കുടുംബനാഥന്മാരേ, നല്ല ഒരു ആത്മീയ ചര്യ നിലനിറുത്തുവിൻ
1 വിഗ്രഹാരാധനയും അഴിമതിയും വ്യാപകമായ ബാബിലോണിൽ പതിറ്റാണ്ടുകളോളം ജീവിച്ചിട്ടും യഹോവയെ “ഇടവിടാതെ” സേവിക്കുന്നവനായി ദാനീയേൽ അറിയപ്പെട്ടിരുന്നു. (ദാനീ. 6:16, 20) തന്റെ ആത്മീയത അവൻ എങ്ങനെയാണു നിലനിറുത്തിയത്? സത്യാരാധനയോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അവന് ചിട്ടയോടുകൂടിയ ഒരു ചര്യ ഉണ്ടായിരുന്നതായി ബൈബിൾ രേഖ സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, തന്റെ മാളികമുറിയിൽ പോയി ദിവസവും മൂന്നുനേരം പ്രാർഥിക്കുന്ന ഒരു രീതി അവനുണ്ടായിരുന്നു. (ദാനീ. 6:10) നിസ്സംശയമായും, ന്യായപ്രമാണം വായിക്കുന്നതുപോലുള്ള മറ്റ് ആത്മീയ പ്രവർത്തനങ്ങൾക്കും ഒരു വ്യവസ്ഥാപിതക്രമം അവൻ പിൻപറ്റി. തന്നിമിത്തം, മരണകരമായ ഒരു പരിശോധനയെ അഭിമുഖീകരിച്ചപ്പോൾ യഹോവയോടുള്ള ഭക്തിയിൽ അവൻ അചഞ്ചലനായി നിലകൊണ്ടു; അത്ഭുതകരമായി യഹോവ അവനെ വിടുവിക്കുകയും ചെയ്തു.—ദാനീ. 6:4-22.
2 സമാനമായി ഇന്നും, “സകല സ്ഥിരതയോടും കൂടെ ഉണർന്നിരി”ക്കാൻ നാം കഠിനശ്രമം ചെയ്യണം. (എഫെ. 6:18, NW) “ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന” ലോകത്തിലാണു നാം ജീവിക്കുന്നത്. (1 യോഹ. 5:19) എതിർപ്പുകളും പരിശോധനകളും പൊടുന്നനെ ഉയർന്നുവന്ന് നമ്മുടെ വിശ്വാസത്തിന്റെ മാറ്റുരച്ചേക്കാം. മഹോപദ്രവ സമയത്ത്, ദൈവജനം മാഗോഗിലെ ഗോഗിന്റെ സമഗ്രമായ ആക്രമണത്തിനു പാത്രമാകും. രക്ഷപെടുക സാധ്യമല്ല എന്നു തോന്നുംവിധം അത് അത്ര ശക്തമായിരിക്കും. ഇത് യഹോവയിലുള്ള സമ്പൂർണ ആശ്രയം ആവശ്യമാക്കിത്തീർക്കും.—യെഹെ. 38:14-16.
