രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“അപ്രതീക്ഷിതരുടെ ദേശ”ത്തെ വെല്ലുവിളികൾ തരണം ചെയ്യൽ
ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യ ക്രിസ്ത്യാനികളോട് അപ്പോസ്തലനായ പൗലൊസ് ചോദിച്ചു: “കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും? അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും?”—1 കൊരിന്ത്യർ 14:8, 9.
അപ്രതീക്ഷിതരുടെ ദേശം എന്ന് ചിലപ്പോഴൊക്കെ വിളിക്കപ്പെടുന്ന പാപ്പുവ ന്യൂഗിനിയിൽ ബൈബിളിന്റെ വ്യക്തമായ സന്ദേശം മുഴക്കുന്നതിൽ യഹോവയുടെ സാക്ഷികൾ ശക്തമായ പ്രതിബന്ധങ്ങളെ നേരിടുന്നു. 700-ലധികം ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്തങ്ങളായ ഒട്ടനവധി ആചാരരീതികളുള്ള ജനങ്ങളോടാണ് അവർ പ്രസംഗിക്കുന്നത്. പർവതപ്രദേശം, റോഡുകളുടെ കുറവ്, വർധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യം എന്നിവയുമായും സാക്ഷികൾക്കു മല്ലടിക്കേണ്ടിവരുന്നു. ഈ ബുദ്ധിമുട്ടുകൾക്കെല്ലാം പുറമേ, ചില മത വിഭാഗങ്ങളിൽനിന്നും ചിലപ്പോൾ സ്കൂൾ അധികൃതരിൽനിന്നുമുള്ള എതിർപ്പുമുണ്ട്.
എന്നിരുന്നാലും, നല്ല ആത്മീയ പ്രബോധനവും പ്രാദേശിക ഭാഷകളിലുള്ള ബൈബിൾ പഠനസഹായികളുടെ വർധിച്ചുവരുന്ന ശേഖരവും സുവാർത്ത വ്യക്തമായ കാഹളനാദം പോലെ മുഴക്കാൻ സാക്ഷികളെ സജ്ജരാക്കുന്നു. പിൻവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നതുപോലെ പ്രതികരണം മിക്കപ്പോഴും ക്രിയാത്മകമാണ്:
• ഒരു അധ്യയന വർഷത്തിന്റെ ആരംഭത്തിൽ, യഹോവയുടെ സാക്ഷികളുടെ കുട്ടികൾ പതാക വന്ദിക്കുകയോ ദേശീയഗാനം ആലപിക്കുകയോ ചെയ്യാത്തതെന്തുകൊണ്ടെന്ന് അറിയാൻ ഒരധ്യാപകൻ ആഗ്രഹിച്ചു. സ്നാപനമേറ്റ സാക്ഷിയായ മൈയോള എന്ന 13-കാരിയായ വിദ്യാർഥിനിയോട് അദ്ദേഹം അതു ചോദിച്ചു. മൈയോള വ്യക്തമായ, തിരുവെഴുത്തധിഷ്ഠിതമായ വിശദീകരണം നൽകി. അവളുടെ ന്യായവാദം ബൈബിളിൽനിന്നായിരുന്നതുകൊണ്ട് അധ്യാപകൻ അത് അംഗീകരിച്ചു. ആ വിശദീകരണം മറ്റ് സ്കൂൾ ജീവനക്കാരുമായി പങ്കുവെക്കുകയും ചെയ്തു.
പിന്നീട്, ഉപന്യാസം എഴുതാൻ കുട്ടികൾക്ക് നിയമനം ലഭിച്ചപ്പോൾ മൈയോള ത്രിത്വം എന്ന വിഷയം തിരഞ്ഞെടുത്തു. ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്കു കിട്ടിയത് അവളുടെ ഉപന്യാസത്തിനായിരുന്നു. പ്രസ്തുത വിവരം അവൾക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന് അധ്യാപകൻ ആരാഞ്ഞു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രതി അവൾ അദ്ദേഹത്തെ കാണിച്ചു. അധ്യാപകൻ ആ പുസ്തകം മുഴു ക്ലാസ്സിനെയും പരിചയപ്പെടുത്താൻ തുടങ്ങി, സ്വന്തമായൊരു പ്രതി വേണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടു. അടുത്ത ദിവസം മൈയോള തന്റെ സഹപാഠികൾക്ക് 14 പുസ്തകവും 7 മാസികയും നൽകി. അവരിൽ മൂന്നു പേർക്ക് അവൾ ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു. ഒരു മുഴുസമയ ശുശ്രൂഷകയാകുക എന്നതാണ് മൈയോളയുടെ ലക്ഷ്യം.
