ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?
“അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.”—1 യോഹന്നാൻ 5:3.
1, 2. ദൈവത്തെ സ്വീകാര്യമായി ആരാധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവൻ വ്യവസ്ഥകൾ വെക്കുന്നു എന്നത് ആശ്ചര്യകരമല്ലാത്തത് എന്തുകൊണ്ട്?
“എനിക്ക് എന്റെ മതം ധാരാളം മതി!” അതല്ലേ ആളുകൾ പലപ്പോഴും പറയാറുള്ളത്? എന്നാൽ വാസ്തവത്തിൽ, ചോദ്യം ഇതായിരിക്കണം: “എന്റെ മതം ദൈവത്തിനു സ്വീകാര്യമാണോ?” അതേ, തന്നെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കാനാഗ്രഹിക്കുന്നവർക്കു വേണ്ടി ദൈവത്തിനു വ്യവസ്ഥകളുണ്ട്. അതു നമ്മെ അതിശയിപ്പിക്കണമോ? വാസ്തവത്തിൽ വേണ്ട. നിങ്ങൾക്കു മനോഹരമായ ഒരു വീട് സ്വന്തമായുണ്ടെന്നു സങ്കൽപ്പിക്കുക. ഈയിടെയാണ് നിങ്ങളതു വളരെ പണം ചെലവിട്ട് പുതുക്കിപ്പണിതത്. നിങ്ങൾ ഏതൊരാളെയും അവിടെ പാർക്കാൻ അനുവദിക്കുമോ? തീർച്ചയായുമില്ല! ഏതൊരു ഭാവി വാടകക്കാരനും നിങ്ങളുടെ വ്യവസ്ഥകൾ പാലിക്കേണ്ടിവരും.
2 അതുപോലെ, യഹോവയാം ദൈവം മനുഷ്യകുടുംബത്തിനു നൽകിയിരിക്കുന്നതാണ് ഈ ഭൗമഗൃഹം. അവന്റെ രാജ്യഭരണത്തിൻ കീഴിൽ, ഭൂമി പെട്ടെന്നുതന്നെ “പുതുക്കിപ്പണി”യപ്പെടും—മനോഹരമായ ഒരു പറുദീസയായി രൂപാന്തരപ്പെടുത്തും. അതു യഹോവ നിർവഹിക്കും. അതിനു കൊടുത്തിരിക്കുന്നതു വലിയ വിലയാണ്. അതു സാധ്യമാക്കുന്നതിന് അവൻ തന്റെ ഏകജാതപുത്രനെ നൽകി. തീർച്ചയായും, അവിടെ ജീവിക്കാനുള്ളവർക്കു ദൈവം വ്യവസ്ഥകൾ വെച്ചിട്ടുണ്ടാവണം!—സങ്കീർത്തനം 115:16; മത്തായി 6:9, 10; യോഹന്നാൻ 3:16.
3. ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതിനെ ശലോമോൻ സംഗ്രഹിച്ചത് എങ്ങനെ?
3 ദൈവത്തിന്റെ വ്യവസ്ഥകൾ എന്തൊക്കെയാണെന്നു നമുക്ക് എങ്ങനെ കണ്ടെത്താനാകും? യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത് എന്താണെന്നു സംഗ്രഹിക്കാൻ അവൻ ജ്ഞാനിയായ ശലോമോൻ രാജാവിനെ നിശ്വസ്തനാക്കി. സമ്പത്ത്, നിർമാണപദ്ധതികൾ, സംഗീത താത്പര്യങ്ങൾ, പ്രേമാത്മക സ്നേഹം എന്നിവയുൾപ്പെടെ താൻ പിന്തുടർന്ന സകലത്തെയുംകുറിച്ചു ധ്യാനിച്ചശേഷം, ശലോമോൻ ഈ തിരിച്ചറിവിലെത്തി: “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—സഭാപ്രസംഗി 12:13.
“അവന്റെ കല്പനകൾ ഭാരമുള്ളവയല്ല”
4-6. (എ) “ഭാരമുള്ള” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥമെന്ത്? (ബി) ദൈവകൽപ്പനകൾ ഭാരമുള്ളവയല്ല എന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
4 “അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക.” അടിസ്ഥാനപരമായി, ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത് അതാണ്. വളരെ കൂടുതലായ ഒരു സംഗതിയാണോ അവൻ ആവശ്യപ്പെടുന്നത്? ഒരിക്കലുമല്ല. ദൈവകൽപ്പനകളെക്കുറിച്ച് അല്ലെങ്കിൽ വ്യവസ്ഥകളെക്കുറിച്ചു വളരെ ആശ്വാസകരമായ ഒരു സംഗതി അപ്പോസ്തലനായ യോഹന്നാൻ നമ്മോടു പറയുന്നു. അവൻ ഇങ്ങനെ എഴുതി: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—1 യോഹന്നാൻ 5:3.
