യഹോവയുടെ സേവനത്തിൽ ദീർഘായുസ്സോടെയിരിക്കുന്നതിനു നന്ദി
ഓട്ടില്യ മിഡ്ലൻ പറഞ്ഞപ്രകാരം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം. കപ്പലുകൾ നങ്കൂരമിട്ട് നിരനിരയായി കിടക്കുന്ന പശ്ചിമ നോർവേയുടെ കൊപർവിക്ക് തുറമുഖം. തെരുവുകളിൽ മനുഷ്യരും കുതിരകളും വലിക്കുന്ന വണ്ടികളുള്ള കാലം. വെളിച്ചത്തിനായി വീടുകളിൽ എണ്ണവിളക്കുകളും ചൂടു കായാൻ വിറകും കൽക്കരിയും ഉപയോഗിച്ചിരുന്ന കാലം. വെള്ളയടിച്ചതായിരുന്നു മിക്ക വീടുകളും. അവയാകട്ടെ, തടികൊണ്ടു നിർമിച്ചവയും. അവിടെ, 1898 ജൂണിൽ അഞ്ചു മക്കളിൽ രണ്ടാമത്തെ കുട്ടിയായി ഞാൻ ജനിച്ചു.
തൊഴിൽരഹിതനായിരുന്ന പിതാവ് 1905-ൽ ഐക്യനാടുകളിലേക്കു പോയി. മൂന്നു വർഷത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന്റെ സൂട്ട്കേസ് നിറയെ സമ്മാനങ്ങളായിരുന്നു. കുട്ടികൾക്കുള്ള രസകരമായ സമ്മാനങ്ങൾ, പിന്നെ അമ്മയ്ക്കു സിൽക്കു തുണിത്തരങ്ങളും മറ്റു സാധനങ്ങളും. എന്നാൽ, ഏറ്റവും വിലപിടിപ്പുള്ളതായി അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത് വേദാധ്യയന പത്രികകൾ എന്ന ശീർഷകത്തിലുള്ള ചാൾസ് റ്റെയ്സ് റസ്സലിന്റെ കുറെ വാല്യങ്ങളായിരുന്നു.
ആ പുസ്തകങ്ങളിൽനിന്നു പഠിച്ച സംഗതികൾ പിതാവ് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയാൻ തുടങ്ങി. പ്രാദേശിക പള്ളിയോഗങ്ങളിൽവെച്ച്, കത്തുന്ന ഒരു നരകം ഇല്ലെന്നു ബൈബിളുപയോഗിച്ച് അദ്ദേഹം തെളിയിച്ചു. (സഭാപ്രസംഗി 9:5, 10) പിതാവ് ഐക്യനാടുകളിൽനിന്നു തിരിച്ചെത്തിയതിന്റെ പിറ്റേവർഷം, 1909-ൽ, റസ്സൽ സഹോദരൻ നോർവേ സന്ദർശിച്ച് ബെർഗനിലും ഇപ്പോൾ ഓസ്ലോ എന്നറിയപ്പെടുന്ന ക്രിസ്ത്യാനിയയിലും പ്രസംഗങ്ങൾ നടത്തി. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ പിതാവ് ബെർഗനിലേക്കു പോയി.
വ്യാജോപദേശങ്ങൾ പരത്തുന്നുവെന്നു പറഞ്ഞ് മിക്കയാളുകളും പിതാവിനെ കുറ്റപ്പെടുത്തി. അദ്ദേഹത്തോടു സഹതാപം തോന്നിയിട്ട് അയൽക്കാർക്കു ബൈബിൾ ലഘുലേഖ കൊടുക്കുന്നതിൽ ഞാൻ അദ്ദേഹത്തെ സഹായിച്ചു. 1912-ൽ, ഞാൻ ഒരു പുരോഹിതന്റെ മകൾക്കു നരകത്തെക്കുറിച്ചുള്ള ഒരു ലഘുലേഖ കൊടുത്തു. അവൾ എന്നെയും പിതാവിനെയും അധിക്ഷേപിക്കുകയാണു ചെയ്തത്. ഒരു പുരോഹിതന്റെ മകൾ അത്തരം അസഭ്യവാക്കുകൾ ഉപയോഗിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി!
