ക്രിസ്ത്യാനിത്വം പ്രവർത്തനത്തിൽ—പ്രക്ഷുബ്ധതയിന്മധ്യേയും
എല്ലാം പൊടുന്നനെയായിരുന്നു. 1994 ഏപ്രിലിലെ ഒരു ദിവസമാണ് പ്രശ്നങ്ങൾ തലപൊക്കിയത്. ഒരു വിമാന അപകടത്തിൽ ബുറുണ്ടിയിലെയും റുവാണ്ടയിലെയും പ്രസിഡന്റുമാർ കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ ദീതിദമായ തോതിൽ അക്രമം റുവാണ്ടയെ ഗ്രസിച്ചു. ഏതാണ്ടു മൂന്നിൽപ്പരം മാസംകൊണ്ട് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം 5,00,000-ത്തിലധികം റുവാണ്ടക്കാർ മരണമടഞ്ഞു. പ്രസ്തുത കാലഘട്ടത്തെ ചിലയാളുകൾ “ആ വംശഹത്യ” എന്നു പരാമർശിക്കുന്നു.
റുവാണ്ടയിലെ 75 ലക്ഷം നിവാസികളിൽ പകുതിപ്പേർക്കും പലായനം ചെയ്യേണ്ടിവന്നു. അയൽ രാജ്യങ്ങളിൽ അഭയം തേടിയ 24 ലക്ഷം പേർ ഇതിലുൾപ്പെടുന്നു. അത് ആധുനിക ചരിത്രത്തിലെ ഏറ്റവും വലുതും സത്വരവുമായ അഭയാർഥി പ്രവാഹമായിരുന്നു. സയറിലും (ഇപ്പോൾ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ടാൻസാനിയയിലും ബുറുണ്ടിയിലും ഉടനടി അഭയാർഥിക്യാമ്പുകൾ സ്ഥാപിച്ചു. ലോകത്ത് ഏറ്റവും വലിപ്പമുണ്ടായിരുന്ന ഈ ക്യാമ്പുകളിൽ ചിലത് 2,00,000 ആളുകൾക്ക് അഭയം നൽകി.
ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്ന സമാധാന സ്നേഹികളായ അനേകം യഹോവയുടെ സാക്ഷികൾ ആ അഭയാർഥികളിൽ ഉൾപ്പെട്ടിരുന്നു. ജീവിക്കുന്നത് ഏതു രാജ്യത്തായിരുന്നാലും അവർ കർശനമായ നിഷ്പക്ഷത പാലിക്കുകയും യെശയ്യാവു 2:4-ൽ അടങ്ങിയിരിക്കുന്ന തത്ത്വം ബാധകമാക്കുകയും ചെയ്യുന്നു. ആ വാക്യം പറയുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” റുവാണ്ടയിലെ വംശഹത്യയിൽ പങ്കുപറ്റാഞ്ഞ ഒരു മതസമൂഹം എന്നനിലയിൽ യഹോവയുടെ സാക്ഷികൾ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശുക്രിസ്തു പറഞ്ഞു. എന്നാൽ അവർ “ലോകത്തിൽ” ആയിരിക്കുന്നതിനാൽ രാഷ്ട്രങ്ങളിലെ കലാപങ്ങളിൽനിന്ന് അവർക്ക് എല്ലായ്പോഴും രക്ഷപ്പെടാനാവില്ല. (യോഹന്നാൻ 17:11, 14, NW) റുവാണ്ടയിലെ വംശഹത്യയിൽ ഏകദേശം 400 സാക്ഷികൾക്ക് തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. സാക്ഷികളും രാജ്യസന്ദേശത്തിൽ താത്പര്യമുള്ളവരുമായി ഏകദേശം 2,000 പേർ അഭയാർഥികളായി.
യഹോവയുടെ സാക്ഷികൾ ലോകത്തിന്റെ ഭാഗമല്ലാത്തത്, ദുരിതമുണ്ടാകുമ്പോൾ അവർ യാതൊന്നും ചെയ്യുന്നില്ലെന്ന് അർഥമാക്കുന്നുണ്ടോ? ഇല്ല. ദൈവവചനം പറയുന്നു: “ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു? അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.” (യാക്കോബ് 2:15-17) തങ്ങളുടേതിൽനിന്നു വ്യത്യസ്തമായ മതവിശ്വാസങ്ങളുള്ളവരെയും സഹായിക്കാൻ അയൽസ്നേഹം സാക്ഷികളെ പ്രേരിപ്പിക്കുന്നു.—മത്തായി 22:37-40.
