ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം ഒന്ന്
ഒരു കൊച്ചു പണിപ്പുര. ഒരു അച്ചടിക്കാരനും അദ്ദേഹത്തിന്റെ സഹാനുവർത്തികളായ യുവാക്കളും മരംകൊണ്ടുള്ള തങ്ങളുടെ അച്ചടിയന്ത്രം താളാത്മകമായി പ്രവർത്തിപ്പിക്കുകയാണ്. അച്ചടിക്കാത്ത കടലാസ്സുകൾ അച്ചിന്റെ മുകളിൽ ശ്രദ്ധാപൂർവം നിരത്തുന്നുമുണ്ട്. അച്ചടിച്ചു കഴിഞ്ഞ ഓരോ താളും അവർ ശ്രദ്ധാപൂർവം പരിശോധിക്കുന്നു. എന്നിട്ട്, മുറിക്കു കുറുകെ കെട്ടിയിരിക്കുന്ന ചരടിൽ അവർ താളുകൾ മടക്കി ഉണക്കാനിടുന്നു.
പെട്ടെന്നതാ, കതകിലാരോ ശക്തിയായി മുട്ടുന്നു. പരിഭ്രാന്തനായ അച്ചടിക്കാരൻ കതകു തുറക്കുന്നു. ഒരു സായുധ സൈനികസംഘം ഉള്ളിലേക്കു തള്ളിക്കയറി, അത്യന്തം നിയമവിരുദ്ധമായ സാഹിത്യം—സാധാരണക്കാരുടെ ഭാഷയിലുള്ള ബൈബിൾ—തിരയാൻ തുടങ്ങുന്നു!
പക്ഷേ അവർ വളരെ വൈകിപ്പോയിരുന്നു. അപകടത്തെക്കുറിച്ചു മുന്നറിയിപ്പു കിട്ടിയ പരിഭാഷകനും സഹായിയും കയ്യിലൊതുങ്ങുന്നിടത്തോളം പേജുകളുമായി കടയിൽനിന്നിറങ്ങി, റൈൻ നദിയിലൂടെ രക്ഷപ്പെടുകയാണ്. ചുരുങ്ങിയപക്ഷം അവർ അച്ചടിച്ച ചില താളുകളെങ്കിലും സംരക്ഷിച്ചിരിക്കുന്നു.
ആ പരിഭാഷകൻ വില്യം ടിൻഡെയ്ലായിരുന്നു. അദ്ദേഹം 1525-ൽ ജർമനിയിലെ കൊളോണിൽ, നിരോധിക്കപ്പെട്ടിരുന്ന തന്റെ ഇംഗ്ലീഷിലുള്ള “പുതിയ നിയമം” നിർമിക്കാനുള്ള ഉദ്യമത്തിലായിരുന്നു. അദ്ദേഹത്തിന്റെ അനുഭവം പുത്തരിയായിരുന്നില്ല. ബൈബിളിന്റെ എഴുത്തു പൂർത്തിയായിക്കഴിഞ്ഞ് 1,900 വർഷത്തോളം ദൈവവചനം പരിഭാഷപ്പെടുത്തി വിതരണം ചെയ്യാൻ നിരവധി സ്ത്രീപുരുഷന്മാർ തങ്ങളുടെ സർവസ്വവും പണയപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാം അവരുടെ വേലയിൽനിന്നു പ്രയോജനമനുഭവിക്കുന്നു. അവരെന്താണു ചെയ്തത്? നമ്മുടെ കൈകളിലുള്ള ബൈബിളുകൾ നമുക്ക് എങ്ങനെയാണു ലഭിച്ചത്?
ആദ്യകാല ബൈബിൾ പകർപ്പെഴുത്തും പരിഭാഷയും
ദൈവത്തിന്റെ യഥാർഥ സേവകർ അവന്റെ വചനത്തെ എല്ലായ്പോഴും അങ്ങേയറ്റം ആദരവോടെയാണു വീക്ഷിച്ചിരുന്നത്. അതേക്കുറിച്ച് ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “തങ്ങളുടെ യഹൂദ പൂർവികരെപ്പോലെ, ആദിമ ക്രിസ്ത്യാനികൾ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുന്നതു മൂല്യവത്തായി കരുതി. യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട് (മത്താ. 4.4; 5.18; ലൂക്കൊ. 24.44; യോഹ. 5:39), അപ്പോസ്തലന്മാർ പ[ഴയ] നി[യമ]പഠനം ആസ്വദിച്ചു. അതിൽ, ദീർഘനേരം നീണ്ടുനിന്ന, ശ്രദ്ധാപൂർവമുള്ള വായനയും പഠനവും ഉൾപ്പെട്ടിരുന്നു. അവർ തങ്ങളുടെ ശിഷ്യന്മാരെ അതിനായി പ്രോത്സാഹിപ്പിച്ചു. (റോമ. 15.4; 2 തിമൊ. 3.15-17).”