• മോർസ്ബൈ തുറമുഖത്തിനടുത്തുള്ള ഒരു തീരദേശഗ്രാമത്തിലെ യഹോവയുടെ സാക്ഷികളുടെ ഒററപ്പെട്ട കൂട്ടം 1970-കൾമുതൽ എതിർപ്പു നേരിടുകയായിരുന്നു. എന്നാൽ അടുത്തയിടെ അവർക്ക് അവിചാരിതമായൊരു ഉറവിൽനിന്നു സഹായം ലഭിച്ചു. വിദേശ വിദ്യാഭ്യാസം നേടിയ പാപ്പുവ ന്യൂഗിനിക്കാരനായ അവിടുത്തെ ആംഗ്ലിക്കൻ ബിഷപ്പ് ഒരു ദിവസം സദസ്സിൽനിന്നു ചോദ്യങ്ങൾ ക്ഷണിച്ചു. ഒരുവൻ ചോദിച്ചു: “ഞങ്ങളുടെ ഗ്രാമത്തിൽ രണ്ട് മതങ്ങളുണ്ട്—ആംഗ്ലിക്കൻ സഭയും യഹോവയുടെ സാക്ഷികളും. സാക്ഷികൾ ഞങ്ങളുടെ വീട്ടുവാതിക്കൽ വരുമ്പോൾ ഞങ്ങൾ എന്തു ചെയ്യണം?” ദീർഘനേരത്തെ മൗനത്തിനുശേഷം ബിഷപ്പ് പറഞ്ഞു: “നിങ്ങളോട് എന്തു പറയണമെന്ന് എനിക്കു വാസ്തവത്തിൽ അറിയില്ല. അടുത്തയിടെ, രണ്ട് യുവസാക്ഷികൾ എന്റെ വീട്ടുവാതിൽക്കൽ വന്നു. അവരെന്നോട് ഒരു ചോദ്യം ചോദിച്ചു, യൂണിവേഴ്സിറ്റി പരിശീലനമെല്ലാം ഉണ്ടായിരുന്നിട്ടും എനിക്ക് ഉത്തരമറിയില്ലായിരുന്നു. എന്നാൽ അവർ ബൈബിളിൽനിന്ന് അനായാസം ഉത്തരം നൽകി. അതുകൊണ്ട് എന്തു ചെയ്യണമെന്നു ഞാൻ നിങ്ങളോടു പറയുന്നില്ല—ഞാനത് നിങ്ങൾക്കു വിടുന്നു. നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ ശ്രദ്ധിക്കേണ്ടതില്ല, എന്നാൽ അവരോട് അക്രമാസക്തമായി പെരുമാറരുത്.”
പിന്നീട് യഹോവയുടെ സാക്ഷികളുടെ ഈ കൂട്ടത്തെ സന്ദർശിച്ച വാച്ച്ടവർ സൊസൈറ്റിയുടെ ഒരു സഞ്ചാരപ്രതിനിധി ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “സാക്ഷികൾ പ്രസംഗിക്കാൻ പോയപ്പോൾ ആ ഗ്രാമത്തിലെ മിക്കവാറും എല്ലാവരും അവർ പറഞ്ഞതു ശ്രദ്ധിച്ചു. ചിലർ അവരെ തങ്ങളുടെ ഭവനങ്ങളിലേക്കു ക്ഷണിക്കുകപോലും ചെയ്തു. ഇപ്പോഴത് പ്രസംഗത്തിനുള്ള ഒരു പറുദീസയാണ്.”