റുവാണ്ടയിലെ ദുരന്തം—ആരാണ് ഉത്തരവാദി?
“‘ഒരു ടൂട്സി ആയതുകൊണ്ട് നീ മരിച്ചേ തീരൂ’ എന്നു പറഞ്ഞുകൊണ്ട് ഒരു അക്രമി 23 വയസ്സുള്ള ഹീററീയീസ് എന്ന ഒരു മെക്കാനിക്കിന്റെ തല വെട്ടിപ്പൊളിച്ചു” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുകയുണ്ടായി.
റുവാണ്ട എന്ന മധ്യാഫ്രിക്കൻ ചെറു രാജ്യത്ത് ഏപ്രിൽ, മേയ് മാസങ്ങളിൽ അതുപോലുള്ള രംഗങ്ങൾ എത്രയോ പ്രാവശ്യം അരങ്ങേറി! ആ സമയത്ത്, റുവാണ്ടയുടെ തലസ്ഥാന നഗരമായ കിഗാളിയിലും പരിസരപ്രദേശങ്ങളിലുമായി യഹോവയുടെ സാക്ഷികളുടെ 15 സഭകളുണ്ടായിരുന്നു. നഗരമേൽവിചാരകനായ ത്നാബാനാ ഊഴെൻ ഒരു ടൂട്സിയായിരുന്നു. എങ്ങും അക്രമം താണ്ഡവമാടാൻ തുടങ്ങിയപ്പോൾത്തന്നെ ആദ്യം കൊല്ലപ്പെട്ടവരിൽ അദ്ദേഹവും ഭാര്യയും മകനും ഒമ്പതു വയസ്സുള്ള മകളുമുണ്ടായിരുന്നു.
ആയിരക്കണക്കിനു റുവാണ്ടക്കാർ ദിവസേന കൊല്ലപ്പെട്ടു, അങ്ങനെ എത്രയെത്ര ആഴ്ചകൾ. “വംശവിച്ഛേദനത്തിലൂടെയും പകരംവീട്ടലുകളിലൂടെയും കഴിഞ്ഞ ആറ് ആഴ്ചകളിലായി ഏതാണ്ട് 2,50,000 ആളുകൾക്കു ജീവഹാനി നേരിട്ടു. 1970-കളുടെ മധ്യത്തിൽ കംബോഡിയയിൽ പ്രതിയോഗികളെ രക്തമൊഴുക്കി ഉൻമൂലനം ചെയ്ത കമർ റൂഴിനെ വെല്ലുന്നരീതിയിലായിരുന്നു ഈ പകരംവീട്ടലുകൾ” എന്ന് മേലുദ്ധരിച്ച ന്യൂസ്മാഗസിൻ മേയ് മധ്യത്തിൽ റിപ്പോർട്ടു ചെയ്തു.
ടൈം മാഗസിൻ ഇങ്ങനെ പറഞ്ഞു: “നാസി ജർമനിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ രംഗം. ടൂട്സികൾ എന്നു തോന്നിയതുകൊണ്ടുമാത്രം 500 പേരുടെ ഒരു കൂട്ടത്തിൽനിന്നു കുട്ടികളെ തിരഞ്ഞുപിടിച്ചു. . . . ബൂററാരെ എന്ന തെക്കൻ പട്ടണത്തിലെ മേയർ വിവാഹം ചെയ്തിരുന്നത് ഒരു ടൂട്സി സ്ത്രീയെ ആയിരുന്നു. അതുകൊണ്ട്, ഹൂട്ടൂ കർഷകർ [വേദനാജനകമായ] ഒരു തിരഞ്ഞെടുപ്പു നടത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു: ഭാര്യയെയും കുട്ടികളെയും രക്ഷിക്കണമോ, എങ്കിൽ മാതാപിതാക്കളും സഹോദരിയുമടങ്ങുന്ന അദ്ദേഹത്തിന്റെ ഭാര്യാകുടുംബത്തെ വധിക്കാൻ വിട്ടുകൊടുക്കണം. അയാൾ അതിനു സമ്മതിച്ചു.”
കിഗാളിയിൽ യഹോവയുടെ സാക്ഷികളുടെ പരിഭാഷാ ഓഫീസിൽ ജോലി ചെയ്തിരുന്ന ആറു പേരിൽ നാലു പേർ ഹൂട്ടൂ വംശജരും രണ്ടു പേർ ടൂട്സി വംശജരുമായിരുന്നു. ആനാനി മ്ബാണ്ഡാ, മൂകാഗീസാഗരാ ഡെനീസ് എന്നിവരായിരുന്നു ടൂട്സികൾ. കൊള്ളക്കാരുമൊത്ത് ആ വീട്ടിലേക്കു വന്ന പട്ടാളക്കാർ ഹൂട്ടൂകളും ടൂട്സികളും ഒത്തൊരുമിച്ചു കഴിയുന്നതു കണ്ട് കോപാകുലരായിത്തീർന്നു. അങ്ങനെ മ്ബാണ്ഡായെയും ഡെനീസിനെയും കൊല്ലണമെന്നായി അവർക്ക്.
