നിങ്ങളുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്ന വിധം
“ഒരു ശുദ്ധമനസ്സാക്ഷിയാണ് ഏറ്റവും നല്ല തലയണ.” ഈ പഴമൊഴി ഒരു പ്രധാനപ്പെട്ട യാഥാർഥ്യം എടുത്തുകാട്ടുന്നു: മനസ്സാക്ഷിക്കു ശ്രദ്ധ നൽകുമ്പോൾ, നാം ആന്തരിക സമാധാനവും സ്വസ്ഥതയും ആസ്വദിക്കുന്നു.
പക്ഷേ, എല്ലാവരും അങ്ങനെ ചെയ്യാൻ തീരുമാനിക്കുന്നില്ല. മനസ്സാക്ഷി എന്നറിയപ്പെടുന്ന ദുർഭൂതത്തിൽനിന്ന് അഥവാ മിഥ്യയിൽനിന്ന് മനുഷ്യനെ വിടുവിക്കാനുള്ള ഒരു ദൗത്യത്തിലാണു താനെന്ന് അഡോൾഫ് ഹിറ്റ്ലർ പ്രഖ്യാപിച്ചു. തങ്ങളുടെ മനസ്സാക്ഷിയെ തിരസ്കരിക്കുമ്പോൾ മനുഷ്യർക്ക് എത്ര ക്രൂരന്മാരായിരിക്കാൻ കഴിയുമെന്നുള്ളതിന്റെ മരവിപ്പിക്കുന്ന ക്ഷണിക വീക്ഷണം പ്രദാനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഭീകര ഭരണം. കുറ്റബോധമില്ലാതെ ബലാൽസംഗവും കൊലപാതകവും ചെയ്യുന്ന ഇന്നത്തെ ഒട്ടുമിക്ക ഭീകര കുറ്റവാളികളും അയാളെപ്പോലെതന്നെ നിർദയരാണ്. ഈ കുറ്റവാളികളിൽ വലിയൊരു സംഖ്യ നന്നേ ചെറുപ്പമാണ്. അതുകൊണ്ട്, ഈ പ്രതിഭാസത്തെക്കുറിച്ചു പഠിക്കുന്ന ഒരു പുസ്തകത്തിൽ മനസ്സാക്ഷിയില്ലാത്ത കുട്ടികൾ (ഇംഗ്ലീഷ്) എന്ന ഉപശീർഷകം ഉണ്ടായിരുന്നു.
അക്രമാസക്തമായ ഒരു കുറ്റകൃത്യം നടത്തുന്നതിനെക്കുറിച്ചു മിക്കയാളുകളും ഒരിക്കലും ചിന്തിക്കുകയില്ലായിരിക്കാമെങ്കിലും ലൈംഗിക അധാർമികതയിൽ ഏർപ്പെടുകയോ ഭോഷ്ക്കു പറയുകയോ വഞ്ചിക്കുകയോ ചെയ്യുന്നതു സംബന്ധിച്ച് അനേകർക്കും ഒരു മനസ്സാക്ഷിക്കുത്തുമില്ല. ധാർമികത ലോകവ്യാപകമായി അധഃപതിക്കുകയാണ്. ചില ക്രിസ്ത്യാനികൾ ലോകത്തിന്റെ സ്വാധീനങ്ങൾക്കടിമപ്പെട്ട് “സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി”ത്തീരുമെന്ന് സത്യാരാധനയിൽനിന്നുള്ള വലിയ വിശ്വാസത്യാഗത്തെ പരാമർശിക്കവേ അപ്പോസ്തലനായ പൗലൊസ് എഴുതി. (1 തിമൊഥെയൊസ് 4:2) ഇന്ന് ഈ “അന്ത്യകാലത്തു” ദുഷിപ്പിന്റെ ഭീഷണി അതിലും കൂടുതലാണ്. (2 തിമൊഥെയൊസ് 3:1) അതുകൊണ്ട് തങ്ങളുടെ മനസ്സാക്ഷിയെ കാത്തുരക്ഷിക്കാൻ ക്രിസ്ത്യാനികൾ തീവ്രശ്രമം നടത്തണം. അതിനെ പരിശീലിപ്പിച്ചുകൊണ്ടും വളർത്തിയെടുത്തുകൊണ്ടും നമുക്കതു ചെയ്യാൻ കഴിയും.