റുവാണ്ടയിൽ വിപത്കരമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന തങ്ങളുടെ സഹവിശ്വാസികളെ സഹായിക്കാൻ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ അതിയായി ആഗ്രഹിച്ചെങ്കിലും ദുരിതാശ്വാസ ഉദ്യമങ്ങൾ ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്വം പശ്ചിമയൂറോപ്പിനാണ് നൽകപ്പെട്ടത്. 1994 വേനൽക്കാലത്ത്, യൂറോപ്പിൽനിന്നുള്ള സാക്ഷികളുടെ ഒരു സന്നദ്ധസംഘം ആഫ്രിക്കയിലെ തങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരെ സഹായിക്കാനായി കുതിച്ചെത്തി. റുവാണ്ടയിൽനിന്നുള്ള അഭയാർഥികൾക്കായി സുസംഘടിത ക്യാമ്പുകളും താത്കാലിക ആശുപത്രികളും നിർമിച്ചു. വളരെയേറെ വസ്ത്രങ്ങളും കരിമ്പടങ്ങളും ഭക്ഷ്യവസ്തുക്കളും ബൈബിൾ സാഹിത്യങ്ങളും വിമാനമാർഗമോ മറ്റു മാർഗങ്ങളിലൂടെയോ അവർക്ക് എത്തിച്ചുകൊടുത്തു. ദുരിതബാധിതരായ 7,000-ത്തിലധികം പേർ—ആ സമയത്തു റുവാണ്ടയിലുണ്ടായിരുന്ന സാക്ഷികളുടെ ഏതാണ്ട് മൂന്നിരട്ടി—ആ ദുരിതാശ്വാസ ഉദ്യമത്തിൽനിന്നു പ്രയോജനമനുഭവിച്ചു. ആ വർഷം ഡിസംബറോടെ യഹോവയുടെ സാക്ഷികളിൽ ഭൂരിഭാഗവും ഉൾപ്പെടെ ആയിരക്കണക്കിന് അഭയാർഥികൾ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനായി റുവാണ്ടയിലേക്കു മടങ്ങി.
കോംഗോയിലെ യുദ്ധം
1996-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ പ്രദേശത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അത് റുവാണ്ടയുടെയും ബുറുണ്ടിയുടെയും അതിർത്തിപ്രദേശമാണ്. ബലാൽസംഗവും കൊലപാതകവും വീണ്ടും നടമാടി. ചീറിപ്പായുന്ന വെടിയുണ്ടകൾക്കും കത്തിയമരുന്ന ഗ്രാമങ്ങൾക്കും ഇടയിലൂടെ ആളുകൾ ജീവനുംകൊണ്ടോടി. യഹോവയുടെ സാക്ഷികളും ആ കലാപത്തിലകപ്പെട്ടു, ഏതാണ്ട് 50 പേർ മരണമടഞ്ഞു. ചിലർ ലക്ഷ്യംതെറ്റിവന്ന വെടിയുണ്ടകളാൽ കൊല്ലപ്പെട്ടു. ഒരു പ്രത്യേക വംശീയ വിഭാഗത്തിൽപ്പെട്ടവർ ആയതുകൊണ്ടോ ശത്രുക്കളാണെന്നു തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടോ മറ്റുചിലർ ദാരുണമാംവിധം കൊലചെയ്യപ്പെട്ടു. 150 സാക്ഷികൾ പാർത്തിരുന്ന ഒരു ഗ്രാമം തീവെച്ചു നശിപ്പിച്ചു. മറ്റു ഗ്രാമങ്ങളിൽ ഡസൻകണക്കിനു വീടുകളും ചില രാജ്യഹാളുകളും അഗ്നിക്കിരയായി. വീടുകളും വസ്തുവകകളും നഷ്ടപ്പെട്ട സാക്ഷികൾ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. അവിടെയുള്ള സഹാരാധകർ അവർക്കു സഹായമേകി.