ഹൂട്ടൂ സഹോദരങ്ങളിൽ ഒരാളായ എയ്മാനിയേൽ ന്ഗീരെന്റെ പറഞ്ഞു: “ഞങ്ങളുടെ ഇടയിൽ അവരുടെ ശത്രുക്കളെ കണ്ടതിനാൽ ഞങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ട് അവർ ഗ്രനേഡിന്റെ പിന്നുകൾ വലിച്ചൂരാൻ തുടങ്ങി. . . . അവർ ഒരു വൻതുക ആവശ്യപ്പെട്ടു. കൈവശമുണ്ടായിരുന്ന പണമെല്ലാം ഞങ്ങൾ കൊടുത്തിട്ടും അവർക്കു തൃപ്തിയായില്ല. തങ്ങൾക്ക് ഉപയോഗിക്കാമെന്നു തോന്നിയവയെല്ലാം എടുത്തുകൊണ്ടു പോകാൻ അവർ തീരുമാനിച്ചു. പരിഭാഷയ്ക്കായി ഉപയോഗിച്ചിരുന്ന ലാപ്ടോപ് കമ്പ്യൂട്ടറും ഫോട്ടോസ്ററാററ് മെഷീനും ഞങ്ങളുടെ റേഡിയോകളും ഷൂസുകളും അങ്ങനെ പലതും അവർ എടുത്തു. ഞങ്ങളെ ആരെയും അവർ കൊന്നില്ല. പക്ഷേ ഇനിയും വരുമെന്നു പറഞ്ഞ് അവർ പെട്ടെന്നു സ്ഥലംവിട്ടു.”
പിന്നീടുള്ള ദിവസങ്ങളിൽ, കൊള്ളക്കാർ വന്നുകൊണ്ടേയിരുന്നു. ഓരോ പ്രാവശ്യവും ഹൂട്ടൂ സാക്ഷികൾ തങ്ങളുടെ ടൂട്സി സുഹൃത്തുക്കളെ കൊല്ലരുതേയെന്നു യാചിച്ചു. അവസാനം, മ്ബാണ്ഡയ്ക്കും ഡെനീസിനും അവിടെ പിന്നെ താമസിക്കുന്നത് അങ്ങേയററം അപകടകരമായിത്തീർന്നു. അതിനാൽ ടൂട്സി അഭയാർഥികളോടൊപ്പം അടുത്തുള്ള ഒരു സ്കൂളിലേക്കു പോകാനുള്ള ക്രമീകരണങ്ങൾ നടത്തി. സ്കൂൾ ആക്രമിക്കപ്പെട്ടപ്പോൾ മ്ബാണ്ഡായും ഡെനീസും ഓടിരക്ഷപ്പെട്ടു. പല റോഡ് ബ്ലോക്കുകളും അവർ വിജയപൂർവം കടന്നു. പക്ഷേ, അവസാനം ഒന്നിൽവെച്ച് ടൂട്സികളെല്ലാം പിടിക്കപ്പെട്ടു, അക്കൂട്ടത്തിൽ മ്ബാണ്ഡായും ഡെനീസും കൊല്ലപ്പെട്ടു.
പരിഭാഷാ ഓഫീസിൽ തിരിച്ചെത്തിയ പട്ടാളക്കാർക്കു മനസ്സിലായി ടൂട്സി സാക്ഷികൾ സ്ഥലംവിട്ടു എന്ന്. പിന്നെ അവർ ഹൂട്ടൂ സഹോദരൻമാരെ പൊതിരെ തല്ലി. അപ്പോൾ സമീപത്ത് ഒരു മോർട്ടാർസ്ഫോടനമുണ്ടായി. സഹോദരൻമാർ അവിടെനിന്നും ഒരു കണക്കിനു ജീവനുംകൊണ്ട് രക്ഷപ്പെട്ടു.
