“ദൈവാലയ”ത്തിനു ഗ്രീസിലെ വിഗ്രഹങ്ങളോട് എന്തു യോജ്യത?
കൊടുംവേനൽ. വെയിലേറ്റ് റോഡിലെ ചുട്ടുപഴുത്ത കല്ലുകൾ വെട്ടിത്തിളങ്ങുകയാണ്. എന്നാൽ ഈ കൊടുംചൂടൊന്നും ഭക്തരായ ഒരു സംഘം ഗ്രീക്ക് ഓർത്തഡോക്സ് തീർഥാടകരുടെ വീര്യത്തിനും ദൃഢനിശ്ചയത്തിനും മങ്ങലേൽപ്പിക്കുന്നതായി കാണുന്നില്ല. മലമുകളിലുള്ള ഒരു പള്ളിയിലേക്കു നീങ്ങുകയാണവർ.
ഇതാ ക്ഷീണിച്ച് അവശയായ ഒരു വൃദ്ധ. ആ രാജ്യത്തിന്റെ മറ്റേ അറ്റത്തുനിന്നു യാത്ര തുടങ്ങിയതാണവർ. കാലുകൾ തളർന്നെങ്കിലും കുഴഞ്ഞുവീഴാതിരിക്കാൻ കഠിനശ്രമം ചെയ്യുകയാണ്. കുറച്ചുകൂടെ മുകളിലായി മറ്റൊരു ഭക്തൻ. തിക്കുംതിരക്കുംകൂട്ടുന്ന ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങാൻ പാടുപെട്ട് ഉത്കണ്ഠാകുലനായി വിയർത്തൊലിക്കുന്നു. ഇനി ഒരു യുവതിയും. കാൽമുട്ടു പൊട്ടി രക്തം വാർന്നൊഴുകിയിട്ടും നിലത്ത് ഇഴയുന്നു. വ്യക്തമായും വേദനകൊണ്ടു വലഞ്ഞ മുഖഭാവം. ലക്ഷ്യം? സമയത്ത് എത്തിച്ചേരാൻ, വിശ്രുതനായ “പുണ്യവാള”ന്റെ വിഗ്രഹത്തിനുമുമ്പിൽനിന്നു പ്രാർഥിക്കാൻ, സാധിക്കുമെങ്കിൽ ഒന്നു തൊട്ടുമുത്താൻ.
ലോകമെമ്പാടും “പുണ്യവാളന്മാരെ” വണങ്ങുന്നതിനുള്ള സ്ഥലങ്ങളിൽ ഇതുപോലുള്ള രംഗങ്ങൾ ആവർത്തിച്ച് അരങ്ങേറുന്നു. ഈവിധം തങ്ങൾ ദൈവത്തിന്റേതായ രീതിയിൽ അവനെ സമീപിക്കുകയാണെന്നും അങ്ങനെ തങ്ങളുടെ ഭക്തിയും വിശ്വാസവും പ്രകടിപ്പിക്കുകയാണെന്നും ഈ തീർഥാടകർക്കെല്ലാം ബോധ്യമുള്ളതായി തോന്നുന്നു. ഞങ്ങളുടെ ഓർത്തഡോക്സ് ക്രിസ്തീയ വിശ്വാസം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു: “ഞങ്ങൾ [“പുണ്യവാളന്മാരുടെ”] തിരുനാൾ കൊണ്ടാടുകയും അവർക്കു മഹത്ത്വവും ആദരവും കൊടുക്കുകയും ചെയ്യുന്നു . . . ദൈവമുമ്പാകെ അവർ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്ന ഞങ്ങൾ അവരുടെ പ്രാർഥനയും ഞങ്ങളുടെ ജീവിതത്തിലെ അനേകം ആവശ്യങ്ങൾക്കായി അവരുടെ അഭയയാചനയും സഹായവും തേടുന്നു. . . . ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങളുടെ കാര്യത്തിൽ, . . . അത്ഭുതപ്രവർത്തകരായ പുണ്യവാളന്മാരുടെ അടുക്കൽ ഞങ്ങൾക്ക് അഭയമുണ്ട്.” റോമൻ കത്തോലിക്കാ സഭയുടെ സുന്നഹദോസ് നിയമപ്രകാരം, ദൈവത്തിന്റെ പക്കൽ മധ്യസ്ഥർ എന്നനിലയിൽ “പുണ്യവാളന്മാ”രോടു പ്രാർഥിക്കാവുന്നതാണ്. “പുണ്യവാളന്മാ”രുടെ തിരുശേഷിപ്പിനും വിഗ്രഹങ്ങൾക്കും മുമ്പാകെ വണങ്ങാവുന്നതാണ്.