യുദ്ധത്തെത്തുടർന്നു പട്ടിണി നടമാടി. കാരണം വിളകൾ നശിപ്പിക്കപ്പെടുകയും ഭക്ഷ്യശേഖരങ്ങൾ കൊള്ളയടിക്കപ്പെടുകയും ഭക്ഷ്യവിതരണം തകരാറിലാകുകയും ചെയ്തിരുന്നു. ലഭ്യമായ ഭക്ഷ്യവസ്തുക്കൾക്കാണെങ്കിൽ തീപിടിച്ച വിലയും. 1997 മേയ് ആരംഭത്തിൽ കിസങ്കനിയിൽ ഒരു കിലോ ഉരുളക്കിഴങ്ങിന് ഏകദേശം 100 രൂപയായിരുന്നു വില. അതു മിക്കയാളുകൾക്കും താങ്ങാവുന്നതിലും വളരെയധികമായിരുന്നു. ഭൂരിപക്ഷത്തിനും ദിവസം ഒരു നേരത്തേ ആഹാരത്തിനേ വകയുണ്ടായിരുന്നുള്ളൂ. ഭക്ഷ്യദൗർലഭ്യത്തിനു പിന്നാലെ രോഗങ്ങൾ രംഗപ്രവേശം ചെയ്തു. മലമ്പനി, അതിസാരം, ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ ചെറുത്തുനിൽക്കാനുള്ള ശരീരത്തിന്റെ പ്രാപ്തിയെ വികലപോഷണം ദുർബലമാക്കി. ഇത്തരത്തിലുള്ള ദുരിതത്തിനും മരണത്തിനും ഇരകളാകുന്നതു വിശേഷിച്ചും കുട്ടികളാണ്.
ആവശ്യം വിലയിരുത്തൽ
യൂറോപ്പിലെ യഹോവയുടെ സാക്ഷികൾ വീണ്ടും സത്വരം പ്രതികരിച്ചു. 1997 ഏപ്രിൽ മാസത്തോടെ, രണ്ട് ഡോക്ടർമാർ ഉൾപ്പെട്ട സാക്ഷികളുടെ ഒരു ദുരിതാശ്വാസ സംഘം മരുന്നും പണവുമായി പറന്നെത്തി. ഉടനടി സഹായം നൽകാൻ കഴിയേണ്ടതിന് സാഹചര്യം വിലയിരുത്താൻ ഗോമയിലെ പ്രാദേശിക സാക്ഷികൾ അതിനോടകംതന്നെ ദുരിതാശ്വാസ കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞിരുന്നു. പ്രസ്തുത സംഘം ആ നഗരത്തിലും സമീപ പ്രദേശങ്ങളിലും ചുറ്റിസഞ്ചരിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി. കൂടുതൽ അകലെയുള്ള സ്ഥലങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിനായി സന്ദേശവാഹകരെ അയച്ചു. ഗോമയ്ക്കു പടിഞ്ഞാറ് 1,000 കിലോമീറ്റർ അകലെയുള്ള കിസങ്കനിയിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ഏതാണ്ട് 700 സാക്ഷികൾ താമസിക്കുന്ന ഗോമയിലെ ദുരിതാശ്വാസ ഉദ്യമങ്ങളെ ഏകോപിപ്പിക്കാൻ പ്രാദേശിക സഹോദരന്മാർ സഹായിച്ചു.
ഗോമയിലെ ഒരു ക്രിസ്തീയ മൂപ്പൻ പറഞ്ഞു: “ഞങ്ങളെ സഹായിക്കാനായി സഹോദരന്മാർ ഇത്രയുംദൂരം വന്നത് ഞങ്ങളെ തികച്ചും വികാരതരളിതരാക്കി. അവർ വരുന്നതിനു മുമ്പ് ഞങ്ങൾ അന്യോന്യം സഹായിച്ചു. ഗ്രാമപ്രദേശത്തുനിന്നു സഹോദരന്മാർക്കു ഗോമയിലേക്കു പലായനം ചെയ്യേണ്ടിവന്നു. ചിലർക്കു വീടുകൾ നഷ്ടപ്പെട്ടു. അവർ വയലുകൾ ഉപേക്ഷിച്ചു. ഞങ്ങൾ അവരെ ഞങ്ങളുടെ വീടുകളിൽ സ്വീകരിച്ച് വസ്ത്രവും കൈവശമുണ്ടായിരുന്ന അൽപ്പസ്വൽപ്പം ഭക്ഷണവും അവരുമായി പങ്കുവെച്ചു. പ്രാദേശികമായി ഞങ്ങൾക്കു കൂടുതലൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഞങ്ങളിൽ ചിലർ വികലപോഷണത്താൽ വലയുകയായിരുന്നു.
