യഥാർഥ വിശുദ്ധന്മാർക്ക് എങ്ങനെ നിങ്ങളെ സഹായിക്കാനാകും?
തിരുവെഴുത്തുകളിൽ ‘വിശുദ്ധൻ’ എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രീക്കു പദം ആരെയാണു സൂചിപ്പിക്കുന്നത്? പുതിയനിയമ പദങ്ങളുടെ ഒരു വിശദീകരണ നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് “ബഹുവചന രൂപത്തിൽ, വിശ്വാസികളെ പരാമർശിക്കാനായി ഉപയോഗിക്കുമ്പോൾ അത് വിശ്വാസികളുടെ മുഴു കൂട്ടത്തെയുമാണു കുറിക്കുന്നത്, അല്ലാതെ കേവലം അസാധാരണ വിശുദ്ധി ഉള്ളവരെയോ അസാധാരണ വിശുദ്ധപ്രവൃത്തികൾ ചെയ്തിട്ടുള്ളവരായി മരണാനന്തരം അറിയപ്പെടുന്നവരെയോ അല്ല.”
അതുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് എല്ലാ ആദിമ ക്രിസ്ത്യാനികളെയും യഥാർഥ വിശുദ്ധരായി തിരിച്ചറിയിച്ചു. ഉദാഹരണത്തിന്, അവൻ “കൊരിന്തിലെ ദൈവസഭെക്കും [റോമൻ പ്രവിശ്യയായ] അഖായയിൽ എല്ലാടത്തുമുള്ള സകലവിശുദ്ധന്മാർക്കും” എന്നു സംബോധന ചെയ്തുകൊണ്ട് പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ഒരു ലേഖനം എഴുതി. (2 കൊരിന്ത്യർ 1:1) പിന്നീട് പൗലൊസ് “റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും” എഴുതി. (റോമർ 1:3) വ്യക്തമായും, ഈ വിശുദ്ധന്മാർ അപ്പോഴും ജീവിച്ചിരിക്കുന്നവരായിരുന്നു. മാത്രമല്ല, ഏതെങ്കിലും അസാധാരണ നന്മയുടെ അടിസ്ഥാനത്തിൽ മറ്റു വിശ്വാസികളിൽനിന്നു വേർതിരിക്കപ്പെട്ടവർ ആയിരുന്നുമില്ല. അപ്പോൾ അവർ വിശുദ്ധന്മാരായി തിരിച്ചറിയിക്കപ്പെടുന്നതിനുള്ള അടിസ്ഥാനം എന്തായിരുന്നു?
ദൈവത്താൽ വിശുദ്ധീകരിക്കപ്പെട്ടവർ
ഏതെങ്കിലും മനുഷ്യരോ സംഘടനകളോ അല്ല വ്യക്തികളെ വിശുദ്ധരാക്കുന്നതെന്ന് ദൈവവചനം പ്രകടമാക്കുന്നു. തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “[ദൈവം] നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, . . . തന്റെ സ്വന്തനിർണ്ണയത്തിന്നും കൃപെക്കും [“സ്വന്തം ഉദ്ദേശ്യത്തിനും അനർഹദയയ്ക്കും,” NW] ഒത്തവണ്ണമത്രേ.” (2 തിമൊഥെയൊസ് 1:9, 10) അതേ, തന്റെ അനർഹദയയ്ക്കും ഉദ്ദേശ്യത്തിനും ചേർച്ചയിലുള്ള യഹോവയുടെ വിളിയാലാണ് ഒരാൾ വിശുദ്ധീകരിക്കപ്പെടുന്നത്.
ക്രിസ്തീയ സഭയിലെ വിശുദ്ധന്മാർ ഒരു ‘പുതിയ നിയമത്തിലെ [“ഉടമ്പടി,” NW]’ കക്ഷികളാണ്. യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തം ഈ ഉടമ്പടിയെ സാധൂകരിക്കുകയും അതിലെ കക്ഷികളെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. (എബ്രായർ 9:15; 10:29; 13:20, 24) ദൈവദൃഷ്ടിയിൽ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്ന അവർ ‘യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിക്കുന്ന ഒരു വിശുദ്ധപുരോഹിതവർഗ്ഗം’ ആണ്.—1 പത്രൊസ് 2:5, 9.
