റുവാണ്ടയിലെ ദുരന്തത്തിന്റെ—ഇരകൾക്കു വേണ്ടി കരുതൽ
ആഫ്രിക്കയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന റുവാണ്ടയെ “ആഫ്രിക്കയിലെ സ്വിററ്സർലൻഡ്” എന്നാണു വിളിച്ചിട്ടുള്ളത്. ആ രാജ്യത്തിനു മുകളിലൂടെ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ആളുകൾ കാണുന്ന നിബിഡമായ ഹരിതസസ്യങ്ങൾ ഒരു ഏദെൻ തോട്ടത്തിന്റെ തോന്നലാണ് അവരിലുളവാക്കിയിട്ടുള്ളത്. അവർ റുവാണ്ടയെ ഒരു പറുദീസ എന്നു വർണിച്ചിരുന്നതിൽ അതിശയിക്കാനില്ല.
ഒരു കാലത്ത്, വെട്ടിയിടപ്പെടുന്ന ഓരോ മരത്തിനും പകരം രണ്ടു മരങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. പുനവനവത്കരണത്തിനു വേണ്ടി വർഷത്തിൽ ഒരു ദിവസം സമർപ്പിക്കപ്പെട്ടിരുന്നു. ഫലവൃക്ഷങ്ങൾ പാതയോരങ്ങളിൽ നട്ടുപിടിപ്പിച്ചിരുന്നു. രാജ്യത്തെമ്പാടും അനായാസം സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയുമായിരുന്നു. പല ജില്ലകളെ തലസ്ഥാനനഗരിയായ കിഗാളിയുമായി ബന്ധിപ്പിച്ചിരുന്ന പാതകൾ ടാറിട്ടവയായിരുന്നു. തലസ്ഥാനനഗരി സത്വരം വളർന്നുകൊണ്ടിരുന്നു. ഒരു ശരാശരി തൊഴിലാളി അഹോവൃത്തിക്കുള്ള വക മാസാവസാനത്തോടെ സമ്പാദിച്ചിരുന്നു.
യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ പ്രവർത്തനവും റുവാണ്ടയിൽ അഭിവൃദ്ധിപ്പെട്ടുവരികയായിരുന്നു. ഈ വർഷാരംഭത്തിൽ, കൂടുതലും കത്തോലിക്കരായ ഈ രാജ്യത്തെ 80 ലക്ഷം ജനങ്ങളുടെ പക്കൽ ദൈവരാജ്യസുവാർത്ത എത്തിക്കുന്ന വേലയിൽ 2,600-ലധികം സാക്ഷികൾ ഏർപ്പെട്ടിരുന്നു. (മത്തായി 24:14) മാർച്ചിൽ സാക്ഷികൾ ആളുകളുടെ വീടുകളിൽ 10,000-ത്തിലധികം ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു. കിഗാളിയിലും പരിസരത്തുമായി 15 സഭകൾ ഉണ്ടായിരുന്നു.
യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “1992 നവംബറിൽ 18 സഭകളിലാണു ഞാൻ സേവിച്ചുകൊണ്ടിരുന്നത്. എന്നാൽ 1994 മാർച്ച് ആയതോടെ ഇവ 27 ആയി വർധിച്ചിരുന്നു. പയനിയർമാരുടെ (മുഴുസമയ ശുശ്രൂഷകർ) എണ്ണവും ഓരോ വർഷവും വർധിച്ചുകൊണ്ടിരുന്നു.” 1994 മാർച്ച് 26 ശനിയാഴ്ച ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിന് 9,834 പേർ ഹാജരുണ്ടായിരുന്നു.
പെട്ടെന്ന് റുവാണ്ടയിലെ സ്ഥിതിഗതിയാകെ നാടകീയമായി മാററിമറിക്കപ്പെട്ടു.a
ഉണ്ടായിരുന്ന സ്വസ്ഥതയ്ക്കു പെട്ടെന്നൊരന്ത്യം
1994 ഏപ്രിൽ 6 രാത്രി 8:00 മണിയോടെ റുവാണ്ടയിലെയും ബുറൂണ്ടിയിലെയും പ്രസിഡൻറുമാർ കിഗാളിയിൽവെച്ച് ഒരു വിമാനാപകടത്തിൽ മരണമടഞ്ഞു. അവർ രണ്ടുപേരും ഹൂട്ടൂ വർഗക്കാർ ആയിരുന്നു. ആ രാത്രി തലസ്ഥാനത്തെല്ലായിടത്തും പൊലീസിന്റെ വിസിലടി കേൾക്കാമായിരുന്നു, റോഡുഗതാഗതം സ്തംഭിച്ചു. നേരം പരുപരാ വെളുത്തുതുടങ്ങിയ സമയത്ത് വാക്കത്തികളേന്തിയ പട്ടാളക്കാരും മററാളുകളും ടൂട്സി വംശജരെ കൊലചെയ്യാൻ തുടങ്ങി. കിഗാളിയിലെ യഹോവയുടെ സാക്ഷികളുടെ നഗരമേൽവിചാരകനായ ഇൻടാബ്നേനാ ഇഷാനും ഭാര്യയും പുത്രനും പുത്രിയും ആദ്യം കൊലചെയ്യപ്പെട്ടവരിൽ പെടുന്നു.
