ദൈവത്തിന്റെ നിശ്വസ്ത വചനം വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കൽ
“കൗശലം പ്രയോഗിക്കാതെയും ദൈവവചനത്തിൽ മായം ചേർക്കാതെയും ഞങ്ങൾ ലജ്ജാകരമായ ഗൂഢകാര്യങ്ങൾ ത്യജിച്ചിരിക്കുന്നു.”—2 കൊരിന്ത്യർ 4:2, NW.
1. (എ) മത്തായി 24:14-ലും 28:20-ലും പറഞ്ഞിരിക്കുന്ന വേല നിർവഹിക്കുന്നതിന് എന്ത് ആവശ്യമായിരുന്നു? (ബി) അന്ത്യനാളുകൾ ആരംഭിച്ചപ്പോൾ ആളുകളുടെ ഭാഷകളിൽ ബൈബിൾ ഏതളവോളം ലഭ്യമായിരുന്നു?
തന്റെ രാജകീയ സാന്നിധ്യത്തിന്റെ സമയത്തെയും ഈ പഴയ വ്യവസ്ഥിതിയുടെ സമാപനത്തെയും കുറിച്ചുള്ള മഹത്തായ പ്രവചനത്തിൽ, യേശുക്രിസ്തു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” കൂടാതെ അവൻ അനുഗാമികൾക്ക് ഈ കൽപ്പന കൊടുക്കുകയും ചെയ്തു: “ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 24:14; 28:20) ആ പ്രവചനങ്ങളുടെ നിവൃത്തിയിൽ ബൈബിൾ പരിഭാഷപ്പെടുത്തി അച്ചടിക്കുന്നതും അതിന്റെ അർഥമെന്തെന്ന് ആളുകളെ പഠിപ്പിക്കുന്നതും അതു തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കാൻ അവരെ സഹായിക്കുന്നതുമായ ബൃഹത് വേല ഉൾപ്പെടുന്നു. അത്തരം പ്രവർത്തനത്തിൽ പങ്കുപറ്റുന്നത് എന്തൊരു പദവിയാണ്! 1914 ആയപ്പോഴേക്കും ബൈബിൾ പൂർണമായോ ഭാഗികമായോ 570 ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിനുശേഷം, നൂറുകണക്കിനു ഭാഷകളിലേക്കും അനേകം ഉപഭാഷകളിലേക്കും അതു വ്യാപിച്ചു. പല ഭാഷകളിലും ഒന്നിലധികം പരിഭാഷകളും ലഭ്യമായി.a
2. എത്ര വ്യത്യസ്തമായ ആന്തരങ്ങൾ ബൈബിൾ പരിഭാഷകരുടെയും പ്രസാധകരുടെയും വേലയെ സ്വാധീനിച്ചിരിക്കുന്നു?
2 ഒരു ഭാഷയിലെ വിവരങ്ങൾ മറ്റൊരു ഭാഷ വായിക്കുകയും കേൾക്കുകയും ചെയ്യുന്നവർക്കു സുഗ്രാഹ്യമാക്കിത്തീർക്കുന്നത് ഏതൊരു പരിഭാഷകനും ഒരു വെല്ലുവിളിയാണ്. തങ്ങൾ ദൈവവചനമാണു പരിഭാഷപ്പെടുത്തുന്നതെന്ന സൂക്ഷ്മബോധത്തോടെ വേല നിർവഹിച്ചിട്ടുള്ള ചില ബൈബിൾ പരിഭാഷകരുണ്ട്. എന്നാൽ പദ്ധതിയുടെ പാണ്ഡിത്യപ്രകടനപരമായ വെല്ലുവിളിയിലെ ആകർഷണമായിരുന്നു ചിലർക്കു പ്രേരണയായത്. ബൈബിളിന്റെ ഉള്ളടക്കത്തെ കേവലം മൂല്യവത്തായ ഒരു സാംസ്കാരിക പൈതൃകമായിട്ടാകാം അവർ വീക്ഷിച്ചത്. ചിലർക്ക്, മതം ഒരു ബിസിനസ് ആണ്, പരിഭാഷകനോ പ്രസാധകനോ എന്നനിലയിൽ ഒരു പുസ്തകത്തിൽ തന്റെ പേർ അടിച്ചുവരുന്നത് ഒരു ഉപജീവനമാർഗമാകാം. അവരുടെ ആന്തരങ്ങൾ അവർ ഈ വേല ചെയ്യുന്ന വിധത്തെ വ്യക്തമായും സ്വാധീനിക്കുന്നു.
3. പുതിയലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി അതിന്റെ വേലയെ വീക്ഷിച്ചതെങ്ങനെ?
