കുടുംബങ്ങളേ, ദൈവത്തിന്റെ സഭയുടെ ഭാഗമെന്ന നിലയിൽ അവനെ സ്തുതിപ്പിൻ
“സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.”—സങ്കീർത്തനം 26:12.
1. വീട്ടിൽവെച്ചുള്ള പഠനത്തിനും പ്രാർഥനയ്ക്കും പുറമേ, മറ്റെന്തു കൂടി സത്യാരാധനയുടെ ഒരു മുഖ്യ ഭാഗമാണ്?
യഹോവയെ ആരാധിക്കുന്നതിൽ വീട്ടിൽവെച്ചുള്ള പ്രാർഥനയും ബൈബിൾ പഠനവും മാത്രമല്ല, ദൈവസഭയുടെ ഭാഗമെന്ന നിലയിലുള്ള പ്രവർത്തനവും ഉൾപ്പെടുന്നു. ജനങ്ങൾ ദൈവത്തിന്റെ വഴിയിൽ നടക്കാൻ തക്കവണ്ണം അവന്റെ പ്രമാണങ്ങൾ പഠിക്കുന്നതിന് ‘പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വിളിച്ചുകൂട്ടണം’ എന്നു പുരാതന ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 31:12, 13; യോശുവ 8:35) യഹോവയുടെ നാമത്തെ സ്തുതിക്കുന്നതിൽ പങ്കുണ്ടായിരിക്കാൻ പ്രായമുള്ളവർ മാത്രമല്ല, ‘യുവാക്കളും യുവതികളും’ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 148:12, 13) ക്രിസ്തീയ സഭയ്ക്കുള്ളിലും സമാനമായ ക്രമീകരണങ്ങൾ ബാധകമാണ്. ഭൂമിയിലെമ്പാടുമുള്ള രാജ്യഹാളുകളിൽ, സദസ്യ പങ്കുപറ്റലോടെ നടത്തുന്ന പരിപാടികളിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും സ്വതന്ത്രമായി പങ്കെടുക്കുന്നു. അനേകരും അതിൽ വലിയ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.—എബ്രായർ 10:23-25.
2. (എ) യോഗങ്ങൾ ആസ്വദിക്കാൻ കുട്ടികളെ സഹായിക്കുന്നതിൽ തയ്യാറാകൽ ഒരു മുഖ്യ ഘടകം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) ആർ മാതൃക വെക്കുന്നതു പ്രധാനമാണ്?
2 ആരോഗ്യകരമായ സഭാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ സഹായിക്കുന്നത് ഒരു വെല്ലുവിളി ആയിരിക്കാം. മാതാപിതാക്കളോടൊപ്പം യോഗങ്ങളിൽ പങ്കെടുക്കുന്ന ചില കുട്ടികൾക്ക് അവ ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ, എന്തായിരിക്കാം അവരുടെ പ്രശ്നം? മിക്ക കുട്ടികൾക്കും അധിക നേരം ശ്രദ്ധിച്ചിരിക്കാൻ കഴിയില്ല, അവർക്കു പെട്ടെന്നു മുഷിപ്പു തോന്നുന്നു. യോഗങ്ങൾക്കുള്ള തയ്യാറാകൽ അതു പരിഹരിക്കാൻ സഹായകമാണ്. തയ്യാറാകാത്തപക്ഷം, യോഗങ്ങളിൽ അർഥവത്തായി പങ്കുപറ്റാൻ കുട്ടികൾക്കു കഴിയാതാകും. (സദൃശവാക്യങ്ങൾ 15:23) മാത്രമല്ല, സംതൃപ്തി കൈവരുത്തുന്ന ആത്മീയ പുരോഗതി പ്രാപിക്കാനും അവർക്കു ബുദ്ധിമുട്ടായിരിക്കും. (1 തിമൊഥെയൊസ് 4:12, 15) അപ്പോൾ എന്തു ചെയ്യാനാകും? ഒന്നാമതായി, തങ്ങൾതന്നെ യോഗങ്ങൾക്കു തയ്യാറാകുന്നുണ്ടോ എന്നു മാതാപിതാക്കൾക്കു സ്വയം ചോദിക്കാൻ കഴിയും. അവരുടെ മാതൃക ശക്തമായ സ്വാധീനം ചെലുത്തുന്നു. (ലൂക്കൊസ് 6:40) കുടുംബ അധ്യയനത്തിനായി ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുന്നതും ഒരു മുഖ്യ ഘടകമാണ്.
ഹൃദയത്തെ കെട്ടുപണി ചെയ്യൽ
3. കുടുംബ അധ്യയന വേളയിൽ ഹൃദയങ്ങളെ കെട്ടുപണി ചെയ്യാൻ പ്രത്യേക ശ്രമം നടത്തേണ്ടത് എന്തുകൊണ്ട്, അതിന് ആവശ്യമായിരിക്കുന്നത് എന്താണ്?