5 “ഭാരമുള്ള” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “ഘനമുള്ള” എന്നാണ്. അനുസരിക്കാനോ നിവർത്തിക്കാനോ പ്രയാസകരമായ ഒന്നിനെ അതിനു പരാമർശിക്കാൻ കഴിയും. ശാസ്ത്രിമാരും പരീശന്മാരും ആളുകളുടെമേൽ വെച്ചുകൊടുത്ത ‘ഘനമുള്ള ചുമടി’നെ, മനുഷ്യനിർമിത നിയമങ്ങളെയും പാരമ്പര്യങ്ങളെയും, വർണിക്കാൻ മത്തായി 23:4-ൽ ഉപയോഗിച്ചിരിക്കുന്നത് ആ വാക്കാണ്. വയോധികനായ യോഹന്നാൻ അപ്പോസ്തലൻ പറയുന്നതിന്റെ പൊരുൾ നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? ദൈവകൽപ്പനകൾ ഘനമേറിയ ഒരു ചുമടല്ല. നമ്മെ സംബന്ധിച്ചിടത്തോളം അവ പ്രമാണിക്കാനാവാത്തവിധം അത്ര പ്രയാസമുള്ളവയുമല്ല. (ആവർത്തനപുസ്തകം 30:11 താരതമ്യം ചെയ്യുക.) നേരേമറിച്ച്, നാം ദൈവത്തെ സ്നേഹിക്കുമ്പോൾ, അവന്റെ വ്യവസ്ഥകൾ പാലിക്കുന്നതു നമ്മെ സന്തുഷ്ടരാക്കുന്നു. യഹോവയോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കാനുള്ള ഒരു അമൂല്യ അവസരം അതു നമുക്കു പ്രദാനം ചെയ്യുന്നു.
6 ദൈവത്തോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കുന്നതിന്, അവൻ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത് എന്താണെന്നു നാം കൃത്യമായി അറിയേണ്ടതുണ്ട്. നമുക്കിപ്പോൾ ദൈവത്തിന്റെ വ്യവസ്ഥകളിൽ അഞ്ചെണ്ണം ചർച്ചചെയ്യാം. നാം അവ ചർച്ചചെയ്യുമ്പോൾ, ‘ദൈവത്തിന്റെ കല്പനകൾ ഭാരമുള്ളവയല്ല’ എന്ന് യോഹന്നാൻ പറഞ്ഞതു മനസ്സിൽ പിടിക്കുക.
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുക
7. നമ്മുടെ രക്ഷ ആശ്രയിച്ചിരിക്കുന്നത് എന്തിലാണ്?
7 ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുക എന്നതാണ് ആദ്യ വ്യവസ്ഥ. യോഹന്നാൻ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ പരിചിന്തിക്കുക. മനുഷ്യൻ എന്നനിലയിലുള്ള യേശുവിന്റെ ജീവിതത്തിലെ അവസാന രാത്രിയാണു പശ്ചാത്തലം. ആ സായാഹ്നത്തിന്റെ ഏറിയ പങ്കും തന്റെ വേർപാടിനായി ശിഷ്യന്മാരെ ഒരുക്കിക്കൊണ്ടു യേശു ചെലവഴിച്ചു. അവൻ അവരുടെ ഭാവിയെക്കുറിച്ച്, അവരുടെ നിത്യ ഭാവിയെക്കുറിച്ച്, ചിന്തയുള്ളവനായിരുന്നു. സ്വർഗത്തിലേക്കു കണ്ണുകളുയർത്തി അവൻ അവർക്കു വേണ്ടി പ്രാർഥിച്ചു. 3-ാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു [“പരിജ്ഞാനം ഉൾക്കൊള്ളുന്നത്,” NW] തന്നേ നിത്യജീവൻ ആകുന്നു.” അതേ, അവർ ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള ‘പരിജ്ഞാനം ഉൾക്കൊള്ളുന്ന’തിനെ ആശ്രയിച്ചിരുന്നു അവരുടെ രക്ഷ. അതു നമുക്കും ബാധകമാണ്. രക്ഷ നേടാൻ നാം അത്തരം പരിജ്ഞാനം ഉൾക്കൊള്ളേണ്ടതുണ്ട്.
8. ദൈവത്തെക്കുറിച്ചുള്ള ‘പരിജ്ഞാനം ഉൾക്കൊള്ളുക’ എന്നതിന്റെ അർഥമെന്ത്?
8 ദൈവത്തെക്കുറിച്ചുള്ള ‘പരിജ്ഞാനം ഉൾക്കൊള്ളുക’ എന്നതിന്റെ അർഥമെന്താണ്? ‘പരിജ്ഞാനം ഉൾക്കൊള്ളൽ’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം “അറിയാനിടയാകുക, തിരിച്ചറിയുക” അഥവാ “പൂർണമായി മനസ്സിലാക്കുക” എന്നു സൂചിപ്പിക്കുന്നു. ‘പരിജ്ഞാനം ഉൾക്കൊള്ളുന്നത്’ എന്ന പരിഭാഷ തുടർച്ചയായ പ്രക്രിയയെയാണു സൂചിപ്പിക്കുന്നതെന്നും ശ്രദ്ധിക്കുക. അപ്പോൾ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുക എന്നതിന്റെ അർഥം അവനെ ഉപരിപ്ലവമായി അറിയുക എന്നല്ല, പിന്നെയോ അവനെ അടുത്തറിയൽ, അവനുമായി അറിവിൽ അധിഷ്ഠിതമായ ഒരു സൗഹൃദം വികസിപ്പിച്ചെടുക്കൽ എന്നാണ്. ദൈവവുമായുള്ള തുടർച്ചയായ ബന്ധം അവനെക്കുറിച്ചു നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്ന പരിജ്ഞാനം കൈവരുത്തുന്നു. ആ പ്രക്രിയയ്ക്ക് എന്നേക്കും തുടരാൻ കഴിയും, കാരണം യഹോവയെക്കുറിച്ചുള്ള സകല കാര്യങ്ങളും നാമൊരിക്കലും പഠിക്കുകയില്ല.—റോമർ 11:33.