ആ ഉദ്ദേശ്യനിവൃത്തിക്കായി ബൈബിളിന്റെ പ്രതികൾ ഉണ്ടാക്കേണ്ടിയിരുന്നു. ക്രിസ്തീയപൂർവകാലങ്ങളിൽ, ഈ വേലയിലധികവും നടത്തിയിരുന്നതു പ്രഗത്ഭരായ ‘വിദഗ്ദ്ധ ശാസ്ത്രിമാർ’ ആയിരുന്നു. എന്തെങ്കിലും തെറ്റു വരുത്തുന്നത് അവരിൽ ഭീതിയുണർത്തി. (എസ്രാ 7:6, 11, 12) തെറ്റില്ലാത്ത പകർപ്പുണ്ടാക്കാനുള്ള ശ്രമത്തിൽ അവർ എല്ലാ പിൽക്കാല ബൈബിൾ പകർപ്പെഴുത്തുകാർക്കുംവേണ്ടി ഉയർന്ന മാനദണ്ഡം വെച്ചു.
എന്നുവരികിലും, പൊ.യു.മു. നാലാം നൂറ്റാണ്ടിൽ ഒരു പ്രശ്നം തലപൊക്കി. ലോകത്തിലെ മുഴു ജനതയ്ക്കും ഗ്രീക്കു സംസ്കാരത്തിൽ വിദ്യാഭ്യാസം ലഭിക്കാൻ മഹാനായ അലക്സാണ്ടർ ആഗ്രഹിച്ചു. തന്റെ ദിഗ്വിജയങ്ങളോടൊപ്പം മധ്യപൂർവദേശത്തുടനീളം സാധാരണ ഗ്രീക്കുഭാഷ അഥവാ കൊയ്നി, സാർവലൗകിക ഭാഷയായി സ്ഥാനം പിടിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി. തത്ഫലമായി, നിരവധി യഹൂദരും എബ്രായഭാഷ വായിക്കാൻ അറിവില്ലാതെയാണു വളർന്നത്. അങ്ങനെ അവർക്കു തിരുവെഴുത്തുകൾ വായിക്കാൻ സാധിക്കാതായി. അതുകൊണ്ട്, എബ്രായ തിരുവെഴുത്തുകൾ പ്രചാരം സിദ്ധിച്ച കൊയ്നിയിലേക്കു പരിഭാഷപ്പെടുത്തുന്നതിനു പൊ.യു.മു. ഏതാണ്ട് 280-ൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഒരു കൂട്ടം എബ്രായ പണ്ഡിതന്മാർ കൂടിവന്നു. അവരുടെ ഭാഷാന്തരം ലത്തീനിൽ “എഴുപത്” എന്നർഥമുള്ള സെപ്റ്റ്വജിൻറ് എന്നറിയപ്പെടാനിടയായി. ആ പരിഭാഷയിൽ ഉൾപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്ന പണ്ഡിതന്മാരുടെ ഏകദേശ എണ്ണമാണത്. പൊ.യു.മു. ഏതാണ്ട് 150-ലാണ് അതു പൂർത്തിയാക്കപ്പെട്ടത്.
