സന്തോഷം കൈവരുത്തുന്ന കുടുംബാധ്യയനം
“പരിജ്ഞാനംകൊണ്ടു . . . മുറികളിൽ വിലയേറിയതും മനോഹരവുമായ സകലസമ്പത്തും നിറഞ്ഞുവരുന്നു,” ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 24:4) ഈ വിലയേറിയ വസ്തുക്കളിൽ ഭൗതിക സമ്പത്തു മാത്രമല്ല, സ്നേഹം, ദൈവിക ഭയം, ശക്തമായ വിശ്വാസം എന്നിവയും ഉൾപ്പെടുന്നു. അത്തരം ഗുണങ്ങൾ വാസ്തവത്തിൽ ഒരു അനുഗൃഹീത കുടുംബജീവിതം നയിക്കുക സാധ്യമാക്കുന്നു. (സദൃശവാക്യങ്ങൾ 15:16, 17; 1 പത്രൊസ് 1:7) എങ്കിലും, അവ സമ്പാദിക്കുന്നതിനു നാം കുടുംബത്തിൽ ദൈവപരിജ്ഞാനത്തിനു സ്ഥാനം നൽകേണ്ടതുണ്ട്.
കുടുംബാംഗങ്ങളിൽ ആ പരിജ്ഞാനം ഉൾനടുന്നതു കുടുംബനാഥന്റെ ഉത്തരവാദിത്വമാണ്. (ആവർത്തനപുസ്തകം 6:6, 7; എഫെസ്യർ 5:25, 26; 6:4) അതിനുള്ള ഏറ്റവും നല്ല വിധങ്ങളിലൊന്നു ക്രമമായ കുടുംബാധ്യയനമാണ്. പ്രബോധനാത്മകവും ആസ്വാദ്യവുമായ വിധത്തിൽ അധ്യയനം നടത്തുമ്പോൾ പങ്കുപറ്റുന്നവർക്ക് അത് എത്ര ആനന്ദപ്രദമായിരിക്കും! ആ സ്ഥിതിക്ക്, ഫലപ്രദമായ കുടുംബാധ്യയനത്തിന് അനിവാര്യമായ ചില സംഗതികൾ നമുക്കു പരിചിന്തിക്കാം.
കുടുംബാധ്യയനം ക്രമമായിരിക്കുമ്പോൾ അത് അത്യന്തം ഫലംചെയ്യും. ഇടയ്ക്കൊക്കെയോ എടുത്തുചാടിയോ അധ്യയനം നടത്തുന്നപക്ഷം അത് ക്രമമുള്ളതായിരിക്കാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട്, അധ്യയനത്തിനായി ‘അവസരോചിത സമയം വിലയ്ക്കു വാങ്ങണം.’ (എഫെസ്യർ 5:15-17, NW) എല്ലാവർക്കും സൗകര്യപ്രദമായ സമയം ക്രമപ്പെടുത്തുന്നത് ഒരു വെല്ലുവിളിയാണെന്നുവരാം. “കുടുംബാധ്യയനം ക്രമമായി നടത്തുന്നതു ഞങ്ങളുടെ കാര്യത്തിൽ അത്ര എളുപ്പമായിരുന്നില്ല,” ഒരു കുടുംബനാഥൻ തുറന്നു പറഞ്ഞു. “ഞങ്ങൾ വ്യത്യസ്ത സമയങ്ങൾ പരീക്ഷിച്ചുനോക്കി. ഒടുവിൽ വൈകുന്നേരങ്ങളാണു ഞങ്ങൾക്കു പറ്റിയതെന്നു മനസ്സിലായി. ഇപ്പോൾ ഞങ്ങളുടെ കുടുംബാധ്യയനം ക്രമമുള്ളതാണ്.”