9. സൃഷ്ടിയാകുന്ന പുസ്തകത്തിൽനിന്നു യഹോവയെക്കുറിച്ചു നമുക്ക് എന്തു പഠിക്കാൻ സാധിക്കും?
9 നാം ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നത് എങ്ങനെയാണ്? നമ്മെ സഹായിക്കാനാവുന്ന രണ്ടു പുസ്തകങ്ങളുണ്ട്. ഒന്ന് സൃഷ്ടിയാകുന്ന പുസ്തകമാണ്. യഹോവ സൃഷ്ടിച്ചിരിക്കുന്ന സചേതനവും അചേതനവുമായ വസ്തുക്കൾ അവൻ ഏതുതരം വ്യക്തിയാണെന്നുള്ളതിനെക്കുറിച്ചു കുറെ ഉൾക്കാഴ്ച നമുക്കു തരുന്നു. (റോമർ 1:20) ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക. ഗംഭീരമായ വെള്ളച്ചാട്ടത്തിന്റെ ആരവം, കൊടുങ്കാറ്റിൽ അലയടിച്ചുയരുന്ന തിരമാലകൾ, തെളിവുള്ള രാത്രിയിലെ നക്ഷത്രനിബിഡമായ ആകാശദൃശ്യം—യഹോവ “ശക്തിയുടെ ആധിക്യ”മുള്ള ദൈവമാണെന്ന് അത്തരം കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ലേ? (യെശയ്യാവു 40:26) നായ്ക്കുട്ടി അതിന്റെ വാൽ കടിക്കാനുള്ള ശ്രമത്തിൽ വട്ടം കറങ്ങുന്നതോ പൂച്ചക്കുട്ടി ഒരു രോമപ്പന്തുകൊണ്ടു കളിക്കുന്നതോ കാണുമ്പോഴുള്ള കുട്ടിയുടെ ചിരി—നർമബോധമുള്ള, “സന്തുഷ്ടനായ ദൈവ”മാണ് യഹോവ എന്ന് അതു സൂചിപ്പിക്കുന്നില്ലേ? (1 തിമൊഥെയൊസ് 1:11, NW) സ്വാദിഷ്ഠമായ ഭക്ഷണത്തിന്റെ രുചി, ഒരു പുൽപ്പരപ്പിലെ പുഷ്പങ്ങളുടെ സൗരഭ്യവാസന, ലോലമായ ചിത്രശലഭത്തിന്റെ തീക്ഷ്ണ വർണഭേദങ്ങൾ, വസന്തകാലത്തെ കളകൂജനം, പ്രിയപ്പെട്ട ഒരാളിന്റെ ഊഷ്മളമായ ആലിംഗനം—നാം ജീവിതം ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്ന, സ്നേഹമുള്ള ദൈവമാണു നമ്മുടെ സ്രഷ്ടാവ് എന്ന് അത്തരം സംഗതികളിൽനിന്നു നാം വിവേചിച്ചറിയുന്നില്ലേ?—1 യോഹന്നാൻ 4:8.
10, 11. (എ) യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള എന്തെല്ലാം കാര്യങ്ങൾ സൃഷ്ടിയാകുന്ന പുസ്തകത്തിൽനിന്നു നമുക്കു പഠിക്കാൻ സാധിക്കുകയില്ല? (ബി) എന്തെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണു ബൈബിളിൽ മാത്രം കാണാൻ കഴിയുന്നത്?
10 എന്നിരുന്നാലും, സൃഷ്ടിയാകുന്ന പുസ്തകത്തിൽനിന്നു യഹോവയെക്കുറിച്ചു നമുക്കു പഠിക്കാനാവുന്ന സംഗതികൾക്ക് ഒരു പരിധിയുണ്ട്. ഉദാഹരണത്തിന്, ദൈവത്തിന്റെ പേരെന്ത്? അവൻ ഭൂമിയെ സൃഷ്ടിച്ച് മനുഷ്യനെ അവിടെ ആക്കിയിരിക്കുന്നത് എന്തിന്? ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്? നമുക്ക് എന്തു ഭാവിയാണുള്ളത്? അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം പ്രദാനം ചെയ്യുന്ന മറ്റൊരു പുസ്തകത്തിലേക്ക് നാം പോകേണ്ടതുണ്ട്—ബൈബിൾ ആണത്. അതിന്റെ പേജുകളിൽ, തന്റെ നാമം, വ്യക്തിത്വം, ഉദ്ദേശ്യങ്ങൾ എന്നിവയുൾപ്പെടെ തന്നെപ്പറ്റിയുള്ള സംഗതികൾ, നമുക്ക് മറ്റൊരു ഉറവിൽനിന്നും മനസ്സിലാക്കാൻ കഴിയാത്ത വിവരങ്ങൾ, യഹോവ വെളിപ്പെടുത്തുന്നു.—പുറപ്പാടു 34:6, 7; സങ്കീർത്തനം 83:18; ആമോസ് 3:7.
