“യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല”
“നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.”—സങ്കീർത്തനം 34:19.
1, 2. (എ) ഇന്ന് യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നതെങ്ങനെ? (ബി) അനേകം ക്രിസ്ത്യാനികൾക്കും എന്തു നേരിടുന്നു, ഏതെല്ലാം ചോദ്യങ്ങൾ പൊന്തിവരുന്നു?
ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി, യഹോവയുടെ ആരാധകർ ആത്മീയ പറുദീസയിൽ വസിക്കുകയാണ്. (2 കൊരിന്ത്യർ 12:1-4) സ്നേഹവും ഐക്യവും മുഖമുദ്രയായുള്ള ഒരു സാർവദേശീയ കൂട്ടായ്മ യഹോവയുടെ സാക്ഷികൾക്കുണ്ട്. (യോഹന്നാൻ 13:35) ബൈബിൾ സത്യങ്ങളെക്കുറിച്ചുള്ള ഗഹനവും സമഗ്രവുമായ പരിജ്ഞാനം അവർക്കുണ്ട്. (യെശയ്യാവു 54:13) യഹോവയുടെ ആത്മീയ കൂടാരത്തിലെ അതിഥികളായിരിക്കുന്നതിനുള്ള പദവി തങ്ങൾക്കു നൽകിയിരിക്കുന്നതിൽ അവർ അവനോട് എത്ര നന്ദിയുള്ളവരാണ്!—സങ്കീർത്തനം 15:1.
2 യഹോവയുടെ സ്ഥാപനത്തിലുള്ള എല്ലാവരും ആത്മീയ സമൃദ്ധി ആസ്വദിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ആപേക്ഷികമായ സമാധാനവും സ്വസ്ഥതയുമുണ്ടെങ്കിലും മറ്റുചിലർക്ക് ഏതെങ്കിലും തരത്തിലുള്ള കഷ്ടങ്ങളുണ്ട്. ആശ്വാസത്തിനുള്ള യാതൊരു വഴിയും കാണാതെ ദീർഘ കാലത്തോളം ശോച്യാവസ്ഥയിൽ കഴിയുന്ന അനേകം ക്രിസ്ത്യാനികളുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ നിരുത്സാഹം തോന്നുക സ്വാഭാവികമാണ്. (സദൃശവാക്യങ്ങൾ 13:12) ദുരന്തങ്ങൾ ദൈവത്തിന്റെ അപ്രീതിയുടെ ലക്ഷണങ്ങളാണോ? യഹോവ ഒരു കൂട്ടരെ പ്രത്യേകാൽ സംരക്ഷിക്കുകയും മറ്റുള്ളവരെ ഉപേക്ഷിക്കുകയുമാണോ?
3. (എ) യഹോവയുടെ ജനം നേരിടുന്ന ദുരിതങ്ങൾക്ക് അവൻ ഉത്തരവാദിയാണോ? (ബി) യഹോവയുടെ വിശ്വസ്ത ആരാധകർക്കുപോലും മാനുഷിക ദുരിതങ്ങൾ നേരിടേണ്ടിവരുന്നതെന്തുകൊണ്ട്?
3 ബൈബിൾ ഉത്തരം പറയുന്നു: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ് 1:13) യഹോവ തന്റെ ജനങ്ങളുടെ സംരക്ഷകനും അവരെ താങ്ങുന്നവനുമാണ്. (സങ്കീർത്തനം 91:2-6) “യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല.” (സങ്കീർത്തനം 94:14, NW) തന്റെ വിശ്വസ്ത ആരാധകർക്കു കഷ്ടപ്പാടുകൾ ഉണ്ടാകുകയില്ലെന്ന് ഇതിനർഥമില്ല. ഇപ്പോഴത്തെ ലോകവ്യവസ്ഥിതിയെ ഭരിക്കുന്നത് ജന്മനാ അപൂർണരായ വ്യക്തികളാണ്. അനേകരും അഴിമതിക്കാർ, കുറെപ്പേർ കൊടും ദുഷ്ടർ. അവരാരും ജ്ഞാനത്തിനായി യഹോവയിങ്കലേക്കു നോക്കുന്നില്ല. ഇതിന്റെ ഫലമായി ഏറെ കഷ്ടപ്പാടുകൾ ഉണ്ടാകുന്നു. മാനുഷിക അപൂർണതയുടെയും ദുഷ്ടതയുടെയും ഭവിഷ്യത്തുകൾ ഒഴിവാക്കാൻ എല്ലായ്പോഴും യഹോവയുടെ ജനത്തിനാവില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു.—പ്രവൃത്തികൾ 14:22.
വിശ്വസ്ത ക്രിസ്ത്യാനികൾ കഷ്ടപ്പാടുകൾ പ്രതീക്ഷിക്കുന്നു
4. ഈ ദുഷ്ടവ്യവസ്ഥിതിയിൽ ജീവിക്കുന്നിടത്തോളംകാലം എല്ലാ ക്രിസ്ത്യാനികൾക്കും എന്തു പ്രതീക്ഷിക്കാനാകും, എന്തുകൊണ്ട്?
