“എവിടുന്നാ ഇതിനൊക്കെയുള്ള പണം?”
വാച്ച് ടവർ സൊസൈറ്റി നിർമിച്ച “യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം” എന്ന വീഡിയോ കണ്ടവരിൽ അതു മതിപ്പുളവാക്കി. വ്യത്യസ്ത ജാതികളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നുമുള്ള അരോഗദൃഢഗാത്രരായ സ്ത്രീപുരുഷന്മാർ മന്ദസ്മിതംതൂകി ഒരുമയോടെ ഒന്നിച്ചു ജോലിചെയ്യുന്നത് അവർ അതിൽ കാണുന്നു. സന്തുഷ്ടരായ ആയിരക്കണക്കിനു ജോലിക്കാർ മാത്രമല്ല, ന്യൂയോർക്കിൽ സൊസൈറ്റിയുടെ ബ്രുക്ലിൻ ആസ്ഥാനങ്ങളിലെയും വാൾക്കിൽ ഫാമുകളിലെയും കൂറ്റൻ കെട്ടിടസമുച്ചയങ്ങളും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഈ കെട്ടിടങ്ങളിൽ, മാസംതോറും അനേക ലക്ഷക്കണക്കിനു പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിക്കുന്ന, അതിശീഘ്രം അച്ചടിയും ബൈൻഡിങ്ങും നിർവഹിക്കുന്ന യന്ത്രങ്ങളിലും കമ്പ്യൂട്ടർ ഉപകരണങ്ങളുടെ വൻശേഖരങ്ങളിലും ഇവയെ പിന്തുണയ്ക്കുന്ന മറ്റു സേവനവിഭാഗങ്ങളിലുമെല്ലാം ഉൾക്കൊണ്ടിരിക്കുന്ന അതിനൂതന സാങ്കേതികവിദ്യ ഈ വീഡിയോയിലൂടെ ദൃശ്യമാണ്.
ഇതു വിഭവങ്ങളുടെ ഒരു വൻമുടക്കുമുതലിനെ വിളിച്ചറിയിക്കുന്നു. അതുകൊണ്ട് ചിലർ ചോദിക്കാറുണ്ട്, “എവിടുന്നാ ഇതിനൊക്കെയുള്ള പണം?”
സൊസൈറ്റിയുടെ ലോക ആസ്ഥാനത്തേക്കു വരുന്ന സന്ദർശകരിലും സമാനമായ മതിപ്പുളവാകുന്നു. അവിടെ ജോലിചെയ്യുന്ന 3,000-ത്തിലധികം വരുന്ന സ്വമേധയാശുഷ്രൂഷകരെ താമസിപ്പിക്കാൻ ഉപയോഗിക്കുന്ന പല കെട്ടിടങ്ങളിലൊന്നായ ഒരു പുതിയ 30-നില കെട്ടിടം കാണാനായി സന്ദർശകർ എത്തിനോക്കാറുണ്ട്. ബ്രുക്ലിനു 110 കിലോമീറ്റർ വടക്കുള്ള പുതിയ വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ സന്ദർശനത്തിനു വരുന്ന അനേകരും വിസ്മയംകൊള്ളാറുണ്ട്. ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, 1,200-ഓളം പേർ അതിൽ താമസിക്കുന്നുണ്ട്. വർഷംതോറും മിഷനറിമാർക്കുള്ള രണ്ടു ക്ലാസ്സുകൾ നടത്തി വിദേശനിയമനം നൽകി അയയ്ക്കുന്നത് അവിടെനിന്നാണ്. ഐക്യനാടുകളിലുള്ള യഹോവയുടെ സാക്ഷികളുടെ 10,000-ത്തിലധികം വരുന്ന സഭകൾക്കുള്ള നിർദേശങ്ങൾ നൽകുന്നതും അവിടെനിന്നുതന്നെ. ലോകമെമ്പാടുമുള്ള അനേകം ബ്രാഞ്ചുകളും ഈയിടെ തങ്ങളുടെ സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്, അല്ലെങ്കിൽ അങ്ങനെ ചെയ്യുന്ന പ്രക്രിയയിലാണ്. ഈ പ്രവർത്തനങ്ങളെല്ലാം നിർവഹിക്കുന്നതിനു നല്ലൊരു സംഖ്യ പണം ആവശ്യമാണ്. അതിനാൽ ആളുകൾ ചോദിക്കുന്നു, “എവിടുന്നാ ഇതിനൊക്കെയുള്ള പണം?”