വിശുദ്ധന്മാരോടുള്ള സഹായാഭ്യർഥനകളും മധ്യസ്ഥ പ്രാർഥനകളും
വിശ്വാസികൾക്കു പ്രത്യേക ശക്തി നൽകാൻ ‘വിശുദ്ധന്മാർക്കു’ കഴിയുമെന്ന വിശ്വാസത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ സ്മാരകാവശിഷ്ടങ്ങൾ ഉപയോഗിച്ചുകൊണ്ടോ മധ്യസ്ഥർ എന്ന നിലയിൽ അവരുടെ സഹായം അഭ്യർഥിച്ചുകൊണ്ടോ അവരെ ആരാധിക്കുന്നു. എന്നാൽ ഇതിനു ബൈബിൾ പിന്തുണയുണ്ടോ? ഗിരിപ്രഭാഷണത്തിൽ, ദൈവത്തെ എങ്ങനെ സമീപിക്കണമെന്നു യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. അവൻ പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) യഹോവയാം ദൈവത്തോടു മാത്രം പ്രാർഥിക്കുന്നതാണ് ഉചിതം.
‘വിശുദ്ധന്മാരുടെ’ മധ്യസ്ഥതയെ പിന്താങ്ങാനുള്ള ശ്രമത്തിൽ ചില ദൈവശാസ്ത്രജ്ഞർ റോമർ 15:30-32 ഉപയോഗിക്കാറുണ്ട്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “സഹോദരന്മാരേ . . . നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.” തന്നോടു പ്രാർഥിക്കാനോ താൻ മുഖാന്തരം ദൈവത്തെ സമീപിക്കാനോ പൗലൊസ് ആ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നോ? അല്ല. യഥാർഥ വിശുദ്ധന്മാർക്കു വേണ്ടി പ്രാർഥിക്കുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അവരോട് അല്ലെങ്കിൽ അവരിലൂടെ പ്രാർഥിക്കാൻ ദൈവം ഒരിടത്തും നമ്മോടു കൽപ്പിക്കുന്നില്ല.—ഫിലിപ്പിയർ 1:1, 3, 6.
എന്നിരുന്നാലും, നമ്മുടെ പ്രാർഥനകൾക്കു മധ്യസ്ഥത വഹിക്കാൻ ദൈവം ഒരുവനെ നിയോഗിച്ചിട്ടുണ്ട്. “ഞാൻതന്നെ വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” എന്ന് യേശുക്രിസ്തു പറഞ്ഞു. അവൻ ഇങ്ങനെയും പറഞ്ഞു: “പിതാവ് പുത്രനിൽ മഹത്ത്വീകരിക്കപ്പെടുന്നതിന്നുവേണ്ടി, എന്റെ നാമത്തിൽ നിങ്ങൾ ചോദിക്കുന്നതെന്തും ഞാൻ ചെയ്തു തരും. എന്റെ നാമത്തിൽ നിങ്ങൾ എന്തു ചോദിച്ചാലും അതു ഞാൻ ചെയ്തുതരും.” (യോഹന്നാൻ 14:6, 13, 14, ഓശാന ബൈബിൾ) യേശുവിന്റെ നാമത്തിൽ അർപ്പിക്കപ്പെടുന്ന പ്രാർഥനകൾ യഹോവ കേൾക്കുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. യേശുവിനെ കുറിച്ചു ബൈബിൾ പറയുന്നു: “താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ [അല്ലെങ്കിൽ, മധ്യസ്ഥത വഹിക്കാൻ] സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.”—എബ്രായർ 7:25.