3 “ഒരു സുപ്രധാനമായ മാർഗം ഫലപ്രദമായ കുടുംബ ബൈബിൾ വായനയും അധ്യയനവും ചർച്ചയും ഒരു ജീവിതചര്യയാക്കുക എന്നതാണ്.” “കുടുംബങ്ങളേ—അനുദിന ബൈബിൾ വായന നിങ്ങളുടെ ജീവിതചര്യയാക്കുക!” എന്ന 1998-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ നാടകത്തിന്റെ പ്രാരംഭ പ്രസ്താവന അതായിരുന്നു. അത് ഇപ്രകാരം തുടർന്നു: “കുടുംബങ്ങൾ അത്തരമൊരു പരിപാടി ബൈബിളിന്റെ സ്വാധീനത്തിന് വിധേയമായിക്കൊണ്ട് പതിവായി ചെയ്യുമ്പോൾ ആ ബൈബിളധിഷ്ഠിത ജീവിതചര്യയ്ക്ക് കുടുംബത്തിന്മേൽ ശക്തമായ പ്രഭാവം ചെലുത്താൻ കഴിയും. അതു നമ്മുടെ പരിജ്ഞാനം വർധിപ്പിക്കുന്നു. വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു. സത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന, നമ്മെ സ്വാധീനിക്കാൻ കഴിയുന്ന മാതൃകാപാത്രങ്ങളെ—വിശ്വസ്തതയുടെ ഉത്തമ ദൃഷ്ടാന്തങ്ങളായിരുന്ന പുരാതന സ്ത്രീപുരുഷന്മാരെ—അതു നമുക്കു നൽകുന്നു.” നല്ല ഒരു ആത്മീയ ചര്യയുടെ വിവിധ വശങ്ങൾ നാമിപ്പോൾ പരിചിന്തിക്കവേ, തങ്ങളുടെ കുടുംബത്തിന്റെ ആത്മീയ കാര്യപരിപാടി മെച്ചപ്പെടുത്താനുള്ള ഒന്നോ രണ്ടോ മാർഗങ്ങൾ കണ്ടെത്താൻ കുടുംബനാഥന്മാർ ശ്രദ്ധിക്കണം.
4 ദൈവവചനം ദൈനംദിനം പരിചിന്തിക്കുക: “ദൈവരാജ്യം എതിരാളികൾ ഇല്ലാതെ ഭരണം നടത്തുകയും ദൈവേഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടപ്പാകുകയും ചെയ്യുമ്പോൾ ദ്രോഹബുദ്ധിയായ യാതൊരു മനുഷ്യനും, മൃഗങ്ങൾ പോലും, ‘ഒരു ദോഷമോ നാശമോ . . .ചെയ്കയില്ല.’ (യെശ. 11:9; മത്താ. 6:9, 10)” തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2001 എന്ന പ്രസിദ്ധീകരണത്തിന്റെ സെപ്റ്റംബർ 11-ലെ അഭിപ്രായങ്ങളിൽ നിന്നുള്ളതാണ് ഈ വാക്കുകൾ. ഈ ഓർമിപ്പിക്കൽ എത്ര ആശ്വാസദായകമായിരുന്നു! ഒരു കുടുംബനാഥൻ എന്ന നിലയിൽ നിങ്ങളുടെ കുടുംബത്തോടൊപ്പം ദിനവാക്യവും അതിന്റെ അഭിപ്രായങ്ങളും പരിചിന്തിക്കുന്ന പതിവ് നിങ്ങൾക്കുണ്ടോ? ഇത് അങ്ങേയറ്റം പ്രയോജനപ്രദമാണ്. രാവിലെ ഒരുമിച്ചുകൂടുക പ്രായോഗികമല്ലെങ്കിൽ ദിവസത്തിന്റെ മറ്റേതെങ്കിലും ഒരു സമയത്ത് കൂടിവരാൻ കഴിഞ്ഞേക്കും. ഒരു പിതാവ് ഇപ്രകാരം പറഞ്ഞു: “അത്താഴ വേളയാണു ഞങ്ങൾക്കു ദിനവാക്യം പരിചിന്തിക്കുന്നതിനുള്ള ഉചിതമായ സമയം.”
5 ദിനവാക്യം പരിചിന്തിക്കുന്നതിൽ ഇപ്പോൾത്തന്നെ ഒരു നല്ല ക്രമം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു. അങ്ങനെയെങ്കിൽ ഒരു ബൈബിൾ ഭാഗം കൂടി അതോടൊപ്പം വായിച്ചുകൊണ്ടു കൂടുതലായ പ്രയോജനം നേടാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. അന്നത്തെ ദിനവാക്യം എടുത്തിരിക്കുന്ന അധ്യായം മുഴുവൻ വായിക്കുന്ന രീതി ചിലർക്കുണ്ട്. മറ്റുചിലർ തിരഞ്ഞെടുത്ത ഒരു ബൈബിൾ പുസ്തകം ക്രമാനുഗതമായി വായിച്ചു തീർക്കുന്നു. യഹോവയെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭയം നട്ടുവളർത്താനും അവന്റെ ഇഷ്ടം ചെയ്യാനുള്ള ആഗ്രഹം ശക്തമാക്കാനും ദൈനംദിന ബൈബിൾ വായന നിങ്ങളുടെ കുടുംബത്തെ സഹായിക്കും.—ആവ. 17:18-20.