രാജ്യത്തുടനീളം കൊലപാതകങ്ങൾ തുടർന്നുകൊണ്ടിരുന്നു. മരിച്ചവരുടെ സംഖ്യ ഏതാണ്ട് അഞ്ചുലക്ഷമെത്തി. അവസാനം, റുവാണ്ടയിലെ 80 ലക്ഷം നിവാസികളിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലോ അതിലധികമോ ആളുകൾ വീടുവിട്ടു പോയി. അവരിൽ അനേകരും സയർ, ടാൻസാനിയ എന്നീ അയൽരാജ്യങ്ങളിൽ അഭയം തേടി. നൂറുകണക്കിനു യഹോവയുടെ സാക്ഷികൾ വധിക്കപ്പെട്ടു. മററ് അനേകം സാക്ഷികൾ രാജ്യത്തിനു വെളിയിലുള്ള ക്യാമ്പുകളിലേക്കു മററുള്ളവരോടൊപ്പം പലായനം ചെയ്തു.
മുമ്പെങ്ങുമില്ലാഞ്ഞവിധമുള്ള അത്തരം കുരുതികൾക്കും പലായനങ്ങൾക്കും തിരികൊളുത്തിയത് എന്തായിരുന്നു? അതു തടയാൻ കഴിയുമായിരുന്നോ? ആക്രമണം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പത്തെ അവസ്ഥ എന്തായിരുന്നു?
ഹൂട്ടൂകളും ടൂട്സികളും
റുവാണ്ടയിലും അയൽരാജ്യമായ ബുറൂണ്ടിയിലും ഹൂട്ടൂകളും ടൂട്സികളുമുണ്ട്. ഹൂട്ടൂകൾ പൊതുവേ ഉയരം കുറഞ്ഞവരും കരുത്തുള്ളവരുമായ ബാണ്ഡു വിഭാഗക്കാരാണ്. എന്നാൽ ടൂട്സികൾ സാധാരണമായി ഉയരംകൂടിയവരും മൃദുചർമികളുമാണ്. ഇവർ വാററുസി എന്നും അറിയപ്പെടുന്നു. ഇരുരാജ്യങ്ങളിലും ജനസംഖ്യയുടെ 85 ശതമാനവും ഹൂട്ടൂകളാണ്, 14 ശതമാനം ടൂട്സികളും. 15-ാം നൂററാണ്ടുമുതലേ ഇവർക്കിടയിലെ ഏററുമുട്ടലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവരികിലും, ഈ കാലഘട്ടത്തിൽ ഏറിയപങ്കും അവർ സമാധാനത്തിൽ ജീവിക്കുകയായിരുന്നു.
സയറിനു കിഴക്ക് ഏതാനും കിലോമീററർ അകലെയുള്ള റുഗാണ്ട എന്ന ഗ്രാമത്തിൽ ജീവിക്കുന്ന 3,000-ത്തോളം ഹൂട്ടൂകളെയും ടൂട്സികളെയും കുറിച്ച് ഒരു 29 വയസ്സുകാരി പറഞ്ഞത് ഇതായിരുന്നു: “ഞങ്ങൾ ഒന്നിച്ചു സമാധാനമായിട്ടാണു ജീവിച്ചുപോന്നത്.” പക്ഷേ, ഏപ്രിലിൽ ഹൂട്ടൂകൾ സംഘംചേർന്നു നടത്തിയ മിന്നലാക്രമണങ്ങളിൽ ആ ഗ്രാമത്തിലെ ടൂട്സികളിൽപ്പെട്ട മിക്കവാറും എല്ലാവരും വധിക്കപ്പെട്ടു. ദ ന്യൂയോർക്ക് ടൈംസിന്റെ വിശദീകരണം ഇതാ:
“ഈ ഗ്രാമത്തിന്റെ സ്ഥിതിവിശേഷംതന്നെയാണു റുവാണ്ടയുടെയും: ഹൂട്ടൂകളും ടൂട്സികളും ഒരുമിച്ചു ജീവിക്കുകയായിരുന്നു. മിശ്രവിവാഹവും അവർക്കിടയിൽ ഉണ്ടായിരുന്നു. ഹൂട്ടൂ ആര്, ടൂട്സി ആര് എന്നൊന്നും ആരും ഗൗനിച്ചിരുന്നില്ല.
“അങ്ങനെയിരിക്കെ, പെട്ടെന്നായിരുന്നു ഒക്കെ കലങ്ങിമറിഞ്ഞത്. ഏപ്രിലിൽ ഹൂട്ടൂ ജനക്കൂട്ടം കണ്ണിൽ കണ്ട ടൂട്സികളെയെല്ലാം വധിച്ചുകൊണ്ട് രാജ്യമൊട്ടാകെ ആക്രമണം അഴിച്ചുവിട്ടു. കൂട്ടക്കൊല ആരംഭിച്ചതോടെ, ടൂട്സികൾ ആത്മരക്ഷാർഥം പള്ളികളിലേക്ക് ഓടിക്കയറി. അവരെ പിന്തുടർന്ന ജനക്കൂട്ടം പുണ്യസങ്കേതങ്ങളെ രക്തക്കറ നിറഞ്ഞ ശവപ്പറമ്പുകളാക്കി.”
