ക്രൈസ്തവലോകത്തിന്റെ ആരാധനയെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?
‘എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിച്ചില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും’ എന്നു യേശുക്രിസ്തു പറഞ്ഞു.—മത്തായി 7:21-23.
തന്റെ ഹിതം എന്താണെന്നു തന്റെ പവിത്ര വചനമായ വിശുദ്ധ ബൈബിളിലൂടെ ദൈവം വ്യക്തമാക്കിയിരിക്കുന്നു. ക്രൈസ്തവലോകത്തിലെ സഭകൾ ദൈവഹിതം ചെയ്യുന്നുണ്ടോ? അതോ അവർ യേശു, ‘അധർമ്മം പ്രവർത്തിക്കുന്നവർ’ എന്നു വിളിച്ചവരാണോ?
രക്തച്ചൊരിച്ചിൽ
തന്റെ യജമാനന്റെ മരണത്തിന്റെ തലേ രാത്രി, യേശുവിനെ അറസ്റ്റു ചെയ്യാൻ അയയ്ക്കപ്പെട്ട ഒരു സംഘം പട്ടാളക്കാരുമായി പത്രോസ് ഒരു സായുധ പോരാട്ടം തുടങ്ങിവെച്ചു. (യോഹന്നാൻ 18:3, 10) എന്നാൽ യേശു ശാന്തത പുനഃസ്ഥാപിച്ചിട്ട് പത്രോസിന് ഇങ്ങനെ മുന്നറിയിപ്പു നൽകി: “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:52) ഈ വ്യക്തമായ മുന്നറിയിപ്പ് വെളിപ്പാടു 13:10-ലും ആവർത്തിച്ചിരിക്കുന്നു. ക്രൈസ്തവലോകത്തിലെ സഭകൾ അതിനു ചെവികൊടുത്തിട്ടുണ്ടോ? അതോ, അവർ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്നുണ്ടോ?
രണ്ടാം ലോകമഹായുദ്ധകാലത്ത്, ലക്ഷക്കണക്കിനു സെർബിയക്കാരും ക്രൊയേഷ്യക്കാരും മതത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. “ക്രൊയേഷ്യയിൽ തദ്ദേശീയ ഫാസിസ്റ്റ് ഭരണകൂടം ‘വർഗീയ ശുദ്ധീകരണം’ എന്ന ഒരു നയം നടപ്പിലാക്കാൻ തുടങ്ങി. അതു നാസികളുടെ നടപടികളെപ്പോലും കടത്തിവെട്ടുന്നതായിരുന്നു. . . . സെർബിയൻ ജനങ്ങളിൽ മൂന്നിലൊന്നിനെ നാടുകടത്തുമെന്നും മൂന്നിലൊന്നിനെ കത്തോലിക്കാ മതത്തിലേക്കു പരിവർത്തനം ചെയ്യിക്കുമെന്നും മൂന്നിലൊന്നിനെ നിർമൂലനം ചെയ്യുമെന്നും പ്രഖ്യാപിക്കപ്പെട്ടു. . . . ഈ നടപടികളിലുള്ള കത്തോലിക്കാ വൈദികരുടെ ഭാഗികമായ കൂട്ടുപ്രവർത്തനം യുദ്ധാനന്തരം സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങളെ ഗൗരവമായി അപകടത്തിലാക്കി” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ റിപ്പോർട്ടു ചെയ്യുന്നു. അനവധിയാളുകൾ കത്തോലിക്കാ മതം സ്വീകരിക്കുന്നതിന് അല്ലെങ്കിൽ മരിക്കുന്നതിനു നിർബന്ധിതരാക്കപ്പെട്ടു; ആയിരക്കണക്കിനു മറ്റുള്ളവർക്കു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ലഭിച്ചില്ല. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമങ്ങളിലുള്ള മുഴുവൻ ആളുകളെയും നിർബന്ധപൂർവം പള്ളികളിലേക്കു കൊണ്ടുപോയി കൊന്നുകളഞ്ഞു. ശത്രുക്കളായിരുന്ന കമ്മ്യുണിസ്റ്റ് സേനകളുടെ കാര്യമോ? അവർക്കും മതപിന്തുണയുണ്ടായിരുന്നോ?