3 കേവലം ശിരോജ്ഞാനം നേടുക എന്നതായിരിക്കരുത് കുടുംബ അധ്യയനത്തിന്റെ ഉദ്ദേശ്യം, അതു ഹൃദയങ്ങളെ കെട്ടുപണി ചെയ്യാനുള്ള ഒരു അവസരം കൂടി ആയിരിക്കണം. അതിനു കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച അവബോധവും ഓരോരുത്തരോടുമുള്ള സ്നേഹപൂർവകമായ പരിഗണനയും ആവശ്യമാണ്. യഹോവ ‘ഹൃദയത്തെയാണു ശോധന ചെയ്യുന്നത്.’—1 ദിനവൃത്താന്തം 29:17.
4. (എ) സദൃശവാക്യങ്ങൾ 9:4-ലെ ‘ബുദ്ധിഹീനൻ’ എന്ന പ്രയോഗത്തിന്റെ അർഥമെന്ത്? (ബി) ‘ബുദ്ധി സമ്പാദിക്കുന്നതിൽ’ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
4 യഹോവ നമ്മുടെ കുട്ടികളുടെ ഹൃദയങ്ങളെ പരിശോധിക്കുമ്പോൾ അവൻ എന്താണു കണ്ടെത്തുന്നത്? തങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു എന്ന് അവരിൽ മിക്കവരും പറയും. അതു ശ്ലാഘനീയവുമാണ്. ഒരു കുട്ടിക്കോ യഹോവയെ കുറിച്ചു പുതുതായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്കോ അവന്റെ മാർഗങ്ങൾ സംബന്ധിച്ചു പരിമിതമായ അറിവേ കാണുകയുള്ളൂ. അനുഭവജ്ഞാനം ഇല്ലാത്തതിനാൽ അയാൾ, ബൈബിൾ പറയുന്നതുപോലെ, ‘ബുദ്ധിഹീനൻ’ ആയിരിക്കാം. അയാളുടെ എല്ലാ ആന്തരങ്ങളും തെറ്റായിരിക്കണമെന്നില്ല. ദൈവത്തിന് ഏറ്റവും പ്രസാദകരമായ ഒരു അവസ്ഥയിലേക്ക് ഹൃദയത്തെ കൊണ്ടുവരാൻ കുറെ സമയം ആവശ്യമാണ്. ചിന്തകളെയും അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയും വികാരങ്ങളെയും ജീവിതലക്ഷ്യങ്ങളെയും അപൂർണ മനുഷ്യർക്കു സാധ്യമാകുന്ന അളവോളം ദൈവഹിതത്തിനു ചേർച്ചയിൽ കൊണ്ടുവരുന്നത് അതിൽ ഉൾപ്പെടുന്നു. അങ്ങനെ ഒരാൾ ദൈവിക വിധത്തിൽ ആന്തരിക വ്യക്തിത്വത്തിനു മാറ്റം വരുത്തുമ്പോൾ, അയാൾ ‘ബുദ്ധി സമ്പാദിക്കു’കയാണ്.—സദൃശവാക്യങ്ങൾ 9:4; 19:8.
5, 6. ‘ബുദ്ധി സമ്പാദിക്കാൻ’ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാനാകും?
5 ‘ബുദ്ധി സമ്പാദിക്കാൻ’ മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ സഹായിക്കാനാകുമോ? മറ്റൊരാളിൽ നല്ലൊരു ഹൃദയനില നിവേശിപ്പിക്കാൻ യാതൊരു മനുഷ്യനും സാധ്യമല്ല. ഓരോ വ്യക്തിക്കും സ്വതന്ത്ര ഇച്ഛാശക്തി ലഭിച്ചിരിക്കുന്നതിനാൽ, അത് ഏറെയും എന്തിനെ കുറിച്ചു ചിന്തിക്കാൻ നാം സ്വയം അനുവദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, വിവേകമുള്ളവർ ആയിരിക്കുന്നതിനാൽ മാതാപിതാക്കൾക്കു കുട്ടികളുടെ ആന്തരം മനസ്സിലാക്കാനും അവരുടെ ഹൃദയത്തിൽ എന്താണെന്നു തിരിച്ചറിയാനും എവിടെയാണ് സഹായം ആവശ്യമായിരിക്കുന്നത് എന്നു നിശ്ചയിക്കാനും കഴിയും. ‘ഇതിനെ കുറിച്ച് നിനക്ക് എന്തു തോന്നുന്നു?’ ‘ഇക്കാര്യത്തിൽ നീ വാസ്തവത്തിൽ എന്താണു ചെയ്യാൻ ആഗ്രഹിക്കുന്നത്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉപയോഗിക്കുക. എന്നിട്ട് ക്ഷമാപൂർവം ശ്രദ്ധിച്ചു കേൾക്കുക. അമിതമായി പ്രതികരിക്കാതിരിക്കുക. (സദൃശവാക്യങ്ങൾ 20:5) കുട്ടികളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ദയയും അനുകമ്പയും സ്നേഹവും ഉള്ള ഒരു അന്തരീക്ഷം പ്രധാനമാണ്.