“എന്നാൽ, യൂറോപ്പിൽനിന്നുള്ള സഹോദരന്മാർ പണം കൊണ്ടുവന്നു. അങ്ങനെ ഞങ്ങൾക്കു ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കഴിഞ്ഞു. അവ ദുർലഭവും വളരെ വിലപിടിച്ചതുമായിരുന്നു. മിക്കവരുടെയും വീടുകളിൽ ഭക്ഷിക്കാൻ യാതൊന്നുമില്ലാതിരുന്ന നിർണായക സമയത്താണ് ഭക്ഷ്യവസ്തുക്കൾ എത്തിച്ചേർന്നത്. ഞങ്ങൾ അവ സാക്ഷികൾക്കും സാക്ഷികളല്ലാത്തവർക്കും വിതരണം ചെയ്തു. സഹായം ആ സമയത്ത് എത്തിച്ചേർന്നില്ലായിരുന്നെങ്കിൽ ഒട്ടേറെ ആളുകൾകൂടെ മരിക്കുമായിരുന്നു, വിശേഷിച്ചും കുട്ടികൾ. യഹോവ തന്റെ ജനത്തെ രക്ഷിച്ചു. സാക്ഷികളല്ലാത്തവരിൽ അത് വളരെ മതിപ്പുളവാക്കി. അനേകർ നമ്മുടെ ഐക്യത്തെയും സ്നേഹത്തെയും പ്രകീർത്തിച്ചു. നമ്മുടേത് സത്യമതമാണെന്നു ചിലർ സമ്മതിച്ചുപറഞ്ഞു.”
ഭക്ഷണം പ്രാദേശികമായി വാങ്ങുകയും വൈദ്യശുശ്രൂഷ ലഭ്യമാക്കുകയും ചെയ്തെങ്കിലും, കൂടുതൽ ആവശ്യങ്ങളുണ്ടായിരുന്നു. വസ്ത്രങ്ങളും കരിമ്പടങ്ങളും അതോടൊപ്പം കൂടുതലായ അളവിൽ ഭക്ഷണവും മരുന്നും വേണമായിരുന്നു. നശിപ്പിക്കപ്പെട്ട വീടുകൾ പുനർനിർമിക്കുന്നതിനും സഹായം ആവശ്യമായിരുന്നു.
ആളുകൾ ഉദാരമായി സംഭാവനചെയ്യുന്നു
യൂറോപ്പിലെ സഹോദരന്മാർ വീണ്ടും സഹായിക്കാൻ ഉത്സുകരായിരുന്നു. ഫ്രാൻസിലെ ലൂവിയയിലുള്ള യഹോവയുടെ സാക്ഷികളുടെ ഓഫീസ്, റോൺ താഴ്വരയിലും നോർമാൻഡിയിലും പാരീസിന്റെ കുറെ ഭാഗത്തുമുള്ള സഭകളെ വിവരമറിയിച്ചു. ഇവിടെ മറ്റൊരു തിരുവെഴുത്ത് തത്ത്വം ബാധകമായിരുന്നു: “എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.”—2 കൊരിന്ത്യർ 9:6, 7.