യേശു നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കാൻ ഒരുക്കമുള്ളവനായിരിക്കുമ്പോൾ പിന്നെ ക്രൈസ്തവലോകത്തിലെ ആരാധകർ പ്രാർഥനയിൽ പലപ്പോഴും ‘വിശുദ്ധന്മാരുടെ’ മധ്യസ്ഥത അഭ്യർഥിക്കുന്നത് എന്തുകൊണ്ടാണ്? വിശ്വാസത്തിന്റെ യുഗം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ചരിത്രകാരനായ വിൽ ഡ്യൂറന്റ് ഈ രീതിയുടെ ഉത്ഭവത്തെ കുറിച്ചു പറയുന്നു. സർവശക്തനായ ദൈവത്തെ ആളുകൾ ഭയന്നിരുന്നെന്നും യേശുവിനെ സമീപിക്കുന്നത് കൂടുതൽ എളുപ്പമാണെന്ന് അവർ കരുതിയിരുന്നെന്നും പറഞ്ഞശേഷം ഡ്യൂറന്റ് പ്രസ്താവിക്കുന്നു: “ഗിരിപ്രഭാഷണത്തിലെ ധന്യവാദങ്ങൾ [മത്തായി 5:3-12-ലെ യേശുവിന്റെ പ്രഖ്യാപനങ്ങൾ] പൂർണമായും അവഗണിച്ച ശേഷം [യേശുവിനോടു] നേരിട്ടു സംസാരിക്കാൻ അവർ ധൈര്യപ്പെട്ടില്ല. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതിലൂടെ സ്വർഗത്തിൽ ഉണ്ടെന്ന് ഉറപ്പു ലഭിച്ച ഏതെങ്കിലും വിശുദ്ധന്റെ മുമ്പാകെ പ്രാർഥനകൾ അർപ്പിക്കുകയും തങ്ങൾക്കുവേണ്ടി യേശുവിന്റെയടുക്കൽ മാധ്യസ്ഥ്യം വഹിക്കാൻ അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്യുന്നതാണു കൂടുതൽ ജ്ഞാനപൂർവകമായ ഗതിയായി കാണപ്പെട്ടത്.” എന്നാൽ ഈ ആശങ്കകൾ ന്യായമായ അടിസ്ഥാനമുള്ളവയാണോ?
യേശുവിലൂടെ ദൈവത്തെ പ്രാർഥനയിൽ ‘സംസാരസ്വാതന്ത്ര്യത്തോടും ഉറപ്പോടും കൂടെ സമീപിക്കാൻ’ കഴിയുമെന്നു ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. (എഫെസ്യർ 3:11, 12, NW) സർവശക്തനായ ദൈവം പ്രാർഥന കേൾക്കാൻ കഴിയാത്തവിധം മനുഷ്യരിൽനിന്ന് അകന്നിരിക്കുന്നില്ല. സങ്കീർത്തനക്കാരനായ ദാവീദ് ഉറപ്പോടെ ഇങ്ങനെ പ്രാർഥിച്ചു: “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.” (സങ്കീർത്തനം 65:2) യഹോവ, മരിച്ചുപോയ ‘വിശുദ്ധന്മാരുടെ’ അവശിഷ്ടങ്ങളിലൂടെ ശക്തി പകരുന്നതിനു പകരം വിശ്വാസത്തോടെ തന്നോടു ചോദിക്കുന്നവർക്ക് തന്റെ പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. യേശു ഇങ്ങനെ ന്യായവാദം ചെയ്തു: “ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”—ലൂക്കൊസ് 11:13.