11 നാം അറിഞ്ഞിരിക്കേണ്ട മറ്റു വ്യക്തികളെക്കുറിച്ചുള്ള മർമപ്രധാനമായ പരിജ്ഞാനവും യഹോവ തിരുവെഴുത്തുകളിലൂടെ പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന് യേശുക്രിസ്തു ആരാണ്, യഹോവയുടെ ഉദ്ദേശ്യങ്ങളുടെ സാക്ഷാത്കാരത്തിൽ അവനുള്ള പങ്ക് എന്താണ്? (പ്രവൃത്തികൾ 4:12) പിശാചായ സാത്താൻ ആരാണ്? അവൻ ഏതെല്ലാം വിധങ്ങളിൽ ആളുകളെ വഴിതെറ്റിക്കുന്നു? അവനാൽ വഴിതെറ്റിക്കപ്പെടാതിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (1 പത്രൊസ് 5:8) ഈ ചോദ്യങ്ങൾക്കുള്ള ജീവരക്ഷാകരമായ ഉത്തരങ്ങൾ ബൈബിളിൽ മാത്രമേ കാണാൻ കഴിയൂ.
12. ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നത് ഭാരമുള്ള സംഗതിയല്ലാത്തത് എന്തുകൊണ്ടെന്നു നിങ്ങളെങ്ങനെ വിശദീകരിക്കും?
12 ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള അത്തരം പരിജ്ഞാനം ഉൾക്കൊള്ളുന്നത് ഭാരമുള്ള സംഗതിയാണോ? തീർച്ചയായുമല്ല! ദൈവത്തിന്റെ നാമം യഹോവ എന്നാണെന്നും അവന്റെ രാജ്യം ഈ ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുമെന്നും നമ്മുടെ പാപങ്ങൾക്ക് അവൻ തന്റെ പ്രിയ പുത്രനെ മറുവിലയായി നൽകിയെന്നും, സമാനമായ മറ്റ് അമൂല്യ സത്യങ്ങളും ആദ്യമായി മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് എന്തു തോന്നിയെന്ന് ഓർക്കാമോ? അജ്ഞതയുടെ മൂടുപടം നീക്കി ആദ്യമായി സംഗതികൾ വ്യക്തമായി കാണുന്നതുപോലെ ആയിരുന്നില്ലേ അത്? ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നത് ഒരു ഭാരമല്ല, മറിച്ച് ആനന്ദമാണ്!—സങ്കീർത്തനം 1:1-3; 119:97.
ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരൽ
13, 14. (എ) ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുമ്പോൾ, നമ്മുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ നാം വരുത്തേണ്ടതുണ്ട്? (ബി) നാം അശുദ്ധമായ എന്തെല്ലാം നടപടികളിൽനിന്ന് ഒഴിഞ്ഞിരിക്കാൻ ദൈവം ആവശ്യപ്പെടുന്നു?
13 ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുമ്പോൾ, നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു നാം തിരിച്ചറിയാനിടയാകുന്നു. ഇതു നമ്മെ രണ്ടാമത്തെ വ്യവസ്ഥയിൽ എത്തിക്കുന്നു. നാം ശരിയായ നടത്ത സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരുകയും അവന്റെ സത്യം സ്വീകരിക്കുകയും വേണം. എന്താണു സത്യം? നാം എന്തു വിശ്വസിക്കുന്നു, എന്തു ചെയ്യുന്നു എന്നതെല്ലാം വാസ്തവത്തിൽ ദൈവത്തിനു പ്രാധാന്യമുള്ള സംഗതികളാണോ? ഇന്നു പലയാളുകളും അങ്ങനെ വിചാരിക്കുന്നില്ലെന്നുള്ളതു വ്യക്തമാണ്. വിവാഹം കഴിക്കാതെ ഒരുമിച്ചു പാർക്കുന്നത് ഒരു പാപമായി വീക്ഷിക്കേണ്ടതില്ലെന്നു ചർച്ച് ഓഫ് ഇംഗ്ലണ്ട് 1995-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് സൂചിപ്പിക്കുകയുണ്ടായി. “‘പാപത്തിൽ ജീവിക്കൽ’ എന്ന പ്രയോഗം അപകീർത്തിപ്പെടുത്തുന്നതാണ്, മാത്രമല്ല സഹായകവുമല്ല,” ഒരു സഭാ ബിഷപ്പ് പ്രസ്താവിച്ചു.
14 ആ സ്ഥിതിക്ക് “പാപത്തിൽ ജീവിക്കൽ” മേലാൽ പാപമല്ലെന്നാണോ? അത്തരം നടത്തയെക്കുറിച്ചു തനിക്ക് എന്തു തോന്നുന്നുവെന്ന് അങ്ങേയറ്റം വ്യക്തതയോടെ യഹോവ നമ്മോടു പറയുന്നു. അവന്റെ വചനമായ ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) വിവാഹപൂർവ ലൈംഗികബന്ധം സ്വാതന്ത്ര്യവാദികളായ പുരോഹിതന്മാരുടെയും പള്ളിക്കാരുടെയും വീക്ഷണത്തിൽ പാപമല്ലായിരിക്കാം. പക്ഷേ, ദൈവദൃഷ്ടിയിൽ അതു ഗുരുതരമായ പാപമാണ്! അങ്ങനെതന്നെയാണ് വ്യഭിചാരം, നിഷിദ്ധ ബന്ധുവേഴ്ച, സ്വവർഗസംഭോഗം എന്നിവയും. (ലേവ്യപുസ്തകം 18:6; 1 കൊരിന്ത്യർ 6:9, 10) അശുദ്ധമെന്നു താൻ വീക്ഷിക്കുന്ന അത്തരം നടപടികളിൽനിന്നു നാം ഒഴിഞ്ഞിരിക്കാൻ ദൈവം ആവശ്യപ്പെടുന്നു.