6 ആരോഗ്യാവഹമായ പ്രവണതകൾ ഊട്ടിയുറപ്പിക്കുന്നതിന് ആത്മാവിന്റെ ഫലത്തെ കുറിച്ച്—അതിന്റെ ഓരോ വശത്തെ കുറിച്ചും—കൂടെക്കൂടെ ചർച്ച ചെയ്യുക. തുടർന്ന് കുടുംബം ഒത്തൊരുമിച്ച് അതു നട്ടുവളർത്താൻ ശ്രമിക്കുക. (ഗലാത്യർ 5:22, 23) യഹോവയോടും യേശുക്രിസ്തുവിനോടും സ്നേഹം നട്ടുവളർത്തുക. എന്നാൽ അതിനു നാം, അവരെ സ്നേഹിക്കണം എന്നു പറഞ്ഞാൽ മാത്രം പോരാ, പകരം അവരെ സ്നേഹിക്കേണ്ടതിന്റെ കാരണങ്ങളും ആ സ്നേഹം നമുക്ക് എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും എന്നതും ചർച്ച ചെയ്യേണ്ടതുണ്ട്. (2 കൊരിന്ത്യർ 5:14, 15) ശരിയായതു ചെയ്യുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചു ന്യായവാദം ചെയ്തുകൊണ്ട് അതു ചെയ്യാനുള്ള ആഗ്രഹം ശക്തിപ്പെടുത്തുക. തെറ്റായ ചിന്തയുടെയും സംസാരത്തിന്റെയും നടത്തയുടെയും മോശമായ ഫലങ്ങളെ കുറിച്ചു ചർച്ച ചെയ്തുകൊണ്ട് അവ വർജിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കുക. (ആമോസ് 5:15; 3 യോഹന്നാൻ 11) ചിന്തയും സംസാരവും നടത്തയും യഹോവയുമായുള്ള ഒരുവന്റെ ബന്ധത്തെ—ഒന്നുകിൽ നല്ല രീതിയിൽ അല്ലെങ്കിൽ മോശമായ രീതിയിൽ—ബാധിച്ചേക്കാവുന്നത് എങ്ങനെയെന്നു വ്യക്തമാക്കുക.
7. പ്രശ്നങ്ങൾ പരിഹരിക്കാനും യഹോവയോട് ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കത്തക്കവണ്ണം തീരുമാനങ്ങൾ എടുക്കാനും കുട്ടികളെ സഹായിക്കാനായി എന്തു ചെയ്യാനാകും?
7 ഒരു കുട്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കുകയോ ഒരു പ്രധാന തീരുമാനം എടുക്കേണ്ടതായി വരുകയോ ചെയ്യുമ്പോൾ നമുക്ക് അവരോട് ഇങ്ങനെ ചോദിക്കാനാകും: ‘യഹോവ ഇക്കാര്യത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നാണു നീ കരുതുന്നത്? യഹോവയെ കുറിച്ചുള്ള എന്ത് അറിവാണ് അങ്ങനെ പറയാൻ നിന്നെ പ്രേരിപ്പിക്കുന്നത്? നീ ഇക്കാര്യം പ്രാർഥനയിൽ ഉൾപ്പെടുത്തിയോ?’ ദൈവഹിതം എന്താണെന്ന് ഉറപ്പു വരുത്താനും അതനുസരിച്ചു പ്രവർത്തിക്കാനും ആത്മാർഥ ശ്രമം നടത്തുന്ന ഒരു ജീവിതരീതി വളർത്തിയെടുക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. അതു കഴിവതും നേരത്തെ തുടങ്ങുന്നതാണ് ഉത്തമം. യഹോവയുമായി വ്യക്തിഗതമായ ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുമ്പോൾ അവന്റെ പാതകളിൽ നടക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തും. (സങ്കീർത്തനം 119:34, 35) സത്യദൈവത്തിന്റെ സഭയോടൊത്തു സഹവസിക്കുകയെന്ന പദവിയോടുള്ള വിലമതിപ്പ് ഇത് അവരിൽ അങ്കുരിപ്പിക്കും.
സഭായോഗങ്ങൾക്കായുള്ള തയ്യാറാകൽ
8. (എ) ശ്രദ്ധ ആവശ്യമുള്ള എല്ലാ കാര്യങ്ങളും കുടുംബ അധ്യയനത്തിൽ ഉൾപ്പെടുത്താൻ എന്തു സഹായിച്ചേക്കാം? (ബി) ഈ അധ്യയന ക്രമീകരണം എത്ര പ്രധാനമാണ്?