“ചില പുരോഹിതന്മാർ വിപ്ലവസേനകളുടെ പക്ഷത്തു യുദ്ധത്തിൽ പങ്കെടുത്തു” എന്ന് യൂഗോസ്ലാവിയയുടെ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം റിപ്പോർട്ടു ചെയ്യുന്നു. “പക്ഷാവലംബിയായ സൈന്യങ്ങളിൽ സെർബിയൻ ഓർത്തഡോക്സ് സഭയിൽനിന്നും റോമൻ കത്തോലിക്കാ സഭയിൽനിന്നുമുള്ള പുരോഹിതന്മാർ പോലും ഉൾപ്പെട്ടിരുന്ന”തായി യൂഗോസ്ലാവിയയും പുതിയ കമ്മ്യുണിസവും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പ്രസ്താവിക്കുന്നു. മതപരമായ ഭിന്നതകൾ ബാൾക്കൻ യുദ്ധത്തെ ആളിക്കത്തിക്കുന്നതിൽ തുടരുന്നു.
റുവാണ്ടയുടെ കാര്യമോ? അന്തർദേശീയ ബന്ധങ്ങൾക്കുള്ള കത്തോലിക്കാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനറൽ സെക്രട്ടറിയായ ഇയാൻ ലിൻഡെൻ ദ മന്ത് എന്ന പത്രികയിൽ പിൻവരുന്നപ്രകാരം സമ്മതിച്ചു പറഞ്ഞു: “തദ്ദേശീയ കത്തോലിക്കാ, ആംഗ്ലിക്കൻ, ബാപ്റ്റിസ്റ്റ് സഭകളിലെ നേതാക്കന്മാർ നിസ്സംഗതയാലോ പ്രേരണയാലോ സൈനിക കൊലകളിൽ ഉൾപ്പെട്ടതിന്റെ ഒന്നോ രണ്ടോ ദൃഷ്ടാന്തങ്ങൾ ആഫ്രിക്കൻ റൈറ്റ്സ് എന്ന സംഘടന ലണ്ടനിൽ നടത്തിയ അന്വേഷണങ്ങൾ പ്രദാനം ചെയ്യുന്നു. . . . ഇടവകകളിലെ പ്രമുഖ ക്രിസ്ത്യാനികളിൽ നല്ലൊരു ഭാഗം കൊലകളിൽ ഉൾപ്പെട്ടിരുന്നുവെന്നതിനു ലവലേശം സംശയമില്ല.” ദുഃഖകരമെന്നു പറയട്ടെ, ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടുന്നവർ തമ്മിലുള്ള പോരാട്ടം മധ്യ ആഫ്രിക്കയെ ഒരു മഹാമാരിപോലെ ബാധിച്ചുകൊണ്ടിരിക്കുന്നു.
പരസംഗവും വ്യഭിചാരവും
ദൈവവചനമനുസരിച്ച്, ലൈംഗികതയ്ക്കു മാന്യമായ ഒരു ക്രമീകരണമേ ഉള്ളൂ, വിവാഹബന്ധത്തിനുള്ളിൽ മാത്രം. “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും [“പരസംഗക്കാരെയും,” NW] വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) സഭാനേതാക്കന്മാർ ദൈവത്തിന്റെ ഈ പഠിപ്പിക്കൽ ഉയർത്തിപ്പിടിക്കുന്നുണ്ടോ?