ഉത്തരം ഇതാണ്, പണം വരുന്നത് നമ്മിൽ ഓരോരുത്തരെയും പോലുള്ള സാധാരണ വ്യക്തികളിൽനിന്നാണ്. പ്രസംഗ-പഠിപ്പിക്കൽവേല എന്ന ജീവത്പ്രധാനമായ ക്രിസ്തീയവേലയെ ഉന്നമിപ്പിക്കാൻ തങ്ങളാലാവുന്ന സകലതും ചെയ്യാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള വ്യക്തികളാണവർ. സ്നേഹത്താൽ പ്രചോദിതമായ ഹൃദയമുള്ളവർ. മനസ്സൊരുക്കത്തിന്റേതായ അത്തരം മനോഭാവം പണ്ടും ഉണ്ടായിരുന്നു.
പുരാതന ഇസ്രായേൽ വെച്ച മാതൃക
3,500 വർഷങ്ങൾക്കുമുമ്പ്, ഔദാര്യപൂർവം സംഭാവന നടത്തേണ്ടതിന്റെ ആവശ്യമുയർന്നു. ആരാധനയിൽ ഉപയോഗിക്കേണ്ടതിന് ഒരു “സമാഗമനകൂടാരം” നിർമിക്കാൻ യഹോവ മോശയോട് ആവശ്യപ്പെട്ടിരുന്നു. ദൈവം കൊടുത്ത രൂപസംവിധാനപ്രകാരം പണിയണമെങ്കിൽ വിലപിടിപ്പുള്ള പല സാധനങ്ങളും വേണമായിരുന്നു. യഹോവ ഇപ്രകാരം കൽപ്പിച്ചു: “നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്കു ഒരു വഴിപാടു [“സംഭാവന,” NW] എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.” (പുറപ്പാടു 35:4-9) ആളുകളുടെ പ്രതികരണം എങ്ങനെയായിരുന്നു? “ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു [“സംഭാവന,” NW] കൊണ്ടുവന്നു” എന്നു വിവരണം നമ്മോടു പറയുന്നു. “യഹോവ ചെയ്യാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധിക”മാകുമാറ് അത്രയ്ക്കു കുന്നുകൂടി ഈ “സ്വമേധാദാനം.” (പുറപ്പാടു 35:21-29; 36:3-5) ആ ആളുകൾ എന്തൊരു നിസ്വാർഥമായ, ഔദാര്യമായ മനോഭാവമായിരുന്നു പ്രകടമാക്കിയത്!
അതിന് ഏതാണ്ട് 500 വർഷങ്ങൾക്കുശേഷം, ഇസ്രായേല്യർ ഔദാര്യപൂർവം സംഭാവന ചെയ്യണമെന്നൊരു അഭ്യർഥന വീണ്ടുമുണ്ടായി. യെരുശലേമിൽ യഹോവയ്ക്കു സ്ഥിരമായൊരു ആലയം നിർമിക്കാനുള്ള ദാവീദ് രാജാവിന്റെ ആഗ്രഹം തന്റെ പുത്രനായ ശലോമോനിലൂടെ സാക്ഷാൽക്കരിക്കപ്പെടാൻപോകുകയായിരുന്നു. ആവശ്യമായിരുന്ന സംഗതികളുടെ നല്ലൊരു പങ്കു ദാവീദുതന്നെ സ്വരൂപിച്ചു സംഭാവന ചെയ്തു. “യഹോവെക്കു കരപൂരണം [“ഒരു ദാനം, NW]” കൊണ്ടുവരാനായി ദാവീദ് ഒരു ആഹ്വാനം നടത്തിയപ്പോൾ മറ്റുള്ളവർ അത് അനുസരിച്ചു. ഫലമോ? “ജനം മനഃപൂർവ്വമായി [“സ്വമേധയായി,” NW] കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ [“പൂർണഹൃദയത്തോടെ,” NW] മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.” (1 ദിനവൃത്താന്തം 22:14; 29:3-9) വെള്ളിക്കും സ്വർണത്തിനും മാത്രം ഇപ്പോഴത്തെ വിലയനുസരിച്ച് ഏതാണ്ട് 5,000 കോടി ഡോളർ വിലവരും!—2 ദിനവൃത്താന്തം 5:1.
