ബൈബിൾ പഠനം—പൂർണ പങ്ക് ഉണ്ടായിരിക്കാൻ കുടുംബാംഗങ്ങൾക്കു സഹകരിക്കാൻ കഴിയുന്ന വിധം
1 സത്യം കുടുംബ ജീവിതത്തിന് യഥാർഥ അർഥവും ഉദ്ദേശ്യവും കൈവരുത്തുന്നു എങ്കിലും യഹോവയെ സേവിക്കുന്നതിലുള്ള വിജയം സ്വാഭാവികമായി വന്നു ചേരുന്ന ഒന്നല്ല. ആത്മീയമായി ശക്തമായ ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിനു സമയവും ശ്രമവും ആവശ്യമാണ്. ഈ ഉദ്യമത്തിൽ, കുടുംബാംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതു വളരെ ആവശ്യമാണ്. മൂന്നു ഭാഗങ്ങളുള്ള ഒരു പരമ്പരയിലെ ഈ ആദ്യ ലേഖനം, നല്ല പഠന ശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ കുടുംബങ്ങൾക്കു സഹകരിക്കാൻ കഴിയുന്നത് എങ്ങനെ എന്നു ചർച്ച ചെയ്യും.
2 ബൈബിൾ ദിവസേന വായിച്ചുകൊണ്ട്: “പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു” എന്നു സദൃശവാക്യങ്ങൾ 24:5 പറയുന്നു. ദൈവവചനം ക്രമമായി വായിക്കുന്നതിലൂടെ ലഭിക്കുന്ന പരിജ്ഞാനം, ഒരു വ്യക്തിക്കു തന്റെ ആത്മീയതയുടെ മേലുള്ള സാത്താന്റെ കടന്നാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ ആവശ്യമായ ആന്തരിക ശക്തി പ്രദാനം ചെയ്യുന്നു. (സങ്കീ. 1:1, 2) നിങ്ങൾ ഒരു കുടുംബം എന്ന നിലയിൽ ഒത്തൊരുമിച്ചു ക്രമമായി ബൈബിൾ വായിക്കുന്നുണ്ടോ? ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയിൽ മുഴു വർഷത്തേക്കും വേണ്ട പ്രതിവാര “അനുബന്ധ ബൈബിൾ വായന പട്ടിക” നൽകിയിരിക്കുന്നു. അതു പിൻപറ്റുന്നതിനു ദിവസവും 10 മിനിറ്റിൽ താഴെ മാത്രമേ ചെലവഴിക്കേണ്ടതുള്ളൂ. ബൈബിൾ വായനയ്ക്കും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽ നിന്നുള്ള ദിനവാക്യ പരിചിന്തനത്തിനും അനുയോജ്യമായ ഒരു സമയം തിരഞ്ഞെടുക്കുക—പ്രഭാത ഭക്ഷണ വേളയിലോ അത്താഴ ശേഷമോ അതുമല്ലെങ്കിൽ ഉറങ്ങുന്നതിനു തൊട്ടുമുമ്പോ എപ്പോൾ വേണമെങ്കിലുമാകാം ഇത്. ഇതു നിങ്ങളുടെ കുടുംബത്തിന്റെ ദിനചര്യയുടെ ഭാഗമാക്കുക.
3 എല്ലാ ആഴ്ചയിലും ഒരുമിച്ചു പഠിച്ചുകൊണ്ട്: ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം, കുടുംബ ബൈബിൾ അധ്യയനം ആയിരിക്കണം വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി. ഓരോ അംഗവും ഉത്സാഹത്തോടെ പഠനത്തിൽ പങ്കെടുത്തുകൊണ്ട് അതിനെ പിന്തുണയ്ക്കേണ്ടതുണ്ട്. എന്താണു പഠിക്കേണ്ടതെന്നും എന്ന്, എപ്പോൾ, എത്ര സമയം പഠിക്കണമെന്നും തീരുമാനിക്കുമ്പോൾ കുടുംബത്തലവൻ കുടുംബത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഓരോ വാരത്തിലെയും പട്ടികയിൽ കുടുംബ അധ്യയനത്തിനു പ്രമുഖ സ്ഥാനം നൽകുക. പ്രാധാന്യം കുറഞ്ഞ സംഗതികൾ അതിനു തടസ്സമാകാൻ അനുവദിക്കരുത്.—ഫിലി. 1:10, 11, NW.
4 വീട്ടിൽ സാധാരണമായി ബിസിനസ് സംബന്ധമായ ഫോൺ കോളുകൾ ലഭിക്കാറുണ്ടായിരുന്ന ഒരു പിതാവ്, കുടുംബ അധ്യയന വേളയിൽ ഫോൺ ബന്ധം വിച്ഛേദിച്ചിടുമായിരുന്നു. ബിസിനസ് ഇടപാടുകാർ വീട്ടിൽ വരികയാണെങ്കിൽ അധ്യയനത്തിൽ പങ്കുചേരാൻ അവരെയും ക്ഷണിക്കുകയോ അതു തീരുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുമായിരുന്നു. യാതൊന്നും കുടുംബ അധ്യയനത്തിനു തടസ്സമാകാതിരിക്കാൻ പിതാവു പ്രത്യേകം ശ്രദ്ധയുള്ളവൻ ആയിരുന്നു. ഇത് അദ്ദേഹത്തിന്റെ കുട്ടികളെ ആഴത്തിൽ സ്വാധീനിച്ചു. ബിസിനസാണെങ്കിൽ അഭിവൃദ്ധിപ്പെടുകയും ചെയ്തു.
5 കുടുംബാംഗങ്ങൾ ആത്മീയ കാര്യങ്ങളിൽ പരസ്പരം സഹകരിക്കുന്നത് എത്രയോ ആഹ്ലാദകരമാണ്! കുടുംബ ബൈബിൾ പഠനത്തിൽ പൂർണ പങ്ക് ഉണ്ടായിരിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളിൽ വിശ്വസ്തർ ആയിരിക്കുന്നതു തീർച്ചയായും യഹോവയുടെ അനുഗ്രഹത്തിൽ കലാശിക്കും.—സങ്കീ. 1:3.