വിശുദ്ധന്മാരുടെ ധർമം
പൗലൊസ് തന്റെ ലേഖനങ്ങളിൽ അഭിസംബോധന ചെയ്ത വിശുദ്ധന്മാരെല്ലാം നൂറ്റാണ്ടുകൾക്കു മുമ്പു മരിച്ചു. കാലാന്തരത്തിൽ അവർക്ക് “ജീവകിരീടം,” സ്വർഗത്തിലേക്കുള്ള ഒരു പുനരുത്ഥാനം ലഭിക്കുമായിരുന്നു. (വെളിപ്പാടു 2:10) ഈ യഥാർഥ വിശുദ്ധന്മാരെ ആരാധിക്കുന്നത് തിരുവെഴുത്തു വിരുദ്ധമാണെന്നും അത് രോഗം, പ്രകൃതി വിപത്തുകൾ, സാമ്പത്തിക അസ്ഥിരത, വാർധക്യം, മരണം തുടങ്ങിയവയിൽനിന്ന് ഒരുവനെ സംരക്ഷിക്കുകയില്ല എന്നും യഹോവയാം ദൈവത്തിന്റെ ആരാധകർ തിരിച്ചറിയുന്നു. അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം, ‘ദൈവത്തിന്റെ വിശുദ്ധന്മാർ യഥാർഥത്തിൽ നമുക്കുവേണ്ടി കരുതുന്നുണ്ടോ? അവർ നമുക്കുവേണ്ടി പ്രവർത്തിക്കുമെന്നു നാം പ്രതീക്ഷിക്കണമോ?’
ദാനീയേൽ രേഖപ്പെടുത്തിയ ഒരു പ്രവചനത്തിൽ വിശുദ്ധന്മാർക്ക് പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു. ഇന്നോളം നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന ആവേശജനകമായ ഒരു ദർശനം പൊ.യു.മു. ആറാം നൂറ്റാണ്ടിൽ അവൻ കണ്ടു. മനുഷ്യവർഗത്തിന്റെ യഥാർഥ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ കഴിയാത്ത മനുഷ്യ ഗവൺമെന്റുകളെ പ്രതീകപ്പെടുത്തുന്ന നാല് ഭയാനക മൃഗങ്ങൾ സമുദ്രത്തിൽനിന്നു കയറിവരുന്നത് അവൻ കണ്ടു. തുടർന്ന് ദാനീയേൽ പ്രവചിച്ചു: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.”—ദാനീയേൽ 7:17, 18.
സ്വർഗത്തിൽ ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികൾ ആയിരിക്കുക എന്ന ‘വിശുദ്ധന്മാരുടെ ഈ അവകാശത്തെ’ പൗലൊസ് സ്ഥിരീകരിക്കുകയുണ്ടായി. (എഫെസ്യർ 1:18-21) യേശുവിന്റെ രക്തം 1,44,000 വിശുദ്ധന്മാർക്ക് സ്വർഗീയ മഹത്ത്വത്തിലേക്ക് ഉയിർപ്പിക്കപ്പെടാനുള്ള വഴിതുറന്നു. അപ്പൊസ്തലനായ യോഹന്നാൻ പ്രഖ്യാപിച്ചു: “ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.” (വെളിപ്പാടു 20:4, 6; 14:1, 3) ദർശനത്തിൽ ഒരു കൂട്ടം സ്വർഗീയ ജീവികൾ മഹത്ത്വീകരിക്കപ്പെട്ട യേശുവിനു മുമ്പാകെ ഇങ്ങനെ പാടുന്നത് യോഹന്നാൻ കേട്ടു: “നീ . . . നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു.” (വെളിപ്പാടു 5:9, 10) എത്ര ആശ്വാസദായകം! യഹോവയാം ദൈവംതന്നെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തവരാണ് ഈ സ്ത്രീപുരുഷന്മാർ. കൂടാതെ, മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളുംതന്നെ അനുഭവിച്ച് ഭൂമിയിൽ വിശ്വസ്തരായി സേവിച്ചിട്ടുള്ളവരാണ് അവർ. (1 കൊരിന്ത്യർ 10:13) അതുകൊണ്ട്, പുനരുത്ഥാനം പ്രാപിച്ച ഈ വിശുദ്ധന്മാർ നമ്മുടെ ബലഹീനതകളും പരിമിതികളും കണക്കിലെടുക്കുന്ന കരുണയും സഹാനുഭൂതിയുമുള്ള ഭരണാധികാരികൾ ആയിരിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
രാജ്യഭരണത്തിൻ കീഴിലെ അനുഗ്രഹങ്ങൾ
ഭൂമിയിൽനിന്നു സകല ദുഷ്ടതയും കഷ്ടപ്പാടും തുടച്ചുനീക്കുന്നതിന് രാജ്യഗവൺമെന്റ് പെട്ടെന്നുതന്നെ നടപടി സ്വീകരിക്കും. ആ സമയത്ത് മുമ്പെന്നത്തേതിലും അധികമായി മനുഷ്യർ ദൈവത്തോട് അടുക്കും. യോഹന്നാൻ എഴുതി: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.” ഇത് മനുഷ്യവർഗത്തിനു കണക്കറ്റ അനുഗ്രഹങ്ങൾ കൈവരുത്തും. എന്തെന്നാൽ പ്രവചനം തുടരുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.
