മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞകാലത്തിന്റെ കാഴ്ച്ചപ്പാടിൽ
ഭാഗം 20: 19-ാം നൂററാണ്ടു മുതൽ പുനഃസ്ഥാപനം ആസന്നം!
“ദിവ്യപ്രകാശം കാണുന്നതിനുള്ള ഏററവും നല്ല മാർഗ്ഗം നിങ്ങളുടെ സ്വന്തം മെഴുകുതിരി അണക്കുകയാണ്.”—തോമസ് ഫുള്ളർ, ഇംഗ്ലീഷ് ഡോക്ടറും എഴുത്തുകാരനും (1654-1734)
പത്തൊൻപതാം നൂററാണ്ട് ആദിമ നൂററാണ്ടുകളെപ്പോലെയും നവീകരണവർഷങ്ങളെപ്പോലെയും ക്രിസ്ത്യാനിത്വം ഏററവും ഊർജ്ജസ്വലമായിരുന്ന കാലഘട്ടങ്ങളിലൊന്ന് എന്നു വിളിക്കപ്പെട്ടിരിക്കുന്നു. മതപരമായ ഉണർവിനും പ്രവർത്തനത്തിനും അത്തരത്തിലുള്ള ഒരു വർദ്ധനക്കുള്ള കാരണങ്ങൾ അനേകവും വൈവിദ്ധ്യമാർന്നതുമാണ്.
ഗ്രന്ഥകാരനായ കെന്നെത്ത് എസ്സ്. ലാറെറാറെററ് പ്രസക്തമായ 13 കാരണങ്ങൾ പട്ടികപ്പെടുത്തുന്നു, അവയിൽ ചിലത് ഈ മാസികയുടെ മുൻലക്കത്തിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. “ഇത്ര ഹ്രസ്വമായ ഒരു സമയത്തിനുള്ളിൽ മാനുഷസമുദായത്തിന് ഇത്ര തീവ്രമായും ഇത്ര വൈവിദ്ധ്യമാർന്ന വിധങ്ങളിലും മുമ്പൊരിക്കലും മാററം വരുത്തപ്പെട്ടിട്ടില്ല” എന്ന് അദ്ദേഹം പറയുന്നു.
ഐക്യനാടുകളിൽ മതപരമായ ഉണർവ് വ്യക്തമായും ദൃശ്യമായിരുന്നു. ദൃഷ്ടാന്തത്തിന്, ആ നൂററാണ്ടിന്റെ പ്രാരംഭത്തിൽ ജനസംഖ്യയുടെ 10 ശതമാനത്തിൽ കുറവായിരുന്ന പള്ളിയംഗത്വം അതിന്റെ അവസാനത്തിൽ മിക്കവാറും 40 ശതമാനമായി ഉയർന്നു. സണ്ടേസ്കൂളുകൾ—ഇംഗ്ലണ്ടിൽ 1780-ൽ ആരംഭിച്ചത്—ജനപ്രീതിയുള്ളതായി വളർന്നു. ഇതിനുള്ള ഒരു കാരണം, യൂറോപ്പിൽനിന്നു വ്യത്യസ്തമായി ഐക്യനാടുകളിലെ സഭയും സംസ്ഥാനവും തമ്മിലുള്ള വേർപാട് പൊതുസ്കൂളുകളിൽ മതപഠനം നിരോധിച്ചു എന്നതായിരുന്നു. കൂടാതെ, ഡസൻകണക്കിന് മതവിഭാഗകോളജുകളും മതവിഭാഗങ്ങൾക്കു പൊതുവിലുള്ള ബൈബിൾസൊസൈററികളും സ്ഥാപിക്കപ്പെടുകയും ആ നൂററാണ്ടിന്റെ ആദ്യപകുതിയിൽ ഐക്യനാടുകളിൽ കുറഞ്ഞപക്ഷം 25 തിയളോജിക്കൽ സെമിനാരികൾ സ്ഥാപിക്കുകയും ചെയ്തു.