ഈ മാതൃകകളിലെല്ലാം നമുക്ക് ഒരു പ്രത്യേകത കാണാനാവും. കൊടുക്കാൻവേണ്ടി ആരും ആരെയും നിർബന്ധിച്ചില്ല. കൊടുക്കൽ തികച്ചും “സ്വമേധയാ”യും “പൂർണഹൃദയത്തോടെ”യുമായിരുന്നു. അല്ലായെങ്കിൽ യഹോവ അതിൽ പ്രീതിപ്പെടുമായിരുന്നില്ല. അതുപോലെ, ദരിദ്രരായ ക്രിസ്ത്യാനികൾക്കുവേണ്ടി പണം സംഭാവന ചെയ്യേണ്ട ആവശ്യം വന്നപ്പോൾ, അതു “നിർബന്ധംമൂല”മായിരിക്കാൻ പാടില്ലായിരുന്നു എന്നു പൗലോസ് എഴുതി. എന്നാൽ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചുവേണം പ്രവർത്തിക്കാൻ, വൈമനസ്യത്തോടെയോ നിർബന്ധത്തിനു കീഴ്വഴങ്ങിയോ ആകരുത്. സന്തോഷപൂർവം നല്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്.”—2 കോറിന്തോസ് 9:5, 7, പി.ഒ.സി. ബൈബിൾ.
ഇന്നത്തെ ആവശ്യം
ഇന്നു സംഭാവനകളുടെ ആവശ്യമുണ്ടോ? തീർച്ചയായും ഉണ്ട്. സമയം കടന്നുപോകുന്നതോടെ ഇനിയും ആവശ്യമേറും. എന്തുകൊണ്ട്?
അന്ത്യകാലത്തെ ക്രിസ്ത്യാനികൾക്കു സ്പഷ്ടമായ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു [“പഠിപ്പിച്ചുംകൊണ്ട്, NW) സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നു യേശു തന്റെ ശിഷ്യന്മാരോടു കൽപ്പിച്ചു.—മത്തായി 28:19, 20.
“വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെ അവസാനത്തോടു നാം എന്നത്തെക്കാളേറെ അടുത്തുകൊണ്ടിരിക്കുമ്പോൾ, പ്രസംഗ-പഠിപ്പിക്കൽ എന്ന ഈ വലിയ വേല പൂർത്തീകരിക്കുന്നതിനു ഗണ്യമായ സമയവും വിഭവങ്ങളും ആവശ്യമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ‘ഭൂമിയുടെ അറ്റത്തോളം’ ദൈവരാജ്യത്തിന്റെ സന്ദേശം എത്തിക്കണം. (പ്രവൃത്തികൾ 1:8) അതു ചെലവേറിയ സംഗതിയാണ്. ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരെപ്പോലെ, മിക്കയാളുകളും തിരുവെഴുത്തുകൾ സംബന്ധിച്ച് അത്ര പ്രാവീണ്യരല്ല. വാസ്തവത്തിൽ, ഭൂവാസികളിൽ ഗണ്യമായ ഒരു വിഭാഗത്തിനു ബൈബിളുമായി നല്ല പരിചയംപോലുമില്ല, അതിനെ ദൈവവചനമായി കരുതുന്നുമില്ല. പ്രസംഗകരെ പരിശീലിപ്പിച്ചു വിദൂര നാടുകളിലേക്ക് അയയ്ക്കേണ്ടതുണ്ട്. (റോമർ 10:13-15) ഉൾപ്പെട്ടിരിക്കുന്ന ഭാഷകളുടെ എണ്ണമൊന്നു നോക്കുക! പ്രസംഗം കേൾക്കുന്നവർക്കു തങ്ങളുടെ സ്വന്തം ഭാഷയിൽ വായിച്ചുപഠിക്കാൻ ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും ഉണ്ടായിരിക്കണം. എല്ലാവരിലേക്കും ആസൂത്രിതമായി എത്തിച്ചേരുന്നതിനും അവർക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയേണ്ടതിന് അവരെ ക്രമാനുഗതമായി ആത്മീയ പക്വതയിലേക്കു കൊണ്ടുവരുന്നതിനും വിപുലമായ തോതിലുള്ള സംഘാടനം ആവശ്യമാണ്.—2 തിമൊഥെയൊസ് 2:2.