സംഭാവനചെയ്യാനുള്ള ആ അവസരം ആയിരങ്ങൾ സന്തോഷപൂർവം പ്രയോജനപ്പെടുത്തി. വസ്ത്രങ്ങളും ഷൂസും മറ്റ് സാധനങ്ങളും നിറച്ച നിരവധി പെട്ടികളും ബാഗുകളും രാജ്യഹാളുകളിലേക്ക് ഒഴുകിയെത്തി. എന്നിട്ട് അവ യഹോവയുടെ സാക്ഷികളുടെ ഫ്രാൻസിലെ ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. “സയറിനെ സഹായിക്കുക” എന്ന അടുത്ത പദ്ധതിയിൽ പങ്കുപറ്റാൻ തയ്യാറായി 400 സന്നദ്ധസേവകർ അവിടെയുണ്ടായിരുന്നു. സംഭാവന ചെയ്യപ്പെട്ട സാധനങ്ങൾ എത്തിച്ചേരവേ ഈ സന്നദ്ധസേവകർ വസ്ത്രങ്ങൾ തരംതിരിച്ച് മടക്കി പെട്ടികളിലാക്കി ഒരു പാലറ്റിൽ 30 എന്ന നിരക്കിൽ അടുക്കിവെച്ചു. ആഫ്രിക്കയിലെ തങ്ങളുടെ കൊച്ചു സഹോദരീസഹോദരന്മാരെക്കുറിച്ചു കുട്ടികൾ ചിന്തയുള്ളവരായിരുന്നു, തിളങ്ങുന്ന കളിപ്പാട്ടക്കാറുകൾ, പമ്പരങ്ങൾ, പാവകൾ, പാവക്കരടികൾ തുടങ്ങിയ കളിപ്പാട്ടങ്ങൾ അവർ അയച്ചുകൊടുത്തു. ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ സാധനങ്ങളോടൊപ്പം ഇവയും പായ്ക്ക്ചെയ്തു. 12 മീറ്റർ നീളമുള്ള മൊത്തം ഒമ്പതു കണ്ടെയിനറുകൾ നിറച്ച് സാധനങ്ങൾ കോംഗോയിലേക്കു കയറ്റി അയച്ചു.
ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ആയിരക്കണക്കിനു സാക്ഷികളുടെ സഹായത്താൽ മധ്യാഫ്രിക്കയിലേക്ക് എന്തുമാത്രം സാധനങ്ങൾ അയച്ചിട്ടുണ്ട്? 1997 ജൂൺ ആയപ്പോഴേക്കും 500 കിലോഗ്രാം മരുന്നുകളും ഉയർന്ന അളവിൽ മാംസ്യം അടങ്ങിയ 10 ടൺ ബിസ്കറ്റുകളും 20 ടൺ മറ്റ് ഭക്ഷ്യവസ്തുക്കളും 90 ടൺ വസ്ത്രങ്ങളും 18,500 ജോടി ഷൂസും 1,000 കരിമ്പടങ്ങളും കയറ്റി അയച്ചിരുന്നു. ബൈബിൾ സാഹിത്യങ്ങളും എത്തിച്ചുകൊടുത്തു. ഇവയെല്ലാം അതിയായി വിലമതിക്കപ്പെട്ടു. ഇവ അഭയാർഥികൾക്ക് ആശ്വാസം പകരുകയും പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കാൻ അവരെ സഹായിക്കുകയും ചെയ്തു. ആ സാധനങ്ങളുടെ മൊത്തം വില ഏകദേശം 10,00,000 യു.എസ്. ഡോളറായിരുന്നു. യഹോവയെ സേവിക്കുന്നവർക്കിടയിലെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും തെളിവായിരുന്നു അത്തരം സംഭാവനകൾ.
കോംഗോയിലെ വിതരണം
സാധനങ്ങൾ കോംഗോയിൽ എത്തിച്ചേരാൻ തുടങ്ങിയതോടെ, പ്രാദേശിക ദുരിതാശ്വാസ കമ്മിറ്റിക ളോടൊപ്പം പ്രവർത്തിക്കാനായി ഫ്രാൻസിൽനിന്ന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയും എത്തി. കോംഗോ സാക്ഷികൾ പ്രദർശിപ്പിച്ച കൃതജ്ഞതയെക്കുറിച്ച് ജോസ്ലിൻ ഇപ്രകാരം പറഞ്ഞു: “വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ടുള്ള അനേകം കത്തുകൾ ഞങ്ങൾക്കു ലഭിച്ചു. ദരിദ്രയായ ഒരു സഹോദരി എനിക്ക് മാലക്കൈറ്റുകൊണ്ടുള്ള ഒരു ആഭരണം നൽകി. മറ്റുചിലർ അവരുടെ ഫോട്ടോകൾ ഞങ്ങൾക്കു തന്നു. ഞങ്ങൾ അവിടുന്നു പോരാൻ തുടങ്ങിയപ്പോൾ സഹോദരിമാർ എന്നെ ചുംബിക്കുകയും കെട്ടിപ്പിടിച്ച് കരയുകയും ചെയ്തു. ഞാനും കരഞ്ഞു. ‘യഹോവ നല്ലവനാണ്, യഹോവയ്ക്കു ഞങ്ങളെക്കുറിച്ച് ചിന്തയുണ്ട്,’ തുടങ്ങിയ അഭിപ്രായപ്രകടനങ്ങൾ മിക്കവരും നടത്തി. സംഭാവനകളുടെ ബഹുമതി ദൈവത്തിനുള്ളതാണെന്ന് അവർ തിരിച്ചറിഞ്ഞു. ഞങ്ങൾ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്നപ്പോൾ, സഹോദരീസഹോദരന്മാർ രാജ്യഗീതങ്ങൾ പാടി യഹോവയെ സ്തുതിച്ചു. അത് തികച്ചും ഹൃദയസ്പൃക്കായിരുന്നു.”