ഒരു യഥാർഥ ക്രിസ്ത്യാനിയുടെ മുഖ്യതാത്പര്യം ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുക എന്നതായിരിക്കണം. (യോഹന്നാൻ 4:24) ഇക്കാരണത്താൽ, ക്രൈസ്തവലോകത്തിന്റെ മതാചാരങ്ങളുടെ ഭാഗമായി “പുണ്യവാളന്മാ”രെ വണങ്ങൽ ഉൾപ്പെടുത്തിയ വിധം സംബന്ധിച്ച് ചില വസ്തുതകൾ നമുക്കു പരിശോധിക്കാം. സ്വീകാര്യമാംവിധം ദൈവത്തെ സമീപിക്കാൻ ആഗ്രഹിക്കുന്ന സകലർക്കും അത്തരം ഒരു പരിശോധന വളരെ വിജ്ഞാനപ്രദമായിരിക്കും.
“പുണ്യവാളന്മാ”രെ കൈക്കൊണ്ടവിധം
ക്രിസ്തുവിന്റെ രക്തത്താൽ ശുദ്ധീകരിക്കപ്പെടുകയും ക്രിസ്തുവിന്റെ ഭാവി കൂട്ടവകാശികൾ എന്നനിലയിൽ ദൈവസേവനത്തിനായി വേർതിരിക്കപ്പെടുകയും ചെയ്ത എല്ലാ ആദിമ ക്രിസ്ത്യാനികളെയും “വിശുദ്ധന്മാർ” എന്നാണു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ വിളിക്കുന്നത്. (പ്രവൃത്തികൾ 9:32; 2 കൊരിന്ത്യർ 1:1; 13:13)a പ്രമുഖരും അല്ലാത്തവരുമായി സഭയിലുണ്ടായിരുന്ന സ്ത്രീപുരുഷന്മാരെ എല്ലാവരെയും ഭൂമിയിൽ ജീവിച്ചിരുന്ന സമയത്തു “വിശുദ്ധന്മാർ” എന്നു വർണിച്ചിരുന്നു. തിരുവെഴുത്തുപരമായ അർഥത്തിൽ അവരെ വിശുദ്ധന്മാർ എന്നു വിളിക്കാൻ അവർ മരിക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നില്ല എന്നു വ്യക്തം.
എന്നിരുന്നാലും, പൊ.യു. (പൊതുയുഗം) രണ്ടാം നൂറ്റാണ്ടിനുശേഷം, വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വം വികാസം പ്രാപിക്കുകയായിരുന്ന സമയത്ത്, ക്രിസ്ത്യാനിത്വത്തെ ജനകീയമാക്കാനും പുറജാതീയർക്ക് ആകർഷകവും പെട്ടെന്നു സ്വീകാര്യവുമായ ഒരു മതമാക്കിമാറ്റാനുമുള്ള പ്രവണതയുണ്ടായി. ദൈവങ്ങളുടെ ഒരു കൂട്ടത്തെ ആരാധിച്ചിരുന്നവരായിരുന്നു ഈ പുറജാതീയർ. എന്നാൽ ഈ പുതിയ മതമാകട്ടെ, കർശനമായും ഏകദൈവവിശ്വാസമുള്ളതും ആയിരുന്നു. അതുകൊണ്ട് “വിശുദ്ധന്മാ”രെ സ്വീകരിക്കുന്നതിലൂടെ ഒരു അനുരഞ്ജനം സാധ്യമാകുമായിരുന്നു. അങ്ങനെ പുരാതന ദൈവങ്ങളുടെയും ഉപദൈവങ്ങളുടെയും ഐതിഹ്യ വീരപുരുഷന്മാരുടെയും സ്ഥാനത്ത് “വിശുദ്ധന്മാ”രെ കൈക്കൊള്ളാമായിരുന്നു. ഇതിനെക്കുറിച്ചു പരാമർശിച്ചുകൊണ്ട് എക്ലിസിയാസ്റ്റികി ഇസ്റ്റോറിയ (സഭാചരിത്രം) പ്രസ്താവിക്കുന്നു: “പുറജാതീയ മതങ്ങളിൽനിന്നു ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്തെത്തുന്നവർക്ക്, തങ്ങൾ ഉപേക്ഷിച്ച വീരപുരുഷന്മാരുടെ സ്ഥാനത്തു രക്തസാക്ഷികളെ പ്രതിഷ്ഠിച്ച് മുൻ ആരാധനാപാത്രങ്ങൾക്കു കൊടുത്തിരുന്ന ആദരവ് അവർക്കു കൊടുത്തുതുടങ്ങുന്നത് എളുപ്പമായിരുന്നു. . . . എങ്കിലും മിക്കപ്പോഴും പുണ്യവാളന്മാർക്കു കൊടുത്തിരുന്ന അത്തരം ആദരവ് ശരിക്കും വിഗ്രഹാരാധനതന്നെയായിരുന്നു.”
