നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ പ്രായോഗിക മൂല്യമുള്ളതാണെന്നു നിങ്ങൾ കണ്ടെത്തിയോ? അങ്ങനെയെങ്കിൽ പിൻവരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് എന്തുകൊണ്ടു നിങ്ങളുടെ ഓർമശക്തി ഒന്നു പരിശോധിച്ചുകൂടാ:
◻എന്തുകൊണ്ടാണു യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരെ വീണ്ടും വീണ്ടും സന്ദർശിക്കുന്നത്?
വാഗ്ദത്തരാജ്യം മുഖേനയുള്ള ദൈവത്തിന്റെ അനുഗ്രഹം തങ്ങൾക്കുണ്ടാകാൻ യഹോവയുടെ സാക്ഷികൾ ആഗ്രഹിക്കുന്നു. തങ്ങളുടെ അയൽക്കാരെ സ്നേഹിക്കുന്നതുകൊണ്ട് അതേ അനുഗ്രഹം അവർക്കും ലഭിക്കണമെന്നു സാക്ഷികൾ ആഗ്രഹിക്കുന്നു. അങ്ങനെ, യേശുവിന്റെ മാതൃക പിൻപററുന്ന അവർ നിസ്വാർഥ സ്നേഹം ഹേതുവായി തങ്ങളുടെ അയൽക്കാരെ സന്ദർശിക്കാൻ നിർബന്ധിതരാകുന്നു. (മത്തായി 6:9, 10; 22:37-39)—8⁄15, പേജുകൾ 8, 9.
◻പരിണാമത്തിലുള്ള വിശ്വാസം, കേവലം ഒരു വിശ്വാസമായിരിക്കുന്നതെന്തുകൊണ്ട്?
ഉത്പരിവർത്തനങ്ങൾ—പ്രയോജനപ്രദമായവപോലും—പുതിയ ജീവൻ ഉത്പാദിപ്പിക്കുന്നതായി ശാസ്ത്രജ്ഞൻമാർ ആരും നിരീക്ഷിച്ചിട്ടില്ല. എന്നിട്ടും, പുതിയ ജന്തുഗണങ്ങൾ ഉണ്ടായത് അങ്ങനെയാണെന്നു പരിണാമവാദികൾ അവകാശപ്പെടുന്നു. അജൈവ പദാർഥത്തിൽനിന്നു ജൈവവസ്തു ഉണ്ടാകുന്നതു പരിണാമവാദികൾ നേരിട്ടു കണ്ടിട്ടില്ല. എന്നിട്ടും അങ്ങനെയാണു ജീവൻ ഉരുത്തിരിഞ്ഞതെന്ന് അവർ നിർബന്ധം പിടിക്കുന്നു.—9⁄1, പേജ് 5.
◻നിബന്ധനകളുടെ ഫലമായി ജീവിതത്തിലുണ്ടാകുന്ന നിരുത്സാഹത്തെ നമുക്ക് എങ്ങനെ ഏററവും മെച്ചമായ രീതിയിൽ തരണംചെയ്യാനാവും?
നമ്മുടെ ജീവിതസാഹചര്യം എന്തുമായിക്കൊള്ളട്ടെ, ചെയ്യാൻ സാധിക്കാത്ത സംഗതികളിലല്ല, ചെയ്യാൻ സാധിക്കുന്ന സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ നമ്മുടെ ജീവിതം സംതൃപ്തികരമായിരിക്കും. യഹോവയുടെ സേവനത്തിൽ നാം ആഹ്ലാദം കണ്ടെത്തുകയും ചെയ്യും. (സങ്കീർത്തനം 126:5, 6)—9⁄1, പേജ് 28.
◻ക്ഷമിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഏവ?