15. നാം മറ്റുള്ളവരോടു പെരുമാറുന്ന വിധവും നാം വിശ്വസിക്കുന്ന കാര്യങ്ങളും ദൈവത്തിന്റെ വ്യവസ്ഥകളിൽ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
15 എന്നാൽ, പാപകരമെന്നു ദൈവം വീക്ഷിക്കുന്ന അത്തരം നടപടികളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു മാത്രം മതിയാകുന്നില്ല. നാം മറ്റുള്ളവരോടു പെരുമാറുന്ന വിധവും ദൈവത്തിന്റെ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. കുടുംബത്തിൽ, ഭാര്യയ്ക്കും ഭർത്താവിനും പരസ്പര സ്നേഹവും ആദരവും ഉണ്ടായിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഭൗതികവും ആത്മീയവും വൈകാരികവുമായ ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ അവൻ ആവശ്യപ്പെടുന്നു. മാതാപിതാക്കളെ അനുസരിക്കാൻ അവൻ കുട്ടികളോടു പറയുന്നു. (സദൃശവാക്യങ്ങൾ 22:6; കൊലൊസ്സ്യർ 3:18-21) നമ്മുടെ വിശ്വാസങ്ങളുടെ കാര്യമോ? വ്യാജമതാരാധനയിൽനിന്നു വരുന്നതോ ബൈബിളിൽ വ്യക്തമായി പഠിപ്പിച്ചിരിക്കുന്ന സത്യത്തിനു വിരുദ്ധമോ ആയ വിശ്വാസങ്ങളും ആചാരങ്ങളും നാം ഒഴിവാക്കണമെന്ന് അവനാഗ്രഹിക്കുന്നു.—ആവർത്തനപുസ്തകം 18:9-13; 2 കൊരിന്ത്യർ 6:14-17.
16. ശരിയായ നടത്ത സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരുന്നതും അവന്റെ സത്യം സ്വീകരിക്കുന്നതും ഭാരമല്ലാത്തത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
16 ശരിയായ നടത്ത സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരുന്നതും അവന്റെ സത്യം സ്വീകരിക്കുന്നതും നമ്മെ സംബന്ധിച്ചിടത്തോളം ഭാരമാണോ? പ്രയോജനങ്ങൾ പരിചിന്തിക്കുമ്പോൾ, അല്ല—അവിശ്വസ്തത നിമിത്തം വേർപെട്ടുപോകുന്ന ദാമ്പത്യബന്ധങ്ങൾക്കുപകരം ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ദാമ്പത്യബന്ധങ്ങൾ; തങ്ങൾ സ്നേഹിക്കപ്പെടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും തങ്ങളെ ആർക്കും ആവശ്യമില്ലെന്നും കുട്ടികൾക്കു തോന്നുന്ന കുടുംബങ്ങൾക്കുപകരം, മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നുവെന്നും തങ്ങളെക്കൊണ്ട് ആവശ്യമുണ്ടെന്നും കുട്ടികൾക്കു തോന്നുന്ന ഭവനങ്ങൾ; കുറ്റബോധവും എയ്ഡ്സിനാലോ ലൈംഗികമായി പകരുന്ന മറ്റേതെങ്കിലും രോഗത്താലോ ഉപദ്രവിക്കപ്പെടുന്ന ഒരു ശരീരവും ഉണ്ടായിരിക്കുന്നതിനു പകരം ശുദ്ധമായ ഒരു മനസ്സാക്ഷിയും നല്ല ആരോഗ്യവും. ജീവിതം ആസ്വദിക്കാൻ നമുക്കാവശ്യമുള്ള യാതൊന്നും യഹോവയുടെ വ്യവസ്ഥകൾ തീർച്ചയായും നമ്മിൽനിന്നു കവർന്നെടുക്കുന്നില്ല!—ആവർത്തനപുസ്തകം 10:12, 13.
ജീവനോടും രക്തത്തോടും ആദരവു പ്രകടമാക്കുക
17. ജീവനെയും രക്തത്തെയും യഹോവ എങ്ങനെ വീക്ഷിക്കുന്നു?