നല്ലൊരു പ്രസംഗകനായ തെയോഡോർ സിമെൻസൺ ഉൾപ്പെടെ മറ്റു ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—കൊപർവിക്കിൽ ഞങ്ങളെ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ വീട്ടിൽവെച്ച് പ്രസംഗിക്കുമ്പോൾ ഞാൻ ആളുകളെ ക്ഷണിക്കുമായിരുന്നു. അദ്ദേഹം പ്രസംഗത്തിനുമുമ്പ് സിതെർ എന്ന സംഗീതോപകരണം വായിച്ച് പാടുകയും പ്രസംഗത്തിനുശേഷം ഒരു ശുഭരാത്രിഗീതം ആലപിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തോടു വലിയ ബഹുമാനം ഉണ്ടായിരുന്നു.
ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്ന മറ്റൊരു സന്ദർശക, കോൽപോർട്ടർ അഥവാ ഒരു മുഴുസമയ ശുശ്രൂഷക ആന്ന ആൻഡേഴ്സൻ ആയിരുന്നു. ആളുകൾക്കു ബൈബിൾ സാഹിത്യങ്ങൾ കൊടുത്തുകൊണ്ട് അവർ നോർവേ മുഴുവനും, പട്ടണംതോറും സഞ്ചരിച്ചിരുന്നു. ഏറിയകൂറും സൈക്കിളിലായിരുന്നു യാത്ര. ഒരിക്കൽ സാൽവേഷൻ ആർമിയിൽ ഒരു ഓഫീസർ ആയിരുന്നതിനാൽ കൊപർവിക്കിലെ ചില സാൽവേഷൻ ആർമി ഓഫീസർമാരെ അവർക്ക് പരിചയമുണ്ടായിരുന്നു. തങ്ങളുടെ യോഗഭവനത്തിൽ ഒരു ബൈബിൾ പ്രസംഗം നടത്താൻ അവർ അവരെ അനുവദിച്ചു. അവിടെ വന്ന് അവരുടെ പ്രസംഗം കേൾക്കാൻ ഞാൻ ആളുകളെ ക്ഷണിക്കുകയും ചെയ്തു.
കൊപർവിക്കിൽ ഞങ്ങളെ സന്ദർശിച്ച മറ്റൊരു കോൽപോർട്ടർ കാൾ ഗുൺബർ ആയിരുന്നു. താഴ്മയുള്ളവനും ശാന്തശീലനും, എന്നാൽ സരസനുമായ അദ്ദേഹം ഓസ്ലോവിലെ ബ്രാഞ്ച് ഓഫീസിൽ പരിഭാഷകനായും കൂടെക്കൂടെ സേവിച്ചിരുന്നു. വർഷങ്ങൾക്കുശേഷം, ഞങ്ങളവിടെ ഒരുമിച്ചു വേല ചെയ്തു.
മതവീക്ഷണങ്ങളാൽ സ്വാധീനിക്കപ്പെടുന്നു
അക്കാലത്ത് മിക്കയാളുകൾക്കും ദൈവത്തിലും ബൈബിളിലും ശക്തമായ വിശ്വാസമുണ്ടായിരുന്നെന്നു മാത്രമല്ല, നരകാഗ്നി, ത്രിത്വം എന്നിവപോലുള്ള വിശ്വാസങ്ങൾ അവരുടെ ഹൃദയങ്ങളിൽ വേരൂന്നിയുമിരുന്നു. അതുകൊണ്ടുതന്നെ ഈ പഠിപ്പിക്കലുകൾ ബൈബിളുമായി ചേർച്ചയിലല്ലെന്നു ബൈബിൾ വിദ്യാർഥികൾ പഠിപ്പിച്ചപ്പോൾ അതു വലിയ കോളിളക്കം സൃഷ്ടിച്ചു. എന്റെ പിതാവ് ഒരു മതവിരോധിയാണെന്ന അയൽപക്കക്കാരുടെ കടുത്ത ആരോപണം എന്നെ വല്ലാതെ ഉലച്ചു. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് ഇങ്ങനെപോലും പറഞ്ഞു: “ഡാഡി പഠിപ്പിക്കുന്നതു ശരിയല്ല. ഇതു മതദ്രോഹമാണ്!”
“ഓട്ടില്യ, നീ ഇങ്ങു വന്നേ, ബൈബിൾ പറയുന്നത് എന്താണെന്നു നോക്കൂ,” അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. എന്നിട്ട് അദ്ദേഹം തിരുവെഴുത്തുകൾ വായിച്ചുകേൾപ്പിച്ചു. തത്ഫലമായി, അദ്ദേഹത്തിലും അദ്ദേഹം പഠിപ്പിച്ച സംഗതികളിലുമുള്ള എന്റെ വിശ്വാസം വർധിച്ചു. വേദാധ്യയന പത്രികകൾ വായിക്കാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ 1914-ലെ വേനൽക്കാലത്ത്, പലപ്പോഴും ഞാൻ പട്ടണത്തിനു നേരേയുള്ള കുന്നിന്മേൽ ചെന്നിരുന്ന് അതു വായിക്കുമായിരുന്നു.