1989-ൽ ഓസ്ട്രേലിയയിലെ ആംഗ്ലിക്കൻ സഭ ലൈംഗികത സംബന്ധിച്ച ഒരു ഔദ്യോഗിക പ്രമാണം പുറത്തിറക്കി. ഇരുവരും പൂർണമായും പ്രതിബദ്ധതയുള്ളവരാണെങ്കിൽ വിവാഹപൂർവ ലൈംഗികത തെറ്റല്ലെന്ന് അതു സൂചിപ്പിച്ചു. കുറേക്കൂടെ അടുത്തകാലത്തു സ്കോട്ട്ലൻഡിലെ ആംഗ്ലിക്കൻ സഭാനേതാവ് ഇങ്ങനെ പ്രസ്താവിച്ചു: “അവിഹിത ബന്ധങ്ങളെ പാപപൂർണമെന്നോ തെറ്റെന്നോ സഭ കുറ്റം വിധിക്കരുത്. വ്യഭിചാരത്തിനു കാരണം നമ്മുടെ ജനിതകഘടനയാണെന്നു സഭ അംഗീകരിക്കേണ്ടതുണ്ട്.”
ദക്ഷിണാഫ്രിക്കയിൽ നിരവധി പുരോഹിതന്മാർ സ്വവർഗരതിക്ക് അനുകൂലമായി തുറന്നു സംസാരിക്കുകയുണ്ടായി. ഉദാഹരണത്തിന്, 1990-ൽ ദക്ഷിണാഫ്രിക്കയിലെ ഒരു മാസികയായ യൂ ഒരു പ്രമുഖ ആംഗ്ലിക്കൻ ശുശ്രൂഷകൻ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിച്ചു: “തിരുവെഴുത്ത് എന്നേക്കും പ്രാബല്യമുള്ളതല്ല. . . . സ്വവർഗരതിക്കാരോടുള്ള സഭയുടെ മനോഭാവത്തിലും നയത്തിലും മാറ്റങ്ങൾ ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു.”—റോമർ 1:26, 27-മായി വിപരീത താരതമ്യം ചെയ്യുക.
1994-ലെ ബ്രിട്ടാനിക്കാ ബുക്ക് ഓഫ് ദി ഇയർ പറയുന്നതനുസരിച്ച്, അമേരിക്കൻ സഭകളിൽ ലൈംഗികത ഒരു പ്രമുഖ വിവാദവിഷയമായിത്തീർന്നിരിക്കുകയാണ്. പ്രത്യേകിച്ചും “പ്രഖ്യാപിത സ്വവർഗസംഭോഗികൾക്കും സ്വവർഗസംഭോഗിനികൾക്കും ശുശ്രൂഷാ പട്ടംകൊടുക്കൽ, സ്വവർഗസംഭോഗികളുടെ അവകാശങ്ങൾ സംബന്ധിച്ച മതപരമായ ഗ്രാഹ്യം, ‘സ്വവർഗസംഭോഗികളുടെ വിവാഹ’ത്തെ ആശീർവദിക്കൽ, സ്വവർഗസംഭോഗത്തോടു ബന്ധപ്പെട്ട ജീവിതരീതികളെ നിയമപരമാക്കുകയോ കുറ്റം വിധിക്കുകയോ ചെയ്യൽ” തുടങ്ങിയ കാര്യങ്ങൾ. മുഖ്യധാരാ സഭാവിഭാഗങ്ങളിൽ മിക്കവയും, കൂടുതലായ ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന വൈദികരെ വെച്ചുപൊറുപ്പിക്കുന്നു. “സ്വവർഗസംഭോഗികൾക്കു പട്ടംകൊടുക്കുന്നതിനും സ്വവർഗസംഭോഗത്തിലേർപ്പെടുന്നതിനുമുള്ള സ്വീകാര്യതയെ ഉറപ്പാക്കിക്കൊണ്ടുള്ള” ഒരു പ്രഖ്യാപനത്തിൽ 55 എപ്പിസ്കോപ്പാലിയൻ ബിഷപ്പുമാർ ഒപ്പുവെച്ചതായി 1995-ലെ ബ്രിട്ടാനിക്കാ ബുക്ക് ഓഫ് ദി ഇയർ പറയുന്നു.