ക്രൈസ്തവലോകത്തിൽ “വിശുദ്ധന്മാ”രെ കൈക്കൊണ്ടതെങ്ങനെയെന്നു മറ്റൊരു പ്രമാണകൃതി വിശദീകരിക്കുന്നു: “ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ പുണ്യവാളന്മാർക്ക് ആദരവർപ്പിക്കുന്നതിൽ, പുറജാതീയ മതത്തിനുണ്ടായിരുന്ന കനത്ത സ്വാധീനത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ നാം കാണുന്നു. [ആളുകൾ] ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനുമുമ്പ് ഒളിമ്പ്യൻ ദൈവങ്ങൾക്ക് കൽപ്പിച്ചുകൊടുത്തിരുന്ന ഗുണങ്ങൾ അവർ ഇപ്പോൾ പുണ്യവാളന്മാരിൽ ആരോപിച്ചു. . . . പുതിയ മതത്തിന്റെ ആദ്യ വർഷങ്ങൾമുതൽ അതിന്റെ അനുഭാവികൾ സൂര്യദേവന്റെ (ഫീബസ് അപ്പോളോ) സ്ഥാനത്ത് ഏലിയാ പ്രവാചകനെ പ്രതിഷ്ഠിച്ച് പുരാതന ദേവാലയങ്ങളുടെയോ ഈ ദേവന്റെ അമ്പലങ്ങളുടെയോ അവശിഷ്ടങ്ങളിന്മേൽ അല്ലെങ്കിൽ അതിനടുത്ത് പള്ളികൾ പണിതതായി നാം കാണുന്നു. പുരാതന ഗ്രീക്കുകാർ പ്രകാശദാതാവായ ഫീബസ് അപ്പോളോയെ ആദരിച്ചിരുന്ന സകല സ്ഥലത്തും പള്ളികൾ പണിതു. അവയിൽ മിക്കതും കുന്നിൻമുകളിലോ മലമുകളിലോ ആയിരുന്നു. . . . അവർ കന്യാദേവിയായ അഥേനയെ കന്യാമറിയം ആക്കി. അങ്ങനെ, അഥേനയുടെ വിഗ്രഹം തകർത്തപ്പോഴുണ്ടായ വിടവ് പരിവർത്തിത വിഗ്രഹാരാധകന്റെ ആത്മാവിനുള്ളിൽനിന്നു നീങ്ങി.”—നിയോതെറൊൻ എങ്കിക്ലോപഡികൊൻ ലെക്സിക്കോൻ (പുതിയ വിജ്ഞാനസമ്പന്ന നിഘണ്ടു), വാല്യം 1, പേജുകൾ 270-1.