3 പുതിയ ലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി നടത്തിയ ഈ പ്രസ്താവന ശ്രദ്ധേയമാണ്: “വിശുദ്ധ തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുക എന്നതിനർഥം യഹോവയാം ദൈവത്തിന്റെ ചിന്തകളും വചനങ്ങളും മറ്റൊരു ഭാഷയിലാക്കുക എന്നാണ് . . . അതു വളരെ ഗൗരവമായ ഒരാശയമാണ്. വിശുദ്ധ തിരുവെഴുത്തുകളുടെ ദിവ്യ രചയിതാവിനെ ഭയപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന, ഈ കൃതിയുടെ പരിഭാഷകർക്ക് അവന്റെ ചിന്തകളും പ്രഖ്യാപനങ്ങളും ആവുന്നത്ര കൃത്യതയോടെ പകർന്നുകൊടുക്കുന്നതിൽ അവനോട് ഒരു പ്രത്യേക ഉത്തരവാദിത്വം തോന്നുന്നു. തങ്ങളുടെ നിത്യരക്ഷയ്ക്കായി അത്യുന്നത ദൈവത്തിന്റെ നിശ്വസ്ത വചനത്തിന്റെ പരിഭാഷയിൽ ആശ്രയിക്കുന്ന അന്വേഷണകുതുകികളായ വായനക്കാരോടും അവർക്ക് ഉത്തരവാദിത്വം തോന്നുന്നു. അത്തരം ഗൗരവമായ ഉത്തരവാദിത്വബോധത്തോടെയായിരുന്നു അനേകം വർഷങ്ങളിലെ പ്രയത്നത്തിലൂടെ അർപ്പിതരായ പുരുഷന്മാരുടെ ഈ കമ്മിറ്റി വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം നിർമിച്ചത്.” വ്യക്തവും സുഗ്രാഹ്യവുമായ, എബ്രായ-ഗ്രീക്കു മൂലത്തോട് അങ്ങേയറ്റം പറ്റിനിൽക്കുന്നതും സൂക്ഷ്മപരിജ്ഞാനത്തിൽ തുടർന്നുള്ള വളർച്ചയ്ക്ക് ഒരു അടിസ്ഥാനം പ്രദാനം ചെയ്യുന്നതുമായ ഒരു ബൈബിൾ പരിഭാഷ ഉണ്ടാക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം.
ദൈവനാമത്തിന് എന്തു സംഭവിച്ചിരിക്കുന്നു?
4. ബൈബിളിൽ ദൈവനാമം എത്ര പ്രാധാന്യമുള്ളതാണ്?
4 ബൈബിളിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് സത്യദൈവത്തെ അറിയാൻ ആളുകളെ സഹായിക്കുകയെന്നതാണ്. (പുറപ്പാടു 20:2-7; 34:1-7; യെശയ്യാവ് 52:6) തന്റെ പിതാവിന്റെ നാമം “വിശുദ്ധീകരിക്കപ്പെടേണമേ,” അഥവാ, പാവനമായി, വിശുദ്ധമായി കരുതപ്പെടേണമേ എന്നു പ്രാർഥിക്കാൻ യേശുക്രിസ്തു തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9) ദൈവം തന്റെ നാമം 7,000-ത്തിലധികം പ്രാവശ്യം ബൈബിളിൽ വരാൻ ദൈവം ഇടയാക്കി. ആ നാമവും അതു വഹിക്കുന്നവന്റെ ഗുണങ്ങളും ആളുകൾ അറിയണമെന്ന് അവൻ ആഗ്രഹിക്കുന്നു.—മലാഖി 1:11.
5. വ്യത്യസ്ത പരിഭാഷകർ ദിവ്യനാമം അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ?
5 അനേകം ബൈബിൾപരിഭാഷകരും ദിവ്യനാമത്തോട് ആത്മാർഥമായ ആദരവു പ്രകടമാക്കി അതു തങ്ങളുടെ പരിഭാഷയിലുടനീളം ഉപയോഗിച്ചിട്ടുണ്ട്. ചില പരിഭാഷകർക്കു യാഹ്വേ എന്ന് ഉപയോഗിക്കാനാണ് ഇഷ്ടം. മറ്റുള്ളവരാകട്ടെ, സ്വന്തം ഭാഷയ്ക്കനുസൃതമായി, അതേസമയം എബ്രായ പാഠത്തിൽ പ്രത്യക്ഷപ്പെടുന്നതിനോടു വ്യക്തമായും താദാത്മ്യമുള്ള, സാധ്യതയനുസരിച്ച് ദീർഘനാളത്തെ ഉപയോഗത്തിലൂടെ സുപരിചിതമായ ഒരു ദിവ്യനാമരൂപം തിരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം അതിന്റെ മുഖ്യപാഠത്തിൽ യഹോവ എന്ന നാമം 7,210 പ്രാവശ്യം ഉപയോഗിക്കുന്നു.
6. (എ) സമീപ വർഷങ്ങളിൽ, ദിവ്യനാമത്തോടുള്ള ബന്ധത്തിൽ പരിഭാഷകർ എന്തു ചെയ്തിരിക്കുന്നു? (ബി) ഈ നടപടി എത്ര വ്യാപകമാണ്?
