ദശലക്ഷങ്ങൾ പോകുന്നുണ്ട് നിങ്ങളോ?
ഓരോ വർഷവും ലോകവ്യാപകമായി 80 ലക്ഷത്തിലധികം ആളുകളാണു യഹോവയുടെ സാക്ഷികളുടെ വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കു ഹാജരാകുന്നത്. “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഇന്ത്യയിൽ ഈ വർഷം 27 ഇടങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. സാധ്യതയനുസരിച്ച്, ഇതിൽ ഒരെണ്ണം നിങ്ങൾ താമസിക്കുന്നതിന് അടുത്തായിരുന്നേക്കാം. വെള്ളിയാഴ്ച രാവിലെ 9:30-നു സംഗീതത്തോടെ പരിപാടികൾ ആരംഭിക്കുമ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്.
ഹാജരായിരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു പ്രസംഗവും “ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുക്കുക” എന്ന മുഖ്യവിഷയ പ്രസംഗവും രാവിലത്തെ പരിപാടിയുടെ ചില സവിശേഷതകളാണ്. ഉച്ചതിരിഞ്ഞ്, “ദൈവവചനം വായിക്കുന്നതിൽ പ്രമോദം കണ്ടെത്തുക” എന്ന സിമ്പോസിയം ഉണ്ടായിരിക്കുന്നതാണ്. ബൈബിൾ വായന പ്രയോജനപ്രദവും ആനന്ദകരവും ആക്കിത്തീർക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ അതിൽ നിന്നു ലഭിക്കും. ആ ദിവസത്തെ സമാപനപ്രസംഗം, ആധുനിക നാളിൽ ദൈവരാജ്യ ഘോഷകർക്ക് എതിരെ നടന്നിട്ടുള്ള പോരാട്ടങ്ങളുടെ ഒരു പുനരവലോകനം ആയിരിക്കും. “ദൈവത്തിനെതിരെ പോരാടുന്നവർ വിജയിക്കുകയില്ല” എന്നതാണ് അതിന്റെ വിഷയം.
ശനിയാഴ്ച രാവിലത്തെ പരിപാടികളുടെ ഒരു സവിശേഷതയാണ് സ്നാപനപ്രസംഗം. സ്നാപനമേൽക്കാൻ യോഗ്യത പ്രാപിക്കുന്നവർക്ക്, അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഉച്ചതിരിഞ്ഞുള്ള സെഷനിൽ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, പൂർവ യൂറോപ്പ് എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിൽ നിന്നും അതുപോലെ ഏഷ്യയിലെ ഒരു വലിയ രാജ്യമായ കസഖ്സ്ഥാനിൽ നിന്നുമുള്ള പ്രോത്സാഹജനകമായ റിപ്പോർട്ടുകൾ അവതരിപ്പിക്കപ്പെടും. “‘മനോഹര വസ്തുക്കളാൽ’ യഹോവയുടെ ആലയം നിറഞ്ഞുകൊണ്ടിരിക്കുന്നു” എന്ന ഈ പരിപാടി, പ്രസ്തുത രാജ്യങ്ങളിലെ ആളുകൾ ബൈബിൾ സത്യത്തോടു കാട്ടിയ വിസ്മയാവഹമായ പ്രതികരണത്തിന്റെ ഒരു വ്യക്തമായ ചിത്രം വരച്ചു കാട്ടും. “ഉണർന്നിരിക്കുന്നതിന് പ്രാവചനിക തിരുവെഴുത്തുകൾ നമ്മെ ജാഗരൂകരാക്കുന്നു”, “പ്രാവചനിക വചനം അന്ത്യനാളുകളിൽ” എന്നിവയാണ് ശനിയാഴ്ചത്തെ അവസാന രണ്ടു പ്രസംഗങ്ങൾ. ഇതിൽ രണ്ടാമത്തേത്, ബൈബിൾ പുസ്തകമായ ദാനീയേലിൽ ശ്രദ്ധ പതിപ്പിക്കും. മാത്രമല്ല, അതിലെ പ്രവചനങ്ങൾക്കു ശ്രദ്ധ നൽകേണ്ടതിന്റെ കാരണങ്ങളും അതു വിശദമാക്കും.
“നിയമിത കാലത്തേക്കു വേണ്ടിയുള്ള പ്രാവചനിക വചനങ്ങൾ” എന്ന മൂന്നു ഭാഗങ്ങളുള്ള സിമ്പോസിയം ഞായറാഴ്ച രാവിലെ ആണു നടത്തപ്പെടുക. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സിമ്പോസിയം ഹബക്കൂക്കിന്റെ പ്രവചനത്തെ കുറിച്ച് ഉള്ളതായിരിക്കും. ബൈബിളിലെ ഈ ചെറിയ പുസ്തകത്തിന്, ഇന്നു ക്രിസ്ത്യാനികൾക്കു പ്രോത്സാഹനത്തിന്റെ എത്ര വലിയൊരു ഉറവായിരിക്കാൻ കഴിയും എന്നു നിങ്ങൾ തീർച്ചയായും മനസ്സിലാക്കും. ഇതിനെ തുടർന്ന്, “നമ്മുടെ ആത്മീയ പൈതൃകത്തെ വിലമതിക്കൽ” എന്ന നാടകം ഉണ്ടായിരിക്കുന്നതാണ്. പുരാതന നാളിലെ മുഴുവേഷവിധാനങ്ങളോടും കൂടിയ ഈ നാടകം, യാക്കോബിനെയും ഏശാവിനെയും കുറിച്ചുള്ള ബൈബിൾ വിവരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. “നമ്മുടെ വിലയേറിയ പൈതൃകം നിങ്ങൾക്ക് എന്തർഥമാക്കുന്നു?” എന്ന പ്രോത്സാഹജനകമായ പ്രസംഗത്തോടെ ഞായറാഴ്ച രാവിലത്തെ പരിപാടികൾ സമാപിക്കും. ഉച്ചതിരിഞ്ഞ്, നിങ്ങൾക്കു പരസ്യപ്രസംഗം ആസ്വദിക്കാൻ കഴിയും. “സകലതും പുതുതാക്കപ്പെടുന്നു—മുൻകൂട്ടി പറഞ്ഞപ്രകാരം” എന്നതാണ് അതിന്റെ വിഷയം.
ഹാജരാകുന്നതിനു വേണ്ട ആസൂത്രണങ്ങൾ ഇപ്പോൾത്തന്നെ ചെയ്യുക. നിങ്ങളുടെ വീടിന് ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥാനം കണ്ടുപിടിക്കുന്നതിന് യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.