“രാജ്യത്തിന്റെ . . . സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെട”ണമെന്നാണു യേശു പറഞ്ഞിരിക്കുന്നത്. (മത്തായി 24:14) അതുകൊണ്ട്, ആ ജീവത്പ്രധാന വേല പൂർത്തീകരിക്കാൻ നമ്മളാലാവുന്ന സകലവും അർപ്പിക്കാനുള്ള സമയം ഇപ്പോഴാണ്. ഭൗതിക സമ്പത്തിനു പ്രായോഗിക മൂല്യമില്ലാതായിത്തീരുന്നതിനുമുമ്പായി നമ്മുടെ വിഭവങ്ങളെ ഇതിനെക്കാൾ മികച്ച രീതിയിൽ വിനിയോഗിക്കാനാവില്ല.—യെഹെസ്കേൽ 7:19; ലൂക്കൊസ് 16:9.
പണം എങ്ങോട്ടു പോകുന്നു?
വാച്ച് ടവർ സൊസൈറ്റി 230-ലധികം ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടാതെ അന്ധർക്കുവേണ്ടി ബ്രയിലിലും ബധിരർക്കുവേണ്ടി ആംഗ്യഭാഷയിലുള്ള വീഡിയോയും നിർമിക്കുന്നുണ്ട്. അതിനായി ഓരോ ഭാഷയിലും പരിഭാഷകരുടെയും പ്രൂഫ്വായനക്കാരുടെയും സംഘങ്ങളെ ആവശ്യമാണ്. വിശേഷിച്ച് മാസംതോറും 101 ഭാഷകളിൽ ഏകകാലികമായി, എന്നാൽ മൊത്തം 121 ഭാഷകളിൽ വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്ന വേലയുടെ കാര്യംമാത്രം കണക്കിലെടുത്താൽത്തന്നെ, അതു നമ്മുടെ ഭാവനയ്ക്കു വഴങ്ങാൻ പ്രയാസമായിരിക്കും. എന്നാൽ അത് അവശ്യ സംഗതിതന്നെ. കാരണം ഭൂവ്യാപകമായി ആളുകൾക്ക് ഒരേ വിവരംതന്നെ ലഭിക്കുന്നതിനും വായിക്കുന്നതിനും സാധിക്കുന്നു. (1 കൊരിന്ത്യർ 1:10) രാജ്യസന്ദേശം അച്ചടിച്ചോ, ഓഡിയോ, വീഡിയോ പോലുള്ള റെക്കോഡിങ്ങുകളുടെ രൂപത്തിലോ നിർമിക്കുന്നതിനാവശ്യമായ കടലാസ്സുകളുടെയും മറ്റു സാധനങ്ങളുടെയും വിലയിൽ വർഷംതോറും വർധനവുണ്ടാവുന്നു. അത്തരം ചെലവുകൾ നികത്തേണ്ടതു സഹോദരങ്ങളിൽനിന്നുള്ള സംഭാവനകൾ ഉപയോഗിച്ചുകൊണ്ടാണ്.
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായുള്ള 75,000-ത്തിലധികംവരുന്ന സഭകൾ തങ്ങളുടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ പ്രസംഗ-പഠിപ്പിക്കൽവേല നിർവഹിക്കുകയാണ്. അവരെ ഏകോപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പരിശീലനം ലഭിച്ച സഞ്ചാരമേൽവിചാരകന്മാർ ഓരോ സഭയെയും വർഷത്തിൽ രണ്ടുപ്രാവശ്യം സന്ദർശിക്കുന്നു. പ്രബോധനങ്ങൾ പ്രദാനംചെയ്യുന്നതിൽ സമ്മേളനങ്ങളും ഒരു മർമപ്രധാന പങ്കു വഹിക്കുന്നുണ്ട്. വിശ്വാസത്തെ അത്യധികം ബലിഷ്ഠമാക്കുന്ന കൺവെൻഷനുകൾക്കുവേണ്ടി വലിയ ഹാളുകൾ വാടകയ്ക്കെടുക്കണം. ഈ ആവശ്യങ്ങൾക്കുവേണ്ടിയും നിങ്ങളുടെ സംഭാവന ഉപയോഗപ്പെടുത്തുന്നു.