ഇതിനിടയിൽ, ആഗോളാടിസ്ഥാനത്തിൽ പ്രൊട്ടസ്ററൻറ് പ്രസ്ഥാനം മിഷനറിചിന്താഗതിയുള്ളതായിത്തീർന്നുകൊണ്ടിരുന്നു. ബ്രിട്ടനിലെ ഷൂനിർമ്മാതാവും അദ്ധ്യാപകനുമായിരുന്ന വില്യം കേരി 1792-ൽ ആൻ എൻക്വയറി ഇൻറു ദി ഓബ്ലിഗേഷൻസ് ഓഫ് ക്രിസ്ററ്യൻസ് ററു യൂസ് മീൻസ് ഫോർ ദി കൺവേർഷൻ ഓഫ് ദി ഹീതൻസ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു നേതൃത്വമെടുത്തിരുന്നു. ഒരു മിഷനറിയെന്ന നിലയിൽ ഇൻഡ്യയിൽ സേവിച്ചിരുന്നപ്പോൾ കേരിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ബൈബിൾ പൂർണ്ണമായൊ ഭാഗികമായൊ 40-ൽ പരം ഇൻഡ്യനും ഏഷ്യനും ആയ ഭാഷകളിലേക്കും ഉപഭാഷകളിലേക്കും വിവർത്തനം ചെയ്തു. ബൈബിൾ വിതരണം ചെയ്യുന്നതിനുവേണ്ടി ഈ ആദിമ മിഷനറിമാരിൽ ചിലർ ചെയ്ത പ്രവർത്തനം പ്രശംസനീയമാണ്.
താരതമ്യേന പുതിയ ബൈബിൾപുരാവസ്തുഗവേഷണശാസ്ത്രത്തിനും കഴിഞ്ഞ നൂററാണ്ടിൽ അന്തസ്സ് വർദ്ധിച്ചു. 1799-ൽ ഫ്രഞ്ച്സൈനികർ ഈജിപ്ററിൽ ഇപ്പോൾ റോസെററാ സ്റേറാൺ എന്നു വിളിക്കപ്പെടുന്ന കൃഷ്ണശിലാഫലകം കണ്ടെത്തി. അതിൽ മൂന്നു പ്രാവശ്യം എഴുതിയ ഒരേ ലിഖിതം ഉണ്ടായിരുന്നു, രണ്ടു പ്രാവശ്യം ഈജിപ്ഷ്യൻ ചിത്രലിപിയുടെ രണ്ടു രൂപങ്ങളിലും ഒരു പ്രാവശ്യം ഗ്രീക്കിലും. അത് അപ്രകാരം ഈജിപ്ഷ്യൻ ചിത്രലിപി വായിച്ചെടുക്കുന്നതിൽ അമൂല്യമെന്നു തെളിഞ്ഞു. അതിനുശേഷം പെട്ടെന്ന് അസ്സീറിയൻ ക്യൂനിഫോം ലിഖിതങ്ങളും വികോഡനം ചെയ്യപ്പെട്ടു. അതുകൊണ്ട്, പിന്നീട് ഉടൻതന്നെ അസ്സീറിയയിലും ഈജിപ്ററിലും ഉൽഖനനങ്ങൾ തുടങ്ങിയപ്പോൾ കുഴിച്ചെടുക്കപ്പെട്ട കരകൗശലവസ്തുക്കൾക്ക് പുതിയ അർത്ഥങ്ങൾ കൈവന്നു. അനേകം ബൈബിൾ വിവരണങ്ങൾ ഏററവും ചെറിയ വിശദാംശങ്ങൾവരെ സ്ഥിരീകരിക്കപ്പെട്ടു.
അവരുടെ സ്വന്തം മെഴുകുതിരികൾ കത്തിക്കുന്നു
മതപരമായ താൽപ്പര്യം വളർന്നപ്പോൾ നവീകരണക്കാർ ആയിരിക്കാനുദ്ദേശിച്ചവരുടെ എണ്ണവും വർദ്ധിച്ചു. എന്നിരുന്നാലും, എല്ലാവരും ആത്മാർത്ഥതയുള്ളവരല്ലായിരുന്നു എന്ന് വ്യക്തമായിരുന്നു. പുതിയ മതവിഭാഗങ്ങളിൽ ചിലത് “അസൂയയിൽനിന്നും വിരോധത്തിൽനിന്നും വ്യക്തിപരമായ അതിമോഹത്തിൽനിന്നുമാണ് ജൻമമെടുത്തതെന്ന്” മുൻപ്രസ്താവിച്ച ഗ്രന്ഥകാരനായ കെന്നെത്ത് എസ്സ്. ലാറെറാറെററ് നിർവ്യാജം സമ്മതിക്കുന്നു. എന്നാൽ വ്യക്തിപരമായ അതിമോഹത്തിന്റെ മെഴുകുതിരികൾ കത്തിച്ച നവീകരണക്കാർ സത്യാരാധന പുനഃസ്ഥാപിക്കുന്നതിന് ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നുവെന്ന് അശേഷം പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല.