യേശുവിന്റെ കാലത്തും പാലസ്തീനിൽ എബ്രായഭാഷ ഉപയോഗത്തിലുണ്ടായിരുന്നു. എന്നാൽ അവിടെയും റോമാലോകത്തിന്റെ വിദൂരവ്യാപക പ്രവിശ്യകളിലും കൊയ്നിയായിരുന്നു അധീശത്വം പുലർത്തിയിരുന്നത്. അതുകൊണ്ട്, ക്രിസ്തീയ ബൈബിളെഴുത്തുകാർ, രാഷ്ട്രങ്ങളിലെ പരമാവധി ആളുകൾക്കും പ്രാപ്യമായിരിക്കുന്നതിന് ആ സാധാരണ ഗ്രീക്കുഭാഷ ഉപയോഗിച്ചു. മാത്രമല്ല, അവർ സെപ്റ്റ്വജിൻറിൽനിന്നു യഥേഷ്ടം ഉദ്ധരിക്കുകയും അതിലെ പദപ്രയോഗങ്ങൾ പലതും ഉപയോഗിക്കുകയും ചെയ്തു.
ആദിമ ക്രിസ്ത്യാനികൾ തീക്ഷ്ണതയുള്ള മിഷനറിമാരായിരുന്നതുകൊണ്ട് ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന മിശിഹാ യേശുവായിരുന്നെന്നു സെപ്റ്റ്വജിൻറ് ഉപയോഗിച്ചു തെളിയിക്കാൻ അവർ പ്രാവീണ്യം നേടി. ഇത് യഹൂദന്മാരെ പ്രകോപിപ്പിച്ചു. മാത്രമല്ല, ക്രിസ്ത്യാനികളുടെ വാദഗതികൾ ഇല്ലായ്മചെയ്യാൻ അവരുടെ പ്രിയപ്പെട്ട തെളിവു വാക്യങ്ങൾക്കു മാറ്റംവരുത്തിക്കൊണ്ടു ഗ്രീക്കിൽ ചില പുതിയ പരിഭാഷകളുണ്ടാക്കാനും അവർ പ്രേരിതരായി. ഉദാഹരണത്തിന്, സെപ്റ്റ്വജിൻറിൽ യെശയ്യാവു 7:14-ൽ മിശിഹായുടെ മാതാവിനെ പ്രാവചനികമായി പരാമർശിച്ചുകൊണ്ട് “കന്യക” എന്നർഥമുള്ള ഗ്രീക്കു പദമാണ് ഉപയോഗിച്ചത്. പുതിയ പരിഭാഷകൾ “യുവതി” എന്നർഥമുള്ള ഒരു വ്യത്യസ്ത ഗ്രീക്കു പദം ഉപയോഗിച്ചു. എന്നാൽ, ക്രിസ്ത്യാനികൾ സെപ്റ്റ്വജിൻറ് തുടർന്നും ഉപയോഗിച്ചത്, തങ്ങളുടെ തന്ത്രങ്ങൾ പാടേ ഉപേക്ഷിച്ച് എബ്രായപാഠത്തിലേക്കു തിരിഞ്ഞുവരാൻ ഒടുവിൽ യഹൂദന്മാരെ നിർബന്ധിതരാക്കി. ആത്യന്തികമായി, ഈ നടപടി പിൽക്കാല ബൈബിൾ പരിഭാഷയ്ക്ക് ഒരു അനുഗ്രഹമായിത്തീർന്നു. കാരണം, അത് എബ്രായഭാഷയെ ജീവത്തായി നിലനിർത്താൻ സഹായകമായി.
ആദ്യത്തെ ക്രിസ്തീയ പുസ്തക പ്രസാധകർ
തീക്ഷ്ണതയുള്ള ആദിമ ക്രിസ്ത്യാനികൾ തങ്ങളാലാകുന്നിടത്തോളം ബൈബിൾ പ്രതികൾ കൈകൊണ്ടു പകർത്തിയെഴുതാൻ തീരുമാനിച്ചു. ചുരുളുകളുടെ ഉപയോഗം തുടരുന്നതിനു പകരം ആധുനികകാല പുസ്തകത്തെപ്പോലെ താളുകളുള്ള കയ്യെഴുത്തുപുസ്തകത്തിന്റെ ഉപയോഗത്തിനും അവർ തുടക്കമിട്ടു. തിരുവെഴുത്തുകൾ പെട്ടെന്നു കണ്ടുപിടിക്കുന്നതിനു കയ്യെഴുത്തുപുസ്തകം കൂടുതൽ സൗകര്യപ്രദമായിരുന്നു വെന്നതിനു പുറമേ, അതിന്റെ ഒറ്റ വാല്യത്തിൽത്തന്നെ ഒരു ചുരുളിൽ ഉൾക്കൊള്ളുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ—ഉദാഹരണത്തിന്, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ മുഴുവനോ മുഴു ബൈബിൾതന്നെയോ—ഉൾക്കൊള്ളുമായിരുന്നു.
