യഹോവയ്ക്കു മഹത്ത്വം കരേറ്റുന്ന വിവാഹ ചടങ്ങുകൾ
ക്രിസ്തീയ വിവാഹ ചടങ്ങുകളെക്കുറിച്ചുള്ള പിൻവരുന്ന ലേഖനം എത്യോപ്യയിൽ, അംഹറിക് ഭാഷയിലാണ് ആദ്യം തയ്യാറാക്കിയത്. ആ ദേശത്തു സമീപകാലത്ത് യഹോവയുടെ സാക്ഷികളായിത്തീർന്ന നിരവധിപേർക്കു സഹായകമായ മാർഗനിർദേശം പ്രദാനം ചെയ്യുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഇതിൽ വിശദീകരിച്ചിരിക്കുന്ന ആചാരനടപടികൾ നിങ്ങളുടെ നാട്ടിലേതിൽനിന്നു വ്യത്യസ്തമായിരുന്നേക്കാമെങ്കിലും അതു രസകരമാണെന്നു നിങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്. അതേസമയം, വിവാഹ ചടങ്ങുകളിലെ ആചാരങ്ങൾ വ്യത്യസ്തമാണെങ്കിലും നിങ്ങളുടെ പ്രദേശത്തും പ്രാവർത്തികമാക്കാവുന്ന സമനിലയുള്ള ബൈബിൾ ബുദ്ധ്യുപദേശം ഈ ലേഖനം പ്രദാനം ചെയ്യുന്നു.
“സന്തോഷം കൈവരുത്തുന്ന ക്രിസ്തീയ വിവാഹങ്ങൾ.” 1985 ജനുവരി 1 വീക്ഷാഗോപുരത്തിലെ ഒരു ലേഖനത്തിന്റെ ശീർഷകമായിരുന്നു അത്. ആ ലക്കത്തിലെ അടുത്ത ലേഖനത്തിന്റെ ശീർഷകം, “വിവാഹവിരുന്നുകളിൽ സന്തുലിതമായ ആസ്വാദനം കണ്ടെത്തുക” എന്നതായിരുന്നു. (വിവാഹത്തിന് ആസൂത്രണം ചെയ്യുന്ന ഏതൊരാൾക്കും നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ പുസ്തകത്തിന്റെ 2-ാം അധ്യായത്തിലും നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക പുസ്തകത്തിന്റെ 19-ാം അധ്യായത്തിലും കൂടുതലായ വിവരങ്ങൾ കണ്ടെത്താവുന്നതാണ്.)a ആ ലേഖനങ്ങൾ പുറത്തിറക്കിയശേഷം നിരവധിപേർ യഹോവയുടെ സാക്ഷികളായിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ പ്രദേശത്തു ബാധകമാകുന്ന ചില വിവരങ്ങളും വിവാഹ ചടങ്ങുകൾ വിവാഹത്തിന്റെ കാരണഭൂതനായ യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നതാക്കിത്തീർക്കാൻ നമ്മെ സഹായിക്കുന്ന മറ്റാശയങ്ങളും പുനരവലോകനം ചെയ്യാൻ നാം ആഗ്രഹിക്കും.