വ്യക്തിപരമായ മെഴുകുതിരികളുടെ ഈ കുഴപ്പിക്കുന്ന മിന്നിക്കത്തലിനിടയിൽ ദൈവശാസ്ത്രപരമായ ചിന്ത സമ്മിശ്രമായി. മുഖ്യമായും ജർമ്മൻ യൂണിവേഴ്സിററികളുടെ ഒരു ഉൽപ്പന്നമായ ഉപരിവിമർശനം “പുരോഗമിച്ച” ശാസ്ത്രീയ ചിന്തയുടെ വെളിച്ചത്തിൽ തിരുവെഴുത്തുകളെ പുനഃവ്യാഖ്യാനിച്ചു. ഉപരിവിമർശകർ ബൈബിളിനെ യഹൂദ മതാനുഭവത്തിന്റെ രേഖയേക്കാൾ ഒട്ടും കവിഞ്ഞതായി വീക്ഷിച്ചില്ല. രക്ഷയുടെ വഴി നിർണ്ണയിക്കുന്നതിൽ അത്യന്താപേക്ഷിതമെന്ന നിലയിലുള്ള ബൈബിളിന്റെ ആധികാരികതയും അത് ഉയർത്തിപ്പിടിക്കുന്ന ധാർമ്മികനിലവാരങ്ങളുടെ ജ്ഞാനവും ചോദ്യംചെയ്യപ്പെട്ടു.
ഉപരിവിമർശനത്തിന് പ്രത്യേകിച്ച് പ്രൊട്ടസ്ററൻറ് വൈദികരുടെയിടയിൽ അനായാസം പിന്തുണ ലഭിച്ചു. ഒരു റിപ്പോർട്ടനുസരിച്ച് ജർമ്മനിയിലെ 20 പ്രൊട്ടസ്ററൻറ് ദൈവശാസ്ത്രയൂണിവേഴ്സിററികളിലെ അദ്ധ്യാപകരിൽ ഒരാൾപോലും 1897 ആയതോടെ പഞ്ചഗ്രന്ഥിയുടെയൊ യെശയ്യായുടെ പുസ്തകത്തിന്റെയൊ എഴുത്തുകാരനെ സംബന്ധിച്ച പാരമ്പര്യവീക്ഷണം അംഗീകരിക്കുന്നില്ലായിരുന്നു.
ഏതാനും വർഷങ്ങൾക്കുശേഷം, 1902-ൽ, സ്കോട്ട്ലണ്ടിലെ പ്രെസ്ബിറേററിയൻ സഭകളുടെ പൊതുസമ്മേളനങ്ങളുടെ ഒരു ചർച്ചായോഗത്തിൽ ഉപരിവിമർശനത്തെക്കുറിച്ച് ഒരു വിവാദം പൊന്തിവന്നു. ദി എഡിൻബർഗ്ഗ് ഈവനിംഗ് ന്യൂസ് ഇപ്രകാരം റിപ്പോർട്ടുചെയ്തു: “ഉപരിവിമർശകർ പറയുന്നതനുസരിച്ച്, . . . ബൈബിൾ കെട്ടുകഥകളുടെ ഒരു ശേഖരമാണ്, ഒരു സമർത്ഥനായ ധാർമ്മികവാദിക്ക് ‘ഇസോപ്പിന്റെ കഥകളിൽ’നിന്ന് സദാചാരപരമായ ഉപദേശങ്ങളുടെ ഏതാനും മണികൾ വേർതിരിച്ചെടുക്കാവുന്നതുപോലെ, ഒരു പ്രസംഗകന് അതിൽനിന്ന് സദാചാരപരമായ ഏതാനും മണികൾ വേർതിരിച്ചെടുക്കാവുന്നതാണ്.” എന്നിരുന്നാലും ആ പത്രം പിന്നീട് ഇപ്രകാരം നിരീക്ഷിച്ചു: “തൊഴിലാളിവർഗ്ഗങ്ങൾ വിഡ്ഢികളല്ല. മാനസികമായ മൂടൽമഞ്ഞിൽ കഴിയുന്ന മനുഷ്യരെ ശ്രദ്ധിക്കുന്നതിന് അവർ പള്ളിയിൽ ഹാജരാകയില്ല.”