മനസ്സും ഹൃദയവും നിങ്ങളുടെ മനസ്സാക്ഷിയും
അപ്പോസ്തലനായ പൗലൊസ് പറഞ്ഞു: “ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല; . . . എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.” (റോമർ 9:1, 2) അതുകൊണ്ട് മനസ്സാക്ഷിക്ക് ഒരു സാക്ഷ്യവാഹകൻ ആയിരിക്കാവുന്നതാണ്. അതിനു നമ്മുടെ നടത്ത പരിശോധിച്ച് അതിനെ അംഗീകരിക്കാനോ കുറ്റംവിധിക്കാനോ കഴിയും. ശരിയും തെറ്റും സംബന്ധിച്ച അവബോധത്തിലധികവും നമ്മുടെ സ്രഷ്ടാവു നമ്മിൽ നിക്ഷേപിച്ചതാണ്. എങ്കിലും, മനസ്സാക്ഷിയെ രൂപപ്പെടുത്താനും പരിശീലിപ്പിക്കാനും നമുക്കു സാധിക്കും. എങ്ങനെ? ദൈവവചനത്തിലെ സൂക്ഷ്മ പരിജ്ഞാനം നേടുന്നതിനാൽ. “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” എന്ന് അപ്പോസ്തലനായ പൗലൊസ് പറയുന്നു. (റോമർ 12:2) ദൈവത്തിന്റെ ചിന്തകളും ഹിതവും മനസ്സിൽ ഉൾനടുമ്പോൾ നിങ്ങളുടെ മനസ്സാക്ഷി കൂടുതൽ ദൈവികമായ വിധത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നു.
‘യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം നേടാൻ’ യഹോവയുടെ സാക്ഷികൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളെ സഹായിച്ചിരിക്കുന്നു. (യോഹന്നാൻ 17:3, NW) ലൈംഗികത, ലഹരിപാനീയങ്ങൾ, വിവാഹം, ബിസിനസ് ഇടപാടുകൾ എന്നിവയും മറ്റനേകം വിഷയങ്ങളും സംബന്ധിച്ച യഹോവയാം ദൈവത്തിന്റെ നിലവാരങ്ങൾ, തങ്ങളുടെ സൗജന്യ ഭവന ബൈബിളധ്യയനത്തിലൂടെ അവർ ആത്മാർഥഹൃദയരെ പഠിപ്പിക്കുന്നു.a (സദൃശവാക്യങ്ങൾ 11:1; മർക്കൊസ് 10:6-12; 1 കൊരിന്ത്യർ 6:9, 10; എഫെസ്യർ 5:28-33) ഈ “സൂക്ഷ്മ പരിജ്ഞാനം” നേടുന്നത് ദൈവിക മനസ്സാക്ഷി വളർത്തിയെടുക്കുന്നതിലെ ഒരു പ്രധാന പടിയാണ്. (ഫിലിപ്പിയർ 1:9, NW) തീർച്ചയായും, ബൈബിളിനെ സംബന്ധിച്ച് ഒരു ക്രിസ്ത്യാനി പക്വമായ ഗ്രാഹ്യം നേടിയശേഷംപോലും, മനസ്സാക്ഷിയെ ആരോഗ്യമുള്ളതായി നിലനിർത്തുന്നതിന് തന്റെ മനസ്സിനെ ദൈവവചനംകൊണ്ടു പതിവായി പോഷിപ്പിക്കുന്നതിൽ തുടരണം.—സങ്കീർത്തനം 1:1-3.