മററുള്ളവരോടു ക്ഷമിക്കുന്നത് നല്ല ബന്ധങ്ങൾക്കു വഴിതുറക്കുന്നു. (എഫെസ്യർ 4:32); അതു കേവലം, സഹക്രിസ്ത്യാനികളോടുള്ള ബന്ധത്തിൽ മാത്രമല്ല, ആന്തരികമായും സമാധാനം കൈവരുത്തുന്നു. (റോമർ 14:19; കൊലൊസ്സ്യർ 3:13-15); മററുള്ളവരോടു ക്ഷമിക്കുന്നത് നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനുള്ള വഴിയൊരുക്കുന്നു. (മത്തായി 6:14); കൂടാതെ, നാം തന്നെ ക്ഷമ ആവശ്യമുള്ളവരാണെന്ന് ഓർക്കാൻ അതു നമ്മെ സഹായിക്കുന്നു. (റോമർ 3:23)—9⁄15, പേജ് 7.
◻പ്രവാചകനായ ആമോസിന്റെ ദൃഷ്ടാന്തം പ്രസംഗവേലയിൽ നമ്മെ എങ്ങനെ സഹായിക്കുന്നു?
ആമോസിനെപ്പോലെ നാമും ദൈവസന്ദേശത്തിൽ മാററം വരുത്തുകയോ വെള്ളം ചേർക്കുകയോ ചെയ്യുന്നില്ല. മറിച്ച്, നമ്മുടെ കേൾവിക്കാരുടെ പ്രതികരണം കണക്കിലെടുക്കാതെ നാം അനുസരണയോടെ അതു പ്രഖ്യാപിക്കുന്നു.—9⁄15, പേജ് 17.
◻ദൈവത്തിന്റെ ഏതു ഗുണവിശേഷങ്ങൾ നാം അനുകരിക്കണം?
യഹോവയുടെ സംഘടനാ പ്രാപ്തിയും അവന്റെ സന്തുഷ്ടിയുമാണു രണ്ടു പ്രധാന ഗുണവിശേഷങ്ങൾ. (1 കൊരിന്ത്യർ 14:33; 1 തിമൊഥെയൊസ് 1:11) ദൈവത്തിന്റെ ഈ ഗുണങ്ങൾ സമതുലിതമാണ്. അതുകൊണ്ട്, ഒന്നിനു ചേതം വരുത്തിക്കൊണ്ടു മററതിനെ പ്രധാനമാക്കുന്നില്ല.—10⁄1, പേജ് 10.
◻യഹോവയെ സേവിക്കുന്നതിനു തങ്ങളുടെ കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾ സ്വീകരിച്ചിട്ടുള്ള ഏതാനും ചില ക്രിയാത്മക പടികൾ ഏവ?
അതിപ്രധാനമായ ഒരു താക്കോൽ നേരത്തേ തുടങ്ങുക എന്നതാണ്. ബാല്യകാലത്തു ലഭിച്ചിട്ടുള്ള ധാരണകളും പാഠങ്ങളും ആയുഷ്കാലം മുഴുവനും നീണ്ടുനിൽക്കും. (സദൃശവാക്യങ്ങൾ 22:6) എല്ലാ യോഗങ്ങളിലും അവരെ അനുസരണയും യഹോവയോടും അവന്റെ ആരാധനയോടുമുള്ള ആദരവും പഠിപ്പിക്കുന്നതു പ്രധാനമാണ്. വിജയപ്രദരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ തെററായ പ്രവണതകൾ തിരിച്ചറിയാൻ പഠിക്കുകയും അവ തിരുത്താൻ തങ്ങളുടെ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 22:15) അവസാനമായി, നിങ്ങളുടെ കുട്ടിക്കു ന്യായമായും എത്തിച്ചേരാവുന്ന ദിവ്യാധിപത്യ ലാക്കുകൾ വെക്കാൻ നേരത്തെതന്നെ തുടങ്ങുക.—10⁄1, പേജുകൾ 27-8.
◻യഹോവയുടെ ക്ഷമയുടെ ഏതു സ്പഷ്ടമായ ഘടകമാണു നാം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ശ്രമിക്കേണ്ടത്?