ഏതാനും ദിവസങ്ങൾക്കുശേഷം വന്ന രണ്ടാമതൊരു ലേഖനം കൂടുതൽ പരുപരുത്തതായിരുന്നു, അത് ഇപ്രകാരം അഭിപ്രായപ്പെട്ടു: “കാര്യങ്ങളുടെ കനം കുറച്ചതുകൊണ്ട് പ്രയോജനമില്ല. പ്രൊട്ടസ്ററൻറ് സഭ സംഘടിതമായ ഒരു കപടനാട്യമാണ്, അതിന്റെ നേതാക്കൻമാർ തികഞ്ഞ വഞ്ചകൻമാരുമാണ്. ‘എയ്ജ് ഓഫ് റീസണി’ന്റെ എഴുത്തുകാരൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെക്കുറിച്ച് നിന്ദാപൂർവം പാഷണ്ഡിയായ റേറാം പെയ്ൻ എന്നു പറയുകയില്ലായിരുന്നു, എന്നാൽ റെവ. തോമസ് പെയ്ൻ, ഡി. ഡി., എബ്രായയുടെയും പഴയനിയമത്തിന്റെ ഭാഷ്യത്തിന്റെയും പ്രൊഫസർ, യുണൈററഡ് ഫ്രീ കോളജ്, ഗ്ലാസ്ഗോ എന്നേ പറയപ്പെടുമായിരുന്നുള്ളു എന്ന് യഥാർത്ഥത്തിൽ സിദ്ധിക്കുന്നു. അദ്ദേഹത്തിന് ഒരു പ്രൊട്ടസ്ററൻറ് പ്രസംഗപീഠത്തിൽനിന്ന് പ്രസംഗിക്കുന്നതിനും ഒരു ദൈവശാസ്ത്ര പ്രൊഫസർ എന്ന നിലയിൽ ഒരു നല്ല ശമ്പളം പററുന്നതിനും . . . പ്രയാസമുണ്ടാകയില്ലായിരുന്നു.”
മതപരമായ ഒരു തിരിച്ചടി
പ്രൊട്ടസ്ററൻറ് പ്രസ്ഥാനം അതിന്റെ തുടക്കംമുതൽ വ്യക്തിപരമായ പരിവർത്തനത്തിനും ക്രിസ്തീയ അനുഭവത്തിനും ഊന്നൽകൊടുക്കുകയും മുഖ്യമായും തിരുവെഴുത്തുകളിൽ ആശ്രയിക്കുകയും കൂദാശകളെയും പാരമ്പര്യത്തെയും തരംതാഴ്ത്തുകയും ചെയ്തു.
അനേകം പ്രൊട്ടസ്ററൻറ് സുവിശേഷകർ 1830കളിലും 1840കളിലും, ആസന്നമായിരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും അതിനോടുകൂടെയുള്ള സഹസ്രാബ്ദവാഴ്ചയുടെ തുടക്കത്തെക്കുറിച്ചും പ്രഘോഷിക്കാൻ തുടങ്ങി. ന്യൂയോർക്കിലെ ഒരു കർഷകനായിരുന്ന വില്യം മില്ലർ രണ്ടാം വരവ് 1843-ൽ സംഭവിച്ചേക്കുമെന്ന് ഊഹിച്ചുപറഞ്ഞു. ഈ സഹസ്രാബ്ദ പ്രസ്ഥാനം കൂടുതൽ പ്രമുഖവും വീറുള്ളതുമായ ഒരു ഇവാൻജലിക്കൽപ്രസ്ഥാന രൂപത്തിന് അടിസ്ഥാനമിടാൻ സഹായിച്ചു, അത് മൗലികവാദമെന്ന് അറിയപ്പെടാനിടയായി.
മൗലികവാദപ്രസ്ഥാനം ഏറെയും സ്വതന്ത്ര പ്രൊട്ടസ്ററൻറ് പ്രസ്ഥാനം പരിപോഷിപ്പിച്ച സംശയവാദം, സ്വതന്ത്രചിന്ത, യുക്തിവാദം, ധാർമ്മികാധഃപതനം എന്നിവക്കുള്ള ഒരു തിരിച്ചടി ആയിരുന്നു. അത് പിന്നീട്, മൂഡി ബൈബിൾ ഇൻസ്ററിട്യൂട്ട് 1909 മുതൽ 1912 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച ദി ഫണ്ടമെൻറൽസ് എന്ന പേരിലുള്ള 12 കൃതികളുടെ ഒരു പരമ്പരയിൽനിന്ന് അതിന്റെ പേര് സ്വീകരിച്ചു.
