മൗലികവാദം അത് എന്താണ്?
മൗലികവാദം ആരംഭിച്ചത് എവിടെനിന്നായിരുന്നു? കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം, വിശാലമനസ്കരായ ദൈവശാസ്ത്രജ്ഞന്മാർ ബൈബിളിന്റെ അതികൃത്തിപ്പും പരിണാമം പോലുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങളും കൈക്കൊള്ളുന്നതിനുവേണ്ടി തങ്ങളുടെ വിശ്വാസങ്ങൾക്കു മാറ്റംവരുത്തുകയായിരുന്നു. തത്ഫലമായി, ആളുകൾക്കു ബൈബിളിലുള്ള വിശ്വാസത്തിന് ഉലച്ചിൽ തട്ടി. ഐക്യനാടുകളിലെ യാഥാസ്ഥിതികരായ മതനേതാക്കന്മാർ ഇതിനോടു പ്രതികരിച്ചുകൊണ്ട് വിശ്വാസത്തിന്റെ മൗലികഘടകങ്ങൾa എന്നു വിളിക്കുന്ന സംഗതികൾ സ്ഥാപിച്ചു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മൗലികഘടകങ്ങൾ: സത്യത്തിന് ഒരു സാക്ഷ്യം (Fundamentals: A Testimony to the Truth) എന്ന ശീർഷകത്തിലുള്ള ഒരു വാല്യ പരമ്പരയിൽ ഈ മൗലികഘടകങ്ങളെക്കുറിച്ചുള്ള ഒരു ചർച്ച അവർ പ്രസിദ്ധീകരിച്ചു. ഈ ശീർഷകത്തിൽനിന്നാണ് “മൗലികവാദം” (“fundamentalism”) എന്ന പദം വരുന്നത്.
20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ, മൗലികവാദം ഇടയ്ക്കിടെ വാർത്തകളിൽ സ്ഥാനം പിടിച്ചു. ഉദാഹരണത്തിന്, 1925-ൽ മതമൗലികവാദികൾ ഐക്യനാടുകളിലെ ടെനെസ്സിയിലെ ജോൺ സ്കോപ്സ് എന്നു പേരായ ഒരു സ്കൂൾ അധ്യാപകനെ കോടതി കയറ്റി. ഇതാണു പിന്നീട് സ്കോപ്സ് വിചാരണ എന്ന് അറിയപ്പെടാനിടയായത്. അദ്ദേഹത്തിന്റെ കുറ്റം? പരിണാമം പഠിപ്പിച്ചുവെന്നതുതന്നെ. അതു സംസ്ഥാന നിയമത്തിന് എതിരായിരുന്നു. ആ നാളുകളിൽ, മൗലികവാദം താമസിയാതെ മണ്ണടിയുമെന്നാണു ചിലർ വിശ്വസിച്ചത്. 1926-ൽ, അതു “പൊള്ളയും കൃത്രിമവും” ആണെന്നും അതിന് “നിർമാണാത്മകമായ നേട്ടത്തിനോ നിലനിൽപ്പിനോ ഉള്ള ഗുണങ്ങൾ തീരെയില്ലെ”ന്നും ഒരു പ്രൊട്ടസ്റ്റൻറ് മാസികയായ ക്രിസ്റ്റ്യൻ സെഞ്ച്വറി പ്രസ്താവിച്ചു. ആ വിലയിരുത്തൽ എത്ര തെറ്റായിപ്പോയി!
1970-കൾ മുതൽ, മൗലികവാദം സ്ഥിരമായി വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള ഫുള്ളർ തിയോളജിക്കൽ സെമിനാരി പ്രൊഫസറായ മിറോസ്ലാവ് വോൾഫ് പറയുന്നു: “മൗലികവാദം നിലനിൽക്കുക മാത്രമല്ല, തഴച്ചുവളരുകയും ചെയ്തിരിക്കുന്നു.” ഇന്ന്, “മൗലികവാദം” എന്ന പദം പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങൾക്കു മാത്രമല്ല, കത്തോലിക്കാമതം, ഇസ്ലാംമതം, യഹൂദമതം, ഹിന്ദുമതം എന്നിവപോലുള്ള മറ്റു മതങ്ങൾക്കും ബാധകമാണ്.
