വൃദ്ധമാതാപിതാക്കളെ ബഹുമാനിക്കുന്നതിന്റെ പ്രതിഫലങ്ങൾ
ദൈവത്തിന്റെ സത്യാരാധകർക്കു തങ്ങളുടെ വൃദ്ധമാതാപിതാക്കളോടു സ്നേഹമുള്ളതുകൊണ്ട് അവരെ ആദരിക്കുകയും ബഹുമാനിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. അതവരുടെ ആരാധനയുടെ ഭാഗമാണ്. ബൈബിൾ ഇങ്ങനെ പറയുന്നു: “[മക്കളും കൊച്ചുമക്കളും] . . . മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 തിമൊഥെയൊസ് 5:4) ചെറുപ്പക്കാരാണെങ്കിലും പ്രായമുള്ളവരാണെങ്കിലും നാം നമ്മുടെ മാതാപിതാക്കൾക്കും വല്യമ്മവല്യപ്പന്മാർക്കും “പ്രത്യുപകാരം” ചെയ്യുന്നത് ഉചിതമാണ്. അങ്ങനെ നാം അവരുടെ സ്നേഹത്തിനും കഠിനാധ്വാനത്തിനും നിരവധി വർഷങ്ങളോളം നമ്മെ പരിപാലിച്ചതിനും വിലമതിപ്പു പ്രകടമാക്കുന്നു. എന്തിന്, നമ്മുടെ ജീവനുതന്നെയും നാം മാതാപിതാക്കളോടു കടപ്പെട്ടിരിക്കുന്നു!
മാതാപിതാക്കൾക്കും വല്യമ്മവല്യപ്പന്മാർക്കും അവർ അർഹിക്കുന്ന പ്രത്യുപകാരം ചെയ്യുന്നത് “ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു” എന്നതു ശ്രദ്ധിക്കുക. അതു നമ്മുടെ “ഭക്തി”യുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ ഈ ബുദ്ധ്യുപദേശാനുസൃതം പ്രവർത്തിക്കുമ്പോൾ നമുക്കു പ്രതിഫലം ലഭിക്കും. നമ്മുടെ പ്രവൃത്തി ദൈവത്തെ പ്രസാദിപ്പിക്കുന്നുവെന്നു നമുക്കറിയാം. അതു നമുക്കു സന്തോഷം കൈവരുത്തുന്നു.
മറ്റുള്ളവർക്കു കൊടുക്കുന്നതിൽ നമുക്ക് സന്തോഷമുണ്ട്, പ്രത്യേകിച്ചും നമുക്ക് ഉദാരമായി നൽകിയിരിക്കുന്നവർക്കു കൊടുക്കുമ്പോൾ. (പ്രവൃത്തികൾ 20:35) ആ സ്ഥിതിക്ക്, ബൈബിളിന്റെ പിൻവരുന്ന തത്ത്വത്തിന് അനുരൂപമായി പ്രവർത്തിക്കുന്നതിൽ എന്തൊരു പ്രതിഫലമാണുള്ളത്: “നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ”!—സദൃശവാക്യങ്ങൾ 23:25.
മാതാപിതാക്കൾക്കും വല്യമ്മവല്യപ്പന്മാർക്കും അവർ അർഹിക്കുന്ന പ്രത്യുപകാരം ചെയ്യാൻ നമുക്കെങ്ങനെ സാധിക്കും? ഭൗതികവും വൈകാരികവും ആത്മീയവുമായ മൂന്ന് വിധങ്ങളിൽ. ഓരോന്നും അതിന്റേതായ പ്രതിഫലങ്ങൾ കൈവരുത്തും.
ഭൗതിക പിന്തുണ
അടുത്ത കുടുംബാംഗങ്ങളുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതു പ്രധാനമാണെന്നു ദൈവത്തെ സേവിക്കുന്നവർക്കറിയാം. പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ അനുശാസിച്ചു: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”—1 തിമൊഥെയൊസ് 5:8.
