രഹസ്യങ്ങൾ എന്തുകൊണ്ട്?
“ഒരു രഹസ്യം സൂക്ഷിക്കുന്നത്രയും ഭാരിച്ച സംഗതിയൊന്നുമില്ല.” ഏതു രഹസ്യത്തിന്റെ കാര്യത്തിലും അതു ശരിയാണെന്നും ഒരു ഫ്രഞ്ച് ചൊല്ല് അവകാശപ്പെടുന്നു. ഒരു രഹസ്യം അറിയുമ്പോൾ രസം തോന്നുമെങ്കിലും ചിലപ്പോൾ അതേക്കുറിച്ച് ആരോടും പറയാനാകാത്തതിൽ നമുക്കു നിരാശ തോന്നുന്നതിന്റെ കാരണം അതായിരിക്കുമോ? എന്നിട്ടും, നൂറ്റാണ്ടുകളായി അനേകമാളുകൾ രഹസ്യം ഇഷ്ടപ്പെടുന്നു. അങ്ങനെയുള്ളവർ ഒരു പൊതുലക്ഷ്യത്തെ മുൻനിർത്തി രഹസ്യസമൂഹങ്ങളിൽ ചേർന്നിരിക്കുന്നു.
ഈ രഹസ്യസമൂഹങ്ങളിൽ ഏറ്റവും പഴക്കമുള്ളവയിൽ ചിലത് ഈജിപ്തിലും ഗ്രീസിലും റോമിലും കണ്ടെത്തിയ രഹസ്യ മതവിഭാഗങ്ങളായിരുന്നു. പിൽക്കാലത്ത് ഇവയിലെ ചില കൂട്ടങ്ങൾ മതപരമായ ലക്ഷ്യങ്ങൾ വിട്ട് രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ ലക്ഷ്യങ്ങളിലേക്കു നീങ്ങി. ഉദാഹരണത്തിന്, മധ്യകാല യൂറോപ്പിലെ ഗിൽഡുകൾ. അതിന്റെ സ്ഥാപനഘട്ടത്തിൽ അംഗങ്ങൾ മുഖ്യമായും സ്വന്തം സാമ്പത്തിക സുരക്ഷിതത്വത്തെപ്രതി രഹസ്യം സൂക്ഷിക്കാൻ തീരുമാനിച്ചു.
ആധുനിക നാളിൽ ആദരണീയ ലക്ഷ്യങ്ങളുമായി പല രഹസ്യസമൂഹങ്ങളും രൂപംകൊണ്ടിട്ടുണ്ട്. “സാമൂഹികവും പ്രയോജനപ്രദവുമായ ഉദ്ദേശ്യങ്ങൾക്കും” “ദാനധർമപരവും വിദ്യാഭ്യാസപരവുമായ പരിപാടികൾ നടപ്പാക്കുന്നതിനും” വേണ്ടി നിലകൊള്ളുകയെന്ന ലക്ഷ്യമായിരിക്കാം അവയ്ക്കുള്ളതെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ചില സഹോദരസ്ഥാപനങ്ങളും യുവജന ക്ലബ്ബുകളും സാമൂഹിക ക്ലബ്ബുകളും മറ്റു കൂട്ടങ്ങളും രഹസ്യസ്വഭാവമുള്ളവയാണ്, അല്ലെങ്കിൽ ഭാഗികമായെങ്കിലും രഹസ്യസ്വഭാവമുള്ളവയാണ്. പൊതുവേ, ഈ കൂട്ടങ്ങൾ നിരുപദ്രവമായവയാണ്. രഹസ്യസ്വഭാവം അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഹരമാണ്. പ്രസ്തുത സംഘത്തിൽ അംഗമാകുന്നതോ അംഗീകാരം ലഭിക്കുന്നതോ ആയ ചടങ്ങിനു ശക്തമായ വൈകാരിക ആകർഷകത്വമുണ്ട്, അതേസമയം അതു സൗഹൃദമനോഭാവത്തെയും ഐക്യത്തെയും ശക്തീകരിക്കുകയും ചെയ്യുന്നു. തങ്ങൾ ആരോരുമില്ലാത്തവരല്ലെന്നും തങ്ങൾക്കു ലക്ഷ്യബോധമുണ്ടെന്നുമുള്ള തോന്നൽ അംഗങ്ങൾക്കുണ്ട്. ഇത്തരം രഹസ്യസമൂഹങ്ങൾ സാധാരണമായി മറ്റുള്ളവർക്കു ഭീഷണിയാകാറില്ല. അവരുടെ രഹസ്യങ്ങൾ അറിഞ്ഞില്ലെന്നുവെച്ച് മറ്റുള്ളവർക്കു കുഴപ്പമൊന്നുമില്ല.