ആദ്യം പരിചിന്തിക്കേണ്ട ചോദ്യമിതാണ്, ഒരു വിവാഹ ചടങ്ങ് എപ്പോഴായിരിക്കണം? പ്രദേശത്തു നിലവിലുള്ള പരമ്പരാഗത വിവാഹകാലങ്ങളിൽ അതു നടത്തണമെന്നുണ്ടോ? ആ കാലത്തല്ലാതെ നടത്തുന്ന ഏതൊരു വിവാഹവും വിജയപ്രദമായിരിക്കുകയില്ലെന്നാണു തദ്ദേശ വിശ്വാസം. യാതൊരു അടിത്തറയുമില്ലാത്ത അന്ധവിശ്വാസമാണത്. കാരണം, യഹോവയെ സസന്തോഷം, ഐക്യത്തോടെ സേവിക്കുന്ന നിരവധി ദമ്പതികൾ വിവാഹിതരായതു പരമ്പരാഗത വിവാഹകാലങ്ങളിലല്ല. നാം സൗഭാഗ്യത്തിലോ ദൗർഭാഗ്യത്തിലോ വിശ്വസിക്കുന്നില്ല. (യെശയ്യാവു 65:11; കൊലൊസ്സ്യർ 2:8) അവിശ്വാസികളായ ബന്ധുക്കളുടെ അന്ധവിശ്വാസപ്രകാരം വിവാഹ തീയതി നിശ്ചയിച്ചാൽ സത്യവും വ്യാജവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ നാം അവരെ സഹായിക്കുകയില്ല. ക്രിസ്ത്യാനിക്ക് ഏതു മാസത്തിലും വിവാഹം കഴിക്കാമെന്നതാണു വസ്തുത.
അവശ്യമായ നിയമ നിയമനടപടികൾക്കുശേഷം ഒരു വിവാഹപ്രസംഗം ക്രമീകരിക്കുമ്പോൾ ആ രണ്ടു കാര്യങ്ങൾക്കുമിടയിൽ പല ദിവസത്തെ ഇടവേള ഉണ്ടാകാതിരിക്കുന്നതാകും നല്ലത്. രാജ്യഹാളിൽവെച്ചു വിവാഹപ്രസംഗം നടത്താൻ, വിവാഹിതരാകാൻ പോകുന്നവർ ആഗ്രഹിക്കുന്നപക്ഷം വളരെ നേരത്തേതന്നെ സഭാ മൂപ്പന്മാരെ അക്കാര്യം അറിയിക്കേണ്ടതാണ്. ആചാരനടപടികൾ തങ്ങളുടെ മനസ്സാക്ഷിക്കു വിരുദ്ധമല്ലെന്നു പ്രാദേശിക മൂപ്പന്മാർ ഉറപ്പുവരുത്തും. വിവാഹപ്രസംഗം ക്രമീകരിക്കുന്നതു സഭാപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കാത്ത സമയത്തായിരിക്കണം. പ്രസംഗം നടത്താൻ നിയോഗിക്കപ്പെടുന്ന സഹോദരൻ വളരെ നേരത്തേതന്നെ വരനെയും വധുവിനെയും സന്ദർശിച്ചു സഹായകമായ ബുദ്ധ്യുപദേശം നൽകും. മാത്രമല്ല, വിവാഹത്തിനു ധാർമികമോ നിയമപരമോ ആയ തടസ്സങ്ങളൊന്നുമില്ലെന്നും പ്രസംഗത്തിനു ശേഷം ക്രമീകരിച്ചിരിക്കുന്ന ഏതൊരു സാമൂഹിക കൂടിവരവിനോടും തനിക്കു യോജിപ്പാണെന്നും ഉറപ്പുവരുത്തും. വിവാഹപ്രസംഗം അര മണിക്കൂർ ദീർഘിച്ചതായിരിക്കണം. മാന്യമായ രീതിയിൽ, ആത്മീയ കാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടായിരിക്കണം അതു നടത്തുന്നത്. വിവാഹപ്രസംഗം, തുടർന്നു നടത്താനിടയുള്ള ഏതൊരു വിരുന്നിനെക്കാളും പ്രധാനപ്പെട്ടതാണെന്നതിൽ യാതൊരു സംശയവുമില്ല.