പശ്ചിമാഫ്രിക്കയിൽ താമസിക്കുന്ന റ്റൂൻജിയുടെയും ജോയിയുടെയും കാര്യമെടുക്കാം. സാമ്പത്തിക ഞെരുക്കത്തിലായിരുന്നെങ്കിലും തങ്ങളോടൊപ്പം താമസിക്കാൻ ജോയിയുടെ മാതാപിതാക്കളെ അവർ ക്ഷണിച്ചു. രോഗിയായിരുന്ന പിതാവ് ഒടുവിൽ മരിച്ചു. റ്റൂൻജി അനുസ്മരിക്കുന്നു: “പപ്പാ മരിച്ചപ്പോൾ മമ്മി എന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് പറഞ്ഞു: ‘ഒരാൾക്കു ചെയ്യാൻ സാധിക്കുന്നതെല്ലാം നീ ചെയ്തു. പപ്പായുടെ മരണത്തിൽ ഒരു വിധത്തിലും നിനക്കു കുറ്റബോധം തോന്നേണ്ട കാര്യമില്ല.’ ഞങ്ങൾക്കു പപ്പായുടെ അഭാവം അനുഭവപ്പെടുന്നുണ്ട്. എങ്കിലും ഞങ്ങൾ പപ്പായ്ക്ക് ഏറ്റവും നല്ല മരുന്നു വാങ്ങിക്കൊടുക്കുകയും താൻ വേണ്ടപ്പെട്ടവനാണെന്നും തന്നെ ആവശ്യമുണ്ടെന്നുമുള്ള തോന്നൽ അദ്ദേഹത്തിലുളവാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു; ഞങ്ങളുടെ ദൈവദത്ത ഉത്തരവാദിത്വം നിവർത്തിക്കാൻ ഞങ്ങൾ കഴിവിന്റെ പരമാവധി ചെയ്തു. ആ സംതൃപ്തി ഞങ്ങൾക്കുണ്ട്.”
തീർച്ചയായും, എല്ലാവർക്കും മറ്റുള്ളവരെ ഭൗതികമായി സഹായിക്കാൻ കഴിഞ്ഞെന്നുവരില്ല. നൈജീരിയയിൽ താമസിക്കുന്ന ഒരാൾ ഇങ്ങനെ പറഞ്ഞു: “സ്വന്തംകാര്യം നോക്കിനടത്താൻ സാധിക്കാത്തയാൾ മറ്റൊരാളുടെ കാര്യം എങ്ങനെ നോക്കിനടത്തും?” മിക്ക ദേശങ്ങളിലും വരുംവർഷങ്ങളിൽ സ്ഥിതിഗതികൾ ഏറെ വഷളാകാനാണു സാധ്യത. ആഫ്രിക്കയിൽ സഹാറയുടെ തെക്കുള്ള പ്രദേശത്തെ ആളുകളിൽ പകുതിയും താമസിയാതെ സമ്പൂർണ ദാരിദ്ര്യത്തിൽ കഴിയേണ്ടിവരുമെന്ന് ഐക്യരാഷ്ട്രങ്ങൾ പ്രവചിക്കുന്നു.
നിങ്ങളുടെ സാമ്പത്തികസ്ഥിതി മോശമാണെങ്കിൽ ദരിദ്രയായ ഒരു വിധവയുടെ യഥാർഥ ജീവിതകഥയിൽനിന്നു നിങ്ങൾക്ക് ആശ്വാസം കണ്ടെത്താവുന്നതാണ്. യേശു ഭൂമിയിലായിരുന്നപ്പോൾ ഒരു വിധവ ആലയഭണ്ഡാരത്തിൽ ഒരു നിസ്സാര തുക സംഭാവനയിടുന്നതു നിരീക്ഷിച്ചു. അവൾ നൽകിയതു “രണ്ടു കാശു” മാത്രമായിരുന്നു. എന്നിട്ടും, അവളുടെ സാഹചര്യത്തെക്കുറിച്ച് അറിയാമായിരുന്ന യേശു ഇങ്ങനെ പറഞ്ഞു: “ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.”—ലൂക്കൊസ് 21:1-4.