രഹസ്യം അപകടസൂചന നൽകുമ്പോൾ
എല്ലാ രഹസ്യസമൂഹങ്ങളുടെയും രഹസ്യസ്വഭാവം ഒരേ രീതിയിലായിരിക്കണമെന്നില്ല. “രഹസ്യങ്ങൾക്കുള്ളിലെ രഹസ്യങ്ങൾ” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശേഷിപ്പിക്കുന്ന ഒരു സംഗതിയുണ്ട്, അതാണ് വിശേഷാൽ അപകടകരം. “പ്രത്യേക പേരുകളുടെയോ സത്യപ്രതിജ്ഞകളുടെയോ ആചാരസംബന്ധമായ അറിവുകളുടെയോ ഉപയോഗത്താൽ” ഉന്നത സ്ഥാനത്തുള്ള അംഗങ്ങൾ “തങ്ങളെത്തന്നെ വേർതിരിച്ചുനിർത്തി”പ്പോരുന്നു, അതുവഴി “ഉന്നത സ്ഥാനത്തു കയറിപ്പറ്റാനാവശ്യമായ ശ്രമം ചെയ്യാൻ താഴെയുള്ളവരെ” പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതു വിശദീകരിക്കുന്നു. അത്തരം കൂട്ടങ്ങളിൽ അന്തർലീനമായിരിക്കുന്ന അപകടം വ്യക്തമാണ്. വേണ്ടത്ര അറിവു നേടിയിട്ടില്ലാത്തതുകൊണ്ട് താഴ്ത്തട്ടിലുള്ളവർ സംഘടനയുടെ യഥാർഥ ലക്ഷ്യങ്ങളെക്കുറിച്ചു തീർത്തും അജ്ഞരായിരിക്കാം. നിങ്ങൾ ഭാഗികമായിമാത്രം അംഗീകരിക്കുന്നതും ഒരുപക്ഷേ നിങ്ങളെ പൂർണമായി അറിയിച്ചിട്ടില്ലാത്തതുമായ ലക്ഷ്യങ്ങളും ലക്ഷ്യോപാധികളുമുള്ള ഒരു കൂട്ടത്തിൽ അകപ്പെട്ടുപോകുന്നത് എളുപ്പമാണ്. എന്നാൽ അത്തരം കൂട്ടത്തിൽ ചേർന്ന വ്യക്തി, രഹസ്യത്തിന്റെ ബന്ധനത്തിലായിപ്പോയതിനാൽ, അതിൽനിന്നു തലയൂരുക പ്രയാസമാണെന്നു പിന്നീടു കണ്ടെത്തിയേക്കാം.
എന്നിരുന്നാലും ഒരു സമൂഹം നിയമവിരുദ്ധമോ കുറ്റകൃത്യപരമോ ആയ ലക്ഷ്യങ്ങൾ പിൻപറ്റുകയും അക്കാരണത്താൽ അതിന്റെ അസ്തിത്വംതന്നെ മറയ്ക്കുകയും ചെയ്യുമ്പോൾ രഹസ്യം കൂടുതലായ അപകടസൂചന നൽകുന്നു. അല്ലെങ്കിൽ അതിന്റെ അസ്തിത്വവും പൊതുലക്ഷ്യങ്ങളും അറിയപ്പെടുന്നതാണെങ്കിൽക്കൂടി, അത് അതിന്റെ അംഗങ്ങളെയും ഹ്രസ്വകാല പദ്ധതികളെയുംകുറിച്ചുള്ള വിവരം രഹസ്യമാക്കിവെക്കാൻ ശ്രമിച്ചേക്കാം. ഭീകരപ്രവർത്തനങ്ങൾകൊണ്ട് ലോകത്തെ ഇടയ്ക്കിടെ ഞെട്ടിക്കുന്ന, എന്തിനും മടിക്കാത്ത ഭീകരപ്രവർത്തക സംഘങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണ്.