ടൂട്സികളായ അനേകം അയൽക്കാരുമൊത്തു യഹോവയുടെ സാക്ഷികളുടെ ഒരു യൂറോപ്യൻ കുടുംബം ബൈബിൾ പഠിച്ചിരുന്നു. ഭ്രാന്തുപിടിച്ച ഘാതകർ വീടുതോറും പാഞ്ഞുകയറിയപ്പോൾ ആ അയൽക്കാരിൽ ഒമ്പതുപേർ ആ യൂറോപ്യൻമാരുടെ ഭവനത്തിൽ അഭയം തേടി. ഏതാനും മിനിററുകൾക്കുള്ളിൽ 40-ഓളം കൊള്ളക്കാർ ആ വീട്ടിലെത്തി, അവർ സാധനങ്ങൾ തകർക്കുകയും ഫർണീച്ചറുകൾ തകിടംമറിക്കുകയും ചെയ്തു. ദുഃഖകരമെന്നു പറയട്ടെ, ആ ടൂട്സി അയൽക്കാർ കൊല്ലപ്പെട്ടു. എന്നിരുന്നാലും, മററുള്ളവർ തങ്ങളുടെ സ്നേഹിതരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തങ്ങളുടെ ജീവനുംകൊണ്ടു രക്ഷപെടാൻ അനുവദിക്കപ്പെട്ടു.
കൂട്ടക്കശാപ്പ് ആഴ്ചകളോളം നീണ്ടുനിന്നു. മൊത്തം 5,00,000-മോ അതിലധികമോ റുവാണ്ടക്കാർ അരുങ്കൊല ചെയ്യപ്പെട്ടുവെന്നു കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിനാളുകൾ തങ്ങളുടെ ജീവനും കൊണ്ടോടി, പ്രത്യേകിച്ചു ടൂട്സികൾ. യഹോവയുടെ സാക്ഷികളുടെ സയറിലെ ബ്രാഞ്ച് ഓഫീസ് അവർക്കാവശ്യമുള്ള ദുരിതാശ്വാസ വിഭവങ്ങൾ സംബന്ധിച്ച് ഫ്രാൻസിലെ സഹോദരങ്ങളെ അറിയിച്ചു. “ഉപയോഗിച്ച ഒരു പെട്ടി വസ്ത്രങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ ചോദിച്ചത്,” സയർ ബ്രാഞ്ച് വിശദീകരിക്കുന്നു. “ഏറെയും പുതിയ വസ്ത്രങ്ങളും ഷൂസുകളും അടങ്ങുന്ന അഞ്ചു പെട്ടികളാണ് ഫ്രാൻസിലെ സഹോദരങ്ങൾ ഞങ്ങൾക്ക് അയച്ചുതന്നത്.” ജൂൺ 11-ന് ഈ 65 ടൺ വസ്ത്രങ്ങൾ അയയ്ക്കുകയുണ്ടായി. കെനിയ ബ്രാഞ്ചും സഹോദരങ്ങൾക്കു വസ്ത്രങ്ങളും മരുന്നും അയച്ചുകൊടുത്തു, കൂടാതെ അവരുടെ പ്രാദേശിക ഭാഷയിലുള്ള വീക്ഷാഗോപുരം മാസികകളും.
ജൂലൈ ആയപ്പോഴേക്കും റുവാണ്ടൻ പേട്രിയോട്ടിക് ഫ്രണ്ട് എന്നു വിളിക്കപ്പെടുന്ന ടൂട്സി നിയന്ത്രണത്തിലുള്ള സേനകൾ ഹൂട്ടൂ നിയന്ത്രണത്തിലുള്ള ഗവൺമെൻറ് സേനകളെ തോൽപ്പിച്ചിരുന്നു. അതിനുശേഷം ലക്ഷക്കണക്കിനു ഹൂട്ടൂ വംശജർ രാജ്യം വിട്ടോടാൻ തുടങ്ങി. 20 ലക്ഷമോ അതിൽക്കൂടുതലോ വരുന്ന റുവാണ്ടക്കാർ അയൽരാജ്യങ്ങളിൽ ക്ഷണനേരംകൊണ്ടുണ്ടാക്കിയ ക്യാമ്പുകളിൽ അഭയം തേടിയതിന്റെ ഫലമായി താറുമാറായ അവസ്ഥ സംജാതമായി.