6 സമീപവർഷങ്ങളിൽ, ബൈബിൾപരിഭാഷകർ നിശ്വസ്ത വചനത്തിന്റെ പരിഭാഷയിൽനിന്ന് സത്യദൈവത്തിന്റെ സ്വന്തം പേര് നീക്കിക്കളയാൻ പൂർവാധികം തിരക്കുകൂട്ടുകയാണ്, അതേസമയം അവർ ബാൽ, മോലെക്ക് എന്നിങ്ങനെയുള്ള പുറജാതീയ ദൈവത്തിന്റെ പേരുകൾ നിലനിർത്തുകയും ചെയ്യുന്നു. (പുറപ്പാടു 3:15; യിരെമ്യാവു 32:35) മത്തായി 6:9-ഉം യോഹന്നാൻ 17:6-ഉം 26-ഉം പോലുള്ള വാക്യങ്ങളിൽ, “നിന്റെ നാമം” (അതായത് ദൈവത്തിന്റെ നാമം) എന്നു വരുന്നിടത്ത് കേവലം “നീ” എന്നു മാത്രമാണ് വ്യാപകമായി പ്രചാരമുള്ള ഒരു അൽബേനിയൻ ഭാഷാന്തരം വിവർത്തനം ചെയ്യുന്നത്. അങ്ങനെ അവിടെ ഒരു നാമത്തെക്കുറിച്ചുള്ള പരാമർശമുണ്ടെന്നു തോന്നിപ്പിക്കുന്നതേയില്ല. ന്യൂ ഇംഗ്ലീഷ് ബൈബിളും ടുഡേയ്സ് ഇംഗ്ലീഷ് വേർഷനും സങ്കീർത്തനം 83:18-ൽനിന്ന് ദൈവത്തിന്റെ സ്വന്തം പേരും ദൈവത്തിന് ഒരു പേരുണ്ടെന്ന പരാമർശവും നീക്കിക്കളയുന്നു. മിക്ക ഭാഷകളിലും, എബ്രായ തിരുവെഴുത്തുകളുടെ പഴയ പരിഭാഷകളിൽ ദിവ്യനാമം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും, പുതിയ പരിഭാഷകൾ അത് ഒഴിവാക്കുകയോ മാർജിനിൽ കാണിക്കുക മാത്രമോ ആണു ചെയ്യുന്നത്. ഇംഗ്ലീഷിൽ മാത്രമല്ല, യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക, ഇന്ത്യ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലെ പല ഭാഷകളിലും ഇതുതന്നെയാണു സ്ഥിതി.
7. (എ) ചില ആഫ്രിക്കൻ ബൈബിൾ പരിഭാഷകർ ദിവ്യനാമത്തിന്റെ കാര്യത്തിൽ എന്തു ചെയ്യുന്നു? (ബി) അതു സംബന്ധിച്ചു നിങ്ങൾക്കെന്തു തോന്നുന്നു?
7 ചില ആഫ്രിക്കൻ ഭാഷകളിലേക്കു ബൈബിൾ വിവർത്തനം ചെയ്യുന്നവർ ഒരുപടികൂടെ കടക്കുകയാണ്. കേവലം ദിവ്യനാമം മാറ്റി ദൈവം എന്നതോ കർത്താവ് എന്നതോ പോലുള്ള തിരുവെഴുത്തുപരമായ സ്ഥാനപ്പേരുകൾ നൽകുകയല്ല, പ്രാദേശിക മതവിശ്വാസങ്ങളിൽനിന്നുള്ള നാമങ്ങൾതന്നെ ഉൾപ്പെടുത്തുകയാണ് അവർ. സുളു പുതിയനിയമവും സങ്കീർത്തനവും (1986 പതിപ്പ്) എന്ന പരിഭാഷയിൽ ദൈവം (ങ്കുളുങ്കുളു) എന്ന സ്ഥാനപ്പേർ ഒരു വ്യക്തി നാമവുമായി (മ്വെലിങ്കാങ്ങി) പരസ്പരം മാറ്റിമറിച്ചുപയോഗിക്കുന്നു. അതു ‘മനുഷ്യപൂർവികർ ആരാധിച്ചുപോന്ന മഹാ പൂർവിക’നെ സൂചിപ്പിക്കുന്നുവെന്നാണു സുളുകൾ വിചാരിക്കുന്നത്. ബുക്കു ലോയേറ എന്ന പേരിൽ ചിച്ചേവാ ബൈബിൾ തയ്യാറാക്കുന്ന വേളയിൽ, യഹോവ എന്നതിന്റെ സ്ഥാനത്ത് പരിഭാഷകർ വ്യക്തിപരമായ നാമമായി ഉപയോഗിച്ചത് ചോവ്റ്റാ ആയിരുന്നുവെന്ന് 1992 ഒക്ടോബറിലെ ബൈബിൾ പരിഭാഷകൻ (ഇംഗ്ലീഷ്) എന്ന മാസികയിലെ ഒരു ലേഖനം റിപ്പോർട്ടു ചെയ്തു. “അവർക്കു പരിചിതമായ, അവരെന്നും ആരാധിച്ചിട്ടുള്ള ദൈവ”മാണ് ചോവ്റ്റാ എന്ന് പ്രസ്തുത ലേഖനം പറയുന്നു. എന്നിട്ടും, ഈ ആളുകളിൽ അനേകരും മരിച്ചവർക്ക് ആത്മാക്കളുണ്ടെന്ന് വിശ്വസിച്ച് അവരെ ആരാധിക്കുന്നവരാണ്. ആളുകൾ ഒരു “പരമോന്നതനോട്” പ്രാർഥിക്കുമ്പോൾ, ആരാധന ഏതുവിധമായാലും, ആ “പരമോന്നതന്” എന്തു നാമം ഉപയോഗിച്ചാലും യഹോവ എന്ന വ്യക്തിപരമായ നാമത്തിനു തത്തുല്യമാകുകയും അങ്ങനെ അതു സാധുവാകുകയും ചെയ്യുമെന്നതു സത്യമാണോ? നിശ്ചയമായും അല്ല! (യെശയ്യാവു 42:8; 1 കൊരിന്ത്യർ 10:20) ആളുകളുടെ പരമ്പരാഗത വിശ്വാസങ്ങൾ വാസ്തവത്തിൽ സത്യമാണെന്നു തോന്നിപ്പിക്കുന്ന എന്തെങ്കിലും ദൈവത്തിന്റെ വ്യക്തിപരമായ നാമത്തിനുപകരം ഉപയോഗിച്ചാൽ അതു സത്യദൈവത്തോട് കൂടുതൽ അടുക്കാൻ അവരെ സഹായിക്കുകയില്ല.