അനുയോജ്യമായ സമയം ഒത്തുകിട്ടിക്കഴിഞ്ഞാൽ അധ്യയനത്തിനു മുടക്കം വരുത്തുന്ന തടസ്സങ്ങളുണ്ടാകാതെ ശ്രദ്ധിക്കുക. “അധ്യയനം നടന്നുകൊണ്ടിരിക്കുമ്പോൾ സന്ദർശകർ വന്നാൽ അധ്യയനം കഴിയുന്നതുവരെ കാത്തിരിക്കാൻ ഡാഡി അവരോടു പറയുമായിരുന്നു. ഫോൺ വന്നാൽ വിളിക്കുന്നയാളോടു താൻ പിന്നീടു തിരിച്ചു വിളിക്കാമെന്നു ഡാഡി പറയുമായിരുന്നു,” 33 വയസ്സുള്ള മരിയ അനുസ്മരിക്കുന്നു.
വിട്ടുവീഴ്ച പാടില്ലെന്ന് അതിന് അർഥമില്ല. അടിയന്തിര സംഗതികളോ മുൻകൂട്ടിക്കാണാത്ത സംഭവങ്ങളോ ഉയർന്നുവന്നേക്കാം. അങ്ങനെ, ഇടയ്ക്കൊക്കെ അധ്യയനം മറ്റൊരവസരത്തിലേക്കു നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവന്നേക്കാം. (സഭാപ്രസംഗി 9:11) എന്നാൽ, ഇവയൊന്നും നിങ്ങളുടെ പതിവുപരിപാടി തെറ്റിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.—ഫിലിപ്പിയർ 3:16.
അധ്യയനത്തിന് എത്ര ദൈർഘ്യമുണ്ടായിരിക്കണം? ഒരു മകനെയും മകളെയും വിജയപ്രദമായി വളർത്തിക്കൊണ്ടുവന്ന റോബർട്ട് ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ അധ്യയനങ്ങൾക്ക് സാധാരണമായി ഒരു മണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു. കുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ വ്യത്യസ്ത കാര്യങ്ങൾ പരിചിന്തിച്ചുകൊണ്ട് ഒരു മണിക്കൂർ അവരുടെ താത്പര്യം പിടിച്ചെടുക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. വീക്ഷാഗോപുര അധ്യയന ലേഖനത്തിൽനിന്നുള്ള ഏതാനും ഖണ്ഡികകളും ബൈബിളിൽനിന്നുള്ള തിരഞ്ഞെടുത്ത ഭാഗങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളുടെ ഭാഗങ്ങളുമെല്ലാം ഞങ്ങൾ പരിചിന്തിച്ചിരുന്നു.” “ഞാനും എന്റെ ജ്യേഷ്ഠത്തിമാരും തീരെ ചെറുപ്പമായിരുന്നപ്പോൾ ഏതാണ്ട് 20 മിനിറ്റുവീതം ആഴ്ചയിൽ രണ്ടുമൂന്നു തവണ ഞങ്ങൾക്ക് അധ്യയനമുണ്ടായിരുന്നു. പ്രായമാകുംതോറും, ഞങ്ങളുടെ പ്രതിവാര കുടുംബാധ്യയനം ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്നു,” മരിയ അനുസ്മരിക്കുന്നു.
എന്താണു നാം പഠിക്കേണ്ടത്?
എല്ലാവരും അധ്യയനത്തിനു കൂടിവരുമ്പോൾ ഈ ചോദ്യം പരിചിന്തിക്കുന്നത് അധ്യയനത്തിനു വിഘ്നമാകുമെന്നു മാത്രമല്ല, അതുമൂലം വിലയേറിയ സമയവും പാഴാകും. അങ്ങനെയെങ്കിൽ കുട്ടികൾക്കു പ്രത്യേകിച്ചെന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടാവില്ല, അവരുടെ താത്പര്യവും പെട്ടെന്നു കെട്ടടങ്ങും. അതുകൊണ്ട്, അധ്യയനത്തിനായി സൊസൈറ്റിയുടെ ഏതെങ്കിലുമൊരു പ്രസിദ്ധീകരണം മുന്നമേ തിരഞ്ഞെടുക്കുക.