17 ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ നിങ്ങളുടെ ജീവിതത്തെ കൊണ്ടുവരുമ്പോൾ, ജീവിതം വാസ്തവത്തിൽ എത്ര വിലയേറിയതാണെന്നു മനസ്സിലാക്കാനിടയാകുന്നു. നമുക്കിപ്പോൾ ദൈവത്തിന്റെ മൂന്നാമത്തെ വ്യവസ്ഥയെക്കുറിച്ചു ചർച്ച ചെയ്യാം. നാം ജീവനോടും രക്തത്തോടും ആദരവു പ്രകടമാക്കണം. യഹോവയ്ക്കു ജീവൻ വിശുദ്ധമാണ്. അത് അങ്ങനെ ആയിരിക്കുകയും വേണം, കാരണം ജീവന്റെ ഉറവ് അവനാണ്. (സങ്കീർത്തനം 36:9) എന്തിന്, അമ്മയുടെ ഉദരത്തിലെ ഒരു അജാത ശിശുവിന്റെ ജീവൻ പോലും യഹോവയ്ക്കു വിലപ്പെട്ടതാണ്! (പുറപ്പാടു 21:22, 23) രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട്, രക്തവും ദൈവദൃഷ്ടിയിൽ വിശുദ്ധമാണ്. (ലേവ്യപുസ്തകം 17:14) അപ്പോൾ, ദൈവം വീക്ഷിക്കുന്നതുപോലെ, നാമും ജീവനെയും രക്തത്തെയും വീക്ഷിക്കണമെന്ന് അവൻ പ്രതീക്ഷിക്കുന്നതിൽ അതിശയിക്കേണ്ടതില്ല.
18. ജീവനെയും രക്തത്തെയും സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണം നമ്മിൽനിന്ന് എന്താവശ്യപ്പെടുന്നു?
18 ജീവനോടും രക്തത്തോടുമുള്ള ആദരവ് നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് എന്താണ്? ക്രിസ്ത്യാനികളെന്ന നിലയിൽ നാം വെറുതെ ഒരു രസത്തിനു വേണ്ടി നമ്മുടെ ജീവിതം പന്താടാൻ മുതിരാറില്ല. സുരക്ഷാബോധമുള്ളവരായതുകൊണ്ട് നമ്മുടെ കാറുകളും വീടുകളും സുരക്ഷിതമാണെന്നു നാം ഉറപ്പാക്കുന്നു. (ആവർത്തനപുസ്തകം 22:8) നാം പുകയില ഉപയോഗിക്കുകയോ അടയ്ക്ക ചവയ്ക്കുകയോ രസത്തിനു വേണ്ടി ആസക്തിയുളവാക്കുന്നതോ മനസ്സിന്റെ താളം തെറ്റിക്കുന്നതോ ആയ ലഹരിമരുന്നു കഴിക്കുകയോ ഇല്ല. (2 കൊരിന്ത്യർ 7:1) ‘രക്തം വർജി’ക്കണമെന്നു ദൈവം പറയുമ്പോൾ നാം ശ്രദ്ധിക്കുന്നതുകൊണ്ട്, നമ്മുടെ ശരീരത്തിലേക്കു രക്തം കടത്തിവിടാൻ നാം അനുവദിക്കുന്നില്ല. (പ്രവൃത്തികൾ 15:28, 29) നാം ജീവനെ സ്നേഹിക്കുന്നുണ്ടെങ്കിലും, ദൈവത്തിന്റെ നിയമം ലംഘിച്ചുകൊണ്ടു നമ്മുടെ ഇപ്പോഴത്തെ ജീവൻ രക്ഷിക്കാനും അങ്ങനെ നമ്മുടെ നിത്യജീവന്റെ സാധ്യതയെ അപകടപ്പെടുത്താനും നാം ശ്രമിക്കുകയില്ല!—മത്തായി 16:25.
19. ജീവനോടും രക്തത്തോടും ആദരവു കാണിക്കുന്നതിൽനിന്നു നാം എങ്ങനെ പ്രയോജനം നേടുന്നുവെന്നു വിശദീകരിക്കുക.
19 ജീവനെയും രക്തത്തെയും വിശുദ്ധമായി കരുതുന്നതു നമുക്കൊരു ഭാരമാണോ? തീർച്ചയായുമല്ല! ഇതൊന്നു ചിന്തിച്ചുനോക്കൂ. പുകവലി നിമിത്തം ഉണ്ടാകുന്ന ശ്വാസകോശാർബുദം പിടിപെടാതെ നോക്കുന്നത് ഒരു ഭാരമാണോ? ഹാനികരമായ ലഹരിമരുന്നുകളോടുള്ള മാനസികവും ശാരീരികവുമായ ആസക്തിയിൽനിന്നു രക്ഷ നേടുന്നത് ഒരു ഭാരമാണോ? രക്തപ്പകർച്ച മൂലമുണ്ടാകുന്ന എയ്ഡ്സോ ഹെപ്പറ്റൈറ്റിസോ മറ്റേതെങ്കിലും രോഗമോ പിടിപെടാതെ നോക്കുന്നത് ഒരു ഭാരമാണോ? വ്യക്തമായും, ഹാനികരമായ ശീലങ്ങളും നടപടികളും ഒഴിവാക്കുന്നതു നമ്മുടെ പ്രയോജനത്തിനു വേണ്ടിയാണ്.—യെശയ്യാവു 48:17.
20. ജീവനെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം പുലർത്തുന്നതിൽനിന്ന് ഒരു കുടുംബം എങ്ങനെ പ്രയോജനം നേടി?