യേശു ഒരിക്കലും സ്വവർഗരതിക്കെതിരായി സംസാരിച്ചില്ല എന്നു പറഞ്ഞുകൊണ്ടു ചില വൈദികർ അതിന് അനുകൂലമായി വാദിക്കുന്നു. എന്നാൽ അതു വാസ്തവത്തിൽ അങ്ങനെയാണോ? ദൈവവചനം സത്യമാണെന്നു യേശുക്രിസ്തു പ്രഖ്യാപിച്ചു. (യോഹന്നാൻ 17:17) “സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ലേച്ഛത” എന്നു പറയുന്ന ലേവ്യപുസ്തകം 18:22-ൽ വിവരിച്ചിരിക്കുന്ന, സ്വവർഗരതി സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തെ അവൻ അംഗീകരിച്ചു എന്നാണ് അതിന്റെ അർഥം. മാത്രമല്ല, ‘അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്ന ദോഷങ്ങളു’ടെ കൂട്ടത്തിൽ പരസംഗവും വ്യഭിചാരവും യേശു പട്ടികപ്പെടുത്തി. (മർക്കൊസ് 7:21-23) പരസംഗം എന്നതിന്റെ ഗ്രീക്കുപദം വ്യഭിചാരത്തെക്കാൾ കൂടുതൽ വിശാലമായ ഒരു പദമാണ്. സ്വവർഗരതി ഉൾപ്പെടെ, നിയമപരമായ വിവാഹത്തിനു വെളിയിലുള്ള എല്ലാത്തരം ലൈംഗികബന്ധങ്ങളെയും അതു വിശദീകരിക്കുന്നു. (യൂദാ 7, NW) പരസംഗത്തിന്റെ ഗൗരവത്തെ കുറച്ചുകാട്ടുന്ന, ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഒരു ഉപദേഷ്ടാവിനെയും വെച്ചുപൊറുപ്പിക്കരുതെന്നു യേശുക്രിസ്തു തന്റെ അനുഗാമികൾക്കു മുന്നറിയിപ്പു നൽകി.—വെളിപ്പാടു 1:1; 2:14, 20.
സ്വവർഗസംഭോഗികൾക്കും സ്വവർഗസംഭോഗിനികൾക്കും പട്ടംകൊടുക്കുന്നതിനു മതനേതാക്കന്മാർ പ്രചാരണം നടത്തുമ്പോൾ, അതിന് അവരുടെ സഭാംഗങ്ങളുടെമേൽ എന്തു ഫലമാണുള്ളത്, പ്രത്യേകിച്ചും യുവജനങ്ങളുടെമേൽ? വിവാഹത്തിനു വെളിയിലുള്ള ലൈംഗികത പരീക്ഷിച്ചു നോക്കാനുള്ള പ്രചോദനമല്ലേ അത്? അതിനു വിരുദ്ധമായി, “ദുർന്നടപ്പു [“പരസംഗം,” NW] വിട്ട് ഓടുവിൻ” എന്നു ദൈവവചനം ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. (1 കൊരിന്ത്യർ 6:18) ഒരു സഹവിശ്വാസി അത്തരം പാപത്തിലേക്കു വീണുപോകുകയാണെങ്കിൽ, ആ വ്യക്തിയെ ദൈവപ്രീതിയിലേക്കു പുനഃസ്ഥിതീകരിക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്നേഹപൂർവകമായ സഹായം നൽകുന്നു. (യാക്കോബ് 5:16, 19, 20) ഈ സഹായം നിരസ്സിക്കപ്പെടുന്നെങ്കിലോ? അങ്ങനെയുള്ളവർ അനുതപിക്കാത്തപക്ഷം, അവർ ‘ദൈവരാജ്യം അവകാശമാക്കുകയില്ല’ എന്നു ബൈബിൾ പ്രസ്താവിക്കുന്നു.—1 കൊരിന്ത്യർ 6:9, 10.
