സത്യസന്ധത—യാദൃച്ഛികമോ തിരഞ്ഞെടുക്കുന്നതോ?
“ഞാൻ സ്വതവേ സത്യസന്ധനല്ലെങ്കിലും വല്ലപ്പോഴുമൊക്കെ യാദൃച്ഛികമായി അങ്ങനെ ആയിരിക്കാറുണ്ട്.” വില്യം ഷേക്സ്പിയറിന്റെ ദ വിന്റേഴ്സ് റ്റെയ്ൽ എന്ന നാടകത്തിൽ ചതിയനായ ഓട്ടോലൈക്കസ് പറയുന്നതാണത്. അത് ഒരടിസ്ഥാന മനുഷ്യ ബലഹീനതയെ, ‘കപട ഹൃദയ’ത്തിൽനിന്ന് ഉരുത്തിരിയുന്ന, ദുഷ്പ്രവൃത്തിയിലേർപ്പെടാനുള്ള പ്രവണതയെ ചിത്രീകരിക്കുന്നു. (യിരെമ്യാവു 17:9; സങ്കീർത്തനം 51:5; റോമർ 5:12) എന്നാൽ അക്കാര്യത്തിൽ നമുക്കു യാതൊരു തിരഞ്ഞെടുപ്പുമില്ലെന്ന് അതർഥമാക്കുന്നുണ്ടോ? സത്പെരുമാറ്റം കേവലം യാദൃച്ഛികമാണോ? ഒരിക്കലുമല്ല!
ഇസ്രായേല്യർ വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനുമുമ്പ് മോവാബ്സമഭൂമിയിൽ പാളയമിറങ്ങിയപ്പോൾ മോശ അവരോടു സംസാരിച്ചു. അവൻ അവരുടെ മുന്നിൽ വ്യക്തമായ രണ്ടു തിരഞ്ഞെടുപ്പുകൾ വെച്ചു. ദൈവകൽപ്പനകൾ അനുസരിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനോ അവ അനുസരിക്കാതെ പാപത്തിന്റെ ദൂഷ്യഫലം കൊയ്യുന്നതിനോ അവർക്കു സാധിക്കുമായിരുന്നു. (ആവർത്തനപുസ്തകം 30:15-20) അവർക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാമായിരുന്നു.
സ്വതന്ത്രധാർമിക കാര്യസ്ഥർ എന്ന നിലയിൽ നമുക്കും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. നന്മയോ തിന്മയോ ചെയ്യാൻ ദൈവമുൾപ്പെടെ ആരും നമ്മെ നിർബന്ധിക്കുന്നില്ല. എങ്കിലും, ‘നമ്മുടെ ഹൃദയം തിന്മ ചെയ്യാൻ പ്രവണത കാട്ടുന്ന സ്ഥിതിക്ക് നമുക്കെങ്ങനെ നന്മ ചെയ്യാനാകും?’ എന്നു ചിലർ യഥോചിതം ചോദിച്ചേക്കാം. ഒരുദാഹരണമെടുക്കാം. പല്ലു പുഴുതിന്നുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുണ്ടോയെന്നറിയാൻ ഒരു ദന്തരോഗവിദഗ്ധൻ അതു സസൂക്ഷ്മം പരിശോധിക്കുന്നു. പല്ലിന്റെ അവസ്ഥ വഷളാകുന്നതിനു മുമ്പ് അദ്ദേഹം അതു ചെയ്യേണ്ടതുണ്ട്. സമാനമായി, നമ്മുടെ ആലങ്കാരിക ഹൃദയത്തിന് എന്തെങ്കിലും ബലഹീനതയോ ധാർമിക ക്ഷയമോ ബാധിച്ചിട്ടുണ്ടോയെന്നറിയാൻ നാം അതിനെ സസൂക്ഷ്മം പരിശോധിക്കണം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, “ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞു.—മത്തായി 15:18-20.
പല്ലിനു കേടു വരാതെ സൂക്ഷിക്കേണ്ടതിന്, എന്തെങ്കിലും കേടുപാടു കണ്ടെത്തിയാൽ ദന്തരോഗവിദഗ്ധൻ അത് അപ്പാടെ നീക്കിക്കളയണം. സമാനമായി, “ദുശ്ചിന്ത”യും ദുരാഗ്രഹങ്ങളും ഹൃദയത്തിൽനിന്നു പിഴുതെറിയുന്നതിനു നിർണായകമായ നടപടി ആവശ്യമാണ്. ദൈവവചനമായ ബൈബിൾ പഠിച്ച് അതേക്കുറിച്ചു ധ്യാനിക്കുന്നതു നിമിത്തം നാം സ്രഷ്ടാവിന്റെ വഴികളെക്കുറിച്ച് അറിയുന്നുവെന്നു മാത്രമല്ല ശരിയായതു ചെയ്യാൻ പഠിക്കുകയും ചെയ്യുന്നു.—യെശയ്യാവു 48:17.
ഇസ്രായേൽ രാജാവായിരുന്ന ദാവീദ്, ശരിയായതു ചെയ്യാനുള്ള പോരാട്ടത്തിന് അനിവാര്യമായ മറ്റൊരു സഹായം പ്രയോജനപ്പെടുത്തി. “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ” എന്ന് അവൻ പ്രാർഥിച്ചു. (സങ്കീർത്തനം 51:10) അതേ, യഹോവയാം ദൈവത്തിൽ പ്രാർഥനാപൂർവം ആശ്രയിച്ചുകൊണ്ട്, മോശമായതു ചെയ്യാനുള്ള പ്രവണത തരണംചെയ്യുന്നതിനും നല്ലതു ചെയ്യാൻ ഒരു ‘പുതിയ ആത്മാവ്’ നട്ടുവളർത്തുന്നതിനും നമുക്കു സാധിക്കും. അങ്ങനെ, സത്യസന്ധത യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നായി നാം കരുതുകയില്ല. അതു തിരഞ്ഞെടുക്കേണ്ട ഒന്നാണ്.
[21-ാം പേജിലെ ചിത്രം]
ദാവീദിന്റെ കാര്യത്തിലെന്നപോലെ, യഹോവയോടു പ്രാർഥിക്കുന്നതു നല്ലതു ചെയ്യാൻ നമ്മെ സഹായിക്കും