20 ഈ അനുഭവം പരിചിന്തിക്കുക. ഏതാനും വർഷങ്ങൾക്കുമുമ്പ്, ഏതാണ്ട് മൂന്നര മാസം ഗർഭിണിയായ, സാക്ഷിയായ ഒരു സ്ത്രീക്ക് ഒരു സായാഹ്നത്തിൽ രക്തസ്രാവമുണ്ടാകാൻ തുടങ്ങിയതു നിമിത്തം അവരെ പെട്ടെന്ന് ആശുപത്രിയിലാക്കി. ഗർഭച്ഛിദ്രം നടത്തേണ്ടിവരുമെന്നു പരിശോധനയ്ക്കുശേഷം ഡോക്ടർ ഒരു നേഴ്സിനോടു പറയുന്നത് അവർ യാദൃച്ഛികമായി കേട്ടു. യഹോവ ഒരു അജാതശിശുവിന്റെ ജീവനെ എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കിക്കൊണ്ട്, അവർ ഗർഭച്ഛിദ്രം നടത്തുന്നതിനോടു ശക്തമായി വിസ്സമ്മതിച്ചു. അവർ ഡോക്ടറോടു പറഞ്ഞു: “അതിനു ജീവനുണ്ടെങ്കിൽ അതിനെ, ഒന്നും ചെയ്യേണ്ട!” ഇടയ്ക്കിടയ്ക്ക് അവർക്കു രക്തസ്രാവമുണ്ടായിക്കൊണ്ടിരുന്നെങ്കിലും, ഏതാനും മാസങ്ങൾക്കുശേഷം അവർ മാസം തികയുന്നതിനു മുമ്പ് ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. അവനിപ്പോൾ 17 വയസ്സുണ്ട്. അവർ ഇങ്ങനെ വിശദീകരിച്ചു: “ഇതിനെക്കുറിച്ചെല്ലാം ഞങ്ങൾ ഞങ്ങളുടെ മകനോടു പറഞ്ഞു. കുപ്പത്തൊട്ടിയിലേക്കു തന്നെ വലിച്ചെറിയാഞ്ഞതിൽ തനിക്കു നന്ദിയുണ്ടെന്ന് അവൻ പറഞ്ഞു. ഇന്ന് അവൻ ജീവിച്ചിരിക്കുന്നതിന്റെ ഒരേ ഒരു കാരണം ഞങ്ങൾ യഹോവയെ സേവിക്കുന്നതാണെന്ന് അവനറിയാം!” തീർച്ചയായും, ജീവനെക്കുറിച്ചു ദൈവത്തിന്റെ വീക്ഷണമുണ്ടായിരുന്നത് ഈ കുടുംബത്തിന് ഒരു ഭാരമായിരുന്നില്ല!
യഹോവയുടെ സംഘടിത ജനത്തോടൊപ്പം സേവിക്കൽ
21, 22. (എ) നാം ആരോടൊപ്പം യഹോവയെ സേവിക്കാൻ അവൻ പ്രതീക്ഷിക്കുന്നു? (ബി) ദൈവത്തിന്റെ സംഘടിത ജനത്തെ എങ്ങനെ തിരിച്ചറിയാൻ സാധിക്കും?
21 ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ നമ്മുടെ ജീവിതത്തെ അനുരൂപപ്പെടുത്താനാവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിൽ നാം ഒറ്റയ്ക്കല്ല. യഹോവയ്ക്കു ഭൂമിയിൽ ഒരു ജനമുണ്ട്, അവരോടൊപ്പം തന്നെ സേവിക്കാനാണ് അവൻ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്. ഇതു നമ്മെ നാലാമത്തെ വ്യവസ്ഥയിലേക്ക് എത്തിക്കുന്നു. നാം യഹോവയുടെ ആത്മാവിനാൽ നയിക്കപ്പെടുന്ന സ്ഥാപനത്തോടൊപ്പം അവനെ സേവിക്കണം.
22 എന്നിരുന്നാലും, ദൈവത്തിന്റെ സംഘടിത ജനത്തെ എങ്ങനെ തിരിച്ചറിയാൻ സാധിക്കും? തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന നിലവാരങ്ങളനുസരിച്ച്, അവർക്ക് അവരുടെ ഇടയിൽ യഥാർഥ സ്നേഹമുണ്ട്, അവർക്കു ബൈബിളിനോട് ആഴമായ ആദരവുണ്ട്, അവർ ദൈവനാമത്തെ ബഹുമാനിക്കുന്നു, അവന്റെ രാജ്യത്തെക്കുറിച്ചു പ്രസംഗിക്കുന്നു, അവർ ഈ ദുഷ്ടലോകത്തിന്റെ ഭാഗമല്ല. (മത്തായി 6:9; 24:14; യോഹന്നാൻ 13:34, 35; 17:16, 17) സത്യക്രിസ്ത്യാനിത്വത്തിന്റെ ഈ സകല അടയാളങ്ങളുമുള്ള ഒരേ ഒരു മതസ്ഥാപനമേ ഭൂമിയിലുള്ളൂ—യഹോവയുടെ സാക്ഷികൾ!
23, 24. യഹോവയുടെ സംഘടിത ജനത്തോടൊപ്പം അവനെ സേവിക്കുന്നത് ഒരു ഭാരമല്ലെന്ന് നമുക്കെങ്ങനെ ഉദാഹരിക്കാം?