4 യേശുവിന്റെ അനുഗാമികൾ ലോകത്തിന്റെ ഭാഗമല്ലെങ്കിലും, അവർ ഈ വ്യവസ്ഥിതിയിലാണു ജീവിക്കുന്നത്. (യോഹന്നാൻ 17:15, 16) ലോകത്തെ പിന്നിൽനിന്നു നിയന്ത്രിക്കുന്നത് സാത്താനാണെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. (1 യോഹന്നാൻ 5:19) അതുകൊണ്ട്, ഏതെങ്കിലുമൊരു സമയത്ത് തങ്ങൾക്കു ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് എല്ലാ ക്രിസ്ത്യാനികൾക്കും പ്രതീക്ഷിക്കാം. അതു മനസ്സിൽപ്പിടിച്ചുകൊണ്ട് പത്രൊസ് അപ്പോസ്തലൻ പറയുന്നു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.” (1 പത്രൊസ് 5:8, 9) അതേ, ക്രിസ്ത്യാനികളുടെ മുഴുവൻ സമൂഹത്തിനും കഷ്ടപ്പാടുകൾ പ്രതീക്ഷിക്കാം.
5. വിശ്വസ്ത ക്രിസ്ത്യാനികൾക്കു ജീവിതത്തിൽ ദുരിതങ്ങളുണ്ടാകുമെന്ന് യേശു വ്യക്തമാക്കിയതെങ്ങനെ?
5 നാം യഹോവയെ ആഴമായി സ്നേഹിക്കുന്നവരും അവന്റെ തത്ത്വങ്ങളോടു വിശ്വസ്തരുമായിരിക്കാം, എന്നാലും ജീവിതത്തിൽ നമുക്കു ദുരിതങ്ങൾ നേരിടും. മത്തായി 7:24-27-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൃഷ്ടാന്തത്തിലൂടെ യേശു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവിടെ അവൻ തന്റെ വചനം അനുസരിക്കുന്നവരെയും അനുസരിക്കാത്തവരെയും തമ്മിൽ വിപരീത താരതമ്യം ചെയ്തു. പാറപ്പുറത്തു വീടു പണിയുന്ന വിവേകമതിയായ ഒരു മനുഷ്യനോടാണ് അവൻ അനുസരണമുള്ള ശിഷ്യന്മാരെ താരതമ്യം ചെയ്തത്. തന്റെ വചനം അനുസരിക്കാത്തവരെ മണലിൽ വീടു പണിയുന്ന വിഡ്ഢിയായ മനുഷ്യനോടു താരതമ്യം ചെയ്തിരിക്കുന്നു. പേമാരിയോടുകൂടിയ ഒരുഗ്രൻ കൊടുങ്കാറ്റുണ്ടായപ്പോൾ, അതിജീവിച്ചത് പാറപ്പുറത്തു പണിത വീടാണ്. വിവേകമതിയായ മമനുഷ്യന്റെ വീടിന്റെ കാര്യത്തിൽ, “വൻമഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാററു അടിച്ചു ആ വീട്ടിൻമേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല” എന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. വിവേകമതിയായ മനുഷ്യന് എല്ലായ്പോഴും സമാധാനവും സ്വസ്ഥതയും ഉണ്ടായിരിക്കുമെന്ന് യേശു വാഗ്ദാനം ചെയ്തില്ല. മറിച്ച്, ആ മമനുഷ്യന്റെ വിവേകം കൊടുങ്കാറ്റിനെ അതിജീവിക്കാൻ അവനെ പ്രാപ്തനാക്കുമായിരുന്നു. സമാനമായ ഒരാശയംതന്നെ വിതക്കാരന്റെ ഉപമയിലുമുണ്ട്. “ഉത്തമവും നല്ലതുമായ ഹൃദയ”മുള്ള, അനുസരണമുള്ള ആരാധകർ “സഹിഷ്ണുതയോടെ ഫലം പുറപ്പെടുവിക്കുന്നവർ” ആയിരിക്കുമെന്ന് യേശു അതിൽ വിശദമാക്കുന്നു.—ലൂക്കൊസ് 8:4-15, NW.
6. പൗലൊസ് പറഞ്ഞ അഗ്നിപ്രതിരോധ വസ്തുക്കളുടെ ദൃഷ്ടാന്തത്തിൽ, അഗ്നിമയ പരിശോധനയ്ക്കു വിധേയരാകുന്നത് ആരാണ്?