8. തന്റെ നാമം അറിയിക്കപ്പെടണമെന്ന ദൈവോദ്ദേശ്യം പരാജയപ്പെട്ടിട്ടില്ലാത്തത് എന്തുകൊണ്ട്?
8 ഇതൊന്നും തന്റെ നാമം അറിയപ്പെടണമെന്ന യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റംവരുത്തുകയോ അതിനെ പരാജയപ്പെടുത്തുകയോ ചെയ്തിട്ടില്ല. യൂറോപ്പ്, ആഫ്രിക്ക, അമേരിക്കകൾ, പൗരസ്ത്യദേശങ്ങൾ, സമുദ്രദ്വീപുകൾ എന്നിവിടങ്ങളിലെല്ലാമുള്ള ഭാഷകളിൽ, ദിവ്യനാമമുള്ള ബൈബിളുകൾ ഇപ്പോഴും പ്രചാരത്തിലുണ്ട്. 233 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 54 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികളുണ്ട്. അവർ സത്യദൈവത്തിന്റെ നാമത്തെയും ഉദ്ദേശ്യത്തെയും കുറിച്ചു മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് വർഷംതോറും നൂറു കോടിയിലധികം മണിക്കൂർ കൂട്ടായി ചെലവഴിക്കുന്നുണ്ട്. അവർ ഇംഗ്ലീഷ്, ചൈനീസ്, റഷ്യൻ, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഡച്ച് എന്നിവയുൾപ്പെടെ ഭൂമിയിലെ 360 കോടി ജനങ്ങളുടെ ഭാഷയിൽ ദിവ്യനാമം ഉപയോഗിക്കുന്ന ബൈബിൾ അച്ചടിച്ചു വിതരണം ചെയ്യുന്നു. ഭൂമിയിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റെയും ഭാഷകളിൽ അവർ ബൈബിൾ പഠനസഹായികളും അച്ചടിക്കുന്നുണ്ട്. ജാതികൾ “[അവൻ] യഹോവ എന്ന് അറിയേണ്ടിവരു”മെന്ന തന്റെ പ്രഖ്യാപനം നിർണായകമാംവിധം നിവർത്തിക്കാൻ ദൈവംതന്നെ ഉടനെ നടപടി സ്വീകരിക്കും.—യെഹെസ്കേൽ 38:23.
വ്യക്തിപരമായ വിശ്വാസങ്ങൾ പരിഭാഷയെ സ്വാധീനിക്കുമ്പോൾ
9. ദൈവവചനം കൈകാര്യം ചെയ്യുന്നവരുടെമേൽ ഗൗരവാവഹമായ ഉത്തരവാദിത്വം സ്ഥിതിചെയ്യുന്നുവെന്ന് ബൈബിൾ സൂചിപ്പിക്കുന്നതെങ്ങനെ?
9 ദൈവവചനം പരിഭാഷപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെമേൽ ഗൗരവാവഹമായ ഉത്തരവാദിത്വം സ്ഥിതിചെയ്യുന്നു. തന്റെ ശുശ്രൂഷയെയും സഹകാരികളെയും കുറിച്ച് പൗലൊസ് അപ്പോസ്തലൻ പറഞ്ഞു: “കൗശലം പ്രയോഗിക്കാതെയും ദൈവവചനത്തിൽ മായം ചേർക്കാതെയും ഞങ്ങൾ ലജ്ജാകരമായ ഗൂഢകാര്യങ്ങൾ ത്യജിച്ചിരിക്കുന്നു; അതേസമയം ഞങ്ങൾ സത്യം തുറന്നുപറഞ്ഞ് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെ ദൈവസമക്ഷം സമർപ്പിക്കുകയും ചെയ്യുന്നു.” (2 കൊരിന്ത്യർ 4:2, NW) മായം ചേർക്കുകയെന്നാൽ അന്യമായതോ ഗുണനിലവാരമില്ലാത്തതോ ആയ എന്തെങ്കിലും ചേർത്ത് ദുഷിപ്പിക്കുകയെന്നാണർഥം. ദൈവം പറഞ്ഞ സംഗതികൾക്കു പകരം സ്വന്തം ആശയങ്ങൾ പ്രസംഗിച്ചതിനാൽ യഹോവയുടെ ശാസന ലഭിച്ച, യിരെമ്യാവിന്റെ നാളിലെ അവിശ്വസ്ത ഇസ്രായേല്യ ഇടയന്മാരെപ്പോലെ ആയിരുന്നില്ല പൗലൊസ് അപ്പോസ്തലൻ. (യിരെമ്യാവു 23:16, 22) എന്നാൽ ആധുനിക നാളിൽ എന്താണു സംഭവിച്ചിരിക്കുന്നത്?