1914 ആഗസ്റ്റിൽ ആളുകൾ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചു വായിച്ചുകൊണ്ട് ഒരു പ്രാദേശിക പത്രമോഫീസിനുമുമ്പിൽ തടിച്ചുകൂടി. സംഗതി മനസ്സിലാക്കി അവിടെയെത്തിയ പിതാവ് ആശ്ചര്യഭരിതനായി പറഞ്ഞു: “ദൈവത്തിനു സ്തോത്രം!” താൻ പ്രസംഗിച്ചുകൊണ്ടിരുന്ന ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയായിട്ടാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതെന്ന് അദ്ദേഹത്തിനു മനസ്സിലായി. (മത്തായി 24:7) തങ്ങൾ ഉടൻ സ്വർഗത്തിലേക്ക് എടുക്കപ്പെടുമെന്നാണ് അപ്പോൾ അനേകം ബൈബിൾ വിദ്യാർഥികളും വിചാരിച്ചത്. അതു സംഭവിക്കാഞ്ഞതിനാൽ ചിലർ നിരാശരായി.
ബൈബിൾ സത്യത്തിനായി ഞാനെടുത്ത നിലപാട്
1915-ൽ, 17-ാമത്തെ വയസ്സിൽ, അപ്പർ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഞാൻ ഒരു ഓഫീസിൽ ജോലി ചെയ്യാൻ ആരംഭിച്ചു. അന്നുമുതൽ ഞാൻ വീക്ഷാഗോപുരം മുടങ്ങാതെ വായിക്കാൻ തുടങ്ങി. എന്നാൽ 1918 വരെ കൊപർവിക്കിൽ സ്ഥിരമായി യോഗങ്ങൾ നടന്നിരുന്നില്ല. തുടക്കത്തിൽ ഞങ്ങൾ അഞ്ചു പേരേ ഉണ്ടായിരുന്നുള്ളൂ. വാച്ച് ടവർ സൊസൈറ്റിയുടെ വേദാധ്യയന പത്രികകൾ പോലുള്ള പ്രസിദ്ധീകരണങ്ങൾ വായിച്ച് വിവരങ്ങൾ ചോദ്യോത്തര രൂപേണ ഞങ്ങൾ ചർച്ചചെയ്തു. ബൈബിൾ വിദ്യാർഥികളെക്കുറിച്ചു മറ്റുള്ളവരോടു നല്ലരീതിയിൽ സംസാരിക്കുമായിരുന്നെങ്കിലും, അമ്മ ഒരിക്കലും ഞങ്ങളോടൊപ്പം ചേർന്നില്ല.
ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിൽവെച്ച്, 1918 മുതൽ ഞാൻ ആൻറൺ സാൾട്നസ്സുമായി പരിചയത്തിലായി. ഒരു ബൈബിൾ വിദ്യാർഥിയായിത്തീരാൻ എനിക്ക് അദ്ദേഹത്തെ സഹായിക്കാൻ സാധിച്ചു. ഈ സമയത്തു ഞാനൊരു നിരന്തരപ്രസാധികയാകുകയും 1921-ലെ ബെർഗൻ സമ്മേളനത്തിൽ സ്നാപനമേൽക്കുകയും ചെയ്തു.
മുഴു സ്കാൻഡിനേവിയയ്ക്കുമായി സ്വീഡനിലെ ഒറെബ്രൂവിൽ 1925 മേയിൽ ഒരു സമ്മേളനം നടന്നു. വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് ഉൾപ്പെടെ 500-ലധികം പേർ സന്നിഹിതരായിരുന്നു. ഞങ്ങൾ 30-ഓളം പേർ ഓസ്ലോയിൽനിന്ന് ട്രെയിനിൽ യാത്ര തിരിച്ചു.