6 കൊരിന്ത്യർക്ക് എഴുതവേ, പൗലൊസ് അപ്പോസ്തലൻ പരിശോധനകൾ നേരിടാൻ നമ്മെ സഹായിക്കുന്നതിനു നിലനിൽക്കുന്ന ഗുണങ്ങൾ ആവശ്യമാണെന്ന് ആലങ്കാരിക ഭാഷയിൽ പറയുന്നു. സ്വർണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവപോലുള്ള അത്തരം അഗ്നിപ്രതിരോധ വസ്തുക്കൾ ദൈവിക ഗുണങ്ങളെ അർഥമാക്കുന്നു. (സദൃശവാക്യങ്ങൾ 3:13-15-ഉം 1 പത്രൊസ് 1:6, 7-ഉം താരതമ്യം ചെയ്യുക.) നേരേമറിച്ച്, തീപിടിക്കുന്ന വസ്തുക്കളോടാണു ജഡിക സ്വഭാവവിശേഷങ്ങളെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. എന്നിട്ട് പൗലൊസ് പറയുന്നു: “അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും. ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.” (1 കൊരിന്ത്യർ 3:10-14) ഇവിടെയും ബൈബിൾ വിശദമാക്കുന്നത് നാമെല്ലാവരും ഏതെങ്കിലും തരത്തിലുള്ള അഗ്നിമയ പരിശോധന അനിവാര്യമായും നേരിടുമെന്നാണ്.
7. റോമർ 15:4 പറയുന്നതനുസരിച്ച്, പരിശോധനകൾ സഹിച്ചുനിൽക്കാൻ തിരുവെഴുത്തുകൾക്കു നമ്മെ എങ്ങനെ സഹായിക്കാനാകും?
7 ദുരന്തങ്ങൾ സഹിച്ചുനിൽക്കേണ്ടിവന്ന വിശ്വസ്ത ദൈവദാസന്മാരുടെ വിവരണങ്ങൾ ബൈബിളിൽ ഏറെയുണ്ട്. ചിലർ ദീർഘ കാലത്തോളം സഹിച്ചുനിൽക്കേണ്ടിവന്നവരാണ്. എങ്കിലും, യഹോവ അവരെ ഉപേക്ഷിച്ചില്ല. പിൻവരുന്നപ്രകാരം എഴുതിയപ്പോൾ പൗലൊസ് അപ്പോസ്തലന്റെ മനസ്സിൽ അത്തരം ദൃഷ്ടാന്തങ്ങൾ ഉണ്ടായിരുന്നിരിക്കാം: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമർ 15:4) ദൈവവുമായി ഗാഢബന്ധം ആസ്വദിക്കുമ്പോൾത്തന്നെ, അനേകം ദുരന്തങ്ങൾ അനുഭവിച്ച മൂന്നു പുരുഷന്മാരുടെ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
ബൈബിൾ വിവരണങ്ങളിൽനിന്നു നാം മനസ്സിലാക്കുന്നത്
8. യോസേഫിന്റെ കാര്യത്തിൽ യഹോവ എന്ത് അനുവദിച്ചു, എത്ര നാളത്തേക്ക്?
8 യാക്കോബിന്റെ പുത്രനായ യോസേഫിനെ യഹോവ ചെറുപ്പംമുതലേ ഇഷ്ടപ്പെട്ടിരുന്നു. എന്നിട്ടും, സ്വന്തം കുറ്റത്താലല്ലാതെ, അവനു ദുരന്തങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടായി. അവന്റെ സ്വന്തം സഹോദരന്മാർതന്നെ അവനെ തട്ടിക്കൊണ്ടുപോയി അവനോടു ക്രൂരമായി പെരുമാറി. ഒരു വിദേശരാജ്യത്തേക്ക് അവനെ അടിമയായി വിറ്റു. അവിടെ കള്ളക്കുറ്റം ചുമത്തി അവനെ “കുണ്ടറയിൽ” ഇട്ടു. (ഉല്പത്തി 40:15) അവിടെ “അവന്റെ കാലുകൾ വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്റെ കഴുത്തിൽ ഇരുമ്പുപട്ട മുറുകി.” (സങ്കീർത്തനം 105:17, 18, പി.ഒ.സി. ബൈ.) അടിമത്തത്തിലായിരിക്കുകയും തടവിൽ കിടക്കുകയും ചെയ്ത സമയത്ത്, നിസ്സംശയമായും യോസേഫ് യഹോവയോട് മോചനത്തിനായി ആവർത്തിച്ചപേക്ഷിച്ചു. എന്നിട്ടും, ഏതാണ്ട് 13 വർഷം, അടിമയോ തടവുകാരനോ ആയി അവനു ദിവസങ്ങൾ കഴിച്ചുകൂട്ടേണ്ടിവന്നു. എന്നാൽ യഹോവ പലവിധത്തിലും അവനെ ബലപ്പെടുത്തുന്നുണ്ടായിരുന്നു.—ഉല്പത്തി 37:2; 41:46.