ഡോക്ടറായ ലോയിക്ക് ആ സംഘത്തിലെ ഒരംഗമായിരുന്നു. അദ്ദേഹത്തിന്റെ സഹായം തേടാനായി അനേകർ രാജ്യഹാളിൽ തടിച്ചുകൂടി തങ്ങളുടെ ഊഴത്തിനായി ക്ഷമാപൂർവം കാത്തുനിന്നു. അവർക്കായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം നിമിത്തം ഒരു കോംഗോ സഹോദരി ഏകദേശം 40 ഡോനട്ടുകൾ ഉണ്ടാക്കി ഡോക്ടറെ കാണാൻ കാത്തുനിന്നവർക്കു വിതരണം ചെയ്തു. ഏകദേശം 80 പേരുണ്ടായിരുന്നതിനാൽ, ഓരോരുത്തർക്കും ഒരു ഡോനട്ടിന്റെ പകുതിവീതം ലഭിച്ചു.
സാക്ഷികളല്ലാത്തവർക്കു സഹായം
മനുഷ്യത്വപരമായ ഈ സഹായം യഹോവയുടെ സാക്ഷികൾക്കു മാത്രമല്ല നൽകിയത്. 1994-ലെ പോലെതന്നെ മറ്റുള്ളവരും പ്രയോജനമനുഭവിച്ചു. ഇത് പിൻവരുന്ന പ്രകാരം പറയുന്ന ഗലാത്യർ 6:10-ന് ചേർച്ചയിലാണ്: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്ക.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)
ഗോമയ്ക്കടുത്തുള്ള പല പ്രൈമറി സ്കൂളുകൾക്കും ഒരു അനാഥമന്ദിരത്തിനും സാക്ഷികൾ മരുന്നും വസ്ത്രവും വിതരണം ചെയ്തു. 85 കുട്ടികൾ ആ അനാഥമന്ദിരത്തിൽ താമസിച്ചിരുന്നു. സാഹചര്യം വിലയിരുത്താൻ വേണ്ടി നേരത്തേ നടത്തിയ ഒരു യാത്രയിൽ ആ അനാഥമന്ദിരം സന്ദർശിച്ച ദുരിതാശ്വാസ സംഘം, ഉയർന്ന അളവിൽ മാംസ്യം അടങ്ങിയ 50 പെട്ടി ബിസ്കറ്റുകൾ, പല പെട്ടികൾ നിറയെ വസ്ത്രങ്ങൾ, 100 കരിമ്പടങ്ങൾ, മരുന്ന്, കളിപ്പാട്ടങ്ങൾ എന്നിവ നൽകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. കുട്ടികൾ മുറ്റത്ത് നിരനിരയായി നിന്ന് സന്ദർശകർക്കുവേണ്ടി ഗാനമാലപിച്ചു. തുടർന്ന് അവർ ഒരു പ്രത്യേക അഭ്യർഥന നടത്തി—ഫുട്ബോൾ കളിക്കാനായി തങ്ങൾക്ക് ഒരു ബോൾ തരാമോയെന്ന്.