സമാനമായി, നമ്മുടെ മാതാപിതാക്കളുടെയോ വല്യമ്മവല്യപ്പന്മാരുടെയോ ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനായി നാം കഴിവിന്റെ പരമാവധി—അത് അൽപ്പമാണെങ്കിൽക്കൂടി—ശ്രമിക്കുന്നപക്ഷം യഹോവ അതു നിരീക്ഷിക്കുകയും വിലമതിക്കുകയും ചെയ്യും. നമ്മുടെ കഴിവിനതീതമായി എന്തെങ്കിലും ചെയ്യാൻ യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല. ഒരുപക്ഷേ നമ്മുടെ മാതാപിതാക്കളോ വല്യമ്മവല്യപ്പന്മാരോ വിചാരിക്കുന്നതും അങ്ങനെതന്നെയായിരിക്കാം.
വൈകാരിക പിന്തുണ
മാതാപിതാക്കളുടെയും വല്യമ്മവല്യപ്പന്മാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഭൗതിക പിന്തുണ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. നമുക്കെല്ലാം വൈകാരിക ആവശ്യങ്ങളുണ്ട്. പ്രായംചെന്നവരുൾപ്പെടെ കുടുംബത്തിലെ ഓരോ അംഗവും സ്നേഹിക്കപ്പെടാനും തന്റെ ആവശ്യമുണ്ടെന്നും താൻ വേണ്ടപ്പെട്ടവനാണെന്നും ആദരണീയ വ്യക്തിയാണെന്നും കരുതപ്പെടാനും ആഗ്രഹിക്കുന്നു.
കെനിയയിൽ താമസിക്കുന്ന മേരിയുടെ കാര്യമെടുക്കാം. കഴിഞ്ഞ മൂന്നു വർഷമായി അവൾ വൃദ്ധയായ അമ്മായിയമ്മയെ പരിചരിക്കുകയാണ്. “അമ്മയുടെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു പുറമേ ഞങ്ങൾ എല്ലായ്പോഴും അമ്മയുമായി സംസാരിക്കുകയും ചെയ്യും. വീട്ടിലധികമൊന്നും ചെയ്യാൻ അമ്മയ്ക്കാവില്ല. എങ്കിലും ഞങ്ങൾ സംസാരിക്കുന്നു, ഉറ്റ സുഹൃത്തുക്കളുമാണ്. ചിലപ്പോഴൊക്കെ ഞങ്ങൾ ദൈവത്തെക്കുറിച്ചു സംസാരിക്കും. ചിലപ്പോഴൊക്കെ പണ്ടു താമസിച്ചിരുന്നിടത്തെ ആളുകളെക്കുറിച്ചാകും സംസാരം. അമ്മയ്ക്കിപ്പോൾ 90-ലധികം വയസ്സുണ്ടെങ്കിലും നല്ല ഓർമ്മശക്തിയുണ്ട്. 1914-നു മുമ്പുള്ള തന്റെ ബാല്യകാല ജീവിതത്തെക്കുറിച്ചു സംസാരിക്കാറുമുണ്ട്.”
മേരി തുടർന്നു പറയുന്നു: “വാർധക്യത്തിലെത്തിയ ഒരു വ്യക്തിയെ പരിചരിക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും അമ്മയെ ഞങ്ങളോടൊപ്പം താമസിപ്പിച്ചതു ഞങ്ങൾക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നു. കുടുംബത്തിൽ സമാധാനവും ഐക്യവും കളിയാടുന്നു. അമ്മയെ ശുശ്രൂഷിക്കുന്നതിൽ ഞാൻ വ്യാപൃതയായിരിക്കുന്നതു കുടുംബത്തിലെ മറ്റംഗങ്ങളിലും അതേ വികാരമുണർത്തുന്നു. ഭർത്താവ് എന്നോടു കൂടുതൽ ആദരവു കാട്ടുന്നു. എന്നോട് ആരെങ്കിലും കടുപ്പിച്ചെന്തെങ്കിലും പറഞ്ഞാൽ ഉടനടി അമ്മ എനിക്കുവേണ്ടി വാദിക്കുന്നു. അമ്മ അടുത്തുള്ളപ്പോൾ ആർക്കും എന്നോടു കർക്കശമായി സംസാരിക്കാനാവില്ല!”
