ഒരു മെച്ചപ്പെട്ട മാർഗം
ലോകത്തിൽ ആത്മീയതയ്ക്കുണ്ടായിരിക്കുന്ന അധഃപതനത്തിലും സമൂഹത്തിൽ വ്യാപിച്ചിരിക്കുന്ന അധാർമികതയിലും മതപരമായ അനിശ്ചിതത്വത്തിലും യഹോവയുടെ സാക്ഷികൾക്ക് ഉത്കണ്ഠയുണ്ട്. തത്ഫലമായി, ചിലപ്പോഴൊക്കെ അവരെയും മൗലികവാദികളെന്നു വിളിക്കുന്നു. എന്നാൽ അവർ മൗലികവാദികളാണോ? അല്ല. അവർക്കു ശക്തമായ മതബോധ്യങ്ങൾ ഉണ്ടെന്നതു ശരിതന്നെ, എന്നാൽ ഇന്ന് മൗലികവാദത്തിനുള്ള അർഥം വെച്ചുനോക്കുമ്പോൾ അവർ മൗലികവാദികൾ അല്ല. ചില പ്രത്യേക വീക്ഷണഗതികൾ ഉന്നമിപ്പിക്കുന്നതിനായി അവർ രാഷ്ട്രീയ നേതാക്കളുടെമേൽ സമ്മർദം ചെലുത്തുന്നില്ല. അവർക്കു വിയോജിപ്പുള്ളവർക്കെതിരെ ജാഥകളോ അക്രമമോ നടത്തുന്നുമില്ല. അവർ ഒരു മെച്ചപ്പെട്ട മാർഗം കണ്ടെത്തിയിരിക്കുന്നു. അവർ തങ്ങളുടെ നായകനെ, യേശുക്രിസ്തുവിനെ, അനുകരിക്കുന്നു.
മതപരമായ സത്യം ഉണ്ടെന്നും അതു ബൈബിളിൽ കാണാമെന്നും യഹോവയുടെ സാക്ഷികൾക്കു ബോധ്യമുണ്ട്. (യോഹന്നാൻ 8:32; 17:17) എന്നാൽ ബൈബിൾ ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നത് ദയ, നന്മ, താഴ്മ, ന്യായയുക്തത എന്നീ ഗുണങ്ങൾ ഉള്ളവരായിരിക്കാനാണ്. ഈ ഗുണങ്ങളാണെങ്കിലോ, മതഭ്രാന്തിനെ മുളയിലേ നുള്ളിക്കളയുകയും ചെയ്യും. (ഗലാത്യർ 5:22, 23; ഫിലിപ്പിയർ 4:5) യാക്കോബ് എന്ന ബൈബിൾപുസ്തകത്തിൽ, “ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും [“ന്യായയുക്തതയും,” NW] അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാ”യ, “ഉയരത്തിൽനിന്നുള്ള ജ്ഞാനം” വളർത്തിയെടുക്കാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. യാക്കോബ് ഇങ്ങനെ കൂട്ടിച്ചേർത്തു: “സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.”—യാക്കോബ് 3:17, 18.
സത്യത്തിന്റെ കാര്യത്തിൽ യേശു വലിയ താത്പര്യം കാട്ടിയെന്നു യഹോവയുടെ സാക്ഷികൾ അനുസ്മരിക്കുന്നു. അവൻ പൊന്തിയൊസ് പീലാത്തൊസിനോടു പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37) അവൻ സത്യത്തിന്റെ നിർഭയനായ ഒരു വക്താവ് ആയിരുന്നെങ്കിലും, തന്റെ ബോധ്യങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ തുനിഞ്ഞില്ല. മറിച്ച്, അവൻ അവരുടെ മനസ്സിനെയും ഹൃദയത്തെയും ഹഠാദാകർഷിച്ചു. ഭൂമുഖത്തുനിന്നു വ്യാജവും അനീതിയും എപ്പോൾ, എങ്ങനെ തുടച്ചുനീക്കണമെന്ന് “നല്ലവനും നേരുള്ളവനു”മായ തന്റെ സ്വർഗീയ പിതാവ് തീരുമാനിക്കുമെന്ന് അവനറിയാമായിരുന്നു. (സങ്കീർത്തനം 25:8) അതുകൊണ്ട്, തന്നോടു വിയോജിച്ചവരെ അടിച്ചമർത്താൻ അവൻ ശ്രമിച്ചില്ല. നേരേമറിച്ച്, അവന്റെ നാളിലെ പാരമ്പര്യവാദികളായ മതനേതാക്കന്മാരായിരുന്നു യേശുവിനെ ഒതുക്കാൻ ശ്രമിച്ചത്.—യോഹന്നാൻ 19:5, 6.