ദുരിതാശ്വാസ സംഘം, സാധനങ്ങൾ കൊണ്ടുവരാമെന്ന തങ്ങളുടെ വാഗ്ദാനം ഏതാനും ആഴ്ചകൾ കഴിഞ്ഞ് നിറവേറ്റി. സാക്ഷികളുടെ ഔദാര്യമനസ്കതയിലും അവർ തന്ന ബൈബിൾ സാഹിത്യത്തിൽ വായിക്കാൻ കഴിഞ്ഞ വിവരങ്ങളിലും മതിപ്പുതോന്നിയ അനാഥമന്ദിര ഡയറക്ടർ താൻ യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീരാനുള്ള പാതയിലാണെന്ന് പറഞ്ഞു. കുട്ടികൾക്ക് ഒരു ഫുട്ബോൾ കൊടുത്തോ? “ഇല്ല,” ഫ്രാൻസിൽനിന്നുള്ള ദുരിതാശ്വാസ സംഘത്തിന്റെ കോ-ഓർഡിനേറ്ററായ ക്ലോഡ് മറുപടി നൽകി. “ഞങ്ങൾ അവർക്ക് രണ്ട് ഫുട്ബോളുകൾ കൊടുത്തു.”
അഭയാർഥി ക്യാമ്പുകൾ
സഹായം കോംഗോയ്ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല. യുദ്ധമേഖലയിൽനിന്ന് ആയിരക്കണക്കിന് അഭയാർഥികൾ അടുത്തുള്ള ഒരു രാജ്യത്തേക്ക് പലായനം ചെയ്തിരുന്നു. അവിടെ മൂന്ന് അഭയാർഥി ക്യാമ്പുകൾ സത്വരം നിർമിച്ചു. എന്തുചെയ്യാനാകുമെന്നു മനസ്സിലാക്കാൻവേണ്ടി സാക്ഷികൾ അവിടെയും പോയി. ഈ റിപ്പോർട്ട് തയ്യാറാക്കിയപ്പോഴേക്കും, ആ ക്യാമ്പ് 2,11,000 പേർക്ക് അഭയം നൽകി. അവരിൽ ഭൂരിഭാഗവും കോംഗോയിൽനിന്നുള്ളവരായിരുന്നു. സാക്ഷികളും അവരുടെ കുട്ടികളും രാജ്യസുവാർത്തയിൽ താത്പര്യമുള്ളരുമായി ഏകദേശം 800 പേരുണ്ടായിരുന്നു. ക്യാമ്പിലെ അടിയന്തിര പ്രശ്നം ഭക്ഷ്യദൗർലഭ്യമായിരുന്നു. ഒരു ക്യാമ്പിൽ, മൂന്നു ദിവസത്തേക്കുവേണ്ട ആഹാരമേ ഉണ്ടായിരുന്നുള്ളൂ, അതിൽ മൂന്നു വർഷം പഴക്കമുള്ള പയറുമുണ്ടായിരുന്നു.
എന്നുവരികിലും, സാക്ഷികൾ നല്ല ഉത്സാഹമുള്ളവരായിരുന്നു. അവർക്കു വളരെക്കുറച്ച് ബൈബിൾ സാഹിത്യങ്ങളേ ഉണ്ടായിരുന്നുള്ളുവെങ്കിലും തങ്ങളെത്തന്നെ ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്നതിന് അവർ വെളിമ്പ്രദേശത്ത് ക്രമമായി യോഗങ്ങൾ നടത്തിയിരുന്നു. ക്യാമ്പിലുള്ള മറ്റുള്ളവരോടു ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിലും അവർ തിരക്കുള്ളവരായിരുന്നു.—മത്തായി 24:14; എബ്രായർ 10:24, 25.
സാക്ഷികളുടെ വിലയിരുത്തൽ സംഘത്തിൽ ഒരു ഡോക്ടറുമുണ്ടായിരുന്നു. ഓരോ ക്യാമ്പിലും ഏതാനും ദിവസംമാത്രം ചെലവഴിക്കാനേ അധികാരികൾ അവരെ അനുവദിച്ചുള്ളുവെങ്കിലും അവർ വൈദ്യോപദേശം നൽകി. ക്രിസ്തീയ മൂപ്പന്മാരുടെ പക്കൽ അവർ മരുന്നും പണവും കൊടുത്തിട്ടുപോയി. അങ്ങനെ, സഹോദരന്മാർക്ക് അതിജീവിക്കാൻ കഴിഞ്ഞു. ക്യാമ്പിലുള്ള സാക്ഷികൾക്കു പെട്ടെന്നുതന്നെ മാതൃരാജ്യത്തേക്കു മടങ്ങാനാകുമെന്ന് അവർ പ്രത്യാശിച്ചു.
