ചോദ്യപ്പെട്ടി
◼ തങ്ങളുടെ വിവാഹത്തിനായി രാജ്യഹാൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ മൂപ്പന്മാരുമായി ഏതെല്ലാം കാര്യങ്ങൾ സംസാരിക്കണം?
ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ നടത്തുന്ന വിവാഹങ്ങൾ യഹോവയ്ക്ക് മഹത്ത്വം കരേറ്റുന്നു. രാജ്യഹാളിൽ നടത്തുന്ന വിവാഹങ്ങളുടെ കാര്യത്തിൽ ഇത് വിശേഷാൽ സത്യമാണ്, കാരണം അവിടെ നടത്തുന്ന പരിപാടികൾ നമ്മുടെ സംഘടനയെക്കുറിച്ച് ആളുകൾക്ക് ഒരു ധാരണ കൊടുക്കുന്നു. വിവാഹം രാജ്യഹാളിൽവെച്ചു നടത്താൻ ഉദ്ദേശിക്കുന്നെങ്കിൽ വിവാഹത്തോടു ബന്ധപ്പെട്ട ചില കാര്യങ്ങൾ പ്രാദേശിക മൂപ്പന്മാരുമായി ചർച്ചചെയ്യുന്നത് ഉചിതമായിരിക്കും. അങ്ങനെയാകുമ്പോൾ “സകലവും ഉചിതമായും ക്രമമായും” നടത്താനാകും.—1 കൊരി. 14:40.
തങ്ങളുടെ വിവാഹത്തിനായി രാജ്യഹാൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ, ആ ഹാളിൽ കൂടിവരുന്ന ഒരു സഭയുടെ സേവന കമ്മിറ്റിക്ക് അപേക്ഷ എഴുതി നൽകണം. ഹാൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന തീയതിയും സമയവും കാണിച്ചുകൊണ്ടുള്ള ആ അപേക്ഷ കാലേകൂട്ടിത്തന്നെ നൽകിയിരിക്കണം. വിവാഹം നടത്തുന്നതിന് യോഗസമയത്തിൽ മൂപ്പന്മാർ മാറ്റമൊന്നും വരുത്തില്ലെന്ന് അവർ മനസ്സിൽപ്പിടിക്കണം. വിവാഹം കഴിക്കാൻ പോകുന്നവർ ബൈബിൾ തത്ത്വങ്ങൾക്കും യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾക്കും ചേർച്ചയിൽ ജീവിക്കുന്നവരായിരിക്കണം.
വിവാഹക്രമീകരണങ്ങളുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിൽ എത്തുന്നതിനുമുമ്പ് സേവന കമ്മിറ്റിയുമായി അതേക്കുറിച്ചു ചർച്ചചെയ്യണം. യഹോവയ്ക്ക് മഹത്ത്വം കരേറ്റുന്ന വിധത്തിലാണ് വിവാഹം നടക്കുന്നത് എന്ന് ഉറപ്പുവരുത്താൻ അത് സഹായിക്കും. മൂപ്പന്മാർ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കില്ലെങ്കിലും ഉചിതമല്ലാത്ത കാര്യങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെടുത്തിയാൽ മാറ്റങ്ങൾ വരുത്തുക. രാജ്യസംഗീതമോ നമ്മുടെ പാട്ടുപുസ്തകത്തിലെ ഗീതങ്ങളോ മാത്രമേ അവിടെ ഉപയോഗിക്കാവൂ. രാജ്യഹാൾ അലങ്കരിക്കുകയോ കസേരകൾ പുനഃക്രമീകരിക്കുകയോ മറ്റോ ചെയ്യേണ്ടതുണ്ടെങ്കിൽ അതിനു സേവന കമ്മിറ്റിയുടെ അനുവാദം വാങ്ങണം. ഫോട്ടോ എടുക്കുകയോ വീഡിയോ റിക്കോർഡുചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് പരിപാടിയുടെ അന്തസ്സിന് യോജിക്കുന്ന വിധത്തിലായിരിക്കണം. സഭാക്രമീകരണങ്ങളൊന്നും