വർഷംതോറും സാധാരണമായി മൂന്നു സമ്മേളനങ്ങളേ നടത്തപ്പെടുന്നുള്ളൂവെങ്കിലും, പ്രാദേശിക സഭകൾ വാരത്തിൽ അഞ്ചുപ്രാവശ്യം സമ്മേളിക്കുന്നു. (പുറപ്പാടു 34:23, 24 താരതമ്യം ചെയ്യുക.) സുവാർത്തയോടു പ്രതികരിച്ചെത്തുന്ന പുതിയവരുടെ പ്രവാഹം നിമിത്തം വർഷംതോറും കൂടുതലായി ആയിരക്കണക്കിനു പുതിയ സഭകൾ സ്ഥാപിക്കേണ്ടിവരുന്നു. സൊസൈറ്റി ലഭ്യമാക്കുന്ന കോടിക്കണക്കിനു രൂപയുടെ വായ്പാ സൗകര്യം ഉപയോഗിച്ച് നൂറുകണക്കിനു പുതിയ രാജ്യഹാളുകൾ വർഷംതോറും നിർമിക്കപ്പെടുന്നു, മറ്റനേകം രാജ്യഹാളുകൾ പുതുക്കപ്പെടുകയോ വിപുലീകരിക്കപ്പെടുകയോ ചെയ്യുന്നു. ഒരേ ഫണ്ടു തന്നെ ആവർത്തിച്ചാവർത്തിച്ചാണ് ഉപയോഗിക്കുന്നതെങ്കിലും, ആവശ്യം സദാ വർധിച്ചുകൊണ്ടിരിക്കുകയാണ്.
അഭൂതപൂർവമായ വളർച്ചയുള്ള ഒരു പ്രദേശമാണ് മുൻസോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്ന പൂർവയൂറോപ്യൻ രാഷ്ട്രങ്ങൾ. ഈ പ്രദേശങ്ങൾ വേലയ്ക്കായി തുറന്നുകിട്ടിയതിന്റെ വാർത്തകൾ ഒന്നിനുപിറകെ ഒന്നായി കേൾക്കാറായത് എത്ര സന്തോഷകരം! ഈ രാജ്യങ്ങളിൽ പലതിലേക്കും ഇപ്പോൾ മിഷനറിമാരെ അയയ്ക്കുകയാണ്. ചില രാജ്യങ്ങളിൽ പുതിയ ബ്രാഞ്ചുകളും സ്ഥാപിച്ചിരിക്കുന്നു. അങ്ങനെ ലോകവ്യാപകമായ ബെഥേൽ കുടുംബാംഗങ്ങളായ സ്വമേധയാ ശുശ്രൂഷകരുടെ എണ്ണം 15,000-ത്തിലധികമായി വർധിച്ചിരിക്കുന്നു. തീർച്ചയായും, അവരെ താമസിപ്പിക്കാൻ ബ്രാഞ്ച് കെട്ടിടങ്ങൾ വാങ്ങുകയോ നിർമിക്കുകയോ വേണം. ഈ ആവശ്യം നിറവേറ്റുന്നതു നിങ്ങളുടെ സംഭാവനയാണ്.
ഈ വേലകളെല്ലാം സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല. യഹോവയുടെ വിശ്വസ്ത ദാസന്മാരുടെ ഉദ്യമങ്ങളെ തടസ്സപ്പെടുത്താൻ, അല്ലെങ്കിൽ അവർക്കു പ്രശ്നങ്ങളുണ്ടാക്കാൻ തങ്ങളാലാവുന്നതെല്ലാം അവർ ചെയ്യുന്നുണ്ട്. (വെളിപ്പാടു 12:17) അതിനർഥം പ്രസംഗിക്കാനും ദൈവത്തിന്റെ നീതിനിഷ്ഠമായ നിയമങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുമുള്ള ദൈവജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടത്തേണ്ടിവരുന്ന നിയമയുദ്ധങ്ങളുടെ വർധിച്ചുവരുന്ന ഭാരവും പേറണമെന്നാണ്. അതോടൊപ്പം, സാത്താന്റെ വ്യവസ്ഥിതിയിലെ യുദ്ധക്കെടുതികൾ, പ്രകൃതി വിപത്തുകൾ എന്നിവനിമിത്തം കഷ്ടപ്പെടുന്ന നമ്മുടെ സഹോദരീസഹോദരന്മാർക്കും അവരോടൊപ്പമുള്ള മറ്റുള്ളവർക്കും പലപ്പോഴും ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കേണ്ടിവരുന്നു. ഈ മർമപ്രധാനമായ സഹായം സാധ്യമാക്കുന്നതും നിങ്ങളുടെ സംഭാവനതന്നെ.