മൗലികവാദപ്രസ്ഥാനം, വിശേഷിച്ച് ഐക്യനാടുകളിൽ, അതിന്റെ ഫലപ്രദമായ റേഡിയോ, ടിവി ശുശ്രൂഷകളാലും, അതിന്റെ ബൈബിൾവിദ്യാഭ്യാസ സ്ഥാപനങ്ങളാലും നല്ല പരസ്യംകൊടുക്കപ്പെടുന്ന അതിന്റെ വികാരോജ്ജ്വലമായ ഉണർവുയോഗങ്ങളാലും സുപ്രസിദ്ധമായിത്തീർന്നിരിക്കുന്നു. എന്നിരുന്നാലും, അടുത്തകാലത്ത്, അതിന്റെ ഏററം പ്രമുഖരായ നേതാക്കൻമാരിൽ ചിലരുടെ സാമ്പത്തികവും ലൈംഗികവുമായ അനുചിതപ്രവർത്തനങ്ങളാൽ അതിന്റെ സൽപ്പേരിന് കളങ്കം പററിയിട്ടുണ്ട്. അത് വിശേഷിച്ച് 1979ലെ ധാർമ്മിക ഭൂരിപക്ഷപ്രസ്ഥാനത്തിന്റെ രൂപവൽക്കരണം മുതൽ അതിന്റെ വർദ്ധിച്ച രാഷ്ട്രീയപ്രവർത്തനം നിമിത്തവും വിമർശിക്കപ്പെട്ടിരിക്കുന്നു, ആ സംഘടന അടുത്തകാലത്ത് പിരിച്ചുവിടപ്പെട്ടു.
ബൈബിളിനുവേണ്ടി പ്രതിവാദം നടത്തുന്നുവെന്ന് അവകാശപ്പെടുന്നുവെന്നിരിക്കെ, മൗലികവാദപ്രസ്ഥാനവും യഥാർത്ഥത്തിൽ അതിന്റെ പ്രാമാണ്യത്തിന് തുരങ്കംവെച്ചിരിക്കുകയാണ്. അത് അപ്രകാരം ചെയ്തിരിക്കുന്ന ഒരു വിധം, വ്യക്തമായും അക്ഷരീയമായി എടുക്കാൻ ഉദ്ദേശിക്കപ്പെടാത്ത വാക്യങ്ങളുടെ അക്ഷരീയ വ്യാഖ്യാനമാണ്. ഇതിന്റെ ഒരു ദൃഷ്ടാന്തം ഉൽപ്പത്തിവിവരണമനുസരിച്ച് ഭൂമി 24 മണിക്കൂർ അടങ്ങുന്ന അക്ഷരീയമായ 6 ദിവസങ്ങൾകൊണ്ട് സൃഷ്ടിക്കപ്പെട്ടുവെന്ന അവകാശവാദമാണ്. പ്രത്യക്ഷത്തിൽ ഇവ വളരെ ദൈർഘ്യമുള്ള പ്രതീകാത്മക ദിവസങ്ങളായിരുന്നു. (ഉൽപ്പത്തി 2:3, 4; 2 പത്രോസ് 3:8 താരതമ്യപ്പെടുത്തുക.) നരകാഗ്നിയിലെ നിത്യദണ്ഡനംപോലെയുള്ള തിരുവെഴുത്തുവിരുദ്ധ ഉപദേശങ്ങളുടെ പഠിപ്പിക്കലും ചിലപ്പോൾ ലഹരിപാനീയങ്ങളുടെ ഉപയോഗം അല്ലെങ്കിൽ സ്ത്രീകളുടെ ബാഹ്യമോടിയുടെ ഉപയോഗം എന്നിവ വിലക്കുന്ന തിരുവെഴുത്തുകൾ ആവശ്യപ്പെടാത്ത നടത്ത സംബന്ധിച്ച നിലവാരങ്ങളുടെ പ്രോൽസാഹനവുമാണ് മൗലികവാദപ്രസ്ഥാനം ബൈബിളിനു തുരങ്കംവെക്കുന്ന മററു വിധങ്ങൾ. ഈ വിധങ്ങളിൽ മൗലികവാദപ്രസ്ഥാനം ജനങ്ങൾ ബൈബിളിന്റെ ദൂതിനെ തീരെ സരളവും ന്യായവിരുദ്ധവും അശാസ്ത്രീയവും എന്ന നിലയിൽ തിരസ്കരിക്കാൻ ഇടയാക്കിയിരിക്കുന്നു.
