നിങ്ങൾക്ക് കൊടുക്കൽ മനോഭാവമുണ്ടോ?
കൊടുക്കുന്നതിന് ആളുകളെ പ്രചോദിപ്പിക്കുന്ന ഒന്നിലധികം പ്രേരകശക്തികൾ ഉള്ളതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു സമ്മാനം സ്നേഹത്തിന്റെയോ ഉദാരതയുടെയോ വിലമതിപ്പിന്റെയോ പ്രകടനമാകാം. എങ്കിലും, പ്രീതിനേടണമെന്ന ആഗ്രഹവും ഒരു വ്യക്തിയെ സമ്മാനം കൊടുക്കാൻ പ്രേരിപ്പിച്ചേക്കാമെന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? അതല്ല, കേവലം കടമ നിർവഹിക്കണമെന്ന തോന്നലിനാലോ കൊടുക്കുന്നയാൾക്കു തിരിച്ച് എന്തെങ്കിലും ആവശ്യമുള്ളതിനാലോ സമ്മാനം നൽകുന്നുവെന്നും വരാം.
മനോഹരമായ റിബൺകൊണ്ടു കെട്ടിയ ഒരു പൊതിയിലായിരിക്കാം സമ്മാനം. എന്നാൽ പൂക്കളുടെ ഒരു ബൊക്കെയോ ഒരു ഭക്ഷണവിഭവമോ ഒരു ദയാപ്രവൃത്തിയോ പോലും ഒരു നല്ല സമ്മാനമായിരിക്കാമെന്നതു സത്യമല്ലേ? വാസ്തവത്തിൽ, ഒരുവൻ സ്വയം ലഭ്യമാക്കിത്തീർക്കുന്നതാണ് ഒട്ടുമിക്കപ്പോഴും ഏറ്റവുമധികം വിലമതിക്കപ്പെടുന്ന സമ്മാനങ്ങൾ.
നിങ്ങൾ പ്രീതിനേടാൻ ആഗ്രഹിക്കുന്ന ഒരാളുണ്ടോ?
താൻ ആരുടെ പ്രീതിനേടാൻ ആഗ്രഹിക്കുന്നുവോ അയാൾക്കു സമ്മാനം കൊടുക്കുന്നത് ഒരാളെ സംബന്ധിച്ചിടത്തോളം അസാധാരണമല്ല. ചില നാടുകളിൽ, പ്രതിശ്രുത വധുവിന്റെ ഹൃദയം കവരാൻ ആഗ്രഹിക്കുന്ന ഒരു യുവാവ് അവൾക്കു പുഷ്പങ്ങൾ നൽകിയെന്നുവരാം. എങ്കിലും, ബുദ്ധിമതിയായ സ്ത്രീ സമ്മാനത്തിനുമപ്പുറം കാണുന്നു. യുവാവിന്റെ സമ്മാനത്തിനു പിന്നിലുള്ള ചേതോവികാരം അയാളെ ഒരു നല്ല ഭർത്താവുകൂടി ആക്കിത്തീർക്കുന്ന സ്നേഹനിർഭരമായ ഒന്നാണോ എന്ന് അവൾ പരിചിന്തിക്കും. ഒരു ദൈവിക മനോഭാവം പ്രതിഫലിപ്പിക്കുന്നപക്ഷം, അത്തരമൊരു സമ്മാനത്തിനു ദാതാവിനെയും സ്വീകർത്താവിനെയും അത്യധികം സന്തോഷത്തിലേക്കു നയിക്കാൻ കഴിയും.