നമ്മുടെ വികാരങ്ങളും വിചാരങ്ങളും ഉൾക്കൊള്ളുന്ന ആലങ്കാരിക ഹൃദയവുമായും ബൈബിൾ മനസ്സാക്ഷിയെ ബന്ധിപ്പിക്കുന്നു. (റോമർ 2:15) മനസ്സാക്ഷി ശരിയാംവണ്ണം പ്രവർത്തിക്കണമെങ്കിൽ മനസ്സും ഹൃദയവും ചേർച്ചയിൽ പോകേണ്ടതുണ്ട്. നിങ്ങളുടെ മനസ്സ് വിവരങ്ങൾകൊണ്ടു നിറയ്ക്കുന്നതിലധികം അതിലുൾപ്പെടുന്നു. നിങ്ങളുടെ ഹൃദയത്തെ, അതായത് വിചാരങ്ങളെയും ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും നിങ്ങൾ രൂപപ്പെടുത്തുകയും വേണം. അതുകൊണ്ട് സദൃശവാക്യങ്ങളുടെ പുസ്തകം, “നിങ്ങളുടെ ഹൃദയം ചായിക്കുക,” “നിങ്ങളുടെ ഹൃദയം സ്ഥിരപ്പെടുത്തുക,” “ഹൃദയത്തെ നയിക്കുക” തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. (സദൃശവാക്യങ്ങൾ 2:2; 23:19; 27:23, NW) അതു ചെയ്യാനുള്ള ഒരു മാർഗമാണ് തിരുവെഴുത്തുകളെ സംബന്ധിച്ചുള്ള ധ്യാനവും വിചിന്തനവും. “ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും” എന്ന് സങ്കീർത്തനം 77:12 പറയുന്നു. നമ്മുടെ ഏറ്റവും ആന്തരികമായ വിചാരങ്ങളിലും പ്രചോദനങ്ങളിലും എത്തിച്ചേരാൻ ധ്യാനം നമ്മെ സഹായിക്കുന്നു.
ദൃഷ്ടാന്തത്തിന്, പുകയില ആസക്തി പോലെയുള്ള ഒരു അശുദ്ധ സ്വഭാവം നിങ്ങൾക്കുണ്ടെന്നു വിചാരിക്കുക. മിക്കയാളുകളെയുംപോലെ, അതിന്റെ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് നിങ്ങൾക്കു നല്ല ബോധ്യമുണ്ടെന്നുള്ളതിൽ സംശയമില്ല. എന്നിട്ടും, സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പ്രേരണ ഉണ്ടായിരുന്നിട്ടുകൂടി പുകവലി നിർത്തുന്നത് ബുദ്ധിമുട്ടാണെന്നു നിങ്ങൾ കണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ ബൈബിൾ സന്ദേശത്തെക്കുറിച്ചുള്ള ധ്യാനത്തിന് നിങ്ങളുടെ മനസ്സാക്ഷിയെ ശക്തമാക്കാൻ കഴിയുന്നതെങ്ങനെ?
ഒരു ഉദാഹരണമെന്ന നിലയിൽ, 2 കൊരിന്ത്യർ 7:1-ൽ കാണുന്ന അപ്പോസ്തലനായ പൗലൊസിന്റെ വാക്കുകൾ ധ്യാനിച്ചുനോക്കുക: “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും [“അശുദ്ധിയും,” NW] നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.” ഈ വാക്കുകളുടെ അർഥം ഗ്രഹിക്കുക. നിങ്ങളോടുതന്നെ ചോദിക്കുക, ‘പൗലൊസ് പരാമർശിക്കുന്ന “ഈ വാഗ്ദത്തങ്ങൾ” എന്താണ്?’ സന്ദർഭത്തിൽനിന്ന്, തൊട്ടുമുമ്പുള്ള വാക്യങ്ങൾ ഇപ്രകാരം പറയുന്നതായി നിങ്ങൾ നിരീക്ഷിക്കും: ‘“അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രൻമാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.’—2 കൊരിന്ത്യർ 6:16, 17.