‘വിവാഹം വിലക്കൽ’
“പരസംഗത്തിന്റെ വ്യാപനം” നിമിത്തം “വികാരത്താൽ ജ്വലിക്കുന്നതിനെക്കാൾ വിവാഹം കഴിക്കുന്നതു നല്ലത്” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:2, 9, NW) ജ്ഞാനപൂർവകമായ ഈ ബുദ്ധ്യുപദേശമുണ്ടായിരുന്നിട്ടും, ബ്രഹ്മചാരികളായി, അതായത് അവിവാഹിതരായി, നിലകൊള്ളാൻ വൈദികരിൽ അനേകരും നിർബന്ധിതരായിത്തീരുന്നു. “ഒരു പുരോഹിതനോ സന്ന്യാസിയോ കന്യാസ്ത്രീയോ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നെങ്കിൽ ബ്രഹ്മചര്യവ്രതം ലംഘിക്കപ്പെടുന്നില്ല. . . . കുമ്പസാരക്കൂട്ടിൽ സത്യസന്ധമായ ഒരു പ്രഖ്യാപനം നടത്തുകവഴി ലൈംഗികബന്ധങ്ങൾക്കുള്ള ക്ഷമ ലഭ്യമാണ്, എന്നാൽ ഏതെങ്കിലും പുരോഹിതൻ വിവാഹം കഴിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ല,” ദ വറ്റിക്കാൻ പേപ്പേഴ്സ് എന്ന തന്റെ ഗ്രന്ഥത്തിൽ നിനോ ലോ ബെല്ലോ വിശദീകരിക്കുന്നു. ഈ പഠിപ്പിക്കൽ സത്ഫലമാണോ ദുഷ്ഫലമാണോ ഉളവാക്കിയിരിക്കുന്നത്?—മത്തായി 7:15-19.
പല പുരോഹിതന്മാരും ധാർമികമായി ശുദ്ധമായ ജീവിതമാണു നയിക്കുന്നത് എന്നതിൽ സംശയമില്ല, എന്നാൽ അനേകരും അങ്ങനെയല്ല. “വൈദികരുടെ ലൈംഗിക ദുരുപയോഗം സംബന്ധിച്ച കേസുകൾ പരിഹരിക്കുന്നതിനു റോമൻ കത്തോലിക്കാ സഭ 300 ദശലക്ഷം ഡോളർ കൊടുത്തതായി റിപ്പോർട്ടു ചെയ്യപ്പെട്ടു” എന്ന് 1992-ലെ ബ്രിട്ടാനിക്കാ ബുക്ക് ഓഫ് ദി ഇയർ പറയുന്നു. പിന്നീട് അതിന്റെ 1994-ലെ പതിപ്പ് ഇങ്ങനെ പറഞ്ഞു: “എയ്ഡ്സ് നിമിത്തമുള്ള അനേകം വൈദികരുടെ മരണം സ്വവർഗഭോഗികളായ പുരോഹിതന്മാർ ഉള്ളതായി വെളിപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, ഒട്ടുവളരെ സ്വവർഗഭോഗികൾ പൗരോഹിത്യത്തിലേക്ക് എടുക്കപ്പെടുന്നതായി . . . അഭിപ്രായങ്ങളുണ്ട്.” ‘വിവാഹം വിലക്കുന്നത്’ “ഭൂതങ്ങളുടെ ഉപദേശ”മാണെന്നു ബൈബിൾ പ്രസ്താവിക്കുന്നതിൽ അതിശയിക്കാനില്ല. (1 തിമൊഥെയൊസ് 4:1-3) ക്രിസ്തുവിന്റെ വികാരികൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പീറ്റർ ഡേ റോസാ ഇങ്ങനെ എഴുതുന്നു: “ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, വേശ്യാവൃത്തി ഉൾപ്പെടെ പാശ്ചാത്യലോകത്തുള്ള ഏതൊരു ക്രമീകരണത്തെക്കാളും ധാർമികതയ്ക്ക് ഒരുപക്ഷേ കൂടുതൽ ഹാനി വരുത്തിയിട്ടുള്ളത് [പൗരോഹിത്യ ബ്രഹ്മചര്യമാണ്]. . . . [അത്] ഒട്ടുമിക്കപ്പോഴും ക്രിസ്ത്യാനിത്വം എന്ന നാമത്തിന്മേലുള്ള ഒരു കളങ്കമാണ്. . . . നിർബന്ധിത ബ്രഹ്മചര്യം എല്ലായ്പോഴും പുരോഹിതന്മാർക്കിടയിലെ കാപട്യത്തിലേക്കു നയിച്ചിരിക്കുന്നു. . . . ഒരു പുരോഹിതന് ആയിരം പ്രാവശ്യം അധാർമിക പ്രവൃത്തിയിൽ ഏർപ്പെടാം, എന്നാൽ ഒരിക്കലും വിവാഹം കഴിക്കാൻ സഭാനിയമം അദ്ദേഹത്തെ അനുവദിക്കുന്നില്ല.”