ഉദാഹരണത്തിന്, പൊ.യു. നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏഥൻസിൽ നിലനിന്നിരുന്ന സ്ഥിതിവിശേഷം പരിശോധിക്കുക. ആ നഗരത്തിലെ ഭൂരിഭാഗം പേരും അപ്പോഴും പുറജാതീയ മതക്കാർതന്നെയായിരുന്നു. അവരുടെ ഏറ്റവും പവിത്ര ആചാരങ്ങളിലൊന്ന് എല്യൂസിനിയൻ തിരുനാളുകൾ ആയിരുന്നു. രണ്ടു ഘട്ടങ്ങളിലായുള്ള ആ തിരുന്നാൾ ഏഥൻസിൽനിന്ന് 23 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എല്യൂസിസ് പട്ടണത്തിൽ വർഷംതോറും ഫെബ്രുവരിയിലായിരുന്നു നടന്നിരുന്നത്.b ഈ തിരുനാളുകളുടെ ആഘോഷത്തിൽ പങ്കെടുക്കുന്നതിന് അഥേനക്കാർ വിശുദ്ധ വഴി (ഹിയേര ഹോഡോസ്) പിൻപറ്റണമായിരുന്നു. ആരാധിക്കുന്നതിനു മറ്റൊരു സ്ഥലം പ്രദാനം ചെയ്യുന്ന കാര്യത്തിൽ നഗരനേതാക്കൾ വളരെ ബുദ്ധിപൂർവം പ്രവർത്തിച്ചു. പുറജാതീയരെ ആകർഷിക്കാൻ അതേ പാതയിൽ ഏഥൻസിൽനിന്ന് ഏതാണ്ട് 10 കിലോമീറ്റർ അകലെ ഡഫ്നി ആശ്രമം പണിതു. ഇത് അവരെ എല്യൂസിനിയൻ തിരുനാളിൽ സംബന്ധിക്കുന്നതിൽനിന്നു തടയുമായിരുന്നു. ആശ്രമപ്പള്ളി പണിതതാകട്ടെ, ഗ്രീക്കു ദേവനായ ഡഫ്നായിയോസ് അഥവാ പീതിയോസ് അപ്പോളോയ്ക്കു സമർപ്പിച്ചിരുന്ന പുരാതന ആലയത്തിന്റെ അടിത്തറയിന്മേലും.
പുറജാതീയ ദൈവങ്ങളെ സമന്വയിപ്പിച്ചാണ് “പുണ്യവാളന്മാ”രെ വണങ്ങുന്ന സമ്പ്രദായമുണ്ടാക്കിയത് എന്നതിനുള്ള തെളിവ് ഗ്രീസിലെ കിത്തറാ ദ്വീപിൽ കാണാവുന്നതാണ്. ദ്വീപിലെ മലമുകൾപ്പരപ്പുകളിലൊന്നിൽ ചെറിയ രണ്ടു ബൈസൻടൈൻ പള്ളികളുണ്ട്—അവയിൽ ഒന്ന് ഗീവർഗീസ് “പുണ്യവാള”ന്റേതും മറ്റേത് കന്യാമറിയത്തിന്റേതുമാണ്. ഖനനങ്ങളിൽനിന്നു മനസ്സിലാകുന്നത് ഈ സ്ഥലത്തെ മലമുകൾപ്പരപ്പിലായിരുന്നു 3,500 വർഷത്തോളം ആരാധനാസ്ഥലമായിരുന്ന മിനോവൻ അമ്പലം എന്നാണ്. പൊ.യു. ആറാമത്തെയോ ഏഴാമത്തെയോ നൂറ്റാണ്ടിൽ, “ക്രിസ്ത്യാനികൾ” ആ മലമുകൾപ്പരപ്പിലെ അമ്പലം സ്ഥിതിചെയ്തിരുന്ന അതേ സ്ഥലത്തുതന്നെ “വിശുദ്ധ” ഗീവർഗീസിനു പള്ളി പണിതു. ആ ശ്രമം അങ്ങേയറ്റം പ്രതീകാത്മകമായിരുന്നു; മിനോവൻ മതത്തിന്റെ ആ വികസിതകേന്ദ്രം ഗ്രീസിനടുത്തുകൂടെയുള്ള സമുദ്രയാത്ര ആവശ്യമാക്കിത്തീർത്തു. കന്യാമറിയത്തിന്റെയും ഗീവർഗീസ് “പുണ്യവാള”ന്റെയും പ്രീതി നേടാനാണ് ആ രണ്ടു പള്ളികൾ പണിതത്; ഗീവർഗീസ് പുണ്യവാളന്റെ തിരുന്നാൾ കൊണ്ടാടിയിരുന്നത് “സമുദ്രയാത്രികരുടെ സംരക്ഷകൻ” ആയ നിക്കോളാസ് “പുണ്യവാള”ന്റെ തിരുന്നാൾ ദിവസംതന്നെ ആയിരുന്നു. ഈ കണ്ടെത്തലിനെക്കുറിച്ചു റിപ്പോർട്ടു ചെയ്ത ഒരു വാർത്താപത്രം പ്രസ്താവിച്ചു: മതകർമങ്ങൾ നിർവഹിക്കുന്നതിനായി “പുരാതന നാളുകളിൽ മിനോവൻ പുരോഹിതൻ ചെയ്തിരുന്നതുപോലെ, ഇന്ന് [ഗ്രീക്ക് ഓർത്തഡോക്സ്] പുരോഹിതന്മാർ മല കയറും.”