ഒരിക്കൽ, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ, ദൈവം ദാവീദിനെ ഇസ്രായേലിന്റെ ഭാവി രാജാവായി തിരഞ്ഞെടുത്തത് അംഗീകരിച്ചുകൊണ്ട് അവനുവേണ്ടി ഔദാര്യപൂർവകമായി സമ്മാനം ഒരുക്കിയതായി ബൈബിൾ പറയുന്നു. അവളും പ്രീതിതേടി. അവളുടെ ഭർത്താവ് ദാവീദിനെ പുച്ഛിക്കുകയും അവന്റെ ആളുകളുടെമേൽ ശകാരവർഷം ചൊരിയുകയും ചെയ്തിരുന്നു. 400 സായുധ സൈനികരുടെ നേതൃത്വത്തിൽ ദാവീദ് നാബാലിനെയും കുടുംബത്തെയും വകവരുത്താൻ ഇറങ്ങിത്തിരിച്ചു. പെട്ടെന്നുതന്നെ ദാവീദിന്റെ ആളുകൾക്കു ഭക്ഷ്യവസ്തുക്കളടങ്ങിയ ഒരു അകമഴിഞ്ഞ സമ്മാനം അയച്ചുകൊണ്ട് അബീഗയിൽ ഇടപെട്ടു. സമ്മാനം അയച്ച പിറകെ അവളും എത്തിച്ചേർന്നു. ഭർത്താവിന്റെ പ്രവൃത്തിക്കുവേണ്ടി താഴ്മയോടെ ക്ഷമാപണം നടത്തിക്കൊണ്ട് ദാവീദുമായി ന്യായവാദം ചെയ്തപ്പോൾ അവൾ വലിയ വിവേചനയ്ക്കു തെളിവു നൽകി.
അവളുടേതു സദുദ്ദേശ്യമായിരുന്നു, പരിണതഫലവും നല്ലതായിരുന്നു. ദാവീദ് അവളുടെ സമ്മാനം സ്വീകരിച്ചശേഷം അവളോടു പറഞ്ഞു: “സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാൻ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു.” പിന്നീട്, നാബാൽ മരിച്ച ശേഷം അബീഗയിലിനോടു ദാവീദ് വിവാഹാഭ്യർഥന നടത്തി, അവൾ സസന്തോഷം സമ്മതിക്കുകയും ചെയ്തു.—1 ശമൂവേൽ 25:13-42.
എന്നാൽ, ചിലപ്പോൾ ഒരു വ്യക്തി തേടുന്ന പ്രീതിയിൽ പക്ഷപാതമോ നിയമത്തിന്റെ വളച്ചൊടിക്കലോ ഉൾപ്പെടുന്നുവെന്നു വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ നൽകുന്ന സമ്മാനം കൈക്കൂലിയാണ്. തനിക്കു പ്രയോജനം ലഭിക്കുമെന്നാണു നൽകുന്നയാൾ ചിന്തിക്കുന്നത്, എന്നാൽ അത് അയാളുടെ മനസ്സമാധാനം കെടുത്തിക്കളയും. മറ്റുള്ളവർ അതു കണ്ടുപിടിച്ചു കണക്കു ബോധിപ്പിക്കാൻ അയാളെ ബാധ്യസ്ഥനാക്കുമെന്ന അപകടവും എല്ലായ്പോഴുമുണ്ട്. ആഗ്രഹിക്കുന്ന പ്രീതി ലഭ്യമായാലും, ചോദ്യം ചെയ്യത്തക്ക ആന്തരങ്ങളുള്ളവനായി താൻ അറിയപ്പെടുന്നുവെന്ന് അതു തേടിയവൻ കണ്ടെത്തിയേക്കാം. ദൈവിക ജ്ഞാനം പ്രതിഫലിപ്പിച്ചുകൊണ്ടു ബൈബിൾ അത്തരം സമ്മാനങ്ങൾക്കെതിരെ മുന്നറിയിപ്പു നൽകുന്നു.—ആവർത്തനപുസ്തകം 16:19; സഭാപ്രസംഗി 7:7.
സമ്മാനം മനസ്സൊരുക്കമുള്ള ഒരു ഹൃദയത്തിൽനിന്നാണോ വരുന്നത്?
നിങ്ങൾ സ്നേഹിക്കുന്നയാൾക്കു നിങ്ങളുടെ ആഗ്രഹപ്രകാരം സമ്മാനം നൽകുന്നത്, അങ്ങനെ ചെയ്യണമെന്ന തോന്നൽ മറ്റുള്ളവർ നിങ്ങളിൽ ജനിപ്പിക്കുന്നതുമൂലം നിങ്ങൾ കൊടുക്കുന്നതിനെക്കാൾ ഏറെ സന്തുഷ്ടി കൈവരുത്തുമെന്നതിൽ യാതൊരു സംശയവുമില്ല.