6 നൽകിയിരിക്കുന്ന വിവരങ്ങളുടെ പ്രായോഗികമൂല്യം ചർച്ചചെയ്യാൻ ഏതാനും മിനിട്ടുകൾ എടുക്കാമെങ്കിൽ നിങ്ങളുടെ ബൈബിൾ വായനാപരിപാടിയും ദിനവാക്യ പരിചിന്തനവും കൂടുതൽ അർഥവത്താകും. ശുശ്രൂഷാസ്കൂൾ പാഠപുസ്തകം, അതിന്റെ 60-ാം പേജിൽ ഈ നിർദേശം നൽകുന്നു: “ആ വാരത്തേക്കു വേണ്ടി പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾ വായനാ ഭാഗത്തുനിന്ന് ഏതാനും വാക്യങ്ങൾ തിരഞ്ഞെടുത്ത് അവയുടെ അർഥം ചർച്ച ചെയ്യാനും തുടർന്ന് പിൻവരുന്നതു പോലുള്ള ചോദ്യങ്ങൾ അവരോടു ചോദിക്കാനും നിങ്ങൾക്കു കഴിയും: ‘ഇത് നമുക്കു മാർഗനിർദേശം നൽകുന്നത് എങ്ങനെ? ഈ വാക്യങ്ങൾ നമുക്ക് ശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാൻ കഴിയും? യഹോവയെയും അവൻ കാര്യങ്ങൾ ചെയ്യുന്ന വിധത്തെയും കുറിച്ച് അവ എന്തു വെളിപ്പെടുത്തുന്നു, അത് അവനോടുള്ള നമ്മുടെ വിലമതിപ്പു കെട്ടുപണി ചെയ്യുന്നത് എങ്ങനെ?’” അത്തരം ആത്മീയ സംഭാഷണങ്ങൾ “യഹോവയുടെ ഇഷ്ടം എന്തെന്നു ഗ്രഹിച്ചുകൊണ്ടേയിരിക്കു”ന്നതിന് നിങ്ങളുടെ കുടുംബത്തിലുള്ള സകലരെയും സഹായിക്കും.—എഫെ. 5:17, NW.
7 കുടുംബ അധ്യയനം: ആത്മീയ കാര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകേണ്ടതിന്റെ പ്രാധാന്യം കുടുംബനാഥന്മാർക്കു തങ്ങളുടെ കുട്ടികളെ കാണിച്ചുകൊടുക്കാൻ കഴിയുന്ന ഒരു മികച്ച മാർഗം സ്ഥിരമായി എല്ലാ വാരത്തിലും കുടുംബ അധ്യയനം നടത്തുന്നതാണ്. ഒരു യുവാവ് ഇപ്രകാരം ഓർമിക്കുന്നു: “ജോലികഴിഞ്ഞ് നന്നേ ക്ഷീണിച്ചായിരുന്നു പലപ്പോഴും ഡാഡി വീട്ടിലെത്തിയിരുന്നത്. ഉറക്കം വരുന്നുണ്ടെങ്കിൽ പോലും അദ്ദേഹം അധ്യയനം എടുക്കുമായിരുന്നു. ഇത് കുടുംബ അധ്യയനത്തിന്റെ ഗൗരവം മനസ്സിലാക്കാൻ ഞങ്ങളെ സഹായിച്ചു.” ഈ ക്രമീകരണത്തെ വിജയിപ്പിക്കാൻ കുട്ടികൾക്കും ചില കാര്യങ്ങൾ ചെയ്യാനാകും. കുടുംബ അധ്യയനത്തിന് മറ്റൊരു സമയവും ലഭിക്കാതെ വന്നപ്പോൾ, ഒമ്പതു കുട്ടികളുള്ള ഒരു കുടുംബം പതിവായി വെളുപ്പിന് അഞ്ചുമണിക്ക് എഴുന്നേറ്റ് തങ്ങളുടെ ചർച്ച നടത്തുമായിരുന്നു.