ബാൽ ആരാധന സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം പരിചിന്തിച്ചുകഴിയുമ്പോൾ, ക്രൈസ്തവലോകത്തിലെ ഭിന്നിച്ച സഭകളെ അവൻ എങ്ങനെ വീക്ഷിക്കണമെന്നു വിവേചിക്കുക ദുഷ്കരമല്ല. ബൈബിളിലെ അവസാനത്തെ പുസ്തകം എല്ലാത്തരം വ്യാജാരാധനകളെയും “മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു” എന്ന നാമത്തിൻ കീഴിൽ ഒന്നിപ്പിക്കുന്നു. “പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു” എന്നു ബൈബിൾ കൂട്ടിച്ചേർക്കുന്നു.—വെളിപ്പാടു 17:5; 18:24.
അതുകൊണ്ട് തന്റെ ആരാധകരായിരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “എന്റെ ജനമായുള്ളോരെ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ. . . . മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായംവിധിച്ച ദൈവമായ കർത്താവു [“യഹോവയാം ദൈവം,” NW] ശക്തനല്ലോ.”—വെളിപ്പാടു 18:4, 8.
ഇപ്പോൾ ഉദിക്കുന്ന ചോദ്യമിതാണ്: വ്യാജമതത്തിൽനിന്നു പുറത്തുവന്നശേഷം ഒരു വ്യക്തി എങ്ങോട്ടു പോകണം? ഏതുതരം ആരാധനയാണു ദൈവത്തിനു സ്വീകാര്യം?
[5-ാം പേജിലെ ചതുരം/ചിത്രം]
വിഗ്രഹാരാധന
ബാൽ ആരാധനയിൽ വിഗ്രഹങ്ങളുടെ ഉപയോഗം ഉൾപ്പെട്ടിരുന്നു. യഹോവാരാധനയെ ബാലാരാധനയുമായി കൂട്ടിക്കലർത്താൻ ഇസ്രായേല്യർ ശ്രമിച്ചു. അവർ യഹോവയുടെ ആലയത്തിലേക്കു വിഗ്രഹങ്ങൾ കൊണ്ടുവരികപോലും ചെയ്തു. ദൈവം യെരുശലേമിന്റെമേലും അതിലെ ആലയത്തിന്റെമേലും നാശം വരുത്തിയപ്പോൾ വിഗ്രഹാരാധന സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം വ്യക്തമായി.
ക്രൈസ്തവലോകത്തിലെ അനേകം പള്ളികളും കുരിശ്, പ്രതീകങ്ങൾ, അല്ലെങ്കിൽ മറിയയുടെ ബിംബങ്ങൾ എന്നിങ്ങനെയുള്ള വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുകയാണ്. മാത്രമല്ല, ഈ പ്രതിമകളുടെ മുമ്പാകെ കുമ്പിടാനും മുട്ടുകുത്താനും കുരിശു വരയ്ക്കാനും പള്ളിയിൽ പോകുന്ന പലരും പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനു വിരുദ്ധമായി, “വിഗ്രഹാരാധന വിട്ടോടുവിൻ” എന്നു സത്യക്രിസ്ത്യാനികളോടു കൽപ്പിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 10:14) മൂർത്തരൂപങ്ങളുടെ സഹായത്തോടെ ദൈവത്തെ ആരാധിക്കാൻ അവർ ശ്രമിക്കുന്നില്ല.—യോഹന്നാൻ 4:24.