9. പല വർഷങ്ങളോളം ദാവീദിന് എന്തു സഹിക്കേണ്ടിവന്നു?
9 ദാവീദും സമാനമായ സ്ഥിതിവിശേഷം അഭിമുഖീകരിച്ചു. ഇസ്രായേലിനെ ഭരിക്കാൻ യോഗ്യതയുള്ളയാളെ തിരഞ്ഞെടുക്കുന്ന സമയത്ത് യഹോവ പറഞ്ഞു: “യിശ്ശായിയുടെ പുത്രനായ ദാവീദ് എന്റെ ഹൃദയത്തിനു ബോധിച്ച പുരുഷനാണ്.” (പ്രവൃത്തികൾ 13:22, NW) യഹോവയ്ക്കു പ്രീതിയുള്ളവനായിരുന്നിട്ടും, ദാവീദിന് ഏറെ കഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. ജീവൻ അപകടത്തിലായതിനെത്തുടർന്ന്, അവൻ വർഷങ്ങളോളം മരുഭൂമിയിലും ഗുഹകളിലും ഗർത്തങ്ങളിലും അന്യദേശത്തും ഒളിച്ചുപാർത്തു. കാട്ടുമൃഗത്തെപ്പോലെ വേട്ടയാടപ്പെട്ട അവനു മടുപ്പും ഭയവും തോന്നി. എന്നിരുന്നാലും, അവൻ യഹോവയുടെ ശക്തിയാൽ സഹിച്ചുനിന്നു. ദാവീദിനു സ്വന്തം അനുഭവത്തിൽനിന്നു ശരിയായിത്തന്നെ ഇങ്ങനെ പറയാനായി: “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.”—സങ്കീർത്തനം 34:19.
10. നാബോത്തിനും കുടുംബത്തിനും ഏതു കടുത്ത ദുരിതമാണു നേരിട്ടത്?
10 ഏലീയാ പ്രവാചകന്റെ നാളിൽ, വ്യാജദേവനായ ബാലിനു മുന്നിൽ വണങ്ങാത്തവരായി 7,000 പേരേ ഇസ്രായേലിൽ ഉണ്ടായിരുന്നുള്ളൂ. (1 രാജാക്കന്മാർ 19:18; റോമർ 11:4) സാധ്യതയനുസരിച്ച് അവരിലൊരുവനായിരുന്ന നാബോത്ത് ഒരു ഭയങ്കര അനീതിക്ക് ഇരയായി. ദൈവദൂഷണം ആരോപിക്കപ്പെട്ട് അവൻ അപമാനിതനായി. കുറ്റക്കാരനെന്നു മുദ്രകുത്തി, വിചാരണ ചെയ്ത് കുറ്റംസ്ഥാപിച്ച് അവനെ കല്ലെറിഞ്ഞു കൊല്ലാൻ രാജകൽപ്പനയുണ്ടായി. അവന്റെ രക്തം നായ്ക്കൾ നക്കി. അവന്റെ പുത്രന്മാരെപ്പോലും വധിച്ചു! എന്നാൽ ആരോപിക്കപ്പെട്ട കുറ്റം അവൻ ചെയ്തിട്ടില്ലായിരുന്നു. അവനെതിരെ നിർത്തിയത് കള്ളസാക്ഷികളെയായിരുന്നു. മുഴുസംഗതിയും ഈസേബെൽ രാജ്ഞിയുടെ തലയിലുദിച്ച ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നു. നാബോത്തിന്റെ മുന്തിരിത്തോപ്പ് രാജാവിന്റേതാക്കുകയായിരുന്നു രാജ്ഞിയുടെ ലക്ഷ്യം.—1 രാജാക്കന്മാർ 21:1-19; 2 രാജാക്കന്മാർ 9:26.
11. ബൈബിൾ ചരിത്രത്തിലെ വിശ്വസ്ത സ്ത്രീപുരുഷന്മാരെക്കുറിച്ച് പൗലൊസ് അപ്പോസ്തലൻ നമ്മോട് എന്തു പറയുന്നു?
11 ദുരന്തങ്ങൾ അനുഭവിച്ചവരായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അനേകം സ്ത്രീപുരുഷന്മാരിൽ യോസേഫും ദാവീദും നാബോത്തും കേവലം മൂന്നു പേർ മാത്രം. പല യുഗങ്ങളിൽ ജീവിച്ചിരുന്ന യഹോവയുടെ ദാസന്മാരെക്കുറിച്ചുള്ള ഒരു ചരിത്രാവലോകനം പൗലൊസ് എഴുതുകയുണ്ടായി. അതിൽ അവൻ ‘പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചവർ, കല്ലേറു ഏററവർ, ഈർച്ചവാളാൽ അറുക്കപ്പെട്ടവർ, പരീക്ഷിക്കപ്പെട്ടവർ, വാളാൽ കൊല്ലപ്പെട്ടവർ, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചവർ, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചവർ, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞവർ’ എന്നിവരെക്കുറിച്ചു പറയുന്നുണ്ട്. “ലോകം അവർക്കു യോഗ്യമായിരുന്നില്ല.” (എബ്രായർ 11:36-38) എന്നാൽ യഹോവ അവരെ ഉപേക്ഷിച്ചില്ല.