10. (എ) ആധുനിക നാളിൽ ദൈവത്തോടുള്ള വിശ്വസ്തതയെക്കാളുപരി മറ്റ് ആന്തരങ്ങൾ ചില പരിഭാഷകരെ സ്വാധീനിച്ചിരിക്കുന്നതെങ്ങനെ? (ബി) അവർ അനുചിതമായി ആരുടെ ധർമം ഏറ്റെടുക്കുകയായിരുന്നു?
10 രണ്ടാം ലോകമഹായുദ്ധകാലത്ത്, ദൈവശാസ്ത്രജ്ഞന്മാരുടെയും പാസ്റ്റർമാരുടെയും ഒരു കമ്മിറ്റി ജർമനിയിലെ നാസി ഗവൺമെൻറുമായി സഹകരിച്ച് “പുതിയ നിയമ”ത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. അതിൽ യഹൂദന്മാർക്ക് അനുകൂലമായ എല്ലാ പരാമർശങ്ങളും യേശുവിന്റെ യഹൂദവംശാവലിയെക്കുറിച്ചുള്ള എല്ലാ സൂചനകളും നീക്കിയിരുന്നു. അടുത്തയിടെ, പുതിയ നിയമവും സങ്കീർത്തനങ്ങളും: ഒരു സമഗ്ര ഭാഷാന്തരം (ഇംഗ്ലീഷ്) എന്നതിന്റെ പരിഭാഷകർ മറ്റൊരുതരം വളച്ചൊടിക്കൽ നടത്തി. ക്രിസ്തുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം യഹൂദന്മാർക്കാണെന്നുള്ള സകല സൂചനകളും ഒഴിവാക്കാൻ അവരതിൽ ശ്രമിച്ചിരിക്കുന്നു. ദൈവത്തെ പിതാവ് എന്നതിനുപകരം മാതാ-പിതാവെന്നും യേശുവിനെ ദൈവപുത്രൻ എന്നതിനുപകരം അവന്റെ കുട്ടിയെന്നും പരാമർശിക്കുന്നെങ്കിൽ സ്ത്രീവിമോചനപ്രസ്ഥാനക്കാരായ വായനക്കാർക്ക് ഇഷ്ടപ്പെടുമെന്നും ഈ പരിഭാഷകർ കരുതി. (മത്തായി 11:27) ഭാര്യമാർ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കണമെന്നും കുട്ടികൾ മാതാപിതാക്കളോട് അനുസരണമുള്ളവരായിരിക്കണമെന്നുമുള്ള തത്ത്വവും പ്രസ്തുത പരിഭാഷയ്ക്കിടയിൽ അവർ നീക്കിക്കളഞ്ഞു. (കൊലൊസ്സ്യർ 3:18, 20) അത്തരം പരിഭാഷകളുടെ നിർമാതാക്കൾ ‘ദൈവവചനത്തിൽ മായം ചേർക്കില്ലെ’ന്ന പൗലൊസിന്റെ ദൃഢനിശ്ചയത്തിൽ പങ്കുചേർന്നില്ലെന്നു വ്യക്തം. അവർ പരിഭാഷകന്റെ ധർമം വിസ്മരിച്ച് രചയിതാവിന്റെ കുപ്പായമണിഞ്ഞു, അങ്ങനെ സ്വന്തം അഭിപ്രായങ്ങളുടെ ഉന്നമനത്തിനായി ബൈബിളിന്റെ ഖ്യാതി ഉപയോഗപ്പെടുത്തി അവർ പുസ്തകങ്ങൾ നിർമിച്ചു.
11. ദേഹിയെയും മരണത്തെയും കുറിച്ചു ബൈബിൾ പറയുന്നതും ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കലുകളും പരസ്പരവിരുദ്ധമായിരിക്കുന്നതെങ്ങനെ?