സ്കാൻഡിനേവിയൻ, ബാൾട്ടിക്ക് രാജ്യങ്ങളിലുടനീളമുള്ള പ്രസംഗവേലയ്ക്കു നേതൃത്വം കൊടുക്കുന്നതിനായി ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ഉത്തര യൂറോപ്യൻ ഓഫീസ് സ്ഥാപിക്കുമെന്ന് ഈ സമ്മേളനത്തിൽ അറിയിപ്പുണ്ടായി. പ്രസംഗവേലയ്ക്കു മേൽനോട്ടം വഹിക്കാനായി സ്കോട്ട്ലൻഡിൽനിന്നുള്ള വില്യം ഡേ നിയമിതനായി. അദ്ദേഹം നല്ല മതിപ്പുനേടി, താമസിയാതെ വലിയ സ്കോട്ട്സ്മാൻ എന്ന് അറിയപ്പെടാൻ തുടങ്ങി. ആരംഭത്തിൽ ഡേ സഹോദരന് ഒരു സ്കാൻഡിനേവിയൻ ഭാഷയും അറിയില്ലായിരുന്നു. അതുകൊണ്ട് യോഗങ്ങളിലും സമ്മേളനങ്ങളിലും പിറകിലിരുന്ന് അദ്ദേഹം കുട്ടികളുടെ കാര്യം നോക്കി സ്റ്റേജിൽ നടക്കുന്ന സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കളെ സഹായിക്കുമായിരുന്നു.
1925 മാർച്ച് 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) വെളിപ്പാടു 12-ാം അധ്യായം ചർച്ചചെയ്തു. ആ അധ്യായം ദൈവരാജ്യത്തിന്റെ പിറവിയെക്കുറിച്ചു പറയുന്നുവെന്നും അത് 1914-ൽ സ്വർഗത്തിൽ സംഭവിച്ചുവെന്നും പ്രസ്തുത ലക്കം വിശദമാക്കി. മനസ്സിലാക്കാൻ ബുദ്ധിമുട്ടായതിനാൽ ഞാൻ ആ ലേഖനം പലയാവർത്തി വായിച്ചു. അവസാനം അതു മനസ്സിലായപ്പോൾ എനിക്കു വലിയ സന്തോഷമായി.
ബൈബിൾ വിഷയങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയപ്പോൾ, ചിലർ ഇടറി ദൈവജനത്തെ വിട്ടുപിരിഞ്ഞു. എന്നാൽ അത്തരം പൊരുത്തപ്പെടുത്തലുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നിയപ്പോൾ, ഞാനെന്നും വിവരങ്ങൾ ആവർത്തിച്ചു വായിച്ച് അതിലെ ന്യായവാദം മനസ്സിലാക്കാൻ ശ്രമിക്കുമായിരുന്നു. എന്നിട്ടും പുതിയ വിശദീകരണം മനസ്സിലായില്ലെങ്കിൽ, വ്യക്തമായ വിശദീകരണത്തിനായി ഞാൻ കാത്തിരിക്കുമായിരുന്നു. അത്തരം ക്ഷമ പ്രകടമാക്കിയതിനാൽ എനിക്കു പലപ്പോഴും പ്രതിഫലം ലഭിച്ചിട്ടുണ്ട്.
ബെഥേൽ സേവനം
ഏതാനും വർഷം ഞാൻ കണക്കെഴുത്തുകാരിയായും സെക്രട്ടറിയായും താലൂക്ക് ഓഡിറ്ററായും ജോലി നോക്കി. 1928-ൽ സൊസൈറ്റിയുടെ കണക്കെഴുത്തുകാരന് അസുഖം പിടിപെട്ട് ബെഥേൽ വിട്ടുപോകേണ്ടിവന്നു. അത്തരം ജോലിയിൽ പരിചയമുണ്ടായിരുന്നതിനാൽ, ആ ജോലി ഏറ്റെടുക്കാൻ എന്നോടാവശ്യപ്പെട്ടു. 1928 ജൂണിൽ ഞാൻ ബെഥേൽ സേവനം തുടങ്ങി. ഇടയ്ക്ക്, ഡേ സഹോദരൻ ഞങ്ങളെ സന്ദർശിച്ച് കണക്കുകൾ ഓഡിറ്റു ചെയ്യുമായിരുന്നു. ഓസ്ലോയിലെ പരസ്യപ്രസംഗവേലയ്ക്കും ഞങ്ങളുടെ ബെഥേൽ കുടുംബം നേതൃത്വമെടുത്തു. അവിടെ അന്ന് ഒരു സഭയെ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങളിൽ ചിലർ ബെഥേലിലെ ഷിപ്പിങ് വിഭാഗത്തിലെ സാക്സ്ക്ഷമർ സഹോദരനെ, സുവർണയുഗം (ഇപ്പോഴത്തെ ഉണരുക!) പായ്ക്കു ചെയ്ത് അയയ്ക്കുന്നതിൽ സഹായിച്ചിരുന്നു. സിമെൻസൺ സഹോദരനും ഗുൺബെർഗ് സഹോദരനും സഹായിക്കാൻ കൂടുമായിരുന്നു. നല്ല രസകരമായ സമയമായിരുന്നു അത്, ജോലിക്കിടയിൽ ചിലപ്പോഴൊക്കെ ഞങ്ങൾ പാടുകയും ചെയ്തിരുന്നു.