കഷ്ടപ്പെടുന്നവർക്കായി യഹോവ കരുതുന്നു
12. ഇന്ന് യഹോവയുടെ സാക്ഷികൾ നേരിടുന്ന ചില കഷ്ടങ്ങൾ ഏതെല്ലാം?
12 യഹോവയുടെ ഇന്നത്തെ ജനത്തിന്റെ കാര്യമോ? ഒരു സ്ഥാപനമെന്ന നിലയിൽ, അന്ത്യനാളിലും മഹോപദ്രവത്തിലും ദിവ്യ സംരക്ഷണവും അതിജീവനവും നമുക്കു പ്രതീക്ഷിക്കാം. (യെശയ്യാവു 54:17; വെളിപ്പാടു 7:9-17) എന്നിരുന്നാലും, വ്യക്തികളെന്ന നിലയിൽ, ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ എല്ലാ മനുഷ്യർക്കും ഭവിക്കുന്നുവെന്നു നാം തിരിച്ചറിയുന്നു. (സഭാപ്രസംഗി 9:11, NW) ഇന്നു ദുരന്തങ്ങൾ അനുഭവിക്കുന്ന അനേകം വിശ്വസ്ത ക്രിസ്ത്യാനികളുണ്ട്. ചിലർ കൊടുംപട്ടിണിയിലാണ്. കഷ്ടമനുഭവിക്കുന്ന “അനാഥരെയും വിധവമാരെയും” കുറിച്ചു ബൈബിൾ പറയുന്നു. (യാക്കോബ് 1:27) മറ്റുള്ളവർ പ്രകൃതി വിപത്തുകൾ, യുദ്ധങ്ങൾ, കുറ്റകൃത്യം, അധികാര ദുർവിനിയോഗം, രോഗം, മരണം എന്നിവയാൽ ദുരിതമനുഭവിക്കുന്നു.
13. ഏതു പ്രയാസകരമായ അനുഭവങ്ങൾ ഈയിടെ റിപ്പോർട്ടു ചെയ്യപ്പെട്ടു?
13 ഉദാഹരണത്തിന്, വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസുകൾ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിനു നൽകിയ 1996-ലെ റിപ്പോർട്ടിൽ ബൈബിൾ തത്ത്വങ്ങളോടുള്ള വിശ്വസ്തത നിമിത്തം നമ്മുടെ ചില സഹോദരീസഹോദരന്മാർ ശോചനീയമായ അവസ്ഥകളിൽ ജയിലിൽ കഷ്ടപ്പെടുകയാണെന്നു വിവരിച്ചിട്ടുണ്ട്. ഒരു തെക്കേ അമേരിക്കൻ രാജ്യത്ത് ഗറില്ലാ സംഘങ്ങൾ ഒരു പ്രദേശത്തുനിന്നു നൂറുകണക്കിനു സാക്ഷികളെ ഒഴിപ്പിച്ചതിനാൽ മൂന്നു സഭകൾ പിരിച്ചുവിടപ്പെട്ടു. ഒരു പശ്ചിമാഫ്രിക്കൻ രാജ്യത്ത്, ഒരു ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട പോരാട്ട സ്ഥലത്തു കുടുങ്ങിപ്പോയ ചില സാക്ഷികൾ കൊല്ലപ്പെട്ടു. ഒരു മധ്യ അമേരിക്കൻ രാജ്യത്ത്, ദയനീയമാംവിധം സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ചില സഹോദരങ്ങളുടെ സ്ഥിതി ചുഴലിക്കൊടുങ്കാറ്റിന്റെ ആക്രമണത്തോടെ കൂടുതൽ വഷളായി. ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും അത്ര ഗുരുതരപ്രശ്നങ്ങളല്ലാത്ത മറ്റു ചില സ്ഥലങ്ങളിൽ, നിഷേധാത്മക സ്വാധീനങ്ങൾ ചിലരുടെ സന്തോഷം കെടുത്തുന്നുണ്ടാകാം. മറ്റുചിലർ ആധുനിക ജീവിതരീതിയുടെ സമ്മർദത്താൽ ഭാരപ്പെടുന്നു. രാജ്യസുവാർത്ത ഘോഷിക്കുമ്പോൾ ആളുകൾ പ്രകടമാക്കുന്ന വിരക്തിയാകാം ചിലരുടെ നിരുത്സാഹത്തിനു കാരണം.