‘അശുദ്ധി നീക്കി നമ്മെത്തന്നേ വെടിപ്പാക്കാ’നുള്ള പൗലൊസിന്റെ കൽപ്പനയ്ക്ക് ഇന്നു കൂടുതലായ പ്രസക്തിയുണ്ട്! അപ്രകാരം ചെയ്യാനുള്ള ശക്തമായ ഒരു പ്രേരകമെന്ന നിലയിൽ, ‘നമ്മെ കൈക്കൊള്ളുമെന്ന്’ അതായത് നമ്മെ തന്റെ സംരക്ഷണാത്മക കരുതലിൻകീഴിലാക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ‘ഒരു പുത്രനോ പുത്രിക്കോ തന്റെ പിതാവിനോടുള്ളതുപോലെ ഒരു അടുത്ത ബന്ധം എനിക്ക് അവനുമായുണ്ടോ?’ എന്നു നിങ്ങൾക്കു സ്വയം ചോദിക്കാനാകും. ജ്ഞാനിയായ, സ്നേഹവാനായ ദൈവം നമ്മെ ‘കൈക്കൊള്ളു’ന്നു അല്ലെങ്കിൽ സ്നേഹിക്കുന്നു എന്ന ചിന്ത വളരെ ഹൃദ്യമല്ലേ? ആ ചിന്ത നിങ്ങൾക്ക് അന്യമാണെങ്കിൽ, സ്നേഹനിധികളായ പിതാക്കൻമാർ തങ്ങളുടെ കുട്ടികളോടു സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്ന വിധം നിരീക്ഷിക്കുക. ഇനി, നിങ്ങളും യഹോവയും തമ്മിൽ അത്തരമൊരു ബന്ധം നിലനിൽക്കുന്നുവെന്നു സങ്കൽപ്പിക്കുക! അതേക്കുറിച്ച് ചിന്തിക്കുന്തോറും അത്തരമൊരു ബന്ധത്തിനുവേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹവും വർധിക്കും.
എന്നാൽ ഇതു കുറിക്കൊള്ളുക: നിങ്ങൾ ‘അശുദ്ധമായതു ഒന്നും തൊടാതിരി’ക്കുന്നെങ്കിൽ മാത്രമേ ദൈവവുമായുള്ള അടുപ്പം സാധ്യമാകൂ. നിങ്ങളോടുതന്നെ ചോദിക്കുക: ‘ദൈവം കുറ്റം വിധിക്കുന്ന “അശുദ്ധമായ” കാര്യങ്ങളിൽ പെടുന്നതല്ലേ പുകയില ആസക്തി? എല്ലാത്തരം ആരോഗ്യപരമായ അപകടങ്ങൾക്കും ഇരയായിത്തീരാൻ എന്നെത്തന്നെ അനുവദിച്ചുകൊണ്ട്, അത് ഉപയോഗിക്കുന്നത് ‘ജഡത്തിലെ അശുദ്ധി’യായിരിക്കുമോ? യഹോവ ശുദ്ധനായ അഥവാ “വിശുദ്ധനായ” ഒരു ദൈവമായതുകൊണ്ട്, ഞാൻ ഇപ്രകാരം എന്നെത്തന്നെ മനഃപൂർവം അശുദ്ധനാക്കുന്നത് അവൻ അംഗീകരിക്കുമോ?’ (1 പത്രൊസ് 1:15, 16) ഒരുവന്റെ ‘ആത്മാവിലെ’ അഥവാ മാനസിക ചായ്വിലെ “അശുദ്ധി’യെക്കുറിച്ചും പൗലൊസ് മുന്നറിയിപ്പു നൽകുന്നുവെന്നതു നിരീക്ഷിക്കുക. നിങ്ങളോടുതന്നെ ചോദിക്കുക: ‘ഈ ആസക്തി എന്റെ ചിന്തയെ ഭരിക്കുന്നുവോ? എന്റെ തൃഷ്ണയെ തൃപ്തിപ്പെടുത്താനായി, ഒരുപക്ഷേ എന്റെ ആരോഗ്യത്തെയും കുടുംബത്തെയും ദൈവവുമായുള്ള ബന്ധത്തെപ്പോലും അപകടപ്പെടുത്തുന്ന ഘട്ടത്തോളം ഞാൻ പോകുമോ? പുകയില ആസക്തി എന്റെ ജീവിതത്തെ എത്രത്തോളം തകരാറിലാക്കാൻ ഞാൻ അനുവദിച്ചിരിക്കുന്നു?’ അസ്വസ്ഥമാക്കുന്ന ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നത് പുകവലി നിർത്താനാവശ്യമായ ധൈര്യം നിങ്ങൾക്കു നൽകുകതന്നെ ചെയ്തേക്കാം!
