് റ്റി.; പൂൾ ഇ.; ഒൾസൻ ജെ.
[27-ാം പേജിലെ ചിത്രങ്ങൾ]
ഇപ്പോഴും തങ്ങളുടെ നിയമനങ്ങളിൽ: (ഇടത്ത്) യഥാക്രമം ഒന്നാമത്തെയും ആറാമത്തെയും ഗിലെയാദ് ക്ലാസ്സ് ബിരുദധാരികളായ ചാൾസ് ലീത്കോയും ഭാര്യ ഫേർനും, ബ്രസീലിൽ; (താഴെ) ഏഴാമത്തെ ഗിലെയാദ് ക്ലാസ്സ് ബിരുദധാരി മാർത്താ ഹെസ്സ്, ജപ്പാനിൽ