പുറജാതീയ ഗ്രീക്കു മതത്തിന് വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തിന്മേലുണ്ടായിരുന്ന സ്വാധീനത്തിന്റെ വ്യാപ്തി എത്രമാത്രമെന്നു സംഗ്രഹിച്ചുകൊണ്ട് ഒരു ചരിത്രഗവേഷക പറയുന്നു: “ക്രിസ്തീയ മതത്തിനു പുറജാതീയ അടിസ്ഥാനമാണുള്ളത്. ജനകീയ വിശ്വാസങ്ങളിൽ അതിപ്പോഴും മാറ്റമൊന്നുംകൂടാതെ തുടരുകയാണ്. അങ്ങനെ അത് പാരമ്പര്യത്തിന്റെ സഹിഷ്ണുതാശീലത്തിനു തെളിവു നൽകുന്നു.”
‘നാം അറിയുന്നതിനെ ആരാധിക്കൽ’
ശമര്യ സ്ത്രീയോടു യേശു പറഞ്ഞു: “ഞങ്ങൾ അറിയുന്നതിനെ ആരാധിക്കുന്നു. . . . യഥാർഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. . . . യഥാർഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.” (യോഹന്നാൻ 4:22, 23, പി.ഒ.സി. ബൈബിൾ) സത്യത്തിലുള്ള ആരാധന അത്യന്താപേക്ഷിതമാണ് എന്നതു ശ്രദ്ധിക്കുക! അതുകൊണ്ട് സത്യത്തെക്കുറിച്ചുള്ള സൂക്ഷ്മമായ പരിജ്ഞാനവും അതിനോടുള്ള ആഴമായ സ്നേഹവുമില്ലാതെ ദൈവത്തെ സ്വീകാര്യമായി ആരാധിക്കുക അസാധ്യമാണ്. സത്യത്തിലായിരിക്കണം യഥാർഥ ക്രിസ്തീയ മതത്തിന്റെ അടിസ്ഥാനം, അല്ലാതെ പുറജാതീയ മതങ്ങളിൽനിന്നു കടമെടുത്ത പാരമ്പര്യങ്ങളിലോ ആചാരങ്ങളിലോ ആയിരിക്കരുത്. ആളുകൾ തന്നെ തെറ്റായ രീതിയിൽ ആരാധിക്കാൻ ശ്രമിക്കുമ്പോൾ യഹോവയ്ക്ക് എന്തു തോന്നുമെന്നു നമുക്കറിയാം. പുരാതന ഗ്രീക്കു നഗരമായ കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് പൗലൊസ് അപ്പോസ്തലൻ എഴുതി: “ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? . . . ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത?” (2 കൊരിന്ത്യർ 6:15, 16) ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളും കൂട്ടിയിണക്കാനുള്ള ഏതൊരു ശ്രമവും അവനു വെറുപ്പാണ്.
അതിലുപരി, ദൈവത്തിന്റെ അടുക്കൽ മധ്യസ്ഥന്മാരായി വർത്തിക്കുന്നതിനുവേണ്ടി “പുണ്യവാളന്മാ”രോടു പ്രാർഥിക്കാമെന്ന ആശയം തിരുവെഴുത്തുകൾ വളരെ വ്യക്തമായിത്തന്നെ തള്ളിക്കളയുന്നു. തന്റെ മാതൃകാപ്രാർഥനയിൽ, പിതാവിനോടു മാത്രമേ പ്രാർഥിക്കാവൂ എന്ന് യേശു പഠിപ്പിക്കുകയുണ്ടായി, കാരണം അവൻ തന്റെ ശിഷ്യന്മാരോടു കൽപ്പിച്ചത് ഇങ്ങനെയായിരുന്നു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) യേശു കൂടുതലായി ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻതന്നെ വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. എന്റെ നാമത്തിൽ നിങ്ങൾ എന്തു ചോദിച്ചാലും അതു ഞാൻ ചെയ്തുതരും.” പൗലൊസ് അപ്പോസ്തലൻ പ്രസ്താവിച്ചു: “ദൈവം ഒന്നേയുള്ളൂ. ദൈവത്തിന്നും മനുഷ്യർക്കും ഇടയ്ക്ക് ഒരു മധ്യസ്ഥനേ ഉള്ളൂ: മനുഷ്യനായ ക്രിസ്തുയേശു.”—യോഹന്നാൻ 14:6, 14; 1 തിമൊഥെയൊസ് 2:5; ഓശാന.