ആത്മീയ പിന്തുണ
ഭൗതികവും വൈകാരികവുമായ പിന്തുണയേകൽ ദാതാവിനു പ്രതിഫലം കൈവരുത്തുന്നു. ആത്മീയ പിന്തുണയുടെ കാര്യത്തിലും അതു സത്യമാണ്. റോമിലെ ക്രിസ്തീയ സഭയ്ക്കു പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു, അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.”—റോമർ 1:11, 12.
അതേ വിധത്തിൽ, ദൈവത്തെ സേവിക്കുന്ന വൃദ്ധർക്ക് ആത്മീയ പിന്തുണയേകുന്നതു പരസ്പര പ്രോത്സാഹനത്തിൽ കലാശിക്കുന്നു. നൈജീരിയയിൽ താമസിക്കുന്ന ഓസൊൻഡു വിവരിക്കുന്നു: “എന്റെ വല്യമ്മവല്യപ്പന്മാർ ഗതകാലത്തെക്കുറിച്ചു പറയുന്നതാണ് എനിക്കേറ്റവും രസകരമായി തോന്നുന്നത്. എന്റെ വല്യപ്പൻ 50-കളിലും 60-കളിലും താൻ മുഴുസമയ ശുശ്രൂഷകനായി പ്രവർത്തിച്ച പ്രദേശത്തെക്കുറിച്ച് ഉത്സാഹപൂർവം വിവരിക്കാറുണ്ട്. ഇന്നത്തെ സഭാ ഘടനയെ താൻ സാക്ഷിയായിത്തീർന്നപ്പോഴത്തേതുമായി അദ്ദേഹം താരതമ്യം ചെയ്യാറുണ്ട്. ഈ അനുഭവങ്ങൾ എന്റെ പയനിയർ സേവനത്തിൽ സഹായകമാണ്.”
സഭയിലുള്ള മറ്റുള്ളവർക്കും വാർധക്യത്തിലെത്തിയവരെ സഹായിക്കാവുന്നതാണ്. നേരത്തേ സൂചിപ്പിച്ച റ്റൂൻജി തന്റെ സഭയിൽ നടന്ന സംഭവത്തെക്കുറിച്ചു വിവരിക്കുന്നു: “പരസ്യപ്രസംഗത്തിനു നിയമനം ലഭിച്ച ഒരു യുവ പയനിയർ സഹോദരൻ ബാഹ്യരേഖ പപ്പായുടെ അടുക്കൽ കൊണ്ടുവന്ന് ഒരുമിച്ചു തയ്യാറായി. വീക്ഷാഗോപുര അധ്യയന നിർവാഹകൻ പപ്പായുടെ അടുക്കൽ വന്നുപറഞ്ഞു: ‘സഹോദരന് അനുഭവസമ്പത്തുണ്ടല്ലോ. പുരോഗമിക്കേണ്ടതിനു ഞാൻ എന്തു ചെയ്യണമെന്നു സഹോദരന് എന്നോടു പറയാം.’ ആ മൂപ്പനു ചില പ്രായോഗിക ബുദ്ധ്യുപദേശം നൽകാൻ പപ്പായ്ക്കു കഴിഞ്ഞു. സഹോദരന്മാർ നിരവധി തവണ പപ്പായുടെ പേര് സഭാ പ്രാർഥനവേളകളിൽ ഉൾപ്പെടുത്തി. അതെല്ലാം താൻ വേണ്ടപ്പെട്ടവനാണെന്ന തോന്നൽ അദ്ദേഹത്തിലുളവാക്കി.”