രാജ്യപ്രത്യാശയിലുള്ള ഉറപ്പ്
“മഹാപുരുഷാരം” ഒരു ഉപ സ്വർഗീയ വർഗമല്ലെന്ന് 1935-ൽ ഞങ്ങൾ തിരിച്ചറിഞ്ഞു. പകരം അത് മഹോപദ്രവത്തെ അതിജീവിച്ച് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിന് അവസരമുള്ള വർഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു ഞങ്ങൾ മനസ്സിലാക്കി. (വെളിപ്പാടു 7:9-14) ഈ പുതിയ ഗ്രാഹ്യം ലഭിച്ചപ്പോൾ, സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റിയിരുന്ന ചിലർ തങ്ങളുടെ ഭൗമിക പ്രത്യാശ തിരിച്ചറിഞ്ഞ് പങ്കുപറ്റുന്നതു നിർത്തി.
എന്റെ സ്വർഗീയ പ്രത്യാശയെക്കുറിച്ച് ഞാനൊരിക്കലും സംശയിച്ചിട്ടില്ലെങ്കിലും, ‘ദൈവം എന്തിനാണ് എന്നെ തിരഞ്ഞെടുക്കുന്നത്?’ എന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അത്തരം വലിയ പദവിക്കു ഞാൻ അയോഗ്യയാണെന്ന് എനിക്കു തോന്നി. ധൈര്യക്കുറവുള്ള ഒരു കൊച്ചു സ്ത്രീയായ ഞാൻ എന്നെത്തന്നെ സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കുന്ന ഒരു രാജാവായി വിചാരിക്കുക വിചിത്രമായിരിക്കുന്നതായി തോന്നി. (2 തിമൊഥെയൊസ് 2:11, 12; വെളിപ്പാടു 5:10) എന്നിരുന്നാലും, ‘ഏറെ ബലവാൻമാരെ’ വിളിച്ചില്ല, എന്നാൽ “ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു” എന്ന പൗലൊസ് അപ്പോസ്തലന്റെ വാക്കുകളെക്കുറിച്ചു ഞാൻ ധ്യാനിക്കുമായിരുന്നു.—1 കൊരിന്ത്യർ 1:26, 27.
രണ്ടാം ലോകമഹായുദ്ധകാലത്തെ പ്രവർത്തനം
1940 ഏപ്രിൽ 9-നു ജർമൻ സൈന്യം നോർവേയെ ആക്രമിച്ചു, താമസിയാതെ അത് അവരുടെ കീഴിലാകുകയും ചെയ്തു. യുദ്ധത്തിന്റെ ഫലമായി, അനേകരും രാജ്യസന്ദേശത്തോടു പ്രതികരിക്കാൻ തുടങ്ങി. 1940 ഒക്ടോബർമുതൽ 1941 ജൂൺവരെ, ഞങ്ങൾ 2,72,000 പുസ്തകങ്ങളും ചെറുപുസ്തകങ്ങളും സമർപ്പിച്ചു. അതിനർഥം നോർവേയിലെ 470-തിലധികം വരുന്ന സാക്ഷികളിൽ ഓരോരുത്തരും ആ ഒമ്പതു മാസങ്ങളിൽ ശരാശരി 570 പുസ്തകങ്ങളും ചെറുപുസ്തകങ്ങളും സമർപ്പിച്ചുവെന്നാണ്!
