“ദൈവമാർഗത്തിലുള്ള ജീവിതം” 1998-ലേക്കുള്ള കൺവെൻഷൻ അടുത്തിരിക്കുന്നു!
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മാത്രമായി ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലേക്ക് 19 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിരിക്കുന്നു. സാധ്യതയനുസരിച്ച് ഈ ത്രിദിന കൂടിവരവുകളിൽ ഒരെണ്ണം നിങ്ങളുടെ വീട്ടിൽനിന്ന് അകലെയല്ലാത്ത ഒരു നഗരത്തിലായിരിക്കും. മിക്ക സ്ഥലങ്ങളിലും ദിവസവും—വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ—രാവിലെ 9:30-ന് സംഗീതത്തോടെ കാര്യപരിപാടി ആരംഭിക്കും.
വെള്ളിയാഴ്ച രാവിലത്തെ പരിപാടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യ പ്രസംഗവേലയിലുണ്ടായ പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വിശേഷവത്കരിക്കും. “ക്രിസ്തുവിന്റെ മറുവില—രക്ഷയ്ക്കുള്ള ദൈവമാർഗം” എന്ന മുഖ്യവിഷയ പ്രസംഗം കൺവെൻഷന്റെ പ്രതിപാദ്യ വിഷയത്തിന് ഊന്നൽ നൽകും.
ഉച്ചകഴിഞ്ഞ്, “മാതാപിതാക്കളേ—മക്കളിൽ ദൈവമാർഗം ഉൾനടുവിൻ” എന്ന സിമ്പോസിയം യഹോവയെ സ്നേഹിക്കാനും സേവിക്കാനും യുവജനങ്ങളെ എങ്ങനെ പ്രചോദിപ്പിക്കാനാകും എന്നതു സംബന്ധിച്ചു മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യും. “മരണാനന്തരം ജീവിതമുണ്ടോ?” എന്ന പ്രസംഗത്തോടെ ഉച്ച കഴിഞ്ഞുള്ള പരിപാടി അവസാനിക്കും.
ശനിയാഴ്ച രാവിലത്തെ പരിപാടി, “ജീവന്റെ മാർഗത്തിലേക്കു വരാൻ ആളുകളെ സഹായിക്കൽ,” “ആളുകളുടെ പക്കലെത്തുന്നതിന്റെ വെല്ലുവിളി,” “ക്രിസ്തു കൽപ്പിച്ചതെല്ലാം ശിഷ്യന്മാരെ പഠിപ്പിക്കൽ” എന്നിങ്ങനെ തുടർച്ചയായ മൂന്നു ഭാഗങ്ങളിലായി യഹോവയുടെ സാക്ഷികളുടെ ശിഷ്യരാക്കൽ വേലയെ വിശേഷവത്കരിക്കും. രാവിലത്തെ പരിപാടിക്കുശേഷം പുതിയ ശിഷ്യന്മാർക്കു സ്നാപനമേൽക്കാനുള്ള ക്രമീകരണമുണ്ടായിരിക്കും.
“അനന്തജീവന്റെ പ്രത്യാശയോടെ സേവിക്കൽ” എന്ന ശനിയാഴ്ച ഉച്ച കഴിഞ്ഞുള്ള പ്രാരംഭ പ്രസംഗം, ദൈവത്തെ സേവിക്കുന്നതിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ചു പ്രാർഥനാപൂർവം പരിചിന്തിക്കാൻ നമുക്കു പ്രോത്സാഹനമേകുന്നു. “ദൈവമാർഗം പഠിപ്പിക്കുന്ന ‘മനുഷ്യരാം ദാനങ്ങളെ’ വിലമതിക്കൽ,” “വ്യക്തിത്വം—പഴയത് ഉരിഞ്ഞുകളഞ്ഞു പുതിയതു ധരിക്കുക” എന്നീ പ്രസംഗങ്ങൾ എഫെസ്യർ 4-ാം അധ്യായത്തെ ആസ്പദമാക്കി പ്രബുദ്ധതയേകുന്ന വാക്യാനുവാക്യ പരിചിന്തനം അവതരിപ്പിക്കുന്നു. അടുത്തതായി, “ലോകത്തിൽനിന്നുള്ള കളങ്കം പറ്റാതവണ്ണം സൂക്ഷിക്കുക” എന്ന പ്രസംഗത്തിലും “യുവജനങ്ങളേ—ദൈവമാർഗം പിന്തുടരുവിൻ” എന്ന മൂന്നു ഭാഗങ്ങളുള്ള സിമ്പോസിയത്തിലും ഉത്തമമായ തിരുവെഴുത്ത് അനുശാസനം പ്രദാനം ചെയ്യപ്പെടും. “സ്രഷ്ടാവ്—അവന്റെ വ്യക്തിത്വവും മാർഗങ്ങളും” എന്ന പ്രസംഗത്തോടെ ഉച്ചകഴിഞ്ഞുള്ള പരിപാടികൾ ഉപസംഹരിക്കുന്നു.
ബൈബിൾ പുസ്തകമായ യെഹെസ്കേലിന്റെ അവസാന അധ്യായങ്ങളും അവയുടെ പ്രാവചനിക പ്രയുക്തതയും ചർച്ച ചെയ്യുന്ന മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം ഞായറാഴ്ച രാവിലത്തെ പരിപാടിയിലെ വിശേഷ ഇനമാണ്. മൂന്ന് എബ്രായ യുവാക്കളുടെ വിശ്വസ്തതയെ ആസ്പദമാക്കിയുള്ള പുരാതന വേഷവിധാനങ്ങളോടുകൂടിയ നാടകത്തോടെ രാവിലത്തെ പരിപാടി സമാപിക്കും. “നിത്യജീവനിലേക്കുള്ള ഒരേയൊരു മാർഗം” എന്ന പരസ്യപ്രസംഗമാണ് കൺവെൻഷൻ പരിപാടികളിലെ അന്ന് ഉച്ചകഴിഞ്ഞുള്ള സവിശേഷ ഇനം.
മൂന്നു ദിവസവും സന്നിഹിതർ ആയിരിക്കുന്നതിലൂടെ തീർച്ചയായും നിങ്ങൾ ആത്മീയമായി പരിപോഷിപ്പിക്കപ്പെടും. എല്ലാ സെഷനുകളിലേക്കും നിങ്ങൾക്കു ഹാർദമായ സ്വാഗതം. പ്രവേശനം സൗജന്യമാണ്. നിങ്ങളുടെ വീടിന് ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥലമറിയാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.