അവർ അന്യോന്യം സഹായിക്കാൻ ശ്രമിച്ചു
യഹോവയുടെ സാക്ഷികളുടെ കിഗാളിയിലെ പരിഭാഷാ ഓഫീസിൽ പ്രവർത്തിച്ചിരുന്ന രണ്ടുപേർ ടൂട്സികൾ ആയിരുന്നു—ആനാനി മ്ബാണ്ഡായും മൂകാഗീസാഗരാ ഡെനീസും. അവരെ സംരക്ഷിക്കാനുള്ള ഹൂട്ടൂ സഹോദരങ്ങളുടെ ശ്രമങ്ങൾ ഏതാനും ആഴ്ചകളോളം വിജയപ്രദമായിരുന്നു. എന്നിരുന്നാലും 1994 മേയ് അവസാനമായപ്പോഴേക്കും ഈ രണ്ടു ടൂട്സി സാക്ഷികളും വധിക്കപ്പെട്ടു.
സ്വന്തം ജീവൻ അപകടത്തിലായിരുന്നിട്ടും അതു ബലി ചെയ്യേണ്ടിവന്നിട്ടുപോലും യഹോവയുടെ സാക്ഷികൾ മറെറാരു വംശീയ പശ്ചാത്തലത്തിൽപ്പെട്ട തങ്ങളുടെ സഹ ക്രിസ്ത്യാനികളെ സംരക്ഷിക്കാൻ ശ്രമിച്ചു. (യോഹന്നാൻ 13:34, 35; 15:13) ഉദാഹരണത്തിന്, മൂക്കാബാലെസാ ചാൻറാൽ ഒരു ടൂട്സിയാണ്. റുവാണ്ടൻ പേട്രിയോട്ടിക് ഫ്രണ്ടിലെ അംഗങ്ങൾ അവൾ താമസിച്ചിരുന്ന സ്റേറഡിയത്തിൽ ഹൂട്ടൂ വർഗക്കാർക്കു വേണ്ടി അന്വേഷണം നടത്തിയപ്പോൾ തന്റെ ഹൂട്ടൂ സ്നേഹിതർക്കു വേണ്ടി അവൾ ഇടപെട്ടു. അവളുടെ ശ്രമങ്ങൾ അവരെ അലോസരപ്പെടുത്തിയെങ്കിലും ഒരാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “യഹോവയുടെ സാക്ഷികളായ നിങ്ങളുടെ സാഹോദര്യം ഗംഭീരം തന്നെ. ഉള്ളതിൽവെച്ച് ഏററവും നല്ലത് നിങ്ങളുടെ മതമാണ്!”
വംശീയ വിദ്വേഷത്തിൽനിന്നു വേറിട്ടുനിൽക്കൽ
ആഫ്രിക്കയിലെ ഈ പ്രദേശത്ത് നൂറുകണക്കിനു വർഷങ്ങളായി നിലനിന്നുപോന്നിട്ടുള്ള വംശീയ വിദ്വേഷത്തിൽനിന്നു യഹോവയുടെ സാക്ഷികൾ പൂർണമായും സ്വതന്ത്രരാണ് എന്നു പറയുവാനല്ല അത്. ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന ഫ്രാൻസിൽനിന്നുള്ള ഒരു സാക്ഷി ഇപ്രകാരം അഭിപ്രായപ്പെട്ടു: “വാക്കുകൾക്കു വർണിക്കാൻ കഴിയാത്ത കൂട്ടക്കുരുതികൾക്കു കാരണമായിട്ടുള്ള വിദ്വേഷം തങ്ങളെ സ്വാധീനിക്കാതിരിക്കാൻ നമ്മുടെ ക്രിസ്തീയ സഹോദരങ്ങൾ പോലും വലിയ ശ്രമം നടത്തേണ്ടതുണ്ട്.
“കൺമുമ്പിൽവെച്ച് തങ്ങളുടെ കുടുംബാംഗങ്ങൾ കൊലചെയ്യപ്പെട്ടതു കണ്ട സഹോദരങ്ങളെ ഞങ്ങൾ കണ്ടു. ഉദാഹരണത്തിന്, ഒരു ക്രിസ്തീയ സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ, അപ്പോൾ അവളുടെ ഭർത്താവ് വധിക്കപ്പെട്ടു. ചില സാക്ഷികൾ തങ്ങളുടെ കുട്ടികളും മാതാപിതാക്കളും വധിക്കപ്പെടുന്നതു കാണേണ്ടിവന്നു. ഇപ്പോൾ ഉഗാണ്ടയിലുള്ള ഒരു സഹോദരി അവളുടെ മുഴു കുടുംബവും കൂട്ടക്കശാപ്പിനിരയാകുന്നതു കണ്ടു, ഭർത്താവ് ഉൾപ്പെടെ. യഹോവയുടെ സാക്ഷികളുടെ ഓരോ കുടുംബത്തെയും ആഴത്തിൽ സ്പർശിച്ചിരിക്കുന്ന വൈകാരികവും ശാരീരികവുമായ ദുരിതത്തെ ഇത് എടുത്തുകാട്ടുന്നു.”
