ക്ലേശിതർക്ക് എന്നെങ്കിലും സമാധാനം ലഭിക്കുമോ?
നിങ്ങളുടേതു മാത്രമല്ല, മുഴുമനുഷ്യരുടെയും കഷ്ടപ്പാടുകൾ അവസാനിച്ചുകാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഈ ഉദാഹരണങ്ങൾ പരിചിന്തിക്കുക:
സോണിയയ്ക്ക് ഒരുപാടു കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു.a പത്തുവർഷമായി തന്റെ ഭർത്താവിന് ഒരു വ്യഭിചാരബന്ധം ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കിയതോടെ തുടങ്ങിയതാണ് അവരുടെ കഷ്ടപ്പാടുകൾ. പിന്നെ അവരുടെ ഏറ്റവും ഇളയപുത്രൻ എച്ച്ഐവി പിടിപെട്ട് ഒടുവിൽ എയ്ഡ്സ് മൂലം മരിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ അവരുടെ മറ്റേ പുത്രനും രോഗംവന്നു മരിച്ചു. കാരണം എയ്ഡ്സ്തന്നെ. “അവന്റെ രോഗത്തിന്റെ അവസാനഘട്ടം വളരെ ദീർഘമായിരുന്നു,” സോണിയ അനുസ്മരിക്കുന്നു. “കടുത്ത വിഷാദമഗ്നനായ അവന്റെ മുടി കൊഴിയുകയും കാഴ്ച മങ്ങുകയും ചെയ്തു. അതു വളരെ ദുഃഖകരമായിരുന്നു.”
ഒരു ബ്രസീലിയൻ സർവകലാശാലാ വിദ്യാർഥിനിയായ ഫാബിയാനയ്ക്കു ലോകത്തിലെ സാമൂഹിക അനീതികളെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അവളുടെ ജീവിതത്തിൽ ഒരു ദുരന്തമുണ്ടായത്. വിഷാദരോഗത്തിന്റെ പിടിയിലമർന്നിരുന്ന അവളുടെ സഹോദരൻ ആത്മഹത്യ ചെയ്തു. ഫാബിയാനയ്ക്കാണെങ്കിലോ ജോലിയും നഷ്ടമായി. ആരെങ്കിലും ക്ഷുദ്രപ്രയോഗം നടത്തിയതുകൊണ്ടായിരിക്കാം അവൾക്ക് അത്തരം ദൗർഭാഗ്യം നേരിട്ടതെന്നു പറഞ്ഞുകൊണ്ട് ഒരു സുഹൃത്ത് അവളോട് ഒരു പൈ ഡി സാന്തൂവിനെ (മന്ത്രവാദിയെ) കണ്ടുനോക്കൂ എന്നു പറഞ്ഞു! എന്നാൽ പൈ ഡി സാന്തൂവിനെ കണ്ടതുകൊണ്ടു പ്രയോജനമൊന്നുമുണ്ടായില്ല. പകരം ഫാബിയാന മാനസികമായി ദണ്ഡിപ്പിക്കപ്പെടുകയാണുണ്ടായത്. പ്രതികൂലാവസ്ഥകൾ നിമിത്തം അവൾക്ക് ഉറങ്ങാനും കഴിഞ്ഞിരുന്നില്ല.
എയ്ന. നന്നേ ചെറുപ്പത്തിൽത്തന്നെ ക്ലേശപൂരിതമായ ജീവിതമായിരുന്നു അവളുടേത്. അവൾ വിവരിക്കുന്നു: “എനിക്ക് ഒരു വയസ്സുള്ളപ്പോൾ, അമ്മ എന്നെ ഉപേക്ഷിച്ചു. പിന്നെ എന്നെ വളർത്തിയത് വല്യമ്മയായിരുന്നു.” എയ്നയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ അവളുടെ വല്യമ്മയും മരിച്ചു. തുടർന്ന് റിയോ ദെ ജെനിറോയിലെ ഒരു അനാഥാലയത്തിലായ എയ്ന 13 വയസ്സുവരെ അവിടെ കഴിഞ്ഞു. “അവിടെ ഞങ്ങൾക്കു വളരെ മോശമായ പെരുമാറ്റമാണ് ലഭിച്ചത്. ഞാൻ മത്സരബുദ്ധിക്കാരിയായിത്തീർന്നു,” അവൾ പറയുന്നു. “ഏതൊരു സംഗതിയോടും എതിർപ്പു പ്രകടമാക്കിക്കൊണ്ടായിരുന്നു ഞാൻ വളർന്നുവന്നത്.”
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സകല മനുഷ്യരുടെയും ജീവിതത്തെ ക്ലേശം ബാധിക്കുന്നുണ്ട്. തീർച്ചയായും, നാം കാണുകയും വായിക്കുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകളിലൂടെ മനുഷ്യനു നേരിടുന്ന ദുരന്തങ്ങളെക്കുറിച്ചു നാം ദിവസവും അറിയുന്നു. “പൊതുജനസമ്പർക്ക മാധ്യമങ്ങളുടെ ഈ യുഗത്തിൽ . . . ദുർവാർത്തകളുടെ കുത്തൊഴുക്കിൽനിന്നു രക്ഷപ്പെടുക പ്രായോഗികമായി അസാധ്യമായിത്തീർന്നിരിക്കുകയാണ്,” ഡോ. മേരി സൈക്സ് വൈലി എഴുതുന്നു. “യുദ്ധങ്ങൾ, പ്രകൃതിവിപത്തുകൾ, വ്യാവസായിക ദുരന്തങ്ങൾ, മാരകമായ റോഡപകടങ്ങൾ, കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനങ്ങൾ, ലൈംഗിക ദുഷ്പെരുമാറ്റം, ബലാൽസംഗം, ഭവനങ്ങളിലെ അക്രമം—20-ാം നൂറ്റാണ്ടിൽ ആവർത്തിച്ചാവർത്തിച്ചു സംഭവിക്കുന്ന പ്രധാന സംഭവങ്ങളായ ഇവയെല്ലാം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.” ക്രിസ്തീയ അപ്പോസ്തലനായ പൗലൊസ് മനുഷ്യാനുഭവങ്ങളെ യാഥാർഥ്യബോധത്തോടെ സംഗ്രഹിച്ചുപറഞ്ഞു: “സർവ്വസൃഷ്ടിയും . . . ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു.”—റോമർ 8:22.
നിങ്ങളുടെ കാര്യമോ? നിങ്ങൾ ക്ലേശം അനുഭവിക്കുന്നുണ്ടോ? നിങ്ങൾക്ക് എന്ത് ആശ്വാസം പ്രതീക്ഷിക്കാം? നിങ്ങൾക്ക് എന്നെങ്കിലും യഥാർഥ സമാധാനം ലഭിക്കുമോ? സോണിയ, ഫാബിയാന, എയ്ന എന്നിവർ യഥാർഥ ആശ്വാസവും ഒരളവോളം യഥാർഥ സമാധാനവും കണ്ടെത്തി! പിൻവരുന്ന ലേഖനത്തിൽ നിങ്ങൾക്ക് അതേക്കുറിച്ചു വായിക്കാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.