കുടുംബപ്പട്ടിക—കുടുംബാധ്യയനം
1 യഹോവയോട് നിങ്ങൾക്കുള്ളതുപോലുള്ള സ്നേഹം മക്കളിലും ഉൾനടുക; ക്രിസ്തീയ മാതാവോ പിതാവോ എന്നനിലയിൽ നിങ്ങളുടെ മക്കൾക്കു നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണത്. ഇതു ചെയ്യാൻ കഴിയുന്ന സുപ്രധാനമായ ഒരു അവസരം പ്രതിവാര കുടുംബാധ്യയനത്തിനായി നിങ്ങൾ ‘വീട്ടിൽ ഇരിക്കുമ്പോൾ’ ആണ്. (ആവ. 6:5-7) നിങ്ങളുടെ വിവാഹ ഇണ വിശ്വാസി ആണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ കുടുംബാംഗങ്ങൾ ഒരേ വിശ്വാസങ്ങൾ പിൻപറ്റുന്നവരാണെങ്കിലും അല്ലെങ്കിലും കുട്ടികളെ നിങ്ങളിലേക്കും യഹോവയിലേക്കും അടുപ്പിക്കുന്നതിനു ക്രമമായ കുടുംബാധ്യയനം നിങ്ങളെ സഹായിക്കും. നിങ്ങൾ ഒറ്റയ്ക്കുള്ള ഒരു മാതാവോ പിതാവോ ആണെങ്കിൽപ്പോലും ഇതു ശരിയാണ്.
2 തുടക്കമിടൽ: ഒരു കുടുംബമെന്ന നിലയിൽ പഠിക്കുന്ന ഒരു രീതി സ്ഥാപിക്കുകയെന്നതാണ് ആദ്യപടി. ഇങ്ങനെ ഒത്തൊരുമിച്ചിരുന്നു പഠിക്കേണ്ടത് എപ്പോഴാണെന്നു നിങ്ങൾക്കു തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ കുടുംബാംഗങ്ങളോട് ഇക്കാര്യം ചർച്ചചെയ്യരുതോ? (സദൃ. 15:22) നിങ്ങൾക്കു ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ ആഴ്ചയിലുടനീളം കുറേശ്ശെ സമയം അധ്യയനമെടുക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. നിങ്ങളുടെ കുടുംബത്തിന് ഏറ്റവും യോജിച്ച പട്ടിക ഏതാണെന്നു തീരുമാനിക്കുക. നിങ്ങളുടെ കുടുംബപ്പട്ടികയിൽ ഇതിനായി ഒരു നിശ്ചിത സമയം പട്ടികപ്പെടുത്തുക, അതിനോടു പറ്റിനിൽക്കാൻ ദൃഢനിശ്ചയം ചെയ്യുക.
3 എന്താണു പഠിക്കേണ്ടത്? ചിലർ തുടർന്നുവരുന്ന വാരത്തിലെ പുസ്തകാധ്യയനത്തിനോ വീക്ഷാഗോപുര അധ്യയനത്തിനോ ഉള്ള ഭാഗം തയ്യാറാകാൻ തീരുമാനിക്കുന്നു. മറ്റു ചിലർ യുവജനങ്ങളെ മനസ്സിൽക്കണ്ടു തയ്യാർ ചെയ്തിരിക്കുന്ന വിവരങ്ങൾ ചർച്ചചെയ്യാൻ ഇഷ്ടപ്പെടുന്നു. രണ്ടു കൊച്ചുകുട്ടികളുടെ പിതാവ് ഇപ്രകാരം പറഞ്ഞു: “അധ്യയനത്തിന്റെ ഭാഗമായി ഞങ്ങൾ എന്റെ ബൈബിൾ കഥാപുസ്തകത്തിലെ രംഗങ്ങൾ അഭിനയിക്കുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം അധ്യയനത്തെ ആഴ്ചയിലെ ഒരു സവിശേഷ സംഗതിയാക്കുന്നത് അതാണ്. എത്രയധികം ഖണ്ഡികകൾ പഠിക്കുന്നു എന്നതിനെക്കാൾ പ്രധാനം പഠിക്കുന്നത് എത്രമാത്രം മനസ്സിൽ പതിയുന്നു, അത് എത്ര നന്നായി ഗ്രഹിക്കുന്നു എന്നതാണ്.”
4 വാരംതോറും പഠിക്കുക: കുടുംബാധ്യയനം ക്രമമായി നടത്തേണ്ടതുണ്ട്. കുടുംബാംഗങ്ങൾ എല്ലാവരും സന്തോഷത്തോടെ കാത്തിരിക്കുന്ന ഒന്നായിരിക്കണം അത്. അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ ദിവസമോ സമയമോ മാറ്റിക്കൊണ്ട് ചില പൊരുത്തപ്പെടുത്തലുകൾ വേണ്ടിവന്നേക്കാം. ചർച്ചചെയ്യുന്ന വിഷയവും ചില സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റേണ്ടതുണ്ടായിരുന്നേക്കാം. എന്നാൽ ഇങ്ങനെയുള്ള അത്യാവശ്യ മാറ്റങ്ങൾ വരുത്തുന്നത് ഒരു കാരണവശാലും കുടുംബാധ്യയന പട്ടികയിൽനിന്ന് ഏറെ വ്യതിചലിച്ചുപോകാൻ ഇടവരുത്തരുത്. “അധ്യയന സമയം മാറ്റേണ്ടിവരുമ്പോൾ ഡാഡി, അടുത്ത അധ്യയനം എപ്പോഴായിരിക്കുമെന്ന് എഴുതി എല്ലാവരും കാണാൻ സാധ്യതയുള്ള ഒരു സ്ഥലത്തു വെക്കും, അങ്ങനെ അധ്യയന സമയം ഞങ്ങൾക്കെല്ലാം അറിയാൻ കഴിയും,” ഒരു മകൾ പറയുന്നു. കുടുംബാധ്യയനം മുടങ്ങാതെ നടത്താൻവേണ്ടിയുള്ള ഇത്തരം ശ്രമങ്ങൾ എത്ര ശ്ലാഘനീയമാണ്! മക്കളെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” പോറ്റിവളർത്തുന്നതിൽ തുടരുമ്പോൾ നിങ്ങൾ മക്കളോടും നമ്മുടെ സ്വർഗീയ പിതാവിനോടും ഉള്ള സ്നേഹം പ്രകടിപ്പിക്കുകയായിരിക്കും.—എഫെസ്യർ 6:4.