ഭൗതിക സഹായം ആവശ്യമുള്ള സഹക്രിസ്ത്യാനികൾക്കുവേണ്ടി ദുരിതാശ്വാസ വിതരണ വസ്തുക്കൾ സംഭരിക്കുന്നതിനോടുള്ള ബന്ധത്തിൽ അപ്പോസ്തലനായ പൗലോസ് ദൈവികമായ കൊടുക്കലിനു ചില മഹത്തായ തത്ത്വങ്ങൾ രൂപകൽപ്പന ചെയ്യുകയുണ്ടായി. “മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും” എന്ന് അവൻ എഴുതി. “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” എന്ന് അവൻ കൂട്ടിച്ചേർത്തു. (2 കൊരിന്ത്യർ 8:12; 9:7) അങ്ങനെ, അധികവും നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. വാരിക്കോരി സമ്മാനം കൊടുത്തു കടത്തിൽ മുങ്ങുന്നതിനു പകരം ത്രാണിക്കൊത്തവണ്ണമാണോ നിങ്ങൾ അതു ചെയ്യുന്നത്? സാമൂഹികമോ വാണിജ്യപരമോ ആയ സമ്മർദം നിമിത്തം ഒരു നിർബന്ധിത മനോഭാവത്താൽ കൊടുക്കുന്നതിനുപകരം ഹൃദയത്തിൽ നിശ്ചയിച്ചതുപോലെയാണോ നിങ്ങൾ കൊടുക്കുന്നത്? അത്തരം ദൈവിക തത്ത്വങ്ങൾ ബാധകമാക്കിയ ആദിമ ക്രിസ്ത്യാനികളെക്കുറിച്ചു പൗലോസ് ഇങ്ങനെ എഴുതി: “വിശുദ്ധരെ ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യത്തിൽ തങ്ങളെക്കൂടി ഭാഗഭാക്കുകളാക്കണമെന്ന് അവർ ഞങ്ങളോട് തീവ്രമായി അപേക്ഷിച്ചു.”—2 കൊരിന്ത്യർ 8:4, പി.ഒ.സി. ബൈബിൾ.
നേരേമറിച്ച്, 1994 നവംബർ/ഡിസംബറിലെ റോയൽ ബാങ്ക് ലെറ്റർ ക്രിസ്മസ് വരെയുള്ള ആഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞു: “ഉപഭോക്താക്കൾ സാധാരണഗതിയിൽ വാങ്ങിക്കുകയില്ലാത്ത സാധനങ്ങൾ വാങ്ങാൻ അവരെ പ്രേരിപ്പിക്കുന്നതിനു ബിസിനസ് താത്പര്യക്കാർ ഉണർത്തിവിടുന്ന കൃത്രിമ ആവേശത്തിമിർപ്പിന്റെ നാളുകളായി വിശേഷദിവസക്കാലം കാണപ്പെട്ടേക്കാം.” സാധനങ്ങൾ കടം വാങ്ങുന്നപക്ഷം, സമ്മാനങ്ങൾ കൊടുക്കുന്നതുകൊണ്ട് എത്രതന്നെ സംതൃപ്തി ഉളവായാലും പണമടയ്ക്കേണ്ടിവരുമ്പോൾ ആ സംതൃപ്തി പെട്ടെന്നു പൊയ്പോകുന്നു.
നിങ്ങളുടെ മുഖ്യതാത്പര്യം—സന്ദർഭമോ? അതോ സ്നേഹപ്രകടനമോ?
നിങ്ങൾ സമ്മാനങ്ങൾ നൽകുന്നതു കൂടുതലും അത് ആവശ്യപ്പെടുന്ന സന്ദർഭങ്ങളിലാണെന്നു നിങ്ങൾ കണ്ടെത്തുന്നുവോ? അങ്ങനെയെങ്കിൽ സ്വമനസ്സാൽ സമ്മാനം നൽകുന്നതിലൂടെ ഉണ്ടാകുന്ന സന്തോഷത്തിന്റെ അഭാവം നിങ്ങൾക്ക് അനുഭവപ്പെട്ടെന്നുവരാം.