11 മനുഷ്യദേഹി ആത്മാവാണെന്നും അതു മരണത്തിങ്കൽ ശരീരത്തെ വേർപിരിയുന്നുവെന്നും അമർത്യമാണെന്നും ക്രൈസ്തവലോകത്തിലെ സഭകൾ പൊതുവേ പഠിപ്പിക്കുന്നു. അതിനു വിപരീതമായി, മനുഷ്യരും മൃഗങ്ങളും ദേഹികളാണെന്നും ദേഹി മരിക്കുന്നുവെന്നും മിക്ക ഭാഷകളിലെയും പഴയ പരിഭാഷകൾ വ്യക്തമായി പ്രസ്താവിക്കുന്നു. (ഉല്പത്തി 12:5; 36:6; സംഖ്യാപുസ്തകം 31:28; യാക്കോബ് 5:20) അതു പുരോഹിതവർഗത്തെ അമ്പരപ്പിച്ചിരുന്നു.
12. ചില സമീപകാല പരിഭാഷകൾ അടിസ്ഥാന ബൈബിൾ സത്യങ്ങൾ മറച്ചുപിടിക്കുന്നതെങ്ങനെ?
12 ഇപ്പോൾ ചില പുതിയ പരിഭാഷകൾ ഈ സത്യങ്ങളെ പുകമറയ്ക്കുള്ളിലാക്കുന്നു. എങ്ങനെ? ചില ഭാഗങ്ങളിൽ അവർ നീഫെഷ് (ദേഹി) എന്ന എബ്രായ നാമം നേരിട്ട് പരിഭാഷപ്പെടുത്തുന്നത് ഒഴിവാക്കുന്നു. ഉല്പത്തി 2:7-ൽ, ആദ്യ മനുഷ്യൻ (“ജീവനുള്ള ദേഹിയായിത്തീർന്നു” എന്നതിനുപകരം) “ജീവിക്കാൻ തുടങ്ങി” എന്ന് അവർ പറഞ്ഞേക്കാം. അല്ലെങ്കിൽ മൃഗങ്ങളുടെ കാര്യത്തിൽ “ദേഹി” എന്നതിനുപകരം “ജീവജന്തു” എന്ന് അവർ പറഞ്ഞേക്കാം. (ഉല്പത്തി 1:21) യെഹെസ്കേൽ 18:4, 20 പോലുള്ള വാക്യങ്ങളിൽ, (“ദേഹി” എന്നതിനുപകരം) അവർ “വ്യക്തി” മരിക്കുന്നതായി പറയുന്നു. അത്തരം വിവർത്തനങ്ങളെ പരിഭാഷകൻ ന്യായീകരിച്ചേക്കാം. എന്നാൽ ഇപ്പോൾത്തന്നെ ക്രൈസ്തവലോകത്തിന്റെ തിരുവെഴുത്തുവിരുദ്ധമായ പഠിപ്പിക്കലുകളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്ന, ആത്മാർഥതയുള്ള സത്യാന്വേഷിക്ക് അവ എന്തുമാത്രം സഹായം ചെയ്യും?b
13. ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം ചില ബൈബിൾ പരിഭാഷകൾ മറച്ചുപിടിച്ചിരിക്കുന്നതെങ്ങനെ?
13 എല്ലാ നല്ലയാളുകളും സ്വർഗത്തിൽ പോകുമെന്നുള്ള തങ്ങളുടെ വിശ്വാസത്തെ പിന്തുണയ്ക്കാനുള്ള ശ്രമത്തിൽ പരിഭാഷകരോ അവരുടെ വിവർത്തനം അവലോകനം നടത്തുന്ന ദൈവശാസ്ത്രജ്ഞന്മാരോ ഭൂമിയെ കുറിച്ചുള്ള ദൈവോദ്ദേശ്യം സംബന്ധിച്ചു ബൈബിൾ പറയുന്നതു മറച്ചുപിടിക്കാൻ ശ്രമിച്ചേക്കാം. സങ്കീർത്തനം 37:11-ൽ, പല പരിഭാഷകളും താഴ്മയുള്ളവർ “ദേശം” സ്വന്തമാക്കും എന്നാണു പരിഭാഷപ്പെടുത്തുന്നത്. “ദേശം” എന്നത് എബ്രായ പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന പദത്തിന്റെ (എരെറ്റ്സ്) ഒരു സാധ്യമായ അർഥമേ ആകുന്നുള്ളൂ. എന്നിരുന്നാലും, (മറ്റനേകം ഭാഷകളിലേക്കുള്ള പരിഭാഷകൾക്ക് അടിസ്ഥാനമായിട്ടുള്ള) ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ കുറച്ചുകൂടെ സ്വാതന്ത്ര്യമെടുക്കുന്നു. ഈ പരിഭാഷ മത്തായിയുടെ സുവിശേഷത്തിൽ ഗ്രീക്കു പദമായ ഗെ എന്നത് 17 പ്രാവശ്യം “ഭൂമി” എന്നു വിവർത്തനം ചെയ്യുന്നുണ്ടെങ്കിലും, മത്തായി 5:5-ൽ “ഭൂമി” എന്നതിനുപകരം “ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്” എന്നാണു വിവർത്തനം ചെയ്യുന്നത്. സഭാംഗങ്ങൾ സ്വാഭാവികമായും സ്വർഗത്തെക്കുറിച്ചു ചിന്തിച്ചുകൊള്ളും. ഗിരിപ്രഭാഷണത്തിൽ യേശുക്രിസ്തു പറഞ്ഞത് സൗമ്യതയുള്ളവർ അഥവാ താഴ്മയുള്ളവർ “ഭൂമിയെ അവകാശമാക്കു”മെന്നാണെന്നുള്ള വിവരം അവരെ സത്യസന്ധമായി അറിയിക്കുന്നില്ല.