8 കുടുംബ അധ്യയന സമയത്ത് ശ്രദ്ധ കൊടുക്കേണ്ടതായിട്ടുള്ള അനേകം സംഗതികളുണ്ട്. അവയെല്ലാം നിങ്ങൾക്ക് എങ്ങനെ അധ്യയനത്തിൽ ഉൾപ്പെടുത്താൻ കഴിയും? എല്ലാ കാര്യങ്ങളും ഒരേ സമയത്തു ചെയ്യുക അസാധ്യമാണ്. എങ്കിലും, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കുന്നത് സഹായകമാണെന്നു നിങ്ങൾ കണ്ടെത്തും. (സദൃശവാക്യങ്ങൾ 21:5) ഇടയ്ക്കിടെ അവ അവലോകനം ചെയ്ത് പ്രത്യേക ശ്രദ്ധ ആവശ്യമായിരിക്കുന്നത് എന്തിനാണെന്നു തിട്ടപ്പെടുത്തുക. ഓരോ കുടുംബാംഗത്തിന്റെയും പുരോഗതിയിൽ ആഴമായ താത്പര്യം എടുക്കുക. ഈ കുടുംബ അധ്യയന ക്രമീകരണം ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ ഒരു മുഖ്യ ഭാഗമാണ്. അത് ഇപ്പോഴത്തെ ജീവനു വേണ്ടിയും വരാനിരിക്കുന്ന നിത്യജീവനു വേണ്ടിയും നമ്മെ ഒരുക്കുന്നു.—1 തിമൊഥെയൊസ് 4:8.
9. കുടുംബ അധ്യയന സമയത്ത്, യോഗങ്ങൾക്കു തയ്യാറാകുന്നതു സംബന്ധിച്ച എന്തെല്ലാം ലക്ഷ്യങ്ങളിൽ ക്രമേണ പുരോഗതി വരുത്താവുന്നതാണ്?
9 നിങ്ങളുടെ കുടുംബ അധ്യയനത്തിൽ സഭായോഗങ്ങൾക്കുള്ള തയ്യാറാകൽ ഉൾപ്പെടുന്നുവോ? ഒത്തൊരുമിച്ചുള്ള പഠനത്തിൽ പുരോഗതി വരുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന ധാരാളം വശങ്ങൾ ഉണ്ടായിരുന്നേക്കാം. അവയിൽ ചിലത് പ്രയോഗത്തിൽ കൊണ്ടുവരാൻ വാരങ്ങളോ മാസങ്ങളോ വർഷങ്ങൾ പോലുമോ വേണ്ടിവന്നേക്കാം. (1) കുടുംബത്തിലെ ഓരോ അംഗവും സഭായോഗങ്ങളിൽ ഉത്തരം പറയാൻ തയ്യാറാകുക; (2) സ്വന്തം വാക്കുകളിൽ ഉത്തരം പറയുന്ന കാര്യത്തിൽ ഓരോരുത്തരും പുരോഗമിക്കുക; (3) ഉത്തരങ്ങൾ പറയുമ്പോൾ തിരുവെഴുത്തുകൾ ഉൾപ്പെടുത്തുക; (4) പഠിക്കുന്ന കാര്യങ്ങൾ വ്യക്തിപരമായി എങ്ങനെ ബാധകമാക്കാം എന്ന ഉദ്ദേശ്യത്തോടെ വിശകലനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പരിചിന്തിക്കാവുന്നതാണ്. ഇതെല്ലാം സത്യം സ്വന്തമാക്കാൻ ഒരു വ്യക്തിയെ സഹായിക്കും.—സങ്കീർത്തനം 25:4, 5.
10. (എ) ഓരോ സഭായോഗത്തിനും എങ്ങനെ ശ്രദ്ധ നൽകാൻ കഴിയും? (ബി) അതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
10 സാധാരണഗതിയിൽ നിങ്ങളുടെ കുടുംബ അധ്യയനം ആ വാരത്തേക്കുള്ള വീക്ഷാഗോപുര ലേഖനത്തെ അധികരിച്ചുള്ളത് ആണെങ്കിൽ പോലും, സഭാ പുസ്തക അധ്യയനം, ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ, സേവന യോഗം എന്നീ യോഗങ്ങൾക്കു വ്യക്തിപരമായോ കുടുംബമൊന്നിച്ചോ തയ്യാറാകുന്നതിന്റെ പ്രാധാന്യവും അവഗണിക്കരുത്. യഹോവയുടെ മാർഗത്തിൽ നടക്കാൻ നമ്മെ പഠിപ്പിക്കുന്ന പ്രബോധന പരിപാടിയുടെ പ്രധാന ഭാഗങ്ങളാണ് ഇവയും. ഇടയ്ക്കിടെ കുടുംബം ഒത്തൊരുമിച്ച് യോഗങ്ങൾക്കു തയ്യാറാകാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. ഒന്നിച്ചിരുന്നു പഠിക്കുമ്പോൾ നിങ്ങളുടെ പഠനപ്രാപ്തികൾ മെച്ചപ്പെടും. തത്ഫലമായി, യോഗങ്ങളിൽനിന്നു കൂടുതൽ പ്രയോജനങ്ങൾ ലഭിക്കും. യോഗങ്ങൾക്കു പതിവായി തയ്യാറാകുന്നതിന്റെ പ്രയോജനങ്ങളും അതിന് ഒരു നിശ്ചിത സമയം മാറ്റിവെക്കുന്നതിന്റെ പ്രാധാന്യവും ചർച്ച ചെയ്യുക.—എഫെസ്യർ 5:15-17.