“വിശ്വസ്തനും വിവേകിയുമായ അടിമ” നിരവധി പ്രസിദ്ധീകരണങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. (മത്തായി 24:45-47, NW) കുടുംബം ഇതുവരെ പഠിച്ചിട്ടില്ലാത്ത ഒരു പുസ്തകം നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്നതാണ്. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിന്റെ വാല്യങ്ങൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ അവയിൽനിന്നുള്ള തിരഞ്ഞെടുത്ത ഭാഗങ്ങൾ പരിചിന്തിക്കുന്നത് എത്ര ആനന്ദപ്രദമാണ്! ഉദാഹരണത്തിന്, സ്മാരകത്തിന്റെ തലേ ആഴ്ച നിങ്ങൾക്കു കർത്താവിന്റെ സന്ധ്യാഭക്ഷണത്തെക്കുറിച്ചുള്ള ലേഖനം പുനരവലോകനം ചെയ്യാവുന്നതാണ്. പല കുടുംബങ്ങളും വീക്ഷാഗോപുര അധ്യയനത്തിനു തയ്യാറാകുന്നത് ആസ്വദിക്കുന്നു. എന്നാൽ അധ്യയനരൂപത്തിലല്ലാത്ത ലേഖനങ്ങളും അധ്യയനത്തിനു പറ്റിയ വിഷയങ്ങളാണ്. കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾ തിരിച്ചറിയുന്ന കുടുംബനാഥൻ, ഏതു പ്രസിദ്ധീകരണം അധ്യയനത്തിന് ഉപയോഗിക്കണമെന്നു തീരുമാനിക്കാൻ പറ്റിയ സ്ഥാനത്താണ്.
“ഞങ്ങൾ എല്ലായ്പോഴും മുന്നമേ തിരഞ്ഞെടുത്ത പ്രസിദ്ധീകരണമാണ് അധ്യയനത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ സ്കൂളിൽ ഒരു പ്രശ്നം അല്ലെങ്കിൽ പ്രത്യേക സാഹചര്യം ഉയർന്നു വന്നപ്പോഴെല്ലാം അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണത്തിൽനിന്ന് അധ്യയനം നടത്തുമായിരുന്നു,” മരിയ അനുസ്മരിക്കുന്നു. കുട്ടികൾ സ്കൂളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ഡേറ്റിങ്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള പ്രത്യേക പ്രശ്നങ്ങൾ പൊന്തിവരുക സാധാരണമാണ്. അപ്പോൾ, തക്കതായ പ്രശ്നങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ലേഖനങ്ങളോ പ്രസിദ്ധീകരണങ്ങളോ തിരഞ്ഞെടുക്കുക. ഏറ്റവും പുതിയ വീക്ഷാഗോപുരത്തിലോ ഉണരുക!യിലോ കുടുംബത്തോടൊപ്പം ആദ്യംതന്നെ ചർച്ചചെയ്താൽ കൊള്ളാമെന്നു നിങ്ങൾക്കു തോന്നുന്ന എന്തെങ്കിലും വിവരം കാണുന്നെങ്കിൽ അപ്രകാരം ചെയ്യാൻ വൈമുഖ്യം കാട്ടേണ്ടതില്ല. തീർച്ചയായും, മാറ്റത്തെക്കുറിച്ചു കുടുംബാംഗങ്ങളെ മുൻകൂട്ടി അറിയിക്കാൻ നിങ്ങൾ ആഗ്രഹിക്കും. എന്നാൽ, പ്രത്യേക ആവശ്യം നിവർത്തിച്ചു കഴിയുമ്പോൾ നേരത്തേ പട്ടികപ്പെടുത്തിയിരുന്ന പ്രസിദ്ധീകരണത്തിലേക്കു വീണ്ടും മടങ്ങുക.