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ കാനോൻ അപ്പോസ്തലന്മാരിൽ ഒടുവിൽ ജീവിച്ചിരുന്ന യോഹന്നാന്റെ പുസ്തകങ്ങളോടെ പൊ.യു. ഏതാണ്ട് 98-ൽ പൂർത്തിയായി. റൈലൻഡ്സ് പപ്പൈറസ് 457 (P52) എന്നറിയപ്പെടുന്ന, യോഹന്നാന്റെ സുവിശേഷത്തിന്റെ പ്രതിയുടെ ഒരു ശകലം ഇപ്പോൾ നിലവിലുണ്ട്. അത് പൊ.യു. 125-ലേതെങ്കിലുമാണ്. പൊ.യു. 150-നും 170-നുമിടയ്ക്ക് ജസ്റ്റിൻ മാർട്ടറുടെ ഒരു വിദ്യാർഥിയായ താഷെൻ ഡയറ്റെസ്സറോൻ രചിച്ചു. അത് ഇന്നു നമ്മുടെ ബൈബിളുകളിൽ കാണുന്ന നാലു സുവിശേഷങ്ങളിൽനിന്നും സമാഹരിച്ച യേശുവിന്റെ ജീവിതത്തിന്റെ സംയുക്ത വൃത്താന്തമാണ്.a അദ്ദേഹം ആ നാലു സുവിശേഷങ്ങളെ മാത്രമേ പ്രാമാണികമെന്നു കരുതിയുള്ളുവെന്നും അവ അപ്പോൾത്തന്നെ പ്രചാരത്തിലുണ്ടായിരുന്നുവെന്നും അതു സൂചിപ്പിച്ചു. പൊ.യു. ഏതാണ്ട് 170-ൽ, “പുതിയനിയമ” പുസ്തകങ്ങളുടെ അറിയപ്പെടുന്നതിലേക്കും ഏറ്റവും പഴയ പുസ്തക നാമാവലിയായ മുറേറ്റോറിയൻ ശകലം നിർമിക്കപ്പെട്ടു. അത് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ മിക്ക പുസ്തകങ്ങളെയും പട്ടികപ്പെടുത്തുന്നുണ്ട്.
ക്രിസ്തീയ വിശ്വാസങ്ങളുടെ വ്യാപനം ഉടൻതന്നെ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെയും എബ്രായ തിരുവെഴുത്തുകളുടെയും പരിഭാഷകൾ ആവശ്യമാക്കിത്തീർത്തു. കാലക്രമേണ, ആർമേനിയൻ, കോപ്റ്റിക്, ജോർജിയൻ, സിറിയക് എന്നിങ്ങനെയുള്ള ഭാഷകളിൽ ഭാഷാന്തരങ്ങൾ നിർമിക്കപ്പെടുകയുണ്ടായി. പ്രസ്തുത ഉദ്ദേശ്യത്തിനുവേണ്ടി മാത്രമായി മിക്കപ്പോഴും അക്ഷരമാലകൾക്കു രൂപംകൊടുക്കേണ്ടിവന്നു. ഉദാഹരണത്തിന്, നാലാം നൂറ്റാണ്ടിലെ റോമൻ സഭയുടെ ഒരു ബിഷപ്പായിരുന്ന ഉൾഫിലാസ് ബൈബിൾ പരിഭാഷപ്പെടുത്താൻ ഗോഥിക് ലിപി കണ്ടുപിടിച്ചതായി പറയപ്പെടുന്നു. എന്നാൽ അദ്ദേഹം രാജാക്കന്മാരുടെ പുസ്തകങ്ങൾ വിട്ടുകളഞ്ഞു. കാരണം, അത് ഗോഥിക് വംശജരുടെ പോരാട്ട പ്രവണതകൾക്ക് ഉത്തേജനമേകുമെന്ന് അദ്ദേഹം വിചാരിച്ചു. എന്നാൽ, ഇത് പൊ.യു. 410-ൽ റോം കൊള്ളയിടുന്നതിൽനിന്ന് “ക്രൈസ്തവരാക്കപ്പെട്ട” ഗോഥിക് വംശജരെ തടഞ്ഞില്ല!