11, 12. സഭയിൽ ഗീതങ്ങൾ ആലപിക്കുന്നതിനുള്ള തയ്യാറാകൽ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ, അത് എങ്ങനെ ചെയ്യാൻ സാധിക്കും?
11 നമ്മുടെ യോഗങ്ങളിലെ മറ്റൊരു സംഗതിക്കായി, അതായത് ഗീതങ്ങൾ ആലപിക്കാനായി തയ്യാറാകാൻ “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനിലൂടെ നമുക്കു പ്രോത്സാഹനം ലഭിച്ചു. നിങ്ങൾ അതു ചെയ്തോ? അങ്ങനെ ചെയ്യുന്നത് ബൈബിൾ സത്യങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും പതിയാൻ ഇടയാക്കുകയും സഭായോഗങ്ങൾ കൂടുതലായി ആസ്വദിക്കാൻ സഹായിക്കുകയും ചെയ്യും.
12 പട്ടികപ്പെടുത്തിയിരിക്കുന്ന ചില ഗീതങ്ങളിലെ വാക്കുകളുടെ അർഥം ചർച്ച ചെയ്തുകൊണ്ട് തയ്യാറാകുകയാണെങ്കിൽ, ഹൃദയംഗമമായി പാടാൻ നമുക്കു കഴിയും. പുരാതന ഇസ്രായേലിൽ വാദ്യോപകരണങ്ങൾ ധാരാളം ഉപയോഗിച്ചിരുന്നു. (1 ദിനവൃത്താന്തം 25:1; സങ്കീർത്തനം 28:7) നിങ്ങളുടെ കുടുംബത്തിലുള്ള ആർക്കെങ്കിലും ഒരു വാദ്യോപകരണം വായിക്കാനറിയാമോ? ഒരു വാരത്തേക്കു പട്ടികപ്പെടുത്തിയിട്ടുള്ള ഗീതങ്ങളിൽ ഒന്ന് ആ വാദ്യോപകരണത്തിന്റെ സഹായത്തോടെ സകുടുംബം പരിശീലിച്ചുകൂടേ? റെക്കോർഡു ചെയ്ത ഗീതങ്ങൾ ഉപയോഗിക്കുക എന്നതാണ് ചെയ്യാവുന്ന മറ്റൊരു സംഗതി. പശ്ചാത്തല ഉപകരണ സംഗീതം കൂടാതെതന്നെ ചില ദേശങ്ങളിൽ നമ്മുടെ സഹോദരങ്ങൾ മനോഹരമായി പാടാറുണ്ട്. വഴിനടക്കുമ്പോഴും കൃഷിയിടങ്ങളിൽ പണിയെടുക്കുമ്പോഴും ആ വാരത്തേക്കുള്ള ഗീതങ്ങൾ ആലപിക്കുന്നത് അവർ ആസ്വദിക്കുന്നു.—എഫെസ്യർ 5:19.
വയൽസേവനത്തിന് സകുടുംബം തയ്യാറാകൽ
13, 14. നമ്മുടെ ഹൃദയങ്ങളെ വയൽശുശ്രൂഷയ്ക്കായി ഒരുക്കുന്ന കുടുംബ ചർച്ചകൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 യഹോവയെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചു മറ്റുള്ളവരോടു സാക്ഷീകരിക്കുന്നത് നമ്മുടെ ജീവിതത്തിലെ ഒരു സുപ്രധാന സംഗതിയാണ്. (യെശയ്യാവു 43:10-12; മത്തായി 24:14) ചെറുപ്പക്കാരോ പ്രായമുള്ളവരോ ആയിരുന്നാലും തയ്യാറാകുന്നപക്ഷം നാം ഈ പ്രവർത്തനം കൂടുതൽ ആസ്വദിക്കും, വർധിച്ച പ്രയോജനങ്ങളും ലഭിക്കും. കുടുംബ വൃത്തത്തിനുള്ളിൽ നമുക്ക് ഇത് എങ്ങനെ ചെയ്യാനാകും?