8 കുടുംബ അധ്യയനം ഫലപ്രദമായിരിക്കണമെങ്കിൽ, കുടുംബനാഥൻ ‘തന്റെ പഠിപ്പിക്കലിനു നിരന്തര ശ്രദ്ധ കൊടുക്കണം.’ (1 തിമൊ. 4:16, NW) ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 32-ാം പേജിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “നിങ്ങളുടെ കുടുംബത്തെ കുറിച്ചുതന്നെ പഠിക്കുന്നതാണു ഫലകരമായ കുടുംബ അധ്യയനത്തിന്റെ തുടക്കം എന്നു പറയാവുന്നതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആത്മീയ പുരോഗതി എങ്ങനെയുണ്ട്? . . . കുട്ടികളോടൊപ്പം നിങ്ങൾ വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ, കൂട്ടുകാരുടെ മുന്നിൽ തങ്ങൾ യഹോവയുടെ സാക്ഷികൾ ആണെന്നു പറയാൻ അവർക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? കുടുംബ ബൈബിൾ വായനയും അധ്യയനവും അവർ ആസ്വദിക്കുന്നുണ്ടോ? അവർ യഥാർഥത്തിൽ യഹോവയുടെ വഴി സ്വന്തം ജീവിതഗതി ആക്കുന്നുണ്ടോ? ഓരോ കുടുംബാംഗത്തിലും ആത്മീയ ഗുണങ്ങൾ നട്ടുവളർത്തുന്നതിന് കുടുംബനാഥൻ എന്ന നിലയിൽ നിങ്ങൾ എന്തു ചെയ്യേണ്ടിയിരിക്കുന്നു എന്നു ശ്രദ്ധാപൂർവമായ നിരീക്ഷണം വെളിപ്പെടുത്തും.”
9 സഭായോഗങ്ങൾ: യോഗങ്ങൾക്കു തയ്യാറാകുന്നതും അതിൽ സംബന്ധിക്കുന്നതും നിങ്ങളുടെ പ്രതിവാര ചര്യയുടെ മർമപ്രധാന ഭാഗമായിരിക്കണം. (എബ്രാ. 10:24, 25) ചിലപ്പോഴൊക്കെ, കുടുംബം ഒത്തൊരുമിച്ചിരുന്ന് ചില യോഗങ്ങൾക്കു തയ്യാറാകാൻ കഴിഞ്ഞേക്കും. അവസാന നിമിഷം വരെ കാത്തിരിക്കാതെ മുൻകൂട്ടി തയ്യാറാകുന്നതിനുള്ള ക്രമീകരണം ചെയ്യാൻ സാധിക്കുമോ? ഇക്കാര്യത്തിൽ ഒരു പതിവു ക്രമം പിൻപറ്റുന്നത് തയ്യാറാകലിന്റെ ഗുണമേന്മയും യോഗങ്ങളിൽ നിന്നു ലഭിക്കുന്ന പ്രയോജനങ്ങളുടെ അളവും വർധിപ്പിക്കും.—സദൃ. 21:5.
10 ഫലപ്രദമായ ഒരു ആത്മീയ ചര്യയുടെ സവിശേഷതകളാണ് ഗുണമേന്മയും സ്ഥിരതയും. എല്ലാ യോഗങ്ങൾക്കും തയ്യാറാകാൻ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ എന്തു ചെയ്യാൻ കഴിയും? ശുശ്രൂഷാസ്കൂൾ പാഠപുസ്തകം അതിന്റെ 31-ാം പേജിൽ ഈ നിർദേശം വെക്കുന്നു: “എങ്ങനെയെങ്കിലുമൊന്ന് പഠിച്ചു തീർക്കണമല്ലോ എന്നു വിചാരിച്ച് വിവരങ്ങൾ ഓടിച്ചുനോക്കിവിടുന്നത് ഒഴിവാക്കുക. ഇനി, മുഴുവനും പഠിക്കാൻ കഴിയാത്തതുകൊണ്ട് ഒന്നും പഠിക്കുന്നില്ലെന്നു വെക്കുന്നെങ്കിൽ അത് ഏറെ കഷ്ടമാണ്. പകരം, നിങ്ങൾക്ക് എത്രമാത്രം പഠിക്കാൻ കഴിയുമെന്നു നിർണയിക്കുക. എന്നിട്ട് അതു നന്നായി പഠിക്കുക. ഓരോ ആഴ്ചയും അങ്ങനെ ചെയ്യുക. ക്രമേണ, മറ്റു യോഗങ്ങൾക്കായും ഈ രീതിയിൽ തയ്യാറായിക്കൊണ്ട് പഠിക്കുന്ന കാര്യങ്ങളുടെ അളവു വർധിപ്പിക്കുക.”