വംശീയ അക്രമത്തിൽ ഏതാണ്ട് 400 സാക്ഷികൾ കൊല്ലപ്പെട്ടു. എന്നാൽ ഇവരിലാരും കൊല്ലപ്പെട്ടതു സഹസാക്ഷികളുടെ കരങ്ങളാലല്ല. എന്നാൽ റോമൻ കത്തോലിക്കാ സഭയിലെയും പ്രൊട്ടസ്ററൻറ് സഭകളിലെയും ടൂട്സി, ഹൂട്ടൂ അംഗങ്ങൾ ആയിരങ്ങളെ കശാപ്പുചെയ്തു. പരക്കെ അറിയാവുന്നതുപോലെ, യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി യാതൊരു തരത്തിലുള്ള യുദ്ധങ്ങളിലോ വിപ്ലവങ്ങളിലോ ലോകത്തിലെ അത്തരം മററു പോരാട്ടങ്ങളിലോ പങ്കെടുക്കുന്നില്ല.—യോഹന്നാൻ 17:14, 16; 18:36; വെളിപ്പാടു 12:9.
പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ള ദുരിതം
ഈ കഴിഞ്ഞ വേനൽക്കാലത്തു മിക്കവാറും അവിശ്വസനീയമായ മാനുഷിക ദുരിതത്തിന്റെ ചിത്രങ്ങൾ ലോകത്തിനു ചുററുമുള്ള ആളുകൾ കാണുകയുണ്ടായി. റുവാണ്ടയിലെ ലക്ഷക്കണക്കിന് അഭയാർഥികൾ അയൽരാജ്യങ്ങളിലേക്ക് ഒഴുകിയെത്തുന്നതു കാണാൻ കഴിയുമായിരുന്നു, അവർ അവിടെ തികച്ചും ശോചനീയമായ അവസ്ഥകളിലാണു കഴിഞ്ഞുകൂടിയത്. ഫ്രാൻസിൽനിന്നുള്ള ഒരു ദുരിതാശ്വാസ സംഘത്തിൽ പ്രവർത്തിച്ചിരുന്ന യഹോവയുടെ സാക്ഷികളിലൊരാൾ തന്റെ പ്രതിനിധിസംഘം ജൂലൈ 30-ന് കണ്ട സാഹചര്യം പിൻവരുന്നപ്രകാരം വർണിക്കുകയുണ്ടായി.
“തികച്ചും ഭീതിപ്പെടുത്തുന്ന രംഗങ്ങളാണു ഞങ്ങൾ കണ്ടത്. റോഡിൽ കിലോമീറററുകളോളം ശവശരീരങ്ങൾ നിരനിരയായി കിടന്നിരുന്നു. പൊതുശവക്കുഴികളിൽ ആയിരക്കണക്കിനു മൃതദേഹങ്ങളിട്ടു മൂടി. ഇരച്ചുമറിയുന്ന ജനത്തിന്റെ ഇടയിലൂടെ ഞങ്ങൾ കടന്നുപോയപ്പോൾ ഉണ്ടായിരുന്ന ദുർഗന്ധം അസഹനീയമായിരുന്നു, മൃതദേഹങ്ങൾക്കരികെ കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. മരിച്ചുപോയ മാതാപിതാക്കളുടെ ശവത്തിൽ കുട്ടികൾ ജീവനോടെ അള്ളിപ്പിടിച്ചു കിടപ്പുണ്ടായിരുന്നു. ആവർത്തിച്ചാവർത്തിച്ചു കാണപ്പെട്ട അത്തരം രംഗങ്ങൾ മനസ്സിൽ മായാത്ത ചിത്രം അവശേഷിപ്പിക്കുന്നു. ഇതു കണ്ട് ആരും തികച്ചും നിസ്സഹായനായിപ്പോകും, അവിടത്തെ ഭീതിയും ശൂന്യതയും ആരുടെയും മനസ്സിനെ പിടിച്ചുകുലുക്കാൻ പോന്നതാണ്.”