ഈ കുരുതികൾക്കുള്ള മൂല കാരണമെന്തായിരുന്നു? റുവാണ്ടയുടെയും ബുറൂണ്ടിയുടെയും പ്രസിഡൻറുമാർ ഏപ്രിൽ 6-ന് ഒരു വിമാന അപകടത്തിൽ കിഗാളിയിൽവെച്ചു കൊല്ലപ്പെട്ടതായിരുന്നു കാരണം. അവരിരുവരും ഹൂട്ടൂകളായിരുന്നു. എങ്ങനെയോ ഈ സംഭവം കൂട്ടക്കുരുതിക്കുള്ള തീപ്പൊരിയായി. ടൂട്സികൾ മാത്രമല്ല, അവരുടെ അനുഭാവികളെന്നുതോന്നിയ ഹൂട്ടൂകളും വധിക്കപ്പെട്ടു.
അതേസമയംതന്നെ, ടൂട്സിനേതൃത്വത്തിലുള്ള ആർ.പി.എഫ് (റുവാണ്ടൻ പേട്രിയോട്ടിക് ഫ്രണ്ട്), ഹൂട്ടൂനേതൃത്വത്തിലുള്ള ഗവൺമെൻറ് സേനകൾ എന്നീ എതിർവിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ജൂലൈ ആയപ്പോഴേക്കും ഗവൺമെൻറ് സേനയെ പരാജയപ്പെടുത്തിയ ആർ.പി.എഫിന്റെ നിയന്ത്രണത്തിലായി കിഗാളിയും റുവാണ്ടയുടെ ശേഷിച്ച മിക്ക ഭാഗങ്ങളും. പ്രതികാരനടപടികൾ ഭയന്ന് ആയിരക്കണക്കിനു ഹൂട്ടൂകൾ ജൂലൈ ആദ്യത്തോടെ രാജ്യം വിട്ടുപോയി.
ആരാണ് ഉത്തരവാദി?
ഏപ്രിലിൽ പെട്ടെന്നിങ്ങനെ അക്രമം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണം ആരാഞ്ഞപ്പോൾ ഒരു ടൂട്സി കർഷകൻ പറഞ്ഞു: “അതിന്റെ കാരണം കൊള്ളരുതാത്ത നേതാക്കൻമാരാണ്.”
നൂററാണ്ടുകളായിട്ട് രാഷ്ട്രീയ നേതാക്കൻമാർ തങ്ങളുടെ ശത്രുക്കളെക്കുറിച്ച് തീർച്ചയായും നുണകൾ പറഞ്ഞുപരത്തുകയായിരുന്നു. പിശാചായ സാത്താൻ എന്ന “ഈ ലോകത്തിന്റെ ഭരണാധിപ”ന്റെ മാർഗനിർദേശത്തിൻകീഴിൽ ലോകത്തിലെ രാഷ്ട്രീയ നേതാക്കൻമാർ മറെറാരു വർഗത്തിനോ ഗോത്രത്തിനോ രാഷ്ട്രത്തിനോ എതിരെ പോരാടാനും അവരെ വധിക്കാനും തങ്ങളുടെ സ്വന്തം ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു. (യോഹന്നാൻ 12:31, NW; 2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19) റുവാണ്ടയിലെ സ്ഥിതിവിശേഷവും ഇതിൽനിന്നു ഭിന്നമായിരുന്നില്ല. “രാഷ്ട്രീയ നേതാക്കൻമാർ വർഗീയ കൂറും വർഗീയ ഭയവും ഊട്ടിവളർത്താൻ ആവർത്തിച്ചു ശ്രമിക്കുകയുണ്ടായി—ഹൂട്ടൂകളുടെ കാര്യത്തിൽ അതു ഗവൺമെൻറിന്റെ നിയന്ത്രണം നിലനിർത്താനായിരുന്നു; ടൂട്സികളുടെ കാര്യത്തിൽ എതിർസേനയ്ക്കുള്ള പിന്തുണ നേടിയെടുക്കാനും” എന്ന് ദ ന്യൂയോർക്ക് ടൈംസ് പറഞ്ഞു.
