മനസ്സാക്ഷി ഭാരമോ അതോ നേട്ടമോ?
‘മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തുന്നു!’ നമ്മിൽ മിക്കവരും ഇടയ്ക്കിടെ മനസ്സാക്ഷിക്കുത്ത് അനുഭവിക്കുന്നു. അത്തരം വികാരങ്ങൾ വെറും മാനസിക അസ്വാസ്ഥ്യംമുതൽ തീവ്രമായ മനോവേദനവരെയാകാം. കലുഷിതമായ ഒരു മനസ്സാക്ഷി വിഷാദത്തിനോ ആഴമായ പരാജയബോധത്തിനോ പോലും വഴിമരുന്നിട്ടേക്കാം.
അതുകൊണ്ട്, പ്രസ്തുത വീക്ഷണത്തിൽ, മനസ്സാക്ഷി ഒരു ഭാരമല്ലേ? അങ്ങനെയാണെന്നു ചിലർ വിചാരിച്ചേക്കാം. മുൻതലമുറകളിലെ ചിന്തകൻമാർ മിക്കപ്പോഴും മനസ്സാക്ഷിയെ സഹജമായ, ജന്മസിദ്ധമായ ഒരു കഴിവായി വീക്ഷിച്ചിരുന്നു. അതു ദൈവംതന്നെ നേരിട്ടു നൽകിയ ഒരു ധാർമിക വഴികാട്ടിയാണെന്ന് അനേകർ വിചാരിച്ചു. അങ്ങനെ മനസ്സാക്ഷി, “മനുഷ്യനിലെ ദൈവസാന്നിധ്യം,” “നമ്മുടെ യഥാർഥ സ്വഭാവം,” “ദൈവത്തിന്റെ ശബ്ദം” എന്നൊക്കെ വിളിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ, മനസ്സാക്ഷിയെന്നത് പ്രധാനമായും ആർജിച്ചെടുത്ത ഒരു കഴിവാണെന്ന്, മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സ്വാധീനഫലമാണെന്ന് തറപ്പിച്ചുപറയുന്ന രീതി കഴിഞ്ഞ ഏതാനും വർഷങ്ങളായി സാധാരണമായിത്തീർന്നിരിക്കുന്നു. ദൃഷ്ടാന്തത്തിന്, അനഭികാമ്യ സ്വഭാവത്തിൽനിന്ന് ഒഴിഞ്ഞിരിക്കാൻ ഒരു കുട്ടി പഠിക്കുന്നത് മുഖ്യമായും ശിക്ഷാഭയത്തിൽനിന്നാണെന്നു ചില മനശ്ശാസ്ത്രജ്ഞന്മാർ വാദിക്കുന്നു. മാതാപിതാക്കളുടെ വ്യക്തിഗത മൂല്യങ്ങളും വിശ്വാസങ്ങളും കേവലം ആർജിക്കുന്നതിനെയാണ് നാം മനസ്സാക്ഷിയെന്ന് വിളിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. മൂല്യങ്ങളും നിലവാരങ്ങളും പകരുന്നതിൽ സമൂഹം പൊതുവിൽ വഹിക്കുന്ന പങ്കിലേക്കു മറ്റുള്ളവർ വിരൽചൂണ്ടുന്നു. ചെയ്യാൻ നാം ആഗ്രഹിക്കുന്ന കാര്യങ്ങളും ചെയ്യാൻ ഒരു മർദക സമൂഹം നമ്മോടാവശ്യപ്പെടുന്ന കാര്യങ്ങളും തമ്മിലുള്ള വെറുമൊരു പോരാട്ടമായി ചിലർ മനസ്സാക്ഷിക്കുത്തിനെ വീക്ഷിക്കുന്നു!