1941 ജൂലൈ 8-നു ഗസ്റ്റപ്പോ എല്ലാ അധ്യക്ഷമേൽവിചാരകന്മാരെയും സന്ദർശിച്ച് പ്രസംഗവേല നിർത്തുന്നില്ലെങ്കിൽ തടങ്കൽപ്പാളയങ്ങളിലാക്കുമെന്ന് പറഞ്ഞു. അഞ്ചു ജർമൻ പൊലീസ് ഓഫീസർമാർ ബെഥേലിൽ വന്ന് വാച്ച് ടവർ സൊസൈറ്റിയുടെ നല്ലൊരു പങ്ക് സ്വത്തും കണ്ടുകെട്ടി. ബെഥേൽ കുടുംബാംഗങ്ങളെ കൊണ്ടുപോയി ചോദ്യംചെയ്തു. എന്നാൽ ആരെയും തടവിലാക്കിയില്ല. അവസാനം, 1941 ജൂലൈ 21-ന്, ഈങ്കോഗ്നിടോഗറ്റൻ തെരുവിലെ 28 ബി എന്ന സൊസൈറ്റിക്കെട്ടിടം കണ്ടുകെട്ടുകയും നമ്മുടെ പ്രസംഗവേല നിരോധിക്കുകയും ചെയ്തു. ഞാൻ കൊപർവിക്കിലേക്കു തിരിച്ചുപോയി സ്വന്തം കാലിൽ നിൽക്കുന്നതിനുവേണ്ടി ലൗകിക ജോലിയിലേർപ്പെടുകയും ചെയ്തു.
ആ സമയം പിതാവ് ഒരു പയനിയറായി സേവിക്കുകയായിരുന്നു. ഒരു ദിവസം നാസികൾ വന്ന് പിതാവ് താമസിച്ചിരുന്ന വീടു പരിശോധിച്ചു. അവർ അദ്ദേഹത്തിന്റെ ബൈബിളും ബൈബിൾ കൺകോർഡൻസുകളും ഉൾപ്പെടെ എല്ലാ സാഹിത്യവും എടുത്തുകൊണ്ടുപോയി. ഈ കാലഘട്ടത്ത് ഞങ്ങൾക്കു വളരെ കുറച്ച് ആത്മീയ ആഹാരമേ ലഭിച്ചുള്ളൂ. ആത്മീയമായി ശക്തരായി നിലകൊള്ളുന്നതിന്, ഞങ്ങൾ ഗവൺമെൻറ് എന്നതുപോലുള്ള പഴയ പുസ്തകങ്ങൾ ആവർത്തിച്ചു പഠിക്കുകയും പ്രസംഗവേല തുടരുകയും ചെയ്തു.
സങ്കടകരമെന്നു പറയട്ടെ, പലയിടങ്ങളിലും സഹോദരങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടായി. പരസ്യമായി, വീടുതോറും പോയി പ്രസംഗിക്കണമെന്ന അഭിപ്രായക്കാരായിരുന്നു ഒരു കൂട്ടർ. മറിച്ച് ആളുകളുമായി മറ്റു വിധങ്ങളിൽ ബന്ധപ്പെട്ട് കൂടുതൽ രഹസ്യമായി പ്രവർത്തിക്കണമെന്ന് മറ്റൊരു കൂട്ടരും. അങ്ങനെ മുമ്പ് വളരെ നന്നായി സഹകരിച്ചിരുന്നവരും ഞങ്ങൾ വളരെ സ്നേഹിച്ചിരുന്നവരുമായ പ്രമുഖ സഹോദരങ്ങൾ പരസ്പരം സംസാരിക്കാത്ത അവസ്ഥയിലായി. അവർക്കിടയിലെ ഈ ഭിന്നിപ്പ് എന്നെ വളരെയധികം വേദനിപ്പിച്ചു. ഞാൻ സാക്ഷിയായതിനുശേഷം ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സ്ഥിതിവിശേഷം അതായിരുന്നു.
യുദ്ധാനന്തരം പുതുപ്രവർത്തനം
യുദ്ധത്തിനുശേഷം, 1945-ലെ വേനൽക്കാലത്ത് ഡേ സഹോദരൻ നോർവേ സന്ദർശിച്ച് ഓസ്ലോയിലും ഷേയനിലും ബെർഗനിലും യോഗങ്ങൾ നടത്തി. സഹോദരങ്ങളോടു വിയോജിപ്പുകൾ മറന്നുകളയാൻ അഭ്യർഥിച്ചിട്ട്, അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നവർ എഴുന്നേറ്റുനിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും എഴുന്നേറ്റുനിന്നു! 1945 ഡിസംബറിൽ വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന നാഥാൻ എച്ച്. നോർ സഹോദരന്റെ സന്ദർശനത്തിനുശേഷം തർക്കം എന്നന്നേക്കുമായി പരിഹരിക്കപ്പെട്ടു.