റുവാണ്ടയിലെ ജനങ്ങൾ പലവിധത്തിലും സാദൃശ്യമുള്ളവരാണ്. അതുകൊണ്ട് അവർ പരസ്പരം വെറുത്ത് കൊന്നൊടുക്കുമെന്ന് ആർക്കും പ്രതീക്ഷിക്കാനാവില്ല. “ഹൂട്ടൂകളും ടൂട്സികളും ഒരേ ഭാഷയാണു സംസാരിക്കുന്നത്, പൊതുവേ നോക്കിയാൽ ഒരേ പാരമ്പര്യങ്ങളും. തലമുറകളായി അനേകം മിശ്രവിവാഹങ്ങൾ നടന്നിട്ടുള്ളതിനാൽ ഉയരംകൂടിയ, മെലിഞ്ഞ ടൂട്സികളുടെയും ഉയരംകുറഞ്ഞ, വണ്ണമുള്ള ഹൂട്ടൂകളുടെയും ശാരീരിക വ്യത്യാസങ്ങൾ, ഒരുവൻ ഹൂട്ടൂവാണോ ടൂട്സിയാണോ എന്നു റുവാണ്ടക്കാർക്കുപോലും തിരിച്ചറിയാൻ കഴിയാത്തവിധം അപ്രത്യക്ഷമായി” എന്ന് റെയ്മണ്ട് ബോണർ എന്ന റിപ്പോർട്ടർ എഴുതുകയുണ്ടായി.
എന്നിട്ടും, അവിശ്വസനീയമായ ഫലമുണ്ടാക്കുന്നതായിരുന്നു സമീപകാലത്തുണ്ടായ പ്രചരണക്കോലാഹലങ്ങൾ. സംഗതി ദൃഷ്ടാന്തീകരിച്ചുകൊണ്ട് ആഫ്രിക്കൻ റൈററ്സ് എന്ന ഗ്രൂപ്പിന്റെ ഡയറക്ടർ അലക്സ് ഡ വാൾ പറഞ്ഞു: “ടൂട്സി പടയാളികൾക്കു കൊമ്പുകളും വാലുകളും ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളുമില്ല എന്നതിൽ ആർ.പി.എഫിന്റെ നിയന്ത്രണത്തിലായ സ്ഥലങ്ങളിലെ കർഷകർ അത്ഭുതപ്പെട്ടതായാണു റിപ്പോർട്ട്—അത്തരത്തിലുള്ളതാണ് അവർ കേൾക്കുന്ന റേഡിയോ പ്രക്ഷേപണങ്ങളുടെ ഉള്ളടക്കം.”
ആളുകളുടെ ചിന്തയെ കരുപ്പിടിപ്പിക്കുന്നതു രാഷ്ട്രീയ നേതാക്കൻമാർ മാത്രമല്ല, കൂടെ മതവുമുണ്ട്. റുവാണ്ടയിലെ പ്രമുഖ മതങ്ങൾ ഏതെല്ലാമാണ്? ദുരന്തത്തിന് അവരും ഉത്തരവാദികളായിരുന്നോ?
മതത്തിന്റെ പങ്ക്
ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ (1994) റുവാണ്ടയെപ്പററി ഇങ്ങനെ പറയുന്നു: “മിക്കയാളുകളും റോമൻ കത്തോലിക്കരാണ്. . . . ഒട്ടുമിക്ക പ്രാഥമിക സ്കൂളുകളും ഹൈസ്കൂളുകളും നടത്തുന്നത് റോമൻ കത്തോലിക്കരും മററു ക്രിസ്തീയ സഭകളുമാണ്.” വാസ്തവത്തിൽ, നാഷണൽ കത്തോലിക് റിപ്പോർട്ടർ റുവാണ്ടയെ “70% ശതമാനം കത്തോലിക്കാ രാഷ്ട്രം” എന്നാണു വിളിച്ചത്.
റുവാണ്ടയിലെ മതപരമായ സ്ഥിതിവിശേഷത്തിന്റെ പശ്ചാത്തലം നൽകിക്കൊണ്ട് ഗ്രേററ് ബ്രിട്ടനിലെ ദി ഒബ്സർവർ ഇങ്ങനെ വിശദീകരിക്കുന്നു: “1930-കളിൽ സഭകൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിയന്ത്രണത്തിനുവേണ്ടി മത്സരിച്ചുകൊണ്ടിരുന്നു. അപ്പോൾ കത്തോലിക്കർ ടൂട്സികളായ കുലീനരെ പിന്തുണച്ചു. എന്നാൽ പ്രൊട്ടസ്ററൻറുകാർ പീഡിതരായ ഹൂട്ടൂ ഭൂരിപക്ഷത്തിനു പിന്നാലെ കൂടി. 1959-ൽ ഹൂട്ടൂകൾ അധികാരം പിടിച്ചെടുക്കുകയും താമസിയാതെ കത്തോലിക്കരുടെയും പ്രൊട്ടസ്ററൻറുകാരുടെയും പിന്തുണയാർജിക്കാൻ ഇടയാകുകയും ചെയ്തു. ഹൂട്ടൂ ഭൂരിപക്ഷത്തിനുള്ള പ്രൊട്ടസ്ററൻറ് പിന്തുണ ഇപ്പോഴും വളരെ ശക്തമാണ്.”