അത് എത്ര സന്തോഷപ്രദമായ സമയം ആയിരിക്കും! ക്രിസ്തുയേശുവിന്റെയും 1,44,000 വിശുദ്ധന്മാരുടെയും പൂർണതയുള്ള ഭരണാധിപത്യത്തിൻ കീഴിലെ അവസ്ഥകളെ കുറിച്ച് മീഖാ 4:3, 4 കൂടുതലായി ഇങ്ങനെ പറയുന്നു: “[യഹോവ] അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.”
വെളിപ്പാടു 22:17 അനുസരിച്ച് ഈ അനുഗ്രഹങ്ങളിൽ പങ്കുചേരാനുള്ള ക്ഷണം വിശുദ്ധന്മാർ വെച്ചുനീട്ടുകയാണ്. ഒരു മണവാട്ടിയാൽ പ്രതീകാത്മകമായി ചിത്രീകരിക്കപ്പെടുന്ന യഥാർഥ വിശുദ്ധന്മാർ, “വരിക” എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. വാക്യം ഇങ്ങനെ തുടരുന്നു: “കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.” ഈ “ജീവജല”ത്തിൽ എന്താണ് ഉൾപ്പെടുന്നത്? ഒരു സംഗതി, ദൈവോദ്ദേശ്യങ്ങളെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനമാണ്. ദൈവത്തോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ബൈബിളിന്റെ ക്രമമായ പഠനത്തിലൂടെ ഈ അറിവു ലഭിക്കും. വിശുദ്ധന്മാർ യഥാർഥത്തിൽ ആരാണെന്നും ദൈവം അവരെ മനുഷ്യവർഗത്തിന്റെ നിത്യപ്രയോജനത്തിനായി എങ്ങനെ ഉപയോഗിക്കുമെന്നും ദൈവവചനത്തിലൂടെ മനസ്സിലാക്കാൻ കഴിയും എന്നതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും!
[4-ാം പേജിലെ ചിത്രം]
പൗലൊസ് യഥാർഥ വിശുദ്ധന്മാർക്ക് നിശ്വസ്ത ലേഖനങ്ങൾ എഴുതി
[4, 5 പേജുകളിലെ ചിത്രം]
യേശുവിന്റെ വിശ്വസ്ത അപ്പൊസ്തലന്മാർ യഥാർഥ വിശുദ്ധന്മാർ ആയിത്തീർന്നു
[6-ാം പേജിലെ ചിത്രം]
നമ്മുടെ പ്രാർഥനകൾ കേൾക്കുമെന്ന ഉറപ്പോടെ നമുക്ക് യേശുക്രിസ്തുവിലൂടെ ദൈവത്തെ സമീപിക്കാം
[7-ാം പേജിലെ ചിത്രം]
പുനരുത്ഥാനം പ്രാപിച്ച വിശുദ്ധന്മാർ അനുകമ്പയുള്ള ഭരണാധികാരികൾ എന്ന നിലയിൽ ഭൂമിമേൽ ഭരിക്കും