സ്വസ്ഥമായ അന്തരീക്ഷം നിലനിർത്തുക
സമാധാനപൂർണമായ ചുറ്റുപാടിൽ അധ്യയനം മെച്ചമായി നടത്താൻ സാധിക്കും. (യാക്കോബ് 3:18) അതുകൊണ്ട്, ആയാസരഹിതമായ എന്നാൽ ആദരണീയമായ അന്തരീക്ഷം സൃഷ്ടിക്കുക. ഐക്യനാടുകളിലെ ഒരു കുടുംബനാഥൻ പറയുന്നു: “അധ്യയനം നടത്തുന്നതു സ്വീകരണമുറിയിലോ വരാന്തയിലോ ആയിരുന്നാലും അങ്ങുമിങ്ങുമായി അകന്നിരിക്കുന്നതിനു പകരം അടുത്തടുത്തിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അതു ഞങ്ങളിൽ ഊഷ്മള വികാരം ജനിപ്പിക്കുന്നു.” മരിയ മധുരസ്മരണകൾ അയവിറക്കുന്നു: “ഓരോ വാരത്തിലും വീട്ടിൽ അധ്യയനം എവിടെവെച്ചു നടത്തണമെന്നു തിരഞ്ഞെടുക്കാൻ എനിക്കും സഹോദരിമാർക്കും അനുവാദം നൽകിയിരുന്നു. അതു ഞങ്ങളെ ആനന്ദഭരിതരാക്കി.” വേണ്ടത്ര വെളിച്ചം, നല്ല ഇരിപ്പിടം, ആനന്ദഭരിതമായ, ഒച്ചപ്പാടില്ലാത്ത ചുറ്റുപാട് എന്നിവയെല്ലാം സ്വസ്ഥത പ്രദാനം ചെയ്യുന്നുവെന്നതു മനസ്സിൽപ്പിടിക്കുക. അധ്യയനത്തിനുശേഷം കുടുംബസമേതം ലഘുഭക്ഷണം കഴിക്കുന്നതും ആ സായാഹ്നത്തെ ആസ്വാദ്യമാക്കിത്തീർക്കും.
ചില കുടുംബങ്ങൾ തങ്ങളുടെ അധ്യയനത്തിൽ മറ്റു കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് അധ്യയനം കൂടുതൽ രസകരമാക്കി, വൈവിധ്യമാർന്ന അഭിപ്രായങ്ങൾക്ക് കളമൊരുക്കുന്നു. സത്യത്തിലുള്ള പുതിയവരെ ഇത്തരം ക്രമീകരണത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുമ്പോൾ അനുഭവസമ്പന്നനായ ഒരു കുടുംബനാഥൻ അധ്യയനമെടുക്കുന്നതു കാണുന്നതിൽനിന്ന് അവർക്കു പ്രയോജനം നേടാൻ സാധിക്കുന്നു.
ബൈബിളിനെ ജീവസ്സുറ്റതാക്കുക
കുട്ടികൾക്കുവേണ്ടി അധ്യയന ഘട്ടങ്ങൾ ജീവസ്സുറ്റതാക്കുക. അങ്ങനെയെങ്കിൽ അവർ അതിനായി നോക്കിപ്പാർത്തിരിക്കും. ബൈബിളിലെ രംഗങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ വരയ്ക്കാൻ കൊച്ചുകുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു നിങ്ങൾക്കതു ചെയ്യാനാകും. ഉചിതമായിരിക്കുമ്പോൾ, ബൈബിൾ സംഭവങ്ങളും നാടകങ്ങളും കുട്ടികൾ അഭിനയിച്ചു കാണിക്കട്ടെ. കൊച്ചുകുട്ടികളുമായി ഔപചാരികമായ ചോദ്യോത്തര ചർച്ച നടത്തണമെന്നു നിർബന്ധമില്ല. ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചു വായിക്കുകയോ കഥപറയുകയോ ചെയ്യുന്നതു ദൈവിക തത്ത്വങ്ങൾ ഉൾനടുന്നതിനുള്ള ആസ്വാദ്യമായ രീതിയാണ്. തുടക്കത്തിൽ പരാമർശിച്ച റോബർട്ട് അനുസ്മരിക്കുന്നു: “ചിലപ്പോഴൊക്കെ ഞങ്ങൾ ബൈബിളിലെ ചില ഭാഗങ്ങൾ വ്യത്യസ്ത കഥാപാത്രങ്ങളുടെ ‘ശബ്ദ’ത്തിൽ ഊഴമനുസരിച്ചു വായിക്കുമായിരുന്നു.” വായനാഭാഗത്തു താൻ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ കുട്ടികളോട് ആവശ്യപ്പെടാവുന്നതാണ്.