14 നമ്മുടെ ആരാധന ഉൾപ്പെടുന്ന സകല കാര്യത്തിലും എന്നപോലെ, നമ്മുടെ ഹൃദയങ്ങളെ ഒരുക്കുന്നതും പ്രധാനമാണ്. നാം എന്തു ചെയ്യാൻ പോകുന്നു എന്നതു മാത്രമല്ല, അത് എന്തുകൊണ്ട് ചെയ്യുന്നു എന്നതും ചർച്ച ചെയ്യണം. യെഹോശാഫാത്ത് രാജാവിന്റെ നാളുകളിൽ ദിവ്യനിയമം സംബന്ധിച്ച് ആളുകൾക്കു പ്രബോധനം ലഭിച്ചിരുന്നു. എങ്കിലും അവർ “തങ്ങളുടെ ഹൃദയത്തെ ഒരുക്കിയിരുന്നില്ല” എന്നു ബൈബിൾ പറയുന്നു. അതിന്റെ ഫലമായി, സത്യാരാധനയിൽനിന്ന് അകറ്റിക്കളയുന്ന പ്രലോഭനങ്ങൾക്ക് അവർ എളുപ്പം വശംവദരായി. (2 ദിനവൃത്താന്തം 20:33; 21:11, NW) നമ്മുടെ ലക്ഷ്യം വയൽസേവനത്തിൽ കേവലം കുറെ മണിക്കൂറുകൾ ചെലവഴിക്കുകയോ സാഹിത്യങ്ങൾ സമർപ്പിക്കുകയോ അല്ല. നമ്മുടെ ശുശ്രൂഷ യഹോവയോടും ജീവൻ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കേണ്ട ആളുകളോടുമുള്ള സ്നേഹത്തിന്റെ ഒരു പ്രകടനം ആയിരിക്കണം. (എബ്രായർ 13:15) നാം “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കുന്ന ഒരു പ്രവർത്തനമാണ് അത്. (1 കൊരിന്ത്യർ 3:9) അത് എന്തൊരു പദവിയാണ്! ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ നാം വിശുദ്ധ ദൂതന്മാരോടുള്ള ഐക്യത്തിലുമാണു പ്രവർത്തിക്കുന്നത്. (വെളിപ്പാടു 14:6, 7) വാരംതോറും കുടുംബ അധ്യയനം നടത്തുമ്പോഴോ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിലെ നിർദിഷ്ട വാക്യം പരിചിന്തിക്കുമ്പോഴോ ഉള്ള കുടുംബ ചർച്ചവേളകളെക്കാൾ മെച്ചമായി മറ്റ് ഏത് അവസരത്തിലാണ് ശുശ്രൂഷയോടുള്ള വിലമതിപ്പു വളർത്തിയെടുക്കാൻ കഴിയുക!
15. കുടുംബം ഒത്തൊരുമിച്ച് വയൽശുശ്രൂഷയ്ക്ക് എപ്പോൾ ഒരുങ്ങാൻ സാധിക്കും?
15 വാരംതോറുമുള്ള വയൽസേവനത്തിനായി ഒരുങ്ങാൻ കുടുംബ അധ്യയന സമയത്ത് കുടുംബാംഗങ്ങളെ നിങ്ങൾ ഇടയ്ക്കിടെ സഹായിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത് വളരെ പ്രയോജനപ്രദം ആയിരിക്കാവുന്നതാണ്. (2 തിമൊഥെയൊസ് 2:15) അവരുടെ ശുശ്രൂഷ അർഥവത്തും ഫലപ്രദവുമാക്കാൻ അതിനു സഹായിക്കാനാകും. അത്തരം ഒരുക്കത്തിനായി ചിലപ്പോഴൊക്കെ മുഴു അധ്യയന വേളയും മാറ്റിവെക്കാൻ സാധിക്കും. മിക്കപ്പോഴും, കുടുംബ അധ്യയനത്തിന്റെ ഒടുവിലോ വാരത്തിൽ മറ്റേതെങ്കിലും സമയത്തോ വയൽശുശ്രൂഷയുടെ വിവിധ വശങ്ങളെ കുറിച്ചു ഹ്രസ്വമായി ചർച്ച ചെയ്യാവുന്നതാണ്.
16. ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന ഓരോ വശങ്ങളുടെയും മൂല്യം വിശദീകരിക്കുക.
16 കുടുംബ അധ്യയന വേളയിൽ പിൻവരുന്നതു പോലുള്ള സംഗതികൾക്കു ശ്രദ്ധ നൽകാവുന്നതാണ്: (1) നന്നായി റിഹേഴ്സ് ചെയ്ത ഒരു അവതരണം തയ്യാറാകുക, ഉചിതമായ സാഹചര്യങ്ങളിൽ വായിക്കാനായി ഒരു ബൈബിൾ വാക്യവും ഉൾപ്പെടുത്താവുന്നതാണ്. (2) സാധ്യമെങ്കിൽ, ഓരോരുത്തർക്കും സ്വന്തം വയൽസേവന ബാഗ്, ബൈബിൾ, നോട്ട്ബുക്ക്, പേന അല്ലെങ്കിൽ പെൻസിൽ, ലഘുലേഖകൾ, നല്ല നിലയിലുള്ള മറ്റു സാഹിത്യങ്ങൾ എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുക. വയൽസേവന ബാഗ് വലിയ വിലപിടിപ്പുള്ളത് ആയിരിക്കണമെന്നില്ല, പക്ഷേ അതു വൃത്തിയുള്ളത് ആയിരിക്കണം. (3) അനൗപചാരിക സാക്ഷീകരണം എവിടെ, എങ്ങനെ ചെയ്യാൻ കഴിയുമെന്നു ചർച്ച ചെയ്യുക. നിങ്ങൾ വയൽ സേവനത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്ന അവസരങ്ങളിൽ ഈ നിർദേശത്തിലെ ഓരോ വശങ്ങളും പിൻപറ്റുക. സഹായകമായ നിർദേശങ്ങൾ നൽകുക, എന്നാൽ ഒരേ സമയത്ത് നിരവധി കാര്യങ്ങളെ കുറിച്ചു ബുദ്ധിയുപദേശിക്കരുത്.