ജൂലൈ മധ്യത്തോടെ പതിനായിരക്കണക്കിന് അഭയാർഥികൾ സയറിലേക്കു പ്രവഹിച്ചപ്പോൾ സയറിലെ സാക്ഷികൾ അതിർത്തിയിലേക്കു ചെന്ന് തങ്ങളെ തങ്ങളുടെ ക്രിസ്തീയ സഹോദരൻമാർക്കും താത്പര്യക്കാർക്കും തിരിച്ചറിയാൻ വേണ്ടി തങ്ങളുടെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ പൊക്കിപ്പിടിച്ചു. റുവാണ്ടയിൽനിന്നുള്ള അഭയാർഥികളായ സാക്ഷികളെ ഒന്നിച്ചുകൂട്ടി അടുത്തുള്ള ഗോമയിലെ രാജ്യഹാളിൽ കൊണ്ടാക്കി. അവിടെ അവർക്കു ശുശ്രൂഷ നൽകപ്പെട്ടു. ചികിത്സാസംബന്ധമായ അനുഭവപരിചയമുണ്ടായിരുന്ന സാക്ഷികൾ രോഗികളുടെ ദുരിതം കുറയ്ക്കാൻ കഠിനാധ്വാനം ചെയ്തു, അവരിതു ചെയ്തത് വേണ്ടത്ര മരുന്നുകളോ നല്ല സൗകര്യങ്ങളോ ഇല്ലാതിരിക്കെയാണ്.
കഷ്ടപ്പാടു കണ്ട് സത്വരം പ്രതികരിക്കുന്നു
ജൂലൈ 22-ാം തീയതി വെള്ളിയാഴ്ച ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾക്ക് ആഫ്രിക്കയിൽനിന്നു ഫാക്സ്വഴി ഒരു അടിയന്തിര സഹായാഭ്യർഥന (SOS) ലഭിച്ചു. റുവാണ്ട വിട്ടോടുന്ന അവരുടെ ക്രിസ്തീയ സഹോദരങ്ങളുടെ പരിതാപകരമായ അവസ്ഥ അതു വർണിച്ചു. അറിയിപ്പു ലഭിച്ച് അഞ്ചോ പത്തോ മിനിററുകൾക്കുള്ളിൽ ദുരിതാശ്വാസ സാധനങ്ങൾ ഒരു ചരക്കുവിമാനത്തിൽ നിറയ്ക്കാൻ സഹോദരൻമാർ തീരുമാനമെടുത്തു. അതു തീവ്രമായ തയ്യാറെടുപ്പിന്റെ ഒരാഴ്ചയിലേക്കു നയിച്ചു. ചുരുങ്ങിയ ഒരു സമയത്തിനുള്ളിൽ അത്രയ്ക്കും വലിയൊരു ദുരിതാശ്വാസവിഹിതം സംഘടിപ്പിക്കുന്നതിൽ അവർ തികച്ചും അനുഭവപരിചയം ഇല്ലാത്തവരായിരുന്നു എന്ന കാര്യം കണക്കിലെടുക്കുമ്പോൾ ഈ തയ്യാറെടുപ്പു തികച്ചും ശ്രദ്ധേയമായിരുന്നു.
ദുരിതാശ്വാസഫണ്ടിന്റെ ശേഖരണത്തിനു വമ്പിച്ച പ്രതികരണമാണു ലഭിച്ചത്. ബെൽജിയത്തിലും ഫ്രാൻസിലും സ്വിററ്സർലൻഡിലും ഉള്ള സാക്ഷികൾ തന്നെ 16,00,000 ഡോളറിലധികം സംഭാവന നൽകി. ഭക്ഷണം, മരുന്ന്, അതിജീവനോപാധികൾ തുടങ്ങിയ ദുരിതാശ്വാസ സാധനസാമഗ്രികൾ സമാഹരിച്ച് ഫ്രാൻസിലെ ലൂവിയയിലും ബെൽജിയത്തിലെ ബ്രസ്സൽസിലും ഉള്ള യഹോവയുടെ സാക്ഷികളുടെ കേന്ദ്രങ്ങളിൽവെച്ച് പെട്ടിയിലാക്കി ലേബലൊട്ടിച്ചു. ഈ സാധനങ്ങൾ പായ്ക്കു ചെയ്ത് ബെൽജിയത്തിലുള്ള ഓസ്റെറൻഡിലേക്ക് അയയ്ക്കുന്നതിനു വേണ്ടി സാക്ഷികൾ അഹോരാത്രം പണിയെടുത്തു. അവിടെ വിമാനത്താവളത്തിൽ ജൂലൈ 27-ാം തീയതി ബുധനാഴ്ച 35 ടണ്ണിലധികം സാധനങ്ങൾ ഒരു ചരക്കുവിമാനത്തിൽ കയററിയയച്ചു. മുഖ്യമായും ചികിത്സോപാധികൾ അടങ്ങിയ മറെറാരു ചെറിയ വിഹിതവും അടുത്ത ദിവസം അയയ്ക്കുകയുണ്ടായി. പീഡിതർക്കു വേണ്ടി രണ്ടു ദിവസം കഴിഞ്ഞ് ശനിയാഴ്ച മറെറാരു വിമാനത്തിൽ കൂടുതൽ ചികിത്സോപാധികൾ കയററി അയച്ചു.