അതിനിടെ, 1945 ജൂലൈ 17-ന്, ബ്രാഞ്ച് ദാസനായ എനൊക്ക് അമനിൽനിന്ന് എനിക്കൊരു ടെലഗ്രാം കിട്ടി. ‘ബെഥേലിലേക്ക് എപ്പോൾ തിരിച്ചുവരാനാകും?’ എന്നൊരു ചോദ്യമായിരുന്നു അത്. ചിലർ പറഞ്ഞു ഞാൻ വീട്ടിൽ താമസിച്ച് 70-ലധികം വയസ്സായ എന്റെ പിതാവിനെ ശുശ്രൂഷിക്കണമെന്ന്. എന്നാൽ ബെഥേൽ സേവനത്തിലേക്കു തിരിച്ചുപോകാനാണ് പിതാവ് എന്നെ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ ഞാൻ ബെഥേലിലേക്കു പോയി. 1946-ൽ ഐക്യനാടുകളിൽനിന്നുള്ള ഒരു സഹോദരനായ മർവിൻ എഫ്. ആൻഡേഴ്സൻ ഞങ്ങളുടെ ബ്രാഞ്ച് മേൽവിചാരകൻ ആയി. പ്രസംഗവേല പുനഃസംഘടിപ്പിക്കപ്പെട്ടു.
വേനൽ അവധിക്കാലത്ത് എന്റെ കുടുംബത്തെ കാണാനായി ഞാൻ കൊപർവിക്കിലേക്കു യാത്രചെയ്യുമായിരുന്നു. എന്റെ രണ്ടു സഹോദരന്മാരും സഹോദരിമാരും സാക്ഷികളായില്ല, എന്നാൽ എന്നോടും പിതാവിനോടും അവർ എല്ലായ്പോഴും സൗഹൃദം കാണിച്ചിരുന്നു. എന്റെ ഒരു സഹോദരൻ തുറമുഖമേധാവിയും പൈലറ്റ് മാസ്റ്ററും മറ്റേ സഹോദരൻ ഒരധ്യാപകനും ആയിത്തീർന്നു. എനിക്കു കാര്യമായ ഭൗതിക സ്വത്തുക്കളൊന്നുമില്ലായിരുന്നെങ്കിലും പിതാവ് അവരോടു പറയുമായിരുന്നു: “നിങ്ങളെക്കാൾ ധനിക ഓട്ടില്യതന്നെ.” അതു സത്യമായിരുന്നു! അവരുടെ നേട്ടങ്ങൾ എനിക്കുണ്ടായിരുന്ന ആത്മീയ സമ്പത്തുമായുള്ള താരതമ്യത്തിൽ ഒന്നുമല്ലായിരുന്നു! 78-ാമത്തെ വയസ്സിൽ, അതായത് 1951-ൽ, പിതാവു മരണമടഞ്ഞു. അമ്മ 1928-ൽ മരിച്ചുപോയിരുന്നു.
എന്റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു 1953-ൽ ന്യൂയോർക്ക് നഗരത്തിലെ യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത്. ആ വർഷം ലോക വയലിലെ പ്രസാധകരുടെ എണ്ണം 5 ലക്ഷം കവിഞ്ഞിരുന്നു. കൺവെൻഷനിൽ 1,65,000-ത്തിലധികം പേർ സംബന്ധിക്കുകയുണ്ടായി! 1953-ലെ കൺവെൻഷനുമുമ്പ്, യഹോവയുടെ ഭൗമിക സ്ഥാപനത്തിന്റെ ആസ്ഥാനമായ ബ്രുക്ലിൻ ബെഥേലിൽ ഒരാഴ്ച ജോലി ചെയ്തു.
എന്നാലാവതു ചെയ്യൽ
കഴിഞ്ഞ ഏതാനും വർഷങ്ങളായി തിമിരം കാരണം എന്റെ കാഴ്ചശക്തി കുറഞ്ഞിട്ടുണ്ട്. ശക്തികൂടിയ കണ്ണടയും ഭൂതക്കണ്ണാടിയും വെച്ച് ഞാനിപ്പോഴും വലിയ അക്ഷരങ്ങൾ കുറച്ചൊക്കെ വായിക്കുന്നുണ്ട്. ക്രിസ്തീയ സഹോദരിമാർ എന്നെ സന്ദർശിച്ച് ആഴ്ചയിൽ രണ്ടുപ്രാവശ്യം വായിച്ചുകേൾപ്പിക്കും. അതിനവരോട് എനിക്കു നന്ദിയുണ്ട്.