23 യഹോവയുടെ സംഘടിത ജനത്തോടൊപ്പം അവനെ സേവിക്കുന്നത് ഒരു ഭാരമാണോ? തീർച്ചയായുമല്ല! നേരേമറിച്ച്, ക്രിസ്തീയ സഹോദരീസഹോദരന്മാരുടെ ലോകവ്യാപക കുടുംബത്തിന്റെ സ്നേഹവും പിന്തുണയും ഉണ്ടായിരിക്കുക എന്നത് വിലയേറിയ ഒരു പദവിയാണ്. (1 പത്രൊസ് 2:17) ഒരു കപ്പൽച്ചേതത്തെ അതിജീവിച്ച് നിങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പാടുപെടുകയാണെന്നു സങ്കൽപ്പിക്കുക. നിങ്ങൾക്കിനി ഒട്ടുംതന്നെ പിടിച്ചുനിൽക്കാനാവില്ലെന്നു തോന്നുമ്പോൾ ഒരു ജീവരക്ഷാബോട്ടിൽനിന്നു സഹായഹസ്തം നിങ്ങളുടെ അടുത്തേക്കു നീണ്ടുവരുന്നു. അതേ, അതിജീവകരായി വേറെയും ആളുകളുണ്ട്! ആ ജീവരക്ഷാബോട്ടിൽ, തീരംതേടി നിങ്ങൾ മാറിമാറി തുഴയുന്നു. അതിനിടയിൽ കണ്ടുമുട്ടുന്ന മറ്റ് അതിജീവകരെയും അതിൽ കയറ്റുന്നു.
24 നമ്മൾ സമാനമായ സ്ഥിതിവിശേഷത്തിലല്ലേ? ഈ ദുഷ്ടലോകത്തിലെ അപകടകരമായ “വെള്ള”ത്തിൽനിന്നു നമ്മെ വലിച്ചെടുത്ത് യഹോവയുടെ ഭൗമിക സ്ഥാപനത്തിന്റെ “ജീവരക്ഷാബോട്ടി”ലാക്കിയിരിക്കുന്നു. അതിനുള്ളിൽ, നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിന്റെ “തീരങ്ങ”ളിലേക്കു നീങ്ങിക്കൊണ്ടിരിക്കെ നാം തോളോടുതോൾ ചേർന്നു സേവിക്കുന്നു. യാത്രയ്ക്കിടയിലെ ജീവിതസമ്മർദങ്ങൾ നാം തളർന്നുപോകാൻ ഇടയാക്കുന്നുവെങ്കിൽ, യഥാർഥ ക്രിസ്തീയ സുഹൃത്തുക്കളിൽനിന്നുള്ള സഹായവും ആശ്വാസവുമുള്ളതിൽ നാം എത്ര നന്ദിയുള്ളവരാണ്!—സദൃശവാക്യങ്ങൾ 17:17.
25. (എ) ഇപ്പോഴും ഈ ദുഷ്ട വ്യവസ്ഥിതിയിലെ “വെള്ള”ങ്ങളിലായിരിക്കുന്നവരോട് നമുക്ക് എന്തു കടപ്പാടുണ്ട്? (ബി) അടുത്ത ലേഖനത്തിൽ ദൈവത്തിന്റെ ഏതു വ്യവസ്ഥയെക്കുറിച്ചു ചർച്ച ചെയ്യുന്നതായിരിക്കും?
25 ഇപ്പോഴും “വെള്ള”ത്തിലുള്ള, പരമാർഥ ഹൃദയരായ മറ്റാളുകളുടെ കാര്യമോ? യഹോവയുടെ സ്ഥാപനത്തിലേക്കു വരാൻതക്കവണ്ണം അവരെ സഹായിക്കുന്നതിനു നമുക്കു കടപ്പാടുണ്ട്, ഇല്ലേ? (1 തിമൊഥെയൊസ് 2:3, 4) ദൈവം ആവശ്യപ്പെടുന്നതു മനസ്സിലാക്കാൻ അവർക്കു സഹായമാവശ്യമാണ്. ഇതു നമ്മെ ദൈവത്തിന്റെ അഞ്ചാമത്തെ നിബന്ധനയിലെത്തിക്കുന്നു. നാം ദൈവരാജ്യത്തിന്റെ വിശ്വസ്ത പ്രഘോഷകരായിരിക്കണം. ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്ന് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ ദൈവകൽപ്പനകൾ ഭാരമുള്ളവയല്ലാത്തത് എന്തുകൊണ്ട്?
◻ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നാം ഉൾക്കൊള്ളുന്നതെങ്ങനെ?
◻ ശരിയായ നടത്ത സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾക്കൊത്തു ജീവിക്കുന്നതും അവന്റെ സത്യം സ്വീകരിക്കുന്നതും ഭാരമല്ലാത്തത് എന്തുകൊണ്ട്?
◻ ജീവനെയും രക്തത്തെയും സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം നമ്മിൽനിന്ന് എന്താവശ്യപ്പെടുന്നു?
◻ നാം ആരോടൊപ്പം തന്നെ സേവിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു, അവരെ എങ്ങനെ തിരിച്ചറിയാൻ സാധിക്കും?
[18-ാം പേജിലെ ചിത്രം]
സൃഷ്ടിയാകുന്ന പുസ്തകത്തിൽനിന്നും ബൈബിളിൽനിന്നും നാം യഹോവയെക്കുറിച്ചു പഠിക്കുന്നു
[കടപ്പാട]
മുതല: By courtesy of Australian International Public Relations; കരടി: Safari-Zoo of Ramat-Gan, Tel Aviv