ഒരു ഡോക്ടർ ഉൾപ്പെടെ ഫ്രാൻസിൽനിന്നുള്ള സാക്ഷികൾ ഗോമയിലേക്കു പോയി, ചരക്കുകൾ നിറച്ച വിമാനം എത്തുന്നതിനു മുമ്പുതന്നെ. ജൂലൈ 25-ാം തീയതി തിങ്കളാഴ്ച ഡോ. ഹെൻട്രി ടാലെററ് ഗോമയിൽ എത്തിച്ചേർന്നപ്പോൾ 20-ഓളം സാക്ഷികൾ കോളറ നിമിത്തം മരണമടഞ്ഞിരുന്നു, മററുള്ളവർ ദിവസവും മരിച്ചുകൊണ്ടിരിക്കയായിരുന്നു. ഏതാണ്ട് 250 കിലോമീററർ അകലെയുള്ള ബുറൂണ്ടിയിലെ ബുജമ്പുറവഴി സാധനങ്ങൾ എത്തിക്കേണ്ടിയിരുന്നതു നിമിത്തം അത് ജൂലൈ 29-ാം തീയതി വെള്ളിയാഴ്ച രാവിലെ മാത്രമാണു നിർദിഷ്ട സ്ഥാനത്ത് എത്തിച്ചേർന്നത്.
രോഗത്തെ കൈകാര്യം ചെയ്യൽ
അതിനിടയിൽ ഗോമയിലെ രാജ്യഹാൾ സ്ഥിതിചെയ്തിരുന്ന ഒരു തുണ്ടുഭൂമിയിൽ 1,600 സാക്ഷികളും അവരുടെ സ്നേഹിതരും തടിച്ചുകൂടിയിരുന്നു. ഈ ആളുകൾക്കെല്ലാം വേണ്ടി ഒരു കക്കൂസ് മാത്രമാണുണ്ടായിരുന്നത്, വെള്ളമില്ലായിരുന്നു, ആഹാരമാണെങ്കിൽ വളരെ കുറവും. കോളറ പിടിപെട്ട ഡസ്സൻകണക്കിന് ആളുകൾ രാജ്യഹാളിൽ തിങ്ങിക്കൂടി. മരണസംഖ്യ ഉയർന്നുകൊണ്ടിരുന്നു.
കോളറ ഒരു വ്യക്തിയെ പൂർണമായും നിർജലീകരിക്കുന്നു. കണ്ണുകൾ വെള്ളമയമററ് മുകളിലേക്ക് ഉരുണ്ടുകയറുന്നു. തക്കസമയത്തുതന്നെ പുനർജലീകരണ ചികിത്സ ആരംഭിച്ചാൽ രോഗി രണ്ടു ദിവസംകൊണ്ടു സുഖം പ്രാപിക്കും. അതുകൊണ്ട് ലഭ്യമായിരുന്ന കുറച്ചു മരുന്നുപയോഗിച്ചു സഹോദരങ്ങളെ പുനർജലീകരിക്കാനുള്ള ശ്രമങ്ങൾ സത്വരം ചെയ്തു.
കൂടാതെ, മററുള്ളവരിലേക്കു രോഗം പകരാതിരിക്കാൻ രോഗികളെ മാററിപ്പാർപ്പിക്കുന്നതിനു സഹോദരങ്ങൾ ശ്രമിച്ചു. ഗോമയിലെ ഭയങ്കരമായ അവസ്ഥകളിൽനിന്നു അഭയാർഥികളെ മാററിപ്പാർപ്പിക്കാൻ അവർ ശ്രമിച്ചു. കിവു തടാകത്തിനടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി, വായുവിൽ നിറഞ്ഞുനിന്ന പൊടിയും മൃതശരീരങ്ങളുടെ ദുർഗന്ധവും വിട്ടകലെയായിരുന്നു അത്.
കക്കൂസുകൾ കുഴിച്ചു, ശുചിത്വം സംബന്ധിച്ച കർശന നിയമങ്ങൾ നടപ്പിൽവരുത്തി. കക്കൂസിൽ പോയതിനുശേഷം, ഒരു പാത്രത്തിൽ ബ്ലീച്ചിങ് പൗഡർ കലർത്തിയ വെള്ളത്തിൽ കൈകൾ കഴുകുന്നത് ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ നടപടികളുടെ പ്രാധാന്യം എടുത്തുപറഞ്ഞപ്പോൾ ആവശ്യപ്പെട്ടതു ചെയ്യാൻ ആളുകൾ ഒരുക്കമുള്ളവരായിരുന്നു. പെട്ടെന്നുതന്നെ ഈ മാരകരോഗം കുറഞ്ഞു.