പ്രത്യേക നാളുകളിൽ സമ്മാനങ്ങൾ നൽകുന്നതിൽ സന്തുഷ്ടരല്ലാത്ത അനേകരുണ്ട്. സമ്മാനങ്ങൾ പ്രതീക്ഷിക്കുന്ന ദിവസം അടുക്കുന്തോറും തന്റെ കുട്ടികളിൽ അത്യാഗ്രഹം പ്രകടമായതായി എഴുത്തുകാരികൂടിയായ ഒരമ്മ അംഗീകരിക്കുകയുണ്ടായി. സുന്ദരമായ ഒരു സമ്മാനം കിട്ടിയപ്പോൾ, പ്രതീക്ഷിച്ച സമ്മാനം ലഭിക്കാത്തതുകൊണ്ടു തന്റെതന്നെയും സന്തോഷത്തിനു മങ്ങലേറ്റതായി അവർ സമ്മതിച്ചുപറഞ്ഞു. ആഘോഷങ്ങൾക്കും സമ്മാനങ്ങൾ കൈമാറുന്നതിനും പ്രാധാന്യം കൽപ്പിക്കുന്ന വിശേഷദിവസങ്ങളിൽ വിഷാദവും മദ്യദുരുപയോഗവും കൂടുതലായി സംഭവിക്കാറുണ്ടെന്ന് അസംഖ്യം റിപ്പോർട്ടുകൾ പറയുന്നു.
വിശേഷദിവസങ്ങളിൽ സമ്മാനം നൽകുന്നതു ചിലപ്പോഴൊക്കെ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നു നിരീക്ഷിച്ചശേഷം ദ ന്യൂയോർക്ക് ടൈംസ്-ൽ ഉദ്ധരിക്കപ്പെട്ട ഒരു മനശ്ശാസ്ത്ര പ്രൊഫസർ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “സമ്മർദം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായി മറ്റേതെങ്കിലും ദിവസങ്ങളിൽ ചില സമ്മാനങ്ങൾ കൊടുക്കുന്നതിനെപ്പറ്റി പരിചിന്തിക്കുക.” അതു നല്ല ഫലം ചെയ്യുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
ക്രിസ്മസും ജന്മദിനങ്ങളും ആഘോഷിക്കുകയില്ലാത്ത ഒരു കുടുംബത്തിലെ 12 വയസ്സുള്ള റ്റാമീ ഇങ്ങനെ എഴുതി: “നിനയ്ക്കാത്ത നേരത്തു സമ്മാനം കിട്ടുന്നതിലാണു കൂടുതൽ സന്തോഷം.” വർഷത്തിൽ ഒന്നോ രണ്ടോ തവണ സമ്മാനങ്ങൾ നൽകുന്നതിനു പകരം മാതാപിതാക്കൾ വർഷത്തിലുടനീളം തനിക്കും സഹോദരനും സമ്മാനങ്ങൾ നൽകുന്നതായി അവൾ പറഞ്ഞു. എന്നാൽ അവളെ സംബന്ധിച്ചിടത്തോളം ആ സമ്മാനങ്ങളെക്കാൾ പ്രാധാന്യമുള്ള ഒന്നുണ്ട്. “സന്തുഷ്ടമായ ഒരു കുടുംബജീവിതം എനിക്കുണ്ട്,” അവൾ പറയുന്നു.
ശക്തമായ കുടുംബങ്ങളുടെ രഹസ്യം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ തുറന്നടിച്ചു പ്രസ്താവിക്കുന്നു: “നമ്മളിലനേകരും നമ്മൾ സ്നേഹിക്കുന്നവർക്ക് അവരുടെ ജന്മദിനങ്ങളിലോ വാർഷികങ്ങളിലോ വിശേഷദിവസങ്ങളിലോ നൽകാനായി സമ്മാനം തിരഞ്ഞുകൊണ്ടു വർഷത്തിൽ പലവട്ടം സമയവും പണവും ചെലവഴിക്കുന്നു. എല്ലാറ്റിലും ഉത്തമ സമ്മാനത്തിനു പണം മുടക്കില്ല. അതു പൊതിയേണ്ടതുമില്ല. നിങ്ങൾക്കുള്ളതിൽ ഏറ്റവും ബഹുമൂല്യ സമ്പാദ്യം നിങ്ങളുടെ ജീവനാണെന്ന് അനേകരെപ്പോലെ നിങ്ങളും കരുതുന്നുവെങ്കിൽ നിങ്ങൾക്കു വാഗ്ദാനംചെയ്യാൻ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനം നിങ്ങളുടെ സമയത്തിന്റെ ഒരംശമാണ്. ആ വിലയേറിയ സമ്മാനം സമയത്തിന്റെ രൂപത്തിൽ നാം നമ്മുടെ പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്നു.”