സിദ്ധാന്തങ്ങൾ എന്തുതന്നെയായിരുന്നാലും, മാതാപിതാക്കളും കുടുംബങ്ങളും മുഴു സമൂഹംതന്നെയും നിന്ദ്യമായി പെരുമാറിയിട്ടും അചഞ്ചലരായി നിന്നവരുണ്ട്, കാരണം അവരുടെ മനസ്സാക്ഷി പറഞ്ഞതുകൊണ്ടാണ് അവർ ഉറച്ചുനിന്നത്. മനസ്സാക്ഷിയെപ്രതി തങ്ങളുടെ ജീവൻ ബലികഴിക്കാൻപോലും ചിലർ സന്നദ്ധരായിട്ടുണ്ട്! ലോകസംസ്കാരങ്ങൾ തമ്മിൽ വളരെയേറെ വ്യത്യാസങ്ങളുണ്ടെങ്കിലും, കൊലപാതകം, മോഷണം, വ്യഭിചാരം, ഭോഷ്ക്കു പറച്ചിൽ, നിഷിദ്ധ ബന്ധുവേഴ്ച തുടങ്ങിയവയെ മിക്കവാറുമെല്ലായിടത്തും തെറ്റായ നടപടികളായി വീക്ഷിച്ചുപോരുന്നു. മനസ്സാക്ഷി സഹജമാണ് അഥവാ ജന്മസിദ്ധമാണ് എന്നതിന്റെ തെളിവല്ലേ ഇത്?
മനസ്സാക്ഷി—ബൈബിളിന്റെ വീക്ഷണം
ഈ വിഷയത്തിൽ യഥാർഥ ആധികാരികതയുള്ളത് യഹോവയാം ദൈവത്തിനാണ്. ഏതായാലും, “നമ്മെ ഉണ്ടാക്കിയത് അവനാണ് [ദൈവമാണ്], നാമല്ല.” (സങ്കീർത്തനം 100:3, NW) അവന് നമ്മുടെ ഘടന പൂർണമായി അറിയാം. മനുഷ്യൻ ദൈവത്തിന്റെ “പ്രതിച്ഛായയിൽ” സൃഷ്ടിക്കപ്പെട്ടെന്നു ദൈവവചനമായ ബൈബിൾ പറയുന്നു. (ഉല്പത്തി 1:26) ശരിയും തെറ്റും എന്താണെന്നുള്ള ഒരു അവബോധത്തോടെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു; മനസ്സാക്ഷി മനുഷ്യസ്വഭാവത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു.—ഉല്പത്തി 2:16, 17 താരതമ്യം ചെയ്യുക.
റോമർക്കുള്ള തന്റെ ലേഖനത്തിൽ അപ്പോസ്തലനായ പൗലൊസ് ഇതു സ്ഥിരീകരിക്കുന്നു: “[ദൈവത്തിന്റെ] ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുററം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.” (റോമർ 2:14, 15) യഹൂദൻമാർക്കു കൊടുത്ത ദിവ്യ ന്യായപ്രമാണത്തിൻകീഴിൽ വരാത്ത അനേകർ ദൈവനിയമത്തിലെ ചില തത്ത്വങ്ങൾ പിൻപറ്റിയെന്നു കുറിക്കൊള്ളുക, അവർ അങ്ങനെ ചെയ്തത് സാമൂഹിക സമ്മർദത്താലല്ല, മറിച്ച് “സ്വഭാവത്താ”ലായിരുന്നു!
അപ്പോൾ, ഒരു ഭാരമായിരിക്കുന്നതിൽനിന്നു തികച്ചും വ്യത്യസ്തമായി, മനസ്സാക്ഷി ഒരു ദിവ്യദാനം, ഒരു നേട്ടം ആണ്. അതു നമുക്കു മനഃപ്രയാസത്തിന് ഇടയാക്കിയേക്കാമെന്നതു ശരിതന്നെ. എന്നാൽ അതിന് ഉചിതമായ ശ്രദ്ധ നൽകുമ്പോൾ, ആഴമായ സംതൃപ്തിയും ആന്തരിക സമാധാനവും നൽകി നമുക്കു പ്രതിഫലമേകാനും അതിനു കഴിയും. അതിനു നമ്മെ വഴിനയിക്കാനും സംരക്ഷിക്കാനും പ്രചോദിപ്പിക്കാനും കഴിയും. വ്യാഖ്യാതാവിന്റെ ബൈബിൾ (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “താൻ ചെയ്യുന്നതും നിശ്ചയമായും ചെയ്യേണ്ടതാണെന്ന് താൻ വിചാരിക്കുന്നതും തമ്മിലുള്ള വിടവു നികത്താൻ ഒരു വ്യക്തി ശ്രമിക്കുമ്പോൾ മാത്രമേ മാനസികവും വൈകാരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കഴിയൂ.” എങ്ങനെയാണ് ഒരുവന് ആ വിടവു നികത്താൻ കഴിയുക? നമ്മുടെ മനസ്സാക്ഷിയെ രൂപപ്പെടുത്തി പരിശീലിപ്പിച്ചെടുക്കുക സാധ്യമാണോ? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.