ജൂലൈ 29-ാം തീയതി വെള്ളിയാഴ്ച ദുരിതാശ്വാസ സാധനങ്ങൾ എത്തിയപ്പോൾ ഗോമയിലെ രാജ്യഹാളിൽ ഒരു ചെറിയ ആശുപത്രി സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് 60 കിടക്കകൾ സ്ഥാപിച്ചു, അതുപോലെതന്നെ വെള്ളം ശുദ്ധീകരിക്കാനുള്ള ഒരു സംവിധാനവും സ്ഥാപിക്കുകയുണ്ടായി. കൂടാതെ, കിവു തടാകത്തിന്റെ തീരങ്ങളിൽ ഉണ്ടായിരുന്ന സാക്ഷികളുടെ അടുക്കലേക്കു ടെൻറുകൾ കൊണ്ടുപോയി. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ വൃത്തിയും ചിട്ടയുമുള്ള നിരകളിൽ 50 ടെൻറുകൾ സ്ഥാപിച്ചു.
ഒരു സമയത്ത് ഏതാണ്ട് 150 സാക്ഷികൾക്കും അവരുടെ സ്നേഹിതർക്കും ഗുരുതരമായി രോഗം പിടിപെട്ടു. ആഗസ്ററിലെ ആദ്യവാരത്തിൽത്തന്നെ അവരിൽ 40 പേർ മൃതിയടഞ്ഞു. എന്നാൽ അനേകരുടെ ജീവൻ രക്ഷിക്കാനും കഷ്ടപ്പാടു വളരെയധികം കുറയ്ക്കാനും വേണ്ടി യഥാസമയം ചികിത്സോപാധികളും സഹായവും ലഭിച്ചു.
നന്ദിയുള്ള ഒരു ആത്മീയ ജനത
തങ്ങൾക്കായി ചെയ്ത എല്ലാ കാര്യങ്ങൾക്കും വേണ്ടി അഭയാർഥികളായ സാക്ഷികൾ അങ്ങേയററത്തെ നന്ദി പ്രകടമാക്കി. മററു രാജ്യങ്ങളിലുള്ള തങ്ങളുടെ ക്രിസ്തീയ സഹോദരൻമാർ കാട്ടിയ സ്നേഹം അവരെ സ്പർശിച്ചു, തങ്ങൾ ഒരു സാർവദേശീയ സാഹോദര്യവർഗത്തിൽ ഉൾപ്പെടുന്നു എന്ന അറിവും അവരെ സ്പർശിച്ചു.
പ്രയാസസാഹചര്യങ്ങളെല്ലാമുണ്ടായിരുന്നിട്ടും അഭയാർഥികൾ തങ്ങളുടെ ആത്മീയത നിലനിർത്തിയിട്ടുണ്ട്. “അവർക്കു സകല കാര്യങ്ങളും വളരെയധികം ആവശ്യമുണ്ടെങ്കിലും ഭൗതിക സഹായത്തെക്കാൾ ആത്മീയ ഭക്ഷണം ലഭിക്കാൻ അവർ കൂടുതൽ തത്പരരാണെന്നു തോന്നുന്നു” എന്നു വാസ്തവത്തിൽ ഒരു നിരീക്ഷകൻ അഭിപ്രായപ്പെടുകയുണ്ടായി. ആവശ്യപ്പെട്ടതനുസരിച്ച് കിനിയാർവാൻഡ എന്ന റുവാണ്ടൻ ഭാഷയിലുള്ള നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 5,000 പ്രതികൾ വ്യത്യസ്ത അഭയാർഥി ക്യാമ്പുകളിലേക്ക് അയക്കുകയുണ്ടായി.b
അഭയാർഥികൾ ഓരോ ദിവസവും ഒരു തിരുവെഴുത്തു പരിചിന്തിച്ചു, അവർ സഭായോഗങ്ങളും സംഘടിപ്പിച്ചു. കുട്ടികൾക്കു വേണ്ടി സ്കൂൾ ക്ലാസ്സുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്യപ്പെട്ടു. ശുചിത്വനിയമങ്ങൾ സംബന്ധിച്ച പ്രബോധനം നൽകാൻ അധ്യാപകർ ഈ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തി, അതിജീവനം അവ ആചരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു.
തുടർച്ചയായ പരിപാലനം ആവശ്യം
ഗോമ കൂടാതെ റട്ട്ഷൂരു പോലുള്ള സ്ഥലങ്ങളിൽ അഭയാർഥികളായ നൂറുകണക്കിനു സാക്ഷികളെ കണ്ടെത്തി. ഈ സഹോദരൻമാർക്കും സമാനമായ സഹായം നൽകുകയുണ്ടായി. ജൂലൈ 31-ാം തീയതി ഏഴു പേരടങ്ങുന്ന സാക്ഷികളുടെ ഒരു പ്രതിനിധിസംഘം ഗോമയിൽനിന്നു വിമാനംവഴി തെക്കുള്ള ബുകാവിൽ എത്തിച്ചേർന്നു, അവിടെ അഭയാർഥികളായ 450 സാക്ഷികളുണ്ടായിരുന്നു. ഇവരിൽ പലരും ബുറൂണ്ടിയിൽനിന്നുള്ളവരായിരുന്നു. അവിടെയും കോളറ പൊട്ടിപ്പുറപ്പെട്ടിരുന്നു, സഹോദരങ്ങളുടെ ഇടയിൽ മരണം തടയാനുള്ള ശ്രമത്തിൽ സഹായം നൽകപ്പെട്ടു.