ദൈവം നമ്മുടെ പ്രാർഥന കേൾക്കണമെന്നു നാം ശരിക്കും ആഗ്രഹിക്കുന്നെങ്കിൽ, അവന്റെ വചനം അനുശാസിക്കുന്നവിധം നാം അവനെ സമീപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യഹോവയെ സമീപിക്കുന്നതിനുള്ള ഒരേയൊരു അംഗീകൃത മാർഗം ഊന്നിപ്പറഞ്ഞുകൊണ്ട്, പൗലൊസും എഴുതി: “ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേററവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” “താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.”—റോമർ 8:34; എബ്രായർ 7:25.
‘ആത്മാവിലും സത്യത്തിലും ആരാധിക്കൽ’
വ്യാജാരാധന ഉപേക്ഷിച്ച് യേശുക്രിസ്തുവിന്റെ സത്യപഠിപ്പിക്കലുകൾ പിൻപറ്റാൻ പുറജാതീയരെ പ്രചോദിപ്പിക്കുന്നതിനുള്ള ആത്മീയ ശക്തിയോ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പിന്തുണയോ വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തിന് ഉണ്ടായിരുന്നില്ല. പരിവർത്തിതരെ ലഭിക്കുന്നതിനും അധികാരവും ജനപ്രീതിയും ആർജിക്കുന്നതിനുംവേണ്ടിയുള്ള ത്വരയിൽ അതു പുറജാതീയ വിശ്വാസങ്ങളും ആചാരങ്ങളും സ്വീകരിച്ചു. അതുകൊണ്ടുതന്നെ അത് ഉളവാക്കിയത് ദൈവത്തിനും ക്രിസ്തുവിനും സ്വീകാര്യയോഗ്യരായ ഉറച്ച ക്രിസ്ത്യാനികളെ അല്ല, മറിച്ച് ദൈവരാജ്യത്തിനു കൊള്ളാത്ത അനുകരണ വിശ്വാസികളെ, ‘കളകളെ’യാണ്.—മത്തായി 13:24-30.
എന്നാൽ ഈ അന്ത്യകാലത്ത്, യഹോവയുടെ നിയന്ത്രണത്തിൻകീഴിൽ സത്യാരാധന പുനഃസ്ഥാപിക്കുന്ന അതിപ്രധാനമായ ഒരു പ്രസ്ഥാനമുണ്ട്. സാംസ്കാരികവും സാമൂഹികവും മതപരവുമായ പശ്ചാത്തലം ഗൗനിക്കാതെ, ലോകവ്യാപകമായി യഹോവയുടെ ജനം തങ്ങളുടെ ജീവിതത്തെയും വിശ്വാസത്തെയും ബൈബിൾനിലവാരങ്ങളോട് അനുരൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കേണ്ട വിധത്തെക്കുറിച്ചു കൂടുതലായി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ പാർക്കുന്നിടത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. ന്യായബോധത്തിലും ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിലും അധിഷ്ഠിതമായി ദൈവത്തിനു സ്വീകാര്യയോഗ്യമായ വിശുദ്ധസേവനം അർപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് അവർക്ക് അതീവ സന്തോഷമുണ്ടായിരിക്കും. പൗലൊസ് എഴുതി: “ആകയാൽ സഹോദരന്മാരേ, നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ഒരു യാഗമായി, നിങ്ങളുടെ ന്യായബോധത്തോടുകൂടിയ ഒരു വിശുദ്ധ സേവനമായി അർപ്പിക്കാൻ ദൈവത്തിന്റെ മനസ്സലിവു നിമിത്തം ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ഈ വ്യവസ്ഥിതിക്കനുരൂപമാകുന്നതു നിർത്തി, നല്ലതും സ്വീകാര്യവും പൂർണവുമായ ദൈവേഷ്ടം എന്തെന്നു സ്വയം ഉറപ്പുവരുത്തേണ്ടതിനു നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” കൂടാതെ കൊലൊസ്സ്യരോട് അവൻ പറഞ്ഞു: “ഞങ്ങൾ അതു കേട്ട നാൾമുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും.”—റോമർ 12:1, 2, NW; കൊലൊസ്സ്യർ 1:9, 10.