നാം “ഈ ലോകത്തിന്റെ ഭാഗമല്ല” എന്നു കാട്ടുന്നതിനു പറ്റിയ ഒരു സന്ദർഭമാണു ക്രിസ്തീയ വിവാഹം. (യോഹന്നാൻ 17:14, NW; യാക്കോബ് 1:27) നമ്മുടെ നിഷ്ഠയും ചിട്ടയും ശ്രദ്ധേയമായിരിക്കണം. ആളുകൾ നമ്മെ കാത്തിരിക്കാനോ അവരുടെ സഭാപ്രവർത്തനങ്ങൾക്കു ഭംഗം വരാനോ ഇടയാകാതെ നാം സമയം പാലിക്കണമെന്നാണ് അതിന്റെയർഥം. വധു ഇക്കാര്യം പ്രത്യേകിച്ചും മനസ്സിൽപ്പിടിക്കേണ്ടതാണ്. കാരണം, വധുവിന്റെ പ്രാമുഖ്യത ഉയർത്തിപ്പിടിക്കാനെന്നവണ്ണം, താമസം വരുത്താൻ ലൗകിക ബന്ധുക്കൾ അവളെ പ്രോത്സാഹിപ്പിച്ചേക്കാം. നിശ്ചിതസമയത്ത് എത്തിച്ചേരുന്നതുമൂലം താഴ്മ, പരിഗണന എന്നിങ്ങനെയുള്ള ആത്മീയ ഗുണങ്ങൾ തനിക്കു പ്രധാനപ്പെട്ടതാണെന്നു പക്വതയുള്ള ഒരു ക്രിസ്തീയ സഹോദരിക്കു പ്രകടമാക്കാൻ കഴിയും! കൂടാതെ, ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുമ്പോൾ നിഷ്ഠയും ചിട്ടയും വളരെ പ്രധാനമാണ്. മാന്യമായി വസ്ത്രധാരണം ചെയ്യണമെന്നും ഫോട്ടോയെടുക്കുമ്പോൾ പ്രസംഗത്തിനു തടസ്സം വരുത്തരുതെന്നും ഫോട്ടോഗ്രാഫറോട് അഭ്യർഥിക്കുന്നത് ഉചിതമായിരിക്കും. പ്രാർഥനാ സമയത്തു ഫോട്ടോ എടുക്കരുത്. നമ്മുടെ നിഷ്ഠയും ചിട്ടയും യഹോവയ്ക്കു മഹത്ത്വം കരേറ്റുകയും ഒരു നല്ല സാക്ഷ്യം നൽകുകയും ചെയ്യും. വിവാഹത്തിന്റെ യഥാർഥ അർഥത്തിനു മങ്ങലേൽപ്പിക്കുന്ന സാമൂഹിക അനുഷ്ഠാനങ്ങൾക്കൊത്തു പോകാൻ ശ്രമിക്കേണ്ടതില്ല.
വിജയപ്രദമായ വിവാഹ ചടങ്ങിനു വിരുന്ന് അനിവാര്യമല്ല. എങ്കിലും, അത്തരമൊരു സന്തോഷാവസരത്തെ തിരുവെഴുത്തു വിലക്കുന്നില്ല. എന്നാൽ, സത്യക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, അത്തരമൊരു കൂടിവരവ് പണം ധൂർത്തടിക്കുകയും അമിതമദ്യപാനം, അമിതഭോജനം, വന്യമായ സംഗീതം, അസഭ്യ നൃത്തം എന്നിവ അവിഭാജ്യ ഘടകങ്ങളായിരിക്കുകയും ചെയ്യുന്ന ലൗകിക വിരുന്നുകളിൽനിന്നു തികച്ചും വ്യത്യസ്തമായിരിക്കണം. “വെറിക്കൂത്തു” ജഡത്തിന്റെ പ്രവൃത്തികളിൽപ്പെട്ടതാണെന്നു ബൈബിൾ പറയുന്നു. (ഗലാത്യർ 5:21) വലിയ കൂട്ടമല്ലാത്തപ്പോൾ കാര്യാദികൾ നിയന്ത്രിക്കുക എളുപ്പമാണ്. ജനകീയ ആചാരങ്ങളുമായി ഒത്തുപോകാൻ കൂടാരം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യമില്ല. സ്ഥലത്തിനുവേണ്ടിയോ കാലാവസ്ഥ നിമിത്തമോ ചിലർ കൂടാരമുപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതു വ്യക്തിപരമായ കാര്യമാണ്.