മതപരമായ പഠിപ്പിക്കലുകളെക്കുറിച്ചു യഹോവയുടെ സാക്ഷികൾക്കു ശക്തമായ ബോധ്യമുണ്ട്. ധാർമികതയുടെ കാര്യത്തിൽ അവർ ഈടുറ്റ മൂല്യങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നു. പൗലൊസ് അപ്പോസ്തലനെപ്പോലെ, ‘ഒരു കർത്താവും ഒരു വിശ്വാസവും ഒരു സ്നാനവും’ മാത്രമേയുള്ളുവെന്ന് അവർക്കു ബോധ്യമുണ്ട്. (എഫെസ്യർ 4:5) “ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ” എന്ന യേശുവിന്റെ വാക്കുകളെക്കുറിച്ചും അവർക്കു ബോധമുണ്ട്. (മത്തായി 7:13, 14) എന്നിട്ടും, തങ്ങളുടെ വിശ്വാസങ്ങൾ പിൻപറ്റാൻ അവർ മറ്റുള്ളവരെ നിർബന്ധിക്കുന്നില്ല. മറിച്ച്, “ദൈവവുമായി അനുരഞ്ജനപ്പെടാൻ” ആഗ്രഹിക്കുന്ന എല്ലാവരോടും അവർ പൗലൊസിനെ അനുകരിച്ച് “യാചിക്കു”കയാണ് ചെയ്യുന്നത്. (2 കൊരിന്ത്യർ 5:20, NW) അതാണു മെച്ചമായ മാർഗം. അതു ദൈവത്തിന്റെ മാർഗമാണ്.
മതമൗലികവാദം എന്നതിന് ഇന്നുള്ള അർഥം വളരെ വ്യത്യസ്തമാണ്. തങ്ങളുടെ തത്ത്വങ്ങൾ സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കുന്നതിനു മൗലികവാദികൾ അക്രമം ഉൾപ്പെടെ, അനേകം തന്ത്രങ്ങൾ ഉപയോഗിക്കുന്നു. അപ്രകാരം പ്രവർത്തിക്കുകവഴി, അവർ രാഷ്ട്രീയ വ്യവസ്ഥിതിയുടെ അവിഭാജ്യ ഘടകമായി മാറുകയാണ്. എങ്കിലും, തന്റെ അനുഗാമികൾ “ഈ ലോകത്തിന്റെ ഭാഗമായിരിക്കരുത്” എന്നാണ് യേശു അവരോടു പറഞ്ഞത്. (യോഹന്നാൻ 15:19; 17:16, NW; യാക്കോബ് 4:4) ഈ വാക്കുകളോടുള്ള ചേർച്ചയിൽ, യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ വിവാദങ്ങളിൽ കർശനമായും നിഷ്പക്ഷത പാലിക്കുന്നു. ഇറ്റാലിയൻ വാർത്താപത്രമായ ഫുവോറിപാജിന അംഗീകരിച്ചതുപോലെ, അവർ “ആരുടെമേലും യാതൊന്നും അടിച്ചേൽപ്പിക്കുന്നില്ല; അവർ പറയുന്നതു കൊള്ളാനും തള്ളാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.” ഫലമോ? സാക്ഷികളുടെ സമാധാനസന്ദേശം എല്ലാത്തരം ആളുകളെയും, ഒരിക്കൽ മൗലികവാദികൾ ആയിരുന്നവരെപ്പോലും, ആകർഷിക്കുന്നു.—യെശയ്യാവു 2:2, 3.
ഈടുറ്റ മൂല്യങ്ങളുള്ള ഒരു ലോകം
മൗലികവാദികളിൽ ഉത്കണ്ഠ ജനിപ്പിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യർക്കു സാധിക്കുകയില്ലെന്നു സാക്ഷികൾ തിരിച്ചറിയുന്നു. ഒരാളെ നിർബന്ധിച്ചു ദൈവത്തിൽ വിശ്വസിപ്പിക്കാനോ വ്യക്തിപരമായ വിശ്വാസങ്ങൾ സ്വീകരിപ്പിക്കാനോ കഴിയുകയില്ല. അത്തരം സംഗതി സാധ്യമാണെന്നു വിചാരിച്ചതാണ് കുരിശുയുദ്ധങ്ങൾ, മധ്യകാല മതവിചാരണ, അമേരിക്കൻ ഇൻഡ്യാക്കാരുടെ “പരിവർത്തനങ്ങൾ” എന്നിവപോലുള്ള ചരിത്രത്തിലെ ഏറ്റവും കൊടിയ ഭീകരതകൾ അരങ്ങേറുന്നതിനു കാരണമായത്. എന്നിരുന്നാലും, ദൈവത്തിൽ ആശ്രയിക്കുന്നെങ്കിൽ, സംഗതികൾ അവന്റെ കരങ്ങളിലേൽപ്പിക്കാൻ നിങ്ങൾ മനസ്സൊരുക്കം കാട്ടും.