ഉദാഹരണത്തിന്, പ്രൊട്ടസ്ററൻറ് സഭാനേതാക്കൻമാർ കൂട്ടക്കൊലയെ അപലപിച്ചുവോ? ദി ഒബ്സർവർ ഇങ്ങനെ ഉത്തരം പറയുന്നു: “റുവാണ്ടൻ പള്ളികളുടെ ഇടപ്പാതകളെ കുട്ടികളുടെ ശിരസ്സററ ശവശരീരങ്ങൾകൊണ്ടു നിറച്ച കൊലപാതകികളെ അപലപിച്ചുവോ എന്ന് [ആംഗ്ലിക്കൻ]സഭക്കാരായ രണ്ടു പേരോടു ചോദിച്ചു.
“ഉത്തരം പറയാൻ അവർ കൂട്ടാക്കിയില്ല. ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അവർ അസ്വസ്ഥത പ്രകടമാക്കി. അവരുടെ ശബ്ദത്തിനു കട്ടികൂടി. റുവാണ്ടൻ പ്രതിസന്ധിയുടെ അടിവേരു വെളിവായി—കൊല്ലണമെന്നു പ്രസംഗിച്ചു രക്തപ്പുഴയൊഴുക്കിയ രാഷ്ട്രീയ യജമാനൻമാർക്കുവേണ്ടി സന്ദേശവാഹകരായി പ്രവർത്തിക്കുന്ന ആംഗ്ലിക്കൻസഭയിലെ ഏററവും മുതിർന്ന അംഗങ്ങൾ.”
തീർച്ചയായും, റുവാണ്ടയിലുള്ള ക്രൈസ്തവസഭകൾ മറെറവിടത്തെയും സഭകളിൽനിന്നു വ്യത്യസ്തമല്ല. ഉദാഹരണത്തിന്, ഒന്നാം ലോകമഹായുദ്ധത്തിനു രാഷ്ട്രീയ നേതാക്കൻമാർക്ക് അവർ കൊടുത്ത പിന്തുണയെപ്പററി ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറലായ ഫ്രാങ്ക് പി. ക്രോസ്സർ പറഞ്ഞു: “നമുക്കുള്ള ഏററവും ഭയങ്കര രക്തദാഹികളെ സൃഷ്ടിക്കുന്നതു ക്രിസ്തീയ സഭകളാണ്. ഞങ്ങൾ അവയെ ശരിക്കും ഉപയോഗപ്പെടുത്തി.”
അതേ, സംഭവിച്ച സംഗതികൾക്കുള്ള നല്ലൊരു പങ്ക് ഉത്തരവാദിത്വം മതനേതാക്കൻമാർക്കാണ്! 1994 ജൂൺ 3-ലെ നാഷണൽ കത്തോലിക് റിപ്പോർട്ടർ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ആഫ്രിക്കൻ ജനതയ്ക്കിടയിലെ പോരാട്ടത്തിൽ ‘വാസ്തവത്തിൽ ശരിക്കുമുള്ള വംശച്ഛേദം ഉൾപ്പെടുന്നുണ്ട്. നിർഭാഗ്യവശാൽ കത്തോലിക്കർപോലും അതിന് ഉത്തരവാദികളാണ്’ എന്ന് പാപ്പാ പറഞ്ഞു.”
വ്യക്തമായും, യെശയ്യാവു 2:4-ഉം മത്തായി 26:52-ഉംപോലുള്ള തിരുവെഴുത്തുകളിൽ അധിഷ്ഠിതമായ സത്യക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങൾ എന്തെന്നു പഠിപ്പിക്കാൻ സഭകൾ പരാജയപ്പെട്ടിരിക്കുന്നു. ല മോണ്ടു എന്ന ഫ്രഞ്ച് വർത്തമാനപത്രം പറയുന്നതനുസരിച്ച്, ഒരു പുരോഹിതന്റെ വിലാപം ഇങ്ങനെയായിരുന്നു: “തങ്ങൾ സഹോദരൻമാരാണെന്ന കാര്യം വിസ്മരിച്ചുകൊണ്ട് അവർ പരസ്പരം കൊന്നൊടുക്കുകയാണ്.” മറെറാരു റുവാണ്ടൻ പുരോഹിതൻ സമ്മതിച്ചുപറഞ്ഞതാകട്ടെ ഇങ്ങനെയും: “സ്നേഹത്തെയും ക്ഷമയെയും കുറിച്ചുള്ള ഒരു നൂററാണ്ടു കാലത്തെ പ്രസംഗങ്ങൾക്കുശേഷം ക്രിസ്ത്യാനികൾ മററു ക്രിസ്ത്യാനികളാൽ കൊല്ലപ്പെട്ടിരിക്കുന്നു. അതൊരു പരാജയംതന്നെ.” ല മോണ്ടു ചോദിച്ചു: “ബുറൂണ്ടിയിലും റുവാണ്ടയിലും യുദ്ധം ചെയ്യുന്ന ടൂട്സികൾക്കും ഹൂട്ടൂകൾക്കും പരിശീലനം ലഭിച്ചത് ഒരേ ക്രിസ്തീയ മിഷനറിമാരിൽനിന്നാണെന്നും അവർ ഒരേ സഭകളിൽ സംബന്ധിച്ചിരുന്നുവെന്നും ഒരാൾക്ക് എങ്ങനെയാണു ചിന്തിക്കാതിരിക്കാനാവുക?”