നിർദിഷ്ട ക്ഷണക്കത്തുകൾ കൊടുക്കുന്നത് അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗമാണെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്. സഭകളെ കൂട്ടംകൂട്ടമായി ക്ഷണിക്കുന്നതിനുപകരം വ്യക്തികളെ ക്ഷണിക്കുന്നതായിരിക്കും ജ്ഞാനം. ക്രമനിബദ്ധതയുള്ള ക്രിസ്ത്യാനികളെന്ന നിലയിൽ അത്തരം പരിമിതികളെ നാം ആദരിക്കണം. പുറത്താക്കപ്പെട്ട ഒരാൾ വിരുന്നിനു ഹാജരാകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ക്ഷണക്കത്തുകൾ സഹായകമാണ്. അങ്ങനെയൊരാൾ വന്നാൽ നിരവധി സഹോദരീസഹോദരന്മാർ വിരുന്നു സ്ഥലത്തുനിന്നു പോകാൻ ആഗ്രഹിച്ചേക്കാം. (1 കൊരിന്ത്യർ 5:9-11) ഒരു വിവാഹ ദമ്പതികൾ അവിശ്വാസികളായ ബന്ധുക്കളെയോ പരിചയക്കാരെയോ ക്ഷണിക്കുന്നപക്ഷം അവരുടെ സംഖ്യ പരിമിതപ്പെടുത്തി, ‘സഹവിശ്വാസികൾ’ക്കു കൂടുതൽ പ്രാധാന്യം കൽപ്പിക്കേണ്ടതാണ്. (ഗലാത്യർ 6:10) ചിലർ, ലോകക്കാരായ പരിചയക്കാരെയോ അവിശ്വാസികളായ ബന്ധുക്കളെയോ വിവാഹ ചടങ്ങിനു ക്ഷണിക്കാതെ വിവാഹപ്രസംഗത്തിനു ക്ഷണിച്ചിട്ടുണ്ട്. കാരണം? വിവാഹവിരുന്നിൽ ലോകക്കാരായ ബന്ധുക്കളുടെ ലജ്ജാവഹമായ പെരുമാറ്റരീതിമൂലം അവിടെയായിരിക്കുന്നതു പന്തിയല്ലെന്നു നിരവധി സഹോദരീസഹോദരന്മാർക്കു തോന്നിയിട്ടുള്ള സംഭവങ്ങളുണ്ട്. ചില ദമ്പതികൾ ഉറ്റ കുടുംബാംഗങ്ങൾക്കും ക്രിസ്തീയ സുഹൃത്തുക്കൾക്കും മാത്രമായി വിരുന്നു ക്രമീകരിച്ചിട്ടുണ്ട്.
യോഹന്നാൻ 2:8, 9-നെ ആസ്പദമാക്കി “വിരുന്നുവാഴി”യെ നിയോഗിക്കുന്നതു പ്രായോഗികമായിരിക്കും. നിഷ്ഠയും ചിട്ടയും ഉന്നത നിലവാരവും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന, വിശ്വാസയോഗ്യനായ ഒരു മൂപ്പനെ തിരഞ്ഞെടുക്കാൻ വരൻ ആഗ്രഹിക്കും. സുഹൃത്തുക്കൾ സമ്മാനങ്ങൾ കൊണ്ടുവരുന്നെങ്കിൽ അവിടെ “പ്രതാപപ്രകടനം” പാടില്ല. (1 യോഹന്നാൻ 2:16, NW) ചോദ്യംചെയ്യത്തക്ക വരികളോ കാതടപ്പിക്കുന്ന ശബ്ദമോ വന്യമായ താളമോ ഇല്ലാത്ത സംഗീതം ആസ്വാദ്യമായിരിക്കും. പ്രസ്തുത സംഗീതം ഒരു മൂപ്പൻ മുൻകൂട്ടി ശ്രവിക്കുന്നതു മെച്ചമാണെന്നു പലരും കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ നൃത്തമാടുന്നതു കുഴപ്പം വരുത്തിവെച്ചേക്കാം. കാരണം പരമ്പരാഗതമായ പല നൃത്തങ്ങൾക്കും അടിസ്ഥാനം പ്രജനന നൃത്തങ്ങളാണ്. മാത്രമല്ല, അത് അനുചിതമായി ഭോഗേച്ഛയുണർത്തുന്നതുമാണ്. “കേക്കും വീഞ്ഞും വിളമ്പുന്ന വേള” ചിലപ്പോഴൊക്ക ആളുകൾ നിലവിട്ടു പെരുമാറാൻ അവസരമൊരുക്കുന്നു. വിവാഹവിരുന്നുകളിൽ മദ്യം പാടേ വർജിക്കാനും അങ്ങനെ പ്രശ്നങ്ങൾ ഒഴിവാക്കാനും നിരവധി ക്രിസ്തീയ ദമ്പതികൾ തീരുമാനിച്ചിട്ടുണ്ട്.