[കടപ്പാട്]
Musée du Louvre, Paris
[7-ാം പേജിലെ ചതുരം]
“സഭാ നായകൻ കുറ്റമില്ലാത്തവനായിരിക്കണം”
ഈ പദപ്രയോഗം, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ അനുസരിച്ച്, തീത്തോസ് 1:7-ൽനിന്നാണ്. ജെയിംസ് രാജാവിന്റെ ഭാഷാന്തരം ഇങ്ങനെ വായിക്കുന്നു: “ഒരു ബിഷപ്പ് ആരോപണരഹിതനായിരിക്കണം.” “ബിഷപ്പ്” എന്ന പദം “മേൽവിചാരകൻ” എന്നർഥമുള്ള ഒരു ഗ്രീക്കു പദത്തിൽനിന്നു വരുന്നതാണ്. അതുകൊണ്ട് സത്യക്രിസ്തീയ സഭയിൽ നേതൃത്വമെടുക്കാൻ നിയുക്തരായ പുരുഷന്മാർ അടിസ്ഥാന ബൈബിൾ നിലവാരങ്ങളിൽ എത്തിച്ചേരേണ്ടതുണ്ട്. അല്ലാത്തപക്ഷം, മേൽവിചാരകസ്ഥാനത്തുനിന്ന് അവരെ നീക്കം ചെയ്യേണ്ടതുണ്ട്, കാരണം അവർ മേലാൽ ‘ആട്ടിൻകൂട്ടത്തിനു മാതൃകക’ളല്ല. (1 പത്രൊസ് 5:2, 3) ക്രൈസ്തവലോകത്തിലെ സഭകൾ എത്ര ഗൗരവത്തോടെയാണ് ഈ വ്യവസ്ഥ കൈക്കൊണ്ടിരിക്കുന്നത്?
ഞാൻ നിങ്ങളുടെ വിവാഹത്തെക്കുറിച്ചു കരുതുന്നു (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ ഡോ. എവ്ററ്റ് വർത്തിങ്ടൺ യു.എസ്.എ.-യിലെ വെർജീനിയ സ്റ്റേറ്റിൽ 100 പാസ്റ്റർമാരെക്കുറിച്ചു നടത്തിയ ഒരു സർവേയെ പരാമർശിക്കുന്നുണ്ട്. അവരിൽ 40 ശതമാനത്തിലധികവും തങ്ങളുടെ വിവാഹപങ്കാളിയല്ലാത്ത ഒരാളുമായി ലൈംഗികവികാരം ഉണർത്തുന്നതരം ഏതെങ്കിലും നടത്തയിൽ ഏർപ്പെട്ടതായി സമ്മതിച്ചു. അവരിൽ ഭൂരിഭാഗവും വ്യഭിചാരത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
“സഭയിൽ ഏറ്റവും ആദരിക്കപ്പെടുന്ന ചില നേതാക്കന്മാർ അധാർമിക നടത്തയിൽ ഏർപ്പെട്ടതായുള്ള വെളിപ്പെടുത്തലുകളാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി സഭ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു” എന്ന് ക്രിസ്ത്യാനിത്വം ഇന്ന് (ഇംഗ്ലീഷ്) അഭിപ്രായപ്പെടുന്നു. “വ്യഭിചാരികളായ പാസ്റ്റർമാരെ യഥാസ്ഥാനത്താക്കരുതാത്തതിനു കാരണം” എന്ന ലേഖനം, “ലൈംഗിക പാപമെന്ന കുറ്റം ചുമത്തപ്പെട്ട”ശേഷം പൂർവ സ്ഥാനങ്ങളിലേക്കു സഭാനേതാക്കന്മാരെ പെട്ടെന്നു യഥാസ്ഥാനത്താക്കുന്ന ക്രൈസ്തവലോകത്തിലെ സാമാന്യ നടപടിയെ വെല്ലുവിളിച്ചു.