ഭൂപടങ്ങളും ചാർട്ടുകളും ഉപയോഗിക്കുന്നതു ചർച്ച ചെയ്യുന്ന സംഭവങ്ങൾ നടന്ന ദേശത്തെ സ്ഥലങ്ങളെയും പ്രത്യേകതകളെയും കുറിച്ചു ഭാവനയിൽ ദർശിക്കാൻ മുതിർന്ന കുട്ടികളെ സഹായിക്കും. അൽപ്പം ഭാവനാശക്തികൊണ്ട് കുടുംബാധ്യയനം ജീവസ്സുറ്റതും വൈവിധ്യമാർന്നതും ആക്കിത്തീർക്കാൻ സാധിക്കും. കൂടാതെ, കുട്ടികൾ ദൈവവചനത്തിനായുള്ള വാഞ്ഛയും വളർത്തിയെടുക്കും.—1 പത്രൊസ് 2:2, 3.
പങ്കുപറ്റാൻ എല്ലാവരെയും സഹായിക്കുക
കുട്ടികളെ അധ്യയനത്തിൽ ഉൾപ്പെടുത്തിയാലേ അവർ അത് ആസ്വദിക്കുകയുള്ളൂ. എന്നിരുന്നാലും, പല പ്രായത്തിലുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നത് അത്രകണ്ട് എളുപ്പമല്ല. എന്നാൽ, ഒരു ബൈബിൾ തത്ത്വം ഇങ്ങനെ പ്രസ്താവിക്കുന്നു: “അധ്യക്ഷത വഹിക്കുന്നവൻ യഥാർഥ ആത്മാർഥതയോടെ അതു ചെയ്യട്ടെ.” (റോമർ 12:8, NW) ഉത്സാഹിയായിരിക്കുന്നതു സഹായകമാണ്. കാരണം ഉത്സാഹം സാംക്രമികമാണ്.
അധ്യയന ഭാഗത്തെ ഉപശീർഷകങ്ങൾ വായിപ്പിച്ചുകൊണ്ടും ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടുകൊണ്ടും റോണൾഡ് തന്റെ അഞ്ചു വയസ്സുള്ള മകൾ ഡനയനയെ അധ്യയനത്തിൽ ഉൾപ്പെടുത്തുന്നു. പോയവർഷം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം സമീപിക്കവേ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ യഥോചിതമായ ചിത്രങ്ങളിലേക്ക് അദ്ദേഹം അവളുടെ ശ്രദ്ധതിരിച്ചു. “സംഭവത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അത് അവളെ സഹായിച്ചു,” അദ്ദേഹം പറയുന്നു.
പത്തു വയസ്സുള്ള മകൾ മിഷയുടെ കാര്യത്തിൽ റോണൾഡ് ഒരു പടികൂടെ മുന്നോട്ടു പോകുന്നു. “ചിത്രങ്ങൾ ഏതാണെന്നു മാത്രമല്ല അവ എന്ത് അർഥമാക്കുന്നുവെന്നും മനസ്സിലാക്കുന്ന അളവോളം മിഷ ഇപ്പോൾ പുരോഗമിച്ചിട്ടുണ്ട്,” റോണൾഡ് പറയുന്നു. “അതുകൊണ്ട്, വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകം പരിചിന്തിച്ചപ്പോൾ ചിത്രങ്ങളുടെ അർഥത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. അതവളെ സഹായിച്ചിട്ടുണ്ട്.”
കുട്ടികൾ കൗമാരത്തിലെത്തുമ്പോൾ, പരിചിന്തിക്കുന്ന വിഷയം പ്രായോഗികമായി ബാധകമാക്കാൻ ആവശ്യപ്പെടുക. അധ്യയന സമയത്തു ചോദ്യങ്ങൾ ഉയർന്നുവരുമ്പോൾ ഗവേഷണം നടത്താൻ ഓരോരുത്തരെയായി നിയോഗിക്കുക. റോബർട്ട് അതാണു ചെയ്തത്. 12 വയസ്സുള്ള മകൻ പോൾ സ്കൂൾ ക്ലബ്ബിൽ പുതുതായി ചേർക്കപ്പെട്ട പാമ്പും കൂടും എന്ന വിനോദത്തെക്കുറിച്ചു ചോദിച്ചു. പോളും കുടുംബത്തിലെ മറ്റംഗങ്ങളും വീക്ഷാഗോപുര വിഷയ സൂചിക ഉപയോഗിച്ച് അതേക്കുറിച്ചു വിവരങ്ങൾ കണ്ടുപിടിച്ച് കുടുംബാധ്യയനത്തിൽ പുനരവലോകനം ചെയ്തു. “തത്ഫലമായി, ക്രിസ്ത്യാനികൾ ആ വിനോദത്തിലേർപ്പെടുന്നതു തെറ്റാണെന്നു പോളിനു പെട്ടെന്നുതന്നെ മനസ്സിലായി,” റോബർട്ട് പറയുന്നു.