നിങ്ങളുടെ കുടുംബവൃത്തത്തിനു പുറത്തും നിങ്ങൾക്കതു നൽകാവുന്നതാണ്. മറ്റുള്ളവർക്കുള്ള സ്പഷ്ടമായ ഒരാവശ്യം നികത്തുന്ന, മനസ്സോടെയുള്ള ഒരു സമ്മാനത്തിനു പ്രത്യേക സംതൃപ്തി കൈവരുത്താനാവും. പാവങ്ങളോടും മുടന്തരോടും കുരുടരോടും അത്തരം സ്നേഹനിർഭരമായ പരിഗണന കാണിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ട് യേശുക്രിസ്തു ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നാൽ നീ ഭാഗ്യവാനാകും [“സന്തുഷ്ടനാകും,” NW]; നിനക്കു പ്രത്യുപകാരം ചെയ്വാൻ അവർക്കു വകയില്ലല്ലോ.”—ലൂക്കൊസ് 14:12-14.
റോക്ക്ലാൻഡ് ജേർണൽ-ന്യൂസ് (യു.എസ്.എ.) സമീപകാലത്ത് അത്തരമൊരു കൊടുക്കലിന്റെ ഉദാഹരണം റിപ്പോർട്ടുചെയ്യുകയുണ്ടായി. അന്ധയായ, പ്രായംചെന്ന ഒരു സ്ത്രീയുടെ വീടു തകർന്നുവീണപ്പോൾ സുഹൃത്തുക്കൾ അവർക്ക് ഒരു പുതിയ വീടു പണിതുകൊടുത്തു. അനേകം പ്രാദേശിക ബിസിനസ് സമിതികൾ സംഭാവനകൾ നൽകി, തദ്ദേശ ഗവണ്മെൻറ് ഏജൻസി പണവും അനുവദിച്ചു. “സർവപ്രധാനമായി, യഹോവയുടെ സാക്ഷികളുടെ 150-ഓളം അംഗങ്ങൾ, അധികവും ഹവർസ്ട്രോ സഭയിൽ കൂടിവരുന്നവർ, വീടു പണിയുന്നതിനു സമയം സംഭാവനചെയ്തു” എന്നു വാർത്താപത്രം റിപ്പോർട്ടു ചെയ്തു.
ലേഖനം ഇങ്ങനെ തുടർന്നു: “കെട്ടിട നിർമാണ സ്ഥലത്ത് കൂമ്പാരക്കണക്കിനു സാമഗ്രികൾ ഉണ്ടായിരുന്നു, അതിനടുത്തായി മേശകൾ നിറയെ ഭക്ഷണവും. രണ്ടു ദിവസത്തിനുള്ളിൽ ജോലിക്കാർ രണ്ടു കുടുംബങ്ങൾക്കു താമസിക്കാവുന്ന ഒരു മൂന്നുനിലക്കെട്ടിടം പണിതുയർത്തി. . . . വേഗത്തിൽ കെട്ടിടം പണിയുന്നതിനുള്ള സാമർഥ്യത്തിനു യഹോവയുടെ സാക്ഷികൾ പേരുകേട്ടവരാണ്. . . . എങ്കിലും അത്തരം ത്വരിതഗതി സ്നേഹപ്രവൃത്തിയിൽ പഴക്കം പ്രദാനംചെയ്യുക എന്ന അവരുടെ ഉദ്യമത്തിന്റെ ശാശ്വതത്വത്തിനു നേർ വിപരീതമാണ്. ശ്രീമതി ബ്ലാക്ലീക്കു തന്റെ പുതിയ കെട്ടിടം കാണാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ അവരുടെ കൈകൾക്ക് അതു സ്പർശ്യവേദ്യമാണ്. ഈ നിസ്വാർഥ പ്രവർത്തനത്തിന്റെ പിന്നിലുള്ള ആഴമേറിയ വികാരം അവരുടെ ഹൃദയം അറിയുന്നുണ്ട്.”