യഹോവയ്ക്കു മഹത്ത്വം കരേറ്റാൻ ആഗ്രഹിക്കുന്നതുകൊണ്ട്, നമ്മിലേക്കുതന്നെ അമിത ശ്രദ്ധയാകർഷിക്കാതിരിക്കാൻ നാം പ്രതാപപ്രകടനങ്ങൾ ഒഴിവാക്കും. ലൗകിക പ്രസിദ്ധീകരണങ്ങൾ പോലും പണം ധൂർത്തടിക്കുന്ന പ്രവണതയ്ക്കെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്. ആഡംബരപൂർണമായ വിവാഹ ചടങ്ങു നടത്തി കടത്തിൽ മുങ്ങുകയും ആ ഒരൊറ്റ ദിവസത്തെ ചെലവു നികത്താൻ വർഷങ്ങളോളം കഷ്ടപ്പെടുകയും ചെയ്യുന്നതു വിവാഹ ദമ്പതികളെ സംബന്ധിച്ചിടത്തോളം എത്ര ബുദ്ധിമോശമായിരിക്കും! ആ ദിവസം ധരിക്കുന്ന വസ്ത്രം, ദൈവത്തെ ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തിക്കു ചേർന്നവിധം മാന്യവും യോഗ്യവുമായിരിക്കണം. (1 തിമൊഥെയൊസ് 2:9, 10) “ക്രിസ്തീയ വിവാഹ ചടങ്ങുകളിൽ ന്യായയുക്തത പ്രകടമായിരിക്കണം” (1969 ജനുവരി 15 വീക്ഷാഗോപുരം [ഇംഗ്ലീഷ്]) എന്ന ലേഖനം വേഷവിധാനത്തെക്കുറിച്ചു രസകരമായി ഇങ്ങനെ അഭിപ്രായപ്പെട്ടു:
“വിവാഹ ചടങ്ങ് ഒരു വിശേഷാവസരമാണ്. അതുകൊണ്ട്, സന്തോഷമുള്ളവരായി തോന്നിക്കാനും ആകർഷകമായിരിക്കാനും സാധാരണഗതിയിൽ ശ്രദ്ധ നൽകപ്പെടുന്നു. എങ്കിലും, പ്രത്യേകതരം ഉടുപ്പോ സൂട്ടോ ഇട്ടേ മതിയാകൂ എന്ന് അതിനർഥമില്ല. പ്രാദേശിക രീതികളും, ചെലവും വ്യക്തിപരമായ അഭിരുചിയും പരിചിന്തിക്കുന്നത് ഉചിതമായിരിക്കും. . . . തങ്ങൾക്കുതന്നെയും മറ്റുള്ളവർക്കും സാമ്പത്തിക ബുദ്ധിമുട്ടുളവാക്കുന്ന വളരെ വിലപിടിച്ച വസ്ത്രം വാങ്ങുന്നതു ന്യായയുക്തമാണോ? . . . ചില വധുമാർ ഉറ്റ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ഉടുപ്പ് അണിഞ്ഞിട്ടുണ്ട്. മറ്റു ചിലരാണെങ്കിൽ സ്വന്തം വിവാഹവസ്ത്രം തയ്പ്പിച്ചിരിക്കുന്നു. തന്മൂലം, ഭാവിയിൽ മറ്റു സന്ദർഭങ്ങളിലും അവർക്കത് ഉപയോഗിക്കാൻ കഴിയും. ഉള്ളതിലേറ്റവും നല്ല, സാധാരണ വസ്ത്രമണിഞ്ഞു വിവാഹിതരാകുന്നതുകൊണ്ടും യാതൊരു തകരാറുമില്ല . . . ആർഭാടപൂർവം വിവാഹ ചടങ്ങു നടത്താനുള്ള സാമ്പത്തിക സ്ഥിതിയുള്ളവർ ഈ നാളുകൾ ദുർഘടമെന്നു കണ്ടു ‘കൊട്ടിഘോഷിക്കാതെ’ വിവാഹം നടത്താൻ വ്യക്തിപരമായി ആഗ്രഹിച്ചേക്കാം.”