സത്യക്രിസ്ത്യാനികൾ വ്യത്യസ്തർ
യേശുക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ ‘തമ്മിൽ തമ്മിൽ സ്നേഹിക്കുക’ എന്ന അവന്റെ കൽപ്പന അനുസരിക്കുന്നു. (യോഹന്നാൻ 13:34) യേശുവോ അവന്റെ ശിഷ്യൻമാരിൽ ആരെങ്കിലുമോ ഒരാളെ വാക്കത്തിക്കു വെട്ടിക്കീറി കൊലപ്പെടുത്തുന്ന കാര്യം നിങ്ങൾക്കു സങ്കൽപ്പിക്കാനാവുമോ? അത്തരം നിയമരഹിത കൊലപ്പെടുത്തലുകൾ ആളുകളെ തിരിച്ചറിയിക്കുന്നത് “പിശാചിന്റെ മക്കൾ” ആയിട്ടാണ്.—1 യോഹന്നാൻ 3:10-12.
പിശാചായ സാത്താന്റെ നിയന്ത്രണത്തിലുള്ള ലോകരാഷ്ട്രീയ നേതാക്കൻമാർ ഊട്ടിവളർത്തുന്ന യുദ്ധങ്ങളിലോ വിപ്ലവങ്ങളിലോ വേറെ ഏതെങ്കിലും പോരാട്ടങ്ങളിലോ യഹോവയുടെ സാക്ഷികൾ യാതൊരുതരത്തിലും ഉൾപ്പെടുന്നില്ല. (യോഹന്നാൻ 17:14, 16; 18:36; വെളിപ്പാടു 12:9) മറിച്ച്, പരസ്പരം യഥാർഥ സ്നേഹം പ്രകടിപ്പിക്കുന്നവരാണു യഹോവയുടെ സാക്ഷികൾ. അങ്ങനെ, കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുമ്പോൾ ഹൂട്ടൂ സാക്ഷികൾ തങ്ങളുടെ ടൂട്സി സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ മനസ്സോടെ ജീവൻ അപകടപ്പെടുത്തുകയായിരുന്നു.
എങ്കിലും, അത്തരം ദുരന്തങ്ങൾ നമ്മെ അമ്പരപ്പിക്കരുത്. “വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിൽ അവൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അന്ന് ആളുകൾ . . . നിങ്ങളെ കൊല്ലും.” (മത്തായി 24:3, 9, NW) സന്തോഷകരമെന്നു പറയട്ടെ, വിശ്വസ്തരായവർ മരിച്ചവരുടെ പുനരുത്ഥാനത്തിൽ അനുസ്മരിക്കപ്പെടുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു.—യോഹന്നാൻ 5:28, 29.
അതിനിടയിൽ, പരസ്പരം സ്നേഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ ശിഷ്യരാണെന്നു തെളിയിക്കുന്നതിൽ തുടരാൻ റുവാണ്ടയിലും മറെറവിടെയുമുള്ള യഹോവയുടെ സാക്ഷികൾ ദൃഢചിത്തരാണ്. (യോഹന്നാൻ 13:35) ഇപ്പോഴത്തെ പ്രയാസങ്ങൾക്കു നടുവിൽപ്പോലും അവരുടെ സ്നേഹം ഒരു സാക്ഷ്യം നൽകുകയാണ്. ഇക്കാര്യം വെളിപ്പെടുത്തുന്നതാണ് “സാക്ഷികൾ അഭയാർഥി ക്യാമ്പുകളിൽ” എന്ന പിൻവരുന്ന റിപ്പോർട്ട്. തന്റെ പ്രവചനത്തിൽ യേശു പറഞ്ഞതു നാം എല്ലാവരും ഓർക്കേണ്ടതുണ്ട്: “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.”—മത്തായി 24:13.