തടസ്സപ്പെടില്ലെങ്കിൽ രാജ്യഹാളിൽ റിഹേഴ്സൽ നടത്താൻ മൂപ്പന്മാർ അനുമതി നൽകിയേക്കാം. ക്ഷണക്കത്തുകൾ നോട്ടീസ് ബോർഡിൽ ഇടരുത്. എന്നാൽ വിവാഹ നോട്ടീസ് രാജ്യഹാളിലെ നോട്ടീസ് ബോർഡിൽ ഇടണം; നിയമം അത് നിഷ്കർഷിക്കുന്നുണ്ട്. രാജ്യഹാളിൽ നടക്കാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് സേവനയോഗത്തിൽ ഹ്രസ്വമായ ഒരു അറിയിപ്പുനടത്താൻ മൂപ്പന്മാർ ക്രമീകരിച്ചേക്കാം. രാജ്യഹാളിൽ നടക്കുന്ന വിവാഹപ്രസംഗം കേൾക്കാനുള്ള അവസരം എല്ലാവർക്കുമുണ്ട്, പക്ഷേ, അതേത്തുടർന്നുള്ള സൽക്കാരത്തിന് ഏവരെയും ക്ഷണിച്ചിരിക്കുന്നു എന്ന് അതിന് അർഥമില്ല. (യോഹ. 2:2) ആ സമയത്ത് മറ്റേതെങ്കിലും പരിപാടികൾക്കായി രാജ്യഹാൾ ലഭ്യമായിരിക്കില്ലെന്ന് ഹാളിൽ കൂടിവരുന്ന മറ്റു സഭകളെ അറിയിച്ചിരിക്കണം.
വിവാഹത്തിനു സാക്ഷി നിൽക്കുന്നവരും തോഴനും തോഴിയും അതുപോലെതന്നെ സ്റ്റേജിൽ നടക്കുന്ന ഏതെങ്കിലും പരിപാടികളിൽ പങ്കെടുക്കുന്നവരും സ്നാനമേറ്റവരായിരിക്കണം എന്നില്ലെങ്കിലും അവർ ബൈബിൾ തത്ത്വങ്ങൾക്കു കടകവിരുദ്ധമായ ജീവിതശൈലി പിന്തുടരുന്നവരും ആക്ഷേപകരമായ നടത്തയുള്ളവരും ആയിരിക്കരുത്. സാധ്യമെങ്കിൽ, വിവാഹം നടത്തുന്നത് ഒരു നിയമിത മൂപ്പനായിരിക്കണം. ദൈവവചനം വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരായതിനാൽ ഈ സുപ്രധാന സന്ദർഭത്തിൽ ബാധകമാകുന്ന തിരുവെഴുത്തു തത്ത്വങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ഏറ്റവും യോഗ്യരായവർ മൂപ്പന്മാരായിരിക്കും.—1 തിമൊ. 3:2.
വിവാഹം നടത്തുന്ന മൂപ്പന്റെ സത്പേരും ഉൾപ്പെട്ടിരിക്കുന്നതിനാൽ വിവാഹ ചടങ്ങുകളെക്കുറിച്ചുള്ള കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിരിക്കണം. വിവാഹിതരാകുന്നവരുടെ കോർട്ടിങ് സമയത്തെ പെരുമാറ്റം സംബന്ധിച്ച് അദ്ദേഹം ചോദിച്ചറിയും. അവർ കാര്യങ്ങൾ സത്യസന്ധമായി തുറന്നു സംസാരിക്കണം. വരനോ വധുവോ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ വീണ്ടും വിവാഹം കഴിക്കുന്നതിന് തിരുവെഴുത്തുപരവും നിയമപരവുമായ തടസ്സമൊന്നുമില്ലെന്ന് മൂപ്പനെ ബോധ്യപ്പെടുത്തണം. (മത്താ. 19:9) വിവാഹമോചന സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി മൂപ്പനെ കാണിക്കുന്നതും ഇതിൽപ്പെടുന്നു.
വിവാഹിതരാകുന്നവർ മൂപ്പന്മാരോടു തുറന്നു സംസാരിക്കുകയും പൂർണമായി സഹകരിക്കുകയും ചെയ്യുമ്പോൾ വിവാഹവേള എല്ലാവർക്കും സന്തോഷം പകരുന്ന ഒരവസരമായി ഭവിക്കും.—സദൃ. 15:22; എബ്രാ. 13:17.