സമയത്തിന്റെ ഒരു സംഗതി
വ്യക്തമായും, സത്യാരാധനയുടെ പുനഃസ്ഥാപനമായിരുന്നു ആവശ്യമായിരുന്നത്! എന്നാൽ സഭാപ്രസംഗി 3:1 പറയുന്നതുപോലെ: “എല്ലാററിനും ഒരു നിയമിത സമയമുണ്ട്.”
പണ്ട് ഒന്നാം നൂററാണ്ടിൽ യേശു ക്രിസ്ത്യാനിത്വത്തിന്റെ രൂപത്തിൽ സത്യാരാധനയെ പുനരുജ്ജീവിപ്പിച്ചു. എന്നാൽ, ഒരു വിശ്വാസത്യാഗമുണ്ടായിരിക്കുമെന്ന് അവൻ പ്രവചിച്ചു. സത്യക്രിസ്ത്യാനികൾ ഗോതമ്പുപോലെയും വ്യാജക്രിസ്ത്യാനികൾ കളകൾപോലെയും, “രണ്ടും കൊയ്തുവരെ ഒരുമിച്ചു വളരും” എന്ന് അവൻ പറഞ്ഞു. ആ സമയത്ത് ദൂതൻമാർ “കളകളെ ഒരുമിച്ചുകൂട്ടുകയും . . . അവയെ ചുട്ടുകളയുകയും ചെയ്യും,” അതേസമയം, സത്യക്രിസ്ത്യാനികളെ ദൈവത്തിന്റെ പ്രീതിയിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യും. (മത്തായി 13:24-30, 37-43) 19-ാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിൽ സത്യാരാധനയുടെ ഈ പുനഃസ്ഥാപനത്തിനുള്ള നിയമിത സമയം വന്നെത്തിയിരുന്നു.
ആയിരത്തിഎണ്ണൂററി അൻപത്തിരണ്ടിൽ ചാൾസ് റെറയ്സ് റസ്സൽ പെൻസിൽവേനിയായിലെ പിററ്സ്ബർഗിൽ ജനിച്ചു, ഒരു കുട്ടിയായിരുന്നപ്പോൾതന്നേ അദ്ദേഹം ബൈബിളിൽ വലിയ താൽപ്പര്യം കാണിച്ചു. അദ്ദേഹത്തിന്റെ 20കളുടെ പ്രാരംഭത്തിൽ തന്റെ മുഴുസമയവും പ്രസംഗപ്രവർത്തനത്തിന് വിനിയോഗിക്കുന്നതിന് കുടുംബവ്യാപാരത്തിൽനിന്ന് തന്റെ ശ്രദ്ധ തിരിച്ചു. 1916-ൽ അദ്ദേഹം തന്റെ 64-ാമത്തെ വയസ്സിൽ മരിക്കുമ്പോൾ റിപ്പോർട്ടനുസരിച്ച് അദ്ദേഹം 30,000ത്തിലധികം പ്രസംഗങ്ങൾ നടത്തുകയും 50,000ത്തിലധികം പേജുകളടങ്ങുന്ന പുസ്തകങ്ങൾ രചിക്കുകയും ചെയ്തു.
ബൈബിളിനെ പുരോഗമിപ്പിക്കുന്നതിന് മററുള്ളവർ ചെയ്തിരുന്ന അഭിനന്ദനാർഹമായ വേലയെ അംഗീകരിക്കവേ, കേവലം ബൈബിൾ ഭാഷാന്തരംചെയ്യുകയും അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം ചെയ്താൽ മതിയാകയില്ലെന്ന് റസ്സൽ തിരിച്ചറിഞ്ഞു. അതുകൊണ്ട് അദ്ദേഹം 1879-ൽ, ഇന്ന് വാച്ച്ററവർ എന്നറിയപ്പെടുന്ന മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതിന്റെ ആദ്യത്തെ ലക്കം ഇപ്രകാരം പറഞ്ഞു: “നാം ഏതു പ്രശ്നവും സംബന്ധിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു എന്ന് ചോദിക്കുന്നതിനേക്കാൾ എന്റെ സഭ എന്തു പറയുന്നു എന്ന് ചോദിക്കാൻ വളരെയധികം ചായ്വു കാണിക്കുന്നു. വളരെയധികം ദൈവശാസ്ത്രം പഠിക്കുന്നുണ്ടെങ്കിലും ബൈബിൾ ആവശ്യത്തിന് പഠിക്കുന്നില്ല. അപ്പോൾ, ‘തിരുവെഴുത്തുകൾക്ക് നമ്മെ ജ്ഞാനികളാക്കാൻ കഴിയും,’ ‘കർത്താവിന്റെ സാക്ഷ്യങ്ങൾ നിശ്ചയമായും എളിയവനെ ജ്ഞാനിയാക്കും’ എന്ന ചിന്തയോടെ നമുക്ക് പരിശോധിക്കാം.”