11 കുടുംബങ്ങൾ യോഗങ്ങൾക്കു നേരത്തേ വരുമ്പോൾ, യഹോവയെ സ്തുതിക്കാനും അവൻ നൽകുന്ന പ്രബോധനത്തിൽ നിന്നു പ്രയോജനം നേടാനും സഹായിക്കുന്ന ഉചിതമായ ഒരു മാനസികനില കൈവരിക്കാൻ അവർക്കു കഴിയുന്നു. നിങ്ങളുടെ കുടുംബത്തിന് ആ രീതിയുണ്ടോ? നല്ല ആസൂത്രണവും കുടുംബത്തിലെ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും ഇതിന് ആവശ്യമാണ്. വൈകിട്ടു യോഗങ്ങളുള്ളപ്പോൾ നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് തിരക്കിട്ടു കാര്യങ്ങൾ ചെയ്യേണ്ടിവരുന്നതായും അല്ലെങ്കിൽ സമ്മർദം അനുഭവപ്പെടുന്നതായും കാണുന്നെങ്കിൽ പതിവു രീതികൾക്കു ചില പൊരുത്തപ്പെടുത്തലുകൾ വരുത്താൻ സാധിക്കുമോ? കാലേകൂട്ടി ചെയ്തുതീർക്കാവുന്ന ജോലികളുണ്ടോ? ഒരു കുടുംബാംഗത്തിനു ജോലി കൂടുതലാണെങ്കിൽ മറ്റുള്ളവർക്കു സഹായിക്കാൻ കഴിയുമോ? യോഗങ്ങൾക്കു പോകാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിന് ഏതാനും മിനിട്ടു മുമ്പുതന്നെ എല്ലാവരും തയ്യാറായി ഇറങ്ങുന്നത് സമ്മർദം ലഘൂകരിക്കുകയില്ലേ? ചിട്ടയോടു കൂടെ കാര്യങ്ങൾ ചെയ്യുന്നത് കുടുംബത്തിലെയും സഭയിലെയും സമാധാനം വർധിപ്പിക്കും.—1 കൊരി. 14:33, 40.
12 വയൽസേവനം: ശുശ്രൂഷയിൽ പങ്കെടുക്കാൻ നിശ്ചിതസമയം മുൻകൂട്ടി വേർതിരിക്കുന്നതാണ് നല്ല ആത്മീയ ചര്യയിലെ മറ്റൊരു ഘടകം. ജെയ്സൺ എന്ന ഒരു യുവാവ് ഇങ്ങനെ ഓർമിക്കുന്നു: “എന്റെ കുടുംബം എല്ലാ ശനിയാഴ്ചയും രാവിലെ സമയം വയൽസേവനത്തിനായി നീക്കിവെച്ചിരുന്നു. അത് എനിക്കു ഗുണം ചെയ്തു. കാരണം, എത്രയധികം ശുശ്രൂഷയിൽ ഏർപ്പെട്ടോ അത്രയധികം അതു കൈവരുത്തുന്ന നന്മ എനിക്കു കാണാൻ കഴിഞ്ഞു. ഞാൻ അതു കൂടുതൽ ആസ്വദിക്കാൻ തുടങ്ങി.” ഓരോ വാരത്തിലും ശുശ്രൂഷയ്ക്കായി ഒരു നിശ്ചിതസമയം പട്ടികപ്പെടുത്തിയത് ക്രിസ്തീയ ശുശ്രൂഷകരായി പുരോഗമിക്കാൻ തങ്ങളെ സഹായിച്ചെന്ന് സാക്ഷിക്കുടുംബങ്ങളിൽ വളർന്നുവന്ന അനേകരും കണ്ടെത്തിയിരിക്കുന്നു.