ലത്തീൻ, സ്ലാവ്യ ബൈബിളുകൾ
അതിനിടയിൽ, ലത്തീൻ പ്രാബല്യം നേടി. നിരവധി പുരാതന ലത്തീൻ ഭാഷാന്തരങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങി. എന്നാൽ അവയുടെ ശൈലിയിലും കൃത്യതയിലും വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട്, പൊ.യു. 382-ൽ ഡാമസസ് പാപ്പാ തന്റെ സെക്രട്ടറിയായിരുന്ന ജെറോമിനെ ഒരു ആധികാരിക ലത്തീൻ ബൈബിൾ തയ്യാറാക്കാൻ നിയോഗിച്ചു.
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ലത്തീൻ ഭാഷാന്തരങ്ങൾ പരിഷ്കരിച്ചുകൊണ്ടു ജെറോം തുടക്കമിട്ടു. എന്നാൽ, എബ്രായ തിരുവെഴുത്തുകൾ മൂല എബ്രായഭാഷയിൽനിന്നു പരിഭാഷപ്പെടുത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അങ്ങനെ, എബ്രായഭാഷ പഠിക്കാനും ഒരു റബിയുടെ സഹായം തേടാനും അദ്ദേഹം പൊ.യു. 386-ൽ ബേത്ലഹേമിലേക്കു താമസം മാറ്റി. അത് സഭാവൃത്തങ്ങളിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ചു. സെപ്റ്റ്വജിൻറ് നിശ്വസ്തമാണെന്നാണു ജെറോമിന്റെ സമകാലികനായിരുന്ന അഗസ്റ്റിൻ ഉൾപ്പെടെ ചിലർ വിശ്വസിച്ചിരുന്നത്. “യഹൂദരുടെ അടുക്കൽ പോയതിന്” അവർ ജെറോമിനെ കുറ്റപ്പെടുത്തി. എന്നാൽ അരയും തലയും മുറുക്കിയിറങ്ങിയ ജെറോം പൊ.യു. ഏതാണ്ട് 400-ൽ തന്റെ വേല പൂർത്തിയാക്കി. മൂലഭാഷകളുടെയും രേഖകളുടെയും ഉറവിനോട് പറ്റിനിന്നുകൊണ്ടും അവ അന്നത്തെ ജീവദ്ഭാഷയിലേക്കു പരിഭാഷപ്പെടുത്തിക്കൊണ്ടും ജെറോം ആയിരം വർഷംമുമ്പുതന്നെ ആധുനിക പരിഭാഷാസമ്പ്രദായം സ്വീകരിച്ചു. അദ്ദേഹത്തിന്റെ കൃതി വൾഗേറ്റ് അഥവാ സാധാരണ ഭാഷാന്തരം എന്നറിയപ്പെട്ടു. അത് നൂറ്റാണ്ടുകളോളം ആളുകൾക്കു പ്രയോജനം ചെയ്തു.
പൗരസ്ത്യ ക്രൈസ്തവലോകത്തിൽ സെപ്റ്റ്വജിൻറും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളും വായിക്കാനറിയാവുന്ന പലരും ഇന്നുമുണ്ട്. എന്നുവരികിലും, പിന്നീട് ഉത്തരപൂർവ യൂറോപ്പിൽ ഇന്നത്തെ സ്ലാവ്യ ഭാഷകളുടെ മുന്നോടിയായിരുന്ന പഴയ സ്ലാവോനിക് പ്രധാന ഭാഷയായിത്തീർന്നു. പൊ.യു. 863-ൽ സിറിൾ, മിഥോഡിയസ് എന്നീ പേരുകളുള്ള ഗ്രീക്കുഭാഷക്കാരായ രണ്ടു സഹോദരന്മാർ ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്കിലുള്ള മൊറേവ്യയിലേക്കു പോയി. അവർ പഴയ സ്ലാവോനിക് ഭാഷയിൽ ബൈബിൾ പരിഭാഷ തുടങ്ങി. അതിനായി അവർ ഗ്ലാഗൊലിഡിക് അക്ഷരമാലയ്ക്കു രൂപംനൽകി. പിന്നീട്, സിറിലിന്റെ പേരിൽ അറിയപ്പെട്ട സിറിലിക് അക്ഷരമാല അതിന്റെ സ്ഥാനം കയ്യടക്കി. ഇപ്പോഴത്തെ റഷ്യൻ, യൂക്രേനിയൻ, സെർബിയൻ, ബൾഗേറിയൻ തുടങ്ങിയ ലിപികളുടെ ഉറവിടം അതായിരുന്നു. സ്ലാവോനിക് ബൈബിൾ തലമുറകളോളം ആ ദേശത്തെ ജനങ്ങൾക്ക് ഉപകരിച്ചു. കാലക്രമേണ, ഭാഷയ്ക്കു വ്യതിയാനം സംഭവിച്ചപ്പോൾ അതു സാധാരണക്കാരനു മനസ്സിലാക്കാൻ പ്രയാസകരമായിത്തീർന്നു.