അടുത്ത ദിവസം പ്രതിനിധിസംഘം റോഡുമാർഗം സയറിലുള്ള യൂവിറയിലേക്ക് ഏതാണ്ട് 150 കിലോമീററർ ദൂരം യാത്ര ചെയ്തു. അവിടെ വഴിമധ്യേ ഏതാണ്ട് ഏഴു സ്ഥലങ്ങളിലായി റുവാണ്ടയിൽനിന്നും ബുറൂണ്ടിയിൽനിന്നും ഉള്ള 1,600-ഓളം സാക്ഷികൾ ഉണ്ടായിരുന്നു. അവർക്കു രോഗം വരാതിരിക്കാൻ എങ്ങനെ സംരക്ഷിക്കാൻ കഴിയും എന്നതു സംബന്ധിച്ചു പ്രബോധനം നൽകപ്പെട്ടു. പ്രതിനിധിസംഘം കണ്ട കാര്യങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “ഇതുവരെയും ചെയ്തിട്ടുള്ളത് ഒരു തുടക്കം മാത്രമാണ്, ഇപ്പോൾ നമ്മുടെ സഹായം കിട്ടിക്കൊണ്ടിരിക്കുന്ന 4,700 പേർക്ക് അനേകം മാസങ്ങളോളം തുടർന്നും സഹായം ആവശ്യമായി വരും.”
ആഗസ്റേറാടെ നൂറുകണക്കിനു സാക്ഷികൾ റുവാണ്ടയിലേക്കു മടങ്ങിപ്പോയതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ എല്ലാ ഭവനങ്ങളും വസ്തുവകകളും കൊള്ളചെയ്യപ്പെട്ടു. അതുകൊണ്ട് വീടുകളും രാജ്യഹാളുകളും പുനർനിർമിക്കുകയെന്ന വെല്ലുവിളി ഇപ്പോൾ നിലവിലുണ്ട്.
റുവാണ്ടയിൽ ഭയങ്കരമായി കഷ്ടമനുഭവിച്ചിട്ടുള്ളവർക്കു വേണ്ടി ദൈവദാസൻമാർ നിരന്തരം ആത്മാർഥമായി പ്രാർഥിക്കുന്നുണ്ട്. ഈ വ്യവസ്ഥിതിയുടെ അവസാനം കൂടുതൽ അടുത്തുവരവേ അക്രമം വർധിച്ചേക്കാമെന്നു നമുക്കറിയാം. എന്നിരുന്നാലും, ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നതിലും യഥാർഥ അനുകമ്പ പ്രകടമാക്കുന്നതിലും തുടരും.
[അടിക്കുറിപ്പുകൾ]
a “റുവാണ്ടയിലെ ദുരന്തം—ആരാണ് ഉത്തരവാദി?” എന്ന 1994 ഡിസംബർ 15-ലെ വീക്ഷാഗോപുര ലേഖനം കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് പ്രസിദ്ധീകരിച്ചത്.
[12-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
റുവാണ്ട
കിഗാളി
ഉഗാണ്ട
സയർ
റട്ട്ഷൂരു
ഗോമ
കിവു തടാകം
ബുകാവ്
യൂവിറ
ബുറൂണ്ടി
ബുജുമ്പുറ
[15-ാം പേജിലെ ചിത്രങ്ങൾ]
ഇടത്ത്: കൊലചെയ്യപ്പെട്ട ഇൻടാബ്നേനാ ഇഷാനും കുടുംബവും. വലത്ത്: ജീവൻ രക്ഷിക്കാൻ ഹൂട്ടൂ സഹോദരങ്ങൾ ശ്രമിച്ചുവെങ്കിലും വധിക്കപ്പെട്ട ടൂട്സിയായ മൂകാഗീസാഗരാ ഡെനീസ്
[16, 17 പേജുകളിലെ ചിത്രങ്ങൾ]
മുകളിൽ: ഗോമയിലെ രാജ്യഹാളിൽ രോഗികളായവരെ ശുശ്രൂഷിക്കുന്നു. താഴെ ഇടത്ത്: സാക്ഷികൾ തയ്യാറാക്കി ചരക്കുവിമാനം വഴി അയച്ച 35 ടണ്ണിലധികം ദുരിതാശ്വാസവിഹിതങ്ങൾ. താഴെ: സാക്ഷികളെ മാററിപ്പാർപ്പിച്ച കിവു തടാകത്തിന്റെ സമീപപ്രദേശം. താഴെ വലത്ത്: സയറിലെ ഒരു രാജ്യഹാളിൽ റുവാണ്ടയിലെ അഭയാർഥികൾ