തീർച്ചയായും, പുകയിലയുടെമേൽ നിയന്ത്രണം കൈവരിക്കുന്നതിനു നിങ്ങൾക്കു മറ്റുള്ളവരിൽനിന്നു സഹായവും പിന്തുണയും ആവശ്യമായിരുന്നേക്കാം. അപ്പോഴും, ആസക്തിയിൽനിന്നു സ്വതന്ത്രനാകാൻ തക്കവണ്ണം മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യാൻ ബൈബിളിനെക്കുറിച്ചു ധ്യാനിക്കുന്നത് നിങ്ങളെ വളരെയേറെ സഹായിക്കും.
നാം തെറ്റു ചെയ്യുമ്പോൾ
ശരിയായതു ചെയ്യാൻ നാം പരമാവധി ശ്രമിക്കുമ്പോഴും ചിലയവസരങ്ങളിൽ നമ്മുടെ അപൂർണതകൾ നമ്മെ കീഴ്പെടുത്തുന്നു, നാം തെറ്റു ചെയ്യുന്നു. അപ്പോൾ നമ്മുടെ മനസ്സാക്ഷി നമ്മെ അസ്വസ്ഥരാക്കും, എന്നാൽ അതിനെ അവഗണിക്കാൻ ശ്രമിക്കുന്നതിനു നാം പ്രലോഭിതരായേക്കാം. അല്ലെങ്കിൽ, നാം വളരെ നിരുത്സാഹിതരായി ദൈവത്തെ സേവിക്കാനുള്ള സകല ശ്രമങ്ങളും ഉപേക്ഷിക്കാൻ ആഗ്രഹിച്ചേക്കാം. എന്നാൽ, ദാവീദ് രാജാവിന്റെ കാര്യം ഓർമിക്കുക. അവൻ ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞപ്പോൾ അവന്റെ മനസ്സാക്ഷി അവനെ വേദനിപ്പിച്ചു. തനിക്ക് അനുഭവപ്പെട്ട പീഡനം അവൻ വിവരിക്കുന്നു: “രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വററിപ്പോയി.” (സങ്കീർത്തനം 32:4) വേദനാജനകമോ? തീർച്ചയായും! എന്നാൽ, ദൈവഭക്തിയോടുകൂടിയ ഈ ദുഃഖം അനുതപിക്കാനും ദൈവവുമായി അനുരഞ്ജനത്തിലാകാനും ദാവീദിനെ പ്രേരിപ്പിച്ചു. (2 കൊരിന്ത്യർ 7:10 താരതമ്യം ചെയ്യുക.) ക്ഷമയ്ക്കുവേണ്ടിയുള്ള ദാവീദിന്റെ യാതനാപൂർണമായ അപേക്ഷ അവന്റെ ആത്മാർഥ അനുതാപത്തിനു മതിയായ തെളിവാണ്. ദാവീദ് തന്റെ മനസ്സാക്ഷിയോടു പ്രതികരിച്ചതിനാൽ മാറ്റം വരുത്താനും ഒടുവിൽ വീണ്ടും സന്തോഷമാർജിക്കാനും അവനു സഹായം ലഭിച്ചു.—സങ്കീർത്തനം 51.
അതുതന്നെ ഇന്നും സംഭവിക്കാവുന്നതാണ്. കഴിഞ്ഞകാലത്ത് യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചിരുന്ന ചിലർ തങ്ങളുടെ ജീവിതം ദൈവത്തിന്റെ ഉന്നത നിലവാരങ്ങൾക്കു ചേർച്ചയിലല്ലെന്നു മനസ്സിലാക്കിയപ്പോൾ പഠനം നിർത്തി. അവർ ഒരുപക്ഷേ വിവാഹം കൂടാതെ എതിർലിംഗത്തിൽപെട്ട ഒരാളോടൊപ്പം ജീവിക്കുകയായിരുന്നിരിക്കാം, അല്ലെങ്കിൽ അശുദ്ധ ശീലങ്ങളുടെ അടിമകളായിരുന്നിരിക്കാം. അവരുടെ മനസ്സാക്ഷി അവരെ വേദനിപ്പിച്ചു!