യഹോവ നിങ്ങൾക്കു പ്രതിഫലം തരും
കർത്താവിന്റെ വേലയെ ഉന്നമിപ്പിക്കുന്നതിനു നമ്മുടെ സമയവും വിഭവങ്ങളും ഔദാര്യപൂർവം ഉപയോഗിക്കുന്നതു മഹത്തരമായ അനുഗ്രഹങ്ങൾ കൈവരുത്തും. അതെങ്ങനെ? ആത്യന്തികമായി സകലതും ദൈവത്തിന്റേതാണ്. അവൻ നമുക്കു പ്രതിഫലം നൽകും. “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവനു തണുപ്പു കിട്ടും” എന്നു സദൃശവാക്യങ്ങൾ 11:25 പ്രസ്താവിക്കുന്നു. യഹോവയുടെ ആരാധന ഉന്നമിപ്പിക്കുന്നതിൽ നാം നമ്മുടെ പങ്കു നിർവഹിക്കുമ്പോൾ യഹോവ അതിൽ തീർച്ചയായും സംപ്രീതനാവും. (എബ്രായർ 13:15, 16) ന്യായപ്രമാണത്തിൻ കീഴിൽ ആവശ്യമായിരുന്ന സംഭാവനകൾ കൊണ്ടുവരേണ്ടിയിരുന്ന പുരാതന ഇസ്രായേല്യരോട് അവൻ ഇങ്ങനെ വാഗ്ദാനം ചെയ്തു: “ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാഖി 3:10) ദൈവം തന്റെ വാഗ്ദാനം നിറവേറ്റുന്നു എന്നതിനുള്ള തെളിവാണ് യഹോവയുടെ ദാസന്മാർ ഇന്ന് ആസ്വദിക്കുന്ന ആത്മീയ അഭിവൃദ്ധി.
രക്ഷാദിവസത്തെക്കുറിച്ചു സകലരോടും പ്രഖ്യാപിക്കുകയും ജീവനിലേക്കുള്ള വഴിയിൽ പരമാർഥഹൃദയരെ സഹായിക്കുകയും ചെയ്യുന്ന ഈ മഹത്തായ വേല എക്കാലത്തും തുടരാൻപോകുന്നില്ല. (മത്തായി 7:14; 2 കൊരിന്ത്യർ 6:2) എന്നാൽ കർത്താവിന്റെ “വേറെ ആടുകളി”ൽപ്പെട്ട എല്ലാവരും കൂട്ടിവരുത്തപ്പെടണം. (യോഹന്നാൻ 10:16) ഇന്ന് ആ വെല്ലുവിളിയെ നേരിടേണ്ടത് എത്ര അത്യാവശ്യമാണ്! നൈതികമായ ആ പുതിയ ലോകത്തിൽനിന്നുകൊണ്ട് പിന്നോട്ടു നോക്കി, ‘അവസാനത്തെ കൂട്ടിവരുത്തൽവേലയിൽ ഞാൻ മുഴുവനായി പങ്കുകൊണ്ടു’ എന്നു നമുക്കു പറയാൻ കഴിയുന്നെങ്കിൽ, നാം ഓരോരുത്തരും എത്ര സന്തുഷ്ടരായിരിക്കും!—2 പത്രൊസ് 3:13.
[30, 31 പേജുകളിലെ ചതുരം]
ചിലർ രാജ്യപ്രസംഗവേലക്കു സംഭാവന കൊടുക്കുന്ന വിധം
ലോകവ്യാപകവേലക്കുള്ള സംഭാവനകൾ: “സൊസൈററിയുടെ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുന്നു അഥവാ ബജററിൽ ഉൾപ്പെടുത്തുന്നു. ഓരോമാസവും സഭകൾ ഈ തുക ഏററവും അടുത്തുള്ള വാച്ച്ടവർ സൊസൈറ്റി ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കുന്നു.
