“ദൈവവചന വിശ്വാസ” ഡിസ്ട്രിക്ററ് കൺവെൻഷനു ഹാജരാകുക!
ലോകത്തുടനീളമുള്ള നൂറുകണക്കിനു സ്ഥലങ്ങളിൽ ലക്ഷക്കണക്കിനാളുകൾ സന്നിഹിതരായിരിക്കും. ഇന്ത്യയിൽ മാത്രം 16 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തേത് ഒക്ടോബർ 10 മുതൽ 12 വരെയും അവസാനത്തേത് ജനുവരി 2 മുതൽ 4 വരെയും ആയിരിക്കും. സാധ്യതയനുസരിച്ച് ഈ ത്രിദിന കൂടിവരവുകളിൽ—വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെ—ഒരെണ്ണം നിങ്ങളുടെ വീട്ടിൽനിന്ന് അകലെയല്ലാത്ത ഒരു നഗരത്തിലായിരിക്കും.
സമൃദ്ധമായ പ്രായോഗിക ബൈബിൾ ബുദ്ധ്യുപദേശത്തിൽനിന്നു നിങ്ങൾ പ്രയോജനമനുഭവിക്കും. മിക്ക സ്ഥലങ്ങളിലും ഓരോ ദിവസവും രാവിലെ 9:30-ന് സംഗീതത്തോടെ പരിപാടി ആരംഭിക്കും. ദൈവവചനത്തിലുള്ള വിശ്വാസത്താൽ ജീവിതം ആഴമായി സ്വാധീനിക്കപ്പെട്ടവരുമായുള്ള 25 മിനിറ്റുനേരത്തെ അഭിമുഖങ്ങൾ വെള്ളിയാഴ്ച രാവിലത്തെ വിശേഷ ഇനമായിരിക്കും. “കാഴ്ചയാലല്ല വിശ്വാസത്താൽ നടക്കുന്നു” എന്ന മുഖ്യവിഷയ പ്രസംഗത്തോടെ ആദ്യ സെഷൻ സമാപിക്കും.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പ്രസംഗത്തിൽ ക്രിസ്തീയ സഭയിൽ യുവജനങ്ങൾക്കുള്ള മർമപ്രധാനമായ പങ്കിനെക്കുറിച്ചു ചർച്ചചെയ്യും. സംസാരം, പെരുമാറ്റം, വ്യക്തിപരമായ ചമയം എന്നിവയിലെ ക്രിസ്തീയ നടത്തയോടു ബന്ധപ്പെട്ട ബൈബിൾ നിലവാരങ്ങൾ ചർച്ചചെയ്യുന്നതാണ് തുടർന്നുവരുന്ന മൂന്നു ഭാഗങ്ങളുള്ള സിമ്പോസിയം. പിന്നീടുള്ള, “വിശ്വാസരാഹിത്യം സംബന്ധിച്ച് ജാഗ്രതപുലർത്തുക,” “ദൈവവചനം ജീവനുള്ളതാകുന്നു” എന്നീ പ്രസംഗങ്ങൾ എബ്രായർ 3-ലെയും 4-ലെയും ഉത്തമ ഉദ്ബോധനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “എല്ലാ ജനങ്ങൾക്കുംവേണ്ടിയുള്ള ഒരു പുസ്തകം” എന്ന പ്രസംഗത്തോടെ വെള്ളിയാഴ്ചത്തെ പരിപാടി സമാപിക്കും.
“പ്രവൃത്തികളില്ലാത്ത വിശ്വാസം മൃതമാണ്” എന്നതാണ് ശനിയാഴ്ച രാവിലത്തെ ആദ്യ പ്രസംഗം. അന്നു രാവിലത്തെ മറ്റൊരു പ്രധാനപ്പെട്ട പ്രസംഗമാണ് “സത്യത്തിൽ വേരുറച്ചവരും ഇളകാത്തവരും ആയിത്തീരുക” എന്നത്. എങ്ങനെ ആത്മീയ വളർച്ച അതു വിവരിക്കുന്നു. “ദൈവവചന വിശ്വാസം സ്നാപനത്തിലേക്കു നയിക്കുന്നു” എന്ന കൺവെൻഷനിലെ പതിവു പരിപാടിയോടെ പ്രസ്തുത സെഷൻ സമാപിക്കും. അതിനുശേഷം പുതിയ ശിഷ്യൻമാർക്കു സ്നാപനമേൽക്കുന്നതിനുള്ള ക്രമീകരണമുണ്ടായിരിക്കും.
“വിശ്വാസത്തിനുവേണ്ടി കഠിന പോരാട്ടം നടത്തുക” എന്ന ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാരംഭ പ്രസംഗം ബൈബിൾ പുസ്തകമായ യൂദായിലെ ഉദ്ബോധനത്തെക്കുറിച്ചു ചർച്ചചെയ്യും. “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം” എന്ന വിഷയത്തോടുകൂടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള സിമ്പോസിയം ക്രിസ്തീയ യോഗങ്ങളുടെ പ്രയോജനങ്ങൾ ചർച്ചചെയ്യും. “നിങ്ങളുടെ വിശ്വാസത്തിന്റെ ഗുണനിലവാരം—ഇപ്പോൾ പരിശോധിക്കപ്പെടുന്നു” എന്ന പ്രസംഗത്തോടെ ആ ദിവസത്തെ പരിപാടി സമാപിക്കുന്നു.
ഞായറാഴ്ച രാവിലത്തെ പരിപാടി, ബൈബിൾ പുസ്തകമായ യോവേലിനെയും നമ്മുടെ നാളിൽ അത് എങ്ങനെ ബാധകമാകുന്നു എന്നതിനെയും കുറിച്ചു ചർച്ചചെയ്യുന്ന മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം വിശേഷവത്കരിക്കുന്നു. അതേത്തുടർന്നാണ് “നിങ്ങളുടെ കണ്ണ് ലളിതമായി സൂക്ഷിക്കുക” എന്ന അഭിധാനത്തോടുകൂടിയ ബൈബിൾ നാടകം. “വിശ്വാസവും നിങ്ങളുടെ ഭാവിയും” എന്ന ഉച്ചകഴിഞ്ഞുള്ള പരസ്യപ്രസംഗമാണ് കൺവെൻഷനിലെ ഒരു സവിശേഷത.
സന്നിഹിതരായിരിക്കുന്നതിനാൽ തീർച്ചയായും നിങ്ങൾ ആത്മീയമായി പരിപോഷിപ്പിക്കപ്പെടും. എല്ലാ സെഷനിലേക്കും നിങ്ങൾ ഹൃദ്യമായി സ്വാഗതം ചെയ്യപ്പെടും. ഹാജരാകാൻ ഇപ്പോൾ ആസൂത്രണങ്ങൾ ചെയ്യുക. നിങ്ങളുടെ വീടിന് ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥലമറിയാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക. ഉണരുക!യുടെ ഒരു ഭാവി ലക്കത്തിലും ഇന്ത്യയിലെ കൺവെൻഷൻ സ്ഥലങ്ങളുടെ മേൽവിലാസം നിങ്ങൾക്കു കാണാൻ കഴിയും.