14. ചില ബൈബിൾ പരിഭാഷകളിൽ ഏതു സ്വാർഥ ആന്തരങ്ങൾ പ്രകടമാണ്?
14 മതപ്രസംഗകർക്കു നല്ല ശമ്പളം ലഭിക്കണമെന്ന ലക്ഷ്യത്തോടെ തിരുവെഴുത്തുകളുടെ വിവർത്തനം നിർവഹിച്ചിരിക്കുന്ന ചില പരിഭാഷകളുമുണ്ട്. വ്യക്തമായും വാക്കുകൾക്കു മാറ്റംവരുത്തിയാണ് അവരതു ചെയ്യുന്നത്. “വേലക്കാരൻ തന്റെ കൂലിക്കു യോഗ്യ”നാണെന്നു ബൈബിൾ പ്രസ്താവിക്കുന്നുണ്ടെന്നത് ശരിതന്നെ. (1 തിമൊഥെയൊസ് 5:18) എന്നാൽ നല്ല രീതിയിൽ അധ്യക്ഷസ്ഥാനം വഹിക്കുന്ന പ്രായമേറിയ പുരുഷന്മാർ “ഇരട്ടി ബഹുമാനത്തിന് അർഹരായി പരിഗണിക്ക”പ്പെടണമെന്നു പറയുന്ന 1 തിമൊഥെയൊസ് 5:17-ൽ, ചിലർ പരാമർശയോഗ്യമായി കാണുന്ന ഒരേയൊരു “ബഹുമാനം” സാമ്പത്തികമാണ്. (1 പത്രൊസ് 5:2 താരതമ്യം ചെയ്യുക.) അങ്ങനെ, ഈ മൂപ്പന്മാർ “ഇരട്ടി ശമ്പളത്തിന് അർഹരായി പരിഗണിക്ക”പ്പെടണമെന്നു ന്യൂ ഇംഗ്ലീഷ് ബൈബിളും അവർ “ഇരട്ടി പ്രതിഫലം അർഹിക്കുന്നു”വെന്നു കൺടമ്പ്രറി ഇംഗ്ലീഷ് വേർഷനും പറയുന്നു.
ദൈവവചനം വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കൽ
15. ഏതു ബൈബിൾ പരിഭാഷകൾ ഉപയോഗിക്കാമെന്നു നമുക്കെങ്ങനെ നിർണയിക്കാം?
15 ബൈബിളിന്റെ ഓരോ വായനക്കാരനും മറ്റുള്ളവരെ പഠിപ്പിക്കാൻ അതുപയോഗിക്കുന്നവർക്കും ഇതെല്ലാം എന്ത് അർഥമാക്കുന്നു? വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മിക്ക ഭാഷകളിലും, ഒന്നിലധികം ബൈബിൾ പരിഭാഷകൾ ലഭ്യമാണ്. നിങ്ങളുടെ ഉപയോഗത്തിനായി ബൈബിൾ തിരഞ്ഞെടുക്കുമ്പോൾ വിവേകം പ്രകടമാക്കുക. (സദൃശവാക്യങ്ങൾ 19:8) ഒരു പരിഭാഷ ദൈവം ആരെന്നതിനെക്കുറിച്ച് സത്യസന്ധമായി പറയുന്നില്ലെങ്കിൽ—എന്തു കാരണത്താലായാലും അവന്റെ നിശ്വസ്ത വചനത്തിൽനിന്ന് അവന്റെ നാമം നീക്കിക്കളയുന്നെങ്കിൽ—പരിഭാഷകർ ബൈബിളിന്റെ മറ്റു ഭാഗങ്ങളിലും കൃത്രിമത്വം കാട്ടിയിട്ടുണ്ടായിരിക്കുമോ? വിവർത്തനത്തിന്റെ സാധുതയിൽ സംശയം തോന്നുമ്പോൾ, പഴയ പരിഭാഷകളുമായി അതിനെ താരതമ്യം ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ ദൈവവചനം പഠിപ്പിക്കുന്ന വ്യക്തിയാണെങ്കിൽ, എബ്രായ-ഗ്രീക്കു മൂലത്തോട് അടുത്തു പറ്റിനിൽക്കുന്ന പരിഭാഷകൾ ഉപയോഗിക്കുക.
16. ദൈവത്തിന്റെ നിശ്വസ്ത വചനത്തിന്റെ ഉപയോഗത്തിൽ നമുക്ക് ഓരോരുത്തർക്കും എങ്ങനെ വിശ്വസ്തത പ്രകടമാക്കാനാകും?