ദാനങ്ങൾ: സ്വമേധയാദാനമായുള്ള പണം Watch Tower Bible and Tract Society-ലേക്കു നേരിട്ട് അയയ്ക്കാവുന്നതാണ്. കൂടാതെ ആഭരണങ്ങളോ വിലയേറിയ മററു വസ്തുക്കളോ സംഭാവന ചെയ്യാവുന്നതാണ്. ഈ സംഭാവനകളോടൊപ്പം അവ നിരുപാധികമായ ഒരു ദാനമാണെന്നു ചുരുക്കമായി പ്രസ്താവിക്കുന്ന ഒരു കത്തും അയയ്ക്കേണ്ടതാണ്.
സോപാധിക സംഭാവനാ ക്രമീകരണം: വ്യക്തിപരമായ ആവശ്യം വരുന്നപക്ഷം തിരിച്ചുതരണമെന്നുള്ള വ്യവസ്ഥയിൽ, ദാതാവിന്റെ മരണംവരെ പണം ഒരു ട്രസ്ററായി സൂക്ഷിക്കാൻ വാച്ച് ടവർ സൊസൈററിയെ ഏൽപ്പിക്കാവുന്നതാണ്.
ഇൻഷ്വറൻസ്: ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയുടെയോ അവകാശിയായി വാച്ച് ടവർ സൊസൈററിയുടെ പേർ വയ്ക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈററിയെ അറിയിച്ചിരിക്കണം.
ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്കുനിയമങ്ങൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപസർട്ടിഫിക്കററുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച് ടവർ സൊസൈററിയിൽ ട്രസ്ററായി അല്ലെങ്കിൽ മരണത്തിങ്കൽ ലഭിക്കാവുന്നതായി ഏൽപ്പിക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈററിയെ അറിയിച്ചിരിക്കണം.
സ്റേറാക്കുകളും ബോണ്ടുകളും: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ വരുമാനം തുടർന്നും ദാതാവിനു ലഭിക്കുന്ന ക്രമീകരണത്തിൻകീഴിലോ സ്റേറാക്കുകളും ബോണ്ടുകളും വാച്ച് ടവർ സൊസൈററിക്കു ദാനമായി നൽകാവുന്നതാണ്.
സ്ഥാവരവസ്തു: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ ആയുഷ്ക്കാലാവകാശം നിലനിർത്തിക്കൊണ്ടോ, വിൽക്കാവുന്ന സ്ഥാവരവസ്തു വാച്ച് ടവർ സൊസൈററിക്കു ദാനം ചെയ്യാവുന്നതാണ്, ദാതാവിന്റെ ആയുഷ്പര്യന്തം അയാൾക്ക് അവിടെ താമസിക്കാം. ഏതെങ്കിലും സ്ഥാവരവസ്തു സൊസൈററിക്ക് ആധാരം ചെയ്യുന്നതിനുമുമ്പായി സൊസൈററിയുമായി സമ്പർക്കം പുലർത്തണം.
വിൽപ്പത്രങ്ങളും ട്രസ്ററുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്തുവോ പണമോ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിക്ക് ഒസ്യത്തായി നൽകാവുന്നതാണ്. അല്ലെങ്കിൽ ഒരു ട്രസ്ററ് ക്രമീകരണത്തിന്റെ അവകാശിയായി സൊസൈററിയുടെ പേർ കൊടുക്കാവുന്നതാണ്. ഒരു മതസ്ഥാപനത്തിനു വേണ്ടിയുള്ള ട്രസ്ററ് ചില നികുതിയിളവുകൾ പ്രദാനം ചെയ്തേക്കാം. വിൽപ്പത്രത്തിന്റെ അല്ലെങ്കിൽ ട്രസ്ററ്കരാറിന്റെ ഒരു പകർപ്പു സൊസൈററിക്ക് അയച്ചുകൊടുക്കേണ്ടതാണ്.
[ഇന്ത്യയിൽ ബാധകമല്ലാത്തതിനാൽ പരിഭാഷപ്പെടുത്തിയിട്ടില്ല]
ഇങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരത്തിന്, Watch Tower Bible and Tract Society of India, H-58 Old Khandala Road, Lonavla 410401, Mah., India-യിലേക്കോ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച് ഓഫീസിലേക്കോ എഴുതുക.