വിവാഹപ്പാർട്ടി (വരന്റെ തോഴന്മാരും വധുവിന്റെ തോഴിമാരും) വലുതായിരിക്കണമെന്നില്ല. അവരും തങ്ങളുടെ വസ്ത്രത്തിലൂടെയും പ്രവൃത്തികളിലൂടെയും ശ്രദ്ധയാകർഷിക്കാൻ മുതിരുകയില്ല. രാജ്യഹാളിൽ പ്രസംഗം കേൾക്കാൻ പുറത്താക്കപ്പെട്ട ഒരാളെ അനുവദിക്കാമെങ്കിലും 1985 ജനുവരി 1 വീക്ഷാഗോപുരം പറയുന്നതനുസരിച്ച്, “വിവാഹപ്പാർട്ടിയിൽ സഭയിൽനിന്നു പുറത്താക്കപ്പെട്ടവരോ ബൈബിൾ തത്വങ്ങൾക്കു തികച്ചും വിരുദ്ധമായ അപമാനകരമായ ജീവിതരീതിയുള്ളവരോ ഉണ്ടായിരിക്കുന്നത് അനുചിതമാണ്.”
യേശു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ, ശബ്ദമലിനീകരണം വരുത്തിക്കൊണ്ടു കാറുകൾ നിരനിരയായി പട്ടണത്തിലൂടെ ചുറ്റുന്ന ആചാരത്തിന് അവൻ അനുമതി നൽകുന്നതു നമുക്ക് ഊഹിക്കാനാവില്ല; വിവാഹ ഘോഷയാത്രയിൽ കാറുകളുടെ ഹോൺ മുഴക്കിയതിനു ഡ്രൈവർമാർക്കു പൊലീസ് പിഴ ചുമത്തിയിട്ടുപോലുമുണ്ട്. (മത്തായി 22:21 കാണുക.) ചുരുക്കത്തിൽ, ജാതികളുടെ പ്രതാപപ്രകടനമോ തനതായ നടപടികളോ പകർത്താതെ, ക്രിസ്ത്യാനികൾ താഴ്മയുള്ളവരുടെ പക്കലുള്ള ജ്ഞാനം പ്രകടമാക്കും.—സദൃശവാക്യങ്ങൾ 11:2.