14. (എ) ഇയ്യോബിന്റെ മാതൃകയിൽനിന്നു നാമെന്തു പഠിക്കുന്നു? (ബി) അരിഷ്ടതകൾ നേരിടുമ്പോൾ നിഷേധാത്മകമായി ചിന്തിക്കുന്നതിനുപകരം, നാമെന്തു പ്രവർത്തിക്കണം?
14 ഈ സ്ഥിതിവിശേഷങ്ങളെ ദൈവത്തിന്റെ അപ്രീതിയുടെ തെളിവായി വ്യാഖ്യാനിക്കരുത്. ഇയ്യോബിന്റെ കാര്യവും അവൻ സഹിച്ച അനേകം കഷ്ടങ്ങളുടെ കാര്യവും ഓർക്കുക. അവൻ “നിഷ്കളങ്കനും നേരുള്ളവനും” ആയിരുന്നു. (ഇയ്യോബ് 1:8) ഇയ്യോബ് തെറ്റുകാരനാണെന്ന് എലീഫസ് ആരോപിച്ചപ്പോൾ ഇയ്യോബിന് അത് എത്ര നിരുത്സാഹജനകമായിരുന്നിരിക്കണം. (ഇയ്യോബ് 4, 5, 22 അധ്യായങ്ങൾ) നാം യഹോവയെ ഏതെങ്കിലും തരത്തിൽ നിരാശപ്പെടുത്തിയതുകൊണ്ടോ യഹോവ തന്റെ അനുഗ്രഹം പിൻവലിച്ചതുകൊണ്ടോ ആണു നമുക്കു ദുരന്തങ്ങൾ നേരിടുന്നതെന്നു നാം തിടുക്കത്തിൽ നിഗമനം ചെയ്യരുത്. കഷ്ടപ്പാടുകൾ നേരിടുമ്പോൾ നിഷേധാത്മകമായി ചിന്തിക്കുന്നത് നമ്മുടെ വിശ്വാസത്തെ ദുർബലമാക്കും. (1 തെസ്സലൊനീക്യർ 3:1-3, 5) അരിഷ്ടതകൾ അനുഭവിക്കുമ്പോൾ, നീതിമാന്മാർക്ക് എന്തു സംഭവിച്ചാലും യഹോവയും യേശുവും അവരുടെ അടുത്തുണ്ടെന്ന വസ്തുതയെക്കുറിച്ചു ധ്യാനിക്കുന്നത് ഉത്തമമാണ്.
15. തന്റെ ജനം നേരിടുന്ന ദുരന്തങ്ങളിൽ യഹോവ ആഴമായ താത്പര്യം കാട്ടുന്നുണ്ടെന്നു നമുക്കെങ്ങനെ അറിയാം?
15 പൗലൊസ് അപ്പോസ്തലൻ നമുക്കു സാന്ത്വനമേകിക്കൊണ്ട് ഇങ്ങനെ പറയുന്നു: “ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” (റോമർ 8:35, 38, 39) യഹോവയ്ക്കു നമ്മിൽ ആഴമായ താത്പര്യമുണ്ട്, നമ്മുടെ കഷ്ടപ്പാടുകളെക്കുറിച്ച് അവൻ ബോധവാനാണ്. അഭയാർഥിയായിരിക്കവേ, ദാവീദ് എഴുതി: “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ.” (സങ്കീർത്തനം 34:15, 18; മത്തായി 18:6, 14) നമ്മുടെ സ്വർഗീയ പിതാവു നമുക്കുവേണ്ടി കരുതുന്നു, കഷ്ടപ്പെടുന്നവരുടെ നേർക്ക് അവനു കനിവു തോന്നുന്നു. (1 പത്രൊസ് 5:6, 7) നമുക്കെന്തൊക്കെ കഷ്ടപ്പാടുകളുണ്ടായിരുന്നാലും, സഹിച്ചുനിൽക്കുന്നതിനാവശ്യമായ സംഗതികൾ അവൻ പ്രദാനം ചെയ്യുന്നു.
യഹോവയുടെ ദാനങ്ങൾ നമ്മെ താങ്ങിനിർത്തുന്നു
16. യഹോവയിൽനിന്നുള്ള ഏതു കരുതലാണു സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നത്, എങ്ങനെ?