ഇന്ന്, 112 വർഷത്തെ നിർവിഘ്നമായ പ്രസിദ്ധീകരണം പൂർത്തീകരിച്ച വാച്ച്ടവർ (ഇപ്പോൾ 111 ഭാഷകളിലും, ഓരോ ലക്കത്തിനും 1 കോടി 50 ലക്ഷത്തിൽപരം പ്രതികളുടെ പ്രചാരത്തോടെയും പ്രസിദ്ധീകരിക്കപ്പെടുന്നത്) ദൈവത്തിന്റെ വചനം പരിശോധിക്കുന്നതിൽ തുടരുന്നു. ബൈബിൾ പഠിപ്പിക്കുന്നത് പഠിക്കുന്നതിനും ഗ്രഹിക്കുന്നതിനും ബാധകമാക്കുന്നതിനും അത് പ്രദാനം ചെയ്യുന്ന സഹായം വിലമതിക്കുന്നതിന് ദശലക്ഷക്കണക്കിന് ആളുകൾ പഠിച്ചിരിക്കുന്നു.
റസ്സൽ ദൈവത്തിങ്കലേക്കുള്ള പ്രത്യേകമായ സമീപനം പ്രസംഗിക്കാഞ്ഞതിലും ദിവ്യദർശനങ്ങളും വെളിപ്പാടുകളും സംബന്ധിച്ച് ആത്മപ്രശംസചെയ്യാഞ്ഞതിലും മറഞ്ഞിരുന്ന പുസ്തകങ്ങളുടെ രൂപത്തിലോ മററു രൂപത്തിലോ ഉള്ള നിഗൂഢസന്ദേശങ്ങൾ കണ്ടുപിടിക്കാഞ്ഞതിലും ശാരീരികരോഗികളെ സൗഖ്യമാക്കാൻ പ്രാപ്തനാണെന്ന് ഒരിക്കലും അവകാശപ്പെടാഞ്ഞതിലും തന്റെ അനേകം സമകാലീനൻമാരിൽനിന്ന് വ്യത്യസ്തനായിരുന്നു. അതുകൂടാതെ തനിക്ക് ബൈബിൾ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് താൻ തറപ്പിച്ചുപറഞ്ഞില്ല. ദിവ്യകൈകളിലെ ഒരു മനസ്സൊരുക്കമുള്ള ഉപകരണമെന്ന നിലയിൽ അദ്ദേഹം ദിവ്യ വെളിച്ചത്തെക്കാളധികം പ്രകാശിപ്പിക്കാൻ “തന്റെ സ്വന്തം മെഴുകുതിരി”യെ അനുവദിക്കുന്നതിനുള്ള എല്ലാ പ്രലോഭനങ്ങളെയും ചെറുത്തുനിന്നു.
“സത്യമാണ്, അതിന്റെ ദാസനല്ല ബഹുമാനിക്കപ്പെടുകയും പ്രഘോഷിക്കപ്പെടുകയും ചെയ്യേണ്ടത്,” എന്ന് 1900-ൽ റസ്സൽ എഴുതി, ഇങ്ങനെ കൂട്ടിച്ചേർക്കുകയുംചെയ്തു: “സകല സത്യവും തന്റെ ഇഷ്ടംപോലെ ഘോഷിക്കുന്നതിന് ഏതെങ്കിലുമൊരു ദാസനെയോ മറെറാരു ദാസനെയോ ഉപയോഗിക്കുന്ന ദൈവത്തിന്റേതാണെന്നുള്ളതു വിസ്മരിച്ചുകൊണ്ട് അതിന്റെ ബഹുമതി പ്രസംഗകനു കൊടുക്കാൻ വളരെയധികം ചായ്വുണ്ട്.” ഇതാണ് വീക്ഷാഗോപുര പ്രസിദ്ധീകരണങ്ങളുടെ എഴുത്തുകാരും ഭാഷാന്തരക്കാരും അതുപോലെ പുതിയലോകഭാഷാന്തരം ബൈബിളിന്റെ ഭാഷാന്തരക്കമ്മിററിയംഗങ്ങളും അജ്ഞാതനാമാക്കളായിരിക്കാൻ തീരുമാനിക്കുന്നതിന്റെ പ്രധാന കാരണം.