ഗവേഷണം നടത്താൻ മറ്റു സമയങ്ങളിലും റോബർട്ട് നിയമനം നൽകാറുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ നാൻസി അനുസ്മരിക്കുന്നു: “യേശുവിന്റെ അപ്പോസ്തലന്മാരെക്കുറിച്ചു ഗവേഷണം നടത്തിയപ്പോൾ അവരിലോരോരുത്തരെയും കുറിച്ചു ഞങ്ങളോരോരുത്തരും ഗവേഷണം നടത്തണമായിരുന്നു. കുടുംബാധ്യയനത്തിൽ കുട്ടികൾ തങ്ങൾക്കു ലഭിച്ച വിവരങ്ങൾ ഉത്സാഹപൂർവം അവതരിപ്പിക്കുന്നതു കാണുന്നത് എത്ര രോമാഞ്ചജനകമായിരുന്നു!” സ്വന്തമായി ഗവേഷണം നടത്തി അതേക്കുറിച്ചുള്ള വിവരങ്ങൾ കുടുംബത്തോടൊപ്പം പങ്കുവയ്ക്കുന്നതു കുട്ടികളെ ‘യഹോവയുടെ സന്നിധിയിൽ വളർന്നുവരാൻ’ സഹായിക്കും.—1 ശമൂവേൽ 2:20, 21.
വീക്ഷണ-മാർഗനിർദേശക ചോദ്യങ്ങൾ ചോദിക്കുന്നതും കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള നല്ല മാർഗമാണ്. വിദഗ്ധോപദേഷ്ടാവായ യേശു, “നിനക്കു എന്തു തോന്നുന്നു?” എന്നിങ്ങനെയുള്ള വീക്ഷണ ചോദ്യങ്ങൾ ചോദിച്ചു. (മത്തായി 17:25) “ഞങ്ങൾ ആരെങ്കിലും ചോദ്യമുന്നയിച്ചാൽ മാതാപിതാക്കൾ നേരിട്ട് ഉത്തരം നൽകുകയില്ലായിരുന്നു. അവർ എല്ലായ്പോഴും മാർഗനിർദേശക ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് വിഷയത്തെക്കുറിച്ചു ന്യായവാദം ചെയ്യാൻ ഞങ്ങളെ സഹായിച്ചിരുന്നു,” മരിയ ഓർക്കുന്നു.
ആശയവിനിയമം നടത്തുക—അലോസരപ്പെടുത്തരുത്!