ബൈബിൾ പറയുന്നതനുസരിച്ച്, നിയമങ്ങൾ ലംഘിക്കുകയും അങ്ങനെ കഷ്ടപ്പാടും വേദനയും വരുത്തിവെക്കുകയും ചെയ്യുന്നതിനു മനുഷ്യരെ അനുവദിച്ചിരിക്കുന്ന കാലഘട്ടത്തിനു ദൈവം പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ കാലഘട്ടം ഏതാണ്ടു തീരാറായി. ഇതിനോടകംതന്നെ, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ യേശു രാജാവായി ഭരിക്കുകയാണ്. താമസിയാതെ ആ രാജ്യം മനുഷ്യ ഗവൺമെൻറുകളെ നീക്കാനും മനുഷ്യവർഗത്തിന്റെ അനുദിന ഭരണം ഏറ്റെടുക്കാനുമായി നടപടിയെടുക്കും. (മത്തായി 24:3-14; വെളിപ്പാടു 11:15, 18) ഫലമോ അളവറ്റ സമാധാനവും നീതിയും കളിയാടുന്ന ഒരു ഭൂവ്യാപക പറുദീസ. ആ സമയത്ത്, സത്യദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടത് എന്നതു സംബന്ധിച്ചു യാതൊരു അനിശ്ചിതത്വവും ഉണ്ടായിരിക്കുകയില്ല. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) സ്നേഹദയ, സത്യം, നീതി, നന്മ എന്നിവപോലുള്ള സനാതന മൂല്യങ്ങൾ അനുസരണമുള്ള മനുഷ്യവർഗത്തിന്റെ നന്മയ്ക്കായി വിജയംവരിക്കും.
ആ കാലത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് സങ്കീർത്തനക്കാരൻ കാവ്യഭാഷയിൽ ഇങ്ങനെ പറയുന്നു: “ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു; നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു. വിശ്വസ്തത ഭൂമിയിൽനിന്നു മളെക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു. യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും. നീതി അവന്നു മുമ്പായി നടക്കയും അവന്റെ കാൽചുവടുകളുടെ വഴി നോക്കുകയും ചെയ്യും.”—സങ്കീർത്തനം 85:10-13.
ലോകത്തിനു മാറ്റംവരുത്താൻ നമുക്കാവില്ല, എന്നാൽ വ്യക്തികൾ എന്നനിലയിൽ നമുക്ക് ഇന്നും ദൈവികമൂല്യങ്ങൾ നട്ടുവളർത്താനാവും. അങ്ങനെ, ആ പുതിയ ലോകത്തിൽ തന്റെ ആരാധകരായി ദൈവം ആഗ്രഹിക്കുന്നതരം ആളുകളായിരിക്കാൻ നമുക്കു പരിശ്രമിക്കാം. അപ്പോൾ, സങ്കീർത്തനക്കാരൻ പരാമർശിച്ച സൗമ്യതയുള്ളവരുടെ കൂട്ടത്തിൽ നാമും ഉണ്ടായിരിക്കും: “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:11) ദൈവഹിതം നിവർത്തിക്കുന്നവരെ അവൻ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. അവരുടെ ഭാവിക്ക് അവൻ വിസ്മയാവഹമായ സംഗതികൾ വാഗ്ദാനം ചെയ്യുന്നു. യോഹന്നാൻ അപ്പോസ്തലൻ പറഞ്ഞു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.
[7-ാം പേജിലെ ചിത്രം]
ദൈവരാജ്യത്തിന്റെ സുവാർത്തയുമായി പരിചിതരാകാൻ യഹോവയുടെ സാക്ഷികൾ എല്ലാവരെയും ക്ഷണിക്കുന്നു
[6-ാം പേജിലെ ചിത്രത്തിന് കടപ്പാട]
3, 4, 5, 6 എന്നീ പേജുകളിലെ വിളക്ക്: Printer’s Ornaments/by Carol Belanger Grafton/Dover Publications, Inc.