എബ്രായ ബൈബിൾ അതിജീവിക്കുന്നു
അക്കാലത്ത്, അതായത് ഏതാണ്ട് പൊ.യു. ആറാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലത്ത്, മാസരിറ്റുകാർ എന്നറിയപ്പെടുന്ന ഒരുകൂട്ടം യഹൂദർ എബ്രായ തിരുവെഴുത്തു പാഠം സംരക്ഷിക്കുന്നതിനു വ്യവസ്ഥാനുസൃതമായ പകർപ്പെഴുത്തു രീതികൾ വികസിപ്പിച്ചെടുത്തു. പാഠത്തിന്റെ പ്രാമാണികത കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിൽ അവർ എല്ലാ വരികളും, ഓരോ അക്ഷരം പോലും, എണ്ണിത്തിട്ടപ്പെടുത്തി കയ്യെഴുത്തുപ്രതികളിലെ വ്യതിയാനങ്ങൾ അടയാളപ്പെടുത്തി. അവരുടെ ശ്രമം പാഴായില്ല. ഉദാഹരണത്തിന്, പൊ.യു.മു. 250-നും പൊ.യു. 50-നുമിടയ്ക്ക് എഴുതപ്പെട്ട ചാവുകടൽ ചുരുളുകളുമായി ആധുനിക മാസൊരിറ്റിക് പാഠങ്ങൾ താരതമ്യപ്പെടുത്തിയപ്പോൾ 1,000 വർഷത്തിനു ശേഷവും ഉപദേശപരമായ കാര്യങ്ങളിൽ യാതൊരു മാറ്റവും അതിൽ കണ്ടെത്താൻ കഴിഞ്ഞില്ല.b
യൂറോപ്പിലെ മധ്യകാലയുഗങ്ങൾ ഏറെക്കുറെ അന്ധകാരയുഗങ്ങൾക്കു സമാനമായിരുന്നു. വായനയും പഠനവും ജനതതികൾക്കിടയിൽ തീരെ കുറവായിരുന്നു. ക്രമേണ, വൈദികരിൽപ്പോലും അധിക പങ്കിനും പള്ളികളിൽ ഉപയോഗിച്ചിരുന്ന ലത്തീൻ വായിക്കാൻ അറിഞ്ഞുകൂടെന്നായി. മിക്കപ്പോഴും അവർക്കു തങ്ങളുടെ പ്രാദേശിക ഭാഷപോലും വായിക്കാൻ അറിയില്ലായിരുന്നു. അത് യൂറോപ്പിൽ യഹൂദരെ കൂട്ടമായി പാളയങ്ങളിൽ പാർപ്പിച്ചിരുന്ന കാലവുമായിരുന്നു. ബൈബിൾ സംബന്ധമായ എബ്രായഭാഷാ പാണ്ഡിത്യം അവരുടെയിടയിൽ സംരക്ഷിക്കപ്പെട്ടത് ഒരു പരിധിവരെ ഈ ഒറ്റപ്പെടുത്തലിന്റെ ഫലമായാണ്. എങ്കിലും, മുൻവിധിയും വിശ്വാസക്കുറവും നിമിത്തം യഹൂദരുടെ അറിവ് പാളയത്തിനു പുറത്തുള്ളവർക്കു ലഭിക്കാതെപോയി. പശ്ചിമ യൂറോപ്പിൽ ഗ്രീക്കുഭാഷാപരിജ്ഞാനവും കുറഞ്ഞുവരികയായിരുന്നു. പാശ്ചാത്യ സഭകൾ ജെറോമിന്റെ ലത്തീൻ വൾഗേറ്റിനെ ആദരപൂർവം വീക്ഷിക്കാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ ഏറെ വഷളായി. മാസൊരിറ്റിക് കാലഘട്ടത്തിന്റെ അവസാനത്തോടെ ലത്തീൻ മൃതഭാഷയായി മാറുകയായിരുന്നെങ്കിലും വൾഗേറ്റ് ഏക അധികൃത ഭാഷാന്തരമായി പൊതുവേ കരുതപ്പെട്ടു. അങ്ങനെ, ബൈബിളിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം നാമ്പെടുക്കാൻ തുടങ്ങി. അതോടെ കൂടുതലായ ഏറ്റുമുട്ടലിനു കളമൊരുങ്ങി.