യഹോവ ക്ഷമിക്കുക മാത്രമല്ല മറക്കുകയും ചെയ്യുന്നു. (യിരെമ്യാവു 31:34) മനുഷ്യസൃഷ്ടികളെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്രകാരം ചെയ്യുന്നതിന്റെ പ്രാധാന്യം യേശു മത്തായി 6:14, 15-ൽ സൂചിപ്പിച്ചിരിക്കുന്നപോലെ ഊന്നിപ്പറയുകയുണ്ടായി.—10⁄15, പേജുകൾ 25-6.
◻നാം അനുകമ്പയുള്ളവരായിത്തീരുന്നതിനുള്ള മൂന്നു തടസ്സങ്ങൾ ഏവ?
നമ്മുടെ പാപപങ്കിലമായ സ്വഭാവം നിമിത്തം അസൂയക്കു നമ്മുടെ ഹൃദയങ്ങളിൽ വേരുറപ്പിക്കാൻ കഴിയും. നമുക്ക് ആരോടെങ്കിലും അസൂയ തോന്നുന്നുവെങ്കിൽ അയാളോടു നമുക്ക് എങ്ങനെ ആർദ്രാനുകമ്പയോടെ പെരുമാറാൻ കഴിയും? അനാവശ്യമായി അക്രമങ്ങൾ വീക്ഷിക്കുന്നതാണു മറെറാരു തടസ്സം. കഷ്ടപ്പെടുന്നവരോടു നാം സഹാനുഭൂതി കാണിക്കാതിരിക്കാൻ ഇത് ഇടയാക്കും. കൂടാതെ, സ്വാർഥതത്പരനായ ഒരു വ്യക്തി അനുകമ്പയില്ലാത്തവനായിരിക്കാനാണു സാധ്യത. (1 യോഹന്നാൻ 3:17)—11⁄1, പേജുകൾ 19, 20.
◻ഇയ്യോബിനെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണത്തിൽനിന്നു നമുക്ക് എന്തു പാഠങ്ങൾ പഠിക്കാനാവും?
ഇയ്യോബിനെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണം സാത്താന്റെ തന്ത്രങ്ങളെക്കുറിച്ചു നമ്മെ കൂടുതൽ ബോധവാൻമാരാക്കുകയും യഹോവയുടെ സാർവത്രികപരമാധികാരം മനുഷ്യനിർമലതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ഇയ്യോബിനെപ്പോലെ ദൈവത്തെ സ്നേഹിക്കുന്ന എല്ലാവരും പരിശോധിക്കപ്പെടണം. എന്നാൽ, ഇയ്യോബിനെപ്പോലെ നമുക്കും സഹിച്ചുനിൽക്കാനാവും, സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാനാവും, ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാനും കഴിയും.—11⁄15, പേജ് 20.
◻മൂപ്പൻമാരുടെ സംഘത്തിന്റെ അധ്യക്ഷന് എങ്ങനെ ഓരോ മൂപ്പൻമാർക്കും ഉചിതമായ അംഗീകാരം നൽകാൻ കഴിയും?
സാധ്യമാകുമ്പോഴെല്ലാം അധ്യക്ഷൻ മററു മൂപ്പൻമാർക്കു നേരത്തെതന്നെ ഒരു അജൻഡ നൽകി, ഓരോ ആശയത്തെക്കുറിച്ചും പ്രാർഥനാപൂർവം പരിചിന്തിക്കുന്നതിന് ആവശ്യമായ സമയം നൽകേണ്ടതാണ്. മൂപ്പൻമാരുടെ യോഗത്തിൽ ചർച്ചചെയ്യുന്ന വിഷയങ്ങൾ സംബന്ധിച്ച് അദ്ദേഹം മൂപ്പൻമാരുടെ അഭിപ്രായത്തെ രൂപപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം “സംസാരസ്വാതന്ത്ര്യം” ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കും. (1 തിമൊഥെയൊസ് 3:13)—12⁄1, പേജ് 30.