13 നിങ്ങളുടെ കുടുംബം വയൽശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയം കൂടുതൽ ആസ്വാദ്യവും ഫലപ്രദവും ആക്കാൻ ചിട്ടയോടു കൂടിയ ഒരു ചര്യ സഹായിക്കും. ഇത് എങ്ങനെ സാധിക്കും? 1999 ജൂലൈ 1 ലക്കം വീക്ഷാഗോപുരം അതിന്റെ 21-ാം പേജിൽ ഈ നിർദേശം നൽകി: “വാരംതോറുമുള്ള വയൽസേവനത്തിനായി ഒരുങ്ങാൻ കുടുംബ അധ്യയന സമയത്ത് കുടുംബാംഗങ്ങളെ നിങ്ങൾ ഇടയ്ക്കിടെ സഹായിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത് വളരെ പ്രയോജനപ്രദം ആയിരിക്കാവുന്നതാണ്. (2 തിമൊഥെയൊസ് 2:15) അവരുടെ ശുശ്രൂഷ അർഥവത്തും ഫലപ്രദവുമാക്കാൻ അതിനു സഹായിക്കാനാകും. അത്തരം ഒരുക്കത്തിനായി ചിലപ്പോഴൊക്കെ മുഴു അധ്യയന വേളയും മാറ്റിവെക്കാൻ സാധിക്കും. മിക്കപ്പോഴും, കുടുംബ അധ്യയനത്തിന്റെ ഒടുവിലോ വാരത്തിൽ മറ്റേതെങ്കിലും സമയത്തോ വയൽശുശ്രൂഷയുടെ വിവിധ വശങ്ങളെ കുറിച്ചു ഹ്രസ്വമായി ചർച്ച ചെയ്യാവുന്നതാണ്.” നിങ്ങളുടെ കുടുംബം ഇതു പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ?
14 പുരോഗതി വരുത്തുന്നതിൽ തുടരുക: ഈ പരിചിന്തനത്തിൽ നിന്നും നിങ്ങളുടെ കുടുംബം ഇപ്പോൾ നന്നായി ചെയ്യുന്ന മേഖലകൾ നിങ്ങൾ നിരീക്ഷിച്ചോ? അതിന് അവരെ അഭിനന്ദിക്കുക, കൂടുതൽ പുരോഗതി വരുത്താൻ പരിശ്രമിക്കുക. മെച്ചപ്പെടേണ്ട അനേകം മണ്ഡലങ്ങൾ ഉള്ളതായി നിങ്ങൾ കാണുന്നെങ്കിൽ, ഒന്നോ രണ്ടോ തിരഞ്ഞെടുത്ത് ആദ്യം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അവ നിങ്ങളുടെ ആത്മീയ ചര്യയുടെ ഭാഗമായിക്കഴിഞ്ഞാൽ അടുത്ത ഒന്നുരണ്ടു കാര്യങ്ങളിൽ ലക്ഷ്യം വെക്കുക. ശുഭാപ്തിവിശ്വാസവും ന്യായബോധവും ഉള്ളവരായിരിക്കുക. (ഫിലി. 4:4, 5) നിങ്ങളുടെ കുടുംബത്തിന് നല്ല ഒരു ആത്മീയ ചര്യ പ്രാബല്യത്തിൽ കൊണ്ടുവരിക എന്നതു ശ്രമം ആവശ്യമായ ഒരു സംഗതിയാണ്. എന്നാൽ അതു ശ്രമത്തിനു തക്ക മൂല്യമുള്ളതു തന്നെയാണ്. കാരണം യഹോവ ഇപ്രകാരം ഉറപ്പുനൽകുന്നു: “തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.”—സങ്കീ. 50:23.