16 ഈ പഴയ വ്യവസ്ഥിതിയിൽ ഒരു പ്രശ്നരഹിത ജീവിതം പ്രതീക്ഷിക്കാൻ നമുക്കു കഴിയില്ലെങ്കിലും, നാം “ഉപേക്ഷിക്കപ്പെടുന്നില്ല.” (2 കൊരിന്ത്യർ 4:8, 9) തന്റെ അനുഗാമികൾക്ക് ഒരു സഹായകനെ നൽകുമെന്ന് യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. അവൻ പറഞ്ഞു: “ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറെറാരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹന്നാൻ 14:16, 17) പൊ.യു. 33-ൽ പത്രൊസ് അപ്പോസ്തലൻ തന്റെ ശ്രോതാക്കളോടു പ്രസംഗിക്കവേ അവർക്കു “പരിശുദ്ധാത്മാവു എന്ന ദാനം” സ്വീകരിക്കാനാകുമെന്നു പറഞ്ഞു. (പ്രവൃത്തികൾ 2:38) പരിശുദ്ധാത്മാവ് ഇന്നു നമ്മെ സഹായിക്കുന്നുണ്ടോ? ഉണ്ട്! യഹോവയുടെ കർമനിരതമായ ശക്തി നമുക്ക് അത്ഭുതകരമായ ഫലം നൽകുന്നു: “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, താഴ്മ, ആത്മനിയന്ത്രണം.” (ഗലാത്യർ 5:22, 23, NW) സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന അമൂല്യമായ ഗുണങ്ങളാണ് ഇവയെല്ലാം.
17. നമ്മുടെ വിശ്വാസത്തെയും ക്ഷമയോടെ യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നതിനുള്ള ദൃഢനിശ്ചയത്തെയും ബലിഷ്ഠമാക്കുന്ന ചില ബൈബിൾ സത്യങ്ങളേവ?
17 നിത്യജീവൻ എന്ന പ്രതിഫലവുമായി തട്ടിച്ചുനോക്കുമ്പോൾ, ഇപ്പോഴത്തെ ഉപദ്രവങ്ങൾ “നൊടിനേരത്തേക്കുള്ള”തും “ലഘുവു”മാണെന്നു മനസ്സിലാക്കാനും പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നു. (2 കൊരിന്ത്യർ 4:16-18) നമ്മുടെ പ്രവൃത്തികളും നാം ദൈവത്തോടു പ്രകടമാക്കുന്ന സ്നേഹവും അവൻ വിസ്മരിക്കുകയില്ലെന്നു നമുക്കുറപ്പുണ്ട്. (എബ്രായർ 6:9-12) അനേകം കഷ്ടങ്ങൾ സഹിച്ചുനിന്ന് സന്തുഷ്ടരെന്നു പുകഴ്ത്തപ്പെട്ട, പുരാതന നാളിലെ വിശ്വസ്ത ദാസരുടെ മാതൃകകളെക്കുറിച്ചു നാം ബൈബിളിലെ നിശ്വസ്ത വചനങ്ങളിൽ വായിക്കുമ്പോൾ നമുക്കത് ആശ്വാസം പകരുന്നു. യാക്കോബ് എഴുതുന്നു: “സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ. സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു.” (യാക്കോബ് 5:10, 11) പരിശോധനകൾ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നതിനു ബൈബിൾ “സാധാരണയിൽ കവിഞ്ഞ ശക്തി” വാഗ്ദാനം ചെയ്യുന്നു. പുനരുത്ഥാന പ്രത്യാശയാലും യഹോവ നമ്മെ അനുഗ്രഹിക്കുന്നു. (2 കൊരിന്ത്യർ 1:8-10; 4:7) ദിവസവും ബൈബിൾ വായിക്കുന്നതിനാലും ഈ വാഗ്ദാനങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിനാലും, നാം നമ്മുടെ വിശ്വാസത്തെയും ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതിനുള്ള ദൃഢനിശ്ചയത്തെയും ബലിഷ്ഠമാക്കും.—സങ്കീർത്തനം 42:5.
18. (എ) എന്തു ചെയ്യാൻ 2 കൊരിന്ത്യർ 1:3, 4-ൽ നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു? (ബി) ആശ്വാസത്തിന്റെയും നവോന്മേഷത്തിന്റെയും ഉറവാണു തങ്ങളെന്നു ക്രിസ്തീയ മേൽവിചാരകന്മാർക്കു തെളിയിക്കാനാകുന്നതെങ്ങനെ?
18 കൂടാതെ, നമ്മുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരുടെ യഥാർഥ സ്നേഹം ആസ്വദിക്കാനാകുന്ന ആത്മീയ പറുദീസ യഹോവ നമുക്കു നൽകിയിരിക്കുന്നു. പരസ്പരം ആശ്വസിപ്പിക്കുന്നതിൽ നമുക്കെല്ലാം ഒരു പങ്കുണ്ട്. (2 കൊരിന്ത്യർ 1:3, 4) ആശ്വാസത്തിന്റെയും നവോന്മേഷത്തിന്റെയും ഒരു വലിയ ഉറവായിരിക്കാൻ ക്രിസ്തീയ മേൽവിചാരകന്മാർക്കാകും. (യെശയ്യാവു 32:2) കഷ്ടപ്പെടുന്നവരെ കെട്ടുപണിചെയ്യാനും “വിഷാദമുള്ള ദേഹികളോട് ആശ്വാസദായകമായി സംസാരി”ക്കാനും ‘ബലഹീനരെ താങ്ങാനും,’ “മനുഷ്യരാം ദാനങ്ങൾ” എന്നനിലയിൽ അവർ ബാധ്യസ്ഥരാണ്. (എഫെസ്യർ 4:8, 11, 12; 1 തെസ്സലൊനീക്യർ 5:14, NW) “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന വീക്ഷാഗോപുരവും ഉണരുക!യും മറ്റു പ്രസിദ്ധീകരണങ്ങളും നന്നായി ഉപയോഗിക്കാൻ മൂപ്പന്മാർ പ്രോത്സാഹിപ്പിക്കപ്പെടുന്നു. (മത്തായി 24:45-47, NW) നമുക്ക് ഉത്കണ്ഠയുണ്ടാക്കുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ—തടയാൻപോലും—കഴിയുന്ന ബൈബിളധിഷ്ഠിത ബുദ്ധ്യുപദേശങ്ങളുടെ ഒരു ശേഖരംതന്നെ അവയിലുണ്ട്. പ്രയാസകരമായ സമയങ്ങളിൽ പരസ്പരം ആശ്വസിപ്പിച്ചും പ്രോത്സാഹിപ്പിച്ചും നമുക്ക് യഹോവയെ അനുകരിക്കാം!