ഭാവിയെ സംബന്ധിച്ചെന്ത്? യുദ്ധങ്ങളാലും ഭക്ഷ്യദൗർലഭ്യത്താലും അടയാളപ്പെടുത്തപ്പെട്ട, കലാപകലുഷിതമായ നാളുകളായിരിക്കും നമ്മുടേതെന്ന് യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:7) ഇന്നു ഭൂമിയിൽ നിലവിലുള്ള ദുരിതം അവസാനിപ്പിക്കാൻ ദൈവരാജ്യത്തിനു മാത്രമേ കഴിയുകയുള്ളുവെന്ന് യഹോവയുടെ സാക്ഷികൾക്കറിയാം. അതിന്റെ ഭരണത്തിൻ കീഴിൽ നമ്മുടെ ഭൗമികഭവനം സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു പറുദീസയായിത്തീരും. അനുസരണമുള്ള മനുഷ്യവർഗം അതിൽ നിത്യസന്തുഷ്ടി അനുഭവിക്കും. (സങ്കീർത്തനം 72:1, 3, 16) അതിനിടെ, സാക്ഷികൾ ആ സ്വർഗീയ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം സഹാരാധകരെയും മറ്റുള്ളവരെയും സഹായിക്കുന്നതിൽ തുടരുകയും ചെയ്യും.
[4-ാം പേജിലെ ആകർഷകവാക്യം]
1994-മുതൽ, യൂറോപ്പിലെ യഹോവയുടെ സാക്ഷികൾ മാത്രമായി ആഹാരം, വസ്ത്രം, മരുന്ന് എന്നിവ ഉൾപ്പെടെ 190 ടൺ ദുരിതാശ്വാസ സാധനങ്ങൾ ആഫ്രിക്കയിലെ ഗ്രേറ്റ് ലെയ്ക്സ് പ്രദേശത്തേക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
[6-ാം പേജിലെ ചതുരം]
ക്രിസ്തീയ സ്നേഹം പ്രാവർത്തികമാക്കുന്നു
ഫ്രാൻസിലെ “സയറിനെ സഹായിക്കുക” എന്ന പദ്ധതിയിൽ ഉത്സാഹപൂർവം പങ്കെടുത്തവരിൽ ഒരുവളായിരുന്നു റ്യൂട്ട് ഡാനെ. ഒരു കുട്ടിയായിരിക്കെ, ക്രിസ്തീയ വിശ്വാസം നിമിത്തം അവർ നാസി തടങ്കൽ പാളയങ്ങളിൽ അടയ്ക്കപ്പെട്ടു. അവർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആഫ്രിക്കയിലെ നമ്മുടെ സഹോദരീസഹോദരന്മാർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് വളരെ സന്തോഷമായിരുന്നു! എന്നാൽ എന്നെ ഇരട്ടി സന്തുഷ്ടയാക്കിയ ഒരു സംഗതിയുണ്ടായിരുന്നു. 1945-ൽ ഞങ്ങൾ ജർമനിയിൽനിന്ന് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ യാതൊന്നും ഞങ്ങളുടെ കൈവശമുണ്ടായിരുന്നില്ല. ഞങ്ങൾ ധരിച്ചിരുന്ന വസ്ത്രംപോലും കടം വാങ്ങിയതായിരുന്നു. എന്നാൽ, അമേരിക്കയിലെ ആത്മീയ സഹോദരന്മാരിൽനിന്ന് ഞങ്ങൾക്കു പെട്ടെന്നുതന്നെ ഭൗതിക സഹായം ലഭിച്ചു. അതുകൊണ്ട്, ദീർഘനാൾമുമ്പ് ഞങ്ങളോടു കാണിച്ച ആ ദയയ്ക്കു പ്രത്യുപകാരം ചെയ്യാൻ ഈ ദുരിതാശ്വാസ ഉദ്യമം എനിക്ക് അവസരമേകി. ക്രിസ്തീയ സ്നേഹം പ്രാവർത്തികമാക്കുന്ന സഹോദരങ്ങളുടെ അത്തരമൊരു വലിയ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നത് എന്തൊരു പദവിയാണ്!”—യോഹന്നാൻ 13:34, 35.
[7-ാം പേജിലെ ചിത്രം]
പെട്ടെന്ന്—സകലർക്കും സമൃദ്ധിയേകുന്ന ഒരു ഭൗമിക പറുദീസ