പരിഹസിക്കപ്പെടുമെന്ന ഭയം കൂടാതെ തങ്ങളുടെ വീക്ഷണങ്ങളും വികാരങ്ങളും മറ്റുള്ളവരുമായി പങ്കിടാൻ കുടുംബാധ്യയനത്തിനു സന്നിഹിതരായിരിക്കുന്ന സകലർക്കും സാധിക്കണം. അങ്ങനെയെങ്കിൽ അധ്യയനത്തിൽനിന്നും യഥാർഥ സന്തോഷം ലഭിക്കും. എന്നാൽ, “എല്ലാ സമയത്തും ആശയവിനിമയ മാർഗം തുറന്നിട്ടാൽ മാത്രമേ കുടുംബാധ്യയനത്തിലും നല്ല ആശയവിനിയമം സാധ്യമാകൂ. അല്ലാതെ അധ്യയന സമയത്തുമാത്രം നല്ല ആശയവിനിയമം നടത്തുന്നയാളായി നടിക്കാനാവില്ല,” ഒരു പിതാവ് പറയുന്നു. ‘ഇത്രയേ ഉള്ളോ? കാര്യമായിട്ടെന്തോ പറയാൻ പോകുകയാണെന്നാണല്ലോ ഞാൻ വിചാരിച്ചത്’; ‘എന്തു മണ്ടത്തരമാണ്’; ‘ഓ, ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ വകയില്ലല്ലോ, എന്തൊക്കെയായാലും നീയൊരു കുട്ടിയല്ലേ?’ എന്നിങ്ങനെ മുറിവേൽപ്പിക്കുന്ന വിധത്തിലുള്ള അഭിപ്രായങ്ങൾ തീർച്ചയായും ഒഴിവാക്കുക. (സദൃശവാക്യങ്ങൾ 12:18) കുട്ടികളോട് അനുകമ്പയും കരുണയും കാട്ടുക. (സങ്കീർത്തനം 103:13; മലാഖി 3:17) അവരിൽ ആനന്ദം കണ്ടെത്തുക. തങ്ങൾ പഠിക്കുന്നതു ബാധകമാക്കാൻ ശ്രമിക്കുമ്പോൾ അവരെ പിന്തുണയ്ക്കുക.
കുട്ടിയുടെ മനസ്സ് പ്രബോധനം ഉൾക്കൊള്ളത്തക്ക ഒരു അന്തരീക്ഷമായിരിക്കണം കുടുംബാധ്യയനത്തിന്റേത്. നാലു മക്കളെ വിജയകരമായി വളർത്തിക്കൊണ്ടുവന്ന ഒരു പിതാവ് വിശദീകരിക്കുന്നു: “കുട്ടികളെ തിരുത്താൻ തുടങ്ങുമ്പോൾ അവർ വിദ്വേഷം കാണിക്കും.” അത്തരമൊരു സാഹചര്യത്തിൽ ഒരുപക്ഷേ വിവരങ്ങൾ അവരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയെന്നു വരില്ല. അതുകൊണ്ട്, അധ്യയന സമയം ശിക്ഷണത്തിന്റെയും ശിക്ഷയുടെയും സമയമാക്കാതിരിക്കുക. അവ ആവശ്യമാണെങ്കിൽ പിന്നീട്, കുട്ടി തനിച്ചായിരിക്കുമ്പോൾ അങ്ങനെ ചെയ്യുക.
ശ്രമം മൂല്യവത്താണ്
ആത്മീയമായി സമ്പന്നമായ ഒരു കുടുംബം കെട്ടിപ്പടുക്കാൻ സമയവും ശ്രമവും ആവശ്യമാണ്. എന്നാൽ, സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.” (സങ്കീർത്തനം 127:3) കൂടാതെ, “മക്കളെ . . . കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തു”ന്നതിനുള്ള ഉത്തരവാദിത്വവും മാതാപിതാക്കൾക്കുണ്ട്. (എഫെസ്യർ 6:4) അതുകൊണ്ട്, ഫലപ്രദവും ആസ്വാദ്യവുമായ കുടുംബാധ്യയനം നടത്തുന്നതിനുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുക. “വചനം എന്ന മായമില്ലാത്ത പാൽ” പ്രദാനം ചെയ്യാൻ പരമാവധി ശ്രമിക്കുക. അങ്ങനെയെങ്കിൽ നിങ്ങളുടെ കുട്ടികൾ ‘രക്ഷെക്കായി വളരും.’—1 പത്രൊസ് 2:2; യോഹന്നാൻ 17:3.
[അടിക്കുറിപ്പുകൾ]
ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന പല നിർദേശങ്ങളും കുടുംബാധ്യയനത്തിൽ കുട്ടികളെ സഹായിക്കുന്നതിനോടു ബന്ധപ്പെട്ടിരിക്കുന്നെങ്കിലും ഇതിലെ വിഷയങ്ങൾ കുട്ടികളില്ലാത്ത കുടുംബാധ്യയനത്തിനും ബാധകമാണ്.
ചില പേരുകൾ മാറ്റിയിട്ടുണ്ട്.
വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.