19. (എ) ചില പ്രതികൂലാവസ്ഥകൾ ഒഴിവാക്കുന്നതിനു നമ്മെ എന്തു സഹായിക്കും? (ബി) ആത്യന്തികമായി നാം ആരെ ആശ്രയിക്കണം, പരിശോധനകളെ നേരിടുന്നതിനു നമ്മെ എന്തു പ്രാപ്തമാക്കും?
19 നാം അന്ത്യനാളുകളുടെ പാരമ്യത്തോട് അടുക്കുകയും ഇപ്പോഴത്തെ വ്യവസ്ഥിതിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയും ചെയ്യവേ, ദുരന്തങ്ങൾ ഒഴിവാക്കാൻ ക്രിസ്ത്യാനികൾ തങ്ങൾക്കാകുന്നതെല്ലാം ചെയ്യുന്നു. (സദൃശവാക്യങ്ങൾ 22:3) നല്ല ന്യായനിർണയം, സുബോധം, ബൈബിൾ തത്ത്വങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം എന്നിവ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 3:21, 22) അനാവശ്യ തെറ്റുകൾ വരുത്താതിരിക്കുന്നതിനു നാം യഹോവയുടെ വചനം ശ്രദ്ധിച്ച് അതനുസരിച്ചു പ്രവർത്തിക്കുന്നു. (സങ്കീർത്തനം 38:4) എന്നിരുന്നാലും, നാം എത്ര പ്രവർത്തിച്ചാലും നമ്മുടെ ജീവിതത്തിൽനിന്നു കഷ്ടപ്പാടുകൾ പൂർണമായും നീക്കിക്കളയാനാവില്ലെന്നു നാം തിരിച്ചറിയുന്നു. ഈ വ്യവസ്ഥിതിയിൽ, നീതിമാന്മാരായ അനേകർക്കു കഠിനമായ പ്രതികൂലാവസ്ഥകൾ നേരിടുന്നുണ്ട്. എന്നിരുന്നാലും, “യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല” എന്ന പൂർണ ഉറപ്പോടെ നമുക്കു പരിശോധനകൾ നേരിടാവുന്നതാണ്. (സങ്കീർത്തനം 94:14, NW) കൂടാതെ ഈ വ്യവസ്ഥിതിയും അതിലെ കഷ്ടങ്ങളും ഉടനെ പൊയ്പ്പോകുമെന്നും നമുക്കറിയാം. അതുകൊണ്ട്, നമുക്കു ‘നൻമ ചെയ്കയിൽ മടുത്തുപോകാതിരിക്കാൻ’ ദൃഢനിശ്ചയം ചെയ്യാം, എന്തെന്നാൽ “തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാത്യർ 6:9.
നാം എന്തു പഠിച്ചു?
□ മുഴു ക്രിസ്തീയ സമൂഹത്തിനും എന്തു ദുരിതങ്ങൾ നേരിടേണ്ടിവരുന്നു?
□ ദുരന്തങ്ങൾ യഹോവയുടെ അപ്രീതിയുടെ തെളിവല്ലെന്നു മനസ്സിലാക്കാൻ ഏതെല്ലാം ബൈബിൾ ദൃഷ്ടാന്തങ്ങൾ നമ്മെ സഹായിക്കും?
□ തന്റെ ജനത്തിനു നേരിടുന്ന അനർഥങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്തു തോന്നുന്നു?
□ പരിശോധനകൾ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നതിന് യഹോവയിൽനിന്നുള്ള ഏതാനും ദാനങ്ങളേവ?
[10-ാം പേജിലെ ചിത്രം]
ദുരന്തങ്ങൾ അനുഭവിച്ച മൂന്നു പേരാണ് ദാവീദും നാബോത്തും യോസേഫും