അതേ, രഹസ്യം വ്യക്തികൾക്കും മൊത്തം സമൂഹത്തിനും അപകടമായേക്കാം. നിരപരാധികളെ പതിയിരുന്ന് ആക്രമിക്കുന്ന കൗമാരപ്രായക്കാരുടെ രഹസ്യസമൂഹങ്ങളെക്കുറിച്ചു ചിന്തിക്കുക. രഹസ്യത്തിൽ പ്രവർത്തിക്കുന്ന മാഫിയ പോലുള്ള കുറ്റവാളി സമൂഹങ്ങൾക്കും കു ക്ലുക്സ് ക്ലാൻa പോലുള്ള വെള്ളമേൽക്കോയ്മ സമൂഹങ്ങൾക്കുംപുറമേ, ലോക സമാധാനവും സുരക്ഷിതത്വവും കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്കു തുരങ്കംവെക്കുന്ന അനേകം ഭീകരപ്രവർത്തക സംഘങ്ങൾ ലോകമെമ്പാടുമുണ്ട്.
അവരുടെ ഇപ്പോഴത്തെ ഉദ്ദേശ്യം?
1950-കളിൽ, പശ്ചിമ യൂറോപ്പിനെ കീഴടക്കാനുള്ള സോവിയറ്റുകാരുടെ ഏതൊരു ശ്രമത്തെയും ചെറുക്കാൻ പല പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലും ശീതസമരത്തിന്റെ ഒരു ഉപോത്പന്നമെന്ന നിലയിൽ രഹസ്യസമൂഹങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഉദാഹരണത്തിന്, ജർമൻ വാർത്താപത്രികയായ ഫോക്കസ് പറയുന്നപ്രകാരം, ഈ കാലഘട്ടത്തിൽ ഓസ്ട്രിയയിൽ “79 രഹസ്യ ആയുധ ഡിപ്പോകൾ” സ്ഥാപിക്കുകയുണ്ടായി. യൂറോപ്പിലെ പല രാജ്യങ്ങൾക്കും ഈ സമൂഹങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. 1990-കളുടെ തുടക്കത്തിൽ ഒരു വാർത്താപത്രിക യാഥാർഥ്യബോധത്തോടെ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഈ സംഘടനകളിൽ എത്രയെണ്ണം പ്രവർത്തനത്തിലുണ്ടെന്നും അവരുടെ ഉദ്ദേശ്യമെന്താണെന്നും ഇപ്പോഴും അറിയില്ല.”
അതേ, തീർച്ചയായും അറിയില്ല. ഇപ്പോൾ എത്രയെത്ര രഹസ്യസമൂഹങ്ങൾ നമ്മുടെ വിഭാവനയ്ക്കുമതീതമായ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ശരിക്കും ആർക്കാണ് അറിയാനാകുക?
[അടിക്കുറിപ്പുകൾ]
a തങ്ങളുടെ പ്രതീകമായി മരക്കുരിശ് കത്തിക്കുന്ന ഈ അമേരിക്കൻ സമൂഹം ആദ്യകാല രഹസ്യസമൂഹങ്ങളുടെ മതപരമായ പ്രത്യേകതകളിൽ ചിലതു നിലനിർത്തി. മുമ്പൊക്കെ, നീളൻ കുപ്പായവും വെള്ള ശിരോവസ്ത്രവും ധരിച്ച് അതിന്റെ അംഗങ്ങൾ രാത്രികാല ആക്രമണങ്ങൾ നടത്തി, കറുത്തവർഗക്കാർക്കും കത്തോലിക്കർക്കും യഹൂദന്മാർക്കും വിദേശീയർക്കും തൊഴിലാളി യൂണിയനുകൾക്കുമെതിരെ ക്രോധം പ്രകടിപ്പിച്ചിരുന്നു.