വർഷത്തിലുടനീളമുള്ള ഔദാര്യമനോഭാവം
യഥാർഥമായും ഉദാരമായി കൊടുക്കുന്ന സ്വഭാവമുള്ളവർ പ്രത്യേക ദിവസങ്ങൾക്കായി കാത്തിരിക്കുന്നില്ല. അവരുടെ ജീവിതം തങ്ങളെ മാത്രം ചുറ്റിപ്പറ്റിയുള്ളതല്ല. എന്തെങ്കിലും നല്ലതു ലഭിക്കുമ്പോൾ മറ്റുള്ളവരുമായി അതു പങ്കിടുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു. അവർ ബലാത്കാരമായി സമ്മാനം നൽകുന്നവരാണെന്ന് ഇതിനർഥമില്ല. തങ്ങളുടെ കുടുംബത്തെ തഴഞ്ഞുകൊണ്ട് അവർ കൊടുക്കുന്നുവെന്നും അത് അർഥമാക്കുന്നില്ല. സ്വീകർത്താക്കളെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കാതെ അവർ കൊടുക്കുന്നുവെന്ന് അത് അർഥമാക്കുന്നില്ല. എങ്കിലും, അവർ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചപോലെ ‘കൊടുക്കുന്നതു ശീലമാക്കുന്ന’വരാണ്.—ലൂക്കോസ് 6:38, NW.
പ്രോത്സാഹനമാവശ്യമുള്ള പ്രായംചെന്നവർ, രോഗികൾ, മറ്റുള്ളവർ എന്നിങ്ങനെ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും ആവശ്യം സംബന്ധിച്ച് അവർ ബോധവാന്മാരാണ്. കടയിൽ പോകുന്നതോ കുടുംബജോലികളിൽ സഹായിക്കുന്നതോ ആയിരുന്നേക്കാം അവരുടെ “സമ്മാനം”. അത് വിറകു കീറുന്നതോ മഞ്ഞു നീക്കുന്നതോ ആയിരുന്നേക്കാം. ഒരുപക്ഷേ അത് പാചകം ചെയ്ത ഒരു പാത്രം ഭക്ഷണമോ സന്ദർശനത്തിനും ഒന്നിച്ചിരുന്നു വായിക്കുന്നതിനുംവേണ്ടി മാറ്റിവച്ചിരിക്കുന്ന ഒരു മണിക്കൂർ സമയമോ ആണെന്നുവരാം. തിരക്കേറിയ ജീവിതമാണ് അവരുടേതെങ്കിലും മറ്റുള്ളവരെ സഹായിക്കാനാവാത്തവിധം തിരക്കുള്ളതല്ല. വാസ്തവത്തിൽ, “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ കൊടുക്കുന്നതിൽ കൂടുതൽ സന്തുഷ്ടിയുണ്ട്” എന്ന് അവർ അനുഭവത്തിൽനിന്നു പഠിച്ചിട്ടുണ്ട്.—പ്രവൃത്തികൾ 20:35.
എല്ലാറ്റിലും വലിയ ദാതാവ് നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവമാണെന്നതു തീർച്ചയാണ്. അവൻ “എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കു”ന്നു. (പ്രവൃത്തികൾ 17:25) ദുഷ്ടതയ്ക്കും രോഗത്തിനും മരണത്തിനും അന്തംവരുത്തി ഈ ഭൂമിയെ ഒരു പറുദീസയാക്കുന്നതു സംബന്ധിച്ചുള്ള അവന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ബൈബിളിൽ അവൻ നമുക്ക് ഉൾക്കാഴ്ചയും പ്രദാനംചെയ്യുന്നു. (സങ്കീർത്തനം 37:10, 11; വെളിപ്പാടു 21:4, 5) ഇതേപ്പറ്റി അറിയുമ്പോൾ ഔദാര്യമനോഭാവമുള്ളവർ ആ സുവാർത്ത തങ്ങളിൽത്തന്നെ ഒതുക്കിവയ്ക്കുകയില്ല. അതു മറ്റുള്ളവരുമായി പങ്കിടുകയാണ് അവരുടെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്. അവരുടേതു നിശ്ചയമായും ദൈവികമായ ഒരു കൊടുക്കൽ മനോഭാവമാണ്. നിങ്ങൾ നട്ടുവളർത്തുന്നത് ആ മനോഭാവമാണോ?
[7-ാം പേജിലെ ചിത്രങ്ങൾ]
എല്ലാറ്റിലും മൂല്യവത്തായ ചില സമ്മാനങ്ങൾക്കു പണംമുടക്കില്ല