16 വ്യക്തിപരമായി നാമെല്ലാവരും ദൈവവചനത്തോടു വിശ്വസ്തരായിരിക്കണം. അതിന്റെ ഉള്ളടക്കത്തിൽ വേണ്ടത്ര ശ്രദ്ധിച്ചുകൊണ്ടു നമുക്കു വിശ്വസ്തരായിരിക്കാവുന്നതാണ്, സാധ്യമെങ്കിൽ, ദിവസേന ബൈബിൾ വായിക്കുന്നതിനു നാം സമയം ചെലവഴിക്കണം. (സങ്കീർത്തനം 1:1-3) അതിൽ പറഞ്ഞിരിക്കുന്ന സംഗതി നമ്മുടെ ജീവിതത്തിൽ പൂർണമായും ബാധകമാക്കിക്കൊണ്ടും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അടിസ്ഥാനമെന്ന നിലയിൽ അതിലെ തത്ത്വങ്ങളും മാതൃകകളും ഉപയോഗപ്പെടുത്താൻ പഠിച്ചുകൊണ്ടും നമുക്കു വിശ്വസ്തരാകാവുന്നതാണ്. (റോമർ 12:2; എബ്രായർ 5:14) മറ്റുള്ളവരോടു സതീക്ഷ്ണം പ്രസംഗിച്ചുകൊണ്ടു നാം ദൈവവചനത്തിന്റെ വിശ്വസ്ത വക്താക്കളാണെന്നു പ്രകടമാക്കുന്നു. ബൈബിൾ ശ്രദ്ധാപൂർവം ഉപയോഗിച്ചുകൊണ്ടും ഒരിക്കലും വളച്ചൊടിക്കാതെയും, അല്ലെങ്കിൽ നമ്മുടെ ആശയങ്ങൾക്കു പിന്തുണയാകുംവിധം വ്യാഖ്യാനിക്കാതെയും നാം വിശ്വസ്തത പ്രകടമാക്കുന്നു. (2 തിമൊഥെയൊസ് 2:15) ദൈവം മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത് പിഴവു പറ്റാതെതന്നെ സംഭവിക്കും. തന്റെ വചനം നിവർത്തിക്കുന്നതിൽ അവൻ വിശ്വസ്തനാണ്. അത് ഉയർത്തിപ്പിടിക്കുന്നതിൽ നമുക്കും വിശ്വസ്തരായിരിക്കാം.
[അടിക്കുറിപ്പുകൾ]
a യുണൈറ്റഡ് ബൈബിൾ സൊസൈറ്റികളുടെ 1997-ലെ കണക്കനുസരിച്ച്, ബൈബിൾ മുഴുവനായോ ഭാഗികമായോ 2,167 ഭാഷകളിലും ഉപഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സംഖ്യയിൽ ചില ഭാഷകളുടെ അനേകം ഉപഭാഷകളും ഉൾപ്പെടുന്നുണ്ട്.
b വിഷയം വ്യക്തമായി അവതരിപ്പിക്കാൻ ഭാഷ പര്യാപ്തമായിരുന്നിട്ടും പരിഭാഷകർ അതിനു മുതിരാത്ത ഭാഷകളുടെ കാര്യമാണ് ഇവിടെ ചർച്ചചെയ്യുന്നത്. ചില ഭാഷകളുടെ കാര്യത്തിൽ വേണ്ടത്ര പദങ്ങളില്ലാത്തത് പരിഭാഷകർക്കു കൂച്ചുവിലങ്ങാകാറുണ്ട്. നീഫെഷ് എന്നത് വിവിധ പദങ്ങൾ ഉപയോഗിച്ചു പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും, അല്ലെങ്കിൽ അതിനു തിരുവെഴുത്തുപരമല്ലാത്ത അർഥം ധ്വനിക്കുന്ന ഒരു പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത മൂലഭാഷാ പദമായ നീഫെഷ് മനുഷ്യർക്കും മൃഗങ്ങൾക്കും ബാധകമാണെന്നും അതു പ്രതിനിധാനം ചെയ്യുന്നത് ശ്വസിക്കുന്നതും ഭക്ഷിക്കുന്നതും മരിക്കാവുന്നതുമായ ഒന്നിനെയാണെന്നും സത്യസന്ധരായ മതോപദേഷ്ടാക്കൾ വിശദമാക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
□ ആധുനിക കാലത്ത് ഏത് ആന്തരങ്ങൾ ബൈബിൾ പരിഭാഷാവൃത്തിയെ സ്വാധീനിച്ചിരിക്കുന്നു?
□ ആധുനിക പരിഭാഷാ പ്രവണതകൾ ദൈവനാമം സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തിയിട്ടില്ലാത്തതെന്തുകൊണ്ട്?
□ ദേഹി, മരണം, ഭൂമി എന്നിവയെക്കുറിച്ചുള്ള ബൈബിൾ സത്യങ്ങൾ ചില പരിഭാഷകൾ മറച്ചുപിടിക്കുന്നതെങ്ങനെ?
□ ദൈവവചനം വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കുന്നുവെന്ന് നമുക്ക് ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാം?
[16-ാം പേജിലെ ചിത്രം]
ഏതു ബൈബിൾ പരിഭാഷയാണ് ഉപയോഗിക്കേണ്ടത്?