[അടിക്കുറിപ്പുകൾ]
a ചില ബൈബിൾ പരിഭാഷകൾ ഗ്രീക്കുപദമായ ഹാഗിയോസിനെ “വിശുദ്ധനായ ഒരുവൻ” എന്നും മറ്റുള്ളവയെ “വിശുദ്ധൻ” എന്നും പരിഭാഷപ്പെടുത്തുന്നു.
b ഏഥൻസിലും എല്യൂസിസിലും വർഷംതോറും സെപ്റ്റംബറിലായിരുന്നു വലിയ എല്യൂസിനിയ ആഘോഷിച്ചിരുന്നത്.
[28-ാം പേജിലെ ചതുരം/ചിത്രം]
പാർഥെനണിന്റെ അസംഭവ്യ ഉപയോഗം
“ക്രിസ്തീയ” ചക്രവർത്തിയായ തിയോഡോസിയസ് രണ്ടാമൻ, ഏഥൻസ് നഗരത്തിനായുള്ള ശാസനത്തിൽ (പൊ.യു. 438) പുറജാതീയ മതാചാരങ്ങളും തിരുനാളുകളും നിരോധിക്കുകയും പുറജാതീയ അമ്പലങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് അവയെ ക്രിസ്തീയ പള്ളികളാക്കിമാറ്റാൻ സാധിക്കുമായിരുന്നു. അമ്പലം വിജയകരമായി ക്രിസ്തീയ പള്ളിയാക്കിമാറ്റുന്നതിന് ഒരേയൊരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ: അകത്തൊരു കുരിശു സ്ഥാപിച്ച് അതിനെ ശുദ്ധീകരിക്കുക!
അങ്ങനെ മാറ്റംവരുത്തിയ ആദ്യത്തെ അമ്പലങ്ങളിലൊന്ന് പാർഥെനൺ ആയിരുന്നു. “ക്രിസ്തീയ” ദേവാലയത്തിനുപറ്റിയവിധം മാറ്റം വരുത്തുന്നതിന് വൻപുതുക്കിപ്പണി ആവശ്യമായി. പൊ.യു. 869 മുതൽ ഏഥൻസിന്റെ കത്തീഡ്രൽ ആയിരുന്നു അത്. ആരംഭത്തിൽ അതിനെ “പരിശുദ്ധ ജ്ഞാന”ത്തിന്റെ പള്ളിയായി ആദരിച്ചിരുന്നു. അമ്പലത്തിന്റെ ആദ്യ “ഉടമസ്ഥ” ജ്ഞാനദേവിയായ അഥേന ആയിരുന്നുവെന്ന് ഓർമിപ്പിക്കാൻ മനഃപൂർവം ചെയ്തതായിരിക്കാം അത്. പിന്നീട് അത് “അഥേന്യ ദേവി”ക്കു സമർപ്പിക്കപ്പെട്ടു. ഓർത്തഡോക്സുകാരുടെ എട്ടു നൂറ്റാണ്ടുകാലത്തെ ഉപയോഗത്തിനുശേഷം, അമ്പലം കത്തോലിക്കാ സഭയുടേതാകുകയും അങ്ങനെ അതിനെ ഏഥൻസിലെ വിശുദ്ധ മറിയത്തിന്റെ പള്ളിയാക്കുകയും ചെയ്തു. പാർഥെനണിന്റെ അത്തരം മതപരമായ “പുനരുപയോഗം” അവിടെയും അവസാനിച്ചില്ല, 15-ാം നൂറ്റാണ്ടിൽ ഒട്ടോമൻ തുർക്കികൾ അതിനെ ഒരു മുസ്ലിംപള്ളിയാക്കി.
ഗ്രീക്കു വാസ്തുശിൽപ്പത്തിന്റെ ഒരു അതിശ്രേഷ്ഠ കലാസൗധം എന്നനിലയിൽ ഇന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികൾ ഗ്രീക്ക് ജ്ഞാനദേവിയായ അഥേന പാർഥിനൊസിന്റെ (“കന്യക”) പുരാതന ഡോറിക് അമ്പലമായ പാർഥെനൺ സന്ദർശിക്കുന്നുണ്ട്.
[26-ാം പേജിലെ ചിത്രം]
ഡഫ്നി ആശ്രമം—പുരാതന ഏഥൻസിലെ പുറജാതീയർക്കുള്ള ഒരു പകര ആരാധനാസ്ഥലം