നിങ്ങൾ അത്തരമൊരു സാഹചര്യത്തിലാണെങ്കിൽ, അപ്പോസ്തലനായ പത്രൊസിന്റെ, പെന്തക്കോസ്തു ദിനത്തിലെ, വാക്കുകളെക്കുറിച്ചു പരിചിന്തിക്കുക. യഹൂദന്മാരായ തന്റെ നാട്ടുകാരുടെ പാപങ്ങളെ അവൻ തുറന്നുകാട്ടിയപ്പോൾ ‘അവർക്കു ഹൃദയത്തിൽ കുത്തുകൊണ്ടു.’ എങ്കിലും, പിൻവാങ്ങുന്നതിനു പകരം അനുതപിക്കാനുള്ള പത്രൊസിന്റെ ബുദ്ധ്യുപദേശം അവർ ചെവിക്കൊണ്ടു. അവർ ദൈവത്തിന്റെ അംഗീകാരം നേടുകയും ചെയ്തു. (പ്രവൃത്തികൾ 2:37-41) നിങ്ങൾക്കും അതുതന്നെ ചെയ്യാൻ കഴിയും! നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ വേദനിപ്പിക്കുന്നതു നിമിത്തം സത്യം ഉപേക്ഷിച്ചുപോകുന്നതിനു പകരം “മാനസാന്തരപ്പെട്ടു തിരിഞ്ഞു”വരാൻ നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ പ്രേരിപ്പിക്കട്ടെ. (പ്രവൃത്തികൾ 3:19) ദൃഢനിശ്ചയത്താലും ശ്രമത്താലും, ദൈവാംഗീകാരം നേടുന്നതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്കാകും.
‘നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ’
യഹോവയുടെ വഴികൾ പഠിക്കാൻ നിങ്ങൾ തുടങ്ങിയതേ ഉണ്ടായിരിക്കൂ, അല്ലെങ്കിൽ ഒരു പക്വതയുള്ള ക്രിസ്ത്യാനി എന്ന നിലയിൽ അനേക വർഷത്തെ അനുഭവപരിചയം നിങ്ങൾക്കുണ്ടായിരിക്കാം. ഇതിലേതാണെങ്കിലും അപ്പോസ്തലനായ പത്രൊസിന്റെ ഉദ്ബോധനം സമുചിതമാണ്: “നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.” (1 പത്രൊസ് 3:16) അതൊരു നേട്ടമാണ്, ഒരു ഭാരമല്ല. ദൈവവചനമായ ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്താൽ നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും പരിപോഷിപ്പിച്ചുകൊണ്ട് അതിനെ പരിശീലിപ്പിക്കുക. മനസ്സാക്ഷി നിങ്ങൾക്കു മുന്നറിയിപ്പു നൽകുമ്പോൾ അതിനു ശ്രദ്ധ കൊടുക്കുക. മനസ്സാക്ഷിയെ അനുസരിക്കുമ്പോൾ കൈവരുന്ന ആന്തരിക സമാധാനം ആസ്വദിക്കുക.
നിങ്ങളുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുകയെന്നത് ഒരു അനായാസ കൃത്യമല്ലെന്നു സമ്മതിക്കുന്നു. എന്നിരുന്നാലും, സഹായത്തിനായി നിങ്ങൾക്ക് യഹോവയോടു പ്രാർഥിക്കാവുന്നതാണ്. അവന്റെ സഹായത്താൽ “നല്ല മനസ്സാക്ഷി”യോടും “നിർവ്യാജവിശ്വാസ”ത്തോടുംകൂടെ ദൈവത്തെ സേവിക്കാൻ നിങ്ങൾക്കാകും.—1 തിമൊഥെയൊസ് 1:5.
[അടിക്കുറിപ്പുകൾ]
a ഒരു സൗജന്യ ഭവന ബൈബിളധ്യയനത്തിൽ നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യാൻ മടിക്കരുത്.
[6-ാം പേജിലെ ചിത്രം]
ദൈവവചനം വായിക്കുന്നതും അതേക്കുറിച്ചു ധ്യാനിക്കുന്നതും മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ നമ്മെ സഹായിക്കുന്നു