ബൈബിൾ പരിഭാഷ എതിർപ്പിനെ നേരിടുന്നു
1079-ൽ ഗ്രിഗറി ഏഴാമൻ പാപ്പാ, നാട്ടുഭാഷകളിൽ ബൈബിൾ നിർമിക്കുന്നതും അവ കൈവശം വയ്ക്കുന്നതും നിരോധിച്ചുകൊണ്ട് മധ്യകാല സഭാതീർപ്പുകളിൽ ഒന്നാമത്തേതു പുറപ്പെടുവിച്ചു. വിശുദ്ധ തിരുവെഴുത്തുകളുടെ ഭാഗങ്ങൾ പരിഭാഷപ്പെടുത്തേണ്ടതായി വരുമെന്നതുകൊണ്ട് സ്ലാവ്യ ഭാഷയിൽ കുർബാന നടത്തുന്നതിനുള്ള അനുമതി അദ്ദേഹം റദ്ദാക്കി. ആദിമ ക്രിസ്ത്യാനികളുടെ നിലപാടിനു കടകവിരുദ്ധമായി അദ്ദേഹം ഇങ്ങനെ എഴുതി: “വിശുദ്ധ തിരുവെഴുത്തുകൾ ചിലയിടങ്ങളിൽ രഹസ്യമാക്കിയിരിക്കുന്നതു സർവേശ്വരനെ പ്രസാധിപ്പിച്ചിരിക്കുന്നു.” സഭയുടെ ഔദ്യോഗിക നിലപാട് ഇതായിരുന്നതിനാൽ, ബൈബിൾ വായനയെ ഉന്നമിപ്പിച്ചിരുന്നവർ ഏറെ അപകടകാരികളായിട്ടാണു കരുതപ്പെട്ടിരുന്നത്.
സാഹചര്യം പ്രതികൂലമായിരുന്നിട്ടും സാധാരണക്കാരുടെ ഭാഷയിലേക്കുള്ള ബൈബിളിന്റെ പകർത്തലും പരിഭാഷയും തുടർന്നു. യൂറോപ്പിൽ പല ഭാഷകളിലും ബൈബിൾ ഭാഷാന്തരങ്ങൾ രഹസ്യമായി വിതരണം ചെയ്യപ്പെട്ടു. അവയെല്ലാം കൈകൊണ്ടു പകർത്തിയെഴുതിയ പ്രതികളായിരുന്നു. കാരണം, കൈകൊണ്ടു നിരത്തുന്ന അച്ചുപയോഗിച്ചുള്ള അച്ചടിരീതി 1400-കളുടെ മധ്യഘട്ടംവരെ യൂറോപ്പിൽ കണ്ടുപിടിച്ചിരുന്നില്ല. എന്നാൽ ബൈബിൾ പ്രതികൾക്കു വിലയേറുകയും അവയുടെ എണ്ണം പരിമിതമാകുകയും ചെയ്തതോടെ ബൈബിളിലെ ഒരു പുസ്തകത്തിന്റെ ഭാഗമോ ഏതാനും താളുകളോ കൈവശം വയ്ക്കാൻ ലഭിക്കുന്നത് ഒരു സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമായിരുന്നു. ചിലർ കുറെയേറെ ഭാഗങ്ങൾ, മുഴു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾപോലും, മനപ്പാഠമാക്കി!