എന്റെ പ്രസംഗവേലയും തീരെ കുറഞ്ഞിരിക്കുന്നു. വേനൽക്കാലത്ത് ക്രിസ്തീയ സഹോദരിമാർ മിക്കപ്പോഴും എന്നെ ചക്രക്കസേരയിലിരുത്തി കൊണ്ടുപോകും. അങ്ങനെ എനിക്കു കുറച്ചുനേരം പ്രസംഗവേല ചെയ്യാൻ സാധിക്കുന്നു. കൂടാതെ ഏതാണ്ട് 100 വർഷംമുമ്പ് ഞാൻ ഒരു വിദ്യാർഥിനിയായിരുന്ന പ്രൈമറി സ്കൂൾപോലുള്ള കൊപർവിക്കിലെ സ്കൂളുകളിലേക്കു മാസികകളും ലഘുപത്രികകളും മുടങ്ങാതെ അയച്ചുകൊടുക്കുന്നു. ഇപ്പോഴും പ്രവർത്തനത്തിനു മുടക്കംവരുത്താത്ത പ്രസാധികയായിരിക്കാൻ സാധിക്കുന്നതിൽ എനിക്കു ചാരിതാർഥ്യമുണ്ട്.
1983 മുതൽ ഓസ്ലോയ്ക്കു വെളിയിൽ ഇട്രെ എനബാക്കിൽ സ്ഥിതിചെയ്യുന്ന ബെഥേലിൽ എന്റെ മുറി സ്ഥിതിചെയ്യുന്ന അതേ നിലയിൽത്തന്നെ ഭക്ഷണമുറിയും രാജ്യഹാളും ആയത് വലിയൊരനുഗ്രഹമായി. അതുകൊണ്ട് എനിക്ക് ഒരു വാക്കറിന്റെ സഹായത്തോടെ പ്രഭാത ആരാധനയ്ക്കും ഭക്ഷണത്തിനും യോഗങ്ങൾക്കും വരാൻ സാധിക്കുന്നുണ്ട്. എനിക്കിപ്പോഴും കൺവെൻഷനുകൾക്കും സമ്മേളനങ്ങൾക്കും പോകാൻ സാധിക്കുന്നതിലും സന്തോഷമുണ്ട്. അനേക വർഷങ്ങളായി പരിചയമുള്ള സുഹൃത്തുക്കളെയും കൂടാതെ പുതിയ സഹോദരീസഹോദരന്മാരെയും അനേകം നല്ല കുട്ടികളെയും കാണുന്നത് എനിക്കു വലിയ ഇഷ്ടമാണ്.
അന്ത്യംവരെ വിശ്വാസം നിലനിർത്തൽ
ഇവിടെ ബെഥേലിൽ ഊർജസ്വലരും പ്രസന്നതയുള്ളവരും ആത്മീയരുമായ ആളുകളുടെ മധ്യേ ആയിരിക്കുന്നത് ഒരനുഗ്രഹംതന്നെയാണ്. ഞാനെന്റെ ബെഥേൽ സേവനം തുടങ്ങിയപ്പോൾ, മുഴുകുടുംബവും സ്വർഗീയ പ്രത്യാശയുള്ളവരായിരുന്നു. (ഫിലിപ്പിയർ 3:14) ഇപ്പോൾ ഞാനൊഴികെ മറ്റെല്ലാവരും ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷാപൂർവം കാത്തിരിക്കുന്നവരാണ്.
യഹോവ നേരത്തെ നടപടിയെടുക്കുമെന്നു നാം പ്രതീക്ഷിച്ചുവെന്നതു സത്യമാണ്. എന്നാൽ, മഹാപുരുഷാരം വലുതായിക്കൊണ്ടേയിരിക്കുന്നതു കാണുന്നതിൽ ഞാൻ ആഹ്ലാദിക്കുന്നു. എത്ര വർധനവാണ് ഞാൻ കണ്ടിരിക്കുന്നത്! ഞാൻ ആദ്യം ശുശ്രൂഷയിൽ ഏർപ്പെട്ടപ്പോൾ, ലോകവ്യാപകമായി 5,000 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 54 ലക്ഷത്തിലധികം പേർ! തീർച്ചയായും, “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരു”ന്നതു ഞാൻ കണ്ടിരിക്കുന്നു. (യെശയ്യാവു 60:22) നാം യഹോവയ്ക്കായി കാത്തിരിക്കേണ്ടതുണ്ട്, കാരണം ഹബക്കൂക്ക് ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: “അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.”—ഹബക്കൂക്ക് 2:3.