17, 18. (എ) നമ്മുടെ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കാൻ എങ്ങനെയുള്ള കുടുംബ തയ്യാറാകൽ സഹായിക്കും? (ബി) ഓരോ ആഴ്ചയിലും ഈ ഒരുക്കത്തിന്റെ ഭാഗമായി ഏതൊക്കെ വശങ്ങൾ ചർച്ച ചെയ്യാനാകും?
17 യേശു തന്റെ അനുഗാമികൾക്കു നൽകിയ നിയോഗത്തിന്റെ ഒരു മുഖ്യ ഭാഗമാണു ശിഷ്യരാക്കൽ വേല. (മത്തായി 28:19, 20) ശിഷ്യരെ ഉളവാക്കുന്നതിൽ പ്രസംഗിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. അതിനു പഠിപ്പിക്കൽ ആവശ്യമാണ്. ഇക്കാര്യത്തിൽ ഫലപ്രദരായിരിക്കാൻ കുടുംബ അധ്യയനത്തിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
18 ആർക്കു മടക്കസന്ദർശനം നടത്തുന്നതാണ് നല്ലത് എന്നു കുടുംബത്തിൽ ചർച്ച ചെയ്യുക. അവരിൽ ചിലർ സാഹിത്യങ്ങൾ സ്വീകരിച്ചിട്ടുണ്ടാകാം; മറ്റു ചിലർ സുവാർത്ത കേട്ടതേ ഉണ്ടായിരിക്കുകയുള്ളൂ. വീടുതോറുമുള്ള വേലയിൽ അല്ലെങ്കിൽ തെരുവിലോ സ്കൂളിലോ നടത്തിയ അനൗപചാരിക സാക്ഷീകരണത്തിൽ ആയിരിക്കാം അവരെ കണ്ടുമുട്ടിയത്. ദൈവവചനം നിങ്ങൾക്കു വഴികാട്ടി ആയിരിക്കട്ടെ. (സങ്കീർത്തനം 25:9; യെഹെസ്കേൽ 9:4) നിങ്ങൾ ഓരോരുത്തരും ആ വാരത്തിൽ ആർക്കൊക്കെയാണു മടക്കസന്ദർശനം നടത്താൻ പോകുന്നതെന്ന് തീരുമാനിക്കുക. എന്തിനെ കുറിച്ചാണു സംസാരിക്കാൻ പോകുന്നത്? മടക്കസന്ദർശനത്തിനു തയ്യാറാകാൻ കുടുംബ ചർച്ച ഓരോ അംഗത്തെയും സഹായിച്ചേക്കാവുന്നതാണ്. താത്പര്യക്കാരുമായി പങ്കുവെക്കാൻ, ചില തിരുവെഴുത്തുകളും ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയിൽ നിന്നോ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിൽ നിന്നോ ഉള്ള ഉചിതമായ ആശയങ്ങളും കുറിച്ചുവെക്കുക. ഒരു സന്ദർശനത്തിൽത്തന്നെ വളരെ കാര്യങ്ങൾ പറയാതിരിക്കുക. വീട്ടുകാരനോട് ഒരു ചോദ്യം ചോദിച്ചിട്ടു പോരുക, എന്നിട്ട് അടുത്ത സന്ദർശനത്തിൽ അതിന് ഉത്തരം നൽകാവുന്നതാണ്. ഓരോരുത്തരും ഏതു മടക്കസന്ദർശനങ്ങൾക്കു പോകണം, അവ എപ്പോൾ നടത്തണം, അതിലൂടെ എന്ത് ഉദ്ദേശ്യം നിവർത്തിക്കാൻ ആഗ്രഹിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് നിങ്ങളുടെ പ്രതിവാര കുടുംബചര്യയുടെ ഭാഗമാക്കിക്കൂടേ? കുടുംബത്തിലെ എല്ലാവരുടെയും വയൽശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കാൻ ഇതു സഹായിക്കും.
അവരെ തുടർന്നും യഹോവയുടെ മാർഗം പഠിപ്പിക്കുക
19. കുടുംബാംഗങ്ങൾ യഹോവയുടെ മാർഗത്തിൽ തുടർന്നു നടക്കണമെങ്കിൽ, അവർക്ക് എന്ത് അനുഭവപ്പെടണം, അതിനു സഹായകമായിരിക്കുന്നത് എന്ത്?