ദൈവത്തിന്റെ രാജാവ് സിംഹാസനസ്ഥനാക്കപ്പെട്ടു!
ഒന്നാം നൂററാണ്ടിൽ യോഹന്നാൻസ്നാപകൻ ദൈവത്തിന്റെ നിർദ്ദിഷ്ടരാജാവെന്ന നിലയിലുള്ള യേശുവിന്റെ ആസന്നമായിരുന്ന പ്രത്യക്ഷത സംബന്ധിച്ച് പ്രഖ്യാപിച്ചു. 19-ാം നൂററാണ്ടിൽ സ്വർഗ്ഗീയ അധികാരത്തിലുള്ള ആ രാജാവിന്റെ ആസന്നമായിരുന്ന പ്രത്യക്ഷതയെസംബന്ധിച്ച് പ്രഖ്യാപിക്കുന്നതിനുള്ള സമയം വന്നിരുന്നു. തദനുസരണമായി, സീയോന്റെ വീക്ഷാഗോപുരത്തിന്റെ 1880 മാർച്ച് ലക്കം ഇപ്രകാരം പ്രഖ്യാപിച്ചു: “‘ജനതകളുടെ കാലങ്ങൾ’ 1914 വരെ നീണ്ടുകിടക്കുന്നു, അതുവരെ സ്വർഗ്ഗീയ രാജ്യത്തിന് പൂർണ്ണമായ നിയന്ത്രണമുണ്ടായിരിക്കുകയില്ല.”
അതുകൊണ്ട്, ഇന്ന് യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്ന കൂട്ടം 1914 എന്ന വർഷം ദൈവത്തിന്റെ രാജ്യത്തിന്റെ ആരംഭം കുറിക്കുമെന്ന് അറിയിച്ചതായി നൂറിൽപരം വർഷംമുമ്പുതന്നെ പരസ്യമായ രേഖയിൽ വന്നു. ദൈവത്തിന്റെ രാജാവിന്റെ സിംഹാസനാരോഹണം വ്യാജമതങ്ങളുടെ മിന്നിമിന്നിക്കത്തുന്ന മെഴുകുതിരി ദിവ്യപ്രകാശത്തെ മേലാൽ തടസ്സപ്പെടുത്താതിരിക്കത്തക്കവണ്ണം അതിനെ അന്തിമമായി ഊതിക്കെടുത്തുന്നതിനുള്ള ഒരു പ്രാഥമിക പടിയായിരുന്നു.
പത്തൊൻപതാം നൂററാണ്ട് സമാപനത്തിലേക്കു വന്നതോടെ ക്രൈസ്തവലോകത്തിലെ മതം ദൈവത്തിന്റെ ദാസനാണെന്ന് അതിനെത്തന്നെ തിരിച്ചറിയിക്കത്തക്കവണ്ണമുള്ള വസ്ത്രം അതിനില്ലായിരുന്നു. അത് ദൈവത്താൽ ഉപേക്ഷിക്കപ്പെടാൻ അർഹമായിരുന്നു. അതിന്റെ ന്യായവിധിക്കുള്ള സമയം സമീപിച്ചുകൊണ്ടിരുന്നു. ഇതു സംബന്ധിച്ച് കൂടുതലായി ഞങ്ങളുടെ അടുത്ത ലക്കത്തിൽനിന്ന് ഗ്രഹിക്കുക. (g89 10⁄22)
[20-ാം പേജിലെ ചിത്രം]
റോസെററാ കല്ല് ബൈബിളിന്റെ സത്യതയെ ഉറപ്പിക്കുന്നതിന് സഹായിച്ചിരിക്കുന്നു
[കടപ്പാട്]
Courtesy of the Trustees of the British Museum