[29-ാം പേജിലെ ചതുരം]
സാക്ഷികൾ അഭയാർഥി ക്യാമ്പുകളിൽ
ഈ വർഷം ജൂലൈ ആയപ്പോഴേക്കും, 4,700-ലധികം സാക്ഷികളും അവരുടെ സുഹൃത്തുക്കളും അഭയാർഥി ക്യാമ്പുകളിൽ എത്തിച്ചേർന്നു. സയറിൽ, 2,376 പേർ ഗോമയിലും 454 പേർ ബുക്കാവുയിലും 1,592 പേർ ഉവിറയിലും ഉണ്ടായിരുന്നു. കൂടാതെ, ടാൻസാനീയസോമിലെ ബെനാക്കോയിൽ 230 പേരുമുണ്ടായിരുന്നു.
അഭയാർഥി ക്യാമ്പുകളിൽ എത്തിപ്പെടുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 60 സാക്ഷികളുള്ള ഒരു സഭ റൂസൂമോ പാലം കടക്കാൻ ശ്രമിച്ചു. ടാൻസാനിയയിലെ അഭയാർഥി ക്യാമ്പുകളിൽ എത്താനുള്ള പ്രധാന രക്ഷാമാർഗമായിരുന്നു അത്. എന്നാൽ കടക്കാൻ അനുമതി ലഭിക്കാതായപ്പോൾ അവർ ഒരാഴ്ചയോളം നദീതീരത്ത് അലഞ്ഞുനടന്നു. പിന്നെ കൊച്ചുതോണികളിൽ കയറി മറുകരയെത്താമെന്ന് അവർ തീരുമാനിച്ചു. അവർക്ക് അതു സാധിച്ചു. അങ്ങനെ ഏതാനും ദിവസങ്ങൾക്കകം അവർ ടാൻസാനിയയിലെ ക്യാമ്പുകളിൽ സുരക്ഷിതമായി എത്തി.
മററു രാജ്യങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ വിപുലമായ തോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഫ്രാൻസിലെ സാക്ഷികൾ നൂറു ടണ്ണിനുമേൽ വസ്ത്രങ്ങളും ഒമ്പതു ടൺ ഷൂസുകളും ശേഖരിച്ച് പോഷകപ്രദമായ ഭക്ഷണസാധനങ്ങൾ, മരുന്നുകൾ എന്നിവയോടൊപ്പം ആവശ്യസ്ഥലങ്ങളിലേക്ക് അയച്ചുകൊടുത്തു. എന്നിരുന്നാലും, പലപ്പോഴും അഭയാർഥി ക്യാമ്പുകളിലെ സഹോദരങ്ങൾ ആദ്യം ആവശ്യപ്പെട്ടത് ഒരു ബൈബിളോ വീക്ഷാഗോപുരം മാസികയോ ഉണരുക! മാസികയോ ആയിരുന്നു.
നാട്ടിൽനിന്നും തുരത്തപ്പെട്ട തങ്ങളുടെ സഹോദരങ്ങളെ സന്ദർശിച്ച് വേണ്ട സഹായം ചെയ്യാൻ സയറിൽനിന്നും ടാൻസാനിയയിൽനിന്നും എത്തിയ സാക്ഷികൾ പ്രകടമാക്കിയ സ്നേഹം കണ്ട് അനേകം നിരീക്ഷകർ അന്തംവിട്ടുപോയി. “നിങ്ങളുടെ മതത്തിൽപ്പെട്ട ആളുകൾ നിങ്ങളെ സന്ദർശിച്ചു. എന്നാൽ ഞങ്ങളുടെ ഒരു പുരോഹിതനും ഞങ്ങളെ സന്ദർശിച്ചില്ല” എന്ന് അഭയാർഥികൾ പറയുന്നു.
ക്യാമ്പുകളിൽ സാക്ഷികൾക്കു നല്ല പേരായി. അതു മുഖ്യമായും അവരുടെ ഐക്യം, ക്രമം, സ്നേഹാർദ്ര മനോഭാവം എന്നിവ നിമിത്തമായിരുന്നു. (യോഹന്നാൻ 13:35) ടാൻസാനിയയിലെ ബെനാക്കോയിലെ ഏതാണ്ട് 2,50,000 പേരുണ്ടായിരുന്ന ക്യാമ്പിൽ സഹസാക്ഷികളായ അഭയാർഥികളെ കണ്ടെത്താൻ സാക്ഷികൾക്കു 15 മിനിറേറ വേണ്ടിവന്നുള്ളൂ എന്ന് അറിയുന്നത് കൗതുകകരംതന്നെ.