നമ്മുടെ നാളുകളോടുള്ള പ്രതികരണം
മൗലികവാദം പ്രചരിക്കുന്നത് എന്തുകൊണ്ട്? അതിനെക്കുറിച്ചു പഠിക്കുന്നവർ, ഭാഗികമായ ഒരു കാരണമായി പറയുന്നതു നമ്മുടെ നാളിലെ ധാർമികവും മതപരവുമായ അനിശ്ചിതത്വത്തെയാണ്. മുൻകാല വർഷങ്ങളിൽ മിക്ക സമൂഹങ്ങളും ജീവിച്ചിരുന്നതു പരമ്പരാഗത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ, ധാർമികമായി അടിയുറച്ച ഒരു അന്തരീക്ഷത്തിലായിരുന്നു. ഇപ്പോൾ ആ വിശ്വാസങ്ങൾ വെല്ലുവിളിക്കപ്പെടുകയാണ്, അല്ലെങ്കിൽ കാറ്റിൽ പറത്തപ്പെടുകയാണ്. ദൈവമില്ലെന്നും നിർവികാര പ്രപഞ്ചത്തിൽ മനുഷ്യൻ തനിച്ചാണെന്നും അനേകം ബുദ്ധിജീവികൾ അവകാശപ്പെടുന്നു. സ്നേഹവാനായ ഒരു സ്രഷ്ടാവിന്റെ പ്രവർത്തനത്താലല്ല, മറിച്ച് യാദൃച്ഛികമായ പരിണാമത്തിന്റെ ഫലമായാണു മനുഷ്യവർഗം ഉണ്ടായിരിക്കുന്നത് എന്ന് അനേകം ശാസ്ത്രജ്ഞന്മാരും പഠിപ്പിക്കുന്നു. എവിടെയും അനുവാദാത്മക മനോഭാവം. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള ധാർമിക മൂല്യച്യുതിയാൽ ലോകം വീർപ്പുമുട്ടുകയും ചെയ്യുന്നു.—2 തിമൊഥെയൊസ് 3:4, 5, 13.
ഉറപ്പുള്ള പഴയ സംഗതികളോടു മൗലികവാദികൾക്കു വലിയ ആഭിമുഖ്യമാണ്. തങ്ങൾക്കു ധാർമികവും പ്രബോധനപരവുമായി ഉചിത അടിസ്ഥാനമെന്നു തോന്നുന്ന സംഗതികളിലേക്കു തങ്ങളുടെ സമുദായങ്ങളെയും ജനതകളെയും തിരിച്ചുകൊണ്ടുവരാൻ ചിലർ യത്നിക്കുന്നു. “ശരിയായ” ധാർമികസംഹിതയും വിശ്വാസങ്ങളുടെ ചട്ടക്കൂടും അനുസരിച്ചു ജീവിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നതിനു തങ്ങൾക്കാവുന്നതെല്ലാം അവർ ചെയ്യുന്നു. താൻ ചെയ്യുന്നതു ശരി, മറ്റുള്ളവർ ചെയ്യുന്നതു തെറ്റ് എന്ന ഉറച്ച ബോധ്യമായിരിക്കും മൗലികവാദിക്ക്. “ഇടുങ്ങിയ ചിന്താഗതി, മതഭ്രാന്ത്, വിജ്ഞാനവിരോധം, വിഭാഗീയചിന്ത എന്നിവ ധ്വനിപ്പിക്കുന്ന പ്രതികൂലവും പരിഹാസ്യവുമായ പദമായാണു പലപ്പോഴും” മൗലികവാദത്തെ “കരുതുന്നത്,” പ്രൊഫസർ ജെയിംസ് ബാർ മൗലികവാദം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പറയുന്നു.
ഇടുങ്ങിയ ചിന്താഗതിക്കാരൻ, മതഭ്രാന്തൻ അല്ലെങ്കിൽ വിഭാഗീയ ചിന്താഗതിക്കാരൻ എന്നൊക്കെ വിളിക്കപ്പെടാൻ ആരും ഇഷ്ടപ്പെടാത്തതിനാൽ, മൗലികവാദി ആരാണ്, ആരല്ല എന്നതു സംബന്ധിച്ച് എല്ലാവരും യോജിപ്പിലല്ല. എന്നിരുന്നാലും, മതമൗലികവാദത്തിന്റെ സവിശേഷതകളായ ചില സംഗതികൾ ഉണ്ട്.
ഒരു മൗലികവാദിയെ തിരിച്ചറിയൽ
ഒരു സംസ്കാരത്തിന്റെ മൂലപാരമ്പര്യങ്ങളോ മതവിശ്വാസങ്ങളോ ആയി കരുതിപ്പോരുന്ന സംഗതികൾ കാത്തുസൂക്ഷിക്കാനും ലോകത്തിന്റെ മതേതര പ്രവണതയായി കരുതപ്പെടുന്ന സംഗതികളെ ചെറുക്കാനുമുള്ള ഒരു ഉദ്യമമാണു സാധാരണമായി മതമൗലികവാദം. അതിനർഥം ആധുനിക സംഗതികളെയെല്ലാം മൗലികവാദികൾ എതിർക്കുന്നുവെന്നല്ല. തങ്ങളുടെ വീക്ഷണഗതി ഉന്നമിപ്പിക്കുന്നതിനു ചിലർ ആധുനിക വാർത്താവിനിമയ സംവിധാനത്തെ വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവർ എതിർക്കുന്നതു സമൂഹത്തെ മതേതരവത്കരിക്കുന്നതിനെയാണ്.b
ചില മൗലികവാദികൾ പരമ്പരാഗത വിശ്വാസഘടനയോ ജീവിതരീതിയോ കാത്തുസൂക്ഷിക്കാൻ മാത്രമല്ല, അതു മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാനും തങ്ങളുടെ വിശ്വാസങ്ങളോടു പൊരുത്തപ്പെടുന്നതിനുവേണ്ടി സാമൂഹിക ചട്ടക്കൂടിനു മാറ്റംവരുത്താനും ദൃഢചിത്തരായിരിക്കും. അതുകൊണ്ട്, കത്തോലിക്കാ മൗലികവാദി ഗർഭച്ഛിദ്രം നിരസിക്കുന്നതിനുവേണ്ടി മാത്രമായിരിക്കില്ല വാദിക്കുക. ഗർഭച്ഛിദ്രത്തെ നിരോധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാനായി രാജ്യത്തെ നിയമനിർമാതാക്കളെ അയാൾ സ്വാധീനിക്കാനും സാധ്യതയുണ്ട്. ലാ റെപ്പുബ്ലിക്കാ എന്ന പത്രം പറയുന്നതനുസരിച്ച്, പോളണ്ടിൽ ഗർഭച്ഛിദ്രത്തിനെതിരായ നിയമം പാസ്സാക്കിയെടുക്കുന്നതിനു കത്തോലിക്കാ സഭ “അതിന്റെ സർവ ശക്തിയും സ്വാധീനവും ഉപയോഗിച്ച് ഒരു ‘കടുത്ത പോരാട്ടം’തന്നെ നടത്തി.” അങ്ങനെ പ്രവർത്തിച്ചപ്പോൾ സഭാധികാരികൾ മിക്കവാറും മൗലികവാദികളെപ്പോലെയാണു പ്രവർത്തിച്ചത്. ഐക്യനാടുകളിലെ പ്രൊട്ടസ്റ്റൻറ് കൂട്ടുകെട്ടു പ്രസ്ഥാനവും സമാനമായ “കടുത്ത പോരാട്ടങ്ങൾ” നടത്തുന്നുണ്ട്.
എല്ലാത്തിലുമുപരി, രൂഢമൂലമായ മതബോധ്യങ്ങളാണു മൗലികവാദികളെ വേർതിരിച്ചറിയിക്കുന്നത്. അതുകൊണ്ട്, ഒരു പ്രൊട്ടസ്റ്റൻറ് മൗലികവാദി, ആറ് അക്ഷരീയ ദിവസങ്ങൾകൊണ്ടാണു ഭൂമിയെ സൃഷ്ടിച്ചത് എന്ന വിശ്വാസമുൾപ്പെടെ, ബൈബിളിന്റെ അക്ഷരീയ വ്യാഖ്യാനത്തിനായി ശക്തമായി വാദിക്കും. ഒരു കത്തോലിക്കാ മൗലികവാദിക്കു പാപ്പായുടെ അപ്രമാദിത്വത്തെക്കുറിച്ചു യാതൊരു സംശയവും കാണുകയില്ല.
അപ്പോൾ “മൗലികവാദം” എന്ന പദം യുക്തിസഹമല്ലാത്ത മതഭ്രാന്തിന്റെ ചിത്രം മനസ്സിലുദിപ്പിക്കുന്നത് എന്തുകൊണ്ടെന്നും മൗലികവാദം പ്രചരിക്കുന്നതു കാണുമ്പോൾ മൗലികവാദികളല്ലാത്തവർ ഭയക്കുന്നത് എന്തുകൊണ്ടെന്നും മനസ്സിലാക്കാവുന്നതാണ്. വ്യക്തികൾ എന്നനിലയിൽ, നാം മൗലികവാദികളോടു വിയോജിക്കുകയും അവരുടെ രാഷ്ട്രീയ ഇടപെടലുകളിലും ചിലപ്പോഴെക്കയുള്ള അക്രമാസക്ത നടപടികളിലും അമ്പരക്കുകയും ചെയ്തേക്കാം. നിശ്ചയമായും, ഒരു മതത്തിന്റെ മൗലികവാദികൾ മറ്റൊരു മതത്തിന്റെ മൗലികവാദികളുടെ പ്രവർത്തനത്തിൽ ഭീതിപൂണ്ടേക്കാം! എന്നാലും, ചിന്തിക്കുന്നവരായ അനേകം ആളുകൾക്കും മൗലികവാദത്തിന്റെ വ്യാപനത്തിനു വളംവെക്കുന്ന സംഗതികളിൽ, അതായത് വർധിച്ചുവരുന്ന ധാർമിക ശൈഥില്യം, വിശ്വാസനഷ്ടം, ആധുനിക സമൂഹത്തിലെ ആത്മീയതയുടെ തിരസ്കരണം എന്നീ സംഗതികളിൽ ഉത്കണ്ഠയുണ്ട്.
ഈ പ്രവണതകളോടുള്ള ഏക പ്രതികരണമാണോ മൗലികവാദം? അല്ലെങ്കിൽ, എന്താണ് അതിനു പകരമായിട്ടുള്ളത്?
[അടിക്കുറിപ്പുകൾ]
a 1895-ൽ നിർവചിക്കപ്പെട്ട, മൗലികവാദത്തിന്റെ പഞ്ചതത്ത്വങ്ങൾ ഇവയായിരുന്നു: “(1) തിരുവെഴുത്തിന്റെ പൂർണ നിശ്വസ്തതയും അപ്രമാദിത്വവും; (2) യേശുക്രിസ്തുവിന്റെ ദൈവത്വം; (3) ക്രിസ്തുവിന്റെ കന്യകാജനനം; (4) മറ്റുള്ളവരുടെ പാപപരിഹാരാർഥമുള്ള ക്രിസ്തുവിന്റെ ക്രൂശുമരണം; (5) ക്രിസ്തുവിന്റെ ശരീരത്തോടെയുള്ള പുനരുത്ഥാനവും ഭൂമിയിലേക്കുള്ള അവന്റെ വ്യക്തിപരവും ശാരീരികവുമായ രണ്ടാം വരവും.”—സ്റ്റൂഡി ഡി തെയോളോഷിയ (ദൈവശാസ്ത്ര പഠനങ്ങൾ).
b “മതേതരവത്കരണം” എന്നതിന് അർഥം ആത്മീയമോ പവിത്രമോ ആയ സംഗതികളുടെ നേർവിപരീതമായ മതേതര സംഗതികൾക്കു പ്രാധാന്യം കൊടുക്കുന്നുവെന്നാണ്. മതേതര ചിന്താഗതിക്കാരൻ മതത്തിലോ മതവിശ്വാസങ്ങളിലോ താത്പര്യം കാണിക്കാറില്ല.
[5-ാം പേജിലെ ആകർഷകവാക്യം]
മൗലികവാദം “പൊള്ളയും കൃത്രിമവും” ആണെന്നും അതിന് “നിർമാണാത്മകമായ നേട്ടത്തിനോ നിലനിൽപ്പിനോ ഉള്ള ഗുണങ്ങൾ തീരെയില്ലെ”ന്നും 1926-ൽ ഒരു പ്രൊട്ടസ്റ്റൻറ് മാസിക വർണിച്ചു