എന്നാൽ, അയൽക്കാരുടെയോ ലോകക്കാരായ സഹപ്രവർത്തകരുടെയോ അകന്ന ബന്ധുക്കളുടെയോ പരിചയക്കാരുടെയോ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതു സംബന്ധിച്ചെന്ത്? ഓരോ ക്രിസ്ത്യാനിയും അതു വ്യക്തിപരമായി തീരുമാനിക്കണം. നമ്മുടെ സമയം മൂല്യവത്താണെന്നു മനസ്സിൽപ്പിടിക്കുന്നതു നല്ലതാണ്. ശുശ്രൂഷയ്ക്കും വ്യക്തിപരമായ അധ്യയനത്തിനും കുടുംബപരവും സഭാപരവുമായ മറ്റു കാര്യങ്ങൾക്കും നമുക്കു സമയം ആവശ്യമാണ്. (എഫെസ്യർ 5:15, 16) വാരാന്തത്തിൽ നമുക്കു യോഗങ്ങളും വയൽസേവനവുമുണ്ട്. അതു നഷ്ടപ്പെടുത്താൻ നാം ആഗ്രഹിക്കുകയില്ല. (എബ്രായർ 10:24, 25) പല വിവാഹങ്ങളും സമ്മേളനങ്ങളുടെയോ കർത്താവിന്റെ സന്ധ്യാഭക്ഷണത്തോടു ബന്ധപ്പെട്ട പ്രത്യേക സേവനത്തിന്റെയോ സമയത്തായിരിക്കും. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനു പങ്കുപറ്റാൻ ലോകവ്യാപകമായി നമ്മുടെ സഹോദരങ്ങൾ ചെയ്യുന്ന പ്രത്യേക ശ്രമങ്ങളിൽനിന്നു വ്യതിചലിക്കാൻ നാം സ്വയം അനുവദിക്കരുത്. സത്യത്തിന്റെ പരിജ്ഞാനം ലഭിക്കുന്നതിനുമുമ്പു നാം ലോകക്കാരായ ആളുകളോടൊപ്പം ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ ദൈവത്തിനു നിന്ദവരുത്തുന്ന വിധത്തിൽ പ്രവർത്തിച്ചിട്ടുമുണ്ടാകാം. (1 പത്രൊസ് 4:3, 4) ഇപ്പോൾ നമ്മുടെ മുൻഗണനകൾ വ്യത്യസ്തമാണ്. ലോകക്കാരായ ആളുകൾക്ക് ആശംസാകാർഡ് അയയ്ക്കുകയോ വേറൊരു ദിവസം കുറച്ചുനേരത്തേക്ക് അവരെ സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്. നവദമ്പതികൾക്കു പറ്റിയ തിരുവെഴുത്തുകൾ അവരുമായി പങ്കിട്ടുകൊണ്ടു സാക്ഷ്യം നൽകാൻ ചിലർ ആ അവസരം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ലൗകിക രീതികളെക്കാൾ ആത്മീയ വശങ്ങൾക്കു മുന്തിയ സ്ഥാനം കൊടുക്കുമ്പോൾ, അതു വാസ്തവമായും യഹോവയ്ക്കു മഹത്ത്വം കരേറ്റും. അത്തരം ചടങ്ങുകൾ അന്ധവിശ്വാസങ്ങളിലും ആർഭാടങ്ങളിലുംനിന്നു മുക്തമാണെന്ന് ഉറപ്പുവരുത്തണം. മാത്രമല്ല, ക്രമമായ ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കാൻ അവയെ അനുവദിക്കരുത്. പ്രതാപപ്രകടനങ്ങൾക്കു പകരം താഴ്മ പ്രകടമാക്കണം. അപ്പോൾ ക്രിസ്ത്യാനികൾ ആ അവസരം ആസ്വദിക്കും. തന്നെയുമല്ല, നല്ല മനസ്സാക്ഷിയോടും മധുരസ്മരണകളോടും കൂടെ പൊയ്പോയ സംഭവത്തിലേക്കു പിന്തിരിഞ്ഞുനോക്കാൻ അവർക്കു കഴിയും. ജ്ഞാനവും ന്യായയുക്തതയും പ്രകടമാക്കുക നിമിത്തം, നമ്മുടെ ക്രിസ്തീയ വിവാഹ ചടങ്ങുകളോരോന്നും അത്മാർഥഹൃദയർക്കു സാക്ഷ്യം നൽകട്ടെ.
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[24, 25 പേജുകളിലെ ചിത്രം]
ക്രിസ്ത്യാനികൾ നിർബന്ധപൂർവം എല്ലാ പ്രാദേശിക വിവാഹ ആചാരങ്ങളും പിൻപറ്റുന്നില്ല