എന്നുവരികിലും, കാലക്രമത്തിൽ വ്യാപകമായി സഭാനവീകരണ പ്രസ്ഥാനങ്ങൾ രൂപംകൊണ്ടു. അനുദിന ജീവിതത്തിൽ ദൈവവചനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതു നിമിത്തമുള്ള നവ അവബോധമായിരുന്നു ഭാഗികമായി അതിനു പ്രചോദനമായത്. അത്തരം പ്രസ്ഥാനങ്ങളും അച്ചടിയുടെ വികസനവും ബൈബിളിനെ എങ്ങനെ ബാധിക്കുമായിരുന്നു? തുടക്കത്തിൽ പരാമർശിച്ച വില്യം ടിൻഡെയ്ലിനും അദ്ദേഹത്തിന്റെ പരിഭാഷയ്ക്കും എന്തു സംഭവിച്ചു? നമ്മുടെ കാലംവരെ നീളുന്ന ഹൃദ്യമായ ആ കഥയുടെ ശേഷഭാഗം ഭാവിലക്കങ്ങളിൽ നാം പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a 2-ഉം 3-ഉം ഭാഗങ്ങൾ യഥാക്രമം സെപ്റ്റംബർ 15-ഉം ഒക്ടോബർ 15-ഉം ലക്കങ്ങളിൽ പ്രത്യക്ഷപ്പെടുന്നതാണ്.
b വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം നാലു സുവിശേഷങ്ങളുടെ പൊരുത്തത്തിന്റെ ഒരു ആധുനിക ഉദാഹരണമാണ്.
വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 2, പേജ് 315 കാണുക.
[8,9 പേജികളിലെ ചാർട്ട]
ബൈബിൾ കൈമാറിവന്ന മുഖ്യ തീയതികൾ
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.)
പൊ.യു.മു. ഏതാണ്ട് 443-ൽ എബ്രായ തിരുവെഴുത്തുകൾ പൂർത്തിയായി
പൊ.യു.മു. 400
മഹാനായ അലക്സാണ്ടർ (പൊ.യു.മു.കൃത്യം 323)
പൊ.യു.മു. 300
പൊ.യു.മു. ഏതാണ്ട് 280-ൽ സെപ്റ്റ്വജിൻറ് എഴുതിത്തുടങ്ങി
പൊ.യു.മു. 200
പൊ.യു.മു. 100 പൊ.യു.മു. ഏതാണ്ട് 100-നും പൊ.യു.68-നുമിടയ്ക്ക് ചാവുകടൽച്ചുരുളുകളിലധികവും എഴുതപ്പെട്ടു
പൊതുയുഗം (പൊ.യു.)
പൊ.യു. 70-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടു
പൊ.യു. 98-ൽ ഗ്രീക്കു തിരുവെഴുത്തുകൾ പൂർത്തിയായി
പൊ.യു. 100
യോഹന്നാന്റെ സുവിശേഷത്തിന്റെ റൈലൻഡ്സ് പപ്പൈറസ്(പൊ.യു. 125-നു മുമ്പ്)
പൊ.യു. 200
പൊ.യു. 300
പൊ.യു. 400 പൊ.യു. ഏതാണ്ട് 400-ലെ ജെറോമിന്റെ ലത്തീൻ വൾഗേറ്റ്
പൊ.യു. 500
പൊ.യു. 600
മാസൊരിറ്റിക് പാഠം തയ്യാറാക്കി
പൊ.യു. 700
പൊ.യു. 800
പൊ.യു. 863-ൽ സിറിൽ മൊറേവ്യയിൽ
പൊ.യു. 900
പൊ.യു. 1000
പൊ.യു. 1079-ൽ നാട്ടുഭാഷയിലുള്ള ബൈബിളിനെതിരെയുള്ള കൽപ്പന
പൊ.യു. 1100
പൊ.യു. 1200
പൊ.യു. 1300
[9-ാം പേജിലെ ചിത്രം]
ആദിമ ക്രിസ്ത്യാനികൾ കയ്യെഴുത്തുപുസ്തകത്തിന്റെ ഉപയോഗത്തിനു നാന്ദികുറിച്ചു
[10-ാം പേജിലെ ചിത്രം]
എബ്രായഭാഷ പഠിക്കുന്നതിനു ജെറോം ബേത്ലഹേമിലേക്കു പോയി