നല്ല നടത്ത ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു
ചിലപ്പോഴൊക്കെ, മാതാപിതാക്കളോടും വല്യമ്മവല്യപ്പന്മാരോടും ബഹുമാനവും സ്നേഹവും പ്രകടമാക്കുമ്പോൾ നാം ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുകയായിരിക്കും. പത്രൊസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.”—1 പത്രൊസ് 2:12.
പശ്ചിമാഫ്രിക്കയിൽ താമസിക്കുന്ന ആൻഡ്രൂ എന്ന ക്രിസ്തീയ മൂപ്പൻ അവിശ്വാസിയായ, രോഗിയായ പിതാവിനെ പരിചരിക്കുന്നതിനു വാരത്തിൽ രണ്ടു തവണ 95 കിലോമീറ്റർ യാത്രചെയ്യുമായിരുന്നു. അദ്ദേഹം വിവരിക്കുന്നു: “ഞാൻ യഹോവയുടെ സാക്ഷിയായിത്തീർന്നപ്പോൾ പിതാവ് എന്നെ ശക്തമായി എതിർത്തിരുന്നു. എന്നാൽ അദ്ദേഹം രോഗിയായിരുന്നപ്പോൾ ഞാൻ പരിചരിക്കുന്നതു കണ്ട് എന്റെ ഇളയ സഹോദരങ്ങളോട് ‘നിങ്ങളും ജ്യേഷ്ഠന്റെ മതത്തിൽ ചേരണം’ എന്നു പറഞ്ഞ് അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു! അതവർക്കു പ്രചോദനമേകി. ഇപ്പോൾ ഞങ്ങൾ ഒമ്പതു മക്കളും യഹോവയുടെ സാക്ഷികളാണ്.
വൃദ്ധമാതാപിതാക്കളെ ബഹുമാനിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് ഒരു വലിയ വെല്ലുവിളിയായിരിക്കും, പ്രത്യേകിച്ചും സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോൾ. എന്നാൽ ക്രിസ്ത്യാനികൾ അതു ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ അനേക ഫലങ്ങൾ കൊയ്തെടുക്കും. സർവോപരി, അവരെല്ലാം കൊടുക്കുന്നതിലുള്ള സന്തുഷ്ടിയും ‘എല്ലാവർക്കും പിതാവായ’ യഹോവയാം ദൈവത്തെയാണു പ്രസാദിപ്പിക്കുന്നത് എന്ന അറിവിനാലുള്ള സംതൃപ്തിയും അനുഭവിച്ചറിയും.—എഫെസ്യർ 4:6.
[6-ാം പേജിലെ ചതുരം]
പരിചരണം സ്വീകരിക്കുന്നവർക്കും നൽകുന്നവർക്കുമുള്ള ദൈവിക ബുദ്ധ്യുപദേശം
പ്രോത്സാഹിപ്പിക്കുന്നവരായിരിക്കുക: “നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.”—റോമർ 15:2.
ദൃഢചിത്തരായിരിക്കുക: “നൻമ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാത്യർ 6:9.
താഴ്മയുള്ളവരായിരിക്കുക: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.”—ഫിലിപ്പിയർ 2:3.
നന്മ പ്രവർത്തിക്കുന്നവരായിരിക്കുക: “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.”—1 കൊരിന്ത്യർ 10:24.
ന്യായബോധമുള്ളവരായിരിക്കുക: “നിങ്ങളുടെ സൌമ്യത [“ന്യായബോധം,” NW] സകല മനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു.”—ഫിലിപ്പിയർ 4:5.
അനുകമ്പയുള്ളവരായിരിക്കുക: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി [“അനുകമ്പയുള്ളവരായി,” NW] ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.”—എഫെസ്യർ 4:32.
[7-ാം പേജിലെ ചിത്രം]
പ്രായംകുറഞ്ഞ മൂപ്പന്മാർക്കു പ്രായംചെന്നവരുടെ അനുഭവത്തിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയും