മൗലികവാദത്തിന്റെ വ്യാപനം
മൗലികവാദം—ഏതാനും പതിറ്റാണ്ടുകൾക്കുമുമ്പ് ഇതു പ്രൊട്ടസ്റ്റന്റുകാർക്കിടയിലെ ഒരു ന്യൂനപക്ഷ പ്രസ്ഥാനം മാത്രമായിരുന്നു. എന്നാൽ സംഗതികൾക്ക് എന്തൊരു മാറ്റമാണു വന്നിരിക്കുന്നത്! 20-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മൗലികവാദംa വാർത്താമാധ്യമങ്ങൾക്കും സർവകലാശാലാ ഗവേഷണത്തിനും ഹരംപകരുന്ന ഒരു പ്രധാന വിഷയമായിത്തീരുമെന്ന് 30 വർഷംമുമ്പ് ആരും മുൻകൂട്ടിക്കണ്ടിരിക്കുകയില്ലെന്നു മതത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്ന ബ്രൂസ് ബി. ലോറൻസ് എഴുതി.
എന്നിട്ടും, അതാണു സംഭവിച്ചിരിക്കുന്നത്. അക്രമാസക്തമായ തെരുവു പ്രകടനങ്ങൾ, കൊലപാതകങ്ങൾ, ഗർഭച്ഛിദ്രത്തിനെതിരായ പ്രസ്ഥാനങ്ങൾ, മതസമ്മർദ വിഭാഗങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾ, ദൈവദൂഷണപരമെന്നു മുദ്രകുത്തി പുസ്തകങ്ങൾ കൂട്ടിയിട്ടു പരസ്യമായി കത്തിക്കൽ എന്നിവയെക്കുറിച്ചെല്ലാമുള്ള പത്രറിപ്പോർട്ടുകൾ മൗലികവാദികളുടെ പ്രവർത്തനത്തെ നിരന്തരം ഓർമിപ്പിക്കുന്നവയാണ്. മൗലികവാദം ഏതാണ്ട് എല്ലായിടത്തും “ദൈവത്തിന്റെ നാമത്തിൽ ശക്തമായ ആക്രമണം” നടത്തുകയാണെന്ന് മൊന്റോ ആകോണോമികോ എന്ന ഇറ്റാലിയൻ സാമ്പത്തിക വാരിക പ്രസ്താവിച്ചു.
ഗൂഢാലോചനകളും ഭീകരപ്രവർത്തനങ്ങളും നടത്തുന്ന തീവ്രവാദികളും മതഭ്രാന്തരുമായിട്ടാണു മൗലികവാദികളെ പലപ്പോഴും ചിത്രീകരിക്കുന്നത്. റോമൻ കത്തോലിക്കാ സഭയിലെ കോമ്മ്യൂണിയോണെ ഏ ലിബേറാറ്റ്സിയോണെ, യഹൂദരുടെ ഗൂഷ് എമൂനിം, വടക്കേ അമേരിക്കൻ പ്രൊട്ടസ്റ്റൻറുകാരുടെ ക്രിസ്തീയ കൂട്ടുകെട്ടു പ്രസ്ഥാനം എന്നിവപോലുള്ള സംഘടനകളുടെ വളർച്ചയിൽ ആളുകൾ പകച്ചുനിൽക്കുകയാണ്. മൗലികവാദം വ്യാപിക്കുന്നത് എന്തുകൊണ്ട്? അതിന്റെ പ്രേരകഘടകം എന്താണ്? ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ സ്സെൽ കപൽ സൂചിപ്പിക്കുന്നതുപോലെ, അത് ഒരുപക്ഷേ “ദൈവത്തിന്റെ പ്രതികാരം” ആയിരിക്കുമോ?
[അടിക്കുറിപ്പുകൾ]
a പരമ്പരാഗതവും യാഥാസ്ഥിതികവുമായ മതമൂല്യങ്ങളോടു കർശനമായും പറ്റിനിൽക്കുന്നയാളാണു മൗലികവാദി. “മൗലികവാദ”ത്തിന്റെ അർഥത്തെക്കുറിച്ചു കൂടുതൽ തികവിൽ അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നതാണ്.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Nina Berman/Sipa Press