19 ഒരു കുടുംബനാഥൻ ആയിരിക്കുക എന്നത് ഈ ദുഷ്ട ലോകത്തിൽ വെല്ലുവിളി നിറഞ്ഞ ഒരു സംഗതിയാണ്. യഹോവയുടെ ദാസന്മാരുടെ ആത്മീയത തകർക്കാൻ സാത്താനും അവന്റെ ഭൂതങ്ങളും കിണഞ്ഞു ശ്രമിക്കുന്നു. (1 പത്രൊസ് 5:8) മാത്രമല്ല, ഇന്നു മാതാപിതാക്കളുടെ മേൽ, വിശേഷിച്ചും ഒറ്റക്കാരായ മാതാപിതാക്കളുടെ മേൽ, നിരവധി സമ്മർദങ്ങളുണ്ട്. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങൾക്കും സമയം കണ്ടെത്തുക ദുഷ്കരമാണ്. എന്നാൽ, നിങ്ങൾ ഒരു സമയത്ത് ഒരു നിർദേശമേ ബാധകമാക്കുന്നുള്ളൂ എങ്കിൽ പോലും, അതു ശ്രമത്തിനു തക്ക മൂല്യമുള്ളതായിരിക്കും. ക്രമേണ നിങ്ങളുടെ കുടുംബ അധ്യയന പരിപാടി മെച്ചപ്പെടുത്താൻ അതിനു കഴിയും. നിങ്ങളോടു വളരെ അടുപ്പമുള്ളവർ യഹോവയുടെ മാർഗത്തിൽ വിശ്വസ്തരായി നടക്കുന്നു എന്നു കാണുന്നത് ഹൃദയോഷ്മളമായ ഒരു അനുഭവമാണ്. യഹോവയുടെ മാർഗത്തിൽ വിജയകരമായി നടക്കുന്നതിന്, കുടുംബാംഗങ്ങൾ സഭായോഗങ്ങളിലും വയൽശുശ്രൂഷയിലും പങ്കെടുക്കുന്നതിൽ സന്തോഷം കണ്ടെത്തേണ്ടതുണ്ട്. അതിന് തയ്യാറാകൽ—ഹൃദയത്തെ കെട്ടുപണി ചെയ്യുന്നതും അർഥവത്തായ പങ്കുണ്ടായിരിക്കാൻ ഓരോരുത്തരെയും സഹായിക്കുന്നതുമായ തയ്യാറാകൽ—ആവശ്യമാണ്.
20. 3 യോഹന്നാൻ 4-ൽ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്ന സന്തോഷം അനുഭവിക്കാൻ മാതാപിതാക്കളെ എന്തിനു സഹായിക്കാനാകും?
20 ആത്മീയമായി താൻ സഹായിച്ചവരെ കുറിച്ച് യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹന്നാൻ 4) കുടുംബ അധ്യയനങ്ങൾ വ്യക്തമായ ലക്ഷ്യങ്ങളോടെ നടത്തുകയും കുടുംബനാഥന്മാർ കുടുംബാംഗങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ ദയാവായ്പോടും സഹായമനസ്കതയോടും കൂടെ കൈകാര്യം ചെയ്യുകയുമാണെങ്കിൽ, അത് അത്തരം സന്തോഷം ആസ്വദിക്കാൻ കുടുംബങ്ങളെ വളരെയേറെ സഹായിക്കും. ദൈവമാർഗത്തിലുള്ള ജീവിതത്തോടു വിലമതിപ്പു നട്ടുവളർത്തുകവഴി ഉത്തമ ജീവിതഗതി ആസ്വദിക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുടുംബങ്ങളെ സഹായിക്കുകയായിരിക്കും ചെയ്യുന്നത്.—സങ്കീർത്തനം 19:7-11.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ യോഗത്തിനുള്ള തയ്യാറാകൽ നിങ്ങളുടെ കുട്ടികൾക്കു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
□ ‘ബുദ്ധി സമ്പാദിക്കാൻ’ കുട്ടികളെ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാനാകും?
□ എല്ലാ യോഗങ്ങൾക്കും തയ്യാറാകുന്നതിൽ നമ്മുടെ കുടുംബ അധ്യയനം സഹായകമായിരിക്കുന്നത് എങ്ങനെ?
□ ഒരു കുടുംബം എന്നനിലയിൽ വയൽസേവനത്തിനായി തയ്യാറാകുന്നത് കൂടുതൽ ഫലപ്രദരായിരിക്കാൻ സഹായിക്കുന്നത് എങ്ങനെ?
[20-ാം പേജിലെ ചിത്രം]
സഭായോഗങ്ങൾക്കുള്ള തയ്യാറാകൽ നിങ്ങളുടെ കുടുംബ അധ്യയനത്തിൽ ഉൾപ്പെടുത്താവുന്നതാണ്
[21-ാം പേജിലെ ചിത്രം]
യോഗങ്ങൾക്കുള്ള ഗീതങ്ങൾ പാടി പരിശീലിക്കുന്നതു പ്രയോജനകരമാണ്